അല്ലാഹുവിന്റെ സ്വിഫതുകളും സമസ്തക്കാരുടെ ഇരട്ടത്താപ്പും

ജമാൽ ആറ്റിങ്ങൽ

2023 ഏപ്രിൽ 22, 1444 ശവ്വാൽ 02

സമസ്തക്കാർ സലഫികളെ ആക്ഷേപിക്കാൻ കാലാകാലങ്ങളായി കൊണ്ടുവരാറുള്ള ആരോപണമാണ് ‘സലഫികൾ അല്ലാഹുവിനു അവയവങ്ങൾ ഉണ്ടെന്ന് വാദിക്കുന്നവരാണ്, അല്ലാഹുവിനു ശരീരം ഉണ്ടെന്നും ആ ശരീരത്തിന്റെ ഭാഗമായി അല്ലാഹുവിനു കൈകളും വിരലുകളും പാദങ്ങളും ഉണ്ടെന്ന് എഴുതുകയും പറയുകയും ചെയ്യുന്നവരാണ്’ എന്നതെല്ലാം.

ഇതിനവർ തെളിവായി ഉദ്ധരിക്കാറുള്ളത് സലഫി പ്രസിദ്ധീകരണങ്ങളിൽ വന്നിട്ടുള്ള ചില ഉദ്ധരണികളാണ്. ‘അല്ലാഹുവിന്റെ കൈകൾ, അല്ലാഹുവിന്റെ രണ്ട് കൈകളും വലത്താണ്, അല്ലാഹു വലതു കൈയിൽ ആകാശവും ഇടതു കൈയിൽ ഭൂമിയും ചുരുട്ടിപ്പിടിക്കും...’ ഈ രൂപത്തിലുള്ള വാക്കുകൾ കാണിച്ച്, ‘കണ്ടോ, ഇതാണ് മുജാഹിദുകളുടെ അല്ലാഹുവിന്റെ രൂപം. ഇവർ അവയവമുള്ള അല്ലാഹുവിലാണ് വിശ്വസിക്കുന്നത്, അതുകൊണ്ട് തന്നെ അവർ പിഴച്ച വിശ്വാസക്കാരാണ്’ എന്ന് തെറ്റിദ്ധരിപ്പിക്കും. മാത്രമല്ല ചിലപ്പോൾ മുജാഹിദുകൾക്ക് മറ്റൊരു മതമാണെന്നുവരെ ആരോപിക്കാറുണ്ട്. അഥവാ മുജാഹിദുകൾ കാഫിറുകളാണെന്ന ഏറ്റവും അപകടകരമായ ആരോപണം!

മേൽപറഞ്ഞ പ്രയോഗങ്ങളുടെ സത്യാവസ്ഥ മറച്ചുവച്ചുകൊണ്ടാണ് മുസ്‌ലിയാക്കന്മാർ ആളുകൾക്ക് മുന്നിൽ അവതരിപ്പിക്കുക. സത്യത്തിൽ ഏതെങ്കിലും സലഫി പണ്ഡിതൻ അദ്ദേഹത്തിന്റെ ഭാവനയിൽ നിന്ന് എഴുതിയ സ്വന്തം വാചകങ്ങളല്ല ഇതൊന്നും. പ്രത്യുത ക്വുർആനിലെ ആയത്തുകളും ഹദീസുകളിലെ വാക്കുകളും മലയാളത്തിൽ ആശയവിവർത്തനം ചെയ്തു എന്നതാണ് യാഥാർഥ്യം.

ഈ വിഷയവുമായി ബന്ധപ്പെട്ട് നമ്മൾ മനസ്സിലാക്കേണ്ട ചില അടിസ്ഥാന കാര്യങ്ങളുണ്ട്:

1. അല്ലാഹുവിനു ശരീരം ഉണ്ടെന്നോ അവന് അവയവങ്ങൾ ഉണ്ടെന്നോ വിശ്വസിക്കാനോ പറയാനോ എഴുതാനോ പാടില്ല. കാരണം അതെല്ലാം അല്ലാഹുവിനെ സൃഷ്ടികളോട് തുല്യപ്പെടുത്തലാണ്. അല്ലാഹുവും റസൂലും പഠിപ്പിക്കാത്ത ഒരു വിശ്വാസവും അല്ലാഹുവിനെ കുറിച്ച് നമുക്ക് പാടുള്ളതല്ല. അല്ലാഹു ക്വുർആനിൽ പറഞ്ഞു:

“അവന് തുല്യമായി യാതൊന്നുമില്ല. അവൻ എല്ലാം കാണുന്നവനും എല്ലാം കേൾക്കുന്നവനുമാ കുന്നു’’ (42:11).

