മാർഗനിർദേശം നൽകപ്പെടേണ്ട യുവത

ഡോ. യാസ്മിൻ എം അബ്ബാസ്, പട്ടാമ്പി

2023 ഡിസംബർ 23 , 1445 ജു.ഉഖ്റാ 10

നിസ്സാരമായ ഒരു ബീജകണവും അണ്ഡവും കൂടിച്ചേർന്ന് ഭ്രൂണമായി ഗർഭപാത്രത്തിൽ അള്ളിപ്പിടിച്ച് വളർന്നു. പിന്നീട് പൂർണ വളർച്ചയെത്തിയ ഒരു ജീവനായി വാവിട്ടു കരഞ്ഞുകൊണ്ട് ഈ ഭൂമിയിലേക്ക് പിറന്നുവീണു. പിന്നീടങ്ങോട്ട് ശൈശവം, ബാല്യം, കൗമാരം, യൗവനം, വാർധക്യം... ഒടുവിൽ ജീവിത യാത്ര അവസാനിക്കുന്നു.

ജീവിതത്തിന്റെ വ്യത്യസ്ത ഘട്ടങ്ങളിൽ ഏറ്റവും കരുത്തുറ്റതും ഊർജസ്വലമായതും യുവത്വ ഘട്ടമാണ്. അത് ഒരു നാടിന്റെ പ്രതീക്ഷയാണ്. ഒരു കുടുംബത്തിന്റെ അത്താണിയാണ്. വരും തലമുറയുടെ വഴികാട്ടികയാണ്.

നല്ല ആരോഗ്യവും മെച്ചപ്പെട്ട വരുമാനമാർഗവും ശാന്തമായ കുടുംബാന്തരീക്ഷവും ഉണ്ടെങ്കിൽ യുവത്വം ഏറെ ആസ്വാദ്യകരമാണ്. എന്നാൽ സമകാലീന ലോകത്ത് ആസ്വാദനത്തിന്റെ അർഥതലങ്ങൾ പലപ്പോഴും വഴിമാറിപ്പോകുന്നു. യുവതലമുറയെ വഴിതെറ്റിക്കുന്ന ധാരാളം മേഖലകൾ തുറന്നുവയ്ക്കപ്പെട്ടിരിക്കുന്ന കാലഘട്ടമാണിത്.

ജീവിത തിരക്കുകൾക്കിടയിൽ പലപ്പോഴും സ്വന്തം കുടുംബത്തെ പോലും പരിഗണിക്കാൻ കഴിയാതെ പോകുന്നവരാണ് പലരും. ജീവിതയാത്രയിൽ കൂട്ടും കരുത്തുമായി കൂടെയുണ്ടാവും എന്ന പ്രതീക്ഷയിൽ കൂടെ ജീവിക്കുന്ന ഇണയെ പലപ്പോഴും പരിഗണിക്കാൻ സമയം കിട്ടാതെ വരുന്നവർ, തന്നെ കണ്ട സന്തോഷത്തിൽ വേഗത്തിൽ ഓടിയടുക്കുന്ന കുരുന്നു മക്കളെ വേണ്ടവിധം ചേർത്തുപിടിക്കാനും താലോലിക്കാനും സമയം കാണാതെ പോകുന്ന മാതാപിതാക്കൾ...പ്രോഗ്രസ് കാർഡിൽ ഒപ്പിടാനുള്ള ഒരു രക്ഷിതാവായി മാത്രം പല മാതാപിതാക്കളും ഒതുങ്ങിപ്പോകുന്നു...!

താനാകുന്ന വ്യക്തിയെ വാർത്തെടുക്കാൻ പ്രാർഥനയാലും പ്രവർത്തനങ്ങളാലും കൂടെ നിന്നവരാണ് മാതാപിതാക്കൾ. എന്നാൽ അവരുടെ വാർധക്യകാലത്ത് അടുത്തിരുന്ന് സാന്ത്വന വാക്കുകൾ പറയാനോ പരിചരിക്കാനോ ഉള്ള മനസ്സ് പലർക്കുമില്ല. സമയമില്ല എന്ന് സ്വയം ആശ്വസിക്കുകയാണവർ. എന്നാൽ എന്താണ് അവരുടെ തിരക്ക്? ജോലി, കച്ചവടം...! എന്തിന്? കുടുംബത്തിന്റെ സുസ്ഥിരമായ ഭാവിക്കുവേണ്ടി, സാമ്പത്തിക സുരക്ഷിതത്വത്തിനുവേണ്ടി. എന്നാൽ ഭാര്യയും മക്കളും മാതാപിതാക്കളുമൊക്കെ അതിയായി ആഗ്രഹിക്കുന്നത് തങ്ങളുടെ സ്‌നേഹവും സാമീപ്യവും കൂടിയാണെന്ന കാര്യം ഇവർ അറിയാതെ പോകുന്നു.

