സ്വർഗത്തെക്കാൾ ശ്രേഷ്ഠമായ അനുഗ്രഹം!

ആസിഫ് അൽ ഹികമി, ഈരാറ്റുപേട്ട

2023 നവംബർ 25 , 1445 ജു.ഊലാ 11

സജ്ജനങ്ങൾക്ക് അവരുടെ ശാശ്വത ജീവിതത്തിനായി പരലോകത്ത് സജ്ജീകരിക്കപ്പെട്ടതാണ് സ്വർഗം. നശ്വരമായ ഐഹിക ജീവിതത്തിൽ നാം അനുഭവിക്കുന്ന സുഖാനുഭൂതികൾ എത്ര മികച്ചതായി തോന്നിയാലും പാരത്രിക ജീവിതത്തിലെ സ്വർഗീയ സൗഭാഗ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ എല്ലാം നിസ്സാരം തന്നെയാണ്.

അല്ലാഹു പറഞ്ഞതായി, പ്രവാചകൻﷺ അറിയിക്കുന്നു: “എന്റെ സജ്ജനങ്ങളായ അടിയാന്മാർക്കുവേണ്ടി ഒരു കണ്ണും കണ്ടിട്ടില്ലാത്തതും ഒരു കാതും കേട്ടിട്ടില്ലാത്തതും ഒരു മനുഷ്യഹൃദയത്തിനും വിഭാവന ചെയ്യാൻ സാധിക്കാത്തതുമായ വസ്തുക്കൾ ഞാൻ ഒരുക്കിവെച്ചിരിക്കുന്നു.’’ പിന്നീട് അവിടുന്ന് ഈ സൂക്തം പാരായണം ചെയ്തു: “എന്നാൽ അവർ പ്രവർത്തിച്ചിരുന്നതിനുള്ള പ്രതിഫലമായിക്കൊണ്ട് കൺകുളിർപ്പിക്കുന്ന എന്തെല്ലാം കാര്യങ്ങളാണ് അവർക്കുവേണ്ടി രഹസ്യമാക്കി വെക്കപ്പെട്ടിട്ടുള്ളത് എന്ന് ഒരാൾക്കും അറിയാവുന്നതല്ല’’ (ക്വുർആൻ 32:17) (ബുഖാരി, മുസ്‌ലിം).

ആ സുഖാനുഭൂതികളുടെ സ്വർഗത്തെ കണക്കാക്കാൻ ജഗന്നിയന്താവിനല്ലാതെ സാധ്യമല്ല. എന്നാൽ സ്വർഗാവകാശികൾക്ക് അതിനെക്കാൾ ശ്രേഷ്ഠമായ രണ്ട് അനുഗ്രഹങ്ങൾ അല്ലാഹു നിശ്ചയിച്ചിട്ടുണ്ട്.

ഒന്ന്, റബ്ബിന്റെ തിരുമുഖം ദർശനം. രണ്ട്, റബ്ബിന്റെ തൃപ്തി.

ഈ രണ്ട് അനുഗ്രഹങ്ങൾ മുഖേനയാണ് സ്വർഗവാസികളുടെ ജീവിതം സൗഭാഗ്യപൂർണമാകുന്നതും സംതൃപ്തിയടയുന്നതും.

പ്രഗത്ഭ പണ്ഡിതനായ ഇമാം സഅ്ദി(റഹി) ക്വുർആൻ വ്യാഖ്യാന ഗ്രന്ഥത്തിൽ ‘വ രിദ്‌വാനുമ്മിനല്ലാഹി അക്ബർ’ എന്ന ആയത്ത് വിശദീകരിക്കവെ രേഖപ്പെടുത്തിയ ചില വിലപ്പെട്ട വാചകങ്ങൾ കാണാം:

“അല്ലാഹുവിന്റെ പ്രീതി സ്വർഗക്കാരുടെ മേൽ ഇറങ്ങും. അവർ ആസ്വദിച്ചുകൊണ്ടിരുന്ന അനുഗ്രഹത്തെക്കാൾ വലുതാണത്. അവർക്ക് സ്വർഗത്തിൽ ലഭിച്ചിരുന്ന എന്തൊക്കെ അനുഗ്രഹങ്ങളുണ്ടോ അതെല്ലാം റബ്ബിനെ ദർശിക്കുന്നതിലൂടെയും റബ്ബിന്റെ തൃപ്തി മുഖേനയുമല്ലാതെ നന്നാവുകയില്ല. കാരണം റബ്ബിനെ മാത്രം ആരാധിച്ചവരും സ്‌നേഹിച്ചവരും എത്തിപ്പെടാൻ ആഗ്രഹിച്ചതും മുന്നിൽ കണ്ടതുമായ ഏറ്റവും വലിയ ലക്ഷ്യം എന്നത് ആകാശഭൂമികളുടെ രക്ഷിതാവായ റബ്ബിന്റെ പ്രീതിയാണ്. അതാണ് സ്വർഗാനുഭൂതികളെക്കാൾ അത്യുന്നതവും.’’

