ഗണിതത്തിലും ‘വഹ്‌യുകൾ!’

പി പി അബ്ദുർറഹ്‌മാൻ കൊടിയത്തൂർ

2023 ജൂൺ 03 , 1444 ദുൽഖഅ്ദ 14

( ഖാദിയാനി വേദപുസ്തകം ‘തദ്കിറ’യിലൂടെ ഒരു യാത്ര - 18 )

ഇനിയും ചിലത് ഗണിത വഹ്‌യുകളാണ്. പക്ഷേ, ആശയവും അർഥവും അറിയാത്തതിനാൽ അവയുടെമുമ്പിൽ അന്തംവിട്ടു നിൽക്കാനാണ് ‘പ്രവാചകന്റെയും’ അനുയായികളുടെയും വിധി! മറ്റനേകം വഹ്‌യുകളും ദർശനങ്ങളുംപോലെ ഇവയും ഏട്ടിലെ ‘വിശുദ്ധപശുക്കളായി’ വിശ്രമിക്കുകയാണ്!

1891ലെ ഒരു കശ്ഫ് ഇങ്ങനെ വിവരിക്കുന്നു: ‘‘താഴെ കാണുന്ന പേരിന്റെ അക്ഷരമൂല്യത്തെപ്പറ്റി ശ്രദ്ധചെലുത്തി നോക്കൂ. പതിമൂന്നാം നൂറ്റാണ്ടിന്റെ പൂർത്തീകരണത്തോടെ പ്രത്യക്ഷപ്പെടാൻ പോകുന്ന വാഗ്ദത്ത മസീഹിന്റെ പേരും വരാൻ നിശ്ചയിക്കപ്പെട്ട തീയതിയും എത്രമാത്രം യോജിക്കുന്നു! ‘ഗുലാം അഹ്‌മദ് ഖാദിയാനി.’ ഇതിലെ അക്ഷരങ്ങളുടെ അബ്ജദ് എണ്ണമനുസരിച്ചുള്ള മൂല്യത്തിന്റെ ആകെത്തുക 1300 ആകുന്നു. ഖാദിയാനിൽ ഗുലാം അഹ്‌മദ് ഖാദിയാനി എന്ന പേരുള്ളതായി ഈ വിനീതൻ അല്ലാതെ രണ്ടാമതൊരാളില്ല. എന്നല്ല, ലോകത്തുതന്നെ ഈ പേരിൽ വേറെ ഒരാൾ ഇല്ല എന്നാണ് എന്റെ മനസ്സിലേക്ക് ഇട്ടുതന്നത്. ഇങ്ങനെ ഒരുപാട് രഹസ്യവിവരങ്ങൾ അക്ഷരസംഖ്യയുമായി ബന്ധപ്പെട്ട എനിക്ക് വെളിപ്പെടുത്തി തന്നിട്ടുണ്ട്’’(പേജ് 144).

ഇതിൽ ഒരു രഹസ്യവുമില്ല. മിർസയുടെ പേര് ഗുലാം അഹ്‌മദ് ഖാദിയാനി എന്നല്ല താനും. ഖാദിയാനി എന്നാൽ ഖാദിയാൻ സ്വദേശി എന്നർഥം. ഇത് ഇന്ത്യയിലും മറ്റു പല രാജ്യങ്ങളിലും നടപ്പിലുള്ള പേരിനോട് ചേർത്ത് പറയുന്ന സമ്പ്രദായമനുസരിച്ചുള്ളതാണ്; പേരിന്റെ ഭാഗമല്ല. അക്ബർ ഇലാഹാബാദി, ഫിറാഖ് ഗോരഖ്പൂരി എന്നിവ ഉദാഹരണം.

ഖാദിയാനിൽ ഈ പേരിൽ മറ്റൊരാൾ ഇല്ലെങ്കിൽ പിന്നെ ലോകത്തെവിടെയും ഉണ്ടാവുകയില്ല എന്നത് പ്രത്യേകിച്ച് ആരും ‘ഇട്ടുതരേണ്ട’ കാര്യമല്ല. മാത്രവുമല്ല അത് ഒരു മഹത്ത്വവും അല്ല. ലോകത്ത് ഏറ്റവുമധികം ആളുകൾക്ക് നൽകപ്പെട്ട പേര് മുഹമ്മദ് ആണെന്നു കൂടി ചേർത്തു വായിക്കുക. അത് പേരിന്റെ മഹത്ത്വമാണെന്ന് തിരിച്ചറിയാതെയാണ് ഈ മേനിപറച്ചിൽ.

മിർസ എന്ന കുടുംബപ്പേര് വിട്ടുകൊണ്ട് എണ്ണം ഒപ്പിക്കുകയാണ് ഖാദിയാനി പ്രവാചകൻ. യഥാർഥത്തിൽ മിർസാ ഗുലാം അഹ്‌മദ് ഖാദിയാനി എന്ന പൂർണനാമത്തിൽ ഒഴിവാക്കാൻ പറ്റാത്തതാണ് ആദ്യത്തെത്. അയാളാകട്ടെ മിർസാ സാഹിബ്, മിർസാ ഖാദിയാനി എന്നൊക്കെയാണ് അറിയപ്പെടുന്നത് തന്നെ. അതുകൂടി ചേരുമ്പോൾ 1548 ആകും ആെകത്തുക. രണ്ട് നൂറ്റാണ്ട് കൂടി കാത്തിരിക്കണം എന്നർഥം. മിർസ ചേർത്താൽ 1372 ആകും എന്നതുകