അനന്തവിശാലമായ പ്രപഞ്ചം

മുബാറക് ബിൻ ഉമർ

2023 ആഗസ്റ്റ് 26 , 1445 സ്വഫർ 10

(മരണാനന്തര ജീവിതം സത്യമോ മിഥ്യയോ-3)

പ്രപഞ്ചത്തെ സംബന്ധിച്ചുള്ള പഠനങ്ങളും ഗവേഷണങ്ങളും അനുദിനം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇതെഴുതുമ്പോൾ ലഭിച്ച വിവരങ്ങളുടെ സംക്ഷിപ്ത രൂപമാണിവിടെ കുറിക്കുന്നത്. ശാസ്ത്രലോകത്ത് ഇപ്പോഴുള്ള വിവരങ്ങൾ; ആ വിവരങ്ങൾ പലപ്പോഴും മാറിമാറി വന്നതാണ്. ഗവേഷണവും പഠനവും പുരോഗമിക്കുന്നതിനനുസൃതമായി അവ മാറിക്കൊണ്ടേയിരിക്കും എന്നും ഗ്രഹിച്ചു കൊള്ളുക. ശാശ്വതസത്യങ്ങളായി അവയെ പരിഗണിക്കേണ്ടതില്ല. ശാശ്വതസത്യങ്ങൾ എന്ന അവസ്ഥ ദൈവികവചനങ്ങളെ അടിസ്ഥാനമാക്കിയിട്ടുള്ള വിവരങ്ങൾക്ക് മാത്രമേയുള്ളൂ.

യാതൊരു മാറ്റവുമില്ലാതെ പ്രപഞ്ചം സ്ഥിരമായ അവസ്ഥയിലാണെന്ന വീക്ഷണമുള്ള സ്ഥിരസ്ഥിതി സിദ്ധാന്തം, സ്ഥിരാവസ്ഥ സിദ്ധാന്തം (STEADY STATE THEORY), സ്പന്ദന സിദ്ധാന്തം (PULSATING THEORY-1879) എന്നിവ പ്രപഞ്ചോൽപത്തിയെ കുറിച്ചുണ്ടായിരുന്നു. ഇന്ന് ഇവയ്‌ക്കൊന്നും ശാസ്ത്രലോകത്ത് നിലനിൽപില്ല. ഇപ്പോൾ പ്രപഞ്ചവിജ്ഞാന ശാസ്ത്രജ്ഞന്മാർ അംഗീകരിച്ചിട്ടുള്ളത് മഹാവിസ്‌ഫോടന സിദ്ധാന്ത (BIG BANG THEORY)മാണ്. പ്രപഞ്ചത്തിന് ഒരു മഹാവിസ്‌ഫോടനത്തിലൂടെ തുടക്കമുണ്ടായെന്നും അത് വികസിച്ചുകൊണ്ടേയിരിക്കുകയാണ് എന്നുമാണ് ഈ സിദ്ധാന്തത്തിന്റെ വീക്ഷണം. തുടക്കമുള്ളതി നൊക്കെ ഒടുക്കവും ഉണ്ടാകും.

അനന്തവിശാലമായ ഈ മഹാപ്രപഞ്ചത്തിന്റെ 26% തമോദ്രവ്യം (DARK WATTER) ആണ്. ബാക്കി 69% തമോഊർജവു(DARK ENERGY)മാണ്. ബാക്കി ഏകദേശം 5% മാത്രമെ സാധാരണ ദ്രവ്യം (ORDINARY ENERGY) ഉള്ളൂ. അതായത് പ്രപഞ്ചത്തിലെ 5% മാത്രമെ പഠന-നിരീക്ഷണ, ഗവേഷണത്തിന് വിധേയമാകുകയുള്ളൂ. ഈ അഞ്ചു ശതമാനമാണ് നക്ഷത്രങ്ങളും ഗ്രഹങ്ങളും താരാപഥങ്ങളും വാതകമേഘങ്ങളുമെല്ലാം. ബാക്കി 95% അദൃശ്യമോ അജ്ഞാതമോ ആയ മേഖലയിലാണ്.

