കേരളത്തിൽ ട്രാൻസ്ജൻഡർ ആത്മഹത്യകൾ തുടർക്കഥയാകുമ്പോൾ

ഡോ. അബ്ദുല്ല ബാസിൽ സി.പി

2023 മെയ് 13 , 1444 ശവ്വാൽ 20

കേരളത്തിൽ ഇക്കഴിഞ്ഞ ആഴ്ച ഒരു ട്രാൻസ്ജൻഡർ ആത്മഹത്യകൂടി റിപ്പോർട്ട് ചെയ്യപ്പെട്ടിരി ക്കുകയാണ്. എണ്ണത്തിൽ ന്യൂനാൽ ന്യൂനപക്ഷമായിരിക്കുമ്പോഴും ഇടയ്ക്കിടെ കേൾക്കേണ്ടിവരുന്ന ആത്മഹത്യാ വാർത്തകൾ ഗൗരവകരമായ ചിന്തകളിലേക്ക് നമ്മെ നയിക്കേണ്ടതുണ്ട്.

എന്തുകൊണ്ടാണ് ഈ വിഭാഗത്തിൽ പെട്ടവർ നിരന്തരം ആത്മഹത്യാശ്രമങ്ങൾ നടത്തുന്നതും വിഷാദരോഗത്തിന് അടിമപ്പെടുന്നതും? ആരാണ് ഇവരുടെ ജീവിതം ദുസ്സഹമാക്കുന്നത്? ആരാണിവരെ ദുരിതക്കയങ്ങളിലേക്ക് തള്ളിവിടുന്നത്? ഈ ചോദ്യങ്ങൾക്ക് ഉത്തരം കിട്ടാൻ ആരാണ് ട്രാൻസ്ജൻഡറുകൾ എന്നും എന്താണ് ഇപ്പോൾ ഇവരെ വെച്ച് സമൂഹത്തിൽ സംഭവിക്കുന്നത് എന്നുമുള്ള ചോദ്യത്തിന് ഉത്തരം വ്യക്തമാകണം.

മനസ്സും ശരീരവും തമ്മിൽ പൊരുത്തക്കേട് അനുഭവിക്കുന്നവരെയാണ് ‘ട്രാൻസ്ജൻഡർ’ എന്ന് പൊതുവിൽ വിശേഷിപ്പിക്കപ്പെടാറുള്ളത്. ശരീരം പൂർണമായും ആണിന്റെതായിരിക്കെ തന്നെ, പെണ്ണായി അനുഭവപ്പെടുകയോ അല്ലെങ്കിൽ തിരിച്ചോ ഉള്ള അവസ്ഥയാണത്. ഏറെ പ്രയാസകരമായ ഒരു അവസ്ഥ!

ഇത്തരം ആളുകൾക്കുള്ള പരിഹാരമെന്ത് എന്നത് വലിയൊരു തർക്കവിഷയമാണ്. ശരീരം പുരുഷന്റെതായിരിക്കെ മനസ്സിനെ അതിലേക്ക് കൊണ്ടുവരാനാവശ്യമായ ശ്രമങ്ങളാണ് കൂടുതൽ ഫലപ്രദം, മനസ്സിലെ തോന്നലുകൾക്കനുസരിച്ച് ശരീരത്തെ കീറിമുറിച്ചാലാണ് പരിഹരമാവുക എന്നിങ്ങനെ രണ്ട് തരത്തിലുള്ള പരിഹാരനിർദേശങ്ങളുണ്ട്.

പൊതുവിൽ മതം ഇതിൽ ആദ്യത്തെ പരിഹരമാണ് മുന്നോട്ടുവെക്കുന്നത്. കൃത്യമായ അടിസ്ഥാനമുള്ളതും ഇടയ്ക്കിടെ മാറ്റങ്ങൾക്ക് വിധേയമാകാത്തതും ശരീരമാണ്. അതിനാൽതന്നെ ആ ശരീരത്തെ അവലംബമാക്കുകയും അതിനനുസരിച്ച് മനസ്സിനെ മാറ്റിയെടുക്കാൻ ശ്രമിക്കുകയുമാണ് വേണ്ടത് എന്ന് ചുരുക്കം. അഥവാ പെൺശരീരമുള്ള ഒരാൾക്ക് താൻ ആണാണെന്ന് തോന്നുകയാണെ ങ്കിലും ആ തോന്നലിനപ്പുറം തന്റെ യഥാർഥ സ്വത്വമായ പെൺസ്വത്വത്തിലേക്ക് മനസ്സിനെ കൊണ്ടുവരാനാണ് ആ വ്യക്തി ശ്രമിക്കേണ്ടത്. മനസ്സിനെ മാറ്റൽ ശരീരത്തെ മാറ്റുന്നതിനെക്കാൾ എത്രയോ എളുപ്പമാണ്.

