ലേഖ്റാം പെഷാവരിയും മുബാഹലയും

പി പി അബ്ദുർറഹ്‌മാൻ കൊടിയത്തൂർ

2023 ജൂലൈ 29 , 1444 മുഹറം 11

(ഖാദിയാനി വേദപുസ്തകം ‘തദ്കിറ’യിലൂടെ ഒരു യാത്ര 26)

സിയാഹുൽ ഹഖ്’ എന്ന പുസ്തകത്തിലെ വിശദീകരണം ഇങ്ങനെയാണ്: ‘‘മതപരമായ ഒരു പ്രവചനത്തെ ഭയന്നുകൊണ്ട് ഒരാൾ പാമ്പിനെയും മറ്റും കാണുന്നുവെന്ന് പറഞ്ഞ്, സമാധാനം നഷ്ടപ്പെട്ട് ഭ്രാന്തനെപ്പോലെ നഗരത്തിൽനിന്ന് നഗരത്തിലേക്ക് ചേക്കേറിയെങ്കിൽ അയാൾ മനസാ ആ മതത്തെ അംഗീകരിച്ചുവെന്നാണ് മനസ്സിലാക്കേണ്ടത്. ഇതാണ് സത്യത്തിലേക്കുള്ള തിരിച്ചുവരവ് എന്നതിന്റെ വിവക്ഷ. ക്രിസ്ത്യാനികൾ നിർബന്ധിച്ചിട്ടുപോലും എനിക്കെതിരിൽ കോടതിയിൽ കേസ് ഫയൽ ചെയ്യാൻ അദ്ദേഹം തയ്യാറായില്ലെന്നതും ഇതിന് തെളിവാണ്’’ (പേജ് 17).

അതൊന്നു കൂടി വിശദീകരിക്കുകയാണ് ‘ഹ. അഹ്‌മദ്’ എന്ന പുസ്തകത്തിൽ എൻ അബ്ദുറഹീം: “ഇസ്‌ലാമിനെതിരെ നിരന്തരം പ്രചാരവേല നടത്തിയിരുന്ന ഒരു പാതിരിമുഖ്യൻ അപ്രകാരം മൗനമവലംബിച്ചതിൽനിന്നു മനസ്സിലാകുന്നത്, അയാളുടെ ഹൃദയത്തിൽ ഇസ്‌ലാമിന്റെ സത്യം ശക്തിമത്തായ സ്വാധീനം ചെലുത്തിയിരുന്നു എന്നാണ്. രഹസ്യത്തിൽ അയാൾ ക്വുർആൻ പാരായണം ചെയ്യുകയും ഇസ്‌ലാമികരീതിയിൽ പ്രാർഥിക്കുകയും ചെയ്തിരുന്നു എന്ന് ആഥമുമായി വളരെ അടുത്തു ബന്ധപ്പെട്ടിരുന്നവരിൽനിന്ന് വെളിപ്പെടുമാറായിട്ടുണ്ട്’’ (പേജ് 293).

ഇത്രത്തോളം പറയാൻ പക്ഷേ, അവരുടെ പ്രവാചകന് പോലും ധൈര്യമുണ്ടായിരുന്നില്ല!

പാതിരി അബ്ദുല്ല ആഥം രചിച്ച ‘റാസ്ത് ബയാനി ദർ ശകസ്‌തെ ഖാദിയാനി’ എന്ന കൃതിയിൽ പറയുന്നു: “മിർസാ സാഹിബ് ഖാദിയാനി എന്റെയും മറ്റുചിലരുടെയും മരണത്തെപ്പറ്റി പ്രവചനം നടത്തിയിരുന്നു. അതിന്റെ പരിണതി എന്തായെന്ന് എല്ലാവർക്കുമറിയാം. ആഥം മനസാ ഇസ്‌ലാം മതം അംഗീകരിച്ചിരിക്കുന്നുവെന്നും അതുകൊണ്ടാണ് മരണത്തിൽനിന്ന് രക്ഷപ്പെട്ടതെന്നുമാണ് ഇപ്പോൾ പറഞ്ഞു നടക്കുന്നത്. ആർക്കും എന്തും പറയാം. ആരും തടയില്ല. പക്ഷേ, ഞാനന്നും ഇന്നും ബാഹ്യമായും ആന്തരികമായും ക്രിസ്ത്യാനിതന്നെയാണ്. ദൈവത്തിന് നന്ദി.’’

