പ്രവാചകന്മാരും അദൃശ്യകാര്യങ്ങളും വ്യാജ ആദർശവാദികളുടെ ദുർവ്യാഖ്യാനങ്ങളും

മൂസ സ്വലാഹി കാര

2023 ജനുവരി 21, 1444 ജുമാദുൽ ഉഖ്റാ 27

സമൂഹത്തിന് നിർഭയത്വവും നേർമാർഗവും നൽകുന്ന ഉത്തമ ആദർശമാണ് ഇസ്‌ലാം വിളംബരം ചെയ്തിട്ടുള്ളത്. മനുഷ്യനിർമിത മതങ്ങളിൽനിന്നും മറ്റു ആശയധാരകളിൽനിന്നും ഇസ്‌ലാമിക വിശ്വാസത്തിന്റെ വ്യതിരിക്തതയെപ്പറ്റി ക്വുർആൻ ഉണർത്തുന്നു:

“(നബിയേ,) ചോദിക്കുക: സാക്ഷ്യത്തിൽവെച്ച് ഏറ്റവും വലിയത് ഏതാകുന്നു? പറയുക: അല്ലാഹുവാണ് എനിക്കും നിങ്ങൾക്കും ഇടയിൽ സാക്ഷി. ഈ ക്വുർആൻ എനിക്ക് ദിവ്യബോധനമായി നൽകപ്പെട്ടിട്ടുള്ളത് അത് മുഖേന നിങ്ങൾക്കും അത് (അതിന്റെ സന്ദേശം) ചെന്നെത്തുന്ന എല്ലാവർക്കും ഞാൻ മുന്നറിയിപ്പ് നൽകുന്നതിന് വേണ്ടിയാകുന്നു. അല്ലാഹുവോടൊപ്പം ആരാധനക്കർഹനായി മറ്റു വല്ലവരുമുണ്ടെന്നതിന് നിങ്ങൾ സാക്ഷ്യം വഹിക്കുമോ? പറയുക: ഞാൻ സാക്ഷ്യം വഹിക്കുകയില്ല. പറയുക: അവൻ ഏക ഇലാഹ് മാത്രമാകുന്നു. നിങ്ങൾ അവനോട് പങ്കുചേർക്കുന്നതുമായി എനിക്ക് യാതൊരു ബന്ധവുമില്ല’’ (6:19).

വിശ്വാസ വിശുദ്ധിയെയും അതിന്റെ മാഹാത്മ്യത്തെയും കളങ്കപ്പെടുത്തി സ്വയം പിഴക്കാനും മറ്റുള്ളവരെ പിഴപ്പിക്കാനും കച്ചകെട്ടിയവർ ആദർശ ശക്തിയെക്കാൾ ആൾബലത്തിൽ കണ്ണും നട്ടിരുന്ന് ആക്രാശിക്കുന്ന അവസ്ഥയാണ് നാം കാണുന്നത്. അല്ലാഹുവിന്റെ മുന്നറിയിപ്പും നബി ﷺ യുടെ പ്രഥമ അഭിസംബോധിതരായ മുശ്‌രിക്കുകൾ അനുഭവിച്ച പരാജയവും അല്ലാഹുവിൽ പങ്കുചേർക്കുന്നവരുടെ ആധിക്യത്തിൽ വിശ്വാസികൾ വ്യാകുലപ്പെടേണ്ടതില്ലെന്ന ബോധ്യപ്പെടുത്തലാണ്.

അല്ലാഹു പറയുന്നു: “അവരിൽ അധികപേരും അല്ലാഹുവിൽ വിശ്വസിക്കുന്നത് അവനോട് (മറ്റുള്ളവരെ) പങ്കുചേർക്കുന്നവരായിക്കൊണ്ട് മാത്രമാണ്’’ (12:106).