രണ്ട് ലക്ഷം കോടി താരാപഥങ്ങൾ (GALAXY) പ്രപഞ്ചത്തിലുണ്ടത്രെ. താരാപഥത്തിൽ നക്ഷത്രങ്ങളും ഗ്രഹങ്ങളും വാതകമേഘങ്ങളുമുണ്ടായിരിക്കും എന്നുറപ്പിക്കാവുന്ന ധാരാളം പഠനങ്ങളും തെളിവുക ളുമുണ്ട് എന്ന് ശാസ്ത്രം പറയുന്നു. 70 ഡക്‌സ് ട്രില്ല്യൻ (70 മില്ല്യൻ ട്രില്ല്യൻ) എണ്ണം നക്ഷത്രങ്ങളുണ്ട് എന്നാണ് കണക്ക്. 7ന് ശേഷം 22 പൂജ്യം എഴുതിയാൽ കിട്ടുന്ന സംഖ്യ!

ക്ഷീരപഥം (MILKY WAY) എന്ന താരാപഥത്തിലാണ് ഭൂമിയുൾകൊള്ളുന്ന സൗരയൂഥം (SOLAR SYSTEM) ഉള്ളത്. 300 ബില്യൺ നക്ഷത്രങ്ങളിൽ പെട്ട ഒരു നക്ഷത്രമാണ് സൂര്യൻ. ഭൂമിയിൽനിന്ന് ഏകദേശം 15 കോടി കി.മീ. അകലെയാണ് സൂര്യൻ. കൃത്യമായി പറഞ്ഞാൽ 14,94,07,000 കി.മീ. ഭൂമിയോട് ഏറ്റവും അടുത്തുള്ള നക്ഷത്രമാണ് സൂര്യൻ. സ്വയം പ്രകാശിക്കുന്നവയ്ക്കാണ് നക്ഷത്രം എന്ന് പറയുന്നത്. സൂര്യൻ കഴിഞ്ഞാൽ പിന്നെ ഭൂമിക്ക് അടുത്തുള്ള നക്ഷത്രം പ്രോക്‌സിമാ സെന്ററിയാണ് (PROXIMA CENTAURI). ഭൂമിയിൽനിന്ന് 4.25 പ്രകാശവർഷം അകലെ. പ്രകാശരശ്മികൾ ഒരു വർഷംകൊണ്ട് സഞ്ചരിക്കുന്ന ദൂരമാണ് പ്രകാശവർഷം. മൂന്നു ലക്ഷം കി.മീ. ആണ് പ്രകാശരശ്മി ഒരു സെക്കന്റിൽ സഞ്ചരിക്കുക. അതിനെ മിനുട്ടും മണിക്കൂറും ദിവസവും വർഷവും കൊണ്ട് ഗുണിക്കണം. അത് ഒമ്പതര ലക്ഷം കോടി കി.മീറ്റർ വരും. പ്രോക്‌സിമാസെന്ററിയിൽനിന്ന് പുറപ്പെട്ട പ്രകാശം ഭൂമിയിലെത്താൻ 4.25 പ്രകാശ വർഷം വേണം. മറ്റൊരു നക്ഷത്രം സൂര്യനടുത്തുണ്ടായിരുന്നുവെങ്കിൽ അതിന്റെ പ്രകാശം ഭൂമിയിലെത്തും. അതോടെ രാവും പകലും ഇതുപോലെ മാറിമാറി വരുന്ന അവസ്ഥക്ക് മാറ്റം വരുമായിരുന്നു.

നമ്മുടെ ക്ഷീരപഥത്തിന്റെ വ്യാസം ഒരു ലക്ഷം പ്രകാശവർഷമാണ്. ക്ഷീരപഥ കേന്ദ്രത്തിൽനിന്ന് 3200 പ്രകാശ വർഷമകലെയാണ് സൂര്യൻ. ക്ഷീരപഥ കേന്ദ്രത്തെ സൂര്യൻ മണിക്കൂറിൽ ഒരു ലക്ഷം കി.മീ. വേഗതയിൽ ചുറ്റുന്നു. എന്നാൽ അതോടൊപ്പം സൗരയൂഥം ഒന്നാകെ വൃത്താകാര പഥത്തിലൂടെ താരസമൂഹ കേന്ദ്രത്തെ ഭ്രമണം ചെയ്യുന്നുണ്ട്.

