വിവാഹ പ്രവചനങ്ങൾ

പി പി അബ്ദുർറഹ്‌മാൻ കൊടിയത്തൂർ

2023 ആഗസ്റ്റ് 12 , 1445 മുഹറം 25

(ഖാദിയാനി വേദപുസ്തകം ‘തദ്കിറ’യിലൂടെ ഒരു യാത്ര 28)

ഭൂട്ടോയുടെ മരണം

1984ൽ, മുൻ പാക്കിസ്ഥാൻ പ്രധാനമന്ത്രി സുൽഫിക്കർ അലി ഭൂട്ടോ തൂക്കിലേറ്റപ്പെട്ടപ്പോൾ ഖാദിയാനി ചീഫ് മിഷനറി മുഹമ്മദ് ഉമർ ‘ഇമാം മഹ്ദിയെ കണ്ടെത്തൽ’ എന്ന പുസ്തകത്തിൽ ഈ ഇൽഹാം ഉദ്ധരിച്ചുകൊണ്ട് എഴുതി:

“U.N.Oയിൽ ഇന്ത്യക്കാരെ നായ്ക്കളെന്ന് വിളിച്ച ഭൂട്ടോ, മസീഹിന്റെ ഈ പ്രവചനപ്രകാരം 52ാം വയസ്സിലേക്ക് കാലെടുത്തുവച്ചപ്പോൾതന്നെ കൊല്ലപ്പെട്ടു.’’

വ്യക്തമായ പ്രവചനങ്ങൾ ഫലിക്കാതെ വരുമ്പോൾ തലതിരിഞ്ഞ മറ്റെന്തോ ജൽപനങ്ങളെ പ്രവചനമായി അവതരിപ്പിച്ച്, പുലർന്നു എന്ന് പറയാനുള്ള ധാർഷ്ട്യം ‘പ്രവാചകനി’ൽനിന്ന് തന്നെയാവാം അനുയായികൾക്ക് ലഭിച്ചത്!

ഇനി ബട്ടാലവിയുടെ കൂട്ടുകാരുടെ കാര്യമെടൂക്കാം. 1899 ഡിസംബർ 17ന് ‘മജ്മൂഏ ഇശ്തിഹാറാതി’ൽ മിർസാ ഖാദിയാനി പരസ്യപ്പെടുത്തി: “ജഅ്ഫർ സട്‌ലി തന്റെ ദുഷിച്ച സംസാരം നിർത്താൻ കൂട്ടാക്കിയിരുന്നില്ല. പക്ഷേ, ഈയിടെയായി എന്നെ നേരിടാൻ ധൈര്യപ്പെടുന്നില്ല. അബുൽ ഹസൻ തിബറ്റിക്കും മിണ്ടാട്ടമില്ല. യഥാർഥത്തിൽ നിന്ദ്യതയുടെ മരണം അവരിൽ സംഭവിച്ചുകഴിഞ്ഞിരിക്കുന്നു. അതല്ലാതെ അവർ എന്നെ ചീത്ത പറയുന്നത് നിർത്തിയതെന്തിന്? ഈ നിന്ദ്യത തന്നെയായിരുന്നു പ്രവചനം കൊണ്ട് ഉദ്ദേശിച്ചത്’’ (വാല്യം 3, പേജ് 203).

അഹ്‌ലെ ഹദീസ് പ്രതാധിപർ മൗലവി അബ്ദുൽ വഹാ സനാഉല്ല ഈ പരസ്യം ജാഫർ സട്‌ലിയുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ അദ്ദേഹം പത്രാധിപർക്ക് കത്തെഴുതി:

“മൗലവി സാഹിബ്, അസ്സലാമു അലൈക്കും.