പ്രതിസന്ധികളിൽ പതറരുത്

മനുഷ്യായുസ്സിലെ ഏറ്റവും അനുഗൃഹീത കാലഘട്ടമായ യുവത്വത്തിൽ നേരിടേണ്ടിവരുന്ന പലവിധ പ്രതിസന്ധികൾക്ക് മുന്നിൽ പലരും പകച്ചുനിൽക്കുന്നതാണ് മറ്റൊരു വിഷയം. നൈമിഷികമായ ഐഹിക ജീവിതത്തിലെ പരീക്ഷണങ്ങൾക്കു മുമ്പിൽ അടിപതറി ഒരു കുപ്പി വിഷത്തിലോ ഒരു തുണ്ട് കയറിലോ തന്റെ ജീവിതം അവസാനിപ്പിക്കാൻ മാത്രം പല യുവതിയുവാക്കളുടെയും മനസ്സ് ദുർബലമാണ്. ആത്മഹത്യ തങ്ങളുടെ ജീവിത പ്രതിസന്ധി അവസാനിപ്പിക്കുന്നു എന്നാണോ അവർ വിചാരിക്കുന്നത്? നശ്വരമായ ഒരു പരലോക ജീവിതം വരാനിരിക്കുന്നു, അവിടെ തങ്ങളുടെ നന്മതിന്മകൾക്കനുസരിച്ചുള്ള രക്ഷാശിക്ഷകൾ ലഭിക്കുമെന്ന കാര്യത്തിൽ അവർക്ക് വിശ്വാസമില്ലേ? ആത്മഹത്യ ചെയ്യുന്നവർ, തങ്ങൾ ഈ ലോകത്ത് ബാക്കിവച്ചു പോകുന്ന ജീവിതമാറാപ്പുകൾ കൊണ്ട് തങ്ങളുടെ ഇണകളും കുഞ്ഞുങ്ങളും മറ്റും എത്രമേൽ പ്രയാസപ്പെടുമെന്ന കാര്യം അവർ ഓർക്കുന്നില്ലേ?

ലഹരി എന്ന ഭീകര വിപത്ത്

യുവതലമുറയെ വഴിതെറ്റിക്കാൻ പതിയിരിക്കുന്ന വല്ലാത്തൊരു വില്ലനാണ് ലഹരി. ഒരിക്കൽ മാത്രം രുചിച്ചു നോക്കാമെന്ന് കരുതി രുചിക്കുകയും പിന്നീട് ലഹരി എന്ന ഭീകരഗർത്തത്തിലേക്ക് കൂപ്പുകുത്തി വീഴുകയും ചെയ്യുന്നവർ ധാരാളമാണ്. കർമനിരതരായി കുടുംബത്തെ സംരക്ഷിക്കേണ്ട, സമൂഹത്തെ വഴിനടത്തേണ്ട, നാടിന്റെ നട്ടെല്ലായി മാറേണ്ട യുവത്വം സ്വയം നശിക്കുന്നു എന്നത് എന്തുമാത്രം ഖേദകരമാണ്!

സ്വതന്ത്രവാദം എന്ന ചതിക്കുഴി

യുവതലമുറയുടെ മുന്നിലുള്ള മറ്റൊരു അപകടമാണ് സ്വതന്ത്രവാദം. ‘എന്റെ ശരീരം, എന്റെ ഇഷ്ടം’ പോലുള്ള മുദ്രാവാക്യങ്ങളിൽ പലരും വീണുപോകുന്നു. തന്റെയീ ശരീരവും ജീവിതവും സ്വന്തം അഭിപ്രായപ്രകാരമോ ഇഷ്ടപ്രകാരമോ ലഭിച്ചതല്ലെന്ന യാഥാർഥ്യം അവർ മറന്നുപോകുന്നു. ബന്ധങ്ങളുടെ കെട്ടുകളിൽനിന്ന് മോചനം നേടുവാനും സുഖഭോഗങ്ങളിൽ ആറാടി ജീവിക്കുവാനുമാണ് സ്വതന്ത്രവാദികൾ ക്ഷണിക്കുന്നത്. ലൈംഗിക അരാചകത്വത്തിലേക്ക് അവർ കൂപ്പുകുത്തുന്നു.