ഭൂമിയുടെ വ്യാപ്തത്തിന്റെ പതിമൂന്നര ലക്ഷം ഇരട്ടിയാണ് സൂര്യന്റെ വ്യാപ്തം. ഉപരിതല താപനില 5600 കെൽവിൻ. നേരെ മുകളിൽ 3000 കി.മീ. കനത്തിൽ വർണമണ്ഡലം. അവിടെനിന്ന് മുകളിലേക്ക് പോകുംതോറും വർധിച്ചു വർധിച്ചു കൊറോണയിലെത്തുമ്പോൾ താപനില പത്തുലക്ഷം കെൽവിൻ ആയി മാറും. സൂര്യന്റെ ഉൾക്കാമ്പിലെ താപനില 65 ലക്ഷം ഡിഗ്രി സെൽഷ്യസ് ആണത്രെ! അവിടെ ഒരു ചതുരശ്ര ഇഞ്ചിൽ ഒരു ലക്ഷം പൗണ്ട് മർദമാണ്. അതായത് ഒരു ചതുരശ്ര മീറ്റർ സൗരവസ്തുവിൽ 703.1 കോടി കിലോ ഗ്രാം പിണ്ഡമുണ്ടായിരിക്കും.

സൂര്യനിൽ 81.76% ഹൈഡ്രജൻ, 18.7% ഹീലിയം, സോഡിയം, കാത്സ്യം എന്നീ മൂലകങ്ങളാണുള്ളത്. സെക്കന്റിൽ 6570 ലക്ഷം ടൺ ഹൈഡ്രജൻ ഹീലിയം ആയി മാറുന്നതിലൂടെയാണ് സൂര്യനിൽ ഊർജം ഉൽപാദിപ്പിക്കപ്പെടുന്നത്. ഒരു സെക്കന്റിൽ സൂര്യനിൽ ഉൽപാദിപ്പിക്കപ്പെടുന്ന 1025 ജൂൾ ഊർജം ഭൂമിയിലെത്തിക്കാൻ കഴിഞ്ഞാൽ പതിനായിരം വർഷത്തേക്കാവശ്യമായ വൈദ്യുതി ഉൽപാദിപ്പിക്കാനാകു മെന്നാണ് കണക്ക്.

ക്വുർആൻ സൂര്യനെ പ്രകാശം നൽകുന്ന വിളക്കായി സൃഷ്ടിച്ചിരിക്കുന്നു എന്ന് പ്രസ്താവിക്കുന്നുണ്ട്. (നൂഹ് 16, യൂനുസ് 5, ഫുർക്വാൻ 61, നബഅ് 13).

ബുധൻ, ശുക്രൻ, ഭൂമി, ചൊവ്വ, വ്യാഴം, ശനി, യുറാനസ്, നെപ്ട്യൂൺ എന്നീ ഗ്രഹങ്ങളും അവയുടെ ഉപഗ്രഹങ്ങളും ചേർന്നതാണ് സൗരയൂഥം. ഇവയെല്ലാം കൂടിച്ചേർന്നാൽ സൗരയൂഥത്തിലെ മൊത്തം ദ്രവ്യത്തിന്റെ 0.13% മാത്രമെ വരൂ. ബാക്കി 99.87% ദ്രവ്യവും സൂര്യനിലാണ് ഉള്ളത്. സെക്കന്റിൽ 40 ലക്ഷം ടൺ ഊർജമാണ് സൂര്യൻ ഉൽപാദിപ്പിക്കുന്നത്. സാധാരണ പ്രകാശം, ആൽഫാ കിരണങ്ങൾ, ബീറ്റാ കിരണങ്ങൾ, അൾട്രാവയലറ്റ് രശ്മികൾ, റേഡിയോ തരംഗങ്ങൾ തുടങ്ങിയവ സൂര്യനിൽനിന്ന് പുറപ്പെടുന്നു.

