എസൻഷ്യൽ പ്രാക്റ്റീസും സർക്കാർ ദുർവ്യാഖ്യാനങ്ങളും

സുഫ്‌യാൻ അബ്‌ദുസ്സലാം

2023 ജനുവരി 21, 1444 ജുമാദുൽ ഉഖ്റാ 27

ഇന്ത്യയുടെ പരമോന്നത കോടതിയിൽ രാജ്യത്തിന്റെ മതനിരപേക്ഷതയുടെയും ജനാധിപത്യത്തിന്റെയും മാനവികതയുടെയും ശബ്ദമുയർത്തിക്കൊണ്ട് രാജ്യത്തെ പ്രമുഖരായ മുഴുവൻ നിയമജ്ഞരും അഭിഭാഷകരും ശിരോവസ്ത്ര അവകാശത്തിന് വേണ്ടി ശബ്ദിച്ചപ്പോൾ അതിനെ പ്രതിരോധിക്കാൻ സർക്കാർ അഭിഭാഷകർക്ക് ന്യായങ്ങളുണ്ടായിരുന്നില്ല. സർക്കാറിന്റെ ദുരുദ്ദേശ്യപരമായ സർക്കുലറിനെയും അതിനെ അനുകൂലിച്ച കർണാടക ഹൈക്കോടതിയുടെ വിധിയെയും ന്യായീകരിക്കാനായി ദുർബലമായ ചില വാദങ്ങളും ദുർവ്യാഖ്യാനങ്ങളും മാത്രമായിരുന്നു സർക്കാർ അഭിഭാഷകരുടെ കൈമുതലായുണ്ടായിരുന്നത്. .

വിദ്യാലയങ്ങൾ നിർദേശിക്കുന്ന യൂണിഫോം ധരിക്കണം എന്ന് മാത്രമാണ് സർക്കാർ നിർദ്ദേശിച്ചതെന്നും ശിരോവസ്ത്രം ധരിക്കരുതെന്ന് സർക്കുലറിൽ പറഞ്ഞിട്ടില്ലെന്നുമായിരുന്നു സോ ളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ ഒന്നാമത്തെ പ്രതിരോധം. പൗരത്വ ഭേദഗതി നിയമം പാർലമെന്റിൽ അവതരിപ്പിച്ചപ്പോൾ അമിത്ഷാ പറഞ്ഞ അതേ ന്യായമാണ് എസ്.ജി കോടതിയിൽ പറഞ്ഞത്. അയൽരാജ്യങ്ങളിൽനിന്നും വരുന്ന ഹിന്ദു, ക്രിസ്ത്യൻ, സിക്ക്, ജൈന, ബുദ്ധ, പാർസി വിഭാഗങ്ങൾക്ക് പൗരത്വം നൽകാം എന്ന് മാത്രമെ പറഞ്ഞുള്ളൂ, മുസ്‌ലിംകൾക്ക് നൽകരുതെന്ന് നിയമത്തിൽ പറഞ്ഞിട്ടില്ലെന്ന് പറഞ്ഞുകൊണ്ട് പാർലമെന്റിനെ തെറ്റിദ്ധരിപ്പിക്കാൻ അമിത്ഷാ നടത്തിയ അതേ അഭിനയമാണ് എസ്.ജിയും നടത്തിയത്.