ലോകത്ത് നിയോഗിക്കപ്പെട്ട മുഴുവൻ പ്രവാചകന്മാരും അവരുടെ സമൂഹത്തെ കേൾപിച്ച ഈ സത്യ സന്ദേശത്തെ അവഗണിക്കുന്നവർ വ്യാപിക്കുമ്പോൾ അവർക്കുള്ള പിഴവ് പരസ്യപ്പെടുത്തലും പ്രാമാണികമായി അവരെ തിരുത്തലും അഹ്‌ലുസ്സുന്ന വൽജമാഅയെ പിന്തുടരുന്നവരുടെ ബാധ്യതയാണ്. കടുത്ത നിഷേധികളോട് നബി ﷺ  ചോദിച്ച ചോദ്യമാണ് ഇവരോടും ആവർത്തിക്കാനുള്ളത്:

“അതല്ല, അവന്ന് പുറമെ അവർ ചില ആരാധ്യരെ സ്വീകരിച്ചിരിക്കുകയാണോ? പറയുക: എങ്കിൽ നിങ്ങൾക്കതിനുള്ള പ്രമാണം കൊണ്ടുവരിക. ഇതുതന്നെയാകുന്നു എന്റെ കൂടെയുള്ളവർക്കുള്ള ഉൽബോധനവും എന്റെ മുമ്പുള്ളവർക്കുള്ള ഉൽബോധനവും. പക്ഷേ, അവരിൽ അധികപേരും സത്യം അറിയുന്നില്ല. അതിനാൽ അവർ തിരിഞ്ഞുകളയുകയാകുന്നു’’ (21:24).

അന്ധവിശ്വാസങ്ങളുടെ വക്താക്കളായ സമസ്ത ഇ.കെ വിഭാഗം 2023 ജനുവരി 8 ന് കോഴിക്കോട് കടപ്പുറത്തുവെച്ച് സംഘടിപ്പിച്ച സമ്മേളനത്തിൽ സംഘടനയുടെ പ്രസിഡന്റ് ശിർക്കിനെ ന്യായീകരിക്കാനും നിലനിർത്താനും വേണ്ടി അവതരിപ്പിച്ച വ്യാജ തെളിവുകൾക്ക് പ്രാമാണികമായൊരു വിശകലനം അനിവാര്യമാണ്.

ലോകത്ത് എവിടെനിന്നാണെങ്കിലും നബി ﷺ ക്ക് മഗാഈബുകൾ(അദൃശ്യങ്ങൾ) അറിയാൻ കഴിയുമെന്ന ശുദ്ധനുണ സ്ഥാപിക്കാനാണ് ടിയാന്റെ ആദ്യശ്രമം. ശിയാക്കൾ അവരുടെ ഇമാമുമാർക്ക് ഉണ്ടെന്ന് അവകാശപ്പെടുന്നതിന്റെ തനി പകർപ്പാണിത്. സമസ്ത ഇതിനെ അവരുടെ അടിസ്ഥാന കാര്യമായി കാണുന്നു എന്നതിന് ധാരാളം തെളിവുകളുണ്ട്.

മുഹ്‌യിദ്ദീൻ മാലക്ക് മുസ്തഫൽ ഫൈസി എഴുതിയ വ്യാഖ്യാനത്തിൽ ഇപ്രകാരം കാണാം: “ഇവിടെ അല്ലാഹും റസൂലും സത്യവിശ്വാസികളും കാണുമെന്നു പറഞ്ഞ പ്രവർത്തനത്തിൽ ബാഹ്യവും ആന്തരികവുമായ പ്രവർത്തനങ്ങൾ മുഴുവനും പെടും. ഹൃദയത്തിന്റെ പ്രവർത്തനങ്ങളാകുന്ന രഹസ്യങ്ങൾ മുഴുവനും ആന്തരിക പ്രവർത്തനങ്ങളുടെ ഭാഗമാണ്. അതുകൊണ്ടുതന്നെ ഹൃദയത്തിന്റെ പ്രവർത്തനങ്ങളാകുന്ന ആ രഹസ്യങ്ങൾ മഹാത്മാക്കൾ അറിയുന്നുവെന്നും കാണുമെന്നും സ്ഥിരപ്പെട്ടു കഴിഞ്ഞു’’ (പേജ്: 459).

“അല്ലാഹുവിന്റെ ഔലിയാക്കൾക്കും ആരിഫീങ്ങൾക്കും അല്ലാഹു പലവിധ ഗൈബിയായ അറിവുകളും നൽകുന്നുണ്ട്. അതിനാൽ വരാൻ പോകുന്ന പലതിനെക്കുറിച്ചും അവർ മുൻകൂട്ടി പ്രവചിക്കുകയും ചെയ്യും’’ (സുന്നിവോയ്‌സ്, 1981 ഫെബ്രുവരി 6, പേജ് 1).

