ജന്നതുൽ ബക്വീഉം ബഹശ്തീ മക്വ‌്ബറയും ഒരുപോലെയെന്നോ?

പി പി അബ്ദുർറഹ്‌മാൻ കൊടിയത്തൂർ

2023 ജൂലൈ 01 , 1444 ദുൽഹിജ്ജ 13

( ഖാദിയാനി വേദപുസ്തകം ‘തദ്കിറ’യിലൂടെ ഒരു യാത്ര - 22)

വാർഷിക സമ്മേളനത്തിന് ഖാദിയാനിൽ വന്നിട്ടും ബഹശ്തീ മക്വ‌്‌ബറ സന്ദർശിക്കാത്ത അഹ്‌മദികളെ ആക്ഷേപിച്ചുകൊണ്ടുള്ള പരിപാലന കമ്മിറ്റിയുടെ കുറിപ്പ് വായിക്കാം:

‘‘വാർഷിക സമ്മേളനത്തിന് വരുന്ന അഹ്‌മദി സഹോദരന്മാർ ഖാദിയാനിൽ വന്നിട്ടും, മഹാനായ റസൂൽ തിരുമേനി സലാം പറയാനേൽപിച്ച അല്ലാഹുവിന്റെ വിശിഷ്ടദാസൻ മസീഹ് മൗഊദിന്റെ പ്രഭാപൂരിതമായ അന്ത്യവിശ്രമസ്ഥലം-ബഹശ്തീ മക്വ‌്‌ബറ-സന്ദർശിക്കാതെ തിരിച്ചുപോകുന്നത് എത്ര ഖേദകരമാണ്! മദീനാമുനവ്വറയുടെ പ്രതിഛായയായ റൗദാശരീഫിൽനിന്ന് പ്രകാശകിരണങ്ങൾ നിങ്ങളെ തലോടും. അഹ്‌മദിയ്യ ഹജ്ജുൽ അക്ബർ കഴിഞ്ഞുപോകുന്ന നിങ്ങൾക്ക് ഈ മഹത്തായ അനുഗ്രഹം നിഷേധിക്കപ്പെട്ടുകൂടാ. സമ്മേളനത്തിന് മുമ്പോ പിമ്പോ ഇതിനു സമയം കണ്ടെത്തുക’’ (അൽഫസൽ, 18.12.1922).

ബഹശ്തീ മക്വ‌്‌ബറ സന്ദർശിക്കുന്നത് വിശുദ്ധ റൗദാശരീഫ് സന്ദർശിക്കുന്നതിന് തുല്യവും അവിടെ മറവുചെയ്യപ്പെടുന്നത് ഉമറി(റ)ന്റെയും അബൂബക്‌റി(റ)ന്റെയും അരികെ മറവുചെയ്യപ്പെടുന്നതിന് സദൃശവുമാണ് എന്നാണ് ഖാദിയാനീ ഭാഷ്യം. സ്വന്തം അസ്തിത്വത്തിന് വേണ്ടത്ര പവിത്രയില്ലെന്ന ബോധമാവാം അവരെക്കൊണ്ട് ഇതൊക്കെ പറയിപ്പിക്കുന്നത്.

സ്വർഗപ്രവേശനത്തിനുള്ള ഈ കുറുക്കുവഴിയെ വിമർശിക്കുന്നവർക്ക് ഖാദിയാനികൾ നൽകുന്ന മറുപടി, പരാമർശം പോലും അർഹിക്കുന്നില്ല. മൗലവി അല്ലാദിത്താ പറയുന്നു:

‘‘ഹസ്രത്ത് മസീഹ് (അ) തന്റെ സ്വഹാബാക്കൾക്ക് സ്വർഗത്തിലുള്ള സ്ഥാനം കാണിച്ചുകൊടുക്കുമെന്ന് സ്വഹീഹായ ഹദീസുകളിലുണ്ട്. മുസ്‌ലിം, വാള്യം 2, പേജ് 515 നോക്കുക. ഈ പ്രസ്താവനയുടെ പ്രാവർത്തിക രൂപമാണ് ബഹശ്തീ മക്വ‌്‌ബറ. ഹുസൂർ ﷺ യുടെ പ്രവചനങ്ങളെ കളവാക്കുകയല്ല മസീഹിന്റെ നിയോഗലക്ഷ്യം; മറിച്ച് സത്യപ്പെടുത്തുകയാണ്. നബി ﷺ തന്റെ പത്ത് സ്വഹാബാക്കൾക്ക് സ്വർഗപ്രവേശന വാർത്ത അറിയിച്ചിരുന്നു. അതിന് സദൃശമായി മസീഹ്(അ) തന്റെ അനുയായികൾക്ക് സ്വർഗം വാഗ്ദാനം ചെയ്‌തെങ്കിൽ അതിൽ അത്ഭുതപ്പെടാനെന്തുണ്ട്?’’ (തഫ്ഹീമാതെ റബ്ബാനിയ്യ, പേജ് 556, 557).