ശിരോവസ്ത്രം ധരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുസ്‌ലിം വിദ്യാർഥിനികൾ പ്രത്യേകം ഹരജി (pleading) നടത്തിയിട്ടില്ല എന്നായിരുന്നു മറ്റൊരു ന്യായം. മുസ്‌ലിം വിദ്യാർഥിനികൾ നേരത്തെ ശിരോവസ്ത്രം ധരിക്കാറുണ്ടായിരുന്നില്ല, ഇപ്പോൾ ചില സംഘടനകൾ അവരെ പ്രലോഭിപ്പിച്ച് സമരത്തിലേക്ക് കൊണ്ടുവരികയാണ് എന്നതായിരുന്നു മറ്റൊന്ന്. നൂറ്റാണ്ടുകളായി മുസ്‌ലിം സ്ത്രീകൾ ധരിച്ചുവരുന്ന ശിരോവസ്ത്രത്തെ ഇവർ കണ്ടിട്ടേയില്ല എന്നുപറഞ്ഞാൽ ആർക്കാണ് വിശ്വസിക്കാൻ കഴിയുക! ഇനി അത് സത്യമാണെന്ന് സങ്കൽപിച്ചാൽ പോലും ഒരാൾ അയാളുടെ മതാചാരമാണെന്ന് വിശ്വസിക്കുന്ന ശിരോവസ്ത്രം യൂണിഫോമിന് ബുദ്ധിമുട്ടില്ലാത്ത വിധം ധരിക്കുവാനുള്ള മൗലികാവകാശത്തെ ഹനിക്കാൻ ഈ വാദം പര്യാപ്തമാവുന്നില്ല. മുസ്‌ലിം കുട്ടികൾ ശിരോവസ്ത്രം ധരിച്ചതുകൊണ്ടാണ് മറ്റുകുട്ടികൾ കാവി ഷോൾ ധരിച്ചു വന്നത് എന്ന ന്യായം അംഗീകരിക്കാൻ കഴിയില്ലെന്ന് രണ്ടംഗ ബെഞ്ചിലെ ജഡ്ജിമാരും അഭിപ്രായപ്പെട്ടതും എസ്ജിയുടെ വാദത്തിന്റെ ദുർബലത വ്യക്തമാക്കുന്നു. ഈ ന്യായം പരാജയപ്പെട്ടപ്പോൾ അടുത്ത ന്യായത്തിലേക്കാണ് എസ്.ജി പ്രവേശിച്ചത്. അത് ഏറെ ചർച്ച ചെയ്യപ്പെട്ട എസെൻഷ്യൽ റിലീജിയസ് പ്രാക്റ്റീസ് വിഷയമാണ്.

അജ്മീർ ദർഗാ കേസും എസ്ജിയുടെ വാദവും

എസ്ജി തുടരുന്നു: ‘എസെൻഷ്യൽ റിലീജിയസ് പ്രാക്റ്റീസ് എന്നാൽ എന്താണ്? മതപരമായ എല്ലാ ആചാരങ്ങളും സംരക്ഷിക്കപ്പെടണമെന്ന മറുപക്ഷത്തിന്റെ വാദം ഭരണഘടനാ വിരുദ്ധമാണ്.’ ഇതിന് ഉപോദ്ബലകമായി എസ്ജി കൊണ്ടുവന്നത് 1961 ലെ അജ്മീർ ദർഗാ കമ്മിറ്റി സയ്യിദ് ഹുസൈൻ അലി കേസിൽ ജസ്റ്റിസ് ഗജേന്ദ്രഗഡ്കറുടെ വിധിയെ ആയിരുന്നു. എസെൻഷ്യൽ അല്ലാത്ത ആചാരങ്ങൾ സംരക്ഷിക്കൽ അനിവാര്യമല്ല എന്നാണ് ദർഗാ കേസിലെ വിധിന്യായത്തിൽനിന്ന് മനസ്സിലാവുന്നത് എന്നായിരുന്നു എസ്ജിയുടെ വാദം. അതേസമയം എല്ലാ മതാചാരങ്ങളും അതത് മതവിശ്വാസികൾക്ക് എസെൻഷ്യൽ ആണെന്ന ശിരൂർ മഠം കേസ് വിധിയെ എസ്ജി സ്പർശിച്ചതേയില്ല. അപ്പോൾ ജസ്റ്റിസ് ഗുപ്ത ഇടപെട്ടു: ‘ശിരൂർ മഠം കേസും ദർഗാ കേസും തമ്മിൽ വൈരുധ്യമുണ്ടെന്നാണല്ലോ മറുഭാഗം പറയുന്നത്?’ ഒരു വൈരുധ്യവുമില്ലെന്നും അവ രണ്ടും എസെൻഷ്യൽ പ്രാക്റ്റീസുകൾ ആണെന്നും തെളിയിക്കപ്പെട്ട ആചാരങ്ങൾക്ക് മാത്രമാണ് സംരക്ഷണം നൽകുന്നത് എന്നുമായിരുന്നു എസ്ജിയുടെ മറുപടി.

