സകാത്തും നിലനിൽക്കുന്ന ദാനധർമവും

സയ്യിദ് സഅ്ഫർ സ്വാദിഖ് മദീനി

2023 ഏപ്രിൽ 15, 1444 റമദാൻ 24

(സമ്പത്തും സത്യവിശ്വാസിയും - 2)

മരണശേഷവും ഒഴുകുന്ന ദാനധർമങ്ങൾ

നബി ﷺ പറഞ്ഞു: “മനുഷ്യൻ മരണപ്പെട്ടാൽ അവന്റെ കർമങ്ങൾ മുറിഞ്ഞുപോയി; മൂന്ന് കാര്യങ്ങളൊഴിച്ച്. നിലനിൽക്കുന്ന ദാനധർമം, ഉപകാരപ്പെടുന്ന അറിവ്, അവനുവേണ്ടി പ്രാർഥിക്കുന്ന സദ്‌വൃത്തനായ മകൻ’’ (മുസ്‌ലിം).

മരണപ്പെട്ടാൽ കർമങ്ങൾ മുറിഞ്ഞുപോകും. താനും തന്റെ കർമങ്ങളും ക്വബ്‌റിൽ അവശേഷിക്കും. അല്ലാഹുവിന്റെ അപാരമായ അനുഗ്രഹത്താൽ, മരണപ്പെട്ടാലും മുറിഞ്ഞുപോകാത്ത ചില കർമങ്ങൾ നമുക്ക് പ്രവാചകനിലൂടെ പഠിപ്പിച്ച് തന്നിരിക്കുന്നു. ഐഹിക ജീവിതകാലത്ത് ചെയ്ത ആ സൽകർമങ്ങളുടെ ഫലം പ്രതിഫലത്തിന്റെ ലോകത്തേക്ക് അണമുറിയാതെ ഒഴുകിക്കൊണ്ടിരിക്കും, അതാണ് അല്ലാഹു പറയുന്നത്: “തീർച്ചയായും നാം തന്നെയാണ് മരിച്ചവരെ ജീവിപ്പിക്കുന്നത്. അവർ ചെയ്തുവച്ചതും അവരുടെ (പ്രവർത്തനങ്ങളുടെ) അനന്തരഫലങ്ങളും നാം എഴുതിവയ്ക്കുകയും ചെയ്യുന്നു. എല്ലാകാര്യങ്ങളും വ്യക്തമായ ഒരു രേഖയിൽ നാം നിജപ്പെടുത്തിവച്ചിരിക്കുന്നു’’ (ക്വർആൻ 36: 12).

അനസ്(റ) നിവേദനം, നബി ﷺ പറഞ്ഞു: “മരണശേഷവും തന്റെ ക്വബ്‌റിലേക്ക് പ്രതിഫലം ഒഴുകി ക്കൊണ്ടിരിക്കുന്ന ഏഴ് കാര്യങ്ങളുണ്ട്. ആരെങ്കിലും ഒരു അറിവ് പഠിപ്പിച്ചുകൊടുത്താൽ, അല്ലെങ്കിൽ ഒരു നദി ഒഴുക്കിയാൽ, അല്ലെങ്കിൽ ഒരു കിണർ കുഴിച്ച് കൊടുത്താൽ, അല്ലെങ്കിൽ ഒരു ചെടി നട്ടാൽ, അല്ലെങ്കിൽ ഒരു പള്ളി നിർമിക്കുകയോ ഒരു മുസ്വ‌്‌ഹഫ്അനന്തരമായി നൽകുകയോ തന്റെ മരണശേഷം തനിക്ക് വേണ്ടി ഇസ്തിഗ്ഫാർ നടത്തുന്ന ഒരു സന്താനത്തെ വിട്ടേച്ച് പോവുകയോ ചെയ്താൽ (ഇവയുടെ പ്രതിഫലം തന്റെ ക്വബ്‌റിലേക്ക് ഒഴുകിക്കൊണ്ടിരിക്കും).’’

ഇവയിൽ സാധിക്കുന്ന കാര്യം ചെയ്യാൻ നാം സന്നദ്ധമാവുക, എങ്കിൽ മരണശേഷം ക്വബ്‌റിൽ ഇവയുടെ പ്രതിഫലം നമുക്ക് കൂട്ടിനുണ്ടാവും. മരണം തേടിയെത്തുന്നതിനു മുന്നേ അവസരങ്ങൾ പ്രയാജനപ്പെടുത്തുക.

