ഹിജാബ് വിധികളുടെ അവലോകനം

സുഫ്‌യാൻ അബ്‌ദുസ്സലാം

2023 മെയ് 06 , 1444 ശവ്വാൽ 14

(വിധി തേടുന്ന ഹിജാബും കോടതിയിലെ വാദങ്ങളും - 24)

2022 സെപ്റ്റംബർ 5 മുതൽ 22 വരെ പത്ത് ദിവസങ്ങളിലായി നീണ്ടുനിന്ന പ്രൗഢഗംഭീരമായ വാദപ്രതിവാദങ്ങൾക്കൊടുവിൽ ഒക്ടോബർ 13 വ്യാഴാഴ്ചയാണ് സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ച് ശിരോവസ്ത്ര വിഷയത്തിൽ വിധി പറഞ്ഞത്. വിധി പറഞ്ഞ രണ്ടു ജഡ്ജുമാർ വ്യത്യസ്ത വിധികളാണ് പുറപ്പെടുവിച്ചത്. ജസ്റ്റിസ് ഹേമന്ദ് ഗുപ്ത കർണാടക സർക്കാരിന്റെ ശിരോവസ്ത്ര നിരോധനത്തെ ശരിവെച്ചുവെങ്കിൽ ജസ്റ്റിസ് സുധാൻഷു ധൂലിയ നിരാകരിച്ചുകൊണ്ടാണ് വിധി പറഞ്ഞത്. ഉഡുപ്പി കുന്ദാപുരയിലെ ഗവർമെന്റ് പി.യു.കോളേജ് വിദ്യാർഥിനി ആയിഷത് ശിഫ നൽകിയ അപ്പീൽ പ്രധാന ഹരജിയായി പരിഗണിച്ച കേസിൽ സുപ്രീംകോടതിക്ക് മുമ്പാകെ ആകെ 26 അപ്പീലുകളാണ് വന്നത്. എല്ലാം ഒരുമിച്ച് പരിഗണിച്ച രണ്ടംഗ ബെഞ്ചിലെ ന്യായാധിപന്മാരിൽ ഒരാൾ ശിരോവസ്ത്രം നിരോധിച്ച നടപടി ശരിവെച്ചപ്പോൾ മറ്റൊരാൾ നിരോധിച്ച നടപടി മൗലികാവകാശ ലംഘനമായിട്ടാണ് കണ്ടത്. രണ്ടുപേരും വ്യത്യസ്ത വിധി പ്രസ്താവിച്ചതോടെ സുപ്രീംകോടതിയിൽനിന്നും ശിരോവസ്ത്ര വിഷയത്തിൽ അന്തിമമായ വിധി വന്നിട്ടില്ലെന്ന് വേണം മനസ്സിലാക്കാൻ. ഇനി കോടതിക്ക് ചെയ്യാൻ സാധിക്കുന്നത് കൂടുതൽ ന്യായാധിപന്മാരെ ഉൾപ്പെടുത്തി വിശാല ബെഞ്ച് രൂപീകരിച്ച് ഭൂരിപക്ഷ വിധി പ്രസ്താവിക്കുക എന്നത് മാത്രമാണ്.

അന്തിമവിധി ഇനി എന്ന്?

കുട്ടികളുടെ പരീക്ഷക്ക് മുമ്പായി കേസ് പരിഗണിച്ച് അന്തിമവിധി പ്രഖ്യാപിക്കണമെന്ന് അഭിഭാഷകർ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടിരുന്നെങ്കിലും മാർച്ച് 19ലെ ഹോളി അവധിക്ക് ശേഷം പരിഗണിക്കാമെന്നായിരുന്നു കോടതി പറഞ്ഞിരുന്നത്. എന്നാൽ പരീക്ഷയും ഹോളിയും കഴിഞ്ഞ് ഇപ്പോഴും കോടതി വിശാല ബെഞ്ച് രൂപീകരിക്കുകയോ അന്തിമവിധിക്കായുള്ള ഒരുക്കങ്ങൾ ആരംഭിക്കുകയോ ചെയ്തിട്ടില്ല. ഒരുപക്ഷേ, മെയ് 10ന് നടക്കാനിരിക്കുന്ന കർണാടക തെരഞ്ഞെടുപ്പ് കഴിയാൻ കാത്തിരിക്കുകയായിരിക്കും കോടതി. കർണാടകയിൽ കോൺഗ്രസ് അധികാരത്തിൽ വരികയാണെങ്കിൽ നിലവിലുള്ള സർക്കാർ ഉത്തരവ് പിൻവലിക്കാനുള്ള സാധ്യതയും കാണുന്നുണ്ട്. അങ്ങനെയെങ്കിൽ പുതിയൊരു വിധി ആവശ്യമായെന്ന് വരില്ല എന്നതുകൊണ്ടായിരിക്കാം കോടതി കേസ് പരിഗണിക്കുന്നത് വൈകിക്കുന്നത്.