എന്നാൽ ഇതിനു വിരുദ്ധമായി ഒരാൾക്ക് എന്താണോ തോന്നുന്നത്, അത് അയാളുടെ ലിംഗ സ്വത്വമായി അംഗീകരിക്കണം എന്നാണ് ഈ വിഭാഗത്തിന് വേണ്ടി വാദിക്കുന്നു എന്ന പേരിൽ സമൂഹത്തിൽ പ്രവർത്തിക്കുന്ന എൽ. ജി. ബി. റ്റി ആക്റ്റിവിസം പറയുന്നത്. അഥവാ ഒരാളുടെ ശരീരം പുരുഷന്റെതാണെങ്കിലും മനസ്സിൽ പെണ്ണായിത്തോന്നുന്നെങ്കിൽ അയാളുടെ ശരീരം കീറിമുറിച്ച് ശസ്ത്രക്രിയ ചെയ്ത് അയാളെ പെണ്ണാക്കണം! അയാളെ പെണ്ണായി സമൂഹം അംഗീകരിക്കണം! പെണ്ണിന്റെ സ്വത്വം വകവെച്ചു നൽകണം!

ഇത് അങ്ങേയറ്റം യാഥാർഥ്യവിരുദ്ധവും ശാസ്ത്രവിരുദ്ധവുമായ പരിഹാരനിർദേശമാണ് എന്നുമാത്രമല്ല, ഈ പരിഹാരശ്രമം ഇത്തരക്കാരെ കൂടുതൽ പ്രയാസകരമായ ശാരീരിക-മാനസിക പ്രശ്‌നങ്ങളിലേക്ക് തള്ളിവിടുകയും ചെയ്യുന്നുണ്ട്. ലിംഗഭിന്നമനസ്‌കരുടെ വിഷാദത്തെപ്പറ്റിയും ആത്മഹത്യാ നിരക്കിലെ വർധനവിനെപ്പറ്റിയും ചർച്ച ചെയ്യുമ്പോൾ ഈ ആക്ടിവിസത്തിന്റെ പങ്ക് ഒഴിച്ചുകൂടാൻ പറ്റാത്തതാണ്.

ഇതിന്റെ മൂലകാരണം ഒരാളുടെ ലിംഗം നിർണയിക്കപ്പെടുന്നത് കേവലം ലൈംഗിക അവയവം കൊണ്ടാണ് എന്ന അശാസ്ത്രീയമായ നിഗമനമാണ്. ആണിനെയും പെണ്ണിനെയും വേർതിരിക്കുന്നത് കേവലം അരയ്ക്കു താഴെയുള്ള അവയവത്തിന്റെ വ്യത്യാസം മാത്രമല്ല. ആയിരുന്നെങ്കിൽ അവ പരസ്പരം മുറിച്ചുമാറ്റിവെച്ചാൽ പ്രശ്‌നം തീരുമായിരുന്നു. പക്ഷേ, ഒരാൾ ആണാണോ പെണ്ണാണോ എന്ന് അയാളുടെ കോടിക്കണക്കിനു കോശങ്ങളിലോരോന്നിലും രേഖപ്പെട്ടുകിടക്കുകയാണ്. ഒരാളുടെ ജന്മത്തിന് കാരണമാകുന്ന ആദ്യപ്രക്രിയയായ ബീജസങ്കലനത്തിന്റെ സമയത്തുതന്നെ ആണോ പെണ്ണോ എന്ന് നിർണയിക്കപ്പെടുന്നുണ്ട്. മാതാവിന്റെ X ക്രോമസോമും പിതാവിന്റെ Y ക്രോമസോമും തമ്മിലാണ് യോജിക്കുന്നതെങ്കിൽ കുട്ടി ആണും, രണ്ടുപേരുടെയും X ക്രോമസോമുകൾ തമ്മിലാണ് കൂടിച്ചേരുന്നത് എങ്കിൽ കുട്ടി പെണ്ണുമായിരിക്കും. ആദ്യത്തെ കോശമായ സൈഗോട്ട് മുതൽ എല്ലാ കോശങ്ങളിലും ഈ വ്യത്യാസം രേഖപ്പെട്ട് കിടക്കും. ഇതിനെയാണ് കേവലം ഒരു അവയവം മുറിച്ചുമാറ്റി മാറ്റാൻ സാധിക്കുമെന്ന് ഇക്കൂട്ടർ കരുതുന്നത്!