എന്താണ് സ്വതന്ത്രവാദത്തിന്റെ പേരിൽ ഇവിടെ നടമാടിക്കൊണ്ടിരിക്കുന്നത്? ധാർമികതയുടെ സകല സീമകളും ലംഘിച്ചുള്ള മൃഗസമാന ജീവിതമാണ് സ്വതന്ത്രവാദക്കാർ ആഗ്രഹിക്കുന്നത്. അതിന് ഇസ്‌ലാം എതിരാണ്. അതിനെ മറികടക്കാൻ ഇസ്‌ലാമോഫോബിയയെ അവർ ആയുധമാക്കുന്നത് നാം കണ്ടുകൊണ്ടിരിക്കുന്നു. അറിഞ്ഞോ അറിയാതെയോ യുവതലമുറ അതിന്റെ ഉപഭോക്താക്കളായി മാറുന്നു.

അതിമഹത്തായ ഇസ്‌ലാമികാദർശത്തെ ആദർശംകൊണ്ട് നേരിടാൻ കഴിയാത്തവർ പരിഷ്‌കാരത്തിന്റെയും പുരോഗമനത്തിന്റെയും എതിരാളിയായി ഇസ്‌ലാമിനെ പരിചയപ്പെടുത്തുന്നു. തങ്ങളുടെ പൊള്ളയായ ചിന്തകളെ, തികച്ചും അധാർമികമായ കാര്യങ്ങളെ പുരോഗമനത്തിന്റെ അടയാളമായി പരിചയപ്പെടുത്തുന്നു. അതെ, സ്വതന്ത്ര ചിന്തകർ ഇസ്‌ലാം പഠിപ്പിക്കുന്ന ഇന്നതമൂല്യങ്ങളെ അപരിഷ്‌കൃതമെന്നു വരുത്തിത്തീർത്ത് അതുവഴി മുസ്‌ലിം യുവതയെ ഇസ്‌ലാമിൽനിന്നും വഴിതിരിച്ചുവിടാനുള്ള ശ്രമങ്ങൾ കാര്യമായിത്തന്നെ നടത്തിക്കൊണ്ടിരിക്കുന്നുണ്ട്.

ഉത്തരവാദിത്തങ്ങൾ ഏറെയുണ്ട്

പ്രായമേറി വരുന്ന മാതാപിതാക്കൾ, വളർന്നുവരുന്ന മക്കൾ, അവരുടെ വിദ്യാഭ്യാസം, ജീവിത സന്ധാരണ മാർഗങ്ങൾ...എല്ലാറ്റിലും ശ്രദ്ധ ചെലുത്തേണ്ടവരാണ് യുവസമൂഹം. സാമൂഹിക, സമകാലിക വിഷയങ്ങളിൽ അവർക്ക് ധാരണ വേണം. ഉത്തരവാദിത്തങ്ങൾ ഏറെയുള്ള കാലഘട്ടം തന്നെയാണ് യുവത്വം. മുന്നിൽ കാണുന്ന എല്ലാ വഴികളും തനിക്കുതകുന്നതല്ല എന്ന വ്യക്തമായ കാഴ്ചപ്പാടോടെ, ഏറെ ശ്രദ്ധയോടെ മുന്നോട്ട് നീങ്ങേണ്ട കാലഘട്ടം.

ലക്ഷ്യബോധമില്ലാത്ത ഒരു ജനതയ്ക്ക് ഒഴുക്കിനെതിരെ നീന്തുക എന്നത് പ്രയാസകരം തന്നെയാണ്. ചപ്പുചവറുകളുടെ കൂടെ കരയടുക്കുകയാണോ അതോ ഒഴുക്കിനെതിരെ നീന്തി യഥാർഥ ലക്ഷ്യം കൈവരിക്കുകയാണോ തങ്ങളുടെ ഉത്തരവാദിത്തം എന്ന് യുവത തിരിച്ചറിയെണ്ടതുണ്ട്. അതെ, യഥാർഥ ലക്ഷ്യബോധം പ്രധാനമാണ്. അതിനായി ഒരു പുനർവിചിന്തനം നടത്തേണ്ടതുണ്ട്.