ഏതായിരുന്നാലും ശിരോവസ്ത്രം വിദ്യാലയങ്ങളിൽ നിരോധിച്ച നടപടിയെ വിമർശിച്ചുകൊണ്ടുള്ള ജസ്റ്റിസ് ധൂലിയയുടെ വിധി മതനിരപേക്ഷ ഇന്ത്യയുടെ ഭാവിയെ ശോഭനമാക്കുമെന്ന കാര്യത്തിൽ സംശയമില്ല. വിധിന്യായത്തിൽ ജസ്റ്റിസ് ധൂലിയ പറഞ്ഞ കാര്യങ്ങളെ കുറിച്ച് നിയമലോകം കൂടുതൽ പഠിക്കുകയും വിലയിരുത്തുകയും ചെയ്യേണ്ടതുണ്ട്. കപിൽ സിബൽ, പ്രശാന്ത് ഭൂഷൺ, ദുഷ്യന്ത് ദവെ, യൂസുഫ് മച്ചാലേ തുടങ്ങിയ അഭിഭാഷകരെയും സോളിസിറ്റർ ജനറൽ, അഡ്വക്കറ്റ് ജനറൽ എന്നിവരെയും അഭിനന്ദിച്ചുകൊണ്ട് ആരംഭിച്ച അദ്ദേഹം സഹ ന്യായാധിപനായ ഹേമന്ദ് ഗുപ്തയോടുള്ള വിയോജിപ്പ് തുറന്നു പറഞ്ഞുകൊണ്ടാണ് വിധിപ്രസ്താവം ആരംഭിച്ചത്.

ജസ്റ്റിസ് ധൂലിയയുടെ വിധിപ്രസ്താവം

ഈ കേസിൽ ജസ്റ്റിസ് ഗുപ്ത നടത്തിയ നിരീക്ഷണങ്ങളെയും അത് വിന്യസിച്ച രീതിയെയും ഞാൻ അഭിനന്ദിക്കുന്നു. എന്നാൽ അദ്ദേഹത്തിന്റെ വിധിന്യായത്തോട് വിയോജിക്കാതിരിക്കാൻ കഴിയില്ല. അതുകൊണ്ടുതന്നെ വളരെ സുപ്രധാനമായ ഈ വിഷയത്തിൽ എന്റെ സ്വതന്ത്രമായ അഭിപ്രായം രേഖപ്പെടുത്തുന്നു. ഭരണഘടനപരമായ കാര്യങ്ങളിൽ തീരുമാനമെടുക്കുമ്പോൾ ഏകകണ്ഠമായ വിധിയാണ് ആവശ്യമായിട്ടുള്ളത്. വിഷയം എങ്ങനെയെങ്കിലും അവസാനിപ്പിക്കുക എന്ന തീർപ്പ് (Finaltiy) രീതിയല്ല മറിച്ച് നീതി(Justice) രീതിയാണ് ഒരു ന്യായാധിപൻ പുലർത്തേണ്ടത്. ലോകപ്രശസ്ത നിയമജ്ഞനായ ലോർഡ് ആറ്റ്കിന്റെ ‘Finaltiy is a good thing, but Justice is better’ എന്ന ഉദ്ധരണി ഈ വിഷയത്തിൽ പ്രസക്തമാണ്.

