യഹൂദരുടെ ഗൂഢതന്ത്രങ്ങൾ

ഇ.യൂസുഫ് സാഹിബ് നദുവി ഓച്ചിറ

2023 ഡിസംബർ 02 , 1445 ജു.ഊലാ 18

(യഹൂദർ: ചരിത്രത്തിലും വേദഗ്രന്ഥങ്ങളിലും 7)

മദീനയുടെ പരിസരപ്രദേശങ്ങളിൽ പാർത്തിരുന്ന യഹൂദർ ഇസ്‌ലാമിക പ്രബോധനത്തിന്റെ ശക്തി ക്ഷയിപ്പിക്കുന്നതിനായി നിരന്തരമായ ഗൂഢാലോചനയിൽ മുഴുകിയിരുന്നു. വിശ്വാസികളുടെ മനോധൈര്യം കെടുത്തുന്നതിനും നബിﷺയെക്കുറിച്ച് അനുയായികൾക്കിടയിൽ തെറ്റുധാരണ ജനിപ്പിക്കുന്നതിനും ചില അനുയായികളെത്തന്നെ അവർ ചട്ടംകെട്ടി അയച്ചിരുന്നു. അവർ ആദ്യം ഇസ്‌ലാം സ്വീകരിച്ചതായി പ്രഖ്യാപിക്കും, പിന്നീട് മതപരിത്യാഗി(മുർതദ്ദ്) ആയതായും പ്രഖ്യാപിക്കും. ഇസ്‌ലാമിൽ പല കുഴപ്പങ്ങളുമുണ്ട്, മുസ്‌ലിംകളിൽ ധാരാളം തകരാറുകളുണ്ട്, പ്രവാചകനിൽ ഒട്ടനവധി ദൂഷ്യങ്ങളുണ്ട്, ഞാനിതൊക്കെ നേരിൽ അനുഭവിച്ച് ബോധ്യപ്പെട്ടതിനാലാണ് ആ പുത്തൻ പ്രസ്ഥാനംവിട്ട് തിരികെ പോന്നിരിക്കുന്നത് ഇങ്ങനെയൊക്കെ വിവിധ സ്ഥലങ്ങളിൽ അവർ പ്രചരിപ്പിക്കും.

ജനങ്ങൾ സത്യവിശ്വാസം കൈക്കൊള്ളുന്നതിന് കഴിയും വിധത്തിലെല്ലാം തടയിടുകയായിരുന്നു അവരുടെ ലക്ഷ്യം. വിശ്വാസം സ്വീകരിച്ചവർ യഹൂദ മതത്തിലേക്ക് മടങ്ങിവരണമെന്ന് അവർ അതിയായി ആഗ്രഹിച്ചിരുന്നു.

ക്വുർആൻ പറയുന്നു: “വേദക്കാരിൽ ഒരുവിഭാഗം (സ്വന്തം അനുയായികളോട്) പറഞ്ഞു: ഈ വിശ്വാസികൾക്ക് അവതരിപ്പിക്കപ്പെട്ടതിൽ പകലിന്റെ ആരംഭത്തിൽ നിങ്ങൾ വിശ്വസിച്ചുകൊള്ളുക. പകലിന്റെ അവസാനത്തിൽ നിങ്ങളത് അവിശ്വസിക്കുകയും ചെയ്യുക. (അതു കണ്ട്) അവർ (വിശ്വാസികൾ) പിൻമാറിയേക്കാം’’ (ആലു ഇംറാൻ 72).

ഇങ്ങനെ രാവിലെ വിശ്വാസം പ്രഖ്യാപിച്ചവർ വൈകുന്നേരം അവിശ്വാസികളായി മാറിയെന്ന് ജനങ്ങൾ അറിയുമ്പോൾ ആ മാറ്റത്തിന് ന്യായമായ വല്ല കാരണവുമുണ്ടാകുമെന്ന് ചിലരെങ്കിലും ധരിച്ചുകൊള്ളുമെന്നാണ് യഹൂദർ പ്രതീക്ഷിച്ചിരുന്നത്.

