ക്വുർആനും കവിതയും

ഡോ. ടി. കെ യൂസുഫ്

2023 ഏപ്രിൽ 08, 1444 റമദാൻ 17

അറബി സാഹിത്യത്തിന്റെ അപ്പോസ്തലന്മാർ അരങ്ങുവാണിരുന്ന ഇസ്‌ലാമിന്റെ ആരംഭ കാലത്ത് ഇസ്‌ലാമിന്റെ ശത്രുക്കൾ ക്വുർആനിനെ വിമർശിച്ചുകൊണ്ട് പറഞ്ഞത് അത് ഒരു കവിയുടെ വാക്കുകളാണ് എന്നാണ്. കാരണം അവർക്ക് പരിചിതമായ ഗദ്യ, പദ്യ സാഹിത്യശാഖകളിൽ ഏറ്റവും പ്രിയങ്കരമായതും ഏറ്റവും സ്വാധീനമുണ്ടാക്കിയതും കവിതയായിരുന്നു. എന്നാൽ ക്വുർആൻ വചനങ്ങൾ കേട്ടതോടുകൂടി അവർ അന്ധാളിക്കുകയും സാഹിത്യത്തിലെ ഏത് ഇനമാണിതെന്ന് വേർതിരിക്കാൻ അവർ അശക്തരാകുകയും ചെയ്തു. കാരണം അവർക്ക് അറിയാവുന്ന ഗദ്യ, പദ്യ വൃത്ത, പ്രാസ ചട്ടക്കൂടൂകൾക്കിടയിൽ ഒതുങ്ങുന്നതായിരുന്നില്ല ക്വുർആനിന്റെ സാഹിത്യഭംഗി. അറബി കാവ്യസാമ്രാട്ടുകൾക്ക് ക്വുർആനിലുള്ളതു പോലുള്ള ഒരു അധ്യായം പോലും കൊണ്ടുവരാൻ കഴിഞ്ഞില്ലെന്ന വസ്തുത ക്വുർആൻ കവിതയല്ലെന്നതിന് മകുടോദാഹരണമാണ്. സർവോപരി ക്വുർആൻ കവിതയല്ലെന്ന് ക്വുർആൻ വചനങ്ങൾ തന്നെ വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്.

“തീർച്ചയായും ഇത് മാന്യനായ ഒരു ദൂതന്റെ വാക്കു തന്നെയാകുന്നു. ഇതൊരു കവിയുടെ വാക്കല്ല. വളരെ കുറച്ചേ നിങ്ങൾ വിശ്വസിക്കുന്നുള്ളൂ. ഒരു ജ്യോത്‌സ്യന്റെ വാക്കുമല്ല. വളരെക്കുറച്ചേ നിങ്ങൾ ആലോചിച്ചു മനസ്സിലാക്കുന്നുള്ളൂ. ഇത് ലോകരക്ഷിതാവിങ്കൽനിന്ന് അവതരിപ്പിക്കപ്പെട്ടതാകു ന്നു’’(ക്വുർആൻ 69:41 -43).

“അദ്ദേഹത്തിന് (നബിക്ക്) നാം കവിത പഠിപ്പിച്ചിട്ടില്ല. അത് അദ്ദേഹത്തിന് അനുയോജ്യമാകുകയുമില്ല. ഇത് ഒരു ഉൽബോധനവും കാര്യങ്ങൾ സ്പഷ്ടമാക്കുന്ന ക്വുർആനും മാത്രമാകുന്നു’’(ക്വുർആൻ 36:69).

