ഭൂചലനങ്ങൾ എന്തുകൊണ്ട്?

ഡോ. ടി. കെ യൂസുഫ്

2023 മാർച്ച് 04, 1444 ശഅ്ബാൻ 11

തുർക്കിയിലും സിറിയയിലും ഉണ്ടായ ഭൂകമ്പം കൊടും ദുരന്തമായി. അരലക്ഷത്തോളം ആളുകൾക്ക് ജീവഹാനി നേരിട്ടു. കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക നഷ്ടമുണ്ടായി. ഒട്ടേറെ വീടുകളും സ്ഥാപനങ്ങളും നാമാവശേഷമായി മാറി. അനേകായിരങ്ങൾക്ക് പരിക്കുപറ്റി. മനുഷ്യത്വമുള്ളവരെ മുഴൂവൻ വല്ലാതെ വേദനിപ്പിച്ച സംഭവം.

ഭൂചലനത്തെക്കുറിച്ച് ശാസ്ത്രീയമായി വിശകലനം ചെയ്യുമ്പോൾ മനസ്സിലാകുന്ന ഒരു വസ്തുത ഭൂമി എന്നും കുലുങ്ങുന്നുണ്ട് എന്നാണ്! ഭൂമിക്കുള്ളിൽ ദിനേന എണ്ണായിരത്തോളം ചെറുചലനങ്ങൾ നടക്കുന്നുണ്ട് എന്നാണ് ഭൂഗർഭ ശാസ്ത്രജ്ഞന്മാർ വെളിപ്പെടുത്തുന്നത്. പക്ഷേ, അവയെല്ലാം വളരെ നേരിയതും സൂക്ഷ്മവുമായതുകൊണ്ട് നമ്മൾ അറിയാതെ പോകുകയാണ്. എന്നാൽ റിക്ടർ സ്‌കെയിലിൽ മൂന്നിനു മുകളിൽ രേഖപ്പെടുത്തുമ്പോൾ നാം അത് അറിയുകയും അതിന്റെ തോത് മൂന്ന് ഡിഗ്രിയിലും അധികരിക്കുന്നതിനുസരിച്ച് നാശനഷ്ടങ്ങൾ വർധിക്കുകയും ചെയ്യും. ഭൗമാന്തർഭാഗത്തെ മാന്റിൽ എന്നപേരിലറിയപ്പെടുന്ന തകിടുകൾ തെന്നിനീങ്ങുന്നതിനിടയിൽ പരസ്പരം കൂട്ടിയിടിക്കാൻ ഇടവരികയും അതുമൂലം ഭുമിക്കടിയിൽ ഒരു സമ്മർദം രൂപപ്പെടുകയും ചെയ്യും. ഈ സമ്മർദത്തിന് ഭൂമിയുടെ അകത്തളത്തിൽ നിൽക്കക്കള്ളിയില്ലാതെ വരുമ്പോൾ അത് ഭൂമിയുടെ പുറംതോട് പൊട്ടിച്ച് ബഹിർഗമിക്കാൻ ശ്രമിക്കും അപ്പോഴാണ് ഭൂമി കൂലുങ്ങുന്നത്. റിക്ടർ സ്‌കെയിലിൽ അഞ്ചിലധികം വരുന്ന ഒരു പ്രകമ്പനത്തിലൂടെ ഒരു ആറ്റംബോംബിന്റെ മുപ്പത് ഇരട്ടി ഊർജമെങ്കിലും ബഹിർഗമിക്കുന്നുണ്ട് എന്നാണ് കണക്കാക്കപ്പെടുന്നത്!