“എന്റെ ക്രിസ്ത്യൻ സഹോദരന്മാരോടൊത്ത് അമൃതസറിൽ ചെന്നപ്പോൾ ഞാൻ മരിച്ചുപോയെന്നും സമ്മേളനത്തിന് വരില്ലെന്നും ചിലർ പറഞ്ഞു നടക്കുന്നതായി അറിയാൻ കഴിഞ്ഞു. ഞാൻ റെയിൽവേ പ്ലാറ്റ്‌ഫോമിൽ ഇറങ്ങിയപ്പോൾ ‘റബ്ബർ മനുഷ്യനെ’ ഉണ്ടാക്കാൻ സമർഥരായ ഇംഗ്ലീഷുകാർ ആഥമിന്റെ രൂപമുണ്ടാക്കി കൊണ്ടുവന്നതാണെന്നുവരെ ചിലർ പറഞ്ഞു. എന്ത് പറയാനാണിതിനൊക്കെ? 68 വയസ്സായ ഞാനിന്ന് ആരോഗ്യവാനാണ്; അതോടൊപ്പം സംതൃപ്തനും സന്തുഷ്ടനുമാണ്. എന്റെ മരണം പ്രവചിച്ച മിർസയാകട്ടെ കള്ളവാദിയും അഭിശപ്തനുമാണെന്ന് തെളിഞ്ഞു’’(പേജ് 58).

സാദൃശ്യ സിദ്ധാന്തം

മിർസയുടെ പ്രവചനപ്രകാരം അബ്ദുല്ല ആഥം കാലാവധിക്കകം മരിച്ചില്ലെന്ന് സമ്മതിച്ചുകൊണ്ട് മറ്റു ചില ന്യായങ്ങൾ നിരത്തുന്നത് കാണുക. പരസ്യങ്ങളുടെ സമാഹാരത്തിൽ നിന്ന്:

“അല്ലാഹു ആദ്യമായി പിടികൂടിയത് അമൃതസർ ഓണററി മിഷനറി ഫാദർ റൈറ്റിനെയാണ്. ഉയർന്ന പദവിയും സ്ഥാനവും ഉണ്ടായിരുന്ന അയാൾ യുവത്വത്തിൽതന്നെ ആകസ്മികമായി മരിച്ചു. മാർടിൻ ക്ലാർക്കും പ്രഭൃതികളും കഠിനദുഃഖത്താൽ കണ്ണീരിലാണ്ടു. പാതിരി ഹാവൽ മാരകരോഗം ബാധിച്ചു തലനാരിഴക്കാണ് മരണത്തിൽനിന്ന് രക്ഷപ്പെട്ടത്. പാതിരി അബ്ദുല്ല രോഗബാധിതനായി ഹാവിയയിൽ പതിച്ചു. രക്ഷപ്പെട്ടോ മരിച്ചോ എന്നറിയില്ല. ലാഹോറിൽവച്ച് പാതിരി ഫോർമാനും പരലോകം പൂകി. ചുരുക്കത്തിൽ ക്രിസ്ത്യാനികൾ നിന്ദിതരായി കഴിയുന്നു’’ (വാല്യം 2, പേജ് 32).

തന്റെ പ്രവചനമനുസരിച്ച് ആഥം മരിച്ചില്ലെങ്കിലെന്താ, കുറെ പാതിരിമാർ മരിക്കുകയും ചിലർ മരിച്ചതിന് തുല്യം ജീവിച്ചിരിക്കുകയും ചെയ്യുന്നില്ലേ എന്നാണ് ഈ വ്യാജ പ്രവാചകന്റെ ചോദ്യം!

ഇരുട്ടും വെളിച്ചവും ഒന്നിപ്പിക്കുന്നു

തന്റെ പ്രവചനം പുലർന്നു എന്ന് പറയാനും അദ്ദേഹത്തിന് ലജ്ജ തോന്നുന്നില്ല! ‘അൻവാറുൽ ഇസ്‌ലാമി’ൽ തന്നെ നമുക്ക് ഇത് വായിക്കാം:

“ഹാവിയ എന്ന നരകത്തിൽ പതിക്കും എന്ന പ്രവചനത്തിൽ പറയപ്പെട്ടകാര്യം സ്വകരങ്ങളാൽ തന്നെ ആഥം പൂർത്തീകരിച്ചിരിക്കുന്നു. ദുഃഖവും നിരാശയും പരിഭ്രമവും അദ്ദേഹത്തെ വിട്ടുമാറാതെ പിടികൂടി. ഭയാധിക്യത്താൽ ഹൃദയം പതിതമായി. യഥാർഥത്തിൽ ഇതാണ് ഹാവിയ. മരണം അതിന്റെ പാരമ്യതയാണ്. മരണത്തെപ്പറ്റി ഇൽഹാമിൽ പറയുന്നുമില്ല. ഇതൊരു നരകശിക്ഷതന്നെയായിരുന്നു. ആഥം അത് ശരിക്കും അനുഭവിക്കുകതന്നെ ചെയ്തു. സത്യത്തോടുള്ള പ്രതിബദ്ധത മൂലം, മരണമെന്ന് വ്യാഖ്യാനിച്ച ഏറ്റവും വലിയ ഹാവിയക്ക് അൽപം അവധി നൽകിയതാണ്.

സത്യാന്വേഷികളേ, ആഥം നരകത്തിൽ പതിക്കുമെന്ന പ്രവചനം അക്ഷരാർഥത്തിൽതന്നെ പുലർന്നിരിക്കുന്നു. അതോടെ ഇസ്‌ലാം വിജയിച്ചു, ക്രിസ്ത്യാനികൾ നിന്ദിതരായി. മിസ്റ്റർ അബ്ദുല്ലാ ആഥം തന്റെ ചെയ്തികളിലൂടെ വ്രണിതഹൃദയം പുറത്ത് കാണിക്കാതെ, നാടെമ്പാടും ഓടിനടക്കാതെ, തന്റെ സ്ഥാനത്ത് ദൃഢചിത്തനായി സാധാരണപോലെ സന്തുഷ്ടനായി ആ ദിവസങ്ങൾ കഴിച്ചിരുന്നെങ്കിൽ നിങ്ങൾക്ക് പറയാമായിരുന്നു; ‘ആഥം നരകത്തിൽ പതിച്ചിട്ടില്ല’ എന്ന്. ജീവിതത്തിലൊരിക്കലും അനുഭവിച്ചിട്ടില്ലാത്തവിധം ദുഃഖത്തിന്റെ അഗ്‌നിപർവതം അദ്ദേഹത്തിന്റെ ഹൃദയത്തിൽ പൊട്ടിത്തെറിച്ചു; ചൂടുലാവ പുറത്തേക്ക് വമിച്ചുകൊണ്ടിരുന്നു. ആ ദിനങ്ങളിൽ നരകത്തിൽ കിടന്നു പുളയുകയായിരുന്നു അയാൾ. എന്റെ പ്രവചനം ഒരാവർത്തി വായിച്ചുനോക്കൂ. ആഥമിന്റെ അവസ്ഥയെപ്പറ്റി ചിന്തിക്കൂ. അയാൾ നരകത്തിന്റെ അടിത്തട്ടിൽ ഉഴലുകയായിരുന്നുവെന്ന് നിങ്ങൾക്ക് മനസ്സിലാകും. അഗ്‌നിയുടെ ശിക്ഷ പോലും ഇത്ര കഠിനതരമാവുകയില്ല’’ (പേജ് 5-7).

പതിനഞ്ച് മാസങ്ങളോളം നരകാഗ്‌നിയിൽ നീറി, കാലം തീർക്കലായിരുന്നു പ്രവചന സാക്ഷാത്കാരമെങ്കിൽ, അയാൾ മരിക്കാൻ വേണ്ടി പ്രാർഥിക്കുകയും പാമ്പിനെയും മലക്കുകളെയും അയക്കുകയും മാരണം ചെയ്യുകയും ചെയ്തതെന്തിനായിരുന്നു? കാലാവധിയുടെ അവസാന ദിവസം സൂര്യാസ്തമയത്തിന് മുമ്പേ ആഥം മരിക്കുമെന്ന് ഉറപ്പുകൊടുത്തതുകൊണ്ടല്ലേ കുറേ അനുയായികൾ ക്രിസ്തുമതം സ്വീകരിക്കാനിടയായത്. മിർസാ ഖാദിയാനി അതേകൃതിയിൽ അക്കാര്യം ഖേദപൂർവം അനുസ്മരിക്കുന്നുണ്ട്. (പേജ് 20)

ആഥം വേപഥുപൂണ്ട് നാടുചുറ്റി ഓടി നടന്നുവെന്നത് ഹാവിയയിൽ പതിച്ചതിന്റെ തെളിവാണത്രെ! സത്യത്തിലേക്ക് തിരിച്ചുവന്നതിനും തെളിവ് ആഥമിന്റെ നെട്ടോട്ടം തന്നെ! ഇരുട്ടും വെളിച്ചവും സമന്വയിപ്പിക്കാൻ ശ്രമിക്കുകയാണ് ഖാദിയാനി പ്രവാചകൻ. സത്യത്തിലേക്ക് വരികയെന്നാൽ നരകത്തിൽ പതിക്കുക എന്നാണ് മിർസായുടെ അർഥകല്പന.

‘സത്യത്തിലേക്ക് തിരിച്ചുവന്ന് ഇസ്‌ലാമിനെതിരെ ഒരക്ഷരം ഉരിയാടാതെ, രഹസ്യമായി നമസ്‌കരിച്ചും ദുആ ചെയ്തും കഴിഞ്ഞിരുന്ന’ കാലത്തും ആഥം നരകത്തിൽ കിടന്ന് പിടയുകയായിരുന്നു.’ ‘സത്യത്തിലേക്ക് തിരിച്ചുവന്നതുകൊണ്ട് എല്ലാ ആപത്തും ഒഴിവായി; മരണം മാറിനിന്നു.’ പരസ്പര വിരുദ്ധമായ ഈ പ്രസ്താവനകൾക്ക് എന്തു മറുപടിയാണ് അനുയായികൾക്ക് പറയാനുള്ളത്?

അൻജാമെ ആഥം (ആഥമിന്റെ പരിണതി)

പതിനഞ്ചു മാസത്തെ നരകശിക്ഷ കഴിഞ്ഞ് ആഥം പൂർണ ആരോഗ്യത്തോടെ പുറത്തുവന്നു. പിന്നെയും ഒരു വർഷവും ഒമ്പത് മാസവും കഴിഞ്ഞശേഷം 1896 ജൂലൈ 27ന് അദ്ദേഹം മരിച്ചു. ഖാദിയാനീ പ്രവാചകൻ ചാടിയെണീറ്റു. അതുവരെ പിച്ചും പേയും പറഞ്ഞുകൊണ്ടിരുന്ന ഖാദിയാനി ഉദീരണം ചെയ്തു:

‘1896 ജൂലൈ 27ന് പാതിരി അബ്ദുല്ലാ ആഥം ഫിറോസ്പൂരിൽ മരണപ്പെട്ടിരിക്കുന്നു. ഇത്തരുണത്തിൽ എന്റെ പഴയ പ്രവചനങ്ങളെ പൊതുജനസമക്ഷം ഒന്നുകൂടി ഓർമിപ്പിക്കുന്നത് ആവശ്യമാണെന്ന് ഞാൻ കരുതുന്നു. ആഥം സത്യം ചെയ്യാനും തന്റെ വാദത്തിൽനിന്ന് പിന്തിരിയാനും സന്നദ്ധനാവുന്നില്ലെങ്കിൽ ബാക്കിയുള്ള ആയുസ്സിൽ വലിയൊരു ഭാഗം അദ്ദേഹത്തിന് ജീവിച്ചിരിക്കാൻ സാധ്യമാവില്ല. തന്റെ വാദത്തിൽത്തന്നെ നിലകൊള്ളുകയെന്നത് അദ്ദേഹത്തിന്റെ നിർഭയത്വത്തിന്റെ ലക്ഷണമായതുകൊണ്ട് വേഗംതന്നെ ഈ ലോകം വെടിയുമെന്ന ഇൽഹാം അനുസരിച്ചാണ് മരണം സംഭവിച്ചത്.’’

ആഥമിന്റെ മരണശേഷം എഴുതിയ ‘അൻജാമെ ആഥം’ എന്ന കൃതി തുടങ്ങുന്നത് ഈ വാചകത്തോടെയാണ്. തുടർന്ന് 282 പേജുകളിലായി അറബി, പേർഷ്യൻ, ഉർദു ഭാഷകളിൽ പാതിരി ആഥവുമായുള്ള സംവാദങ്ങളും പ്രവചനവും സാക്ഷാത്കാരവും ഒക്കെ എഴുതിയിട്ടുണ്ട്. ആഥം മരിക്കുന്നതിനു മുമ്പ് ഈ പറഞ്ഞ പ്രവചനം ഒരിടത്തും രേഖപ്പെടുത്തിയതായി കാണിച്ചുതരാൻ ഖാദിയാനികൾക്ക് സാധ്യമല്ല.

11 വർഷങ്ങൾക്ക് ശേഷം എഴുതിയ ‘ഹഖീഖത്തുൽ വഹ്‌യി’ൽ മിർസ എഴുതി: “ലേഖ്‌റാമും അഹ് മദ്‌ബേഗും മരിച്ചതുപോലെ ആഥമും മരിച്ചുവെന്നതിൽ എതിരാളികൾക്കും സംശയമില്ല. പക്ഷേ, അവധിക്കുള്ളിൽ മരിച്ചില്ല എന്നാണ് കുരുടന്മാർ പറയുന്നത്. കൊള്ളരുതാത്ത സമൂഹമേ, അല്ലാഹുവിന്റെ വാഗ്ദാനപ്രകാരം ഒരാൾ മരിച്ചാൽ പിന്നെ കാലാവധിക്കുള്ളിലോ പുറത്തോ എന്ന വിവാദത്തിനർഥമെന്ത്? നിങ്ങളൊന്ന് കണിച്ചുതരൂ ആഥമെവിടെ? ഏത് പട്ടണത്തിലാണവൻ ജീവിച്ചിരിക്കുന്നത്?’’ (പേജ് 155).

സ്വന്തം അനുയായികളെക്കുറിച്ചുള്ള അമിതമായ ആത്മവിശ്വാസം എന്നല്ലാതെ എന്ത് പറയാൻ!

പണ്ഡിറ്റ് ലേഖ്‌റാം പെഷാവരി

മിർസാ ഗുലാം അഹ്‌മദ് ഖാദിയാനി ‘ബറാഹീനെ അഹ്‌മദിയ്യ’ പ്രസിദ്ധീകരിച്ചപ്പോൾ അതിന് മറുപടിയായി ‘തക്ദീബെ ബറാഹീനെ അഹ്‌മദിയ്യ’ രചിച്ച ആര്യസമാജനേതാവായിരുന്നു പണ്ഡിറ്റ് ലേഖ്‌റാം. അദ്ദേഹത്തെക്കുറിച്ചുള്ള പ്രവചനം തദ്കിറയിൽ വായിക്കാം:

“1893 ഫെബ്രുവരി 20. ഈ വിനീതൻ ഏഴ് വർഷം മുമ്പ് (1886 ഫെബ്രുവരി 20ന്) പ്രസിദ്ധീകരിച്ച പരസ്യത്തിൽ ഇന്ദ്രമൻ മുറാദാബാദിയോടും ലേഖ്‌റാം പെഷാവറിയോടും അവരുടെ വിധിയെ സംബന്ധിച്ച് അല്ലാഹു ഭീഷണമായ ചില കാര്യങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ടെന്നും ആ വചനങ്ങൾ പരസ്യപ്പെടുത്താൻ വിരോധമുണ്ടെങ്കിൽ രണ്ടാഴ്ചകം രേഖാമൂലം അറിയിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എതിർപ്പ് പ്രകടിപ്പിച്ച ഇന്ദ്രമൻ അൽപകാലത്തിനകം മരിച്ചു. ലേഖ്‌റാമാകട്ടെ ധൈര്യപൂർവം, ഏത് പ്രവചനം വേണമെങ്കിലും പ്രസിദ്ധീകരിക്കാൻ സമ്മതിച്ചുകൊണ്ട് പോസ്റ്റുകാർഡ് അയച്ചു’’ (പേജ് 186).

മുബാഹലാ വെല്ലുവിളി

മിർസാ ഖാദിയാനി സുറുമയെ ചെശ്മയെ ആര്യ എന്ന ഗ്രന്ഥത്തിൽ ആര്യസമാജം നേതാക്കളെ മുബാഹലക്ക് വെല്ലുവിളിച്ചു: “വേദം സത്യമാണെന്നും ക്വുർആനിക അധ്യാപനങ്ങൾ അസത്യമാണെന്നും നിങ്ങൾ വിശ്വസിക്കുന്നുവെങ്കിൽ വരൂ, നമുക്കതിനെ ആസ്പദമാക്കി മുബാഹല നടത്താം. നിശ്ചിത തീയതിക്ക് നമുക്ക് ഒരിടത്ത് സമ്മേളിക്കാം. മൂന്നുതവണ സത്യം ചെയ്തുകൊണ്ട് മുബാഹല പ്രാർഥന നടത്താം. പിന്നീട് ദൈവിക തീരുമാനത്തിന് ഒരുവർഷം കാത്തിരിക്കാം. കാലാവധിക്കുള്ളിൽ ഈ ലേഖകനോ എതിർകക്ഷിക്കോ ഒരു ശിക്ഷയും നാശവും ഇറങ്ങിയിട്ടില്ലെങ്കിൽ ഈ വിനീതൻ 500 രൂപ പിഴ നൽകുന്നതാണ്. അത് അഡ്വാൻസായി ഗവ. ട്രഷറിയിൽ നിക്ഷേപിക്കാൻ തയ്യാറാണ്’’ (പേജ് 213).

മിർസ ഖാദിയാനി ഹഖീഖതുൽ വഹ്‌യിൽ ഉദ്ധരിച്ചപ്പോഴാണ് ലേഖ്‌റാമിന്റെ മറുപടി നാം കാണുന്നത്. 1888ൽ ‘ഖബ്‌തെ അഹ്‌മദിയ്യ’യിൽ മുബാഹലാ പ്രാർഥന കുറിച്ചുവെച്ചു:

“അല്ലയോ പരമേശ്വരാ, ഞങ്ങൾ ഇരുകക്ഷികളിൽ വ്യക്തമായ തീരുമാനം വെളിപ്പെടുത്തുക. കള്ളവാദി ഒരിക്കലും സത്യവാനെപ്പോലെ നിന്റെ പക്കൽ മാന്യത നേടുകയില്ലല്ലോ’’ (പേജ് 319).