കേസിന്റെ പശ്ചാത്തലം

ജസ്റ്റിസ് ധൂലിയ തുടരുന്നു: കർണാടകയിലെ ഉഡുപ്പി ജില്ലയിലെ കുന്ദാപുര ഗവൺമെന്റ് പ്രീ യൂണിവേഴ്‌സിറ്റി കോളേജിലെ രണ്ടാം വർഷ വിദ്യാർഥിനികളായിരുന്നു ആയിഷത്ത് ഷിഫയും തെഹ്‌രീന ബീഗവും. ഇരുവരും ഇസ്‌ലാം മതം പിന്തുടരുകയും ശിരോവസ്ത്രം ധരിക്കുകയും ചെയ്യുന്നു. അവർ പറയുന്നതനുസരിച്ച്, ഒരു വർഷത്തിലേറെയായി കോളേജിൽ ചേർന്നതുമുതൽ അവരുടെ ക്ലാസ് മുറികളിൽ അവർ ശിരോവസ്ത്രം ധരിച്ചുവരുന്നു. കോളേജ് അഡ്മിനിസ്‌ട്രേഷനുൾപ്പെടെ ആരിൽനിന്നും ഒരു എതിർപ്പും അവർ നേരിട്ടിരുന്നില്ലെന്നും ക്ലാസ്‌ മുറിയിൽ ശിരോവസ്ത്രം ധരിക്കുന്നത് ഒരു പ്രശ്‌നമായിരുന്നില്ല എന്നും അവർ പറയുന്നു.

2022 ഫെബ്രുവരി 3ന് ഈ രണ്ട് പെൺകുട്ടികളെ അവരുടെ കോളേജിന്റെ ഗേറ്റിൽ ചിലർ തടയുകയും കോളേജിൽ പ്രവേശിക്കുന്നതിന് മുമ്പ് ശിരോവസ്ത്രം അഴിച്ചുമാറ്റേണ്ടിവരുമെന്ന് പറയുകയും ചെയ്തു. അവർ ശിരോവസ്ത്രം അഴിക്കാൻ വിസമ്മതിച്ചതിനാൽ, കോളേജ് അഡ്മിനിസ്‌ട്രേഷൻ അവർക്ക് കോളേജിൽ പ്രവേശനം നിഷേധിച്ചു. അടുത്ത ദിവസം, അതായത് 2022 ഫെബ്രുവരി 4ന്, ഇരുവരും ഉഡുപ്പി ഡെപ്യൂട്ടി കമ്മീഷണർക്ക് മുമ്പാകെ നിവേദനം നൽകുകയും തങ്ങളുടെ കോളേജിൽ പ്രവേശിച്ച് പഠനം പൂർത്തിയാക്കാൻ കോളേജ് അധികാരികൾക്ക് നിർദേശം നൽകണമെന്ന് അപേക്ഷിക്കുകയും ചെയ്തു. ഫലപ്രദമായ ഉത്തരവുകളൊന്നും ഡെപ്യൂട്ടി കമ്മീഷണർ പാസാക്കിയില്ല. പകരം സർക്കാർ ഫെബ്രുവരി 5ന് ഒരു ഉത്തരവു കൊണ്ടുവന്നു. ഈ ഉത്തരവിന്റെ ആമുഖത്തിൽ കർണാടക വിദ്യാഭ്യാസ നിയമം 1983നെയും അതിലെ ചട്ടങ്ങളെയും പരാമർശിക്കുന്നു. ശിരോവസ്ത്രം നിരോധിക്കുന്നത് ഭരണഘടനയുടെ ആർട്ടിക്കിൾ 25ന്റെ ലംഘനമല്ലെന്ന് നിഗമനം ചെയ്യുന്നതിനായി വിവിധ ഹൈക്കോടതികളുടെ മൂന്ന് വിധിന്യായങ്ങളും ഉദ്ധരിക്കുന്നു. സർക്കാർ സ്‌കൂളുകളിൽ സ്‌കൂൾ യൂണിഫോമും പ്രീയൂണിവേഴ്‌സിറ്റി വിദ്യാഭ്യാസ വകുപ്പിന്റെ അധികാരപരിധിയിൽ വരുന്ന സർക്കാർ കോളേജുകളിൽ കോളേജ് വികസന സമിതികളും സ്വകാര്യ വിദ്യാലയങ്ങളിൽ മാനേജ്‌മെന്റ് ബോർഡും നിർദേശിക്കുന്ന യൂണിഫോം ധരിക്കണം എന്ന് നിർബന്ധമാക്കുന്നു. മാനേജ്‌മെന്റ് ബോർഡ് യൂണിഫോം നിർബന്ധമാക്കിയില്ലെങ്കിൽ പോലും വിദ്യാർഥികൾ ‘ഐക്യത്തിനും സമത്വത്തിനും പൊതു ക്രമത്തിനും’ വിധേയമാവുന്ന വസ്ത്രങ്ങൾ മാത്രമെ ധരിക്കാവൂ എന്നും ഉത്തരവ് പറയുന്നു.

