ജീവിതലക്ഷ്യം

മുബാറക് ബിൻ ഉമർ

2023 ആഗസ്റ്റ് 19 , 1445 സ്വഫർ 03

(മരണാനന്തര ജീവിതം സത്യമോ മിഥ്യയോ?- 2)

മനുഷ്യൻ ചെയ്യുന്ന എല്ലാ കാര്യങ്ങൾക്കും ലക്ഷ്യമുണ്ട്; അഥവാ ലക്ഷ്യമുണ്ടായിരിക്കണം. ലക്ഷ്യമില്ലാത്ത പ്രവർത്തനം നിരർഥകമാണ്. ഭൗതികജീവിതത്തിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരാണ് മനുഷ്യർ. കച്ചവടം, കൃഷി, വ്യവസായം, വിദ്യാഭ്യാസം, ആതുരസേവനം, കല, സാഹിത്യം, മീഡിയ... ഇങ്ങനെ ഒട്ടനവധി മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് താൽക്കാലിക ലക്ഷ്യങ്ങളും വിദൂര ലക്ഷ്യങ്ങളും ഉണ്ടാകും. ആ ലക്ഷ്യം മുൻനിറുത്തി കൃത്യമായ പ്ലാനും പദ്ധതികളുമായി ശ്രമങ്ങൾ നടത്തുമ്പോഴാണ് ലക്ഷ്യം നേടുക.

ലക്ഷ്യം എന്ന വാക്കുതന്നെ വളരെ അർഥവത്താണ്. ഏതൊരു പ്രവർത്തനത്തിന്റെയും ലക്ഷ്യം ആ പ്രവർത്തനത്തിനപ്പുറത്തുള്ളതായിരിക്കും, ആയിരിക്കണം. വീടുണ്ടാക്കുന്നത്, വീടുപണി കഴിഞ്ഞ് ആ വീട്ടിൽ താമസിക്കാനാണ്. യാത്ര ചെയ്യുന്നത് ഒരു സ്ഥലത്ത് എത്തിച്ചേരാനാണ്. ഭക്ഷണം കഴിക്കുന്നത് വിശപ്പകറ്റാനാണ്. ഇപ്പറഞ്ഞ ലക്ഷ്യങ്ങളൊക്കെ ആ പ്രവൃത്തിക്കപ്പുറത്തുള്ളതാണ് എന്ന് കാണാം. ആ ലക്ഷ്യം നേടാനാണ് പ്രവർത്തനം. അങ്ങനെ നോക്കുമ്പോൾ ഏതൊരു കാര്യവും എത്ര ചെറുതായാലും കൃത്യമായ ലക്ഷ്യമില്ലെങ്കിൽ നിരർഥകമായിരിക്കും. ബുദ്ധിശൂന്യമായ പ്രവൃത്തിയായിരിക്കും അത്.

വസ്തുത ഇതാണെങ്കിൽ അമൂല്യമായ മനുഷ്യജീവിതത്തിന്റെ ലക്ഷ്യം എന്താണ്? മനുഷ്യന്റെ ജീവിതം; എത്ര മഹത്തരമാണത്! ജീവന്റെ വില കണക്കാക്കാനൊക്കുമോ? ജീവൻ രക്ഷിക്കാൻ വിമാനത്തിലും ഹെലിക്കോപ്റ്ററിലും മറ്റും ഹൃദയവും വൃക്കയുമായി കുതിക്കുന്നത് നാം എത്ര കണ്ടതാണ്! ഒരു വിരൽ മുറിച്ചെടുത്തോട്ടെ, വില തരാം എന്ന് പറഞ്ഞാൽ നിങ്ങൾ എത്ര വില പറയും? ലക്ഷങ്ങളോ കോടികളോ തന്നാൽ നിങ്ങളുടെ ഒരു കണ്ണ് നിങ്ങൾ കൊടുക്കുമോ? അങ്ങനെ ഒരുപാട് അവയവങ്ങളുള്ള മനുഷ്യ ശരീരത്തിന്റെ വില കണക്കാക്കാൻ കഴിയില്ല എന്നതാണ് യാഥാർഥ്യം. എന്നാൽ ജീവിതത്തിന്റെ വിലയോ? ഭൗതികമായ ഏതൊരു മാനദണ്ഡം വെച്ച് നോക്കിയാലും വിലമതിക്കാനാകാത്ത ഈ ജീവിതത്തിന്റെ ലക്ഷ്യം എന്തെന്ന് നിർണയിക്കാതിരിക്കുന്നത് തികഞ്ഞ മൂഢത്വമല്ലേ?

സാധാരണക്കാരനായ ഒരാ ളോട് എന്താണ് നിങ്ങളുടെ ജീവിത ലക്ഷ്യമെന്ന് ചോദിച്ചാൽ അയാൾ പറയുക ഏകദേശം ഇപ്രകാരമായിരിക്കും: ‘മക്കൾക്ക് വിദ്യാഭ്യാസം നൽകണം, പെൺകുട്ടികളെ കല്യാണം ചെയ്തയക്കണം, ആണ്മക്കൾക്ക് കഴിഞ്ഞുകൂടാനുള്ള എന്തെങ്കിലും ജോലിയോ ഏർപ്പാടുകളോ തരപ്പെടുത്തണം, അങ്ങനെ വലിയ അല്ലലും അലട്ടലുമില്ലാതെ കഴിഞ്ഞുപോകണം, അത്ര തന്നെ.’

ജീവിതത്തെ കുറെക്കൂടി ഗൗരവത്തോടെ കാണുന്നവർക്ക് തങ്ങൾ പ്രവർത്തിക്കുന്ന മേഖലയിൽ കാര്യമായെന്തെങ്കിലും ചെയ്യണമെന്നുണ്ടാകും. ചിലർക്ക് സമൂഹത്തിന് പ്രയോജനപ്രദമായ എന്തെങ്കിലും നല്ല കാര്യം ചെയ്യാൻ താല്പര്യമുണ്ടാകും. ശാസ്ത്ര, സാങ്കേതിക രംഗത്ത് പ്രവർത്തിക്കുന്നവർ പുതുതായെന്തെങ്കിലും കണ്ടുപിടിക്കണമെന്ന് ഉദ്ദേശിക്കും. അതിനായി അധ്വാനിക്കും. കലാസാഹിത്യ കുതുകികൾ അറിയപ്പെടുന്ന എന്തെങ്കിലും സംഭാവനകളർപ്പിക്കണമെന്ന് ആഗ്രഹിക്കും.

തോമസ് ആൽവാ എഡിസൻ പല കണ്ടുപിടുത്തങ്ങളും നടത്തിയ ശാസ്ത്രജ്ഞനാണ്. വൈദ്യുത ബൾബ് കണ്ടുപിടിച്ചത് എഡിസൻ ആണ്. മനുഷ്യരാശിക്ക് മുഴുവൻ ഉപകാരപ്പെട്ട കണ്ടുപിടുത്തമായിരുന്നു അത് എന്ന് നിസ്സംശയം പറയാം. ബൾബ് കണ്ടുപിടിക്കലായിരുന്നോ അദ്ദേഹത്തിന്റെ ജീവിത ലക്ഷ്യം? ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തരലായിരുന്നോ ഗാന്ധിജിയുടെ ജീവിത ലക്ഷ്യം?

ഇവിടെ പറഞ്ഞതെല്ലാം ജീവിതത്തിന്നകത്തുള്ള കാര്യങ്ങളാണ്. ചെറുതും വലുതുമായ കുറെ കാര്യങ്ങൾ എടുത്ത് പറഞ്ഞ് അവയെല്ലാം ജീവിതത്തിന്നകത്തുള്ള സംഗതികളാണന്നതിൽ തർക്കമുണ്ടാകുകയില്ല. പ്രവർത്തനത്തിനപ്പുറത്തുള്ളതായിരിക്കണം ലക്ഷ്യം എന്ന വസ്തുതവെച്ച് നോക്കുമ്പോൾ, ഇപ്പറഞ്ഞ ജീവിതത്തിനകത്തുള്ള ഒരു കാര്യത്തെയും ജീവിതലക്ഷ്യമാക്കാൻ കൊള്ളില്ല.

ജീവിതത്തിനപ്പുറത്തുള്ള കാര്യത്തെ മാത്രമെ ജീവിത ലക്ഷ്യമാക്കാൻ പറ്റുകയുള്ളു. മനുഷ്യനെ സൃഷ്ടിച്ച, ഭൂമിയെയും പ്രപഞ്ചത്തെയും സമസ്തജീവജാലങ്ങളെയും സൃഷ്ടിച്ച് പരിപാലിച്ച്, പൂർണമായും നിയന്ത്രിക്കുന്ന സ്രഷ്ടാവാണ് ജീവിതത്തിന്റെ ലക്ഷ്യം നിർണയിച്ച് അത് മനുഷ്യനെ പഠിപ്പിക്കാൻ പ്രവാചകന്മാരെ നിയോഗിച്ചത്. ക്വുർആൻ അവതരിപ്പിച്ചത് അതിനാണ്. മരണശേഷം ശാശ്വതമായ ഒരു ജീവിതമുണ്ടെന്നും അതിലെ രക്ഷയാണ് ജീവിതത്തിന്റെ ലക്ഷ്യമെന്നും അവൻ മനുഷ്യരാശിയെ അറിയിക്കുന്നു.

മനുഷ്യജീവിതം ഈ ഭൗതികലോകം കൊണ്ടുതന്നെ അവസാനിക്കുകയാണെന്ന് സങ്കൽപിക്കുക. മൃഗങ്ങളിൽനിന്നും പറവകളിൽനിന്നും പ്രാണികളിൽനിന്നും എന്തൊരു വ്യത്യാസമാണ് പിന്നെ മനുഷ്യനുള്ളത്? ഏതാനും സമയം ജീവിക്കുന്ന ഒരു കൊതുക് അല്ലെങ്കിൽ ഈച്ച അഥവാ ഏതാനും വർഷങ്ങൾ ജീവിക്കുന്ന ഒരു മൃഗം, ഇവയൊക്കെ ഒടുവിൽ നശിച്ചൊടുങ്ങുന്നു. അതുപോലെയാണോ ഒരുപാട് കഴിവുകളും പ്രതിഭയുമുള്ള മനുഷ്യനും? തിന്നുന്നു, കുടിക്കുന്നു, ഉറങ്ങുന്നു, രമിക്കുന്നു, ഒടുവിൽ മരിച്ചു മണ്ണോട് ചേരുന്നു, എങ്കിൽ എത്ര നിരാശാജനകമാണ് മനുഷ്യജീവിതം!

എന്തിനാണ് നന്മ ചെയ്യുന്നത്? എന്തിനാണ് തിന്മ ചെയ്യാതിരിക്കുന്നത്? കളവ്, കൊല, പടിച്ചുപറി, വ്യഭിചാരം...തുടങ്ങിയവ എന്തിനാണൊഴിവാക്കുന്നത്? അവയിലാണ് ആസ്വാദനവും സുഖവുമെങ്കിൽ അതൊക്കെ ചെയ്ത് ആനന്ദിച്ചുകൂടേ? ഇവിടത്തെ നിയമങ്ങളെയൊക്കെ മറികടക്കാൻ ഒരുപാട് മാർഗങ്ങളുണ്ട്. നന്മ ചെയ്യുന്നതുകൊണ്ട് മനസ്സിന് സുഖം കിട്ടുമെന്നാണ് പറയുന്നതെങ്കിൽ ആ സുഖം കൊണ്ട് എന്ത് നേട്ടമാണ് ആത്യന്തികമായി ഭൗതികലോകത്ത് കിട്ടുക?

അനന്തവിശാലമായ ഈ പ്രപഞ്ചം, കോടാനുകോടി ഗാലക്‌സികൾ, ദശലക്ഷക്കണക്കിന് ജീവികളുള്ള; എല്ലാവിധ സുഖസൗകര്യങ്ങളോടെയും ജീവിക്കാനനുയോജ്യമായ ഭൂമി, ഇവയെല്ലാം വെറുതെ സൃഷ്ടിച്ചതല്ല എന്ന് അവയെ സൃഷ്ടിച്ചവൻ പറയുന്നു. വ്യക്തമായ ഉദ്ദേശ്യലക്ഷ്യങ്ങളുണ്ട് ഈ സൃഷ്ടിപ്പിനു പിന്നിൽ.

“ആകാശങ്ങളെയും ഭൂമിയെ യും അവയ്ക്കിടയിലുള്ളതിനെയും നാം കളിയായിക്കൊണ്ട് സൃഷ്ടിച്ചതല്ല, ശരിയായ ഉദ്ദേശ്യത്തോടുകൂടിത്തന്നെയാണ് നാം അവയെ സൃഷ്ടിച്ചത്. തീർച്ചയായും ആ നിർണായക തീരുമാനത്തിന്റെ ദിവസമാകുന്നു അവർക്കെല്ലാമുള്ള നിശ്ചിത സമയം. അതെ, ഒരു ബന്ധു മറ്റൊരു ബന്ധുവിന് യാതൊരു പ്രയോജനവും ചെയ്യാത്ത, അവർക്ക് ഒരു സഹായവും ലഭിക്കാത്ത ഒരു ദിവസം. അല്ലാഹു ആരോട് കരുണകാണിച്ചുവോ അവർക്കൊഴികെ, നിശ്ചയമായും അവൻതന്നെയാകുന്നു പ്രതാപശാലിയും കരുണാവാരിധിയും’’ (അദ്ദുഖാൻ 38-42).

മരണശേഷം സ്രഷ്ടാവുമായി കണ്ടുമുട്ടും എന്നും അപ്പോൾ ജീവിതത്തിലെ കർമങ്ങളുടെ വിചാരണ നടത്തി രക്ഷയോ ശിക്ഷയോ വിധിക്കും എന്നുമുള്ള വിശ്വാസത്തെ അധിക മനുഷ്യരും തള്ളികളയുന്നവരാണെന്ന് ക്വുർആൻ വ്യക്തമാക്കുന്നു:

“അവരുടെ സ്വന്തത്തെപ്പറ്റി അവർ ചിന്തിച്ചുനോക്കിയിട്ടില്ലേ? ആകാശങ്ങളും ഭൂമിയും അവയ്ക്കിടയിലുള്ളതും ശരിയായ സത്യപ്രകാരവും നിർണിതമായ അവധിയോടുകൂടിയുമല്ലാതെ അല്ലാഹു സൃഷ്ടിച്ചിട്ടില്ല. തീർച്ചയായും മനുഷ്യരിൽ അധികപേരും തങ്ങളുടെ രക്ഷിതാവിനെ കണ്ടുമുട്ടുന്നതിൽ വിശ്വാസമില്ലാത്തവരത്രെ’’ (അർറൂം 8). ഭൂമിയും അതിലെ ചരാചരങ്ങളും കാടും മലയും പുഴയും എല്ലാം മനുഷ്യനു വേണ്ടിയാണ് സൃഷ്ടിച്ചിട്ടുള്ളത് എന്ന് ക്വുർആൻ ചൂണ്ടിക്കാണിക്കുന്നു: “അവനാകുന്നു നിങ്ങൾക്കുവേണ്ടി ഭൂമിയിലുള്ളതെല്ലാം സൃഷ്ടിച്ചുതന്നത്’’ (അൽബക്വറ 29).

സൗരയൂഥത്തിലെ ഇതര ഗ്രഹങ്ങളിലൊന്നും ഭൂമിയിലുള്ള ഒരു സൗകര്യവും സാഹചര്യവും ഇല്ല എന്നാണ് ഇതുവരെയുള്ള ഗവേഷണ പഠനങ്ങൾ വ്യക്തമാക്കുന്നത്. വായു, വെള്ളം പോലുള്ള ജീവന്റെ നിലനിൽപിന് അനിവാര്യമായ കാര്യങ്ങൾ അവിടെയൊന്നും ഇല്ലത്രെ. ഈ സൗകര്യങ്ങളെല്ലാം ഒരുക്കി മനുഷ്യനെ ഇവിടെ സൃഷ്ടിച്ചത് വ്യക്തമായ ഉദ്ദേശ്യത്തോടു കൂടിത്തന്നെയാണ്. പ്രവാചകന്മാരിലൂടെ അത്തരം കാര്യങ്ങൾ മനുഷ്യരെ അറിയിക്കുകയും ചെയ്തു.