അപ്പോൾ സ്വാഭാവികമായും ഒരു സംശയമുണ്ടാകും; അല്ലാഹുവിന്റെ മുഖം, കൈകൾ, വിരലുകൾ എന്നുള്ളതൊക്ക അല്ലാഹുവിന്റെ അവയങ്ങളല്ലേ? ‘അല്ല’ എന്നാണ് ഉത്തരം. ഇതെല്ലാം അല്ലാഹുവിന്റെ ദാത്തിയായ സ്വിഫാതുകളാണ് (സത്തയിലുള്ളവിശേഷണങ്ങൾ).

അല്ലാഹുവിന്റെ സ്വിഫാതുകളിൽ അല്ലാഹുവോ റസൂലോ വിശദീകരിച്ചുതരാത്ത കാര്യങ്ങൾ (യദ്, വജ്ഹ്, ഇസ്തിവാഅ്, അസ്വാബിഅ് പോലുള്ളവ) അപ്രകാരം തന്നെ വ്യാഖ്യാനങ്ങളോ നിഷേധങ്ങളോ രൂപം പറയലോ ഇല്ലാതെ വിശ്വസിക്കുക എന്നതാണ് ഏറ്റവും ശരിയായ നിലപാട്.

ഈ വിഷയത്തിൽ പ്രധാനമായും നാലുതരം നിലപാടാണ് സമൂഹത്തിലുള്ളത്.

1. നിഷേധം: ക്വുർആനിലും ഹദീസിലും വന്നിട്ടുള്ള, അല്ലാഹുവിന്റെ സ്വിഫാതുകളെ നിഷേധിക്കൽ. ജഹ്‌മികൾ ഇത്തരക്കാരാണ്

2. തഫ്‌വീദ്: അർത്ഥം അല്ലാഹുവിലേക്ക് സമര്‍പ്പിച്ചുകൊണ്ട് പദത്തെ സ്ഥിരപ്പെടുത്തലാണ് തഫ്‍വീദ്.. ഉദാ: അല്ലാഹുവിന്റെ യദ് എന്ന് ക്വുർആനിലുണ്ട്. ‘യദ്’ എന്ന വാക്ക് നമ്മൾ വിശ്വസിക്കുന്നു. എന്നാൽ അതിന്റെ അർഥം നമുക്കറിയില്ല. ഒന്നുകൂടി വ്യക്തമായി പറഞ്ഞാൽ ‘യാസീൻ’ ‘അലിഫ് ലാം മീം’ തുടങ്ങി ക്വുർആനിൽ വന്ന പദങ്ങൾ പോലെയാണ് അല്ലാഹുവിന്റെ സിഫതുകൾ, അതിനാൽ അർഥം പറയാൻ പാടില്ല എന്നാണ് ഇവരുടെ വാദം. ഈ വിശ്വാസവും അഹ്‌ലുസ്സുന്നയുടെ വിശ്വാസമല്ല. അശ്അരികളിലെ ഒരു വിഭാഗം ഈ വിശ്വാസക്കാരാണ്

3. തഅ്‌വീൽ: സ്വിഫതുകളെ വ്യാഖ്യാനിക്കൽ: അല്ലാഹുവിന്റെ സ്വിഫതുകളെ മറ്റൊരു അർഥം നൽകി വ്യാഖ്യാനിക്കുക. ഉദ: ‘യദ്’ എന്നാൽ ഉദ്ദേശ്യം അല്ലാഹുവിന്റെ ക്വുദ്‌റത്താണ് (കഴിവ്). ‘അല്ലാഹുവിന്റെ നുസൂൽ’ എന്നാൽ അല്ലാഹു ഇറങ്ങുക എന്നല്ല, അല്ലാഹുവിന്റെ കാരുണ്യം ഇറങ്ങുക എന്നാണ്, ‘ഇസ്തിവാഅ് ‘ എന്നാൽ അവൻ അധികാരം കൈവശപ്പെടുത്തി എന്നാണ്. ഇങ്ങനെയാണ് ഇവരുടെ വ്യാഖ്യാനങ്ങൾ. അശ്അരികളാണ് പ്രധാനമായും ഈ വിശ്വാസക്കാർ. കേരളത്തിലെ സമസ്തക്കാർ ഈ വിശ്വാസക്കാരാണ്.

4. സ്വിഫതുകളെ നിഷേധിക്കുകയോ വ്യാഖ്യാനിക്കുകയോ രൂപം പറയുകയോ ചെയ്യാതെ സ്ഥിരപ്പെടുത്തുക എന്നതാണ് അഹ്‌ലുസ്സുന്നയുടെ വിശ്വാസം.