അല്ലാഹുവിനോട് പരലോകത്തുവെച്ച് എല്ലാ പ്രവാചകന്മാരും പറയുന്ന കാര്യമാണ് ‘തീർച്ചയായും നീ തന്നെയാണ് അദൃശ്യകാര്യങ്ങൾ അറിയുന്നവൻ’ എന്നത്.

സൂറതുത്തൗബയിലെ 78ാം വചനം കാണുക: “അവരുടെ രഹസ്യവും അവരുടെ ഗൂഢമന്ത്രവും അല്ലാഹു അറിയുന്നുണ്ടെന്നും അല്ലാഹു അദൃശ്യകാര്യങ്ങൾ നന്നായി അറിയുന്നവനാണെന്നും അവർ മനസ്സിലാക്കിയിട്ടില്ലേ?’’

ഇബ്‌നു കസീർ(റഹി) ഇതിന്റെ വിശദീകരണത്തിൽ പറഞ്ഞത് കാണുക: ‘അവൻ അദൃശ്യവും ദൃശ്യവും എല്ലാ രഹസ്യവും സ്വകാര്യവും അറിയുന്നു, പ്രത്യക്ഷവും മറഞ്ഞിരിക്കുന്നതും അവൻ അറിയുന്നു.’

അല്ലാഹുവിന്റെ മാത്രമായിട്ടുള്ള ഈ കഴിവിനെ തോന്നും വിധം വ്യാഖ്യാനിച്ച് സൃഷ്ടികളെ അവനിൽ പങ്കുചേർക്കുന്ന ഇക്കൂട്ടരോട് ക്വുർആൻ നൽകിയ മറുപടിയാണ് ഉണർത്താനുള്ളത്. അല്ലാഹു പറയുന്നു: “അവൻ അദൃശ്യവും ദൃശ്യവും അറിയുന്നവനാകുന്നു. അതിനാൽ അവൻ അവർ പങ്കുചേർക്കുന്നതിനെക്കാളെല്ലാം ഉന്നതനായിരിക്കുന്നു’’ (23:92).

നമസ്‌കാര വേളയിൽ നബി  ﷺ  സ്വഹാബികളോട് പറഞ്ഞതായി വന്ന ഹദീസിൽനിന്ന് ‘എന്റെ പിന്നിലൂടെയും ഞാൻ നിങ്ങളെ കാണുന്നു’ എന്ന ഭാഗം മാത്രമാണ് മുസ്‌ലിയാർ തെളിവായി വായിച്ചത്. ഇമാമുമാരായ ബുഖാരി(റഹി), മുസ്‌ലിം(റഹി), നസാഈ(റഹി), മാലിക്(റഹി), അഹ്‌മദ്(റഹി) എന്നിവർ അവരുടെ ഗ്രന്ഥങ്ങളിൽ വ്യത്യസ്ത സ്ഥലങ്ങളിൽ ഈ ഹദീസ് കൊണ്ടുവന്നിട്ടുണ്ട്. അവരിൽ ആരും ഇതിന്റെ അടിസ്ഥാനത്തിൽ നബി ﷺ  എല്ലാ അദൃശ്യവും അറിയുമെന്ന് സ്ഥാപിച്ചിട്ടില്ല. ഹദീസിന്റെ പൂർണരൂപം ഇതാണ്:

അബൂഹുറയ്‌റ(റ)യിൽനിന്ന്; നബി ﷺ  പറഞ്ഞു: “ഞാൻ ക്വിബ്‌ലക്ക് നേരെ തിരിഞ്ഞ് നിൽക്കുന്നതിനാൽ നിങ്ങളെ കാണുന്നില്ല എന്ന് വിചാരിച്ചുക്കുന്നുണ്ടോ? അല്ലാഹു തന്നെ സത്യം! നിങ്ങളുടെ നമസ്‌കാര കർമങ്ങളും റുകൂഉമൊന്നും എനിക്ക് ഗോപ്യമല്ല. എന്റെ പിന്നിലൂടെയും ഞാൻ നിങ്ങളെ കാണുന്നു.’’

നബി ﷺ യുടെ പുറകിലാണ് സ്വഹാബത്ത് നമസ്‌കരിക്കുന്നതെങ്കിലും അവരുടെ നമസ്‌കാരം അദ്ദേഹത്തിന് അല്ലാഹു കാണിച്ച് കൊടുത്തിരുന്നു. അദ്ദേഹത്തിന് നൽകപ്പെട്ട മുഅ്ജിസത്തുകളിലാണിത് എണ്ണപ്പെടുക. ഈ ഹദീസിന് പണ്ഡിതന്മാർ നൽകിയ വിശദീകരണത്തിൽനിന്നും അത് വ്യക്തമാണ്. ഇബ്‌നു ഹജറുൽ അസ്ഖലാനി(റഹി) പറയുന്നു: “ഇത് നമസ്‌കാര സന്ദർഭത്തിൽ മാത്രമാണ് എന്നതാണ് ഇതിന്റെ ബാഹ്യാർഥം’’ (ഫത്ഹുൽ ബാരി).

ഇമാം നവവി(റഹി) ശർഹു മുസ്‌ലിമിൽ പറഞ്ഞതായി കാണാം: “ചിലർ ഈ കാഴ്ച മരണ ശേഷമാണെന്ന് വ്യാഖ്യാനിക്കുന്നു. ഹദീസിന്റെ സാഹചര്യം പരിഗണിച്ചാൽതന്നെ ആ അഭിപ്രായം സത്യത്തിൽനിന്ന് വളരെ അകലെയെന്ന് വ്യക്തം.’’

ഇമാം മുല്ല അലിയ്യുൽ ക്വാരി തന്റെ മിർക്വാത്തിൽ പറയുന്നു: “ഇതിന് വിപരീതമായി എന്റെ ചുമരിന് പിന്നിൽ എന്താണെന്ന് എനിക്കറിയില്ല എന്ന ഹദീസുള്ളതിനാൽ ഈ കാഴ്ച ശാശ്വതമായിരിക്കണമെന്നില്ല. അതിനാൽ ഇത് നമസ്‌കാര അവസ്ഥക്ക് പ്രത്യേകവും നമസ്‌കരിക്കുന്നവരെ പറ്റിയുള്ള അറിവുമാണ്.’’

ഈ ഹദീസിന്റെ സന്ദർഭം, ആശയം, വിശദീകരണം എന്നിവയൊന്നും പരിഗണിക്കാതെ ബാഹ്യാർഥം തന്റെ വികല വാദത്തിന് കൂട്ടാക്കാൻ പറ്റിയതാണെന്ന് കണ്ടപ്പോൾ മുസ്‌ലിയാർ അതിൽ തൂങ്ങിയതാണ് അദ്ദേഹത്തെ പരിഹാസ്യ സ്ഥിതിയിലാക്കിയത്.

ഹിജ്‌റ എട്ടാം വർഷത്തിലുണ്ടായ മുഅ്ത യുദ്ധ വേളയിൽ നബി ﷺ  സൈനിക നേതൃത്വം സൈദ് ബ്‌നു ഹാരിസി(റ)ന് നൽകി ഇങ്ങനെ ഉപദേശിച്ചു: “സൈദ് കൊല്ലപ്പെട്ടാൽ ജഅ്ഫറും അദ്ദേഹം കൊല്ലപ്പെട്ടാൽ അബ്ദുല്ലാഹിബ്‌നു റവാഹയും ഉത്തരവാദിത്തം ഏറ്റെടുക്കണം.’’ ബുഖാരി, അഹ്‌മദ്, ഇബ്‌നു ഹിബ്ബാൻ എന്നിവർ റിപ്പോർട്ട് ചെയ്ത ഈ ഹദീസാണ് മുസ്‌ലിയാർ വായിച്ച മറ്റൊരു തെളിവ്. ഒരു യുദ്ധമാകുമ്പോൾ സ്വഭാവികമായും ഉണ്ടാകാവുന്ന കാര്യം നബി ﷺ  ഉണർത്തി എന്നല്ലാതെ ഈ സംഭവവും ഗൈബറിയലും തമ്മിലെന്ത് ബന്ധം? ഇതിലെവിടെയാണ് അദ്ദേഹം എനിക്ക് അദൃശ്യമറിയുമെന്ന് പറഞ്ഞത്? സ്വയം ഗൈബ് അറിയാൻ കഴിയുമായിരുന്നെങ്കിൽ യുദ്ധത്തിൽ അവർ മരിക്കുമെന്ന് അവിടുന്ന് ഉറപ്പിച്ച് പറയുകയല്ലേ വേണ്ടത്? കൊല്ലപ്പെട്ടാൽ എന്ന് പറയുമോ? ഇനി സൈദ്(റ), ജഅ്ഫർ(റ) എന്നീ സ്വഹാബിമാർ ശുഹദാക്കളാകും എന്ന അറിവിന്റെ അടിസ്ഥാനത്തിലാണ് ഇത് പറഞ്ഞതെങ്കിൽ തന്നെ അത് അല്ലാഹു അറിയിച്ചുകൊടുത്തതിന്റെ അടിസ്ഥാനത്തിൽ മാത്രം പറഞ്ഞതാണ്. അല്ലാതെ മുഴുസമയത്തും അദൃശ്യം അറിയുമെന്നതുകൊണ്ട് പറഞ്ഞതല്ല. അങ്ങനെയൊരു കഴിവ് അല്ലാഹു നൽകിയിട്ടില്ല എന്നാണ് പ്രമാണങ്ങൾ വ്യക്തമാക്കുന്നത്. ഓർക്കുക, നബി ﷺ യുടെ പേരിൽ കളവ് പറഞ്ഞു പരത്തിയാൽ അവരുടെ ഇരിപ്പിടം നരകമാണ്.