രണ്ടു വിഭാഗവും അംഗീകരിച്ച കാലാവധി ഒരു വർഷമായിരുന്നു. 1889ൽ അതവസാനിച്ചു. എട്ടുവർഷം കഴിഞ്ഞു 1897 മാർച്ച് 8ന് ലേഖറാം വധിക്കപ്പെട്ടപ്പോൾ അത് മുബാഹലയുടെ ഫലമാണെന്ന് മിർസ പ്രസ്താവിച്ചു. പിന്നീട് എഴുതിയ ‘ചശ്മയെ മഅ്‌രിഫത്തി’ൽ, നേരത്തെ താൻ ഉദ്ധരിച്ചത് മറന്നുകൊണ്ട് ‘എന്റെ വിശ്വാസത്തിൽ ഞാൻ സത്യപക്ഷത്തല്ലെങ്കിൽ പരമേശ്വരാ, സത്യവാൻ ജീവിച്ചിരിക്കെ കള്ളവാദിയെ മരിപ്പിക്കേണമേ’ എന്ന് മുബാഹലാ പ്രാർഥന തിരുത്തിയെഴുതി ഖാദിയാനി പ്രവാചകൻ!

500 രൂപ പിഴ കൊടുക്കും എന്ന് പറഞ്ഞിരുന്നെങ്കിലും അദ്ദേഹം തന്ത്രപൂർവം ഒഴിഞ്ഞുമാറി.

ചത്ത പശുക്കുട്ടി

തുടർന്ന് അദ്ദേഹത്തെക്കുറിച്ച് പ്രവചനം നടത്തുകയായിരുന്നു മിർസ: “ലേഖ്‌റാമിനെക്കുറിച്ച് തിരക്കിയപ്പോൾ അല്ലാഹു ഇൽഹാം അവതരിപ്പിച്ചു: ഇവൻ വെറുമൊരു ചത്ത പശുക്കുട്ടി. ഉള്ളിൽനിന്ന് ഒരു വികൃത ശബ്ദം പുറപ്പെടുന്നു. ഇവന്റെ ദുർഭാഷണത്തിനും കുരുത്തക്കേടിനും പകരം കടുത്തശിക്ഷയും ദുഃഖവും അവന്ന് നിശ്ചയിച്ചിരിക്കുന്നു. തീർച്ചയായും അവൻ അത് ലഭിക്കുക തന്നെ ചെയ്യും’’ (പേജ് 186).

“ഇന്ന് (20.2.1893) തിങ്കളാഴ്ച ഈ ശിക്ഷയുടെ സമയമറിയാനായി ശ്രദ്ധചെലുത്തിയപ്പോൾ അല്ലാഹു പറഞ്ഞു: ഇന്നു മുതൽ ആറുവർഷത്തിനകം, അവന്റെ ദുർഭാഷണങ്ങൾക്കും നബിതിരുമേനിയെ അപമാനിച്ചതിനും പകരമായി കഠിനമായ ശിക്ഷയ്ക്ക് വിധേയനാകും’’(പേജ് 187).

“ഇപ്പോൾ ഞാൻ ഈ പ്രവചനം പ്രസിദ്ധീകരിച്ചുകൊണ്ട് എല്ലാ മുസ്‌ലിംകളെയും ആര്യസമാജക്കാരെയും ക്രിസ്ത്യാനികളെയും മറ്റു വിഭാഗക്കാരെയും അറിയിക്കുന്നതെന്തെന്നാൽ, ആറു വർഷത്തിനകം അസാധാരണമായ പ്രയാസങ്ങളും അസ്വാഭാവികവും എന്നാൽ ദൈവികസ്പർശവുമുള്ളതുമായ ശിക്ഷ ഇയാൾക്ക് ലഭിക്കുന്നില്ലെങ്കിൽ ഞാൻ അല്ലാഹുവിനാൽ നിയുക്തനല്ലെന്നും എന്റെ വചനങ്ങൾ ദൈവികമല്ലെന്നും മനസ്സിലാക്കുക.... ഏത് ശിക്ഷയും സ്വീകരിക്കാൻ ഞാൻ തയ്യാറാണ്. കഴുത്തിൽ കയറിട്ട് തൂക്കിക്കൊല്ലുക. പ്രവചനം പുലരാതിരിക്കുന്നതിനെക്കാൾ വലിയ മാനഹാനി മനുഷ്യന് മറ്റെന്താണുള്ളത്?’’

