സ്വർഗത്തിലേക്ക് മിർസാഗുലാമിന്റെ ഗ്രീൻ ചാനൽ!

പി പി അബ്ദുർറഹ്‌മാൻ കൊടിയത്തൂർ

2023 ജൂൺ 17 , 1444 ദുൽഖഅ്ദ 28

( ഖാദിയാനി വേദപുസ്തകം ‘തദ്കിറ’യിലൂടെ ഒരു യാത്ര - 20)

സമ്പന്നരുടെ സ്വർഗപ്രവേശം അത്ര എളുപ്പമല്ലെന്നാണ് ഇസ്‌ലാമികപാഠം. എന്നാൽ പണം കൊടുത്ത് സ്വർഗം വാങ്ങാമെന്നാണ് ഖാദിയാനി പ്രവാചകന്റെ അധ്യാപനം! ഈ കാര്യം വിശദീകരിച്ചുകൊണ്ട് ‘അൽവസ്വിയ്യത്ത്’ എന്ന ഒരു പുസ്തകം മിർസാ ഖാദിയാനി രചിച്ചിട്ടുണ്ട്. എന്നാൽ ഇത് സംബന്ധമായി തദ്കിറയിൽ മൂന്ന് ‘വഹ്‌യുകൾ’ മാത്രമെ കാണാനാവൂ.

1905 ഡിസംബറിൽ അവതരിച്ചതെന്ന് പറയുന്ന ‘വഹ്‌യ്’ ഇങ്ങനെ: “എനിക്ക് ഒരു സ്ഥലം കാണിക്കപ്പെട്ടു. ഒരു മലക്ക് ഒരു പ്രദേശം അളന്നുകൊണ്ടിരിക്കുന്നത് കണ്ടു. ഒരു സ്ഥലത്ത് എത്തിയപ്പോൾ എന്നോട് പറഞ്ഞു: ഇവിടെയാണ് നിന്റെ ക്വബ്‌റിന്റെ സ്ഥാനം. പിന്നീട് ഒരു ക്വബ്ർ കാണിച്ചുതന്നു. അത് വെള്ളിയെക്കാൾ തിളങ്ങുന്നതായിരുന്നു. അല്ല, ആ മണ്ണ് മുഴുവൻ വെള്ളിയായിരുന്നു! ‘ഇത് നിന്റെ ക്വബ്‌റാണ്. ഇതിന്റെ പേര് ബഹശ്തി മക്വ‌്‌ബറ എന്നാകുന്നു.’ ഈ തെരഞ്ഞെടുക്കപ്പെട്ട ജമാഅത്തിലെ സ്വർഗാവകാശികളായ മഹത്തുക്കളുടെ ക്വബ്‌റിടമാണ് ഇതെന്ന് എനിക്ക് വെളിപ്പെടുത്തിത്തന്നു’’ (പേജ് 498).

സമാഹാരത്തിൽ ചേർത്തിട്ടില്ലാത്ത ചില ‘വഹ്‌യുകൾ’ കൂടി കാണുക:

“ഈ ക്വബ്ർസ്ഥാനെക്കുറിച്ച് വളരെയേറെ സുവിശേഷങ്ങളറിയിക്കപ്പെട്ടിരിക്കുന്നു. ഇത് സ്വർഗീയമാണെന്ന് മാത്രമല്ല, ‘എല്ലാ അനുഗ്രഹങ്ങളും ഇവിടെ ചൊരിഞ്ഞിരിക്കുന്നു’ എന്നും വഹ് യറിയിച്ചിരിക്കുന്നു’’ (അൽവസ്വിയ്യത്ത്, പേജ് 16).

