ആദികാരണം ആശ്രയവാദത്തിൽ

ഷാഹുൽ പാലക്കാട്

2023 മെയ് 27 , 1444 ദുൽഖഅ്ദ 07

നിലനിൽക്കുക അനിവാര്യമല്ലാത്ത ഏതൊരു അസ്തിത്വവും മറ്റൊന്നിനെ ആശ്രയിച്ചു മാത്രമാണ് നിലനിൽക്കുന്നതെന്ന് ഡിപ്പന്റൻസി ആർഗ്യുമെന്റനുസരിച്ച് യുക്തിപരമായി സ്ഥാപിക്കപ്പെടുന്നു. അപ്പോൾ പ്രപഞ്ചം എന്തിനെ ആശ്രയിച്ചു നിലനിൽക്കുന്നുവെന്ന സ്വാഭാവിക പ്രശ്‌നത്തിലേക്കത് എത്തുന്നു. സ്വാഭാവികമായും പ്രപഞ്ചം മറ്റൊന്നിനെയും ആശ്രയിച്ചു നിലനിൽക്കുന്നതല്ലായെന്ന് ഉത്തരം പറയാനാകും നാസ്തികർക്ക് താൽപര്യം. എന്നാൽ ആധുനിക ശാസ്ത്രമോ യുക്തിപരമായ അവലോകനങ്ങളോ നാസ്തികരുടെ ഈ ആഗ്രഹചിന്തയുമായി ഒത്തുപോകുന്നതല്ല.

പ്രപഞ്ചത്തിന് കൃത്യമായ ഒരു ബാഹ്യകാരണവും വിശദീകരണവും ഉണ്ടാകണമെന്നത് കൊണ്ടാണല്ലോ ശാസ്ത്രലോകത്ത് അതന്വേഷിക്കുന്ന പഠനങ്ങൾ ഉണ്ടാകുന്നത്. പ്രപഞ്ചത്തിൻ ക്വാണ്ടം ചാഞ്ചാട്ടങ്ങൾ പോലുള്ള ബാഹ്യകാരണങ്ങൾ പ്രവർത്തിച്ചിട്ടുണ്ടാകാം എന്ന് പ്രമുഖ നാസ്തിക ചിന്തകരായ ലോറൻസ് ക്രൗസും സ്റ്റീഫൻ ഹോക്കിങ്‌സും ഒക്കെ ശാസ്ത്രത്തെ ഉദ്ധരിച്ച് സമർഥിച്ചിട്ടുണ്ട്. കാരണമില്ലായ്മയാണ് പ്രപഞ്ചത്തിനു പിന്നിൽ എന്നു പറയുന്നത് തൃപ്തികരമായ മറുപടിയാകില്ലെന്ന് ഇവർക്കുതന്നെ ഉറപ്പുള്ളതുകൊണ്ടല്ലേയിത്? പ്രപഞ്ചത്തിനു പിന്നിൽ കാരണമില്ലായ്മയാണെന്ന ചിന്തയോട് ഒരു ശാസ്ത്ര സിദ്ധാന്തവും യോജിച്ചു പോകുന്നതല്ല. മറിച്ച് ഒരു പ്രത്യേകമായ മുൻ അവസ്ഥയുടെ പരിണിത ഫലമാണ് പ്രപഞ്ചം എന്നു സമർഥിക്കാനാണ് പ്രപഞ്ചത്തിന്റെ കാരണമന്വേഷിക്കുന്ന സകല ശാസ്ത്ര സിദ്ധാന്തങ്ങളും ശ്രമിക്കുന്നത്. പ്രപഞ്ചത്തിനു പിറകിൽ കൃത്യമായ വിശദീകരണം ഉണ്ടാകണമെന്ന കാര്യത്തിൽ ശാസ്ത്രലോകത്തിൻ പൊതുസമ്മതമാണെന്ന് ഇത് തെളിയിക്കുന്നു. അങ്ങനെ ബാഹ്യമായ ഒരു കാരണവും കൂടാതെ പെട്ടെന്ന് ഒരു സമയത്ത് ഈ കാണുന്ന മഹാപ്രപഞ്ചം ചുമ്മാ ഉണ്ടായിവന്നുവെന്ന് വിശ്വസിക്കുന്നത് അക്ഷരാർഥത്തിൽ മേജിക്കിലു ള്ള വിശ്വാസമാണ്. ശുദ്ധ ശൂന്യതയിൽനിന്നും ഒരു കാരണവും പ്രവർത്തിക്കാതെ ഒരു അരിമണി പോലും ഉണ്ടാകില്ലെന്ന് വിശ്വസിക്കുന്നവർ ഈ മഹാപ്രപഞ്ചം വെറുതെ ഉണ്ടായി എന്ന് വിശ്വസിക്കുന്നുവെ ങ്കിൽ പരിഹാസ്യമായ വിവരക്കേടായേ അതിനെ കാണാൻ കഴിയൂ.