മനുഷ്യൻ ഇതുവരെ ആർജിച്ച ശാസ്ത്ര-സാങ്കേതിക വിദ്യകൾ കൊണ്ടൊന്നും ഭൂചലനത്തെ മുൻകൂട്ടി കാണാനോ അതിന് കടിഞ്ഞാണിടാനോ കഴിഞ്ഞിട്ടില്ല. ഭൂകമ്പം നടന്നതിന് ശേഷം റിക്ടർ സ്‌കെയിലിൽ അത് ഇത്ര ഡിഗ്രി രേഖപ്പെടുത്തി എന്ന് പറയാൻ മാത്രമാണ് ശാസ്ത്രത്തിനാവുന്നത്. അതാകട്ടെ ദൂരന്തത്തിന്റെ നാശനഷ്ടങ്ങൾ ദൃശ്യമായതിന് ശേഷമായതുകൊണ്ട് അതുമൂലം പ്രത്യേകിച്ച് രക്ഷാസംവിധാനങ്ങളൊന്നും കൈകൊള്ളാനാവുകയില്ല. ഭൂമിക്കടിയിലെ തരംഗങ്ങളുടെ ഊർജ പ്രതിഭാസങ്ങളിൽനിന്ന് ലഭിക്കുന്ന ഡാറ്റകൾ അപഗ്രഥനത്തിന് വിധേയമാക്കിക്കൊണ്ട് ഭൂചലനത്തിന്റെ സാധ്യതകൾ മുൻകൂട്ടി പ്രവചിക്കാൻ ചില വികസിത രാജ്യങ്ങളിലെ ശാസ്ത്രജ്ഞന്മാർക്ക് അൽപമൊക്കെ കഴിഞ്ഞിട്ടുണ്ട് എന്ന വസ്തുത ഇവിടെ വിസ്മരിക്കുന്നില്ല. ജനങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിപ്പാർപ്പിച്ച് ആൾനാശം കുറക്കാൻ മാത്രമെ അതുകൊണ്ടും സാധ്യമാകുകയുള്ളൂ.

ഭൂമി ആകമാനം ഒറ്റയടിക്ക് കുലുങ്ങുന്നില്ല എന്നത് ഒരു ഭാഗ്യമാണ്. ചില പ്രത്യേക രാജ്യങ്ങളെ ഭൂചലന സാധ്യയുള്ള പ്രദേശങ്ങളിൽ എണ്ണിയിട്ടുണ്ട്. അവിടങ്ങളിലല്ലാതെയും പ്രകമ്പനങ്ങൾ നടന്നിട്ടുണ്ട്. 1906ൽ അമേരിക്കയിലെ മിസിസിപ്പിയിൽ മൂവായിരത്തിലധികം ആളുകളുടെ നാശത്തിന് കാരണമായ വൻ ഭൂചലനം നടന്നത് ഇതിനു തെളിവാണ്. ഭൂകമ്പം എപ്പോൾ, എവിടെ സംഭവിക്കും എന്ന് കൃത്യമായി മുൻകൂട്ടി പ്രവചിക്കാൻ സാധിച്ചാൽ അത് മാനവകുലത്തിന് വലിയ ഒരു നേട്ടമായിരിക്കുമെന്നതിൽ സംശയമില്ല. എന്നാൽ ഇപ്പോൾ നടന്നുവരുന്ന ഭൂഗർഭശാസ്ത്ര പഠനങ്ങളെ ആസ്പദമാക്കിയിട്ടുള്ള പ്രവചനങ്ങൾ എല്ലായിടത്തും ഫലപ്രദമല്ല എന്നതിലുപരി അത് വലിയ പണച്ചെലവുള്ള കാര്യമായതുകൊണ്ട് ദരിദ്ര രാജ്യങ്ങൾക്ക് താങ്ങാനാവുന്നതുമല്ല.