“ബാബു മൻസൂർ ഇലാഹി എഴുതി: ഹസ്രത്ത് മസീഹ് മൗഊദ് അരുൾ ചെയ്തു: ‘നമസ്‌കാരത്തിന്റെ ഇരുപത് ഇരുപത്തിയഞ്ച് മിനുട്ടുകൾക്ക് മുമ്പായി ഞാനൊരു സ്വപ്നം കണ്ടു. ജമാഅത്തിലെ അംഗങ്ങൾക്കായി ഞാനൊരു ക്വബ്ർസ്ഥാൻ വാങ്ങിയിരിക്കുന്നു. അതിന് ബഹശ്തി മക്വ‌്‌ബറ എന്ന് പേര് വിളിക്കപ്പെടും. അവിടെ സംസ്‌കരിക്കപ്പെടുന്നവർ സ്വർഗാവകാശികളായിരിക്കുമെന്നും അറിയിക്കപ്പെട്ടിരിക്കുന്നു’’ (മുകാശിഫാത്തെ മിർസാ, പേജ് 23).

“ഈ പ്രദേശത്തിന് കീഴിലാണ് സ്വർഗം. ഇതിൽ സംസ്‌കരിക്കപ്പെട്ടവൻ സ്വർഗത്തിൽ പ്രവേശിച്ചു. നിശ്ചയം! അവൻ സമാധാനം കൈവരിച്ചവരിൽ ഉൾപ്പെട്ടു’’(അൽഇസ്തിഫ്താ, പേജ് 51, ഹാശിയ).

ലോകത്ത് ഇന്നേവരെ ആർക്കും നൽകിയിട്ടില്ലാത്ത അധികാരമാണ് ഖാദിയാനി പ്രവാചകന് ലഭിച്ചിരിക്കുന്നത്; തന്റെ ജമാഅത്തിൽപെട്ട പ്രമുഖരെ ഉയിരോടെ സ്വർഗത്തിലെത്തിക്കാം!

സ്വർഗീയ ശ്മശാനത്തിൽ സംസ്‌കരിക്കപ്പെടുന്നതിന് ചില നിബന്ധനകൾ അദ്ദേഹം ഏർപ്പെടുത്തി. തന്നെ ബൈഅത്ത് ചെയ്തവരെയൊക്കെ നിരുപാധികം സ്വർഗത്തിൽ കടത്തുന്നത് അദ്ദേഹത്തിന്റെ മഹത്ത്വത്തിന് ചേർന്നതല്ലല്ലോ.

സ്വർഗപ്രവേശനത്തിന് ഉപാധികൾ

“ഇത്തരമൊരു ശ്മശാനത്തിന് അത്തരം ഉപാധികൾ വെക്കാനായി അല്ലാഹു രഹസ്യ വഹ്‌യ് എന്റെ ഹൃദയത്തിലേക്കിട്ടു. പൂർണ സത്യസന്ധതയോടെയും ആത്മാർഥതയോടെയും ഈ മൂന്ന് വ്യവസ്ഥകൾ പാലിക്കുന്നവർക്ക് മാത്രമെ അതിൽ പ്രവേശിക്കാൻ കഴിയൂ.

ഒന്ന്, ഈ ശ്മശാനത്തിൽ സംസ്‌കരിക്കാൻ ആഗ്രഹിക്കുന്ന ഓരോ വ്യക്തിയും അവരുടെ നിലയ്ക്കനുസരിച്ച് ഇതിന്റെ ചെലവുകൾക്കായി സംഭാവന നൽകണം

രണ്ട്, ഈ ജമാഅത്തിൽനിന്നും, ഈ ശ്മശാനത്തിൽ അടക്കം ചെയ്യപ്പെടുന്നവൻ മരണശേഷം തന്റെ അനന്തരാവകാശ സ്വത്തിന്റെ പത്തിലൊന്ന് വസ്വിയ്യത്ത് ചെയ്യണം. ഈ ജമാഅത്തിന്റെ ഇസ്‌ലാമിക പ്രസിദ്ധീകരണത്തിനും ക്വുർആനിക കൽപനകളുടെ പ്രചാരണത്തിനും വേണ്ടി ഓരോ നീതിമാനായ വിശ്വാസിക്കും തന്റെ ഇഷ്ടപ്രകാരം അതിലും കൂടുതൽ വസ്വിയ്യത്ത് ചെയ്യാൻ അവകാശമുണ്ടായിരിക്കും, പക്ഷേ, അതിൽ കുറവു വരുത്താൻ പറ്റില്ല.