ഇമാം ബൈഹക്വി, ഹാകിം മുതലായ പല ഹദീസ് പണ്ഡിതൻമാരും നിവേദനം ചെയ്തിട്ടുളള ഒരു സംഭവം ഇങ്ങനെ വായിക്കാം:

“ഒരിക്കൽ ക്വുറൈശികൾ ഒരു യോഗം ചേർന്ന് ഇങ്ങനെ പ്രസ്താവിക്കുകയുണ്ടായി: ‘നമുക്കിടയിൽ ഭിന്നിപ്പും ഛിദ്രതയും ഉണ്ടാക്കുകയും നമ്മുടെ മതത്തെ ആക്ഷേപിക്കുകയും ചെയ്യുന്ന ഈ മനുഷ്യന്റെ (നബിയുടെ) അടുക്കൽ ചെന്ന് ജാലവിദ്യ, പ്രശ്‌നവിദ്യ, കവിത ആദിയായവയിൽ സമർഥനായ ഒരാൾ അവനുമായി ഒരു സംഭാഷണം നടത്തി അവനെ അതിൽനിന്ന് പിൻമാറ്റുവാൻ സാധിക്കുമോ എന്ന് നോക്കട്ടെ.’ ഇതിനായി ഉത്ബത്തുബ്‌നു റബീഅഃയെ അവർ പറഞ്ഞയച്ചു. ഉത്ബത്ത് നബി(സ്വ)യുടെ അടുക്കൽ ചെന്ന് ഇങ്ങനെ പറഞ്ഞു: ‘മുഹമ്മദേ, നീയോ (നിന്റെ പിതാവായ) അബ്ദുല്ലയോ ഉത്തമൻ?’ തിരുമേനി മൗനമവലംബിച്ചു. വീണ്ടും ഉത്ബത്ത്: ‘അല്ലെങ്കിൽ നീയോ (നിന്റെ പിതാമഹൻ) അബ്ദുൽ മുത്വലിബോ ഉത്തമൻ?’ തിരുമേനി ഉത്തരം പറഞ്ഞില്ല. ഉത്ബത്ത് തുടർന്നു: ‘ഇവരെല്ലാം നിന്നെക്കാൾ ഉത്തമൻമാരായിരുന്നുവെങ്കിൽ, നീ കുറ്റപ്പെടുത്തുന്ന ഈ ദൈവങ്ങളെ (വിഗ്രഹങ്ങളെ) അവരും ആരാധിച്ചു വന്നിരുന്നു. അവരെക്കാൾ ഉത്തമൻ നീയാണെന്നു പറയുന്നുെവങ്കിൽ നീയൊന്നു സംസാരിക്കൂ, ഞങ്ങൾ കേൾക്കട്ടെ!’

ഉത്ബത്ത് തുടർന്നു: ‘അല്ലാഹുവാണ് സത്യം! ഈ ജനതയിൽ നിന്നെക്കാൾ ലക്ഷണം കെട്ട മറ്റൊരാളും ഉണ്ടായിട്ടില്ല. ഞങ്ങളുടെ ഐക്യം നീ ശിഥിലമാക്കി. ഞങ്ങളുടെ കാര്യങ്ങൾ നീ താറുമാറാക്കി. മതത്തെ നീ കുറ്റപ്പെടുത്തി. അറബികളുടെ മുമ്പിൽ ഞങ്ങളെ അപമാനിച്ചു. ഹേ, മനുഷ്യാ! നിനക്കു (സാമ്പത്തികമായ) വല്ല ആവശ്യവുമാണുള്ളതെങ്കിൽ,ഞങ്ങൾ നിനക്ക് ധനം ശേഖരിച്ചുതന്ന് നിന്നെ ക്വുറൈശികളിൽ വലിയ ഒരു ധനികനാക്കിത്തരാം. വിവാഹമാണാവശ്യമെങ്കിൽ, നീ ഇഷ്ടപ്പെടുന്ന സ്ത്രീയെ നിനക്കു വിവാഹം ചെയ്തു തരാം. വേണമെങ്കിൽ പത്തുപേരെ വിവാഹം കഴിച്ചുതരാം.’

നബി(സ്വ) ചോദിച്ചു: ‘താങ്കൾ പറഞ്ഞു കഴിഞ്ഞുവോ?’ ഉത്ബത്ത്: ‘അതെ,’ ‘എന്നാൽ കേൾക്കൂ’ എന്നു പറഞ്ഞുകൊണ്ട് തിരുമേനി(സ്വ) ‘ഹാമീം സജദഃയുടെ ‘ബിസ്മില്ലാഹി’ മുതൽ 13-ാം വചനം തീരുന്നതുവരെ ഉത്ബത്തിനെ ഓതിക്കേൾപ്പിച്ചു.

കൈകൾ പിന്നിൽ കെട്ടിനിന്ന് അതെല്ലാം കേട്ട ഉത്ബത്ത് നബി(സ്വ)യോട് അപേക്ഷിച്ചു: ‘മതി! മതി!’ ഉത്ബത്തിന്റെ വന്നപ്പോഴത്തെ മുഖഭാവം മാറി. ക്വുറൈശികളുടെ സദസ്സിലേക്കല്ല, നേരെ സ്വന്തം വീട്ടിലേക്കായിരുന്നു, അയാൾ മടങ്ങിപ്പോയത്.

ഉത്ബത്ത് മതം മാറിപ്പോയോ എന്നു പോലും ക്വറൈശികൾ സംശയിച്ചു. അബൂജഹ്ൽ മുതലായവർ അയാളെ വീട്ടിൽ ചെന്നു കണ്ടു. അയാൾ അവരോടിങ്ങനെ പറഞ്ഞു: ‘മുഹമ്മദിൽനിന്നു ഞാൻ ചിലതെല്ലാം കേൾക്കുകയുകുായി, അതു ജാലമല്ല, പ്രശ്‌നവുമല്ല, കവിതയുമല്ല. അതുപോലുള്ള വാക്കുകൾ ഞാൻ കേട്ടിട്ടില്ല. അവസാനം അവൻ ‘ആദ്-സമൂദി’ലേതുപോലെയുളള ശിക്ഷയെക്കുറിച്ചു നമ്മെ താക്കീതും ചെയ്യുകയുണ്ടായി. അപ്പോൾ, ഞാനവന്റെ വായക്കുപിടിച്ച് കേണപേക്ഷിച്ചു. എന്നിട്ടാണ് അവനത് നിറുത്തിയത്. നിങ്ങൾക്കറിയാമല്ലോ, മുഹമ്മദ് കളവു പറയാറില്ലെന്ന്. അതുകൊണ്ട് നമുക്ക് വല്ല ശിക്ഷയും ബാധിച്ചേക്കുേമാ എന്നു ഞാൻ ഭയപ്പെട്ടുപോയി!’’

ക്വുർആൻ കവിതയല്ലെങ്കിൽ പിന്നെ ഗദ്യമാണോ? അല്ല! ശരിക്കും ചിന്തിക്കുകയും പഠനം നടത്തുകയും ചെയ്യുന്ന ഒരാൾക്ക് ക്വുർആൻ കവിതയല്ലെന്നു ഗ്രഹിക്കാനാകും. അറബിസാഹിത്യത്തിൽ ഇക്കാലമത്രയും കഴിഞ്ഞുപോയ ഒരു ഗദ്യസാഹിത്യത്തിന്റെ പട്ടികയിലും ക്വുർആൻ വരികയില്ല. ക്വുർആൻ അവതരിച്ച കാലഘട്ടത്തിലോ അതിനു മുമ്പോ അതിനുശേഷമോ ഇത്തരത്തിലുളള ഒരു സാഹിത്യവിസ്മയം രംഗപ്രവശം ചെയ്തിട്ടില്ല. ക്വുർആനിന്റെ വെല്ലുവിളി നേരിടാൻ ഗദ്യ-പദ്യ പ്രതിഭകൾക്കൊന്നും കഴിഞ്ഞിട്ടില്ല. ഗദ്യമാണെങ്കിലും പദ്യമാണെങ്കിലും സാഹിത്യത്തിൽ പ്രയോഗിച്ച വാക്കുകളും പദങ്ങളും തന്നെയാണ് ക്വുർആനിലും പ്രയോഗിച്ചിട്ടുള്ളത്. സൗന്ദര്യത്തിലും ശൈലിയിലും ക്വുർആനിന്റെ വാക്യഘടനയുടെ നാലയലത്ത്‌പോലും എത്താൻ സാഹിത്യകാരന്മാർക്ക് ഇന്നേവരെ കഴിഞ്ഞിട്ടില്ല.