ഇബ്‌റാഹീം നബി(അ)യുടെ പേരിലാണ് മുസ്‌ലിയാരുടെ അടുത്ത നുണ. സൂറതുൽ അൻആമിലെ ‘അപ്രകാരം ഇബ്‌റാഹീമിന് നാം ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യരഹസ്യങ്ങൾ കാണിച്ചുകൊടുക്കുന്നു. അദ്ദേഹം ദൃഢബോധ്യമുള്ളവരുടെ കൂട്ടത്തിൽ ആയിരിക്കാൻ വേണ്ടിയും കൂടിയാണത്’ എന്ന വചനം ദുർവ്യാഖ്യാനിച്ച് ടിയാൻ പറയുന്നു; ഇബ്‌റാഹീം നബിയും അദൃശ്യകാര്യങ്ങൾ അറിയുമായിരുന്നു എന്ന്!

തന്റെ മുമ്പിലുള്ള ജനങ്ങളെ കബളിപ്പിക്കലും ആ മഹാപ്രവാചകനെക്കുറിച്ചുള്ള കള്ളവുമാകുന്നു ഇത്. ഈ വചനം മുസ്‌ലിയാർക്ക് തിരിച്ചടിയാണെന്നതാണ് വാസ്തവം. അല്ലാഹു കാണുച്ചു കൊടുക്കുന്നു എന്ന് പറഞ്ഞാൽ ‘മഹാത്മാക്കൾ ഇഷ്ടാനുസരണം അദൃശ്യകാര്യം അറിയും, കാണും, മുൻകൂട്ടി അറിയും’ തുടങ്ങിയ വാദങ്ങൾ പൊളിഞ്ഞില്ലേ?എന്താണ് ഈ ആയത്തിന്റെ താൽപര്യമെന്നെങ്കിലും പരിശോധിക്കേണ്ടേ? വ്യക്തവും ഖണ്ഡിതവുമായ തെളിവുകളിലൂടെ അല്ലാഹുവിന്റെ ഏകത്വം ഇബ്‌റാഹീം നബി(അ)ക്ക് ബോധ്യപ്പെടുത്തി കൊടുത്തതാണിതെന്ന് ത്വബ്‌രി, ക്വുർത്വുബി, ഇബ്‌നു കസീർ തുടങ്ങിയ മഹാന്മാരെല്ലാം വിശദീകരിച്ചതായി കാണാം.