പ്രപഞ്ചത്തിന്റെ ഫിലോസഫിക്കലായ അവലോകനങ്ങളും അതിന്റെ ബാഹ്യകാരണങ്ങളിലേ ക്കെത്തിക്കുന്നുവെന്ന് കാണാം. സ്വയം അസ്തിത്വമില്ലാത്തവയെല്ലാം മറ്റൊന്നിനെ ആശ്രയിച്ചാണ് നിലനിൽക്കുന്നതെന്ന് നാം മനസ്സിലാക്കിയതാണ്. അതിന്റെയടിസ്ഥാനത്തിൽ ഭൗതികമായ എന്തിനും ബാഹ്യമായ കാരണം ഉണ്ടാകേണ്ടതിന് പറഞ്ഞിട്ടുള്ള ന്യായങ്ങൾ തന്നെ പ്രപഞ്ചത്തിന്റെ കാര്യത്തിലും പ്രായോഗികമാണെന്ന് മനസ്സിലാക്കാം. ഒന്നാമതായി, പ്രപഞ്ചത്തിന് ഒരു ഉൽപത്തിയുണ്ടെന്നതാണ് അതിന് സ്വയം നിലനിൽപില്ലെന്നതിന് തെളിവ്. ഉൽപത്തിയുള്ളതെന്തിനും ബാഹ്യമായ കാരണം വേണ്ടിവരുന്നുവെന്ന് നാം കണ്ടു. രണ്ടാമതായി, പ്രപഞ്ചം നിശ്ചിതമായ ഭൗതിക ഗുണങ്ങൾ പ്രകടിപ്പിക്കുന്നുവെന്നത് അതിന് കാരണമായ ബാഹ്യമായ വിശദീകരണങ്ങൾ എന്തെന്ന ചോദ്യമുണ്ടാക്കുന്നു. ഉദാഹരണത്തിന്, പ്രപഞ്ചം നിശ്ചിതമായ മാനങ്ങളും (dimensions) നിശ്ചിത രൂപവും പ്രകൃതവും നിയമങ്ങളും ഒക്കെയുള്ളതാണ്. കൂടാതെ അടിസ്ഥാന കണങ്ങൾ മുതൽ ഗ്രഹചലനങ്ങൾ വരെയുള്ളവയുടെ ആന്തരികമായ ക്രമവും സജ്ജീകരണവും പ്രപഞ്ചത്തിൽ കാണപ്പെടുന്നു. എങ്കിൽ ഈ ക്രമീകരണങ്ങൾക്കും പരിമിതമായ പ്രപഞ്ച ഗുണങ്ങൾക്കും ഒക്കെ നിശ്ചയമായും പ്രപഞ്ച ബാഹ്യമായ ഒരു വിശദീകരണം അനിവാര്യമായി വരുന്നു.

മറ്റുള്ളവയെ ആശ്രയിച്ചു മാത്രം നിലനിൽപുള്ളവകൊണ്ട് യാതൊന്നിനെയും പൂർണമായി വിശദീകരിക്കുക സാധ്യമല്ല. കാരണം നാം കാണുകയും അനുഭവിക്കുകയും ചെയ്യുന്ന യാതൊന്നിനെയും ആത്യന്തികമായി വിശദീകരിക്കാൻ ആശ്രിതമായി നിലനിൽക്കുന്നവയ്ക്ക് സാധിക്കുന്നില്ല. മറിച്ച് മറ്റൊരു തലത്തിലേക്ക് ചോദ്യത്തെ മാറ്റിവെക്കുക മാത്രമാണവ ചെയ്യുന്നത്. ഉദാഹരണത്തിന്, സമാന്തരമായി വീണുകൊണ്ടിരിക്കുന്ന ഡോമിനോസുകളെ എടുക്കുക. അവയിൽ വീണുകിടക്കുന്ന ഒരു ഡോമിനോയെടുത്ത് അതെന്തുകൊണ്ട് വീണുവെന്ന് ചോദിച്ചാൽ ഉറപ്പായും അതിന് സമാന്തരമായി മുന്നിൽ നിന്നിരുന്ന ഡോമിനോ അതിൻ മുകളിൽ വീണതാകാം കാരണം. എന്നാൽ അതിനെ കാരണമെന്ന് വിളിക്കുന്നതുകൊണ്ട് പ്രത്യേകിച്ച് ഉത്തരമൊന്നും ഉണ്ടാകുന്നില്ല. മറിച്ച് ആ ഡോമിനോ എന്തുകൊണ്ടാണ് വീണതെന്ന സമാനമായ മറുചോദ്യം മാത്രമാണ് അതുണ്ടാക്കുന്നത്. അപ്പോൾ ഒരു ഡോമിനോയിൽ നിന്ന് മറ്റൊരു ഡോമിനോയിലേക്ക് ചോദ്യം നീളുന്നുവെന്നല്ലാതെ ആത്യന്തികമായി ഉത്തരമൊന്നും ഉണ്ടാകുന്നില്ല.

മറിച്ച്, സമാന്തരമായി അടുക്കിവെക്കപ്പെട്ട ഡോമിനോസിൽ ആദ്യത്തെത് ഒരു പ്രത്യേക സമയത്ത് വീഴ്ച തുടങ്ങിയതിന് കൃത്യമായൊരു കാരണമുണ്ടാകും. ആ ഡോമിനോസ് നിരയുടെ മൊത്തത്തിലുള്ള പതനത്തിനു കാരണമായത് ആ ഇടപെടലാണ്. അപ്പോൾ അതാണ് അതിന്റെ മൂലകാരണം. ഈ ഉദാഹരണം പ്രപഞ്ചത്തിലേക്കെടുത്താൽ, സ്വയം അസ്തിത്വമില്ലാത്ത മറ്റൊന്നിനെ ആശ്രയിച്ചുമാത്രം നിലനിൽപുള്ളവ ഈ ഡോമിനോസിനു തുല്യമാണ്. ഇവയെല്ലാം മറ്റെന്തിനെയെല്ലാമോ ആശ്രയിച്ചു നിലനിൽക്കുന്നതുകൊണ്ടുതന്നെ യാതൊന്നും ആത്യന്തികമായി ഒന്നിനെയും വിശദീകരിക്കുന്നില്ല. അപ്പോൾ ഇങ്ങനെ ആശ്രിതമായി മാത്രം നിലനിൽക്കുന്നവയ്ക്ക് ആത്യതന്തികമായ മൂലകാരണമെന്നോണം അനിവാര്യമായും സ്വയം നിലനിൽപുള്ളൊരു അസ്തിത്വം ഉണ്ടായിരിക്കണം.

എല്ലാറ്റിന്റെയും ഉൽപത്തിയും നിലനിൽപും സവിശേഷതകളുമൊക്കെ അനിവാര്യമായ നിലനിൽപുള്ള (necessary existence) അത്തരമൊരു അസ്തിത്വത്തെ ആശ്രയിച്ചാണ്. സകല ലോകങ്ങളുടെയും സൃഷ്ടിപ്പിന് ഹേതുവായ അത്തരമൊരു അസ്തിത്വത്തെ വിശകലനം ചെയ്യലാണ് കോസ്‌മോളജിക്കൽ ആർഗ്യുമെന്റിലും ഡിപ്പന്റൻസി ആർഗ്യുമെന്റിലും സംഭവിക്കുന്ന ഒടുവിലത്തെ ചർച്ച.