മനുഷ്യർക്ക് ഇരുലോകത്തും രക്ഷ ലഭിക്കുന്ന വിജ്ഞാനം പഠിപ്പിച്ചുകൊടുക്കുക, പഠിപ്പിക്കാനാവ ശ്യമായ സഹായ സഹകരണങ്ങൾ ചെയ്യുക; പുസ്തകങ്ങൾ, ലഘുലേഖകൾ തുടങ്ങിയവയുടെ രചന നടത്തുക, പ്രിന്റ് ചെയ്യുക, അതിന് സാമ്പത്തിക സഹായം നൽകുക, വിതരണം നടത്തുക പോലെയുള്ളവയെല്ലാം ഇതിൽ പെടും. ആധുനിക കാലത്ത് സാമൂഹ്യ മാധ്യമങ്ങളിലൂടെ ജനങ്ങൾക്ക് ഉപകാരപ്രദമായ കാര്യങ്ങൾ പ്രചരിപ്പിക്കലും ഇതിൽ ഉൾപ്പെടും. ഒരു പ്രദേശത്ത് ജനങ്ങൾക്ക് ഉപകാരപ്രദമായ രൂപത്തിൽ ലൈബ്രറി സ്ഥാപിക്കുക, അതിന് വേണ്ട സഹായസഹകരണങ്ങൾ നൽകുക തുടങ്ങിയവയെല്ലാം അറിവ് പകർന്നുകൊടുക്കുക എന്നതിൽ പെടും.

ജനങ്ങൾക്ക് കുടിക്കാനും ജലസേചനത്തിനും മറ്റും ഉപകാരപ്രദമായ രൂപത്തിൽ ഒരു നദി ഒഴുക്കിയാൽ, അതിൽനിന്ന് ഒരു പക്ഷിയോ മൃഗമോ വെള്ളം കുടിച്ചാൽ പോലും അതിനെല്ലാം പ്രതിഫലം ലഭിക്കും. അതുണ്ടാക്കിയവനും സഹായിച്ചവർക്കും സഹകരിച്ചവർക്കും പ്രേരണ നൽകിയവർക്കുമെല്ലാം അവരുടെ മരണശേഷവും പ്രതിഫലം ലഭിച്ചുകൊണ്ടിരിക്കും. ഇതുപോലെയാണ് കിണർ കുഴിച്ച് കൊടുക്കുന്നതും. ഇതിന്റെ പ്രതിഫലം എത്രമാത്രമുണ്ടെന്ന് തെളിയിക്കുന്ന ഒരു ഹദീസ് കാണുക:

അബൂഹുറയ്‌റ (റ) നിവേദനം, നബി ﷺ പറ ഞ്ഞു: “ഒരാൾ യാത്രയിലായിരിക്കെ കഠിനമായ ദാഹം വന്നു, അദ്ദേഹം ഒരു കിണർ കണ്ടു. അതിലിറങ്ങി വെള്ളം കുടിച്ച് ദാഹം ശമിപ്പിച്ചു പുറത്ത് കടന്നപ്പോൾ ഒരു നായ കഠിനമായ ദാഹംകൊണ്ട് മണ്ണ് കപ്പുന്നതായി കണ്ടു. അപ്പോൾ ആ മനുഷ്യൻ പറഞ്ഞു: ‘എനിക്ക് അനുഭവപ്പെട്ട ദാഹംപോലെ ഈ നായക്കും ദാഹിക്കുന്നുവല്ലോ.’ അങ്ങനെ അദ്ദേഹം വീണ്ടും കിണറ്റിലിറങ്ങി തന്റെ ഷൂ അഴിച്ച് അതിൽ വെള്ളം നിറച്ച് നായയെ കുടിപ്പിച്ചു. അദ്ദേഹത്തിന് അല്ലാഹു നന്ദി കാണിക്കുകയും പാപങ്ങൾ പൊറുത്തുകൊടുക്കുകയും ചെയ്തു. സ്വഹാബികൾ ചോദിച്ചു: ‘അല്ലാഹുവിന്റെ റസൂലേ, മൃഗങ്ങളിലും നമുക്ക് പ്രതിഫലം ലഭിക്കുമോ?’ അവിടുന്ന് പറഞ്ഞു: ‘പച്ചക്കരളുള്ള ഓരോന്നിലും നമുക്ക് പ്രതിഫലമുണ്ട്.’’

