മനുഷ്യവളർച്ച

ഡോ. ഷാനവാസ്, ഫ്ലോറിഡ

2023 ഡിസംബർ 09 , 1445 ജു.ഊലാ 25

(സൃഷ്ടിപ്പ്: മതം പറയുന്നത്; ശാസ്ത്രവും 8)

മറ്റെല്ലാ ജീവികളെക്കാളും കാര്യക്ഷമതയും ബുദ്ധിയുമുണ്ടെങ്കിലും വളരെ ദുർബലനായിക്കൊണ്ടാണ് മനുഷ്യൻ പിറന്നുവീഴുന്നത്. ഒരു നവജാതശിശുവിന് കരയാനും മുലപ്പാൽ നുകരാനുമല്ലാതെ കാര്യമായ മറ്റൊരു കഴിവുമില്ല. എന്നാൽ മനുഷ്യരല്ലാത്ത പല ജീവികളും ജനിച്ച് അൽപം കഴിഞ്ഞാൽ തന്നെ സ്വയം നടക്കുവാനും നീന്തുവാനും പറക്കുവാനുമൊക്കെ കഴിവുള്ളവയാണ്.

ശേഷം വളർച്ചയുടെ വിവിധ ഘട്ടങ്ങളിലൂടെ മനുഷ്യൻ കടന്നുപോവുകയും, കഴിവുകൾ ഓരോന്നായി നേടിയെടുക്കുകയും വളരെ കാര്യക്ഷമതയുള്ളവനായി മാറുകയും ചെയ്യുന്നു. എന്നാൽ ഒരു നിശ്ചിത പ്രായം കഴിഞ്ഞാൽ മനുഷ്യനെ വാർധക്യം പിടികൂടുകയും അവന്റെ ഓരോ കഴിവും ബുദ്ധിശക്തിയും മെല്ലെ മെല്ലെ കുറഞ്ഞുവരികയും ചെയ്യുന്നു.

യൗവനം നിലനിർത്തുക എന്നത് ഏതൊരു മനുഷ്യന്റെയും ആഗ്രഹമാണ്. ധാരാളം വ്യക്തികളും സംഘടനകളും പ്രായമാകലിനെക്കുറിച്ച് പഠിക്കാനും അത് തടയാനുള്ള മാർഗങ്ങൾ കണ്ടെത്തുവാനും വർഷംതോറും ധാരാളം പണം ചെലവഴിക്കുന്നുണ്ട്. അവയിൽ ഏറ്റവും പ്രധാനപ്പെട്ടവയാണ് ഗൂഗിളും (google calico) അമേരിക്കയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഏജിങ്ങും (US National Institute of Ageing).

“നിങ്ങളെ ബലഹീനമായ അവസ്ഥയിൽനിന്നു സൃഷ്ടിച്ചുണ്ടാക്കിയവനാകുന്നു അല്ലാഹു. പിന്നെ ബലഹീനതയ്ക്കു ശേഷം അവൻ ശക്തിയുണ്ടാക്കി. പിന്നെ അവൻ ശക്തിക്കു ശേഷം ബലഹീനതയും നരയും ഉണ്ടാക്കി. അവൻ ഉദ്ദേശിക്കുന്നത് അവൻ സൃഷ്ടിക്കുന്നു. അവനത്രെ സർവജ്ഞനും സർവശക്തനും’’ (30:54).

“വല്ലവന്നും നാം ദീർഘായുസ്സ് നൽകുന്നുവെങ്കിൽ അവന്റെ പ്രകൃതി നാം തലതിരിച്ചു കൊണ്ടുവരുന്നു. എന്നിരിക്കെ അവർ ചിന്തിക്കുന്നില്ലേ?’’(36:68).

“നാം ഉദ്ദേശിക്കുന്നതിനെ നിശ്ചിതമായ ഒരു അവധിവരെ നാം ഗർഭാശയങ്ങളിൽ താമസിപ്പിക്കുന്നു. പിന്നീട് നിങ്ങളെ നാം ശിശുക്കളായി പുറത്ത് കൊണ്ടുവരുന്നു. അനന്തരം നിങ്ങൾ നിങ്ങളുടെ പൂർണ ശക്തി പ്രാപിക്കുന്നതുവരെ (നാം നിങ്ങളെ വളർത്തുന്നു). (നേരത്തെ) ജീവിതം അവസാനിപ്പിക്കപ്പെടുന്നവരും നിങ്ങളുടെ കൂട്ടത്തിലുണ്ട്. അറിവുണ്ടായിരുന്നതിനു ശേഷം യാതൊന്നും അറിയാതാകുംവിധം ഏറ്റവും അവശമായ പ്രായത്തിലേക്ക് മടക്കപ്പെടുന്നവരും നിങ്ങളുടെ കൂട്ടത്തിലുണ്ട്’’(22:5).

