ഹേമന്ദ് ഗുപ്തയുടെ വിധിന്യായങ്ങളിലൂടെ 9

ഡോ. ഷാനവാസ്, ഫ്ലോറിഡ

2023 ഡിസംബർ 09 , 1445 ജു.ഊലാ 25

ഭാഗം 9

(വിധി തേടുന്ന ഹിജാബും കോടതിയിലെ വാദങ്ങളും -42)

ശിരോവസ്ത്ര കേസ് ഭരണഘടനാ ബെഞ്ചിന് വിടേണ്ടതുണ്ടോ, യൂണിഫോമുമായി ബന്ധപ്പെട്ട് സ്‌കൂൾ കമ്മിറ്റികൾക്ക് യഥേഷ്ടം നിയമങ്ങൾ ഉണ്ടാക്കാൻ അധികാരമുണ്ടോ, മതസ്വാതന്ത്ര്യത്തിന്റെ പരിധി എന്താണ് എന്നീ മൂന്ന് വിഷയങ്ങൾക്കു ശേഷം ജസ്റ്റിസ് ഹേമന്ദ് ഗുപ്ത ചർച്ചക്കെടുത്തത് അനിവാര്യമായ മതാചാരങ്ങൾക്ക് (Essential Religious Practice) എങ്ങനെ പരിധി നിശ്ചയിക്കാം എന്ന വിഷയമായിരുന്നു. അതായത് ശിരോവസ്ത്രം മതത്തിൽ എസെൻഷ്യൽ (നിർബന്ധം) ആണെങ്കിൽ മാത്രമെ അനുച്ഛേദം 25 ന്റെ അടിസ്ഥാനത്തിൽ അത് അവകാശമാവുകയുള്ളൂ എന്ന് സ്ഥാപിക്കുന്നതിനു വേണ്ടിയാണ് അദ്ദേഹം അത് വിധിന്യായത്തിൽ കൊണ്ടുവരുന്നത്. എന്നാൽ ഈ വിഷയം ചർച്ചക്കെടുത്ത അഭിഭാഷകരിൽ പലരും ചൂണ്ടിക്കാണിച്ചത് ഒരു മതകാര്യം ഒരാൾ അനുഷ്ഠിക്കുന്നത് അത് മതത്തിൽ നിർബന്ധമാണോ അല്ലയോ എന്ന് നോക്കിയിട്ടല്ല എന്നും 25ാം അനുച്ഛേദം ഒരു പൗരന് നൽകിയിട്ടുള്ള മത, മനഃസാക്ഷി സ്വാതന്ത്ര്യം എന്ന മൗലികാവകാശത്തിന്റെ പരിധിയിൽ എല്ലാ മതകാര്യങ്ങളും വരുമെന്നും അവ പൊതുസമാധാനം, സാന്മാർഗികത, ആരോഗ്യം എന്നീ ഉപാധികൾക്ക് വിധേയമായി നിർവഹിക്കാവുന്നതുമാണ് എന്നുമായിരുന്നു. മറ്റുള്ള യാതൊരു നിയന്ത്രണവും മതകാര്യങ്ങൾക്കുമേൽ കൊണ്ടുവരാൻ ഭരണകൂടങ്ങൾക്ക് അവകാശമില്ല എന്നും അവർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ശിരോവസ്ത്രം എന്ന മുസ്‌ലിം മതാചാരം ഇസ്‌ലാം മതത്തിൽ നിർബന്ധമാണോ, അത് അനിവാര്യമായും നിർവഹിക്കപ്പെടേണ്ടതാണോ എന്ന വിഷയം പ്രസക്തമേയല്ല.

അതേസമയം ചില മുസ്‌ലിം അഭിഭാഷകർ ശിരോവസ്ത്രം മതത്തിൽ നിർബന്ധമാണെന്നും അത് മുസ്‌ലിം സ്ത്രീകൾക്ക് ഒരു ഘട്ടത്തിലും ഒഴിവാക്കാൻ പാടില്ലാത്തതാണെന്നും ചൂണ്ടിക്കാണിച്ചിരുന്നു. ഈ അഭിഭാഷകർ അനവസരത്തിൽ എടുത്ത് ചർച്ച ചെയ്ത ഈ വിഷയത്തെ മുഖവിലക്കെടുത്ത് അത് കൂടുതൽ ചർച്ചചെയ്ത് ശിരോവസ്ത്രം മതത്തിൽ അനിവാര്യമായ ഒരു ആചാരമല്ല എന്ന് തെളിയിക്കുവാനുള്ള ബദ്ധപ്പാടാണ് സോളിസിറ്റർ ജനറലും അഡ്വക്കേറ്റ് ജനറലും ജസ്റ്റിസ് ഹേമന്ദ് ഗുപ്തയും തുടർന്ന് കാണിച്ചത്.

സോളിസിറ്റർ ജനറലും അഡ്വക്കേറ്റ് ജനറലും

വാദവേളയിൽ സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞ കാര്യങ്ങളാണ് ഹേമന്ദ് ഗുപ്ത ആദ്യമായി പറഞ്ഞുതുടങ്ങിയത്. ഒരു ആചാരം ഒരാൾ ഉപേക്ഷിച്ചാൽ അതുവഴി അയാൾ മതത്തിൽ നിന്നുതന്നെ പുറത്തുപോകുമെങ്കിൽ അത്തരം ആചാരങ്ങൾക്കാണ് അനിവാര്യമായ മതാചാരം (Essential Religious Practice-ERP) എന്ന് പറയുക എന്നായിരുന്നു സോളിസിറ്റർ ജനറൽ പറഞ്ഞിരുന്നത്. ഇതിന് അവലംബമായി അദ്ദേഹം എടുത്തത് 2004ലെ കമ്മീഷണർ ഓഫ് പോലീസ്-ആചാര്യ ജഗദീശ്വരാനന്ദ കേസിൽ സുപ്രീംകോടതി നടത്തിയ പരാമർശങ്ങളാണ്. ശിരോവസ്ത്രം ഉപേക്ഷിച്ചാൽ ‘കാഫിർ’ ആകുമെന്ന് ഒരു ഇസ്‌ലാം മതവിശ്വസിക്കും അഭിപ്രായമില്ല എന്നതുകൊണ്ടുതന്നെ അതിനെ ഒരു അനിവാര്യ മതാചാരമായി കണക്കാക്കാൻ പറ്റില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.

അഡ്വക്കേറ്റ് ജനറൽ പ്രഭുലിംഗ് കെ. നവദ്ഗി ശിരോവസ്ത്രം ധരിക്കുന്നത് ഇസ്‌ലാമിക ആചാരത്തിന്റെ അനിവാര്യ ഘടകമല്ലെന്ന് സ്ഥിരീകരിക്കാൻ ക്വുർആനിലെ 24:31 വചനമാണ് ഉദ്ധരിച്ചത്. ശിരോവസ്ത്രം ധരിക്കുന്നതിനെ കേവലം ഒരു മതാചാരം എന്നതിനപ്പുറം നിർബന്ധ ആചാരമായി കാണാൻ പറ്റില്ല എന്നാണ് അദ്ദേഹവും വാദിച്ചത്. കാരണം അത്തരം ആചാരങ്ങൾ പാലിക്കാത്തതുകൊണ്ട് ഒരു മുസ്‌ലിം സ്ത്രീയും അമുസ്‌ലിം ആകുന്നില്ലെന്നും അനുച്ഛേദം 25 പ്രകാരമുള്ള സംരക്ഷണം അനിവാര്യമായ മതാചാരങ്ങൾക്ക് മാത്രമാണ് എന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം. അതേസമയം അഡ്വക്കേറ്റ് ജനറൽ ‘if not followed, would render the person religion less’ (ശിരോവസ്ത്രം ഒരു മുസ്‌ലിം സ്ത്രീ ഉപയോഗിച്ചില്ലെങ്കിൽ അത് അവളുടെ മതത്തിൽ കുറവുണ്ടാക്കും) എന്നുകൂടി പറഞ്ഞിട്ടുണ്ടായിരുന്നു. മതത്തിൽ കുറവുണ്ടാക്കും എന്നുപറഞ്ഞാൽ മതം പൂർണമാവില്ല എന്നാണല്ലോ അർഥം. അതായത് ശിരോവസ്ത്രമില്ലാതെ മതം പൂർണമാവില്ല എന്ന് അദ്ദേഹവും സമ്മതിക്കുന്നു. അഥവാ ശിരോവസ്ത്രം ഒരു അനിവാര്യ ആചാരം തന്നെയാണെന്ന് അറിയാതെയെങ്കിലും അദ്ദേഹത്തിന് പറയേണ്ടിവന്നു.