ഇത് ഒരു നായയെ വെള്ളം കുടിപ്പിച്ചതിന്റെ പ്രതിഫലമാണെങ്കിൽ വെള്ളം ലഭിക്കാനുള്ള കിണർ കുഴിച്ചവന് എന്തുമാത്രം പ്രതിഫലമുണ്ടാകും!

വൃക്ഷങ്ങളുടെ നേതാവാണ് ഈത്തപ്പന. അതിന് മഹത്ത്വമുണ്ട്, ജനങ്ങൾക്ക് ഏറെ പ്രയോജന പ്രദവുമാണ് ആ മരം. ആരെങ്കിലും ഒരു ഈത്തപ്പന പൊതുജനങ്ങൾക്കായി വച്ചുപിടിപ്പിച്ചാൽ അതിൽ നിന്ന് ആരൊക്കെ ഭക്ഷിച്ചാലും, ഏതൊക്കെ പക്ഷികൾ തിന്നാലും അത് നിലനിൽക്കുന്ന കാലമത്രയും പ്രതിഫലം ക്വബ്‌റിലേക്ക് ഒഴുകിക്കൊണ്ടിരിക്കും.

ഭൂമിയിൽ അല്ലാഹുവിന് ഏറ്റവും ഇഷ്ടമുള്ള സ്ഥലമായ പള്ളി ആരെങ്കിലും നിർമിച്ചാൽ സ്വർഗത്തിൽ ഒരു വീട് ലഭിക്കുന്നതോടൊപ്പം അതിൽ നിസ്‌കാരം നിർവഹിക്കപ്പെടുന്ന കാലമത്രയും ഓരോ വ്യക്തിയുടെയും നിസ്‌കാരത്തിന്റെയും ക്വുർആൻ പാരായണത്തിന്റെയും ദിക്‌റിന്റെയും ദുആഇന്റെയുമെല്ലാം പ്രതിഫലം ക്വബ്‌റിലേക്ക് ഒഴുകിക്കൊണ്ടിരിക്കും. ഇതുപോലെ തന്നെയാണ് ഒരാൾ ഒരു മുസ്വ‌്‌ഹഫ് വക്വ‌്ഫ് ചെയ്താലും. അതുപയോഗിച്ച് ആരൊക്കെ പാരായണം ചെയ്യുന്നുവോ അതിനൊക്കെ വക്വ‌്ഫ് ചെയ്തയാൾക്ക് പ്രതിഫലം ലഭിച്ചുകൊണ്ടിരിക്കും. മക്കളെ നമ്മൾ സ്വാലിഹുകളായി വളർത്തിയാൽ അവർ ഉപകാരപ്പെടും. അവരുടെ പാപമോചന തേട്ടത്തിന്റെ സ്വാധീനം നമുക്ക് ക്വബ്‌റിൽ ഉപകാരപ്പെടും. ഒരു ഹദീസ് കൂടി കാണുക:

അബൂഹുറയ്‌റ(റ) നിവേദനം, അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു: “ഒരു വിശ്വാസിയുടെ മരണ ശേഷം അവന്റെ പ്രവർത്തനങ്ങളിൽനിന്നും നന്മകളിൽനിന്നും അവന്റെ കൂടെ ചേരുന്നത്; പഠിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത അറിവ്, വിട്ടേച്ചുപോയ സ്വാലിഹായ സന്താനം, അനന്തരമായി വിട്ടേച്ച മുസ്വ‌്‌ഹഫ്, നിർമിച്ച പള്ളി, വഴിയാത്രക്കാർക്കായി നിർമിച്ച സത്രം, ഒഴുക്കപ്പെട്ട നദി, ജീവിത കാലത്ത് ആരോഗ്യമുള്ള സമയത്ത് നൽകിയ ദാനധർമങ്ങൾ തുടങ്ങിയവയായിരിക്കും.’’