സദൃശ ശ്മശാനം

ഖാദിയാനി ചീഫ് മിഷനറി ഈ മറുപടി പകർത്തിയെഴുതിയശേഷം തന്റെ വകയായി മറ്റൊരു സദൃശ സിദ്ധാന്തം കൂടി ഉന്നയിക്കുന്നു:

‘‘മദീനയിൽ ജന്നതുൽ ബക്വീഅ് എന്ന പേരിൽ ഒരു അനുഗൃഹീത ശ്മശാനം സ്ഥിതിചെയ്യുന്നുവെന്നും കഴിഞ്ഞ പതിനാല് നൂറ്റാണ്ടായി മുസ്‌ലിം ലോകം അതിന് പ്രത്യേക പ്രാധാന്യം കൽപിച്ചുവരുന്നുവെ ന്നുമുള്ള വസ്തുത ആക്ഷേപകൻ മറന്നുപോയതായിരിക്കും. ജന്നതുൽ ബക്വീഅ് ഒരർഥത്തിൽ ബഹശ്തീ മക്വ‌്‌ബറ തന്നെയാണല്ലോ. അതിന്റെ ഒരു പ്രതിഛായയാണ് ഖാദിയാനിലെ ബഹശ്തീ മക്വ‌്‌ബറയെന്ന് ധരിക്കുന്നത് സംഗതമാണ്’’ (സത്യദൂതൻ, മാർച്ച് 1983).

മദീനയിലെ ക്വബ്ർസ്ഥാന് ‘ജന്നതുൽ ബക്വീഅ്’ എന്നാണ് പേരെങ്കിലും ഖാദിയാനി മിഷനറി പറയുന്നതുപോലെ മുസ്‌ലിംകൾ അതിനൊരു പവിത്രതയും കൽപിക്കുന്നില്ല. അവിടെ മറവു ചെയ്യപ്പെടുന്നതിന് നിർണിത സ്വത്തോ ഫീസോ മറ്റു നിബന്ധനകളോ വസിയ്യത്തോ നബി ﷺ ഉണ്ടാക്കിയിട്ടില്ല. മദീനക്ക് പുറത്തുള്ളവർ അവിടെ ശവപ്പെട്ടികളുമായി ക്യൂ നിൽക്കാറുമില്ല. പക്ഷേ, ഖാദിയാനിലെ സ്ഥിതിയതാണോ? മക്വ‌്‌ബറ പരിപാലന കമ്മിറ്റിയുടെ ഒരു പത്രപ്പരസ്യം നോക്കൂ:

‘‘വാർഷിക സമ്മേളനത്തിന് വരുന്ന ജമാഅത്തംഗങ്ങൾ മരണപ്പെട്ട മുവസ്സികളുടെ (വസ്വിയ്യത്ത് ചെയ്തവരുടെ) ശവപ്പെട്ടിയുമായി വരുന്നതുകൊണ്ട് വലിയ ബുദ്ധിമുട്ടുണ്ട്. സമയക്കുറവുകൊണ്ട് അവ സ്വീകരിക്കാൻ പ്രയാസമുണ്ട്. അതുകൊണ്ട് താഴെ കൊടുത്ത കാര്യങ്ങൾ ശ്രദ്ധിക്കുക:

1. ബഹ്തീ മക്വ‌്‌ബറയിലേക്ക് ശവപ്പെട്ടിയുമായി വരുന്നവർ ചുരുങ്ങിയത് ഒരുമാസം മുമ്പെങ്കിലും വിവരമറിയിക്കുക.

2. ക്വബ്‌റും മറ്റും ശരിപ്പെടുത്താൻ സമയം കിട്ടുന്നതിനായി, സമ്മതം കിട്ടിയ ആളുകൾ ശവപ്പെട്ടിയുമായി വരുന്ന വിവരം മുൻകൂട്ടി അറിയിക്കുക.

എന്ന്
സെക്രട്ടറി,
ബഹശ്തീ മക്വ‌്‌ബറ പരിപാലന കമ്മിറ്റി, ഖാദിയാൻ’’ (ബദ്ർ, 19.11.1981).