ഇതു സംബന്ധിച്ച് പ്രമാണങ്ങളിൽ പറയുന്നത് കാണാം:

അല്ലാഹുവിനെ ദർശിക്കൽ

അല്ലാഹു പറയുന്നു: “കണ്ണുകൾ അവനെ കണ്ടെത്തുകയില്ല, കണ്ണുകളെ അവൻ കണ്ടെത്തുകയും ചെയ്യും...’’ (6:103).

ചില യുക്തി ന്യായങ്ങളെ മുൻനിർത്തി പരലോകത്തുവെച്ച് സൃഷ്ടികൾക്ക് അല്ലാഹുവിനെ കാണുവാൻ സാധ്യമല്ലെന്ന് വാദിക്കുന്ന മുഅ്തസിലീ കക്ഷിക്കാർ ഈ വചനം തങ്ങൾക്കുള്ള തെളിവായി ഉദ്ധരിക്കാറുണ്ട്. വാസ്തവത്തിൽ സത്യവിശ്വാസികൾക്ക് പരലോകത്തുവെച്ച് അല്ലാഹുവിനെ കാണുവാനുള്ള മഹാഭാഗ്യം സിദ്ധിക്കുമെന്ന് ക്വുർആനിൽ തന്നെ വ്യക്തമായി പ്രസ്താവിക്കപ്പെട്ടിട്ടുള്ളതാണ്. അല്ലാഹു പറയുന്നു:

“ചില മുഖങ്ങൾ പ്രസന്നതയുള്ളതും അവയുടെ രക്ഷിതാവിന്റെ നേരെ ദൃഷ്ടി തിരിച്ചവയുമായിരിക്കും’’ (75: 22, 23).

അതായത്, സന്തോഷത്താൽ സജ്ജനങ്ങളുടെ മുഖങ്ങൾ പ്രസന്നതയുള്ളതായിത്തീരുകയും അല്ലാഹുവിനെ ദർശിക്കുകയെന്ന മഹാഭാഗ്യം അവർക്ക് ലഭിക്കുകയും ചെയ്യും.

ബുഖാരിയും മുസ്‌ലിമും ഉദ്ധരിച്ച ദീർഘമായ ഒരു ഹദീസിൽ ഇങ്ങനെ കാണാം: “ഞങ്ങൾ ചോദിച്ചു: ‘അല്ലാഹുവിന്റെ റസൂലേ, നാം അന്ത്യനാളിൽ നമ്മുടെ റബ്ബിനെ കാണുമോ?’ അപ്പോൾ നബി ﷺ പറഞ്ഞു: ‘മേഘാവൃതമല്ലാത്തപ്പോൾ സൂര്യനെയും ചന്ദ്രനെയും കാണുന്നതിൽ നിങ്ങൾക്ക് വിഷമം നേരിടുമോ?’ അവർ പറഞ്ഞു: ‘ഇല്ല.’ തിരുമേനി പറഞ്ഞു: ‘അപ്രകാരം, നിശ്ചയമായും നിങ്ങൾ നിങ്ങളുടെ റബ്ബിനെ വഴിയെ കാണുന്നതാണ്.’

അല്ലാഹു പറയുന്നു: “അവർക്കവിടെ ഉദ്ദേശിക്കുന്നതെന്തും ഉണ്ടായിരിക്കും. നമ്മുടെ പക്കലാകട്ടെ കൂടുതലായി പലതുമുണ്ട്’’ (50:35).

‘നമ്മുടെ പക്കലാവട്ടെ കൂടുതലായി പലതുമുണ്ട്’ എന്നതിന്റെ വിശദീകരണത്തിൽ ഇമാം ബഗവി (റഹ്) പറയുന്നു: “കൂടുതലായി എന്നതുകൊണ്ടുള്ള വിവക്ഷ അവർ ചിന്തിക്കുന്നതിനപ്പുറം തങ്ങൾക്ക് ലഭിക്കുന്ന സ്വർഗീയ അനുഗ്രഹത്തിലുള്ള വർധനവാണ്. ഈ വർധനവ് കൊണ്ടുള്ള ഉദ്ദേശ്യം റബ്ബിന്റെ തിരുമുഖത്തേക്കുള്ള ദർശനമാണെന്ന് അനസ്(റ), ജാബിർ(റ) എന്നിവർ പറയുന്നു.’’