സുപ്രീംകോടതി അഭിഭാഷകനായ അഡ്വ.എം.ആർ.ഷംസാദ് അപ്പോൾ ഇടപെട്ടു. ശിരൂർ മഠം കേസിലെയും ദർഗാ കേസിലെയും വിധികളിൽ പ്രത്യക്ഷ വൈരുധ്യമുണ്ടെന്ന് ശബരിമല കേസിൽ സുപ്രീം കോടതി നിരീക്ഷിച്ചിട്ടുണ്ടെന്ന് അദ്ദേഹം പ്രസ്തുത വിധി കോടതിയെ വായിച്ച് കേൾപ്പിച്ചുകൊണ്ട് പറഞ്ഞു. ഒരു മതാചാരം എസെൻഷ്യൽ ആണോ അല്ലേ എന്ന് മതനിരപേക്ഷ സങ്കൽപങ്ങളുടെ അടിസ്ഥാനത്തിൽ തീരുമാനിക്കാമെന്ന് ദർഗാ കേസ് വിധിയെ വ്യാഖ്യാനിച്ച് പറയപ്പെടുന്നുണ്ടെങ്കിലും ശിരൂർ മഠം കേസിൽ എസെൻഷ്യൽ പ്രാക്റ്റീസ് മതപ്രമാണങ്ങളുടെ അടിസ്ഥാനത്തിലാണ് തീരുമാനിക്കേണ്ടത് എന്ന് വ്യക്തമായി പറയുന്നുണ്ടെന്ന് അഡ്വ.ഷംസാദ് സമർഥിച്ചു.

വിശദീകരണം

ഒരു മതാചാരം ‘എസെൻഷ്യൽ’ അഥവാ നിർബന്ധമാവണമെങ്കിൽ മതപ്രമാണം അത് നിർബന്ധമാണെന്ന് പറയണമെന്നും ഇല്ലെങ്കിൽ അത് ഭരണഘടനാപരമായി അനുവദിക്കാൻ സാധിക്കില്ലെന്നുമാണ് എസ്ജിയുടെ വാദം. എന്നാൽ ശിരൂർ മഠം കേസിൽനിന്നും പ്രത്യക്ഷത്തിൽ തന്നെ വ്യക്തമായതും നിയമപണ്ഡിതർ നിർധാരണം ചെയ്‌തെടുത്തതും ഒരു ആചാരം മതപരമായി ആചരിക്കപ്പെടുന്നതാണെങ്കിൽ അതെല്ലാം ഓരോ വ്യക്തിയെ സംബന്ധിച്ചും ‘എസെൻഷ്യൽ’ എന്നതിന്റെ പരിധിയിൽ വരുമെന്നാണ്. ശിരൂർ മഠം കേസിന്റെ വിധിന്യായത്തിൽ സുപ്രീംകോടതി നിരീക്ഷണം ഇങ്ങനെയാണ്: ‘ഒരു മതത്തിന്റെ തത്ത്വസംഹിതകൾ മാത്രം ആധാരമാക്കിയാണ് പരാമർശവിധേയമായ ആചാരമോ രീതിയോ ആ മതത്തിന്റെ അനിവാര്യമായ ഭാഗമാണോ എന്ന് കണ്ടെത്തേണ്ടത്.’

അജ്മീർ കേസിന്റെ പശ്ചാത്തലവും വിധിയും

എസ്ജി തന്റെ വാദം സ്ഥാപിക്കാൻ കൊണ്ടുവന്നത് 1951 ലെ അജ്മീർ ദർഗാ കേസാണ്. ഈ കേസിന്റെ പശ്ചാത്തലം പരിശോധിക്കുമ്പോൾ എസ്ജി ഉന്നയിച്ച വാദത്തിന്റെ നിരർഥകത ബോധ്യപ്പെടും. അജ്മീർ ദർഗയിൽ സൂഫി വിഭാഗത്തിലെ ചിശ്ത്തികളുടെ ആരാധനാരീതികളായിരുന്നു നടന്നുവന്നിരുന്നത്. അജ്മീർ ദർഗയുടെ നടത്തിപ്പിലും അവിടെ നടക്കുന്ന ആചാരങ്ങളിലും ഹനഫികൾക്ക് കൂടി അവകാശം നൽകിക്കൊണ്ട് സർക്കാർ 1955ൽ ‘ദർഗ ക്വാജ സാഹിബ് ആക്റ്റ്’ എന്ന പേരിൽ ഒരു നിയമം കൊണ്ടുവന്നിരുന്നു. ഇത് റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് അജ്മീർ ദർഗാ കമ്മിറ്റി സുപ്രീംകോടതിയെ സമീപിച്ചത്. എന്നാൽ കോടതി ഇത് തള്ളി. ദർഗയിൽ നടക്കേണ്ട ആചാരങ്ങൾ തങ്ങളുടെ അവകാശമാണ് എന്ന ചിശ്ത്തികളുടെ ആവശ്യത്തോട് പ്രതികരിച്ചുകൊണ്ട് അങ്ങനെ എസെൻഷ്യൽ പ്രാക്ടിസിനെ പരിമിതപ്പെടുത്താൻ സാധിക്കില്ലെന്നും മറ്റുള്ളവരുടെ ആചാരാവകാശങ്ങളെ തള്ളിക്കളയാൻ പറ്റില്ലെന്നും മാത്രമാണ് കോടതി പറഞ്ഞത്. ഇത് ഒരിക്കലും ശിരോവസ്ത്ര നിരോധനവുമായി ബന്ധപ്പെടുത്തി ഒരു റഫറൻസ് ആയി ഉദ്ധരിക്കാൻ കഴിയുന്ന കേസല്ല എന്ന് പ്രത്യക്ഷത്തിൽ തന്നെ ബോധ്യപ്പെടുന്നതാണ്.