മിർസാ ഖാദിയാനിയെ എതിർത്തതുകൊണ്ട് എനിക്ക് ഇന്നുവരെ യാതൊരു നിന്ദ്യതയും ഉണ്ടായിട്ടില്ല. മറിച്ച് അല്ലാഹുവിന്റെ അനുഗ്രഹവും അന്തസ്സും വർധിച്ചിട്ടേയുള്ളൂ. അദ്ദേഹത്തിന്റെ പ്രവചനങ്ങളെ പിശാചിന്റെ വചനങ്ങളായേ ഞാൻ കരുതിയിട്ടുള്ളൂ. ആഥമിനോട് പറഞ്ഞതുപോലെ സത്യം ചെയ്താൽ ആയിരം രൂപയെങ്കിലും തരാൻ തയ്യാറായിരുന്നെങ്കിൽ ഞാൻ സത്യം ചെയ്‌തേനെ. വേണമെങ്കിൽ പത്തുകൊല്ലത്തെ അവധി വച്ചുകൊണ്ട് എന്റെ മരണം പ്രവചിക്കട്ടെ. എന്റെ ആയുസ്സ് വർധിക്കുകയേ ഉള്ളൂ. അദ്ദേഹത്തിനെതിരെ ഞാനൊന്നും ശബ്ദിക്കുകയോ എഴുതുകയോ ചെയ്യുന്നില്ലെന്നത് ശുദ്ധകളവാണ്. ‘മിർസാ കാദിബും ഞാനും’ (15.2.1999), ‘കള്ള മസീഹിനോട് രണ്ടുവാക്ക്’ (20.4.99), ‘ഖാദിയാനിലെ കള്ളമസീഹ്’ (25.6.99), ‘അൽഹകമിന്റെ തെറ്റിദ്ധരിപ്പിക്കൽ’ (1.10.99), ‘അത്ഭുതകരമായ മറുപടി’ (15.12.99) എന്നീ ലഘുലേഖകൾ പ്രവചനശേഷം പ്രസിദ്ധീകരിച്ചവയാണ്.

ലാഹോർ.

വിനീതൻ,

മുഹമ്മദ് ബക്ഷ് ജഅ്ഫർ സട്‌ലി.’’

പതിനഞ്ചോളം പേരുടെ മരണം പ്രവചിച്ചിട്ട് കൃത്യമായി, ഇതാ ഇന്നയാൾ മരിച്ചിരിക്കുന്നു എന്ന് പറയാൻ സാധിക്കാതെ എല്ലാറ്റിലും എന്തെങ്കിലും ന്യായങ്ങൾ നിരത്താൻ ഒരുപാട് പേജുകൾ കറുപ്പിക്കേണ്ടി വരുന്നത് എന്തുകൊണ്ടാണ്? ഒരു പ്രവചനം പോലും പുലർന്നു എന്ന് തെളിയിക്കാൻ ഖാദിയാനിക്കോ ഖാദിയാനികൾക്കോ സാധിക്കില്ല!

വിവാഹ പ്രവചനങ്ങൾ

അന്ത്യപ്രവാചകൻ മുഹമ്മദ് ﷺ, ഈസാ നബി(അ)യുടെ രണ്ടാം വരവിൽ അദ്ദേഹത്തിൽ പൂർത്തീകരിക്കേണ്ട അടയാളം എന്ന നിലയ്ക്ക് ‘വിവാഹം കഴിക്കും, കുട്ടികളുണ്ടാകും’ എന്ന് പറഞ്ഞിട്ടുണ്ട്.

‘ഈസാ നബി(അ) മരിച്ചുപോയതുകൊണ്ട് അദ്ദേഹത്തിന് പകരക്കാരനായി അയക്കപ്പെട്ട’ മിർസാ ഗുലാം അഹ്‌മദ് ഖാദിയാനി രണ്ട് വിവാഹം കഴിക്കുകയും 12 മക്കൾ ജനിക്കുകയും ചെയ്തിരിക്കെ, അദ്ദേഹത്തിന് ഈ അടയാളം പുലർന്നിരിക്കുന്നു എന്ന് അഹ്‌മദികൾക്ക് കരുതാമായിരുന്നു. എന്നാൽ മിർസായുടെ വാക്കുകൾ ഇങ്ങനെ ആശ്വസിക്കാൻ വക നൽകുന്നില്ല. ‘അൻജാമെ ആഥമി’ന്റെ അനുബന്ധത്തിൽ അദ്ദേഹം കുറിച്ചു:

“വാഗ്ദത്ത മസീഹ് വിവാഹം കഴിക്കും, കുട്ടികളുണ്ടാകും എന്ന് പ്രവചിച്ചുകൊണ്ട് നബിﷺ നേരത്തെ തന്നെ ഞാനും മുഹമ്മദീ ബീഗവും തമ്മിലുള്ള വിവാഹത്തെ സത്യപ്പെടുത്തിയിട്ടുണ്ട്. സാധാരണ വിവാഹമോ സന്താനലബ്ധിയോ അല്ല ആ പ്രവചനംകൊണ്ട് ഉദ്ദേശിച്ചതെന്ന് വ്യക്തമാണ്. കാരണം, വിവാഹം കഴിക്കുന്നതും കുഞ്ഞുങ്ങളുണ്ടാവുന്നതും സർവസാധാരണമാണ്. എന്നാൽ, ഇപ്പറഞ്ഞത് പ്രത്യേകമായ വിവാഹമാണ്. അതൊരു ദിവ്യാടയാളമായിരിക്കും. സന്താനലബ്ധിയിലുമുണ്ട് പ്രത്യേകത. ഞാൻ പലവരു പ്രവചിച്ചതാണ് വാഗ്ദത്തപുത്രനെപ്പറ്റി. കറുത്ത ഹൃദയങ്ങളുള്ള എതിരാളികളുടെ സംശയങ്ങൾക്ക് വ്യക്തമായ മറുപടി നൽകുകയും ഈ കാര്യങ്ങൾ സംഭവിക്കുമെന്നത് തീർച്ചയാണെന്ന് പ്രഖ്യാപിക്കുകയും ചെയ്യുകയാണ് റസൂൽ തിരുമേനിﷺ ഈ വചനത്തിലൂടെ’’ (പേജ് 53, ഹാശിയ).

മുഹമ്മദീ ബീഗവുമായുള്ള ആകാശ വിവാഹവും അതിൽ ജനിക്കേണ്ട വാഗ്ദത്ത പുത്രനുമായി ബന്ധപ്പെട്ട പ്രവചനങ്ങളാണ് ഇനി പറയുന്നത്.

മിർസാ ഖാദിയാനി 1852ൽ, തന്റെ പതിമൂന്നാം വയസ്സിൽ, സ്വന്തം മാതുലപുത്രി ഹുർമത് ബീബിയെ വിവാഹം ചെയ്യുകയും മൂന്നുവർഷത്തിനിടെ സുൽത്താൻ അഹ്‌മദ്, ഫസൽ അഹ്‌മദ് എന്നീ രണ്ട് മക്കൾ ജനിക്കുകയും ചെയ്തിരുന്നു. മാനവസമൂഹത്തിന് ഉപകാരപ്പെട്ടില്ലെങ്കിലും സ്വന്തം താല്പര്യങ്ങൾക്ക് വേണ്ടിയുള്ള കുറേ വഹ്‌യുകളും സ്വപ്‌ന- ജാഗ്രദ് ദർശനങ്ങളും തദ്കിറയിൽ ഉണ്ട്. അവയിൽ സ്വന്തം വിവാഹവുമായി ബന്ധപ്പെട്ട ആദ്യത്തെ വഹ്‌യ് ഇങ്ങനെയാണ്.

‘‘1881ൽ തീയതി രേഖപ്പെടുത്താത്ത ഒരു വഹ്‌യുണ്ട്; ‘നാം നിനക്കു സുന്ദരനായ ഒരു ആൺകുട്ടിയെ നൽകുമെന്ന സുവിശേഷം അറിയിക്കുന്നു’ എന്ന്. ഞാൻ ഇത് ഹാഫിസ് നൂർ അഹ്‌മദ് അമൃതസരി എന്ന, എന്റെ മസീഹ് വാദം സ്വീകരിക്കാത്ത വ്യക്തിയെയും ഷേഖ് ഹാമിദ് അലിയെയും ശരംപത്, മലാവാമിൽ എന്നീ ഹിന്ദുക്കളെയും കേൾപ്പിച്ചു. ഇരുപത് വർഷത്തോളമായി പ്രസവിക്കാതിരുന്ന ഭാര്യ ഇനി പ്രസവിക്കുമോ എന്ന് അവർ അത്ഭുതം കൂറി. എന്നാൽ മൂന്ന് വർഷം കഴിഞ്ഞപ്പോൾ ഡൽഹിയിലെ ഒരു സയ്യിദ് കുടുംബത്തിലെ പെൺകുട്ടിയുമായി എന്റെ വിവാഹം നടന്നു. തുടർന്ന് അല്ലാഹു ആ കുട്ടി അടക്കം നാലു ആൺകുട്ടികളെ തന്നു.