മനുഷ്യർ ഉൾപ്പെടെ എല്ലാ ജീവികളിലും പ്രായമാകൽപ്രക്രിയ നടക്കുന്നു. മനുഷ്യരിൽ വിവിധ രോഗങ്ങൾ ഉണ്ടാകുവാനും അവയവങ്ങളുടെ പ്രവർത്തനങ്ങൾ തകരാറിലാകാനും പ്രായമാകൽ (ageing) സുപ്രധാന പങ്കുവഹിക്കുന്നു.

സാധാരണയായി, ഏതാണ്ട് 65 വയസ്സ് കഴിയുന്നതോടുകൂടി മനുഷ്യന്റെ തലച്ചോറിന്റെ പ്രവർത്തനക്ഷമത കുറഞ്ഞുവരുന്നു. അൾഷിമേഴ്‌സ് (alzhimers), പക്ഷാഘാതം (stroke), പാർക്കിൻസൺസ് (parkinsons), തലച്ചോറിന്റെ ചുരുക്കം (brain atrophy) എന്നീ രോഗങ്ങൾ ഇതിന് പ്രധാന കാരണമാകുന്നു. പ്രായം വർധിക്കുംതോറും ഈ ഓർമക്കുറവ് (dementia) കൂടുതൽ വ്യാപിക്കുന്നു.

പ്രായം വർധിക്കുന്നതിനനുസരിച്ച് മനുഷ്യരിൽ വരുന്ന മറ്റു മാറ്റങ്ങൾ താഴെ കൊടുക്കുന്നു.

തുടക്കത്തിൽ സൂചിപ്പിച്ചപോലെ, പ്രായമാകലിനെക്കുറിച്ച് ധാരാളം ഗവേഷണങ്ങൾ നടന്നിട്ടുണ്ട്. അവയുടെ അടിസ്ഥാനത്തിൽ പ്രധാനമായും രണ്ടു കാരണങ്ങൾകൊണ്ടാണ് പ്രായമാകൽ പ്രക്രിയ നടക്കുന്നതായി കണ്ടെത്തിയിട്ടുള്ളത്. അവ താഴെ വിശദീകരിക്കുന്നു:

കേടുപാടുകൾ സംഭവിക്കൽ (Damage Theory)

ഈ സിദ്ധാന്തം അനുസരിച്ച് പ്രായമാകലിന് പ്രധാനമായും താഴെപ്പറയുന്ന കാരണങ്ങളാണ് ഉള്ളത്:

1) ജനിതക ഘടനയിൽ (gene) വരുന്ന പെട്ടെന്നുള്ള മാറ്റങ്ങൾ (gene mutation & instability).

2) വളർച്ചാഹോർമോണുകളിൽ വരുന്ന വ്യതിയാനങ്ങൾ (Growth hormone & insulin like growth factor-1).

3) കോശങ്ങളിൽ (cells) നടക്കുന്ന ഊർജ ഉത്പാദനത്തിൽ (energy production / electron transport chain) വരുന്ന കുറവ്.

വ്യവസ്ഥാപിതമായ പ്രായമാകൽ (Programmed Ageing)

ഓരോ ജീവിയിലും പ്രായമാകലിന് വ്യവസ്ഥാപിതമായ ചില പ്രക്രിയകൾ ഉള്ളതായി ശാസ്ത്ര ലോകം കണ്ടെത്തിയിട്ടുണ്ട്. ഈ പ്രക്രിയക്കനുസരിച്ച് ജീവികളുടെ പ്രായദൈർഘ്യത്തിലുള്ള വ്യത്യാസവും നമുക്ക് കാണാൻ സാധിക്കും. നമുക്കുചുറ്റും മണിക്കൂറുകൾ മാത്രം പ്രായമുള്ള പ്രാണികൾ മുതൽ വർഷങ്ങളോളം പ്രായം വരുന്ന ജീവികളെയും കാണുന്നു.

1) ഈ പ്രക്രിയയിൽ സുപ്രധാനമായ ഒന്നാണ് ഡി.എൻ.എ മെഥിലേഷൻ (DNA methylation) എന്ന് പറയുന്നത്. ഇത് പ്രായമാകലിന്റെ ഒരു പ്രധാന കാരണമാണ്. എലികളിൽ നടത്തിയ ഒരു പരീക്ഷണ ത്തിൽ, അവയിൽ ഈ പ്രക്രിയ കൃത്രിമമായി നിർത്തിവച്ചു. അതിന്റെ ഫലമായി ആ എലികളിൽ അവയുടെ പ്രായം അവയുടെ കൂട്ടത്തിൽ പെട്ട മറ്റ് എലികളെക്കാൾ 30% വർധിക്കുകയുണ്ടായി.