ഹജ്ജുൽ അക്ബർ, നിഴൽഹജ്ജ് എന്നൊക്കെ വിശേഷിപ്പിക്കപ്പെടുന്ന ഡിസംബറിലെ വാർഷികസമ്മേളനത്തിന്റെ ഈ ചിത്രമൊന്നു സങ്കൽപിച്ച് നോക്കൂ: ശവപ്പെട്ടിയും തലയിലേറ്റിവരുന്ന സമ്മേളന പ്രതിനിധികൾ, വസ്വിയ്യത്ത് ചെയ്തവന്റെ തിരിച്ചറിയൽ കാർഡ് പരിശോധിച്ച് അത് സ്വീകരിക്കാൻ ഏർപ്പെടുത്തിയ ശവപ്പെട്ടി കൗണ്ടർ, ക്വബ്ർ വെട്ടിക്കൊണ്ടിരിക്കുന്ന തൊഴിലാളികൾ, നഷ്ടദുഃഖവും പേറി വെറും മീസാൻ കല്ലുമായി വന്ന ഹതഭാഗ്യർ!

ലാഹോരി മുഖപത്രം പൈഗാമെ സുൽഹ് എഴുതി: “ഒരു ഖാദിയാനിയെ നിബന്ധനകൾ പൂർത്തീകരിക്കാതെ ബഹശ്തീ മക്വ‌്‌ബറയിൽ സംസ്‌കരിക്കുകയും കാര്യം ബോധ്യമായതോടെ (സ്വർഗത്തിലെത്തും മുമ്പേ) ശവം മാന്തിയെടുത്ത് മറ്റൊരിടത്ത് മറവുചെയ്യുകയും ചെയ്ത സംഭവം ശരിയാണെങ്കിൽ, ഖാദിയാനീ നേതൃത്വത്തിന്റെ നിർലജ്ജതയുടെ ഏറ്റവും വലിയ ഉദാഹരണമാണിതെന്ന് വേണം കരുതാൻ.’’

വസ്വിയ്യത്ത് ചെയ്തപ്പോൾ കൊടുത്ത തിരിച്ചറിയൽ കാർഡ് പരിശോധിക്കാതെയോ വ്യാജ സർട്ടിഫിക്കറ്റ് ഹാജറാക്കിയോ ആവാം അയാൾ ചുളുവിൽ സ്വർഗത്തിൽ പോകാൻ ശ്രമിച്ചത്. ഖാദിയാനീ നേതൃത്വം അവസരത്തിനൊത്തുയർന്ന് അയാളെ പിടലിക്ക് പിടിച്ച് പുറത്താക്കിയത് ലാഹോരികൾക്ക് നിർലജ്ജതയായി തോന്നാമെങ്കിലും ഖാദിയാനീ ബുദ്ധിജീവികൾക്കതിൽ ലജ്ജിക്കാതിരിക്കാൻ മാത്രം ചർമസൗഭാഗ്യമുണ്ടല്ലോ!

അതേസമയം മരിച്ച് മാസങ്ങളോ വർഷങ്ങളോ കഴിഞ്ഞ് ഖാദിയാനിലേക്ക് കൊണ്ടുപോകുന്ന ഭൗതികാവശിഷ്ടം വസ്വിയ്യത്ത് ചെയ്ത ആളുടേത് തന്നെയാണെന്ന് ഉറപ്പുവരുത്താൻ ഈ തിരിച്ചറിയൽ കാർഡുകൊണ്ട് സാധിക്കുമോ? ഖാദിയാനി കുഞ്ഞാടുകൾക്ക് ഒന്ന് ചിന്തിച്ചുകൂടേ?

സദൃശ കഴുകന്മാർ!

എന്തൊക്കെ പറഞ്ഞാലും ഖാദിയാനീ പ്രവാചകന്റെ ലക്ഷ്യം സാമ്പത്തികനേട്ടം തന്നെയായിരുന്നു. 1905ൽ തുടങ്ങിയ ഈ പദ്ധതിയിൽ അതേവർഷംതന്നെ മൂവായിരം രൂപയും 1906ൽ പതിനൊന്നായിരം രൂപയും ലഭിച്ചുവെങ്കിൽ ഇതൊരു ‘വൻപദ്ധതി’യാണെന്നുതന്നെ കരുതാം.

കേരളത്തിലെ, ഖാദിയാനിയായ ഒരു പ്രമുഖ വ്യവസായിയുമായി സംസാരിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: ‘നിങ്ങൾ പറയുന്നതാണ് ശരിയെങ്കിൽ എനിക്ക് വർഷത്തിൽ മൂന്നര കോടി രൂപ ലാഭിക്കാമായിരുന്നു.’ വരുമാനത്തിന്റെ 6% ചന്ദയും 10% ബഹശ്തീ മക്വ‌്‌ബറ ഫീസും ചേർത്ത് അദ്ദേഹത്തിന്റെ വാർഷിക വരുമാനത്തിന്റെ 16 ശതമാനമാണ് ഈ മൂന്നരക്കോടി രൂപ! ഖാദിയാനി പ്രവാചകൻ കള്ളവാദിയാണെങ്കിൽ ഈ സംഖ്യ കൊടുക്കാതിരിക്കാം എന്നായിരുന്നു അദ്ദേഹം ഉദ്ദേശിച്ചത്.