ശിർക്കിന്റെ വൻമരമായ പിതാവിനോടും അനുയായികളോടും ‘തീർച്ചയായും താങ്കളും താങ്കളുടെ ജനതയും വ്യക്തമായ വഴികേടിലാണെന്ന് ഞാൻ കാണുന്നു’ എന്നും ‘എന്റെ സമുദായമേ, നിങ്ങൾ (അല്ലാഹുവിനോട്) പങ്കുചേർക്കുന്നതിൽനിന്നെല്ലാം തീർച്ചയായും ഞാൻ ഒഴിവാകുന്നു’ എന്നും ‘ഞാൻ ബഹുദൈവവാദികളിൽ പെട്ടവനേ അല്ല’ എന്നും ഉറക്കെ പ്രഖ്യാപിച്ച ഇബ്‌റാഹിം നബി(അ)യെ തന്നെ ശിർക്കിന് കൂട്ടുപിടിക്കാൻ തയ്യാറായതിൽ സഹതാപമാണ് തോന്നുന്നത്. ഈ ആയത്തിന് മുസ്‌ല്യാർ നൽകിയതുപോലുള്ള വ്യാഖ്യാനം അഹ്‌ലുസ്സുന്നയുടെ ഏതെങ്കിലും പണ്ഡിതൻ നൽകിയതായി തെളിയിക്കാമോ? സ്വഹാബികളിലാരെങ്കിലും ഇബ്‌റാഹീം നബിക്ക് അദൃശ്യമറിയുമെന്ന് ഈ ആയത്തിന്റെ അടിസ്ഥാനത്തിൽ നബി ﷺ  പറഞ്ഞതായി അറിയിച്ചിട്ടുണ്ടോ?

വിശ്വാസി സമൂഹത്തിന് പ്രാമാണികമായി വിശദീകരണം കിട്ടേണ്ട ചില ചോദ്യങ്ങൾ ഇവിടെ ചേർക്കട്ടെ:

1. “അവന്റെ പക്കലാകുന്നു അദൃശ്യകാര്യത്തിന്റെ ഖജനാവുകൾ. അവനല്ലാതെ അവ അറിയുകയില്ല. കരയിലും കടലിലുമുള്ളത് അവൻ അറിയുന്നു. അവനറിയാതെ ഒരു ഇല പോലും വീഴുന്നില്ല. ഭൂമിയിലെ ഇരുട്ടുകൾക്കുള്ളിലിരിക്കുന്ന ഒരു ധാന്യമണിയാകട്ടെ, പച്ചയോ ഉണങ്ങിയതോ ആയ ഏതൊരു വസ്തുവാകട്ടെ വ്യക്തമായ ഒരു രേഖയിൽ എഴുതപ്പെട്ടതായിട്ടല്ലാതെ ഉണ്ടാവില്ല’’ (ക്വുർആൻ 6:69). ഈ വചനത്തോട് സമസ്തയുടെ നിലപാടെന്ത്?

2. “(നബിയേ,) പറയുക: എന്റെ സ്വന്തം ദേഹത്തിന് തന്നെ ഉപകാരമോ ഉപദ്രവമോ വരുത്തൽ എന്റെ അധീനത്തിൽ പെട്ടതല്ല; അല്ലാഹു ഉദ്ദേശിച്ചതൊഴികെ. എനിക്ക് അദൃശ്യകാര്യം അറിയാമായിരുന്നുവെങ്കിൽ ഞാൻ ധാരാളം ഗുണം നേടിയെടുക്കുമായിരുന്നു. തിന്മ എന്നെ ബാധിക്കുകയുമില്ലായിരുന്നു. ഞാനൊരു താക്കീതുകാരനും വിശ്വസിക്കുന്ന ജനങ്ങൾക്ക് സന്തോഷമറിയിക്കുന്നവനും മാത്രമാണ്’’ (ക്വുർആൻ 7:188). അല്ലാഹുവിന്റെ നിർദേശപ്രകാരമുള്ള നബി(സ)യുടെ ഈ പ്രഖ്യാപനത്തോട് സമസ്തയുടെ സമീപനമെന്ത്?

3. ‘നിശ്ചയം ഞാനൊരു മനുഷ്യനാണ്’ എന്ന് നബി ﷺ  പറഞ്ഞതിനെ വിശദീകരിച്ച് ഇബ്‌നു ഹജറുൽ അസ്ഖലാനി(റഹി) പറയുന്നു: ‘റസൂൽ ﷺ  എല്ലാ അദൃശ്യവും അറിയും; അക്രമിക്കപ്പെട്ടവൻ മറച്ചു വെച്ചതുവരെ’ എന്ന് വാദിച്ചവർക്കുള്ള മറുപടി കൂടിയായിട്ടാണ് ഈ ഹദീസ് കൊണ്ടുവരപ്പെട്ടത്.’ അഹ്‌ലുസ്സുന്നയുടെ ഈ നിലപാട് സമസ്ത അംഗീകരിക്കുന്നുണ്ടോ?