ഈ ശ്മശാനത്തിൽ അടക്കം ചെയ്യുപ്പെടുന്നയാൾ മുത്തക്വിയും നിഷിദ്ധങ്ങളിൽനിന്നു അകന്നു നിൽക്കുന്നവനും ശിർക്കും ബിദ്അത്തും ചെയ്യാത്ത ശുദ്ധനായ പൂർണ മുസ്‌ലിമും ആയിരിക്കണമെന്നതാണ് മൂന്നാമത്തെ ഉപാധി’’ (പേജ് 499).

മൂന്നാമത്തെ ഉപാധിയെക്കുറിച്ച് വിശദമായി പ്രതിപാദിക്കേണ്ടതുണ്ട്. അതിനുമുമ്പ് അൽവസ്വിയ്യത്തിൽ കൊടുത്ത വിശദീകരണങ്ങൾ കൂടി വായിക്കുക:

“ക്വബ്ർസ്ഥാനുള്ള സ്ഥലം ഒരു ഫണ്ടെന്ന നിലയ്ക്ക് ഞാൻ തന്നിരിക്കുകയാണ്. വിപുലീകരണത്തിനാവശ്യമായ ഭൂമിക്ക് 1000 രൂപയും മരം വച്ചുപിടിപ്പിക്കാനും കിണർ കുഴിപ്പിക്കാനും അടുത്തുള്ള കായലിൽ പാലം കെട്ടാനുമുള്ള ചെലവ് 2000 രൂപയുമടക്കം തൽക്കാലം മൂവായിരം രൂപ വേണം. വസ്വിയ്യത്ത് ചെയ്യുന്നവർ ഇതിലേക്ക് സംഭാവന നൽകേണ്ടതാണ്. വസ്വിയ്യത്ത് ചെയ്തയാളുടെ മരണശേഷം ബന്ധപ്പെട്ടവർ സ്വത്ത് നൽകിയാൽ മതി. എന്നാൽ ഇക്കാര്യം നേരത്തെത്തന്നെ ഉത്തരവാദപ്പെട്ടവരെ അറിയിക്കണം. ദിവ്യാടയാളങ്ങളായി വളരെയധികം ആപത്തുകൾ സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ വസ്വിയ്യത്ത് ചെയ്യുന്നവർക്ക് സമാധാനകാലത്തെ വസ്വിയ്യത്തിനെക്കാൾ മഹത്ത്വമുണ്ട്. വിശ്വാസദാർഢ്യതയുള്ള ഒരു സമൂഹത്തെ മുഴുവൻ ഒരിടത്ത് സമ്മേളിപ്പിക്കാൻ അല്ലാഹു ഉദ്ദേശിക്കുന്നു. പിൻഗാമികൾക്ക് ആ പവിത്രസ്ഥലം കാണുമ്പോൾ തങ്ങളുടെ വിശ്വാസം ബലപ്പെടുത്താൻ അതുപകരിക്കും’’ (അൽവസ്വിയ്യത്ത്, പേജ് 16-19).

പ്രസ്തുത പുസ്തകത്തിന്റെ അനുബന്ധത്തിൽ ചില വ്യവസ്ഥകൾ കൂടി എഴുതിയിരിക്കുന്നു:

അനുബന്ധമായി ചില നിർദേശങ്ങൾ

1. ശ്മശാനവിപുലീകരണവും മറ്റു പ്രവർത്തനങ്ങളും കഴിയുന്നതിന് മുണ്ട് വസ്വിയ്യത്ത് ചെയ്ത ആരെങ്കിലും മരണപ്പെട്ടാൽ അയാളെ മറ്റെവിടെയെങ്കിലും താൽക്കാലികമായി പെട്ടിയിലാക്കി മറവ് ചെയ്യേണ്ടതാണ്. പിന്നീട് അറിയിപ്പു കിട്ടിയശേഷം ഇവിടെ യഥാവിധി മറവുചെയ്യുന്നതാണ്.

2. ഈ വ്യവസ്ഥകൾ അംഗീകരിക്കുന്ന വ്യക്തി രണ്ട് പേരുടെ സാക്ഷ്യപത്രത്തോടെയായിരിക്കണം വസ്വിയ്യത്ത് അയക്കേണ്ടത്. അക്കാര്യം ചുരുങ്ങിയത് രണ്ട് പത്രങ്ങളിലെങ്കിലും പരസ്യപ്പെടുത്തുക മക്വ‌്‌ബറ കമ്മിറ്റിയുടെ ചുമതലയാണ്.

3. വിവരം ലഭിച്ചാലുടനെ വസ്വിയ്യത്ത് ചെയ്ത വ്യക്തിക്ക് കമ്മിറ്റി ഒരു തിരിച്ചറിയൽ സർട്ടിഫിക്കറ്റ് അയച്ചുകൊടുക്കേണ്ടതും മൃതദേഹവുമായി വരുന്നവർ അത് കൊണ്ടുവരേണ്ടതുമാണ്. ഈ കമ്മിറ്റി നിർദേശിക്കുന്ന സ്ഥലത്തായിരിക്കണം ക്വബ്ർ ഉണ്ടാക്കേണ്ടത്. (ആള് മാറിപ്പോവാതിരിക്കാനാണ് ഈ തിരിച്ചറിയൽ കാർഡ്!)

4. കമ്മിറ്റിയുടെ പ്രത്യേക നിർദേശമുണ്ടെങ്കിലല്ലാതെ പ്രായപൂർത്തിയാവാത്ത കുട്ടികളെ ഇവിടെ മറവുചെയ്യുന്നതല്ല. കാരണം അവർ സ്വർഗാവകാശികളാണ്. വസ്വിയ്യത്ത് ചെയ്ത കുട്ടിക്ക് പകരമായി അവന്റെ ബന്ധുവിനെ ഇവിടെ സംസ്‌കരിക്കുന്നതുമല്ല.

5. ഖാദിയാന് പുറത്തുവച്ച് മരണപ്പെട്ടവരെ പെട്ടിയിൽ അടക്കം ചെയ്തല്ലാതെ കൊണ്ടുവരാൻ പാടില്ല. ക്വബ്‌റും മറ്റും ശരിപ്പെടുത്തേണ്ടതിന് ഒരു മാസം മുമ്പെങ്കിലും കമ്മിറ്റിയെ വിവരം അറിയിക്കേണ്ടതാണ്.

6. വസ്വിയ്യത്ത് ചെയ്ത ആരെങ്കിലും പ്ലേഗ് ബാധിച്ച് മരിച്ചാൽ പെട്ടിയിലാക്കി മറ്റൊരിടത്ത് അമാനത്തായി സംസ്‌കരിക്കേണ്ടതാണ്. രണ്ട് വർഷങ്ങൾക്കുശേഷം ഖാദിയാനിലും മരണപ്പെട്ട സ്ഥലത്തും പ്ലേഗില്ലാത്ത കാലത്ത് മാത്രമെ ഇവിടെ കൊണ്ടുവരാൻ പാടുള്ളു.

7. പുഴയിൽ മുങ്ങിമരിക്കുകയോ മറ്റു കാരണങ്ങളാലോ മൃതദേഹം ലഭിക്കാതെ പോയാൽ വസ്വിയ്യത്ത് നിലനിൽക്കുന്നതും ഇവിടെ മറവുചെയ്തപോലെ കണക്കാക്കുന്നതുമാണ്. സംഭവം രേഖപ്പെടുത്തിയ കല്ലോ ഇഷ്ടികയോ ഇവിടെ നാട്ടിയാൽ മതിയാവും.

8. അല്ലാഹുവിന്റെ പ്രത്യേക വഹ്‌യ് പ്രകാരം ആരെയെങ്കിലും ഇവിടെ മറവുചെയ്യരുതെന്ന് നിർദേശിക്കപ്പെട്ടാൽ ഒരു കാരണവശാലും ഇവിടെ സംസ്‌കരിക്കുന്നതല്ല.