പ്രപഞ്ചകാരണവും ദൈവവും തമ്മിൽ എന്ത്?

സകല ഭൗതിക ലോകത്തിന്റെയും നിലനിൽപിനുള്ള തത്ത്വശാസ്ത്രപരമായ ന്യായമെന്നോണം സ്വയം നിലനിൽക്കുന്ന അനിവാര്യമായൊരു അസ്തിത്വം ഉണ്ടാകണമെന്നതിന്റെ യുക്തി വിശദീകരിച്ചു കഴിഞ്ഞു. കോസ്‌മോളജിക്കൽ ആർഗ്യുമെന്റ് കൊണ്ടും ഡിപ്പന്റൻസി വാദം കൊണ്ടുമെല്ലാം ഒരുപോലെ എത്തിച്ചേരുന്ന തീർപ്പാണിത്. അപ്പോൾ അത്തരമൊരു അസ്തിത്വത്തിന് തീർച്ചയായും ഉണ്ടായിരിക്കേണ്ടതായ ഗുണങ്ങളെയും ഈ വാദങ്ങളുടെ തന്നെ അടിസ്ഥാനത്തിൽ സംഗ്രഹിക്കാം.

1. ഏകമായിരിക്കുക

അനിവാര്യമായ നിലനിൽപുള്ള രണ്ട് അസ്തിത്വങ്ങൾ ഉണ്ടെന്നുവന്നാൽ അവ രണ്ടിനെയും പരസ്പരം വേർതിരിക്കുന്ന ചില പരിമിതമായ ഗുണങ്ങൾ അവയ്ക്കുണ്ടെന്നു വരും. പരിമിതമായ ഒരു ഭൗതിക ഗുണവും ഇല്ലാത്തതിനെയാണ് ആദിഹേതുവായി കാണുക എന്ന് നമ്മൾ മനസ്സിലാക്കിയതാണ്. അപ്പോൾ സകലതിന്റെയും മൂലകാരണം ഏകമാണ്.

2. ഭൗതികേതരമാവുക

ഭൗതികമായതെന്തിനും ഒരു ബാഹ്യവിശദീകരണമോ കാര ണമോ വേണ്ടി വരുന്നുവെന്നതിൽ നിന്നാണ് ഈ ആദികാരണത്തിലേക്ക് എത്തിയത്. സ്വാഭാവികമായും അത് ഭൗതികമായ ഒന്നിനെയും ആശ്രയിക്കാത്തതും സമയത്തിനും കാലത്തിനും അതീതവുമായിരിക്കണം. അത്തരത്തിലൊന്ന് അഭൗതികമാണ്.

3. അനാദിയാവുക

ഭൗതിക വസ്തുക്കൾക്കോ പ്രതിഭാസങ്ങൾക്കോ ഒന്നും അനന്തമാവാൻ കഴിയില്ലെന്നാണ് കഴിഞ്ഞ ഭാഗങ്ങളിൽ നാം കണ്ടത്. ഭൗതികമായതെന്തിനും ഒരു തുടക്കമുള്ളതിനാൽ അവ സനാദിയാണ്. അപ്പോൾ അവയ്‌ക്കെല്ലാം വിശദീകരണമായി നിലനിൽക്കുന്ന മൂലകാരണം അനാദിയായതും സ്വയംതന്നെ അനിവാര്യമായ അസ്തിത്വമുള്ളതും സമയത്തിനും കാലത്തിനും അതീതമായി അനന്തമായി നിലനിൽക്കുന്നതുമായിരിക്കണം.

4. പ്രപഞ്ചേതരമായിരിക്കുക

പ്രപഞ്ചത്തിനുതന്നെ അസ്തിത്വമില്ലാത്ത അവസ്ഥയിൽ അതിനെ സൃഷ്ടിക്കാൻ കാരണമായത് സ്വാഭാവികമായും പ്രപഞ്ചേതരവും ആയിരിക്കണം.