ജാഹിലിയ്യ കാലത്ത് മറ്റേതൊരു സാഹിത്യശാഖയെക്കാളും പ്രാധാന്യം കവിതക്കുണ്ടായിരുന്നു. അന്നുള്ള കവിതകൾ പോലും ഇന്ന് ലഭ്യമാണ്. എന്നാൽ അക്കാലഘട്ടത്തിലെ മറ്റൊരു സാഹിത്യശാഖയും കവിതപോലെ നിലനിൽക്കുല്ന്നതായി നമുക്ക് കാണാൻ സാധ്യമല്ല. അതുപോലെ സമ്പത്തും സ്ഥാനമാനങ്ങളും തറവാടിത്തവും കുലമഹിമയുമില്ലാത്തവർ പോലും കവിതയുടെ പേരിൽ മാത്രം പ്രസിദ്ധരായിത്തീർന്നിട്ടുണ്ട്. കവിതക്ക് ലഭിച്ചതിനെക്കാൾ വലിയ സ്വാധീനം ക്വുർആനിന് ലഭിച്ചിട്ടുണ്ടെന്ന വസ്തുതയുംആർക്കും നിഷേധിക്കാൻ കഴിയാത്തതാണ്.

ക്വുർആനും കവിതയും തമ്മിൽ ചെറിയ ഒരു സാമ്യതയുണ്ടെന്നത് നമുക്ക് നിഷേധിക്കാൻ കഴിയാത്തതാണ്. ക്വുർആൻ കവിതയെ പാടെ അവഗണിച്ചു എന്നും പറയാൻ കഴിയില്ല. ‘ശുഅറാഅ്’ (കവികൾ) എന്ന പേരിൽ ഒരു അധ്യായം പോലും നമുക്ക് ക്വുർആനിൽ കാണാൻ കഴിയും. പ്രവാചകനെ പ്രതിരോധിക്കാൻ ഹസ്സാനുബിൻ സാബിത് എന്ന ഒരു കവി തന്നെയുണ്ടായിരുന്നുവല്ലോ.

അഹ്സാബ് യുദ്ധവേളയിൽ നബി(സ്വ) അബ്ദുല്ലാഹിബിൻ റവാഹിയുടെ ചില വരികൾ ചൊല്ലിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്: ‘അല്ലാഹുവിന്റെ നാമത്തിൽ ഞാൻ ആരംഭിക്കുന്നു. അവനാണ് നമുക്ക് സന്മാർഗം നൽകിയത്. അവനെയല്ലാതെ മറ്റാരെയെങ്കിലുമാണ് നാം ആരാധിച്ചിരുന്നതെങ്കിൽ നാം ദൗർഭാഗ്യവാന്മാരാകുമായിരുന്നു. അല്ലാഹുവാണ് സത്യം! നീയില്ലായിരുന്നുവെങ്കിൽ ഞങ്ങൾക്ക് സന്മാർഗം ലഭിക്കുമായിരുന്നില്ല. ഞങ്ങൾ ദാനധർമം ചെയ്യുകയും നമസ്‌കരിക്കുകയും ചെയ്യുമായിരുന്നില്ല. നീ ഞങ്ങൾക്ക് പൊറുത്ത് തരേണമേ.ഞങ്ങൾ ഭക്തരായിരിക്കുന്നിടത്തോളം ഞങ്ങൾ നിനക്ക് എല്ലാം അർപ്പിക്കുന്നു. നീ ഞങ്ങളുടെമേൽ സമാധാനം ഇറക്കേണമേ...’