സ്വിഫതുകളെ അതിന്റെ യഥാർഥ രൂപത്തിൽതന്നെ സ്ഥിരപ്പെടുത്തുകയും അതിന്റെ രൂപമോ ഉദ്ദേശ്യമോ നമുക്കറിയില്ല എന്ന് വിശ്വസിക്കുകയും ചെയ്യുക. അഥവാ ‘യദുല്ലാഹ്’ എന്ന് ക്വുർആനിലുണ്ട്. ‘യദ്’ എന്ന വാക്കിന്റെ പ്രത്യക്ഷാർഥം ‘കൈ’ എന്നാണ്. എന്നാൽ അവന്റെ കൈയിന്റെ രൂപം എങ്ങനെയാണെന്നോ അതിന്റെ രൂപമോ നമുക്കറിയില്ല. കാരണം അല്ലാഹു സൃഷ്ടികളെ പോലെയല്ല, എന്ന് മാത്രമല്ല, അല്ലാഹുവിനെ പോലെ ആരുമില്ല. അതുകൊണ്ട് ഒന്നിലേക്കും ഉദാഹരണം പറയാതെ, സാദൃശ്യപ്പെടുത്താതെ, നിഷേധിക്കാതെ, വ്യാഖ്യാനിക്കാതെ വിശ്വസിക്കുക.

‘യദ്’ എന്നതിന്റെ അർഥമായ ‘കൈ’ എന്ന് കാണുമ്പോൾ ഉടനെ കൈകളുള്ള ഒരു രൂപം നമ്മുടെ മനസ്സിലേക്ക് വരുന്നുവെങ്കിൽ അല്ലാഹുവിനെ നമ്മൾ കണ്ടിട്ടുള്ള, കേട്ടിട്ടുള്ള, സങ്കൽപത്തിലുള്ള ഏതെങ്കിലും ഒരു സൃഷ്ടിയോട് ഉപമിക്കുന്നുണ്ട് എന്ന് സാരം, എന്നാൽ അല്ലാഹു അതിൽ നിന്നെല്ലാം പരിശുദ്ധനാണ്.

ഇതിനു തെളിവാണ് ഇമാം മാലികിൽനിന്ന് ഉദ്ധരിക്കപ്പെട്ട ഒരു വാചകം. അല്ലാഹുവിന്റെ ഇസ്തിവാഅ് എങ്ങനെ എന്ന് ചോദിച്ച ആളോട് ഇമാം മാലിക്(റഹ്) പറഞ്ഞു: ‘ഇസ്തിവാഅ് എന്നത് അറിയപ്പെട്ടതാണ്, അതിന്റെ രൂപം നമുക്ക് അജ്ഞാതമാണ്, അതിൽ വിശ്വസിക്കൽ നിർബന്ധമാണ്, അതെങ്ങനെ എന്ന് ചോദിക്കൽ ബിദ്അത്താണ്.’

വേറൊരു റിപ്പോർട്ടിൽ ‘ഇസ്തിവാഅ്’ എന്നത് നമുക്ക് അറിയാത്ത കാര്യമല്ല എന്നും കാണാം. ഇവിടെ ഇമാം മാലിക് പറഞ്ഞത് ഇസ്തിവാഅ് എന്നത് അറബികൾക്ക് മനസ്സിലാവുന്ന വാക്കാണ്; പക്ഷേ, അതിന്റെ രൂപമോ അതെങ്ങനെ എന്നോ നമുക്കറിയില്ല എന്നാണ്. ഇവിടെ ചില ആളുകൾ പറയുന്നത് പോലെ ‘യാസീൻ’ എന്നത് പോലെയാണ് എന്നല്ല ഇമാം മാലിക് വിശദീകരിച്ചത്.

‘യാസീൻ,’ അല്ലെങ്കിൽ ‘അലിഫ് ലാം മീം’ എന്നത് എന്താണെന്ന് ചോദിച്ചാൽ അതറിയില്ല എന്നു മാത്രമായിരിക്കും പണ്ഡിതന്മാരുടെ മറുപടി. അല്ലാതെ യാസീൻ എന്നതിന്റെ അർഥം അറിയാം എന്നാരും പറയില്ല.

പ്രത്യക്ഷമായ അർഥം സ്ഥിരപ്പെടുത്തണമെന്നത് മുജാഹിദുകളുടെ മാത്രം വാദമാണെന്നത് സാധാരണയായി സമസ്തക്കാർ ഉന്നയിക്കാറുള്ള ഒരു ആരോപണമാണ്. അതായത് നാലാമതായി പറഞ്ഞ വിശ്വാസം മുജാഹിദുകൾ കണ്ടുപിടിച്ച പിഴച്ച ആശയമാണ്, കൂടിപ്പോയാൽ ശൈഖുൽ ഇസ്‌ലാം ഇബ്‌നു തൈമിയ്യയും മറ്റുമാണ് ഇതാദ്യമായി പറഞ്ഞത് എന്നാണ് ഇവരുടെ വാദം.

വാസ്തവത്തിൽ സ്വഹാബികളും താബിഉകളും അടക്കമുള്ള മുൻഗാമികളുടെ വിശ്വാസമാണിത്, നമ്മൾ മുമ്പ് വിവരിച്ച മൂന്ന് നിലപാടുകാരും പിന്നീട് വന്നവരാണ്.

(തുടരും)