മഹാകവി ഇഖ്ബാലിന്റെ ഭാഷയിൽ, “ക്വബ്ർ വിറ്റു തിന്നുന്ന ചിലർക്ക് സമാനമായി ഖാദിയാനീ പ്രവാചകൻ ക്വബ്ർസ്ഥാൻ വിറ്റു തിന്നുന്നു”വെന്നു മാത്രം.

ആനുഷങ്കികമായി പറയട്ടെ, ഞങ്ങളുടെ നാട്ടിലെ ഒരാൾ ഖാദിയാനിസം വിട്ടപ്പോൾ, മക്വ‌്‌ബറയുടെ ഫീസായി നൽകിയ വരുമാനത്തിന്റെ 10% ആയ ഏഴ് ലക്ഷത്തോളം രൂപ തിരിച്ചു ചോദിച്ചു. നാൽപതു വർഷത്തോളം കൊടുത്ത വരിസംഖ്യ (ചന്ദ) വിട്ടുകൊടുത്ത സാമാന്യ മര്യാദ, മരണശേഷം തനിക്ക് ആവശ്യമില്ലാത്ത മക്വ‌്‌ബറക്ക് വേണ്ടി കൊടുത്ത പണം തിരിച്ചു നൽകുന്നേടത്ത് അവർ പാലിച്ചില്ല. ഇടക്ക് വേണ്ടെന്നുവച്ചാൽ അതുവരെ അടച്ച തുക തിരിച്ചു തരില്ലെന്ന് ബഹശ്തീ മക്വ‌്‌ബറയുടെ മാന്വലിൽ കാണിച്ചു തരാനും അവർക്കായില്ല! അതേസമയം വസിയ്യത്ത് ചെയ്ത ഒരാൾ പണം കൊടുത്തുകൊണ്ടിരിക്കെ ഇടയ്ക്ക് ആറ് മാസക്കാലം കൊടുക്കാതിരുന്നാൽ, അടച്ച സംഖ്യ തിരിച്ചുകൊടുക്കുകയില്ലെന്നും ബഹശ്തീ മക്വ‌്‌ബറയിൽ മറവുചെയ്യില്ലെന്നും ഖലീഫ മഹ്‌മൂദ് അഹ്‌മദ് പരസ്യം ചെയ്തിരുന്നു. (അൽഫസൽ 11. 12. 1936).

കടക്കെണിയിൽ പെട്ടോ സാമ്പത്തിക പ്രയാസമോ കാരണത്താൽ പണം അടക്കാതിരിക്കുന്നവന്റെ കാര്യത്തിലാവാം ഈ നിയമം. ഖാദിയാനിസം വിട്ടവനെ സംബന്ധിച്ചടത്തോളം അടച്ച പണം തിരിച്ചു നൽകുന്നതല്ലേ ന്യായവും മര്യാദയും?

രണ്ടാം ഖലീഫ മഹ്‌മൂദ് അഹ്‌മദ് തന്റെ ഭരണ കാലത്ത് വസ്വിയ്യത്ത് വർധിപ്പിക്കാൻ വേണ്ടി വളരെ യത്‌നിച്ചിരുന്നു. അദ്ദേഹം പരസ്യം ചെയ്തു: “വസ്വിയ്യത്ത് ചെയ്യാത്തവൻ കപടവിശ്വാസിയാണെന്ന് മസീഹ്(അ) പറഞ്ഞിരിക്കെ, ചുരുങ്ങിയത് സ്വത്തിന്റെ പത്തിലൊരംശം വസ്വിയ്യത്ത് ചെയ്യാതിരിക്കൽ അഹ്‌മദിക്ക് നിഷിദ്ധമാണ്’’ (മിൻഹാജുത്ത്വാലിബീൻ, പേജ് 16).

സാമ്പത്തിക കാര്യങ്ങളിൽ പിതാവിനെപ്പോലെ മകനും വളരെ കണിശക്കാരനായിരുന്നു; ധൂർത്തിന്റെയും ദുർവ്യയത്തിന്റെയും കാര്യത്തിൽ രണ്ടുപേരും അനുയായികളുടെ പഴിയും കേട്ടിരുന്നു.