യുവതികളും യുവാക്കളും ആലോചിക്കുക; സദാസമയവും തിരക്കിലായ നാം നമ്മുടെ സ്രഷ്ടാവിനോടടുക്കാൻ ചെലവഴിക്കുന്ന സമയം എത്രയാണ്? അഞ്ചുനേരത്തെ നിർബന്ധ നമസ്‌കാരം യഥാസമയം നിർവഹിക്കാൻ നാം സമയം കണ്ടെത്താറുണ്ടോ? ടിവിയുടെയും മൊബൈലിന്റെയും സ്‌ക്രീനിനു മുന്നിൽ ഓരോ ദിവസവും മണിക്കൂറുകൾ ചെലവഴിക്കുന്ന നമ്മൾ സ്രഷ്ടാവിന്റെ തൃപ്തി നേടാനായി, അവനോട് തന്റെ പ്രയാസങ്ങൾ തുറന്നുപറയാനും ഭാരങ്ങൾ ഇറക്കിവയ്ക്കാനുമായി എത്ര മിനുട്ട് ചെലവഴി ക്കുന്നുണ്ട്? നൈമിഷികമായ ഈ ലോകത്തിന്റെ നഷ്ടങ്ങളുടെ പേരിൽ കണ്ണുനീർ പൊഴിച്ച കണ്ണുകൾ, വരാനിരിക്കുന്ന പരലോകത്തെ കുറിച്ചോർത്ത് എപ്പോഴെങ്കിലും കരഞ്ഞിട്ടുണ്ടോ?

ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം പരലോകത്തിലുള്ള അചഞ്ചലമായ വിശ്വാസം അനിവാര്യമാണ്. നന്മതിന്മകൾക്ക് പ്രതിഫലം നൽകപ്പെടുന്ന ലോകം. സർവശക്തൻ നമ്മെ വൃഥാ സൃഷ്ടിച്ചതല്ലെന്നും വരാനിരിക്കുന്ന ആ നാളേക്കായാണ് നാം ഇവിടെ കർമനിരതരാവേണ്ടത് എന്നും നമുക്ക് തിരിച്ചറിവ് ഉണ്ടാകേണ്ടതല്ലേ?

മരണം അവസാനമല്ല

മരണം ഒരിക്കലും ഒരു അവസാനമല്ല. മറിച്ച് വരുംലോകത്തിന്റെ തുടക്കം മാത്രം! എന്നിരിക്കെ ആ യാത്രക്കുള്ള വിഭവമായി എന്താണ് നാം കരുതിവച്ചിട്ടുള്ളത്? അനന്തമായ ആ ജീവിതത്തിന്റെ മുന്നൊരുക്കം മാത്രമാണ് ഈ ജീവിതം എന്ന തിരിച്ചറിവ് നമ്മെ കണ്ണുതുറപ്പിക്കേണ്ടതാണ്.

സ്വജീവിതംകൊണ്ട് മാതൃക കാണിച്ച പ്രവാചകന്റെﷺ അനുയായികളാണ് നാം. ഇഹപര വിജയത്തിനാവശ്യമായതെല്ലാം അവിടുന്ന് വിശുദ്ധ ക്വർആനിന്റെ വെളിച്ചത്തിൽ പറഞ്ഞുതന്നിട്ടുണ്ട്. അതെല്ലാം പഠിച്ചറിഞ്ഞ് സ്വജീവിതം നന്നാക്കിയെടുക്കുകയും പരലോക വിജയത്തിന് അർഹത നേടിയെടുക്കുകയും കുടുംബത്തിനും നാടിനും ദീനിനും ഉപകാരമുള്ളവരായി മാതൃകയാവുകയും ചെയ്യുകയാണ് തങ്ങളുടെ കടമ എന്ന് യുവസമൂഹം തിരിച്ചറിയുക.

നമ്മുടെ ഇഷ്ടത്തിനനുസരിച്ചോ സമ്മതപ്രകാരമോ അല്ല നാം ജനിച്ചതെങ്കിൽ പിന്നെ, നമ്മെ സൃഷ്ടിച്ച സ്രഷ്ടാവിന്റെ പക്കൽനിന്നും അവതരിക്കപ്പെട്ട മാർഗനിർദേശം അനുസരിച്ച് ജീവിക്കുക എന്നത് തികച്ചും ന്യായമായ കാര്യമല്ലേ?