മനുഷ്യരിൽ ചിലർ നന്മ പ്രവർത്തിക്കുന്നു. ചിലർ തിന്മ പ്രവർത്തിക്കുന്നു. ചിലർ നന്മയും തിന്മയും ചെയ്യുന്നു. വൻപാതകങ്ങൾ ചെയ്യുന്നവരുണ്ട്. സമൂഹത്തിനൊന്നാകെ ഉപകരിക്കുന്ന കാര്യങ്ങൾ ചെയ്യുന്നവരെയും കാണാം. അതുപോലെ വ്യാപക നാശംവരുത്തുന്ന കാര്യങ്ങൾ ചെയ്യുന്നവരുമുണ്ട്. തലമുറകൾക്ക് അപായം വരുത്തുന്ന കാര്യങ്ങൾ ചെയ്യുന്നവരുമുണ്ട്. നന്മ ചെയ്യുന്നവരും തിന്മ ചെയ്യുന്നവരും ഒരുപോലെയല്ല. സജ്ജനങ്ങൾ പല കഷ്ടപ്പാടിലും ദുരിതത്തിലും ജീവിക്കുന്നതായി നാം കാണുന്നു. ദുർജനങ്ങൾ സുഖങ്ങളാസ്വദിച്ചു ജീവിക്കുന്നതും കാണാം. ഓരോരുത്തർക്കും യഥാർഥത്തിൽ അവകാശപ്പെട്ടത് ലഭിക്കണം എന്ന് നാം ആഗ്രഹിക്കുന്നു. അതാണ് നീതി. തങ്ങളുടെ പ്രവർത്തനങ്ങളുടെ യഥാർഥ ഫലം അനുഭവിക്കുന്ന ഒരു സ്ഥലം വേണ്ടതല്ലേ?.

ഈ ലോകത്തെ നീതിന്യായ വ്യവസ്ഥകൾക്ക് പരിമിതികളുണ്ട്. തെളിവുകളില്ലെങ്കിൽ കുറ്റവാളി രക്ഷപ്പെടും. പണവും സ്വാധീനവുമുണ്ടെങ്കിൽ ഒട്ടുമിക്ക കുറ്റകൃത്യങ്ങളുടെ ശിക്ഷയിൽനിന്നും ഊരിച്ചാടാൻ ഇവിടെ പല വഴികളുമുണ്ട്. വേണ്ടത്ര പണവും മിടുക്കനായ വക്കീലും ഉണ്ടെങ്കിൽ ഇവിടത്തെ ശിക്ഷാ വ്യവസ്ഥയുടെ പിടുത്തത്തിൽനിന്ന് ഒഴിവാകാം. അപ്പോൾ യഥാർഥ നീതി നടപ്പാക്കുന്ന ഒരിടം വേണ്ടതല്ലേ?

ദീർഘകാലം ജയിൽശിക്ഷ അനുഭവിച്ച്, ഒടുവിൽ നിരപരാധിയാണന്നറിഞ്ഞു ശിക്ഷയിൽനിന്ന് മോചിപ്പിക്കപ്പെട്ട എത്രയോ അനുഭവങ്ങളുണ്ടായിട്ടുണ്ട്. അപ്രകാരം യഥാർഥ പ്രതികൾ രക്ഷപ്പെടുകയും നിരപരാധികൾ ശിക്ഷിക്കപ്പെടുകയും ചെയ്യാം. ഇഹലോകത്തെ അവസ്ഥ അങ്ങനെയൊക്കെത്തന്നെയാണ്. യഥാർഥ പ്രതികൾ കൃത്യമായ ശിക്ഷയനുഭവിക്കുന്ന ഒരു ലോകം ഉണ്ടാകേണ്ടതല്ലേ? അക്രമത്തിനിരയായവർക്ക് നീതി ലഭിക്കേണ്ടതില്ലേ?