ഒരു മതത്തിന്റെ തത്ത്വസംഹിതകൾ മാത്രം ആധാരമാക്കിയാണ് പരാമർശവിധേയമായ ആചാരമോ രീതിയോ ആ മതത്തിന്റെ അനിവാര്യമായ ഭാഗമാണോ എന്ന് കണ്ടെത്തേണ്ടത് എന്നാണ് ഈ കേസിൽ സുപ്രീംകോടതിയുടെ നിരീക്ഷണം എന്ന കാര്യം കേസിന്റെ പ്രാരംഭഘട്ടത്തിൽ അഡ്വ.നിസാം പാഷ കോടതിയെ ബോധ്യപ്പെടുത്തിയിരുന്നു എന്ന കാര്യം ഇതോടൊപ്പം നാം മനസ്സിലാക്കേണ്ടത്. (നേർപഥം ലക്കം 304,19/11/2022 വായിക്കുക). ഇതെല്ലാം മറച്ചുവെച്ച് എസെൻഷ്യൽ റിലീജിയസ് പ്രാക്റ്റീസ് എന്നതിനെ ഏതാനും ചില ആചാരങ്ങളിലേക്ക് ചുരുക്കിക്കെട്ടാനുള്ള ശ്രമമാണ് സോളിസിറ്റർ ജനറൽ നടത്തിയത്.

ആനന്ദമാർഗികളുടെ ആചാരങ്ങൾ അനുവദിക്കാമോ?

പൊതുവഴികളിലും തെരുവുകളിലും താണ്ഡവനൃത്തങ്ങൾ നടത്തിക്കൊണ്ടുള്ള ആനന്ദമാർഗികളുടെ ആചാരങ്ങളും എസെൻഷ്യൽ റിലീജിയസ് പ്രാക്ടിസിന്റെ പേരിൽ അനുവദിക്കേണ്ടിവരില്ലേ എന്ന ചോദ്യമാണ് സോളിസിറ്റർ ജനറൽ പിന്നീട് ചോദിച്ചത്. വളരെ ദുർബലമായ ഒരു ചോദ്യമായിരുന്നു അത്. അതുകൊണ്ടുതന്നെ ജസ്റ്റിസ് ധൂലിയ എസ്ജിയുടെ വാദത്തെ ക്രോസ് ചെയ്തു. മൗലികാവകാശം വഴി അനുവദിക്കപ്പെട്ട ഏതൊരു കാര്യവും ക്രമസമാധാനത്തിന് (Public order) ഭംഗം വരുത്തുന്നുണ്ടെങ്കിൽ അത് നിയന്ത്രിക്കാനുള്ള വകുപ്പ് ഭരണഘടനയിൽ ഉണ്ടല്ലോ എന്നായിരുന്നു ധൂലിയയുടെ മറുചോദ്യം.