ഇ.ആർ.പി വാദങ്ങൾക്ക് ഗുപ്തയുടെ ക്രോഡീകരണം

കർണാടകക്കു വേണ്ടി ഹരാജരായ അഭിഭാഷകരുടെ വാദങ്ങൾ ക്രോഡീകരിച്ചുകൊണ്ട് ഹേമന്ദ് ഗുപ്ത ഇങ്ങനെ പറഞ്ഞു:

“കർണാടക സർക്കാരിന്റെ ശിരോവസ്ത്ര നിരോധന നടപടിക്കെതിരെ ആഇശത് ശിഫ എന്ന പെൺകുട്ടി കോടതിക്കു മുമ്പാകെ സമർപ്പിച്ച പരാതിയിൽ ഇസ്‌ലാം മതത്തിൽ ശിരോവസ്ത്രം നിർബന്ധമാണ് എന്ന് സ്ഥാപിക്കുന്നതിനു വേണ്ടി പ്രധാനമായും ഉദ്ധരിച്ചത് 31:24, 31:34 എന്നീ രണ്ടു ക്വുർആൻ വചനങ്ങളാണ്. ഷഹീന-സ്റ്റേറ്റ് ഓഫ് കർണാടക കേസിൽ 31:24നു പുറമെ 26:7, 59:33 എന്നീ വചനങ്ങളും ഉദ്ധരിച്ചിട്ടുണ്ട്. കേരള ഹൈക്കോടതിയുടെ അംന ബിൻത് ബഷീർ-സി.ബി. എസ്.ഇ കേസിന്റെ വിധിയും അവർ റെഫറൻസിനായി ഉദ്ധരിച്ചിട്ടുണ്ട്. ഇന്ത്യയിൽ നിലവിലുള്ള മുഹമ്മദൻ ലോ അനുസരിച്ച് ക്വുർആൻ, സുന്നത്ത്, ഇജ്മാഅ്, ക്വിയാസ് എന്നിവയാണ് പ്രമാണങ്ങൾ. ക്വുർആൻ ദൈവവചനവും സുന്നത്ത് പ്രവാചക ചര്യയുമാണ്. പ്രവാചക അനുചരന്മാരുടെയും ശിഷ്യന്മാരുടെയും അഭിപ്രായൈക്യം വന്ന കാര്യങ്ങൾക്ക് ഇജ്മാഅ് എന്നും ആദ്യ മൂന്ന് ഉറവിടങ്ങളിൽനിന്നും ഉരുത്തിരിഞ്ഞുവന്നിട്ടുള്ള കാര്യങ്ങൾക്ക് ക്വിയാസ് എന്നും പറയുന്നു. ശഹാദത്ത്, നമസ്‌കാരം, സകാത്ത്, നോമ്പ്, ഹജ്ജ് എന്നിവയാണ് നിർബന്ധകാര്യങ്ങൾ. ഫർദ് (നിർബന്ധം), ഹറാം (നിഷിദ്ധം), മൻദൂബ് (ഐച്ഛികം), മക്റൂഹ് (വർജിക്കേണ്ടത്), ജാഇസ് (അനുവദനീയം) എന്നിവയാണ് ശരീഅത്ത് അനുസരിച്ചുള്ള ഹുക്മുകൾ. ക്വുർആനിന് വ്യാഖ്യാനമായി ഈ കോടതി സ്വീകരിച്ചിട്ടുള്ളത് 1937ൽ ലാഹോറിൽ പ്രസിദ്ധീകരിച്ച അബ്ദുല്ല യൂസുഫലിയുടെ ക്വുർആൻ വ്യാഖ്യാനമാണ്. ഈ കേസിൽ തന്നെ ശിരോവസ്ത്രത്തിനു വേണ്ടി ഹാജരായ ചില അഭിഭാഷകർ അബ്ദുല്ല യൂസുഫലിയുടെ വ്യാഖ്യാനങ്ങൾ ഉദ്ധരിച്ചിട്ടുണ്ട്. (യൂസുഫലിയുടെ ക്വുർആൻ വ്യാഖ്യാനവുമായി ബന്ധപ്പെട്ട വിശദീകരങ്ങൾ ഈ ലേഖനപരമ്പരയുടെ 2,5 ഭാഗങ്ങളിൽ പരാമർശിച്ചത് പരിശോധിക്കുക). ഇസ്‌ലാമിക നിയമങ്ങളുടെ വ്യാഖ്യാന ഗ്രന്ഥമായ ബുർഹാനുദ്ദീൻ അൽമർഗിനാനിയുടെ ‘ഹിദായ’യിൽ നിന്ന് പല സന്ദർഭങ്ങളിൽ ഈ കോടതി ഉദ്ധരിച്ചിട്ടുണ്ട്.

ഇസ്‌ലാമിക പ്രമാണങ്ങൾ എങ്ങനെയാണ് മനസ്സിലാക്കേണ്ടത് എന്നതിന് പൊതുവെ കോടതികൾ അംഗീകരിച്ചുവരുന്ന രീതിയാണ് ഗുപ്ത മുകളിൽ സൂചിപ്പിച്ചത്. അതിൽ പ്രശ്‌നമൊന്നുമില്ല. എന്നാൽ ഇവിടെ ചില തഫ്‌സീർ ഗ്രന്ഥങ്ങളിൽ വന്ന പരാമർശങ്ങളെ തങ്ങളുടെ താൽപര്യങ്ങൾക്കു വേണ്ടി എടുത്തുദ്ധരിച്ച കർണാടക എ.ജിയുടെയും സോളിസിറ്റർ ജനറലിന്റെയും വാദങ്ങളെ ശരിവെച്ചുകൊണ്ട് മുൻവിധിയോടെ ജസ്റ്റിസ് ഗുപ്ത അവരുടെ വാദങ്ങൾക്ക് പച്ചക്കൊടി കാണിക്കാൻ ശ്രമിക്കുകയാണ് ചെയ്യുന്നത്.

ബലി നിരോധനവും ശിരോവസ്ത്രവും

എസെൻഷ്യൽ റിലീജിയസ് പ്രാക്റ്റീസുമായി ബന്ധപ്പെട്ടുകൊണ്ട് സോളിസിറ്റർ ജനറലും കർണാടക അഡ്വക്കേറ്റ് ജനറലും സമർപ്പിച്ചിട്ടുള്ള ചില രേഖകളെ ശരിവെക്കുന്ന തരത്തിലായിരുന്നു പിന്നീട് ജസ്റ്റിസ് ഗുപ്തയുടെ വിധിന്യായം. അതിൽ ഒന്നായിരുന്നു മൃഗബലി നിരോധിച്ചുകൊണ്ടുള്ള മുഹമ്മദ് ഹനീഫ് ഖുറൈശി-സ്റ്റേറ്റ് ഓഫ് ബീഹാർ കേസ്. ഈ കേസിനെക്കുറിച്ച് ഈ ലേഖനപരമ്പരയുടെ 15ാം ഭാഗത്തിൽ കൂടുതൽ വിശദമാക്കിയിട്ടുണ്ട്. പശുവിനെ ബലിയറുക്കൽ നിർബന്ധമാണെന്നും അതിനെ നിരോധിച്ചു കൊണ്ടുള്ള നടപടി പിൻവലിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് നൽകപ്പെട്ട കേസിൽ പശുവിനെ അറുക്കൽ നിർബന്ധമാണെന്ന് ഇസ്]ലാമിക പ്രമാണങ്ങൾവഴി തെളിയിക്കാൻ കഴിയില്ലെന്ന് കോടതി പറഞ്ഞ ഭാഗമാണ് ശിരോവസ്ത്ര കേസിന്റെ വിധിയിൽ ഗുപ്ത എടുത്തുദ്ധരിക്കുന്നത്. ബലിദിനത്തിൽ പശുവിനെ ബലിയറുക്കണമെന്ന് നിർബന്ധമില്ലെന്നും പകരം ആടായാലും മതി എന്നുമുള്ള കോടതിയുടെ നിരീക്ഷണത്തെ ഫോക്കസ് ചെയ്തുകൊണ്ടാണ് അദ്ദേഹം സംസാരിക്കുന്നത്. അതായത് പശുവിനെ അറുക്കൽ നിർബന്ധമാണെന്ന് പരാതിക്കാരൻ വാദിച്ചപ്പോൾ അത് ഐച്ഛികം മാത്രമാണെന്നും അതുകൊണ്ട് അത് അനിവാര്യമായ മതാചാരമാണെന്ന് പറയാൻ സാധിക്കില്ലെന്നും കോടതി പറഞ്ഞു

എന്നാണ് ഗുപ്ത പറയുന്നത്. എന്നാൽ ഇവിടെ ‘അറുക്കുക’ എന്ന പ്രവൃത്തി നിരോധിച്ചിട്ടില്ല എന്ന വസ്തുത ഓർക്കേണ്ടതുണ്ട്. ശിരോവസ്ത്ര രൂപങ്ങളിൽ ഏതെങ്കിലും ഒന്നിനെ നിലനിർത്തി മറ്റുള്ളവ നിരോധിക്കുകയല്ല കർണാടക ഭരണകൂടം ചെയ്തത്. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള വാദങ്ങൾ ഇരു ട്ടുകൊണ്ട് ഓട്ടയടക്കുന്നതിന് തുല്യമാണെന്ന് പ്രത്യക്ഷത്തിൽതന്നെ ബോധ്യമാവും.

ആരാധനാലയങ്ങൾ പോലും ഇസ്‌ലാമിൽ അനിവാര്യമല്ലെന്നോ?

1994ലെ ഡോ.എം. ഇസ്മായിൽ ഫാറൂഖി-യൂണിയൻ ഓഫ് ഇന്ത്യ കേസാണ് ഹേമന്ദ് ഗുപ്ത പറഞ്ഞ മറ്റൊരു കേസ്. ബാബരി മസ്ജിദുമായി ബന്ധപ്പെട്ട ഈ കേസിന്റെ വിധിയിൽ നമസ്‌കാരം ഒരു മതപരമായ ആചാരമാണെങ്കിലും അത് എല്ലാ സ്ഥലങ്ങളിലും നിർവഹിക്കുന്നത് ഒരു നിർബന്ധമായ കാര്യമാണെന്ന് പറയാൻ സാധിക്കില്ല എന്നും നമസ്‌കരിക്കാൻ പള്ളികൾ അനിവാര്യമല്ലെന്നുമുള്ള പരാമർശങ്ങളാണ് ഗുപ്ത ഇവിടെ എടുത്തുദ്ധരിക്കുന്നത്. ഇസ്‌ലാം മതത്തിൽ ഇവയൊന്നും ‘എസെൻഷ്യൽ’ അല്ലെന്നു വരുത്തിത്തീർക്കാനുള്ള നിയമമേഖലയിലെ ചിലരുടെ ശ്രമങ്ങളുടെ ഭാഗമായായിരുന്നു ഇത്തരം വിധികൾ ഉണ്ടായിട്ടുള്ളത്. ഇത്തരം പരാമർശങ്ങൾ ഭരണഘടനാ ബെഞ്ചിന് വിട്ട് പുനഃപരിശോധിക്കണമെന്ന് രാജ്യത്തെ പ്രമുഖരായ നിയമജ്ഞർ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. കൂടുതൽ വിവരങ്ങൾക്ക് ഈ ലേഖനപരമ്പരയുടെ 16ാം ഭാഗം പരിശോധിക്കുക.