2) പ്രായമാകലിന്റെ മറ്റൊരു പ്രധാന കാരണമാണ് വാർധക്യ കോശങ്ങളുടെ (senescent cells)സാന്നിധ്യം. ഈ കോശങ്ങൾ എല്ലാ ജീവികളിലും കാണപ്പെടുന്നു. എന്നാൽ പ്രായമാകുന്നതിനനുസരിച്ച് ഇവയുടെ എണ്ണം ശരീരത്തിൽ വർധിക്കുന്നു. ഈ കോശങ്ങൾ ഒരു പ്രത്യേക സ്രവം പുറപ്പെടുവിക്കുകയും അടുത്തുള്ള മറ്റു കോശങ്ങളെ നശിപ്പിക്കുകയും ചെയ്യുന്നു. പ്രായമാകുന്നതിനനുസരിച്ച് ഇവയുടെ എണ്ണം വർധിക്കുന്നതിനാൽ ഓരോരോ അസുഖങ്ങൾ പ്രായത്തിനനുസരിച്ച് രൂപപ്പെടുന്നു. പ്രായം വർധിക്കുന്നതിനനുസരിച്ചുള്ള കാഴ്ചക്കുറവ,് ഓർമക്കുറവ് എന്നിവ ഇതിന് ഉദാഹരണങ്ങളാണ്. എലികളിൽ നടത്തിയ ഒരു പരീക്ഷണത്തിൽ അവയിലെ വാർധക്യകോശങ്ങളെ കണ്ടെത്തി നീക്കം ചെയ്യുകയുണ്ടായി. ഇതിന്റെ ഫലമായി അവയുടെ പ്രായം മറ്റുള്ള എലികളെക്കാൾ വർധിച്ചതായി കണ്ടെത്തി.

3) ഇവയ്‌ക്കെല്ലാം പുറമെ മറ്റുപല കാരണങ്ങളും പ്രായമാകലിൽ സുപ്രധാന പങ്ക് വഹിക്കുന്നുണ്ട്. അവയിൽ പ്രധാനപ്പെട്ടവയാണ് ഹോർമോണുകളിൽ വരുന്ന മാറ്റങ്ങൾ (hormonal changes), ക്രോമസോമുകളുടെ ചെറുതാകൽ (telomere shortening) എന്നിവ.

ആർത്തവം

സ്ത്രീകളിൽ പൊതുവായി കാണപ്പെടുന്ന ലൈംഗിക ആവൃത്തിയെ (reproductive cycle) ആർത്തവം എന്ന് പറയുന്നു.

“ആർത്തവത്തെപ്പറ്റി അവർ നിന്നോട് ചോദിക്കുന്നു. പറയുക; അതൊരു മാലിന്യമാകുന്നു. അതിനാൽ ആർത്തവഘട്ടത്തിൽ നിങ്ങൾ സ്ത്രീകളിൽനിന്ന് അകന്നു നിൽക്കേണ്ടതാണ്. അവർ ശുദ്ധിയാകുന്നതു വരെ അവരെ സമീപിക്കുവാൻ പാടില്ല. എന്നാൽ അവർ ശുചീകരിച്ചു കഴിഞ്ഞാൽ അല്ലാഹു നിങ്ങളോട് കൽപിച്ച വിധത്തിൽ നിങ്ങൾ അവരുടെ അടുത്ത് ചെന്നുകൊള്ളുക. തീർച്ചയായും അല്ലാഹു പശ്ചാത്തപിക്കുന്നവരെ ഇഷ്ടപ്പെടുന്നു. ശുചിത്വം പാലിക്കുന്നവരെയും ഇഷ്ടപ്പെടുന്നു’’ (2:222).

ആർത്തവ കാലഘട്ടത്തെ പ്രധാനമായും നാലായി തിരിച്ചിരിക്കുന്നു. മെൻസ്ട്രൽ (menstrual), പ്രൊലിഫറേറ്റീവ് (proliferative), ഓവുലേറ്ററി (ovulatory), ലൂട്ടിയൽ (luteal) എന്നിവയാണവ. ഗർഭാശയ ഭിത്തികളിലും (uterin endometrium) അണ്ഡാശയത്തിലും (ovary) നടക്കുന്ന മാറ്റങ്ങൾ അനുസരിച്ചാണ് ആർത്തവകാലത്തെ ഇപ്രകാരം നാലു ഘട്ടങ്ങളായി തിരിച്ചിട്ടുള്ളത്.