5. സ്വയം മാറ്റമില്ലാത്തതായിരിക്കുക

മാറ്റം എന്ന ഗുണം ഭൗതികമാണ്. ഏതൊരു മാറ്റവും അതിന്റെതായ സ്വന്തം ഘടകങ്ങളുടെ സ്വാധീനം കൊണ്ടോ ചുറ്റുപാടിന്റെ സ്വാധീനംകൊണ്ടോ സംഭവിക്കുന്നതാണ്. ഇങ്ങനെ മറ്റൊന്നിലും ആശ്രിതമ ല്ലാതെ സ്വയം നിലനിൽപുള്ളതായിരിക്കണം പ്രപഞ്ചങ്ങളുടെ മൂലകാരണം എന്ന് നാം മനസ്സിലാക്കി. അതിനാൽ ഇത് മാറ്റങ്ങൾക്ക് അതീതമാണ്.

6. ഇച്ഛാസ്വാതന്ത്ര്യം ഉള്ളതാവുക

മനുഷ്യനെ സംബന്ധിച്ച് സമ്പൂർണമായ ഇച്ഛാസ്വാതന്ത്ര്യം സാധ്യമല്ലെന്നു പറയുന്നത് ചുറ്റുപാടിന്റെയും സാഹചര്യങ്ങളുടെയും സ്വാധീനം ഭൗതികമായി മനുഷ്യനിൽ ഉണ്ടാകുന്നുണ്ട് എന്നതുകൊണ്ടാണ്. മസ്തിഷ്‌കവും ജീനുകളും ജീവിത സാഹചര്യങ്ങളും ന്യൂറോൺ ഘടകങ്ങളുമൊക്കെ മനുഷ്യനെ തീരുമാനങ്ങളെടുക്കുന്നതിൽ സ്വാധീനിക്കാം. അപ്പോൾ മറ്റൊന്നിന്റെയും ആശ്രയമില്ലാതെ നിലനിൽപുള്ള ഒന്നിനുമേൽ മാത്രമെ സമ്പൂർണമായ ഇച്ഛാസ്വാതന്ത്ര്യം ആരോപിക്കാൻ കഴിയൂ. ഇങ്ങനെ മറ്റൊന്നിനെയും ആശ്രയിച്ചല്ലാതെ നിലനിൽക്കുന്ന ഒന്ന് പ്രപഞ്ചത്തിന്റെ മൂലകാരണവും സ്വയം നിലനിൽപുള്ളതുമായ ആദിഹേതുവാണെന്ന് നാം കണ്ടതാണ്. അപ്പോൾ സമ്പൂർണമായ ഇച്ഛാസ്വാതന്ത്ര്യമുണ്ടെന്ന് വാദിക്കാൻ കഴിയുക ഈ ആദികാരണത്തിനുമേൽ മാത്രമാണ്.

7. ബൗദ്ധിക ഗുണങ്ങൾ ഉണ്ടാവുക

സകല ലോകങ്ങളുടെയും കാരണം പരാശ്രയമുക്തമായ, മാറ്റങ്ങൾക്കതീതമായ, അനാദിയിൽ സ്വയം നിലനിൽപുള്ള ഒരു അനിവാര്യമായ അസ്തിത്വമാണെന്ന അവലോകനത്തിൽ നാം എത്തി. അപ്പോൾ അനാദിയായി നിലനിന്ന ഒരു കാരണത്തിൽനിന്നും സനാദിയായ/തുടക്കമുള്ള ഒരു ഫലം എങ്ങനെയാണ് ഉണ്ടാവുക? ഈ ആദിഹേതു പരാശ്രയമുക്തമായതുകൊണ്ട് തന്നെ ഇതിൻ മറ്റൊന്നിന്റെയും സ്വാധീനമോ മാറ്റങ്ങളോ ബാധകമല്ലതാനും. അനാദികാലമായി മറ്റൊന്നിന്റെയും സ്വാധീനം കൂടാതെ നിലനിന്ന ഒരു ഹേതുവിൽനിന്നും ഒരു നിശ്ചിത സമയത്ത് ഒരു ഫലം സൃഷ്ടിക്കപ്പെട്ടു എങ്കിൽ അത് ആ അസ്തിത്വത്തിൽ സ്വന്തം തീരുമാനത്തിന്റെ ഭാഗമായി മാത്രം സംഭവിക്കാൻ ഇടയുള്ളതാണ്.