ഇത്തരം സാഹചര്യങ്ങളിൽ പ്രകോപിതരായി സമചിത്തത നഷ്ടപ്പെട്ട് ബുദ്ധിമോശം കാണിക്കാതിരിക്കാൻ വിശ്വാസികൾ വിവേകപൂർവം പെരുമാറണം. വാദപ്രതിവാദങ്ങളും ചർച്ചകളുമെല്ലാം വിഷയത്തിന്റെ പരിധി ലംഘിക്കാതിരിക്കാൻ നിതാന്ത ജാഗ്രത പുലർത്തണം. വിലയേറിയ സമയം പാഴാകുന്നതിനൊപ്പം അന്തസ്സും മാന്യതയും ചൂഷണം ചെയ്യാൻ അപ്പുറത്ത് ശത്രു ജാഗ്രതപുലർത്തുന്നതു തിരിച്ചറിയണം. ദൈവസ്മരണയിലും സൽപ്രവർത്തനങ്ങളിലും വിനിയോഗിക്കേണ്ട സമയവും കഴിവുകളും വിശ്വാസികൾ നിഷ്ഫലമാക്കി കളഞ്ഞുകൂടാ.

ക്വുർആൻ പറയുന്നു: “നിങ്ങൾ സത്യവിശ്വാസം സ്വീകരിച്ചശേഷം നിങ്ങളെ അവിശ്വാസികളാക്കി മാറ്റിയെടുക്കുവാനാണ് വേദക്കാരിൽ മിക്കവരും ആഗ്രഹിക്കുന്നത്. സത്യം വ്യക്തമായി ബോധ്യപ്പെട്ടിട്ടും സ്വാർഥപരമായ അസൂയ നിമിത്തമാണ് (അവരാ നിലപാട് സ്വീകരിക്കുന്നത്). എന്നാൽ (അവരുടെ കാര്യത്തിൽ) അല്ലാഹു അവന്റെ കൽപന കൊണ്ടുവരുന്നതുവരെ നിങ്ങൾ പൊറുക്കുകയും ക്ഷമിക്കുകയും ചെയ്യുക. നിസ്സംശയം അല്ലാഹു ഏതു കാര്യത്തിനും കഴിവുള്ളവനത്രെ’’ (അൽബക്വറ 109).

നിരർഥകവും അപ്രധാനവുമായ നിരവധി ചോദ്യങ്ങൾ യഹൂദർ മുസ്‌ലിം സമൂഹത്തിനിടയിൽ പ്രചരിപ്പിക്കുകയും പ്രവാചകനോട് ഇത്തരം ചോദ്യങ്ങൾ ചോദിക്കുവാൻ സമൂഹത്തെ പ്രേരിപ്പിക്കുകയും ചെയ്യുക പതിവായിരുന്നു. ഇത്തരം വക്രബുദ്ധികളുടെ നയങ്ങളെ എന്നും കരുതിയിരിക്കാൻ സ്രഷ്ടാവ് ക്വുർആനിലൂടെ മുന്നറിയിപ്പു നൽകുന്നുണ്ട്.

അർഥശൂന്യങ്ങളായ ഇത്തരം ചോദ്യങ്ങളാണ് പൂർവകാല സമുദായങ്ങളുടെ തകർച്ചക്ക് മുഖ്യഹേതുവായതെന്ന് മുഹമ്മദ് നബിﷺ വിശ്വാസികളെ അടിക്കടി ഉണർത്തിക്കൊണ്ടിരുന്നു. അനാവശ്യവും നിരർഥകവുമായ ചോദ്യങ്ങൾ വർജിക്കാനും, അല്ലാഹുവും തിരുദൂതരും ഉപേക്ഷിച്ച പ്രശ്‌നങ്ങൾ ചികഞ്ഞുപെറുക്കി വിലയേറിയ സമയം പാഴാക്കാതിരിക്കാനും, കൽപനകൾ പ്രാവർത്തികമാക്കിയും നിരോധനകൾ വർജിച്ചുകൊണ്ടും പ്രയോജനകരമായ രംഗങ്ങളിൽ ശ്രദ്ധചെലുത്താനാണ് അല്ലാഹുവിന്റെ മുഖ്യനിർദേശം. ക്വുർആനിൽ ഇങ്ങനെ കാണാം:

“മുമ്പ് മൂസായോട് ചോദിക്കപ്പെട്ടതുപോലുള്ള ചോദ്യങ്ങൾ നിങ്ങളുടെ റസൂലിനോടും ചോദിക്കുവാനാണോ നിങ്ങൾ ഉദ്ദേശിക്കുന്നത്? സത്യവിശ്വാസത്തിന് പകരം സത്യനിഷേധത്തെ സ്വീകരിക്കുന്നവരാരോ അവർ നേർമാർഗത്തിൽനിന്നു വ്യതിചലിച്ചു പോയിരിക്കുന്നു’’ (അൽബക്വറ:108).

