ആഴക്കടലിലെ അന്ധകാരം

ഡോ. ടി. കെ യൂസുഫ്

2023 ജൂലൈ 01 , 1444 ദുൽഹിജ്ജ 13

അല്ലെങ്കില്‍ ആഴക്കടലിലെ ഇരുട്ടുകള്‍ പോലെയാകുന്നു. (അവരുടെ പ്രവര്‍ത്തനങ്ങളുടെ ഉപമ) . തിരമാല അതിനെ പൊതിയുന്നു. അതിനു മീതെ വീണ്ടും തിരമാല. അതിനു മീതെ കാര്‍മേഘം. അങ്ങനെ ഒന്നിനു മീതെ മറ്റൊന്നായി അനേകം ഇരുട്ടുകള്‍. അവന്‍റെ കൈ എടുത്താൽ അതുപോലും അവന്‍ കാണുമാറാകില്ല. അല്ലാഹു ആര്‍ക്ക് പ്രകാശം നല്‍കിയിട്ടില്ലയോ അവന്ന് യാതൊരു പ്രകാശവുമില്ല.- ക്വുർആൻ 24:40

പതിനെട്ടാം നൂറ്റാണ്ടുവരെ സമുദ്രങ്ങൾ മാനവസമൂഹത്തിന് ഒരു അജ്ഞാത ലോകമായിരുന്നു. ഗ്രീക്ക് പോലുളള പുരാതന നാഗരികതകൾ പരിശോധിക്കുകയാണെങ്കിൽ കടലുകളെക്കുറിച്ചുളള ഒട്ടനവധി അന്ധവിശ്വാസങ്ങളും കെട്ടുകഥകളും നമുക്ക് കാണാൻ കഴിയും. ആഴക്കടലിലെ വിവരങ്ങൾ അവർക്ക് സാങ്കൽപികമായ ചില ധാരണകൾ മാത്രമായിരുന്നു. അക്കാലത്ത് സമുദ്രങ്ങളിൽ ഇരുപത് മീറ്ററിലധികം മുങ്ങാൻ ആർക്കും കഴിഞ്ഞിരുന്നില്ല. പിന്നീട് ശ്വസിക്കാനുളള ഉപകരണം കണ്ടുപിടിച്ചതിന് ശേഷവും ഏറ്റവും വലിയ മുങ്ങൽ വിദഗ്ധർക്ക് പോലും മുപ്പത് മീറ്ററിലധികം ആഴത്തിൽ മുങ്ങാൻ കഴിഞ്ഞിരുന്നിരുന്നില്ല. കാരണം സമുദ്രാന്തർഭാഗത്തെ സമ്മർദം മുങ്ങുന്നവന്റെ ശരീരത്തിന്റെ സുസ്ഥിതി നഷ്ടപ്പെടുത്തുകയും ആഴക്കടലിലേക്കുളള സഞ്ചാരത്തിന് തടസ്സം സൃഷ്ടിക്കുകയും ചെയ്യും.