ചൂടും വെളിച്ചവും മാത്രമല്ല സൂര്യൻ നമുക്ക് നൽകുന്നത്. ഹരിതസസ്യങ്ങൾ ഭക്ഷണം നിർമിക്കുന്നത് സൂര്യപ്രകാശത്തിന്റെ സഹായത്താലാണ്. ജൈവലോകത്ത് പച്ചിലകൾക്ക് മാത്രമെ ഭക്ഷണം നിർമിക്കാൻ കഴിയൂ. ധാന്യങ്ങളും കായ്കനികളുമൊക്കെ ഉൽപാദിപ്പിക്കുന്നത് ഇങ്ങനെയാണ്. അന്തരീക്ഷത്തിൽനിന്ന് കാർബൺഡൈ ഓക്‌സൈഡും മണ്ണിൽനിന്ന് വലിച്ചെടുക്കുന്ന ജലവും ഹരിതകണത്തിൽവച്ച് കാർബോ ഹൈഡ്രേറ്റുകളായി മാറുന്നു. ഹരിതകണത്തിലുള്ള ഹരിതകം (CLOROPHYLL) സൂര്യപ്രകാശത്തിലെ ചുവപ്പ്, നീല നിറങ്ങളിലുള്ള രശ്മികളെ ആഗിരണം ചെയ്ത് കാർബോ ഹൈഡ്രേറ്റ് നിർമാണത്തിനാവശ്യമായ ഊർജം നൽകുന്നു. ഇതാണ് പ്രകാശസംശ്ലേഷണം (PHOTOSYNTHESIS). അതിസങ്കീർണമായ ഒരു പ്രക്രിയയാണിത്. സൗരോർജത്തെ രാസോർജമാക്കി മാറ്റി സംഭരിക്കുകയാണ് സസ്യങ്ങൾ ചെയ്യുന്നത്. സസ്യങ്ങളും മരങ്ങളും വള്ളികളും സ്വന്തം ആവശ്യത്തിനുള്ള ഭക്ഷണം മാത്രമല്ല സംഭരിക്കുന്നത്; മനുഷ്യനടക്കമുള്ള സകല ജീവജാലങ്ങളും ഈ ഭക്ഷണത്തെ ആശ്രയിച്ചാണ് ജീവിക്കുന്നത്. ഉപരിലോകത്തുനിന്ന് വരുന്ന മഴയും സൂര്യപ്രകാശവുമാണ് ജീവജാലങ്ങളുടെ ആഹാരത്തി ന്നാധാരം. ‘ആകാശത്തുനിന്നും ഭൂമിയിൽനിന്നും നിങ്ങൾക്ക് ഉപജീവനം നൽകുന്നു’ (ഫാത്വിർ 3) എന്നും ആകാശത്ത് നിങ്ങൾക്കുള്ള ഉപജീവനമുണ്ട് (ദാരിയാത്ത് 22) എന്നും ആകാശത്തുനിന്നും ഭൂമിയിൽനിന്നും ഭക്ഷണം നൽകുന്നവൻ (നംല് 64) എന്നും ക്വുർആൻ ചൂണ്ടിക്കാണിക്കുന്നുണ്ട്.

സൗരയൂഥ ഗ്രഹങ്ങൾ

സൂര്യനിൽനിന്ന് 5.79 കോടി കി.മീ. അകലെയുള്ള ബുധൻ (MERCURY) സൂര്യനെ ചുറ്റാൻ 88 ദിവസവും സ്വയം ഭ്രമണത്തിന് 59 ദിവസവുമെടുക്കുന്നു. 450 ഡിഗ്രി സെൽഷ്യസ് ആണ് താപനില. 2424.8 കി.മീ. വ്യാസാർധമുള്ള ബുധൻ സിലിക്കോണുകളെകൊണ്ട് പൊതിഞ്ഞ ഒരു ഇരുമ്പുഗോളമാണ്.

ശുക്രൻ (VENUS) സൂര്യനിൽനിന്ന് 10.752 കോടി കി.മീ. അകലെയാണ്. 6016 കി.മീ. ആണ് വ്യാസാർധം. ഭൂമിയുടെ 88% വ്യാപ്തമുള്ള ശുക്രന് സ്വയം ഭ്രമണത്തിനു 243 ദിവസവും സൂര്യനെ ചുറ്റുന്നതിനു 224.7 ദിവസവും വേണം. ഉപരിതല താപം 47 ഡിഗ്രി സെൽഷ്യസ് ആണ്. ശുക്രനിലെ അന്തരീക്ഷമർദം ഭൂമിയിലേതിന്റെ 90 ഇരട്ടിയാണ്. കാർബൺഡൈ ഓക്‌സൈഡിന്റെ അളവ് വളരെ കൂടുതലാണ്. ബുധനും ശുക്രനും ഉപഗ്രഹങ്ങളില്ല.