സാധാരണ പറഞ്ഞു വരാറുള്ള ഒരു കാര്യമുണ്ട്; പത്തുപേരെ കൊന്നവനും നൂറുപേരെ കൊന്നവനും ആയിരംപേരെ കൊന്നവനും ഒരു വധശിക്ഷയേ ഈ ലോകത്ത് ലഭിക്കുകയുള്ളൂ എന്ന്. അതേ ഇവിടെ പ്രായോഗികമാകൂ. അത്രയേ ഈ ലോകത്ത് നടപ്പാക്കാൻ സാധിക്കുകയുള്ളൂ. പതിനായിരങ്ങളെയും ലക്ഷങ്ങളെയും കൊന്നൊടുക്കിയവർ ഈ ലോകത്ത് കഴിഞ്ഞുപോയിട്ടുണ്ട്. അവർക്ക് അർഹമായ ശിക്ഷ നീതിയോടെ നടപ്പാക്കേണ്ടതല്ലേ? അതുപോലെ തന്നെയാണ് അർഹമായത് ലഭിക്കാതെ പോകുന്ന സജ്ജനങ്ങളും. അവർ പ്രവർത്തിച്ച നന്മകൾ അംഗീകരിക്കപ്പെട്ട്, അവകാശപ്പെട്ട പ്രതിഫലം അവർക്ക് കിട്ടേണ്ടതില്ലേ?

ചുരുക്കത്തിൽ ഇതാണ്, മനുഷ്യൻ അവന്റെ ജീവിതത്തിൽ ചെയ്യുന്ന നല്ലതും ചീത്തയുമായ പ്രവൃത്തികൾക്ക് അർഹമായ പ്രതിഫലം ഭൂമിയിൽവെച്ച് ലഭിക്കുന്നില്ല. ലഭിക്കാൻ സാധ്യതയുമില്ല. ഓരോരുത്തനും അവന്റെ കർമഫലം അനുഭവിക്കണം. അതാണ് നീതിയും ന്യായവും. പ്രകൃതിയുടെ തേട്ടമതാണ്.

മനുഷ്യനെ സൃഷ്ടിച്ച പ്രപഞ്ചനാഥൻ അക്കാര്യം നിശ്ചയിക്കുകയും അത് മനുഷ്യരാശിയെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. സന്മാർഗവും ദുർമാർഗവും ഏതാണെന്ന് ദൈവദൂതന്മാരും വേദഗ്രന്ഥങ്ങളും മുഖേന ജനങ്ങളെ ബോധവൽകരിച്ചിട്ടുണ്ട്. സന്മാർഗം അവലംബിച്ചവൻ വിജയിക്കും. ദുർമാർഗം സ്വീകരിച്ചവൻ പരാജയപ്പെടും. മരണശേഷം മനുഷ്യരെ ഒന്നടങ്കം രണ്ടാമത് ജീവിപ്പിക്കും. ജീവിതത്തിലെ കർമങ്ങളുടെ അടിസ്ഥാനത്തിൽ വിചാരണനടത്തി രക്ഷയോ ശിക്ഷയോ വിധിക്കും. രക്ഷപ്പെട്ടവൻ സ്വർഗാവകാശിയാകും. ശിക്ഷിക്കപ്പെട്ടവാൻ നരകാവകാശിയാകും.

അല്ലാഹുവല്ലാതെ മറ്റൊരാരാധ്യനുമില്ലെന്നു പ്രഖ്യാപിക്കുന്നതിനോടൊന്നിച്ചാണ് ഇക്കാര്യം ക്വുർആൻ വ്യക്തമാക്കുന്നത്: “അല്ലാഹു, അവനല്ലാതെ യാതൊരു ആരാധ്യനുമില്ല, ഉയിർത്തെഴുന്നേൽപിന്റെ ദിവസത്തേക്ക് അവൻ നിങ്ങളെയെല്ലാം ഒരുമിച്ചുകൂട്ടുകതന്നെ ചെയ്യും, അതിൽ സംശയമേ ഇല്ല, അല്ലാഹുവെക്കാൾ സത്യസന്ധമായി വിവരം നൽകുന്നവൻ ആരുണ്ട്?’’ (അന്നിസാഅ് 87).