ശിരോവസ്ത്രം ‘യൂണിഫോമിന്റെ’ ഭാഗമല്ല എന്നും, അത് ധരിക്കുന്നത് ‘ഐക്യത്തിന്റെയും സമത്വത്തിന്റെയും പൊതു ക്രമത്തിന്റെയും’ താൽപ്പര്യത്തിന് വിരുദ്ധമാണ് എന്നും സർക്കാർ ഉത്തരവ് വന്നതോടെ വിദ്യാർഥിനികൾക്ക് അവർ പഠിച്ചുവന്നിരുന്ന വിദ്യാലയങ്ങളിൽ പൊടുന്നനെ പ്രവേശനം നിഷേധിക്കപ്പെട്ടു. ഈ വിദ്യാർഥിനികൾക്ക് മാത്രമല്ല കർണാടകയിലെ വിവിധ സ്‌കൂളിൽ പോകുന്ന മറ്റ് പെൺകുട്ടികൾക്കും സമാനമായ നിയന്ത്രണം ഏർപ്പെടുത്തിയതായി കോടതിയുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.

തുടർന്ന് രണ്ട് വിദ്യാർഥിനികളും കർണാടക ഹൈക്കോടതിയിൽ റിട്ട് ഹർജികൾ സമർപ്പിക്കാൻ നിർബന്ധിതരായി. കേസ് ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ മുമ്പാകെ എത്തി. അദ്ദേഹം വിഷയത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് ഒരു വലിയ ബെഞ്ച് രൂപീകരിക്കുന്നതിന് ചീഫ് ജസ്റ്റിസിലേക്ക് റഫർ ചെയ്തു. ചീഫ് ജസ്റ്റിസ് ഒരു മൂന്നംഗ ബെഞ്ച് രൂപീകരിച്ചു, വിഷയം ദീർഘമായി കേൾക്കുകയും തുടർന്ന് 2022 മാർച്ച് 15ന് ഉത്തരവുകൾ പുറപ്പെടുവിക്കുകയും റിട്ട് ഹർജികൾ തള്ളുകയും ശിരോവസ്ത്രത്തിന് എതിരായി ഉത്തരവിടുകയും ചെയ്തു.

ഹർജിക്കാരുടെ വാദങ്ങൾ

ധൂലിയ: കർണാടക ഹൈക്കോടതിക്കും ഈ കോടതിക്കും മുമ്പാകെ ഹർജിക്കാർ പ്രധാനമായും വാദിച്ചത്, 2022 ഫെബ്രുവരി 5 ലെ ജി.ഒ.യും ശിരോവസ്ത്രം ധരിക്കാൻ അനുവദിക്കാതെ അവരെ ക്ലാസ് മുറികൾക്ക് പുറത്ത് നിർത്തിക്കൊണ്ട് സ്‌കൂൾ അധികൃതർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 19(1)(എ), 25(1), 14, 21 എന്നിവ അവർക്ക് നൽകിയിട്ടുള്ള മൗലികാവകാശങ്ങളുടെ ലംഘനമാണ് എന്നായിരുന്നു. ശിരോവസ്ത്രം ധരിക്കുന്നത് തങ്ങളുടെ മതപരമായ അനുഷ്ഠാനത്തിന്റെ ഭാഗമാണെന്ന അവകാശവാദവും ചില ഹർജിക്കാർ ഉന്നയിച്ചു. അതേസമയം, സ്‌കൂൾ യൂണിഫോം നിർണയിക്കാൻ അതാത് സ്‌കൂളുകളിലെ സ്‌കൂൾ അധികൃതരോട് നിർദേശിക്കുക മാത്രമാണ് ജി.ഒ ചെയ്തിട്ടുള്ളത് എന്നായിരുന്നു കർണാടകയുടെ വാദം. മതനിഷ്പക്ഷവും നിരുപദ്രവകരവുമായ ഒരു നടപടി മാത്രമാണിത് എന്നും കർണാടക വാദിക്കുന്നു. മൗലികാവകാശങ്ങൾ കേവലമല്ലെന്നും അവ എല്ലായ്‌പോഴും ന്യായമായ നിയന്ത്രണങ്ങൾക്ക് വിധേയമാണെന്നും അവർ പറയുന്നു. ക്ലാസ് മുറിക്കുള്ളിൽ ശിരോവസ്ത്രം നിരോധിച്ചത് ന്യായമായ നിയന്ത്രണമാണെന്നും ശിരോവസ്ത്രം ഒരു അനിവാര്യമായ മതാചാരമല്ലെന്നും അവർ പറയുന്നു.