മൂസാനബി(അ)ക്കു നേരെ ഇസ്‌റാഈല്യർ തൊടുത്തുവിട്ട ചോദ്യങ്ങൾക്ക് ഉദാഹരണങ്ങൾ ക്വുർആൻ പലയിടത്തും വ്യക്തമാക്കിയിട്ടുണ്ട്. ചിലത് അധികപ്പറ്റും മറ്റുചിലത് ധിക്കാരവും ഭോഷത്തരവും ചിലത് പരിഹാസവും മറ്റുചിലത് പമ്പരവിഡ്ഢിത്തവുമായിരുന്നു. പശുവിനെ അറുക്കാൻ കൽപിച്ചപ്പോഴുണ്ടായ ചോദ്യങ്ങളും അല്ലാഹുവിനെ കാണിച്ചുകൊടുക്കാനാവശ്യപ്പെട്ടതും ചില ഉദാഹരണങ്ങളാണ്.

അനാവശ്യമായ ചോദ്യങ്ങളും അന്വേഷണങ്ങളും കൺഫ്യൂഷൻ സൃഷ്ടിക്കലും പൂർവകാല യഹൂദരുടെ വിനോദമായിരുന്നു. സംഘടനാ പ്രവർത്തകർക്കിടയിൽ കോലാഹലങ്ങൾ നിത്യസംഭവവും വ്യാപകവുമാകുന്ന ഇക്കാലത്ത് ചിലർ അറിഞ്ഞോ അറിയാതെയോ യഹൂദരുടെ ഇത്തരം പാരമ്പര്യം പ്രാവർത്തികമാക്കി പൂർവകാല ചരിത്രങ്ങളെ ഓർമപ്പെടുത്താറുണ്ട്.

സത്യവിശ്വാസികൾ പ്രവാചകനോട് ചോദ്യങ്ങൾ ചോദിക്കുന്നതിൽ മിതത്വവും മര്യാദയും പാലിക്കേണ്ടുന്നതിന്റെ ആവശ്യകതയും യഹൂദരുടെ ഹീനമായ പ്രവർത്തനങ്ങൾക്കുനേരെയുള്ള സ്രഷ്ടാവിന്റെ പ്രതിഷേധവുമാണ് ഇവിടെ വ്യക്തമാകുന്നത്. ചോദ്യങ്ങൾ ചോദിക്കരുതെന്നല്ല, മറിച്ച് അത് അനിയന്ത്രിതമാവുകയും അതിരുകടക്കുകയും ചെയ്താൽ അത് അവിശ്വാസത്തിലേക്ക് വഴിതെളിക്കുമെന്നും ഇസ്‌ലാം താക്കീത് നൽകുകയാണ് ചെയ്യുന്നത്. നബിﷺയോട് സംശയങ്ങൾ ചോദിക്കരുതെന്നോ ആവശ്യമുള്ള കാര്യങ്ങൾ അന്വേഷിക്കരുതെന്നോ ഇസ്‌ലാം പറയുന്നില്ല, പറഞ്ഞിട്ടുമില്ല. മൂസാ നബി(അ)യോട് അദ്ദേഹത്തിന്റെ ജനത ചോദിച്ചമാതിരിയുള്ള ചോദ്യങ്ങൾ മുഹമ്മദ് നബിﷺയോട് ചോദിക്കരുതെന്നാണ് അനുയായികളോട് അല്ലാഹു പറയുന്നത്. ക്വുർആനിൽ ഇങ്ങനെ കാണാം: “സത്യവിശ്വാസികളേ, ചിലകാര്യങ്ങളെപ്പറ്റി നിങ്ങൾ ചോദിക്കരുത്. നിങ്ങൾക്ക് അവ വെളിപ്പെടുത്തപ്പെട്ടാൽ നിങ്ങൾക്കത് മനഃപ്രയാസമുണ്ടാക്കും...’’(മാഇദ 101).

മുഗീറതുബിൻ ശുഅ്ബ(റ) പറയുന്നു: “നബിﷺ പറയുന്നതായി ഞാൻ കേട്ടു: ‘അവൻ പറഞ്ഞു,’ ‘ആരോ പറഞ്ഞു’ എന്നിങ്ങനെ കണ്ടതും കേട്ടതും പറയുന്നതും ധനം പാഴാക്കിക്കളയുന്നതും അധികം ചോദ്യം ചെയ്യുന്നതും നബിﷺ വിരോധിച്ചു’’ (ബുഖാരി, മുസ്‌ലിം).