സ്വഹാബികളുടെ അവസ്ഥ കാണുക; ഉമറുബ്‌നുൽ ഖത്വാബ്(റ) പറഞ്ഞു: “ഒരു ദിവസം ഞങ്ങളോട് ദാനം ചെയ്യാനായി നബി ﷺ കൽപിച്ചു. ആ സമയം എന്റെയടുത്ത് അൽപം സമ്പത്തുണ്ടായിരുന്നു. ഞാൻ സ്വയം പറഞ്ഞു: ‘ഇന്ന് അബൂബക്‌റി(റ)നെ ഞാൻ മുൻകടക്കും.’ അങ്ങനെ ഞാൻ എന്റെ സമ്പത്തിന്റെ പകുതിയുമായി ചെന്നു. അപ്പോൾനബി ﷺ ചോദിച്ചു: ‘നീ കുടുംബത്തിന് വേണ്ടി എന്താണ് അവശേഷിപ്പിച്ചത്?’ ഞാൻ പറഞ്ഞു: ‘ഇത്ര സമ്പത്ത്.’ അപ്പോൾ അബൂബക്ർ(റ) തന്റെ മുഴുവൻ സമ്പത്തുമായി വന്നു, അവിടുന്ന് അബുബക്‌റി(റ)നോട് ചോദിച്ചു: ‘കുടുംബത്തിനു വേണ്ടി എന്താണ് അവശേഷിപ്പിച്ചത്?’ അദ്ദേഹം പറഞ്ഞു: ‘കുടുംബത്തിന് വേണ്ടി അല്ലാഹുവിനെയും അവന്റെ റസൂലിനെയുമാണ് അവശേഷിപ്പിച്ചത്.’ ഞാൻ പറഞ്ഞു: ‘ഒരു കാര്യത്തിലും താങ്കളെ മുൻകടക്കാൻ എനിക്ക് സാധ്യമല്ല’’ (അബൂദാവൂദ്, തിർമിദി).

സകാത്ത്

സകാത്തുമായി ബന്ധപ്പട്ട ചില കാര്യങ്ങൾ കഴിഞ്ഞ ലക്കത്തിൽ നാം മനസ്സിലാക്കി.

സകാത്ത് നിയമമാക്കിയതിലുള്ള തത്ത്വം:

1. സകാത്തും നിസ്വാബും

സകാത്ത് നിർബന്ധമാകാനുള്ള നിശ്ചിത തോതാണ് നിസ്വാബ്. നിസ്വാബ് എത്തിയ ധനത്തിൽ നിന്നും നൽകേണ്ടതാണ് സകാത്ത്.

നിർബന്ധമാകാനുള്ള നിബന്ധന:

1. മുസ്‌ലിമാവുക.

2. സ്വതന്ത്രനാവുക.

3. നിസ്വാബ് എത്തുക. (സകാത്ത് നിർബന്ധമാകാനുള്ളത്ര സമ്പത്ത് ഉടമപ്പെടുത്തുക).

4. പൂർണമായി ഉടമപ്പെടുത്തുക (സ്വതന്ത്രമായി കൈകാര്യം ചെയ്യാവുന്ന രൂപത്തിൽ).

5. വർഷം തികയുക (ഭൂമിയിൽനിന്ന് ലഭിക്കുന്നതിന് ഈ നിബന്ധന ബാധകമല്ല).

സകാത്ത് നിർബന്ധമാകുന്ന സമ്പത്തുക്കൾ

1. കാലികൾ.

2. ഭൂമിയിൽനിന്ന് ലഭിക്കുന്നവ.

3. സ്വർണവും വെള്ളിയും.

4. കച്ചവട ചരക്കുകൾ.

മേൽ പറഞ്ഞവയ്ക്ക് സകാത്ത് നിർബന്ധമാകണമെങ്കിൽ അതി നോട് യോജിച്ച് വരുന്ന നിബന്ധനകൾ മുഴുവനും പൂർണമാവേണ്ടതുണ്ട്.

അല്ലാഹു സമ്പത്തിന് സകാത്ത് നിർബന്ധമാക്കിയിട്ടുള്ളത് അത് ലഭിക്കുവാൻ ചെലവഴിക്കുന്ന അധ്വാനത്തിനും ചെലവിനും അനുസരിച്ചാണ്. നിധികൾക്ക് അല്ലാഹു അതിന്റെ അഞ്ചിലൊന്ന് (ഇരുപത് ശതമാനം) സകാത്ത് നൽകണമെന്ന് നിയമമാക്കിയിട്ടുണ്ട്. കാരണം അതിന് യാതൊരു ചെലവുമില്ല. മഴവെള്ളമുപയോഗിച്ചാണ് കൃഷി ചെയ്യുന്നതെങ്കിൽ അതിന് ചെലവ് കുറച്ച് മാത്രമേയുള്ളൂ. ആയതിനാൽ അതിന് അഞ്ചിലൊന്നിന്റെ പകുതി (പത്ത് ശതമാനം) സകാത്ത് നൽകണം. എന്നാൽ നനച്ചുകൊണ്ടാണ് ഉണ്ടാക്കുന്നതെങ്കിൽ അതിന് അഞ്ചിലൊന്നിന്റെ നാലിലൊന്ന് (അഞ്ച് ശതമാനം) സകാത്ത് നൽകിയാൽ മതി. ചെലവും അധ്വാനവും കൂടിയ കച്ചവടത്തിനും സമ്പത്തിനും നൽകേണ്ട സകാത്ത് അഞ്ചിലൊന്നിന്റെ എട്ടിലൊന്നാണ്. (രണ്ടര ശതമാനം). കാരണം അതിന് വളരെയധികം അധ്വാനിക്കേണ്ടതുണ്ട്.

സ്വർണത്തിന്റെ നിസ്വാബ്

സ്വർത്തിന്റെ നിസ്വാബ് 20 മിസ്‌ക്വാൽ ആണ്. കർമശാസ്ത്ര പണ്ഡിതൻമാരുടെ അഭിപ്രായ പ്രകാരം മിസ്‌ക്വാൽ 72 ഗോതമ്പുമണിയുടെ തൂക്കം വരും. 41/4 ഗ്രാമിന് തുല്യമാണത്. 20 മിസ്‌ക്വാൽ 85 ഗ്രാം വരും.

വെള്ളിയുടെ നിസ്വാബ്

വെള്ളിയുടെ നിസ്വാബ് അഞ്ച് അവാക്വ് ആണ്. ഇത് 140 മിസ്‌ക്വാൽ വെള്ളിക്ക് തുല്യമാണ്. 200 ദിർഹമിന് തുല്യവുമാണിത്. അതായത് 595 ഗ്രാം. നബി ﷺ പറയുന്നു: “അഞ്ച് അവാക്വിന് താഴെയുള്ളതിന് സകാത്ത് ഇല്ല’’ (ബുഖാരി, മുസ്‌ലിം)

കറൻസിയുടെ നിസ്വാബ്

ഓരോ രാജ്യവും ക്രയവിക്രയം ചെയ്തുകൊണ്ടിരിക്കുന്ന കറൻസി ധനമായതിനാലും, നമ്മുടെ കാലഘട്ടത്തിൽ സ്വർണനാണയങ്ങൾക്കും വെള്ളിനാണയങ്ങൾക്കും പകരമായി ഉപയോഗിക്കപ്പെടുന്നതായതിനാലും കറൻസിക്ക് സകാത്ത് നിർബന്ധമാണ്. പ്രവാചകന്റെ കാലത്ത് കറൻസി സമ്പ്രദായം നിലവിലില്ലാത്തത് കൊണ്ടുതന്നെ അത് പ്രത്യേകം പ്രതിപാദിക്കുന്ന തെളിവുകൾ നമുക്ക് ലഭിക്കുകയില്ല. എന്നാൽ ക്വിയാസ് മുഖേന കറൻസിയിൽ സകാത്ത് ബാധകമാണ് എന്നത് സുവ്യക്തമാണ്.

“അവരെ ശുദ്ധീകരിക്കുകയും അവരെ സംസ്‌കരിക്കുകയും ചെയ്യാനുതകുന്ന ദാനം അവരുടെ സ്വത്തുകളിൽ നിന്ന് നീ വാങ്ങുക’’ (ക്വുർആൻ 9: 103).

അതുപോലെ മുആദി(റ)നോട് പ്രവാചകൻ ﷺ പറഞ്ഞു: “അവരുടെ സമ്പത്തിൽ അല്ലാഹു ഒരു ദാനധർമത്തെ നിർബന്ധമാക്കിയിരിക്കുന്നു എന്ന് നീ അവരെ അിയിക്കുക’’ (ബുഖാരി).