എല്ലാവർക്കും അവരുടെ കർമഫലങ്ങളുടെ പൂർണ പ്രതിഫലം നൽകപ്പെടുന്നത് മരണാനന്തര ജീവിതത്തിലാണ് എന്ന് ക്വുർആൻ ചൂണ്ടിക്കാണിക്കുന്നു: “ഏതൊരുദേഹവും മരണം ആസ്വദിക്കുന്നതാകുന്നു, നിങ്ങളുടെ പ്രതിഫലങ്ങൾ ഉയിർത്തെഴുന്നേൽപുനാളിൽ മാത്രമാണ് നിങ്ങൾക്ക് പൂർണമായി നൽകപ്പെടുന്നത്. അപ്പോൾ ആര് നരകത്തിൽനിന്ന് അകറ്റി നിർത്തപ്പെടുകയും സ്വർഗത്തിൽ പ്രവേശിപ്പിക്കപ്പെടുകയും ചെയ്യുന്നുവോ അവനാണ് വിജയം നേടുന്നത്. ഐഹിക ജീവിതം കബളിപ്പിക്കുന്ന ഒരു വിഭവമല്ലാതെ മറ്റൊന്നുമല്ല’’ (ആലുഇംറാൻ 185).

മരിച്ചു മണ്ണോട് ചേർന്നാൽ പിന്നെ എങ്ങനെ വീണ്ടും സൃഷ്ടിക്കും എന്ന ചോദ്യത്തിന് ക്വുർആൻ മറുപടി നൽകി. ആദ്യം സൃഷ്ടിച്ചവൻ രണ്ടാമതും സൃഷ്ടിക്കും. ഒരിക്കൽ പടച്ചുണ്ടാക്കിയവന് വീണ്ടുമൊരിക്കൽകൂടി പടക്കാനെന്താണ് പ്രയാസം എന്നാണ് ക്വുർആന്റെ ചോദ്യം.

നുരുമ്പിക്കഴിഞ്ഞ എല്ലിനെ പിന്നെയാര് രണ്ടാമതും ജീവിപ്പിക്കും എന്ന പരലോക വിശ്വാസിയുടെ ചോദ്യത്തിന് സൂറത്ത് യാസീനിൽ, ആദ്യം സൃഷ്ടിച്ചവൻതന്നെ രണ്ടാമതും സൃഷ്ടിക്കും എന്ന് മറുപടി പറഞ്ഞത് നേരത്തെ ഉദ്ധരിച്ചു. അതിനുശേഷം ക്വുർആൻ വ്യക്തമാക്കുന്നത് ശ്രദ്ധിക്കുക: “അവൻ എല്ലാതരം സൃഷ്ടിപ്പിനെ പറ്റിയും സൂക്ഷ്മമായി അറിവുള്ളവനത്രെ, പച്ചമരത്തിൽനിന്ന് തീ ഉണ്ടാക്കിയവനാകുന്നു അവൻ, അങ്ങനെ നിങ്ങളതാ അതിൽനിന്ന് തീ കത്തിച്ചെടുക്കുന്നു. ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചവൻ അവരെപ്പോലെയുള്ളവരെ സൃഷ്ടിക്കാൻ കഴിവുള്ളവനല്ലേ? അതെ, അവനത്രെ സർവവും സൃഷ്ടിക്കുന്നവനും എല്ലാം അറിയുന്നവനും. താൻ ഒരു കാര്യം ഉദ്ദേശിച്ചാൽ അതിനോട് ഉണ്ടാകൂ എന്ന് പറയുക മാത്രമാകുന്നു അവന്റെ കാര്യം, അപ്പോഴതാ അത് ഉണ്ടാകുന്നു’’(യാസീൻ 79-82).

മരണശേഷം മനുഷ്യനെ വീണ്ടും പടക്കാൻ അല്ലാഹുവിനു നിഷ്പ്രയാസം കഴിയും എന്നതിന് പച്ച മരത്തിൽനിന്നും തീയുണ്ടാക്കുന്നതിനെ സംബന്ധിച്ച് ചിന്തിക്കാനാണ് ആവശ്യപ്പെടുന്നത്. ആദി മനുഷ്യൻ തീയുണ്ടാക്കിയത് മരക്കഷണങ്ങൾ തമ്മിൽ ഉരസിയായിരുന്നത്രെ. ഓടകൾ തമ്മിലുരസിയാൽ തീയുണ്ടാകും. കാട്ടു തീ ഉണ്ടാകുന്നത് സർവ സാധാരണമാണ്.