ആധുനിക ശാസ്ത്ര-സാങ്കേതിക വിദ്യയുടെ സഹായത്തോടുകൂടി കഴിഞ്ഞ മൂന്ന് നൂറ്റാണ്ടുകളിൽ നടത്തിയ പഠന ഗവേഷണ ഫലങ്ങൾ, സമുദ്രങ്ങളെത്തക്കുറിച്ച് ക്വുർആൻ പറഞ്ഞ കാര്യങ്ങളോട് തികച്ചും യോജിക്കുന്നതാണ്. സമുദ്രത്തിന് മുകൾപരപ്പ്, അടിത്തട്ട് എന്നിങ്ങനെ രണ്ട് തട്ടുകളുണ്ട് എന്ന വസ്തുതയാണ് അതിൽ ഏറ്റവും പ്രധാനപ്പെട്ടത്. സമുദ്രത്തിന്റെ മുകൾത്തട്ടിൽ മാത്രമെ സൂര്യപ്രകാശം കടന്നുചെല്ലുന്നുളളൂ. അടിത്തട്ടിലേക്ക് സൂര്യകിരണങ്ങൾ എത്തിച്ചേരുന്നില്ല. സമുദ്രജലത്തിന്റെ സാന്ദ്രത, സമ്മർദം എന്നീ കാര്യങ്ങളിലും ഈ രണ്ടു തട്ടുകളും തമ്മിൽ അന്തരമുണ്ട്. കടലിന്റെ ഈ രണ്ട് പാളികളെയും വേർതിരിക്കുന്ന ആന്തരിക തിരമാലകളുമുണ്ട്. ഈ ആന്തരിക തിരമാലകൾക്ക് നൂറുകണക്കിന് കിലോമീറ്റർ നീളവും ഏകദേശം നൂറു മീറ്റർ ഉയരവുമുണ്ട്. സമുദ്രത്തിന്റെ ആഴങ്ങളിലേക്ക് ചെല്ലുന്തോറും ഇരുട്ട് വർധിച്ചുവരികയും ആയിരം മീറ്റർ ആഴത്തിലെത്തുമ്പോൾ തീർത്തും ഇരുൾ മൂടിയതായിത്തീരുകയും ചെയ്യും. ആഴക്കടലിൽ ജീവിക്കുന്ന മത്സ്യങ്ങളും മറ്റു ജീവികളും അവയുടെ ശരീരത്തിൽ നിന്ന് പുറപ്പെടുവിക്കുന്ന ചില പ്രകാശങ്ങൾകൊണ്ടാണ് സഞ്ചരിക്കുന്നത്. ചുറ്റുപാടുകൾ തിരിച്ചറിയാൻ കാഴ്ചശക്തിയല്ലാതെ മറ്റു സംവേദനങ്ങൾ പ്രയോജനപ്പെടുത്തുന്ന ജീവികളുമുണ്ട്.

സൂര്യപ്രകാശത്തിലെ സപ്തവർണങ്ങൾക്കും വ്യത്യസ്ത രൂപത്തിലുളള തരംഗദൈർഘ്യമാണുളളത്. മുകൾപരപ്പിലെ തിരമാലകളെ ഭേദിക്കാൻതന്നെ അവയിൽ പലതിനുമാകുകയില്ല. ഇരുപത് മീറ്റർ ആഴത്തിൽ ചെന്നാൽ ചുവപ്പുവർണം അപ്രത്യക്ഷമാകും. ഒരു മുങ്ങൽ വിദ്ഗധന് ഇരുപത്തിയഞ്ച് മീറ്റർ ആഴത്തിലെത്തിയതിന് ശേഷം ശരീരത്തിൽ വല്ല മുറിവും പറ്റിയാൽ ആ മുറിവിൽനിന്ന് പുറത്തുവരുന്ന രക്തത്തിന് കറുപ്പ് നിറമായിരിക്കും കാണാൻ സാധിക്കുക. മുപ്പത് മീറ്റർ ആഴത്തിലെത്തിയാൽ ഓറഞ്ച് വർണവും അൻപത് മീറ്റർ ആഴത്തിൽ മഞ്ഞ വർണവും നൂറ് മീറ്റർ ആഴത്തിൽ പച്ചവർണവും നൂറ്റി ഇരുപത്തിയഞ്ച് മീറ്ററിൽ വയലറ്റ്, ഇൻഡിഗോ വർണങ്ങളും ആഗിരണം ചെയ്യപ്പെടും. എന്നാൽ സമുദ്രത്തിന്റെ ഉപരിതലത്തിൽ ഇരുനൂറ് മീറ്റർ ആഴത്തിൽവരെ നീല വർണം എത്തിപ്പെടാറുണ്ട്. ഇരുനൂറ് മീറ്റർ കഴിഞ്ഞാൽ പിന്നീട് ഇരുട്ട് ആരംഭിക്കുകയായി. അഞ്ഞുറിനും ആയിരത്തിനുമിടയിൽ ഇരുട്ടുകൾ കൂടിച്ചേർന്ന് കൂരിരുട്ടായിരിക്കും.