ചില ക്വുർആൻ സൂക്തങ്ങൾ കവിതയുടെ അച്ചിൽ വാർത്തെടുക്കപ്പെട്ടാതാണെന്ന് തോന്നും. സൂറത്തുന്നജ്മിലെ സൂക്തങ്ങൾ അതിന് ഉദാഹരണമാണ്. ഈ അധ്യായത്തിലെ ഓരോ സൂക്തവും അവസാനിക്കുന്നത് സമാനമായ ശബ്ദത്തിലാണെങ്കിലും ശൈലിയിലും ആശയത്തിലും പ്രതിപാദ്യ വിഷയത്തിലും ഇവ കവിതയിൽ നിന്നും തികച്ചും വ്യത്യസ്തമാണ്. കവിതക്ക് ഇല്ലാത്ത മറ്റൊരു സവിശേഷതയും നമുക്ക് ക്വുർആനിൽ കണ്ടെത്താൻ കഴിയും. ക്വുർആൻ വചനങ്ങൾ എത്ര ആവർത്തി പാരായണം ചെയ്താലും വായനക്കാരന് മടുപ്പ് അനുഭവപ്പെടുകയില്ല. എന്നാൽ എത്ര മുന്തിയ കവിതയാണെങ്കിലും ഏതാനും തവണ പാരായണം ചെയ്യുന്നതോടുകൂടി വിരസതഅനുഭപ്പെടുന്നതാണ്.

ജാഹിലിയ്യ അറബി കവിതകൾ വിശകലനം ചെയ്യുകയാണെങ്കിൽ മിക്കവയിലെയും പ്രതിപാദ്യവിഷയങ്ങൾ ശൃംഗാരങ്ങൾക്കും സ്ത്രീവർണനകൾക്കും പുറമെ കാമിനിമാർ, അവരുടെ താമസ സ്ഥലങ്ങൾ, അവയുടെ അവശിഷ്ടങ്ങൾ, ഒട്ടകങ്ങൾ, കുതിരകൾ എന്നീ യാത്രാവാഹനങ്ങൾ, കവികളുടെ കുടുംബങ്ങൾ ചെയ്ത ധീരസാഹസിക കൃത്യങ്ങൾ, ജീവകാരുണ്യപ്രവർത്തനങ്ങൾ, യുദ്ധങ്ങൾ തുടങ്ങിയ വിഷയങ്ങളാണെന്ന് കാണാൻ കഴിയും. വളരെ അപൂർവം ചില കവികൾ കവിതകളിലൂടെ അൽപം തത്ത്വചിന്തകളും വെളിപ്പെടുത്തിയിട്ടുണ്ട്.

കേവലം ഭാഷാപരമായ ഒരു അനുഭൂതി എന്നതിലുപരി അറബി കവിതകളിൽ ആത്മീയ, ബൗദ്ധിക, ശാസ്ത്രീയ വൈജ്ഞാനിക വിഷയങ്ങളൊന്നും പ്രതിപാദിക്കുന്നില്ല. ക്വുർആനിലെ അധ്യായത്തിനു സമാനമായ ഒരു അധ്യായം കൊണ്ടുവരാൻ ക്വുർആൻ നടത്തിയ വെല്ലുവിളി സ്വീകരിച്ച് അതിനു കിടയൊത്ത ഒരു അധ്യായം കൊണ്ടുവരാൻ ഒരു മഹാകവിക്കും കഴിഞ്ഞില്ലെന്ന വസ്തുത ക്വുർആനിന്റെ ദൈവികത വ്യക്തമാക്കുന്നതാണ്.