പീന്നീട് ലഭിച്ച ഒരു വഹ്‌യ് ഇപ്രകാരമായിരുന്നു: ‘എന്റെ അനുഗ്രഹത്തിന് നന്ദി പറയുക. നീ എന്റെ ഖദീജയെ നേടിയിരിക്കുന്നു.’ അനുഗൃഹീത കുടുംബത്തിലെ ഒരു ഉമ്മ ആയതുകൊണ്ടാണ് അല്ലാഹു അവൾക്ക് ഖദീജ എന്ന പേരു വിളിച്ചത്. അതോടൊപ്പം അവർ സാദാത്ത് കുടുംബത്തിൽ പെട്ടവരുമാണ്.

അടുത്ത വചനം: ‘നിന്നെ ജാമാതാവാക്കുന്ന വളരെ മാന്യമായ കുടുംബത്തെ നൽകി നിന്റെ കുടുംബത്തെ ആദരിച്ച അല്ലാഹുവിനാണ് സർവസ്തുതിയും’’ (പേജ് 29, 30).

അമ്പതിനോടടുത്ത പ്രായത്തിൽ ഡൽഹിയിൽനിന്ന് ഒരു പതിനാറുകാരിയെ വിവാഹം കഴിച്ചപ്പോൾ, ആ കുടുംബത്തിന്റെ മഹത്ത്വം സ്വന്തം വാക്കുകളിലും ദൈവിക വചനങ്ങളിലും തുളുമ്പുകയാണ്!

‘ഈ കല്യാണം എന്റെ സ്വന്തം ചെലവിൽ’

‘‘തുടർന്ന് ‘നിന്നെ രണ്ടാമതൊരു വിവാഹം കഴിപ്പിക്കുമെന്നും അതിനുള്ള എല്ലാ സാധനങ്ങളും ഞാൻ തന്നെ ഏർപ്പാടാക്കുമെന്നും നിനക്ക് ഈ കാര്യത്തിൽ ഒരുവിധ പ്രയാസവും ഉണ്ടാകില്ല എന്നും അല്ലാഹു ഉർദുവിൽ വഹ്‌യ് നൽകി. ഇതേ ആശയം ഒരു പേർഷ്യൻ ഈരടിയായും അല്ലാഹു അറിയിച്ചു.

ഈ വിവാഹത്തിന്റെ എല്ലാ ചെലവുകളും താമസിക്കാനുള്ള വീടും അല്ലാഹുതന്നെ ഏർപ്പാടാക്കിത്തന്നു. എനിക്ക് അണുമണിത്തൂക്കം ടെൻഷനടിക്കേണ്ടി വന്നില്ല.

അത്ഭുതം എന്നല്ലാതെ എന്തു പറയട്ടെ! ആ സയ്യിദുമാരുടെ വല്യുമ്മയുടെ പേര് ശഹർബാനു എന്നായിരുന്നു; ഒരു വലിയ കുടുംബത്തിന്റെ മാതാവാകാനായി തെരഞ്ഞെടുത്ത ഭാര്യയുടെ പേരാകട്ടെ നുസ്രത്ത് ജഹാൻ ബീഗം എന്നും. ലോകത്തിനു മുഴുവൻ സഹായകമായിരിക്കും അതിലൂടെ ഉണ്ടാകുന്ന കുടുംബം എന്നതിന്റെ സൂചനയായിരുന്നു ഇത്. ഇവ്വിധം പേരുകളിൽ പോലും വലിയ പ്രവചനങ്ങൾ ഒളിപ്പിക്കുക എന്നത് അല്ലാഹുവിന്റെ ഒരു രീതി ആകുന്നു...

ഇശാഅതുസ്സുന്നയുടെ എഡിറ്ററായിരുന്ന മൗലവി മുഹമ്മദ് ഹുസൈൻ ബട്ടാലവിയുടെ വീട്ടിൽ ഒരു ആഘോഷത്തിൽ പങ്കെടുക്കാൻ വേണ്ടി പോകേണ്ടി വന്നു. ‘ഈയിടെ എന്തെങ്കിലും ഇൽഹാം ഉണ്ടായോ?’ അദ്ദേഹം കുശലാന്വേഷണം നടത്തി. ഞാൻ പറഞ്ഞു: ‘അല്ലാഹു എനിക്ക് രണ്ടു വിവാഹത്തെക്കുറിച്ച് സുവാർത്ത നൽകിയിരിക്കുന്നു. ഒന്ന് കന്യകയും മറ്റൊന്ന് വിധവയും. മറ്റു പലരെയും അക്കാര്യം നേരത്തെത്തന്നെ അറിയിച്ചിരുന്നു. രണ്ടു സ്ത്രീകളെ ഞാൻ വിവാഹം കഴിക്കും എന്നാണ് അല്ലാഹു ഉദ്ദേശിച്ചത്. അതിൽ കന്യകയായ ഭാര്യയെപ്പറ്റിയുള്ള പ്രവചനം പുലർന്നുകഴിഞ്ഞു. അതിൽ നാല് സന്തതികളും ഉണ്ടായി. വിധവയെപ്പറ്റിയുള്ള ഇൻഹാമിന്റെ പുലർച്ച കാത്തിരിക്കുന്നു’’ (പേജ് 30,31).