സൂര്യനിൽനിന്ന് ശരാശരി 22.56 കോടി കി.മീ. അകലെയാണ് ചൊവ്വാഗ്രഹം (MARS). വ്യാസാർധം 3377.6 കി.മീ. ഭൂമിയുടെ പത്തിലൊന്ന് ഉപരിതല വ്യാപ്തം. സ്വയം ഭ്രമണത്തിന് 24 മണിക്കൂർ, 37 മിനുട്ട്, 22.5 സെക്കന്റ്. ഒരു തവണ സൂര്യനുചുറ്റും കറങ്ങാൻ 687 ദിനങ്ങൾ. ശരാശരി താപനില പകൽ 23 ഡിഗ്രി സെൽഷ്യസും രാത്രി 90 ഡിഗ്രി സെൽഷ്യസുമാണ്. അഗ്‌നിപർവതങ്ങളും മലനിരകളും ഗർത്തങ്ങളും വലിയ ചാലുകളും ചൊവ്വയിലുണ്ട്. ഫോബോസ്, ഡീമോസ് എന്നീ രണ്ട് ഉപഗ്രഹങ്ങൾ ചൊവ്വക്കുണ്ട്.

ഏറ്റവും വലിയ ഗ്രഹമായ വ്യാഴം (JUPITER) സൂര്യനിൽനിന്ന് 77.28 കോടി കി.മീ. ദൂരെയാണ്. സ്വയം ഭ്രമണം വെറും 92 മണിക്കൂർ, 50 മിനുട്ട്, 30 സെക്കന്റുകൊണ്ടായതിനാൽ വ്യാഴോപരിതലത്തിൽ അനുഭവപ്പെടുന്ന വേഗത മണിക്കൂറിൽ 45,000 കി.മീ. ആണ്. മധ്യരേഖ പ്രദേശം പുറത്തേക്ക് തള്ളിയും ധ്രുവപ്രദേശം പരന്നുമായാണ്. ധ്രുവീയ വ്യാസാർധം 66650 കി.മീറ്ററും മധ്യരേഖാ വ്യാസാർധം 70850 കി.മീറ്ററുമാണ്. ഭൂമിയുടെ 1317 ഇരട്ടി വ്യാപ്തമുള്ള വ്യാഴം 11.9 വർഷംകൊണ്ടാണ് സൂര്യനെ ചുറ്റുന്നത്. ഇതിനാണ് ഒരു വ്യാഴവട്ടക്കാലം എന്ന് പറയുന്നത്. താപനില 150 ഡിഗ്രി സെൽഷ്യസ് ആണ്. 79 ഉപഗ്രഹങ്ങളുണ്ട്.

നഗ്‌നനേത്രംകൊണ്ട് കാണാവുന്ന ഏറ്റവും അകലെയുള്ള ഗ്രഹമായ ശനി (SATURN) സൂര്യനിൽനിന്ന് 141.76 കോടി കി.മീ. അകലെയാണ്. വ്യാസാർധം 59648 കി.മി. 10 മണിക്കൂർ 14 മിനുട്ടുകൊണ്ട് സ്വയം ഭ്രമണം. 29.5 വർഷംകൊണ്ട് സൂര്യനെ ചുറ്റുന്നു. വലയങ്ങളുള്ള ശനി സൗരയൂഥത്തിലെ ഏറ്റവും അഴകുള്ള ഗ്രഹമാണ്. വ്യാഴത്തെപോലെ ഹൈഡ്രജൻ സാന്ദ്രത വർധിച്ച് ലോഹരൂപമായിട്ടുണ്ടത്രെ. ശനിയുടെ ഘടന ഖര ഹൈഡ്രജൻ, അതിനെ ചുറ്റി ദ്രാവക ഹൈഡ്രജൻ, പിന്നെ വാതക ഹൈഡ്രജൻ അന്തരീക്ഷവുമാണുള്ളത്. അവിടെ ഹൈഡ്രജനു പുറമേ ഹീലിയം, അമോണിയ, മീഥേൻ, ഫോസ്‌ഫേൻ, ഈഥെൻ, അസറ്റലിൻ, പ്രോവൈൽ എന്നിവയുമുണ്ട്. ഉപരിതല താപനില 150 ഡിഗി സെൽഷ്യസ് ആണ്. ഭൂമിയുടെ ആയിരമിരട്ടി വലിപ്പമുള്ള ശനി ഗ്രഹത്തിന്റെ അന്തരീക്ഷം മേഘാവൃതമാണ്. ശനിക്ക് 82 ഉപഗ്രഹങ്ങളുണ്ട്.