ആഴക്കടലിലെ അന്ധകാരത്തെക്കുറിച്ച് ക്വുർആൻ പറയുന്നത് ഇപ്രകാരമാണ്: ‘‘അല്ലെങ്കിൽ ആഴക്കടലിലെ ഇരുട്ടുകൾ പോലെയാകുന്നു (അവരുടെ പ്രവർത്തനങ്ങളുടെ ഉപമ). തിരമാല അതിനെ (ആഴക്കടലിനെ) പൊതിയുന്നു. അതിനു മീതെ വീണ്ടും തിരമാല. അതിനു മീതെ കാർമേഘം. അങ്ങനെ ഒന്നിനു മീതെ മറ്റൊന്നായി അനേകം ഇരുട്ടുകൾ. അവന്റെ കൈ പുറത്തേക്ക് നീട്ടിയാൽ അതുപോലും അവൻ കാണുമാറാകില്ല. അല്ലാഹു ആർക്ക് പ്രകാശം നൽകിയിട്ടില്ലയോ അവന്ന് യാതൊരു പ്രകാശവുമില്ല’’ (അന്നൂർ: 40).

മൂന്നുതരം ഇരുട്ടുകളെക്കുറിച്ചാണ് ഇവിടെ ക്വുർആൻ പ്രതിപാദിക്കുന്നത്. ഒന്ന,് ആന്തരിക തിരമാലകൾ. രണ്ട്, ബാഹ്യ തിരമാലകൾ. മൂന്ന്, മേഘങ്ങൾ. ഇവ മൂന്നും സമുദ്രാന്തർഭാഗത്തേക്ക് സൂര്യപ്രകാശം കടന്നുചെല്ലുന്നതിനെ തടയുന്ന മറകളാണ്. സമുദ്രത്തിൽ സാധാരണ നാം കാണപ്പെടുന്ന തിരമാലകളെക്കുറിച്ചല്ലാതെ ആന്തരിക തിരമാലകളെക്കുറിച്ച് മുമ്പ് ആളുകൾക്ക് അറിവുണ്ടായിരുന്നില്ല. ക്വുർആനിൽ ആഴക്കടലിലെ ഇരുട്ട് എന്നു പറഞ്ഞതിന് ശേഷം പറയുന്ന തിരമാല യഥാർഥത്തിൽ നാം കാണുന്ന ബാഹ്യതിരമാലകളല്ല, മറിച്ച് ആന്തരിക തിരമാലകളാണ്. അതിനുമീതെ വീണ്ടും തിരമാല എന്ന പദമാണ് ബാഹ്യതിരമാലയെ സൂചിപ്പിക്കുന്നത്. അതിനുമീതെ കാർമേഘം എന്നാണ് തുടർന്ന് പറയുന്നത്. ഇവ മൂന്നും തമ്മിൽ അനേക മീറ്ററുകൾ അകലവുമുണ്ട്.

ആന്തരിക തിരമാലകളെക്കുറിച്ചുളള അറിവ് നമുക്ക് ലഭിച്ചത് 1900ന് ശേഷമാണ്. എന്നാൽ സമുദ്രയാത്ര നടത്തിയിട്ടില്ലാത്ത മുഹമ്മദ് നബി ﷺ യിലൂടെ, സമുദ്രത്തെക്കുറിച്ച് ഒട്ടേറെ അന്ധവിശ്വാസങ്ങൾ നിലനിൽക്കുന്ന ഒരു കാലഘട്ടത്തിൽ ഇത്രയും കൃത്യവും സൂക്ഷ്‌വുമായ രൂപത്തിൽ വിവരങ്ങൾ വെളിപ്പെടുത്തിയത് ക്വുർആനിന്റെ ദൈവികതക്ക് ഒരു ദൃഷ്ടാന്തമാണ്.