ഇങ്ങനെ ഒരാളുടെ മനസ്സിലെ തോന്നലനുസരിച്ച് ലിംഗം മുറിച്ചുമാറ്റി പരിഹാരത്തിന് ശ്രമിച്ചാൽ സംഭവിക്കുന്നത് വലിയ ദുരന്തമാണ്. അല്ലെങ്കിലേ മാനസികമായി ഈ പ്രയാസം അനുഭവിക്കുന്ന ഇക്കൂട്ടർ ശാരീരികമായി കൂടി പ്രയാസങ്ങൾ അനുഭവിച്ചുതുടങ്ങും. ഇത്തരം ശസ്ത്രക്രിയ നടത്തി ജീവിതം പൊലിഞ്ഞുപോയ കേരളത്തിലെ അവസാനത്തെ ഇരയായിരുന്നു അനന്യ അലക്‌സ് എന്ന ട്രാൻസ്‌ജെൻഡർ. ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് നൽകിയ ഇന്റർവ്യൂവിൽ അവർ ഇക്കാര്യം തുറന്നു പറയുന്നുണ്ട്. ഈ സർജറി ചെയ്തതിനുശേഷം തനിക്ക് മൂത്രമൊഴിക്കാൻ പോലും പറ്റുന്നില്ലെന്നും, ലൈംഗിക അവയവത്തിന്റെ സ്ഥാനത്ത് വല്ലതുമിട്ട് വലുതാക്കിവേണം പ്രാഥമിക കാര്യങ്ങൾ പോലും ചെയ്യാനെന്നും, വേദനകൊണ്ട് നിൽക്കാനോ ഇരിക്കാനോ കിടക്കാനോ സാധിക്കുന്നില്ലെന്നും അവർ പറഞ്ഞു. ഇത് ഒരാളുടെ മാത്രം അനുഭവമല്ല. ലോകത്തെമ്പാടും ഇത്തരം ലിംഗമാറ്റ ശസ്ത്രക്രിയകൾ നടത്തി ജീവിതം തുലഞ്ഞവർ ചേർന്ന് സംഘടനകളും ഓൺലൈൻ ഫോറങ്ങളും പോലും രൂപീകരിച്ചിട്ടുണ്ട്.

ഒന്നാലോചിച്ചു നോക്കുക, ഇത്തരമാളുകളുടെ പ്രയാസങ്ങൾ ഇല്ലാതാക്കാൻ വേണ്ടിയും അവരുടെ അവകാശങ്ങൾക്ക് വേണ്ടിയും പോരാടുന്നു എന്ന് പറഞ്ഞ് മഴവിൽ പതാകകളുമായി രംഗത്തുവരുന്ന എൽജിബിറ്റി ആക്റ്റിവിസ്റ്റുകൾ അവസാനം എന്താണ് ഫലത്തിൽ ചെയ്യുന്നത്? മാനസികമായി പ്രയാസമാനുഭവിക്കുന്നവർക്ക് ഒരു നൂറുക്കൂട്ടം ശാരീരിക പ്രശ്‌നങ്ങൾക്കൂടി നൽകി അവരെ നരകയാതന അനുഭവിപ്പിക്കുന്നു! എന്തൊരു വിരോധാഭാസം!

ഇതോടൊപ്പം തന്നെ ഏറെ അപകടകരമാണ് ഈ ആളുകൾക്ക് ഇവർ നൽകുന്ന ഹോർമോൺ ഇഞ്ചക്ഷനുകളും. ആണിന്റെ ശരീരമുള്ളവനെ സ്ത്രീത്വം ഉള്ളവനാക്കാൻ സ്ത്രീ ഹോർമോണുകളും, പെണ്ണിന്റെ ശരീരമുള്ളവളെ പൗരുഷമുള്ളവളാക്കാൻ പുരുഷഹോർമോണുകളും ഇവർ വ്യാപകമായി കുത്തിവെക്കും. ഇതുവഴി സംഭവിക്കുന്നത് ഈയാളുകൾ വലിയ രൂപത്തിലുള്ള ആത്മസംഘർഷങ്ങളി ലേക്ക് തള്ളിവിടപ്പെടുന്നു എന്നതാണ്. കാരണം, നേരത്തെ പറഞ്ഞതുപോലെ ആൺശരീരമുള്ളവരുടെ കോടിക്കണക്കിനു കോശങ്ങളിൽ അവർ ആണാണ്, അങ്ങനെയുള്ള കോശങ്ങൾ കൊണ്ട് സൃഷ്ടിക്കപ്പെട്ട ശരീരത്തിലേക്കാണ് നേർവിപരീത ലിംഗഹോർമോൺ അടിച്ചുകയറ്റുന്നത്! ഇത് ഇവരെ അതിഭീകരമായ മാനസിക പ്രയാസങ്ങളിലേക്ക് തള്ളിവിടുന്നു..