ആദ്യ വിവാഹമാണ് ഉദ്ദേശിച്ചതെങ്കിൽ അതിൽ രണ്ട് ആൺകുട്ടികൾ മാത്രമാണ് ജനിച്ചത്. നാലു മക്കളുണ്ട് എന്ന മേൽപ്രസ്താവനയുടെ പൊരുൾ എന്താണെന്ന് അറിയില്ല. ആദ്യഭാര്യയിൽ ഈ രണ്ടു മക്കളേ ഉള്ളൂ എന്ന കാര്യത്തിൽ മിർസായുടെ ജീവചരിത്രകാരന്മാർ യോജിക്കുന്നു.

യഥാർഥത്തിൽ സംഭവിച്ചത്!

ഈ രണ്ടാം വിവാഹക്കാര്യം വഹ്‌യുമായി ബന്ധിപ്പിക്കുകയും പ്രവചനമായി അവതരിപ്പിക്കുകയും ചെയ്യുന്നുവെങ്കിലും അതിന്റെ യാഥാർഥ്യം ബശീർ അഹ്‌മദ് ‘ബസീറതുൽ മഹ്ദി’യിൽ ആദ്യഭാര്യയുടെ നിവേദനത്തിൽ വിവരിക്കുന്നുണ്ട്. 68, 69 രിവായത്തുകളുടെ ചുരുക്കം ഇങ്ങനെ:

“ഉമ്മ പറയുന്നു: ‘എന്റെ ചെറുപ്പത്തിൽ പിതാവ് മീർ നാസിർ നവാബിന് ഖാദിയാനിലേക്ക് സ്ഥലംമാറ്റം ലഭിക്കുകയും ഇവിടെ ആറേഴ് മാസം താമസിക്കുകയും ചെയ്തിരുന്നു. അന്ന് നിന്റെ മൂത്താപ്പയുടെ (ഗുലാം ഖാദിർ) വീട്ടിലായിരുന്നു താമസിച്ചിരുന്നത്...’’ (പേജ് 50).

മിർസാ ഖാദിയാനിയുടെ ജ്യേഷ്ഠൻ ഗുലാം ഖാദിർ നേരത്തെ കനാൽ കോൺട്രാക്ടർ ആയിരുന്നു. പിന്നീട് പൊലീസിൽ ജോലി ലഭിക്കുകയും ഗുരുദാസ്പൂരിൽ സൂപ്രണ്ടായി സ്ഥാനക്കയറ്റം ലഭിക്കുകയും ചെയ്തു. 1883ൽ 55ാം വയസ്സിൽ മരിച്ചു. രണ്ട് മക്കൾ ചെറുപ്പത്തിലേ മരിച്ചുപോയിരുന്നു. അദ്ദേഹം ഗുരുദാസ്പൂരിൽ താമസിക്കുമ്പോൾ ഒഴിഞ്ഞുകിടന്ന വീട്ടിലാണ് പഞ്ചാബ് ഗവൺമെന്റിൽ കനാൽ വകുപ്പ് ഉദ്യോഗസ്ഥനായിരുന്ന ഡൽഹി നിവാസിയായ നാസിർ നവാബ് കുടുംബവുമായി താമസിച്ചത്.

“എന്റെ പിതാവിനോട് വിവാഹാന്വേഷണം നടത്തിയപ്പോൾ വലിയ പ്രായവ്യത്യാസം കാരണം മാതാപിതാക്കൾക്ക് ഇഷ്ടപ്പെട്ടില്ല. എന്നാൽ വീണ്ടും കത്തെഴുതിയപ്പോൾ സമ്മതിക്കുകയും പിതാവ് ശൈഖ് ഹാമിദ് അലിയെയും ലാലാ മലാവാമിലിനെയും കൂട്ടി ഡൽഹിയിൽ വരികയും ചെയ്തു. മൗലവി നദീർ ഹുസൈൻ നിക്കാഹ് നടത്തി. അദ്ദേഹത്തിന് അഞ്ചു രൂപയും ഒരു മുസ്വല്ലയും നൽകി. അന്നെനിക്ക് 18 വയസ്സായിരുന്നു; ഹുസൂറിന്ന് ഏതാണ്ട് 50 നോടടുത്തും’’ (പേജ് 51).