പ്രവചനം പുലർന്നാൽ എന്ത് ചെയ്യണമെന്നും മിർസാ ഖാദിയാനി തന്നെ വ്യക്തമാക്കിയിരുന്നു; ‘ശഹ്നയേ ഹഖ്ഖി’ലും ‘ഇസ്തിഫ്താ’യിലും. ‘തന്റെ നീണ്ട കുടുമവെട്ടി, പൂണൂൽ വലിച്ചറുത്ത്, പരിശുദ്ധ ജമാഅത്തിൽ ചേരുക, ലാഇലാഹ ഇല്ലല്ലാഹ് എന്നതിലെ തൗഹീദ് ഉൾക്കൊണ്ട് മുഹമ്മദ് റസൂലുല്ലായെ പരിപൂർണമായി പിൻപറ്റുക, ശിർക്കും ബിദ്അത്തും ഒഴിവാക്കി ‘സിറാതെ മുസ്തഖീമി’ന്റെ രാജവീഥിയിലേക്ക് പ്രവേശിക്കുക’’ (പേജ് 37).

മിർസയും ലേഖ്‌റാമും ചേർന്ന് എഴുതിത്തയ്യാറാക്കിയ ഉടമ്പടിയിലും ഇക്കാര്യം വ്യക്തമാക്കിയിരുന്നു. മിർസായുടെതന്നെ വാക്കുകളിൽ ഇങ്ങനെ വായിക്കാം: “ലേഖ്‌റാമിനെപ്പറ്റി പ്രവചിക്കുന്നത് സത്യമായി പുലരാത്തപക്ഷം ഹിന്ദുമതം സത്യമാണെന്ന് തെളിയും. അതോടെ പ്രവചിച്ചയാൾ ആര്യമതം സ്വീകരിക്കുകയും മുന്നൂറു രൂപ ലേഖ്‌റാമിന് നൽകുകയും വേണം. പ്രവചനം സത്യമായി പുലർന്നാൽ അത് ഇസ്‌ലാം സത്യമതമാണെന്നതിന്റെ തെളിവായി മനസ്സിലാക്കി പണ്ഡിറ്റ് ലേഖ്‌റാം ഇസ്‌ലാം സ്വീകരിക്കണം. അങ്ങനെ പ്രവചനപ്രകാരം 1897 മാർച്ച് 6ന് ലേഖ്‌റാമിന്റെ ജീവിതം അവസാനിച്ചു’’ (പേജ് 9).

പ്രവചനം പുലരുന്നത് ലേഖ്‌റാമിന്റെ മരണത്തോടെയായിരിക്കില്ല എന്നാണല്ലോ ഇത് വ്യക്തമാക്കുന്നത്. മരിച്ചാൽ പിന്നെ അയാൾക്കെങ്ങനെ ഇസ്‌ലാം സ്വീകരിക്കാനാവും? പ്രവചനവാക്യത്തിൽ പറഞ്ഞപോലെ അസാധാരണമായ ശിക്ഷ ലഭിച്ചുകൊണ്ടാണ് പ്രവചനം പുലരേണ്ടത്. അതിനുശേഷം സത്യം മനസ്സിലാക്കി ലേഖ്‌റാം ഇസ്‌ലാം സ്വീകരിക്കുകയും വേണം. സംഭവിച്ചതോ? ലേഖ്‌റാം വധിക്കപ്പെട്ടു. അനുയായിവൃന്ദത്തിൽ പുതുതായി ചേർന്ന ഒരാൾ ലേഖ്‌റാമിനെ കുത്തിക്കൊല്ലുകയായിരുന്നു. പ്രവചനത്തിൽ പറഞ്ഞപ്രകാരം ദൈവികസ്പർശമുള്ള അസ്വാഭാവികവും അസാധാരണവുമായ ശിക്ഷയായിരുന്നില്ല അത്; സർവസാധാരണമായ കൊലപാതകം. അതോടെ ഖാദിയാനി പ്രവചനം പൊളിഞ്ഞു.

(തുടരും)