ശാസ്ത്ര-സാങ്കേതിക വിദ്യയൂടെ ഉന്നതിയിൽ വിരാജിക്കുന്ന മനുഷ്യന് ഭൂകമ്പത്തെക്കുറിച്ച് മുൻകൂട്ടി അറിയാൻ കഴിയില്ലെങ്കിലും ചില ജന്തുജാലങ്ങൾക്ക് അത് അറിയാനുളള ജന്മവാസനയുണ്ട് എന്നതിന് ചില തെളിവുകൾ കാണപ്പെട്ടിട്ടുണ്ട്. ഭൂകമ്പത്തിനു മുന്നോടിയായുണ്ടാകുന്ന ചില കാന്തിക തരംഗങ്ങളുടെ സ്വാധീനഫലമായിരിക്കാം അവ വിചിത്രമായ ചില ശാരീരിക ചേഷ്ടകൾ കാണിക്കാറുണ്ട്. 1973ൽ ചൈനയിൽ നടന്ന ഭൂചലനത്തിനു മുമ്പായി പാമ്പുകളും മറ്റു ഉരഗങ്ങളും കൂട്ടംകൂട്ടമായി മാളങ്ങളിൽ നിന്ന് പുറത്തുവന്ന ഒരു പ്രതിഭാസം ജനങ്ങൾ ശ്രദ്ധിക്കുകയുണ്ടായി, പിന്നീടുണ്ടായ ഒരു ഭൂചലനത്തിൽ ഈ അപായസൂചന കണക്കിലെടുത്ത് ആളുകളെ വീടുകളിൽനിന്ന് മാറ്റിപ്പാർപ്പിച്ചതുകൊണ്ട് പ്രസ്തുത പ്രകമ്പനത്തിൽ കെട്ടിടങ്ങളും പാലങ്ങളും തകർന്നെങ്കിലും ജീവപായം താരതമ്യേന കുറവായിരുന്നു. എന്നാൽ ചൈനയിൽതന്നെ പ്രവചനത്തിനും സുരക്ഷക്കും ഇടം കൊടുക്കാതെയും ഭൂചലനങ്ങൾ അരങ്ങേറിയിട്ടുണ്ട്. ഒരിക്കൽ ചൈനയിൽ സംഭവിച്ച വൻഭൂകമ്പത്തിനു മുമ്പായി തവളകൾ കൂട്ടത്തോടെ പുറത്തുവരികയും ചില ജീവികൾ ചകിതരാകുകയും ചെയ്തിരുന്നു. പക്ഷേ, ഈ ലക്ഷണങ്ങൾ ആരും കാര്യമായി ഗൗനിക്കുകയുണ്ടായില്ല.

ലോകത്തെ ഞെട്ടിച്ച സുനാമിയെക്കുറിച്ച് ആർക്കും മുന്നറിയിപ്പ് നൽകാൻ കഴിഞ്ഞിട്ടില്ലെന്നത് ഒരു യാഥാർഥ്യമാണ്. എന്നാൽ പിന്നീട് നൽകിയ മുന്നറിയിപ്പുകളിൽ പലതും അസ്ഥാനത്തായിരുന്നു. ഇങ്ങനെ കാലാവസ്ഥാ പ്രവചനം പോലുള്ള മുന്നറിയിപ്പുകൾ ജനങ്ങളെ ഉദ്വേഗത്തിന്റെ മുൾമുനയിൽ നിറുത്തി അസ്വസ്ഥരാക്കുന്നതിലുപരി സാമ്പത്തിക നഷ്ടത്തിനും വഴിവെക്കാനിടയുണ്ട്. റഷ്യയും ജപ്പാനും ഒരിക്കൽ മുന്നറിയിപ്പിനെ തുടർന്ന് ആളുകളെ മാറ്റിപ്പാർപ്പിച്ചെങ്കിലും ആ അധ്വാനം വൃഥാവിലാകുകയാണുണ്ടായത്. അതുപോലെ മറ്റുചില രാജ്യങ്ങളിൽ ഭൂകമ്പത്തിനിടയുെണ്ടന്ന മുന്നറിയിപ്പിനെ തുടർന്ന് ടൂറിസ്റ്റുകൾ വരാതിരിക്കുകയും വിനോദസഞ്ചാരത്തിൽനിന്ന് ലഭിക്കാനിടയുണ്ടായിരുന്ന വരുമാനം കുറയാൻ കാരണമാകുകയും ചെയ്തിട്ടുണ്ട്.

ഭൂചലനങ്ങളുടെ ചരിത്രം പരിശോധിക്കുമ്പോൾ ഒരു പ്രവാചക പ്രവചനം അന്വർഥമാകുന്നതായി കാണാൻ കഴിയും. ലോകചരിത്രത്തിൽ ഒട്ടനവധി ഭൂകമ്പങ്ങൾ അരങ്ങേറിയിട്ടുണ്ടെങ്കിലും കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടക്ക് സംഭവിച്ചത് മാത്രമെ സ്ഥലവും തീയതിയും അടക്കം രേഖപ്പെടുത്തപ്പെട്ടിട്ടുളളൂ. 1906ൽ അമേരിക്കയിൽ മൂവായിരം പേരുടെ മരണത്തിനിടയാക്കിയ ഭൂചലനത്തിനു ശേഷം 1923ലാണ് ജപ്പാനിൽ ഒരുലക്ഷത്തിലധികം പേരുടെ മരണത്തിൽ കലാശിച്ച ശക്തമായ ഒരു ഭൂചലനമുണ്ടായത്. അതായത് ഇരുപതു വർഷത്തെ ഇടവേളയിലാണ് ഈ രണ്ട് ചലനങ്ങൾ സംഭവിച്ചത്. പിന്നീട് പത്തു വർഷത്തെ ഇടവേളയിൽ 1935ൽ തായ്‌വാനിൽ ഒരു ചലനമുണ്ടായി. തുടർന്നുവന്ന വർഷങ്ങളിൽ രണ്ട് ഭൂചലനങ്ങൾ തമ്മിലുള്ള ഇടവേളകൾ കുറഞ്ഞുവരികയും 2003 ആയപ്പോഴേക്കും ഒരു വർഷത്തിൽതന്നെ നാലെണ്ണം സംഭവിക്കുന്ന അവസ്ഥ സംജാതമാകുകയും ചെയ്തു. 2005ൽ മൂന്ന് മാസത്തിനിടയിൽ രണ്ട് ചലനങ്ങൾ അരങ്ങേറി. 2006, 2007 എന്നീ വർഷങ്ങളിലും ഭൂകമ്പങ്ങൾക്ക് അവധിയുണ്ടായിട്ടില്ല. 2008ലെ ഏറ്റവും വലുതും ചൈനയിൽ നടന്നതാണ്. ഈയടുത്ത വർഷങ്ങളിൽ നടന്ന ഏറ്റവും വലിയ ഭൂചലനമാണ് ഇപ്പോൾ സംഭവിച്ചിട്ടുളളത്. ഇനിയുള്ള വർഷങ്ങളിൽ ഭൂചലനത്തിന്റെ എണ്ണം അധികരിക്കാനിടയുണ്ട് എന്നാണ് ഹദീസുകളിൽനിന്ന് ഗ്രഹിക്കാൻ കഴിയുന്നത്. നബി ﷺ പറഞ്ഞു: “അന്ത്യദിനം സംഭവിക്കുകയില്ല; അറിവ് പിടിക്കപ്പെടുകയും ഭൂകമ്പങ്ങൾ വർധിക്കുകയും സമയങ്ങൾ അടുത്തുവരികയും കുഴപ്പങ്ങൾ പ്രകടമാവുകയും കൊലപാതകങ്ങൾ അധികരിക്കുകയും ചെയ്തിട്ടല്ലാതെ. അതോടൊപ്പം സമ്പത്ത് വർധിച്ച് ഒഴുകുകയും ചെയ്യും’’ (ബുഖാരി).

എന്തുകൊണ്ടാണ് ഭൂമികുലുങ്ങുന്നത്? ഇത് വല്ല ദൈവിക ശിക്ഷയുമായിരിക്കുമോ? ആണെ ന്നോ അല്ലെന്നോ തീർപ്പുകൽപിക്കാൻ നമുക്കാവുകയില്ല. അല്ലാഹുവിന്റെ ഹിതമനുസരിച്ച് നടക്കുന്ന കാര്യങ്ങളെ അങ്ങേയറ്റം പരിമിതമായ അറിവ് മാത്രമുള്ള മനുഷ്യൻ വ്യാഖ്യാനിച്ച് ഉത്തരം കണ്ടെത്താൻ ശ്രമിക്കുന്നത് തീർത്തും അപഹാസ്യമാണ്. എങ്കിലും പ്രകൃതിപ്രതിഭാസങ്ങളെ മനുഷ്യജീവിതവുമായി ബന്ധിപ്പിച്ച് വ്യാഖ്യനിക്കാനാണ് പൊതുജനങ്ങൾ ശ്രമിക്കാറുളളത്. പ്രവാചകന്റെ കാലത്ത് ഒരു ഗ്രഹണം സംഭവിച്ചപ്പോൾ തിരുമേനിയുടെ മകന്റെ നിര്യാണം കൊണ്ടാണ് അത് സംഭവിച്ചത് എന്ന് അവർ പറയുകയുണ്ടായി. പക്ഷേ, പ്രവാചകൻ ﷺ അത്തരം അബദ്ധ ധാരണകൾക്ക് അറുതിവരുത്തുകയാണ് ചെയ്തത്. അതുപോല പൂർവിക സമുദായങ്ങളിൽ ചില ആപത്തുകളൊക്കെ വരുമ്പോൾ അത് അവരിലേക്ക് നിയോഗിതരായ പ്രവാചകന്മാരുടെ ദുശ്ശകുനം കൊണ്ടാണ് എന്നാണ് അവർ പറഞ്ഞിരുന്നത്. എന്നാൽ ക്വുർആൻ ഇത്തരം പഴിചാരലുകൾ തിരുത്തിക്കൊണ്ട് പറഞ്ഞത് നിങ്ങളുടെ ശകുനം നിങ്ങളുടെ കൂടെത്തന്നെയാണ് എന്നാണ്.