26048 കി.മീ. വ്യാസാർധമുള്ള യുറാനസ് (URANUS) സൂര്യനിൽനിന്ന് 285.28 കോടി കി.മീ. അകലെയാണ്. ഭൂമിയുടെ 64 ഇരട്ടി വലിപ്പമുള്ള ഈ ഗ്രഹം വലുപ്പത്തിൽ സൗരയൂഥത്തിലെ മൂന്നാമതാണ്. താപനില ശരാശരി 210 ഡിഗ്രി സെൽഷ്യസ് ആണ്. സ്വയം ഭ്രമണത്തിന് 23.9 മണിക്കൂറും സൂര്യനെ ചുറ്റാൻ 84.01 വർഷവുമെടുക്കും. ഘടന ഏകദേശം സൂര്യനെ പോലെ. അന്തരീക്ഷത്തിൽ പ്രധാനമായി ഹൈഡ്രജനും ഹീലിയവും. 27 ഉപഗ്രഹങ്ങളുണ്ട്.

നെപ്ട്യൂൺ (NEPTUNE) സൂര്യനിൽനിന്ന് ശരാശരി 449.6 കോടി കി.മീ. അകലത്തിലാണുള്ളത്. 24300 കി.മീ. വ്യാസാർധം. താപനില 222 ഡിഗ്രി സെൽഷ്യസ്. സൂര്യനെ ചുറ്റാൻ 164.9 വർഷം വേണം. സ്വയം ഭ്രമണത്തിന് 16 മണിക്കൂർ, 6 മിനുട്ട്, 36 സെക്കന്റ് വേണം. യുറാനസിന് സമാനമായ ഘടനയാണ് നെപ്ട്യൂണിനുള്ളത്. ഈ ഗ്രഹത്തിന് ചുറ്റും ശനിയെപോലെ വലയങ്ങളുണ്ട്. 17 ഉപഗ്രഹങ്ങളാണുള്ളത്.

സൂര്യനിൽനിന്ന് ഏറ്റവും അകലെ(586.56 കോടി കി.മീ.)യുള്ള പ്ലൂട്ടോ(PLUTTO)യുടെ വ്യാസാർധം 1520 കി.മീ. ആണ്. സ്വയം ഭ്രമണത്തിന് 6.4 ദിനങ്ങൾ. സൂര്യനെ ചുറ്റാൻ 248 വർഷം. അന്തരീക്ഷം നിശ്ചലമാണ്. 5 ഉപഗ്രഹങ്ങളുണ്ട്. സൂര്യന് ചുറ്റുമുള്ള നവഗ്രഹങ്ങളിൽ ഒന്നായിരുന്ന പ്ലൂട്ടോയെ പിൽക്കാലത്ത് അവയിൽനിന്നൊഴിവാക്കി. ഗ്രഹം എന്ന നിലക്കുണ്ടാകേണ്ട പ്രത്യേകതകൾ പ്ലൂട്ടോക്കില്ല എന്ന് വാനശാസ്ത്ര ലോകം പറയുന്നു. പഠനവും ഗവേഷണവും പുരോഗമിക്കുംതോറും പലതും തിരുത്തേണ്ടിവരിക സ്വാഭാവികമാണ്.