കോടതിയുടെ നിരീക്ഷണം ശരിയല്ല

മുത്ത്വലാക്വുമായി ബന്ധപ്പെട്ട 1985ലെ ശാബാനു ബീഗം കേസ്, 2016ലെ സൈറാബാനു കേസ്, ബഹുഭാര്യത്വവുമായി ബന്ധപ്പെട്ടുവന്ന മറ്റു ചില കേസുകൾ എന്നിവയെല്ലാം ശിരോവസ്ത്ര കേസിലേക്ക് വലിച്ചിഴച്ച് എല്ലാം ഒരുപോലെയാണെന്ന് വ്യാഖ്യാനിക്കാനാണ് സോളിസിറ്റർ ജനറലും എ.ജിയും തുടർന്ന് ജസ്റ്റിസ് ഗുപ്തയും ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

മുത്ത്വലാക്വുമായി ബന്ധപ്പെട്ടുവന്ന ചില വിധികളെ ശരിയാണെന്ന് വാദത്തിനു വേണ്ടി സമ്മതിച്ചാൽ പോലും അതിനർഥം എല്ലാ തരത്തിലുമുള്ള ത്വലാക്വിനും അത് ബാധകമാവുമെന്നാണോ? ബഹുഭാര്യത്വവുമായി ബന്ധപ്പെട്ടുകൊണ്ട് ഇസ്‌ലാം അനുവദിച്ചിട്ടില്ലാത്ത വിധത്തിൽ അക്രമത്തിലൂടെ സ്ത്രീകളെ ബുദ്ധിമുട്ടിക്കാൻ ആരെങ്കിലും ശ്രമിച്ചിട്ടുണ്ടെങ്കിൽ എല്ലാ ബഹുഭാര്യത്വവും അങ്ങനെയാണ് എന്നു പറയാൻ സാധിക്കുമോ? ഏതെങ്കിലും കോടതി അങ്ങനെ പറഞ്ഞിട്ടുണ്ടോ? ബഹുഭാര്യത്വം, ത്വലാക്വ്, ആരാധനാലയം എന്നിവയൊന്നും ആത്യന്തികമായി നിരോധിക്കപ്പെട്ടിട്ടില്ല എന്നതുപോലെ ശിരോവസ്ത്രവും ആത്യന്തികമായി ഒരു കോടതിയും നിരോധിച്ചിട്ടില്ല എന്ന വസ്തുതയെ മറച്ചുപിടിക്കുന്നത് ഒട്ടും ന്യായമല്ല.

മതകാര്യങ്ങൾ എസെൻഷ്യൽ (നിർബന്ധം) ആണെങ്കിലും നോൺ-എസെൻഷ്യൽ (ഐച്ഛികം) ആണെങ്കിലും അവ നിർവഹിക്കാനുള്ള സ്വാതന്ത്ര്യം 25ാം അനുച്ഛേദം നൽകിയിട്ടുണ്ട്. അത് മൗലികാവകാശമാണ്. അതിനെ നിരോധിക്കുവാനുള്ള അധികാരം ഭരണകൂടങ്ങൾക്കില്ല.

(അടുത്ത ലക്കത്തിൽ: എസെൻഷ്യൽ വിവിധ കോടതിവിധികളിൽ)