അല്ലാഹു പൂർവിക സമൂഹങ്ങളിൽ പെട്ട ചില കൊടുംപാപികളെയും ധിക്കാരികളെയും പലവിധേനയും നശിപ്പിച്ചിട്ടുണ്ട് എന്നത് ഒരു സത്യമാണ്. ഭൂമിക്കടിയിലേക്ക് ആഴ്ത്തപ്പെട്ടവരും ഭൂമിയെ തലകീഴായി മറിച്ച് നശിപ്പിക്കപ്പെട്ടവരും അവരിലുണ്ട്. കൊടിയ പാപങ്ങളിൽ മുഴുകി ജീവിക്കുന്നവർ അല്ലാഹുവിന്റെ ശിക്ഷ വന്നെത്തുന്നതിനെക്കുറിച്ച ്‌നിർഭയരാകേണ്ടതില്ല എന്ന് ക്വുർആനിൽ പലയിടത്തും പ്രസ്താവിക്കുന്നുമുണ്ട്.

“എന്നാൽ ദുഷിച്ച കുതന്ത്രങ്ങൾ പ്രയോഗിച്ചവർ, അല്ലാഹു അവരെ ഭൂമിയിൽ ആഴ്ത്തിക്കളയുകയില്ലെന്നോ, അവർ ഓർക്കാത്ത ഭാഗത്ത് കൂടി ശിക്ഷ വരികയില്ലെന്നോ സമാധാനിച്ചിരിക്കുകയാണോ?’’ (16:45).

കഴിഞ്ഞ ഒരുനൂറ്റാണ്ടിനിടയിൽ സംഭവിച്ച പ്രധാന ഭൂചലനങ്ങൾ പരിശോധിക്കുമ്പോൾ മനസ്സിലാകുന്ന മറ്റൊരു വസ്തുത ഭൂകമ്പം ഒട്ടുമിക്ക ലോകരാജ്യങ്ങളെയും പിടികൂടിയിട്ടുണ്ട് എന്നാണ്. അമേരിക്ക, റഷ്യ, ജപ്പാൻ, ചൈന, ഇറ്റലി, ഇറാൻ, ഇന്ത്യ, തുർക്കി, അഫ്ഗാനിസ്ഥാൻ, ഇന്തോനേഷ്യ, അർമീനിയ തുടങ്ങി വികസിതവും വികസ്വരവുമായ എല്ലാ രാജ്യങ്ങളെയും ഈ ദുരന്തം ബാധിച്ചിട്ടുണ്ട്. ഇസ്‌ലാമിക് റിപ്പബ്ലിക്ക് എന്ന് സ്വയം അവകാശപ്പെടുന്ന, ശിയാക്കൾ ഭരിക്കുന്ന ഇറാനിലും ‘പുരോഹിതരുടെ പുണ്യനഗരമായ’ ഇറ്റലിയും മതനിരാസം നാടുവാണ റഷ്യയിലും അക്ഷരജ്ഞാനം കുറഞ്ഞ അഫ്ഗാനിസ്ഥാനിലും ശാസ്ത്ര-സാങ്കേതിക വിദ്യയിൽ മുമ്പിലുള്ള അമേരിക്കയിലും വ്യാവസായിക പുരോഗതിയുടെ നാടായ ജപ്പാനിലും ശിരോവസ്ത്രത്തിനോട് അലർജി കാണിക്കുന്ന തുർക്കിയിലും അധികാരക്കശാപ്പ് അരങ്ങുവാഴുന്ന സിറിയയിലും കമൂണിസ്റ്റ് ചൈനയിലും ബഹുമത നാടായ ഇന്ത്യയിലും എത്രയോ തവണ ഭൂചലനങ്ങൾ അരങ്ങേറിയിട്ടുണ്ട്.