ഈ വിഷയത്തിൽ മറ്റൊരു കാര്യം ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. പെട്രോൾ, ഡീസൽ, ഗ്യാസ് എന്നീ ഇന്ധനങ്ങൾ ഭൂമിയിൽനിന്ന് കുഴിച്ചെടുക്കുകയാണല്ലോ. മരങ്ങളുടെയും ജീവികളുടെയും ഫോസിലുകളാണവ. അതാണ് കാലക്രമേണ കത്തിക്കുന്ന ഇന്ധനമായിത്തീരുന്നത് എന്നർഥം. (വീട്ടിലെ അടുക്കളയിൽ ബാക്കിയാവുന്ന പച്ചക്കറിയും മറ്റു ആഹാരാവശിഷ്ടങ്ങളും ബയോ ഗ്യാസ് ഉണ്ടാക്കാൻ ഉപയോഗിക്കുന്നതും ഇപ്പോൾ വ്യാപകമായിട്ടുണ്ട്).

മരണാനന്തരം ഉയിർത്തെഴുന്നേൽപ് ഉണ്ടാവുകയില്ലെന്നു പറയുന്നവരോട് സമാവാത്തും അർദും (ആകാശങ്ങളും ഭൂമിയും) സൃഷ്ടിച്ചതിനെപ്പറ്റി ചിന്തിക്കാൻ ആവശ്യപ്പെടുകയാണ് ക്വുർആൻ. സമാഅ് എന്നാൽ ആകാശം, ഉപരിലോകം എന്നർഥം. അതിന്റെ ബഹുവചനമാണ് സമാവാത്ത്. ആകാശങ്ങൾ, ഉപരിലോകങ്ങൾ. അർദ് എന്നാൽ ഭൂമി. ഉപരിലോകങ്ങളും ഭൂമിയും പടച്ചു സംവിധാനിച്ചു നിയന്ത്രിക്കുന്നവന് മനുഷ്യനെ രണ്ടാമത് ഒന്നുകൂടി പടക്കാൻ എന്താണ് പ്രയാസം? ഇതാണ് ക്വുർആൻ ബുദ്ധിയുള്ള സകല മനുഷ്യരോടും ചോദിക്കുന്നത്. പരലോകം നിഷേധിക്കുന്നവരോട് ഗൗരവത്തിൽ ചോദിക്കുന്നു.

ഇക്കാര്യം ഖുർആനിൽ പലയിടങ്ങളിലായി വന്നിട്ടുണ്ട്: “ആകാശങ്ങളും ഭൂമിയും സൃഷ്ടിക്കുകയും അവയെ സൃഷ്ടിച്ചതുകൊണ്ട് ക്ഷീണിക്കാതിരിക്കുകയും ചെയ്ത അല്ലാഹു മരിച്ചവരെ ജീവിപ്പിക്കാൻ കഴിവുള്ളവൻ തന്നെയാണെന്ന് അവർക്ക് കണ്ടു മനസ്സിലക്കികൂടേ? അതെ, തീർച്ചയായും അവൻ എല്ലാ കാര്യങ്ങൾക്കും കഴിവുള്ളവൻതന്നെയാകുന്നു’’ (അഹ്ക്വാഫ് 33).

ആകാശഭൂമികളെ, അഥവാ പ്രപഞ്ചത്തെ സൃഷ്ടിച്ചതിനെപ്പറ്റി ചിന്തിക്കുവാനും ക്വുർആൻ മനുഷ്യരോട് ആഹ്വാനം ചെയ്യുന്നു. അനന്തവിശാലമായ ഈ മഹാപ്രപഞ്ചത്തിന്റെ ഘടനയെപ്പറ്റി മനസ്സിലാക്കിയവൻ മരണാനന്തരം മനുഷ്യരെ ജീവിപ്പിക്കും എന്നതിൽ ഒട്ടും സംശയിക്കില്ല.

(തുടരും)