ഉപഗ്രഹങ്ങളെപ്പറ്റി പറഞ്ഞല്ലോ. അവ ഗ്രഹങ്ങളെ ചുറ്റുന്നു. ഉപഗ്രഹങ്ങൾക്ക് അവയുടെ ഗ്രഹത്തിന്റെ എട്ടിലൊന്നിൽ കുറഞ്ഞ വലിപ്പമാണുള്ളത്. എന്നാൽ ഭൂമിയുടെ ഏക ഉപഗ്രഹമായ ചന്ദ്രന് ഭൂമിയുടെ നാലിലൊന്നു വലിപ്പമുണ്ട്. ചന്ദ്രന്റെ ഉപരിതലം കുന്നുകളും കുഴികളും നിറഞ്ഞതാണ്. അതിന്റെ വ്യാസാർധം 1738 കി.മീ. ആണ്. ഭൂമിയുടെ വ്യാസത്തിന്റെ നാലിലൊന്നാണിത്. ഭാരം ഭൂമിയുടെ ഭാരത്തിന്റെ 80ൽ ഒന്നേ വരൂ. ഭൂമിക്ക് ചുറ്റുമുള്ള ചന്ദ്രന്റെ ഭ്രമണപഥം അർധവൃത്താകൃതിയിലാണ്. ഭൂമിയിൽനിന്നും ചന്ദ്രനിലേക്കുള്ള കൂടിയദൂരം 406000 കിലോമീറ്ററും കുറഞ്ഞദൂരം 364000 കിലോമീറ്ററുമാണ്. ഭൂമിയെ ചുറ്റാൻ 27 ദിവസം, 7 മണിക്കൂർ, 43 മിനുട്ട് 11.47 സെക്കന്റാണ് ചന്ദ്രൻ എടുക്കുന്നത്. ചന്ദ്രോപരിതല താപനില പകൽ 100 ഡിഗ്രീ സെൽഷ്യസും രാത്രി 180 ഡിഗ്രീ സെൽഷ്യസുമാണ്. ചന്ദ്രന്റെ ഗുരുത്വാകർഷണം വളരെ ദുർബലമായതുകൊണ്ട് അവിടെ അന്തരീക്ഷമില്ല. അവിടെ ശബ്ദമില്ല. കാറ്റോ മഴയോ വെള്ളമോ ഇല്ല, കറുത്ത നിറമാണ് ആകാശത്തിന്. ഓക്‌സിജൻ, സിലിക്കൺ, അലൂമിനിയം, ഇരുമ്പ് എന്നീ മൂലകങ്ങളാണ് പ്രധാനമായുള്ളത്. ഉൽക്കകൽ പതിക്കുമ്പോൾ ഉണ്ടാകുന്ന കുലുക്കങ്ങൾ (MOON QUAKES) മണിക്കൂറുകൾ നീണ്ടുനിൽക്കും.

സൂര്യപ്രകാശത്തെ ചന്ദ്രൻ പ്രതിഫലിപ്പിക്കുന്നു. ചന്ദ്രക്കല ദിവസേന മാറി വരുന്നു. പുരാതന കാലം മുതൽക്കുതന്നെ ചന്ദ്രക്കലയെ കാലഗണനക്കുപയോഗിച്ചതായി കാണാം. ചാന്ദ്രവർഷ ഗണന പ്രകൃതിയുമായി പൊരുത്തപ്പെടുന്നു.

“സൂര്യനെ ഒരു പ്രകാശമാക്കിയത് അവനാകുന്നു. ചന്ദ്രനെ അവനൊരു ശോഭയാക്കുകയും അതിനു ഘട്ടങ്ങൾ നിർണയിക്കുകയും ചെയ്തിരിക്കുന്നു. നിങ്ങൾ കൊല്ലങ്ങളുടെ എണ്ണവും കണക്കും അറിയുന്നതിന് വേണ്ടി. യഥാർഥ മുറപ്രകാരമല്ലാതെ അല്ലാഹു അതൊന്നും സൃഷ്ടിച്ചിട്ടില്ല. മനസ്സിലാക്കുന്ന ആളുകൾക്ക് വേണ്ടി അല്ലാഹു ദൃഷ്ടാന്തങ്ങൾ വിശദീകരിക്കുന്നു’’(യൂനുസ് 5).

ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങൾ കാലനിർണയത്തിനാണെന്നു സൂചിപ്പിക്കുന്നതായി അൽബക്വറ 189ലും കാണാം.

ധൂമകേതുക്കൾ, ക്ഷുദ്ര ഗ്രഹങ്ങൾ, ഉൽക്കകൾ, ചുവന്ന ഭീമന്മാർ (RED GIANTS) വെള്ളക്കുള്ളന്മാർ (WHITE DWARTS), ന്യുട്രോൺ നക്ഷത്രങ്ങൾ, പൾസാർ (PULSARS_PULSATING STARS), ക്വാസാറുകൾ (QUASARS), നെബുലകൾ (NEBULA), തമോഗർത്തങ്ങൾ (BLACK HOLES), താരസമൂഹങ്ങൾ (GALAXY), ക്ഷീരപം (MILKYWAY) ഇങ്ങനെ ഒട്ടനവധി അത്ഭുതങ്ങൾ ഉൾകൊള്ളുന്നതാണ് അനന്തമജ്ഞാതമവർണനീയമായ ഈ ഈ മഹാപ്രപഞ്ചം.

(തുടരും)