ബീജസങ്കലനത്തിന്റെ (fertiliz ation) അഭാവം രക്തത്തിലെ ലൈംഗിക ഹോർമോണുകളിൽ (sex hormone) ചില ഏറ്റക്കുറച്ചിലുകൾ വരുത്തുന്നു. ഇതിന്റെ ഫലമായി ഗർഭാശയത്തിന്റെ ഏറ്റവും ഉള്ളിലെ ഭിത്തിയുടെ വളർച്ച നിൽക്കുന്നു. അതിനാൽ ഗർഭാശയസിരകളിലെ (uterine vein) ചീത്തരക്തവും ഗർഭാശയ ആവരണത്തിലെ പഴയകോശങ്ങളും (older cells)യോനിയിലെയും ഗർഭാശയമുഖത്തെയും (cervix) ദ്രാവകങ്ങളും ബാക്ടീരിയകളും പുറത്തുവരുന്നു. ഇതിനെയാണ് ആർത്തവം (menstruation) എന്നു പറയുന്നത്. ഈ പ്രക്രിയ വീണ്ടും ആവർത്തിച്ചുകൊണ്ടെയിരിക്കുന്നു (menstrual cycle).

ആർത്തവരക്തം സാധാരണ രക്തത്തിൽനിന്നും അൽപം വ്യത്യസ്തമാണ്. അതിൽ രക്തം കട്ടപിടിക്കാൻ സാധിക്കുന്ന ഘടകങ്ങളും (coagulation factors) ബിംബാണുക്കളും (platelets) വളരെ കുറവാണ്. അതുകൊണ്ടുതന്നെ സാധാരണ രക്തത്തെപോലെ പെട്ടെന്ന് കട്ടപിടിക്കില്ല.

ആർത്തവസമയത്ത് ഗർഭാശയത്തിൽ ധാരാളം മാറ്റങ്ങൾ സംഭവിക്കുന്നു. ഗർഭാശയത്തിന്റെ അകത്തെ ഭിത്തിയിലെ (endometrium) കോശങ്ങൾ നശിപ്പിക്കപ്പെടുക, യോനിയിലെ അസിഡിറ്റി (vaginal acidity) വർധിക്കുക, ഗർഭാശയമുഖം അൽപം താഴോട്ടിറങ്ങുക തുടങ്ങിയവ അതിൽ പ്രധാനപ്പെട്ടവയാണ്.

മേൽപ്പറഞ്ഞ കാരണങ്ങളാൽ ആർത്തവകാലഘട്ടത്തെ ലൈംഗികബന്ധം പ്രധാനമായും രണ്ടുതരത്തിലുള്ള പ്രശ്‌നങ്ങൾ സ്ത്രീകളിൽ ഉണ്ടാക്കുന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ലൈംഗികബന്ധത്തിൽകൂടി പകരുന്ന അണുബാധയാണ് (sexually transmitted disease). ആർത്തവ സമയത്ത് ഗർഭാശയഭിത്തിയിൽ ഉണ്ടാകുന്ന വിള്ളലുകളും ഗർഭാശയത്തിലെ ഉയർന്ന അമ്ലതയും (acidity) അണുബാധയുടെ സാധ്യത കൂട്ടുന്നു.

രണ്ടാമത്തെ പ്രശ്‌നം എന്റോമെട്രിയോസിസ് (endometriosis) എന്ന മറ്റൊരു അസുഖമാണ്. ഈ അസുഖമുള്ളവരിൽ ഗർഭാശയകോശങ്ങൾ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിൽ കാണപ്പെടുന്നു. അതിന്റെ ഫലമായി ആർത്തവ സമയത്ത് ആ ഭാഗങ്ങളിൽനിന്നും രക്തസ്രാവം കാണപ്പെടുന്നു. ആർത്തവ സമയത്ത് ചില സ്ത്രീകളുടെ മൂക്കിൽനിന്ന് രക്തസ്രാവം (epistaxis) ഉണ്ടാകുന്നത് ഇതിന് ഒരു ഉദാഹരണമാണ്.

ആർത്തവസമയത്ത് ഉണ്ടാകുന്ന സ്ത്രീപുരുഷ ബന്ധം ഗർഭാശയത്തിനകത്ത് സമ്മർദം വർധിപ്പിക്കുന്നു. ഇതിന്റെ ഫലമായി ഗർഭാശയ കോശങ്ങൾ ശരീരത്തിന്റെ മറ്റുഭാഗങ്ങളിലേക്ക് എത്താനുള്ള സാധ്യതയേറുന്നു. ഇത് എന്റോമെട്രിയോസിസ് (endometriosis) ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുന്നു.

(തുടരും)