ഇതുകൊണ്ടാണ് ഇങ്ങനെയുള്ളവർ നിരന്തരം വിഷാദമനുഭവിക്കുന്നതും, ചെറിയ കാര്യങ്ങൾക്കുപോലും മാനസികമായി തകർച്ച നേരിട്ട് പെട്ടെന്ന് ആത്മഹത്യയെ പറ്റി ചിന്തിക്കുന്നതും. തീർത്തും യാഥാർഥ്യവിരുദ്ധമായ വാഗ്ദാനങ്ങൾ നൽകി അശാസ്ത്രീയമായി അവരുടെ ശരീരം കീറിമുറിക്കുകയും എതിർലിംഗഹോർമോണുകൾ കുത്തിവെപ്പിക്കുകയും ചെയ്യുന്ന ഈ ആക്റ്റിവിസമല്ലാതെ മറ്റാരാണ് ഇതിന്റെ പ്രതികൾ?!

ട്രാൻസ്ജൻഡർ ആത്മഹത്യകൾ പെരുകുമ്പോൾ അതിന്റെ യഥാർഥ കാരണങ്ങൾ മൂടിവെക്കാനും ഇവർ പറയുന്ന കാരണം ‘സമൂഹം ഇത്തരക്കാരോട് കാണിക്കുന്ന വിവേചനം കൊണ്ടാണ് ആത്മഹത്യകൾ കൂടുന്നത്’ എന്നാണ്. ഒന്നാമതായി ഇതിനു യാതൊരു തെളിവുമില്ല. ജീവനൊടുക്കുന്നവരുടെ കുറിപ്പുകളിലാക്കട്ടെ അവരുടെ ശാരീരകവും മാനസികവും വ്യക്തിപരവുമായ കാരണങ്ങളാണ് കാണാനാകുന്നതും.

ഇനി വാദത്തിന് വേണ്ടി കേരളത്തിലെ സമൂഹം ‘ട്രാൻസ്‌ഫോബിക്’ ആണെന്നും അതുകൊണ്ടാണ് ഇവിടെയുള്ള ട്രാൻസ്ജൻഡറുകൾ തുടരെ ആത്മഹത്യ ചെയ്യുന്നത് എന്നും വെക്കുക, എങ്കിൽ പോലും എങ്ങനെയാണ് കേരളത്തിന് പുറത്തും നമുക്ക് കാണാവുന്ന ഇതേരൂപത്തിലുള്ള കണക്കുകൾ വിശദീകരിക്കാനാവുക? ഇവർ പുരോഗമനസ്വർഗമായി വിശേഷിപ്പിക്കുന്ന യൂറോപ്യൻ-അമേരിക്കൻ ജനതയിലും ഇതേരൂപത്തിൽ ട്രാൻസ് ആത്മഹത്യകളും വിഷാദരോഗങ്ങളും കാണാനാകും. ഉദാഹരണത്തിന് എൽജിബിറ്റി ആശയങ്ങൾ ഏറെ പ്രചരിച്ച, ലിബറൽ ആശയങ്ങൾക്ക് വലിയ വളക്കൂറുള്ള മണ്ണായ കാനഡയെ എടുക്കാം. കനേഡിയൻ മെഡിക്കൽ അസോസിയേഷൻ ജേർണൽ പ്രകാരം ട്രാൻസ്ജൻഡറുകളിൽ 64% പേരും ഒരു വർഷത്തിൽ ഒരിക്കലെങ്കിലും ആത്മത്യയെ പറ്റി ചിന്തിക്കുമത്രെ! ട്രാൻസ്ജൻഡർ കൗമാരക്കാർക്കിടയിൽ ആത്മഹത്യാശ്രമം മറ്റുള്ളവരെക്കാൾ ഏഴു മടങ്ങ് അധികമാണ് എന്നും കാണാം.

അഥവാ, സമൂഹത്തിന്റെ ചിന്താഗതിയുടെയോ ഫോബിയയുടെയോ തലയിലിട്ട് ഈ കണക്കുകൾ വിശദീകരിക്കാനാവില്ല. തീർത്തും അശാസ്ത്രീയവും അപ്രായോഗികവുമായ പരിഹാര വാഗ്ദാനങ്ങൾ നൽകി ഇവരെ ദുരിതക്കയത്തിലേക്ക് തള്ളിവിടുന്ന എൽജിബിറ്റിക്കാർക്ക് ഈ രക്തക്കറ തങ്ങളുടെ കൈകളിൽനിന്ന് മായ്ക്കാനാവില്ല. ഇനിയുമെത്ര ജീവനുകൾ തൂങ്ങിയാടിയാലാണ്, ഇനിയുമെത്ര ജന്മങ്ങൾ പിടഞ്ഞുവീണൊടുങ്ങിയാലാണ് നമുക്കീ മഴവിൽഭ്രാന്ത് തുടച്ചുനീക്കാൻ സാധിക്കുക എന്ന ചോദ്യംമാത്രംബാക്കി!