കർണാടക ഹൈക്കോടതി അതിന്റെ പരിഗണനക്കായി രൂപപ്പെടുത്തിയ ചോദ്യങ്ങളും അവയ്ക്കുള്ള കോടതിയുടെ കണ്ടെത്തലും താഴെ പറയുന്ന വിധമായിരുന്നു:

എ) ശിരോവസ്ത്രം ധരിക്കുന്നത് ഭരണഘടനയുടെ ആർട്ടിക്കിൾ 25 പ്രകാരം സംരക്ഷിക്കപ്പെട്ടിട്ടുള്ള ഇസ്‌ലാമിക വിശ്വാസത്തിലെ അനിവാര്യമായ മതാചാരത്തിന്റെ ഭാഗമാണോ?

ഹൈക്കോടതി: ശിരോവസ്ത്രം ഇസ്‌ലാമിൽ അനിവാര്യമായ മതാചാരമല്ല.

ബി) ആർട്ടിക്കിൾ 19(1)(എ) (ആവിഷ്‌കാര സ്വാതന്ത്ര്യം), 21 (സ്വകാര്യത) എന്നിവയ്ക്ക് കീഴിൽ ഉറപ്പുനൽകിയിട്ടുള്ള ഹർജിക്കാരുടെ മൗലികാവകാശങ്ങളുടെ ലംഘനമായതിനാൽ സ്‌കൂൾ യൂണിഫോമുമായി ബന്ധപ്പെട്ട നിർദേശം നിയമപരമായി അനുവദനീയമാണോ?

ഹൈക്കോടതി: യൂണിഫോമുമായി ബന്ധപ്പെട്ട നിർദേശത്തിൽ ന്യായമായ നിയന്ത്രണം മാത്രമാണ് ഏർപ്പെടുത്തിയത്. വിദ്യാർഥികൾക്ക് അതിനെ എതിർക്കാൻ സാധിക്കില്ല.

സി) 05.02.2022ലെ സർക്കാർ ഉത്തരവ് ആർട്ടിക്കിൾ 14,15 എന്നിവ ലംഘിച്ചുകൊണ്ട് അയോഗ്യതയോടെയും വേണ്ടത്ര ശ്രദ്ധയില്ലാതെയും സ്വേച്ഛാധിപത്യപരവുമായുമാണോ പുറപ്പെടുവിച്ചത്?

ഹൈക്കോടതി: സർക്കാറിന് ഇങ്ങനെയുള്ള ഉത്തരവ് പുറപ്പെടുവിക്കാൻ ഭരണഘടനാപരമായ അവകാശമുണ്ട്. പ്രസ്തുത ഉത്തരവിനെ അസാധുവാകുന്ന തരത്തിലുള്ള യാതൊരു സാഹചര്യവും ഉണ്ടായിട്ടില്ല.

അടുത്ത ലക്കത്തിൽ: ജസ്റ്റിസ് ധൂലിയയുടെ വിധിപ്രസ്താവം; ഫാസിസത്തിനേറ്റ പ്രഹരം