കറൻസിയുടെ നിസ്വാബ്

വെള്ളിയുടെയും സ്വർണത്തിന്റെയും നിസ്വാബ് പരസ്പരം താരതമ്യം ചെയ്തുനോക്കുമ്പോൾ ഏതിനാണോ ഏറ്റവും കുറവ് മൂല്യമുള്ളത് അതിനെയാണ് കറൻസിയുടെ നിസ്വാബായി പരിഗണിക്കുക. നമ്മുടെ കാലഘട്ടത്തിൽ 595ഗ്രാം വെള്ളിക്ക് 85ഗ്രാം സ്വർണത്തെക്കാൾ മൂല്യം കുറവാണ്. അതിനാൽ തന്നെ വെള്ളിയുടെ നിസ്വാബാണ് കറൻസിയുടെ നിസ്വാബായി പരിഗണിക്കുക. കാരണം ക്വിയാസ് ചെയ്യുമ്പോൾ സകാത്തിന്റെ അവകാശികൾക്ക് ഏറ്റവും ഉചിതമേത് എന്നതാണ് ഇവിടെ പരിഗണിക്കുന്നത്.

സ്വർണവുമായും വെള്ളിയുമായും ക്വിയാസ് ചെയ്യാമെന്നിരിക്കെ ഏതാണോ ആദ്യം നിസ്വാബ് എത്തുന്നത് ആ നിസ്വാബ് പരിഗണിക്കൽ നിർബന്ധമാകുന്നു. മാത്രമല്ല ദരിദ്രന് ഏറ്റവും ഉചിതമായതും അതാണ്. ഇപ്രകാരമാണ് ശൈഖ് ഇബ്‌നുബാസ്(റഹ്), ഇബ്‌നു ഉസൈമീൻ(റഹ്) പോലുള്ള പണ്ഡിതന്മാരും ലജ്‌നതുദ്ദാഇമയുമെല്ലാം അഭിപ്രായപ്പെട്ടിട്ടുള്ളത്.

എത്രയാണ് കൊടുക്കേണ്ടത്? നബി ﷺ പറഞ്ഞു: “വെള്ളിനാണയങ്ങൾക്ക് പത്തിലൊന്നിന്റെ നാലിലൊന്നാണ് (രണ്ടര ശതമാനം)’’(ബുഖാരി, മുസ്‌ലിം).

കച്ചവടവസ്തുക്കളുടെ സകാത്ത്

വസ്തുക്കളെ രണ്ടായി തരം തിരിക്കാം:

ഒന്ന്) ഉപയോഗ വസ്തുക്കൾ:

തന്റെ ഉടമസ്ഥതയിൽത്തന്നെ നിലനിർത്തുന്നതും തന്റെ ആവശ്യങ്ങൾക്കുള്ളതുമായ വസ്തുക്കൾ. ഇതിന് സകാത്ത് ബാധകമല്ല. തെളിവ്: പ്രവാചകൻ ﷺ പറഞ്ഞു: “ഒരു മുസ്‌ലിമിന് അവന്റെ അടിമയിലോ കുതിരയിലോ സകാത്ത് നൽകേണ്ടതില്ല’’ (ബുഖാരി). ഉപയോഗ വസ്തുക്കൾക്ക് സകാത്ത് ബാധകമല്ല എന്ന് ഈ ഹദീസിൽ നിന്നും മനസ്സിലാക്കാം.

രണ്ട്: കച്ചവട വസ്തുക്കൾ:

തന്റെ ഉടമസ്ഥതയിലുള്ള വിൽപന ഉദ്ദേശിക്കുന്ന വസ്തുക്കൾ. അവയ്ക്ക് സകാത്ത് ബാധകമാണ്. അതിനുള്ള തെളിവ്:

സമുറതുബ്‌നു ജുൻദുബ്(റ) പറയുന്നു: “...അതിന് ശേഷം തീർച്ചയായും പ്രവാചകൻ ﷺ കച്ചവടസാധനങ്ങൾക്ക് സകാത്ത് നൽകാനായി ഞങ്ങളോട് കൽപിക്കുമായിരുന്നു’’ (അബൂദാവൂദ്, ബൈഹക്വി).