നിർബന്ധം: എസ്ജിയുടെ ദുർവ്യാഖ്യാനം

എസ്ജി തുടരുന്നു: ‘ഒരു ആചാരം അത്രമാത്രം നിർബന്ധ സ്വഭാവമുള്ള അനിവാര്യകാര്യമാണെങ്കിൽ മാത്രമേ നിരോധിക്കാൻ പാടില്ലാത്തതായുള്ളൂ. സിഖ് മതക്കാരുടെ പഗ്ഡി, കരാ തുടങ്ങിയവ അതിന് ഉദാഹരണങ്ങളാണ്. അവ രണ്ടും ധരിക്കാതെ ലോകത്തെവിടെയെങ്കിലും ഒരു സിഖുകാരനെ സങ്കൽപ്പിക്കാൻ നമുക്ക് കഴിയുമോ? ഇവിടെ പരാതിക്കാർക്ക് ശിരോവസ്ത്ര ആചാരം മതവുമായി ബന്ധപ്പെട്ട് നിൽക്കുന്ന അനിവാര്യഘടകമാണെന്ന് സ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ തുടക്കത്തിൽ അവർക്ക് എതിർപ്പൊന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് ആചാരം അത്രമാത്രം നിർബന്ധസ്വഭാവമുള്ളതാണെന്ന അപേക്ഷകൾ കോടതിയിൽ അവർ സമർപ്പിക്കാതിരുന്നത്. ശിരോവസ്ത്രം പണ്ടുമുതലേ ഉള്ള വസ്ത്രമായിരുന്നുവെന്നും അത് ധരിച്ചില്ലെങ്കിൽ മതത്തിൽനിന്നും തങ്ങളെ പുറത്താക്കുമെന്നും പരാതിക്കാർ പറയുന്നില്ല.’

ഈ സന്ദർഭത്തിൽ ജസ്റ്റിസ് ഗുപ്ത ഇടപെട്ടു. അദ്ദേഹം പറഞ്ഞു: ‘അങ്ങനെയല്ല, പരാതിക്കാർ ഈ വിഷയത്തിൽ പരാതിയോടൊപ്പം ക്വുർആൻ വചനങ്ങൾ ഉദ്ധരിച്ചിട്ടുണ്ട്.’ എന്നാൽ അത് കേവലം വ്യാഖ്യാനം മാത്രമാണെന്നായിരുന്നു എസ്ജിയുടെ മറുപടി. പക്ഷേ, വ്യാഖ്യാനമല്ല; ക്വുർആൻ വചനം തന്നെയാണ് ഉദ്ധരിച്ചതെന്ന് ഗുപ്ത വ്യക്തമാക്കി. എന്നാൽ ശിരോവസ്ത്രം എസെൻഷ്യൽ റിലീജിയസ് പ്രാക്ടിസിന്റെ ഭാഗമാണെന്നാണ് അവർ തെളിയിക്കേണ്ടതെന്നായിരുന്നു എസ്ജിയുടെ പ്രതികരണം. പക്ഷേ, ഇത് എസെൻഷ്യൽ ആണെന്ന് തീരുമാനിക്കേണ്ടത് കോടതിയാണോ എന്നായിരുന്നു ജസ്റ്റിസ് ധൂലിയയുടെ ചോദ്യം.

എസ്ജി വീണ്ടും ദുർബലവാദങ്ങളിലേക്ക് പ്രവേശിക്കുന്നു: ‘എസെൻഷ്യലുമായി ബന്ധപ്പെട്ട കാര്യത്തിലേക്ക് ഹൈക്കോടതി പ്രവേശിക്കേണ്ടതുണ്ടായിരുന്നില്ല. എന്നാൽ അതിലേക്ക് വഴിതുറന്നത് പരാതിക്കാരാണ്. പരസ്യമായി മദ്യപിക്കുന്നത് മതത്തിന്റെ അവിഭാജ്യ ആചാരമാണെന്ന് അവകാശപ്പെട്ട് ആരെങ്കിലും കടന്നുവന്നാൽ അതെങ്ങനെ അനുവദിക്കാൻ സാധിക്കും?’ 19ാം അനുച്ഛേദത്തിൽ പറയപ്പെട്ട public order അങ്ങനെയുള്ള കാര്യങ്ങളെ നിയന്ത്രിക്കുവാനുള്ളതാണെന്ന് ജസ്റ്റിസ് ധൂലിയ പറഞ്ഞപ്പോൾ എസ്ജിക്ക് പിന്നീടൊന്നും പറയാനുണ്ടായിരുന്നില്ല.

(തുടരും)