ജ്യേഷ്ഠന്റെ വീട്ടിൽ താമസിച്ചിരുന്ന ഒരു പെൺകുട്ടിയെ ഇഷ്ടപ്പെടുകയും സ്വന്തം പ്രായം പരിഗണിക്കാതെ അക്കാലത്ത് 1100 രൂപ മഹർ നൽകി വിവാഹം കഴിക്കുകയും ചെയ്ത സംഭവത്തെയാണ് പ്രവചനമായി അവതരിപ്പിച്ചത്. മഹറിന്റെ കാര്യം 263ാമത്തെ രിവായത്തിൽ വിശദീകരിക്കുന്നുണ്ട്. ഇത്രയും ഭീമമായ തുക എവിടുന്ന് കിട്ടി എന്ന ചോദ്യം ഉന്നയിക്കാതിരിക്കാനാണ് ‘എല്ലാ ചെലവുകളും ഞാൻ വഹിക്കും, നീ ടെൻഷനടിക്കേണ്ട’ എന്ന് അല്ലാഹു നേരത്തെ വഹ്‌യ് നൽകിയതായി പറഞ്ഞുവച്ചത്.

കന്യകയും വിധവയും

‘ഒരു കന്യകയും ഒരു വിധവയും’ എന്ന വഹ്‌യ് എവ്വിധം സാക്ഷാത്കരിച്ചു എന്നതിന് തദ്കിറ ക്രോഡീകരിച്ചയാൾ നൽകുന്ന വിശദീകരണം നോക്കുക:

“ഈ വിനീതന്റെ വീക്ഷണം, ഈ രണ്ടു വശങ്ങളും ഉമ്മുൽ മുഅ്മിനീന്റെ കാര്യത്തിൽ തന്നെ പൂർത്തീകരിച്ചു എന്നാണ്. അവർ കന്യകയായി ഹുസൂറിന്റെ ഭാര്യാപദത്തിലേക്ക് വന്നു. പിന്നീട് വിധവയാവുകയും ചെയ്തു’’ (പേജ് 31 അടിക്കുറിപ്പ്)

ഖാദിയാനികളുടെ പ്രവാചകൻ ഒരു കന്യകയെയും ഒരു വിധവയെയും കല്യാണം കഴിക്കും എന്നാണ് അല്ലാഹു പറഞ്ഞത്. ആ രണ്ടു അവസ്ഥകളും വിവാഹത്തിന് മുമ്പേ ആ സ്ത്രീകളിൽ ഉണ്ടാവേണ്ടതാണ്. എന്നാൽ അത് രണ്ടും ഒരാൾ തന്നെയാണെന്ന് നാം മനസ്സിലാക്കണമെന്ന് ക്രോഡീകരിച്ചയാൾ പറയുന്നു. മിക്ക സ്ത്രീകളുടെയും കാര്യത്തിൽ ഈ രണ്ട് റോളും നമുക്ക് കാണാവുന്നതാണ്. അതിന് വഹ്‌യിന്റെ ആവശ്യമുണ്ടെന്നു തോന്നുന്നില്ല. ഇത്തരം അനുയായികളാണ് ഖാദിയാനി പ്രവാചകന്റെ മുതൽക്കൂട്ട്.

യുവതിയും സുന്ദരിയുമായ രണ്ടാം ഭാര്യയുമായി കഴിയവെ, ആദ്യഭാര്യ അവഗണിക്കപ്പെടുകയും അവരുമായുള്ള ബന്ധം വഷളാവുകയും ചെയ്തു. മിർസാ ഖാദിയാനി വിവാഹമോചനത്തിന് തയ്യാറായപ്പോൾ ആ സാധു സ്ത്രീ, താനൊരു അവകാശവും ആവശ്യപ്പെടാതെ ഇവിടെ കഴിഞ്ഞു കൊള്ളാം എന്ന് പറഞ്ഞു.

(തുടരും)