അല്ലാഹു പറയുന്നു: “തീർച്ചയായും അവർ അന്നേദിവസം അവരുടെ രക്ഷിതാവിൽനിന്ന് മറയ്ക്കപ്പെടുന്നവരാകുന്നു’’ (83:15).

ഈ ആയത്തുമായി ബന്ധപ്പെട്ട് ഇമാം ഇബ്‌നു ഹജർ (റഹ്) ഫത്ഹുൽ ബാരിയിൽ രേഖപ്പെടുത്തി: “ഇമാം മാലികിനോട് ചോദിക്കപ്പെട്ടു: ‘അവയുടെ രക്ഷിതാവിന്റെ നേരെ ദൃഷ്ടി തിരിച്ചവയുമായിരിക്കും’ (ഇലാ റബ്ബിഹാ നാദ്വിറ) എന്ന വചനത്തെ കുറിച്ച് ചിലർ പറയുന്നു; ഇതിന്റെ ഉദ്ദേശ്യം ‘ഇലാ സവാബിഹി’ (പ്രതിഫലത്തിലേക്ക്) എന്നാണെന്ന്.’ ഇമാം മാലിക്(റഹ്) പറഞ്ഞു: ‘അവർ പറഞ്ഞത് കളവാണ്. അല്ലാഹു പറഞ്ഞ ‘തീർച്ചയായും അവർ അന്നേദിവസം അവരുടെ രക്ഷിതാവിൽനിന്ന് മറയ്ക്കപ്പെടുന്നവരാകുന്നു’ എന്ന ആയത്തിന്റെ അർഥം അവർ മനസ്സിലാകുന്നില്ലേ...?’’

ഇതിൽനിന്ന് സജ്ജനങ്ങൾക്ക് അല്ലാഹുവിനെ ദർശിക്കുവാൻ കഴിയുമെന്ന് വ്യക്തമാകുന്നു. അല്ലാഹുവിനുള്ള വെറുപ്പും കോപവുമാണ് ആ മഹാഭാഗ്യം ദുർജനങ്ങൾക്ക് സിദ്ധിക്കാതിരിക്കുവാൻ കാരണം.

ഇമാം ബൈഹക്വി(റഹ്) ഉദ്ധരിക്കുന്നു: ‘തീർച്ചയായും അവർ അന്നേ ദിവസം അവരുടെ രക്ഷിതാവിൽനിന്ന് മറയ്ക്കപ്പെടുന്നവരാകുന്നു.’ ഈ ആയത്തിനെക്കുറിച്ച് ഇമാം ശാഫിഈ(റഹ്) പറയുന്നു: ‘ഈ ആയത്ത് പരലോകത്തുവെച്ച് റബ്ബിന്റെ വലിയ്യുകൾ അവനെ കാണും എന്നതിന് തെളിവാണ്’ (മനാക്വിബുശ്ശാഫിഈ).

സ്വർഗക്കാർ സ്വർഗത്തിൽ പ്രവേശിച്ചുകഴിഞ്ഞാൽ അല്ലാഹു ചോദിക്കും: “ഇതിൽ കൂടുതലായി ഞാൻ നിങ്ങൾക്ക് അധികരിപ്പിച്ച് തരട്ടെയോ?’’

അവർ പറയും: “നീ ഞങ്ങളുടെ മുഖത്തെ പ്രകാശിപ്പിക്കുകയും നരകത്തിൽനിന്ന് രക്ഷപ്പെടുത്തുകയും സ്വർഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്തില്ലേ?’’

അങ്ങനെ അവന്റെയും വിശ്വാസികളുടെയും ഇടയിലുള്ള മറ നീക്കപ്പെടും. തങ്ങളുടെ രക്ഷിതാവിന്റെ മുഖത്തേക്കുള്ള നോട്ടത്തേക്കാൾ പ്രിയങ്കരമായി ഒന്നും തന്നെ അവർക്ക് നൽകപ്പെട്ടിട്ടില്ല എന്ന് തിരിച്ചറിയും’’ (മുസ്‌ലിം).

(തുടരും)