ഭൂചലനം നാശംവിതച്ച രാജ്യങ്ങളിൽ ലോകത്തെ സകല മതസ്ഥരും മതതീവ്രവാദികളും മതേതരവാദികളും നിരീശ്വര-നിർമത പ്രസ്ഥാനത്തിന്റെ ആളുകളും അകപ്പെട്ടിട്ടുണ്ട്. ഈ പ്രകൃതിദുരന്തത്തിൽ നിന്ന് ഞങ്ങൾ മുക്തരാണ് എന്ന് വീമ്പിളക്കാൻ ആർക്കും കഴിയുകയില്ല എന്ന് സാരം. ഭൂചലനങ്ങൾ വർധിച്ചുവരുന്നത് അന്ത്യദിനത്തിന്റെ അടയാളമായി എണ്ണിയ പ്രവാചകൻ ﷺ അത് ആരെയാണ് ബാധിക്കുക എന്ന് പ്രത്യകം പരാമർശിച്ചിട്ടില്ല. എന്നാൽ മുസ്‌ലിംകളെ സംബന്ധിച്ചേടത്തോളം ഇത്തരം ദുരന്തങ്ങൾ ഐഹികജീവിതത്തിലെ ഒരു പരീക്ഷണം തന്നെയാണ്.

ഈ ലോകത്തിന്റെ അന്ത്യംതന്നെ സംഭവിക്കുക ഒരു ഭൂകമ്പത്തിലൂടെയാണ് എന്നാണ് ക്വുർആൻ പറയുന്നത്:

“ഭൂമി പ്രകമ്പനം കൊള്ളിക്കപ്പെട്ടാൽ-അതിന്റെ ഭയങ്കരമായ ആ പ്രകമ്പനം. ഭൂമി അതിന്റെ ഭാരങ്ങൾ പുറംതള്ളുകയും, അതിന് എന്തുപറ്റി എന്ന് മനുഷ്യൻ പറയുകയും ചെയ്താൽ. അന്നേദിവസം അത് (ഭൂമി) അതിന്റെ വർത്തമാനങ്ങൾ പറഞ്ഞറിയിക്കുന്നതാണ്. നിന്റെ രക്ഷിതാവ് അതിന് ബോധനം നൽകിയത് നിമിത്തം. അന്നേദിവസം മനുഷ്യർ പല സംഘങ്ങളായി പുറപ്പെടുന്നതാണ്. അവർക്ക് അവരുടെ കർമങ്ങൾ കാണിക്കപ്പെടേണ്ടതിനായിട്ട്. അപ്പോൾ ആർ ഒരു അണുവിന്റെ തൂക്കം നന്മ ചെയ്തിരുന്നുവോ അവനത് കാണും. ആർ ഒരു അണുവിന്റെ തൂക്കം തിന്മ ചെയ്തിരുന്നുവോ അവൻ അതും കാണും’’ (ക്വുർആൻ 99:1-8).

അന്ത്യദിനത്തിലെ ഭൂചലനം അതിശക്തമായിരിക്കുമെന്നും ക്വു ർആൻ പറയുന്നുണ്ട്: “മനുഷ്യരേ, നിങ്ങൾ നിങ്ങളുടെ രക്ഷിതാവിനെ സൂക്ഷിക്കുക, തീർച്ചയായും ആ അന്ത്യസമയത്തെ പ്രകമ്പനം ഭയങ്കരമായ ഒരു കാര്യം തന്നെയാകുന്നു. നിങ്ങൾ അത് കാണുന്ന ദിവസം ഏതൊരു മുലകൊടുക്കുന്ന മാതാവും താൻ മുലയൂട്ടുന്ന കുഞ്ഞിനെപ്പറ്റി അശ്രദ്ധയിലായിപ്പോകും. ഗർഭവതിയായ ഏതൊരു സ്ത്രീയും തന്റെ ഗർഭത്തിലുള്ളത് പ്രസവിച്ചു പോകുകയും ചെയ്യും. ജനങ്ങളെ മത്തുപിടിച്ചവരായി നിനക്ക് കാണുകയും ചെയ്യാം. (യഥാർഥത്തിൽ) അവർ ലഹരി ബാധിച്ചവരല്ല. പക്ഷേ, അല്ലാഹുവിന്റെ ശിക്ഷ കഠിനമാകുന്നു’’ (22:1,2)