9. ക്വബ്ർസ്ഥാന്റെയും പരിപാലന കമ്മിറ്റിയുടെയും ആസ്ഥാനം ഖാദിയാനിലായിരിക്കുമെങ്കിലും മൃതദേഹം കൊണ്ടുവരാൻ പറ്റാത്ത വിദൂര ദേശങ്ങളിൽ ക്വബ്ർസ്ഥാന്റെയും കമ്മിറ്റിയുടെയും ബ്രാഞ്ച് അനുവദിക്കുന്നതാണ്. എന്നാൽ ഹെഡ്‌കോർട്ടേഴ്‌സ് എന്നും ഖാദിയാനിലായിരിക്കും. ബ്രാഞ്ച് കമ്മിറ്റികൾക്ക് പണം സ്വയം ചെലവഴിക്കുകയോ ഹെഡ്ക്വാർട്ടേഴ്‌സിലേക്ക് അയക്കുകയോ ചെയ്യാവുന്നതാണ്.

10. ഈ നിബന്ധനകളൊന്നും തന്നെ എനിക്കോ എന്റെ കുടുംബത്തിൽ പെട്ടവർക്കോ ബാധകമല്ല. മറ്റെല്ലാ സ്ത്രീ-പുരുഷന്മാരും ഇവ പാലിക്കൽ നിർബന്ധമാണ്. ഇതിനെ ചോദ്യം ചെയ്യുന്നവർ കപടവിശ്വാസികളാകുന്നു’’ (സമീമയേ അൽവസ്വിയ്യത്ത്).

ഈ പത്താമത്തെ വചനമാണ് വഹ്‌യുകളുടെ സമാഹാരത്തിൽ എടുത്തുചേർത്ത മൂന്നാമത്തെ വഹ് യ്. മറ്റുള്ളവ അല്ലാഹു അറിയിച്ച രഹസ്യവഹ്‌യുകളാണെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും തദ്കിറയിൽ ചേർത്തിട്ടില്ല. തന്റെ കുടുംബത്തിലുള്ളവർക്ക് മതപരവും സാമ്പത്തികവുമായ ഒരു വ്യവസ്ഥയും പാലിക്കേണ്ടതില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കുക. സ്വാർഥതയും സ്വജനപക്ഷപാതവും വ്യാജ പ്രവാചകത്വ വാദിയിൽനിന്നല്ലാതെ ഉണ്ടാവുകയില്ല.

വരാനിരിക്കുന്ന ആപത്തുകളെപ്പറ്റി മുന്നറിയിപ്പുനൽകിക്കൊണ്ടും സത്യവിശ്വാസികളെയും കപടവിശ്വാസികളെയും വേർതിരിക്കുന്ന ഈ പദ്ധതിയിൽ അംഗങ്ങളാവാൻ അനുയായികളെ ആഹ്വാനം ചെയ്തുകൊണ്ടുമാണ് ഈ കൃതി അവസാനിപ്പിക്കുന്നത്.

“ആപത്ത് വന്നശേഷം തന്റെ സ്വത്ത് നൽകി സ്വർഗം നേടാമായിരുന്നു എന്ന് വിലപിച്ചതുകൊണ്ട് ഒരു ഫലവുമുണ്ടാകില്ല. ആസന്നഭാവിയിലെ ദുരിതപൂർണമായ ശിക്ഷയെപ്പറ്റി ഞാൻ മുന്നറിയിപ്പുനൽകുന്നു. പിന്ന ചെയ്യുന്ന സൽകർമങ്ങൾ നിഷ്ഫലമായിരിക്കും. നോക്കൂ, എനിക്ക് നിങ്ങളുടെ സ്വത്തിൽ അവകാശം വേണ്ട. ദീനിനുവേണ്ടി ചെലവഴിക്കാൻ തയ്യാറുള്ളവർക്ക് സ്വർഗം നേടാനുള്ള ഒരവസരം ഞാനുണ്ടാക്കിത്തരുന്നുവെന്നേയുള്ളൂ. എന്റെ ഉപദേശങ്ങൾ ചെവിക്കൊള്ളാതെ ലോകത്തെ സ്‌നേഹിക്കുന്നവർ അവസാനം വിലപിക്കേണ്ടിവരും.1906 ജനുവരി 6, മിർസാ ഗുലാം അഹ്‌മദ് “ (സമീമയേ അൽവസ്വിയ്യത്ത്, പേജ് 22).