മുആദി(റ)നോട് പ്രവാചകൻ ﷺ പറഞ്ഞു: “അവരുടെ സമ്പത്തിൽ അല്ലാഹു ഒരു ദാനധർമത്തെ നിർബന്ധമാക്കിയിരിക്കുന്നു എന്ന് നീ അവരെ അറിയിക്കുക’’ (ബുഖാരി).

കച്ചവടവസ്തുവും ഒരു ധന മാണ്. ഹദീസിൽ പ്രതിപാദിക്കപ്പെട്ട ധനത്തിൽനിന്നും അവ ഒഴിവാണ് എന്നതിന് തെളിവില്ല. സകാത്ത് ബാധകമാകുന്ന ഇനങ്ങളിൽ വെച്ച് ഏറ്റവും വ്യാപ്തിയുള്ള ഒന്നാണ് കച്ചവട വസ്തുക്കൾ. കാരണം സാധാരണ നിലയ്ക്ക് സകാത്ത് ബാധകമാകാത്ത ഒരു വസ്തു പോലും കച്ചവട വസ്തുവായിത്തീരുമ്പോൾ അതിന് സകാത്ത് ബാധകമായിത്തീരുന്നു. ഉദാ: ഭൂമി. സാധാരണ നിലയ്ക്ക് ഭൂമിക്ക് സകാത്തില്ല. എന്നാൽ കച്ചവട വസ്തുവാകുമ്പോൾ അതിന് സകാത്തുണ്ടാകും. അതുപോലെ കോഴി, ചെമ്മീൻ തുടങ്ങി കർഷകന്റെ കൈവശമുള്ള ലൈവ് സ്‌റ്റോക്കുകൾ. കോഴിക്കോ ചെമ്മീനോ സകാത്തില്ല. എന്നാൽ അത് കച്ചവട വസ്തുവാകുമ്പോൾ അവയുടെ മാർക്കറ്റ് മൂല്യമനുസരിച്ച് സകാത്ത് ബാധകമാകുന്നു.

കച്ചവട വസ്തുവിന്റെ സകാത്ത് കണക്കു കൂട്ടുന്ന രീതി

ഹൗൽ (ഒരു വർഷം) തികയുമ്പോൾ കച്ചവടവസ്തുവിെന്റ മാർക്കറ്റ് വില എത്രയാണോ അത് കണക്കാക്കി അതിന്റെ 2.5% സകാത്തായി നൽകണം.

കച്ചവടവസ്തുവിന്റെ മാർക്കറ്റ് വില നിസ്വാബിന്റെയും ഹൗലിന്റെയും വിഷയത്തിൽ തന്റെ കൈവശമുള്ള കറൻസിയെപ്പോലെ പരിഗണിക്കപ്പെടും. അഥവാ കച്ചവടവസ്തുവിന്റെ മാർക്കറ്റ് വില കണക്കാക്കി ആ വില തന്റെ കൈവശമുള്ള കറൻസിയിലേക്ക് കൂട്ടി ഒരുമിച്ച് സകാത്ത് നൽകിയാൽ മതി. രണ്ടു ധനവും ഒരുപോലെയാണ്. കച്ചവടവസ്തു വാങ്ങിക്കുമ്പോഴുള്ള വിലയല്ല, മറിച്ച് കൂടിയാലും കുറഞ്ഞാലും ഹൗൽ തികയുന്ന സന്ദർഭത്തിൽ അതിനുള്ള മാർക്കറ്റ് വിലയാണ് സകാത്ത് കണക്കുകൂട്ടാൻ പരിഗണിക്കേണ്ടത്.

ഒരു വസ്തു വിൽപനക്കുള്ളതാണ് എന്ന് ഒരാൾ എപ്പോൾ തീരുമാനമെടുക്കുന്നുവോ ആ നിമിഷം മുതൽ അത് കച്ചവടവസ്തുവാണ്; തിരിച്ച് വിൽക്കുന്നില്ല എന്ന തീരുമാനമെടുക്കുന്നതുവരെ. ഇതോടൊപ്പം മനസ്സിലാക്കേണ്ട ഒരു കാര്യം, സകാത്തിൽനിന്നും രക്ഷപ്പെടാൻ സാങ്കേതികമായ പദമാറ്റങ്ങൾകൊണ്ട് കഴിയില്ല. അല്ലാഹു കണ്ണിന്റെ കട്ടുനോട്ടവും ഹൃദയങ്ങളിൽ ഒളിച്ചുവെക്കുന്നതും നമ്മുടെ ഉദ്ദേശ്യവും അറിയുന്നവനാണ്. അതുപോലെ വിൽക്കണോ വേണ്ടയോ എന്ന് തീരുമാനിച്ചിട്ടില്ലാത്തവക്കും സകാത്ത് ബാധകമാകുകയില്ല.