4. തബൂക്ക് യുദ്ധത്തിൽ നബി ﷺ യുടെ ഒട്ടകം നഷ്ടപ്പെട്ടപ്പോൾ ഒരാൾ ഇങ്ങനെ പറഞ്ഞു: ‘ആകാശത്തുനിന്നുള്ള കാര്യം നിങ്ങളോട് പറയുന്ന മുഹമ്മദിന് അദ്ദേഹത്തിന്റെ ഒട്ടകം എവിടെയെന്നറിയില്ല.’ ‘അല്ലാഹു എന്നെ അറിയിച്ചതല്ലാതെ ഒന്നും എനിക്കറിയില്ല’ എന്നായിരുന്നു അവിടുന്ന് നൽകിയ മറുപടി. ഇത് സമസ്തയുടെ ആശയത്തിന് എതിരല്ലേ?

5. നബി ﷺ ക്ക് മറഞ്ഞ കാര്യങ്ങൾ അറിയുമായിരുന്നെങ്കിൽ അവിടുന്ന് പങ്കെടുത്തതും അല്ലാത്തതുമായ യുദ്ധങ്ങളിൽ വിജയം മുൻകൂട്ടി പ്രഖ്യാപിക്കുമായിരുന്നില്ലേ?

6. സ്വഹാബികൾക്കിടയിൽ നുഴഞ്ഞുകയറിയും മഹതി ആഇശ(റ)യുടെ പേരിൽ കെട്ടുകഥ പ്രചരിപ്പിച്ചും ഫിത്‌ന പരത്തിയ കപടന്മാരുടെ മനസ്സ് കാണാത്തത് പ്രവാചകന്റെ ന്യൂനതയും പരാജയവുമാണോ?

7. സൂറതുത്തഹ്‌രീം അവതരിപ്പിക്കപ്പെടാൻ കാരണമായ, തന്റെ ഭാര്യമാർക്കിടയിലുണ്ടായ സംഭവം നബി ﷺ  അറിയാതിരുന്നത് എന്തുകൊണ്ട്?

8. തന്റെ മരണസമയം നബി ﷺ ക്ക് അറിയുമായിരുന്നെങ്കിൽ അബൂബക്ർ(റ), ആഇശ(റ) എന്നിവരോടെങ്കിലും പറയാതിരുന്നത് എന്തുകൊണ്ട്?

9. ഗൈബറിയുമായിരുന്നെങ്കിൽ ഹിജ്‌റയുടെ അനുമതിക്കായി കാത്തിരുന്നതും ശത്രുനീക്കങ്ങളെ ശ്രദ്ധിച്ച് നടന്നതും എന്തിനായിരുന്നു?

10. മനസ്സറിയാനുള്ള കഴിവ് നബി ﷺ ക്ക് ഉണ്ടായിരുന്നെങ്കിൽ പലരുടെയും ഇസ്‌ലാം സ്വീകരണത്തിനായി പ്രത്യേകം പ്രാർഥിച്ചതെന്തിന്?

അഹ്‌ലുസ്സുന്ന വൽജമാഅയുടെ പേരിൽ ശിർക്ക് സ്ഥാപിക്കുവാനായി വ്യാജമായി തെളിവുണ്ടാക്കാൻ ശ്രമിക്കുമ്പോൾ അത് ഇസ്‌ലാമിനോട് കാണിക്കുന്ന കൊടുംക്രൂരതയാണെന്ന് ഇനിയെങ്കിലും പുരോഹിതന്മാർ തിരിച്ചറിയണം. ആൾക്കൂട്ടമാണ് വിജയത്തിന്റെയും ആദർശമഹിമയുടെയും നിദാനമെന്ന് ധരിച്ചെങ്കിൽ ക്വുർആൻ ഉണർത്തിയത് ഓർക്കുക: “(നബിയേ,) പറയുക: ദുഷിച്ചതും നല്ലതും സമമാകുകയില്ല. ദുഷിച്ചതിന്റെ വർധനവ് നിന്നെ അത്ഭുതപ്പെടുത്തിയാലും ശരി. അതിനാൽ ബുദ്ധിമാൻമാരേ, നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുക. നിങ്ങൾ വിജയം പ്രാപിച്ചേക്കാം’’ (ക്വുർആൻ 5:100).