ഖാദിയാനിൽ കണ്ടത്

വസ്വിയ്യത്ത് ചെയ്ത സമ്പന്നർക്കുവേണ്ടിയുള്ള സ്വർഗീയ ശ്മശാനമൈയ ‘ബഹശ്തി മക്വ‌്‌ബറ’യും പാവപ്പെട്ട അഹ്‌മദികൾക്കായുള്ള നരകീയ ശ്മശാനവും (ദോസഖീ മക്വ‌്‌ബറ എന്നു പറയാം) ഖാദിയാനിൽ കാണാം. ഭംഗിയായി പണിത, കമാനാകൃതിയിലുള്ള കവാടം കടന്നുചെന്നാൽ മരങ്ങളും ചെടികളും കൊണ്ടലംകൃതമായ, പുല്ല് വെച്ചുപിടിപ്പിച്ച ബഹശ്തി മക്വ‌്‌ബറയിലെത്തുന്നു. അത് സംരക്ഷിക്കുന്ന കാര്യത്തിൽ ദത്തശ്രദ്ധരാണ് പരിപാലന കമ്മിറ്റി. താഴിട്ട് പൂട്ടിയ പ്രത്യേക സ്ഥലത്താണ് മിർസയുടെയും ഖലീഫമാരുടെയും പ്രമുഖരായ സഖാക്കളുടെയും ശവകുടീരങ്ങൾ. ബാക്കി ഭാഗത്ത് കൂടുതലായും മീസാൻ കല്ലുകൾ മാത്രം നാട്ടിയിരിക്കുന്നു. അവയിൽ പേരും മറ്റു കാര്യങ്ങളും കൊത്തിവച്ചിട്ടുണ്ടെങ്കിലും നിരയായി നാട്ടിയതുകൊണ്ട് ചെറിയ മതിലുപോലെ തോന്നിക്കുന്നു. ക്വബ്ർസ്ഥാനിൽ തന്നെ മയ്യിത്ത് നമസ്‌കാരത്തിനായി ഗ്രാനേറ്റ് പതിച്ച് സ്വഫ്ഫുകൾ അടയാളപ്പെടുത്തിയ പ്രത്യേക സ്ഥലം സൗകര്യപ്പെടുത്തിയിട്ടുണ്ട്. മിർസാ ഖാദിയാനി രചനകൾ നടത്തിയിരുന്ന ‘ബൈതുൽ ഫിക്ർ’ പ്രത്യേകം ചില്ലിട്ട് സംരക്ഷിച്ചിരിക്കുന്നു.

അടുത്തുതന്നെ സാധാരണക്കാരന്റെ ശ്മശാനം കാണാം. അത് തികഞ്ഞ അവഗണനയുടെ പ്രതീകമായി നിലകൊള്ളുന്നു. അവിടെ സംസ്‌കരിക്കപ്പെടുന്നവർ സ്വർഗാവകാശികളല്ലാത്തതു കൊണ്ടാ വാം ഈ അവഗണന. ഈ ശ്മശാനത്തിൽ മറമാടാനുള്ള ഉപാധികൾ തികച്ചും സാമ്പത്തികമാണെന്ന് കാണാം. മറ്റു പരിപാടികൾപോലെ ധനാഗമമാർഗമാണ് വസ്വിയ്യത്ത് പദ്ധതിയും എന്ന് മനസ്സിലാക്കാൻ പ്രയാസമില്ല. വസ്വിയ്യത്ത് ചെയ്യുന്നയാൾ ശിർക്കും ബിദ്അത്തും ചെയ്യാത്ത മുത്തക്വിയായിരിക്കണമെന്നതാണ് മൂന്നാമത്തെ നിബന്ധന. അത്തരക്കാർ എവിടെ മറവുചെയ്യപ്പെട്ടാലും സ്വർഗാവകാശികളാകുമെന്നിരിക്കെ എന്തിന് വൻ തുക ചെലവഴിച്ച് അവരെ ഖാദിയാനിൽ കൊണ്ടുവന്ന് മറവു ചെയ്യണം?

(തുടരും)