അപ്പോൾ അനാദിയിൽ നിന്നും സനാദിയായ തീരുമാനം ഉണ്ടാകുന്നതിൻ സ്വന്തമായ ഇച്ഛയും, ബൗദ്ധികമായ തീരുമാനവുമാണ് കാരണമായിട്ടുള്ളത്. ഇതിനെ ഏജന്റ് കോസേഷൻ(Agent causation) എന്നു വിളിക്കുന്നു. മറ്റൊന്നിന്റെയും സ്വാധീനമില്ലെങ്കിൽ മാറ്റമില്ലാത്ത ഒരു അസ്തിത്വത്തിൽനിന്നും ഫലം (effect)ഉണ്ടാകുന്നതിൻ സ്വന്തത്തിൽനിന്നും സ്വയം തീരുമാനം ഉണ്ടാകണം. പ്രത്യേകിച്ച് അനാദിയായി നിലനിൽക്കുന്ന ഒരു ഹേതുവിൽനിന്നും ഒരു പ്രത്യേക സമയത്ത് ഒരു പ്രത്യേകമായ ഇടപെടൽ ഉണ്ടായിയെങ്കിൽ ആ അവസ്ഥയെ അതിന്റെ ബൗദ്ധികമായ തീരുമാനമായേ കണക്കാക്കാൻ കഴിയൂ.

8. സർവശക്തൻ

നിലനിൽക്കുന്നതെല്ലാം ഇത് കാരണമായി മാത്രം ഉണ്ടായതാണ്. അതിന്റെ കഴിവിനപ്പുറമുള്ള യാതൊന്നും നിലനിൽക്കുന്നില്ല. അതിനാൽ പ്രപഞ്ചത്തിന്റെ മൂലകാരണമായി വർത്തിച്ച ഉണ്മ സർവശക്തമാണ്.

9. സർവജ്ഞൻ

നിലനിൽക്കുന്നവയെല്ലാം ഇതിന്റെ ബോധപൂർവമായ ഇടപെടൽകൊണ്ട് ഉണ്ടായവയാണ്. അത് സൃഷ്ടിച്ചതല്ലാതെ യാതൊന്നും നിലനിൽക്കുന്നില്ല. ആയതിനാൽ പ്രപഞ്ചത്തിന്റെ മൂലകാരണം സർവജ്ഞമായതാണ്.

10. ദൈവമായിരിക്കുക

സകലതിന്റെയും സൃഷ്ടിപ്പിനും സംവിധാനത്തിനും കാരണമായ, ഏകമായ, അനാദിയായ, പരാശ്രയരഹിതമായ, ബൗദ്ധിക ഗുണങ്ങളുള്ള, സർവശക്തനും സർവജ്ഞനുമായ ഒരസ്തിത്വം എന്നത് ദൈവത്തിനു മാത്രം യോജിക്കുന്ന നിർവചനമാണ്. അപ്പോൾ ദൈവത്തിനു മാത്രം യോജിച്ച ഗുണങ്ങളും നിർവചനങ്ങളുമുള്ള ഒരു അസ്തിത്വമുണ്ട്. ആയതിനാൽ ദൈവമുണ്ട്.

കുറിപ്പുകൾ:

[1] https://www.washingtonpost.com/national/on-faith/richard-dawkins-says-hes-not-entirely-sure-god-doesnt-exist/2012/02/24/gIQA7496XR_story.html

[2] “Cosmological Argument”. Stanford Encyclopedia of Philosophy. 11 October 2017. Retried 15 May 2018.

[3] Bridge, Mark (Director) (30 July 2014). First Second of the Big Bang. How The Universe Works. Silver Spring, MD. Science Channel.

[4] Partridge 1995, p. xv

[5] ”5.2 Axiomatic Statements of the Laws of Thermodynamics”. www.web.mit.edu. Massachusetts Institute of Technology.

[6] ”5.2 Axiomatic Statements of the Laws of Thermodynamics”. www.web.mit.edu. Massachusetts Institute of Technology.

[7] The Definitive Glossary of Higher Mathematical Jargon — Infinite”. Math Vault. 2019-08-01. Retried 2019-11-15.