കച്ചവടവസ്തുവിന്റെ സകാത്തായി കച്ചവടവസ്തുക്കൾ തന്നെ നൽകാമോ അതല്ല പണം തന്നെ നൽകണോ?

ഇബ്‌നു ഉസൈമീന്റെ(റഹ്) അഭിപ്രായപ്രകാരം കച്ചവടവസ്തുവിന്റെ സകാത്തായി പണം മാത്രമെ നൽകാവൂ. മാലികീ, ശാഫിഈ, ഹമ്പലീ മദ്ഹബുകളിലെ പ്രബലമായ അഭിപ്രായം ഇതാണ്. എന്നാൽ ആവശ്യമായി വരികയോ, അവകാശികൾക്ക് കൂടുതൽ ഉപകാരപ്രദമായിവരികയോ ചെയ്യുന്ന സന്ദർഭങ്ങളിൽ കച്ചവടവസ്തുക്കളുടെ സകാത്തായി കച്ചവടവസ്തുക്കൾതന്നെ നൽകുന്നത് അനുവദനീയമാണ് എന്നതാണ് ശൈഖുൽ ഇസ്‌ലാം ഇബ്‌നു തൈമിയ്യയും ശൈഖ് ഇബ്‌നു ബാസുമെല്ലാം അഭിപ്രായപ്പെടുന്നത്. രണ്ടാമത്തെ അഭിപ്രായമാണ് കൂടുതൽ പ്രായോഗികവും ശരിയുമായി തോന്നുന്നത്. ഹിജ്‌റ രണ്ടാം നൂറ്റാണ്ടിൽ ജീവിച്ച ഇമാം അബൂ ഉബൈദ് ക്വാസിം ഇബ്‌നു സല്ലാം(റഹ്) തന്റെ കിതാബുൽ അംവാൽ എന്ന ഗ്രന്ഥത്തിലും ഈ അഭിപ്രായത്തെ ശരിവെക്കുന്നുണ്ട്. ചിലപ്പോഴെല്ലാം കച്ചവടക്കാരുടെ കൈയിൽ സകാത്തായി പണം നൽകാനില്ലാതെ വരികയും അവരുടെ പക്കലുള്ള കച്ചവട വസ്തുക്കൾ തന്നെ സകാത്തിന്റെ അവകാശികൾക്ക് ആവശ്യമായി വരികയും ചെയ്യുന്ന സന്ദർഭങ്ങൾ ഉണ്ടാകാറുണ്ട്. ഇവിടെ അത് രണ്ടുകൂട്ടർക്കും ഉപകാരപ്രദമാണ്. എന്നാൽ കച്ചവടക്കാർ തങ്ങളുടെ കൈവശം ചെലവാകാതെ കിടക്കുന്ന മോശം വസ്തുക്കളെല്ലാം സകാത്തിന്റെ ഗണത്തിൽപ്പെടുത്തി സകാത്തിന്റെ അവകാശികളുടെ മേൽ അടിച്ചേൽപിക്കുന്നത് സകാത്തിന്റെ ഉദ്ദേശ്യവുമായി പൊരുത്തപ്പെടുന്നില്ല എന്നുതന്നെ മനസ്സിലാക്കാം. അല്ലാഹുവാകുന്നു ഏറ്റവും അറിയുന്നവൻ.

കച്ചവട സാധനങ്ങൾക്ക് സകാത്ത് നിർബന്ധമാവാനുള്ള നിബന്ധന കച്ചവടത്തിനുള്ളതായിരിക്കുക എന്നതാണ്. കച്ചവട ചരക്കുകളുടെ നിസ്വാബ് എത്തി ഒരു വർഷം തികഞ്ഞാൽ അതിന്റെ നിലവിലെ വിലയുടെ രണ്ടര ശതമാനമാണ് സകാത്ത് നൽകേണ്ടത്.

(അവസാനിച്ചില്ല)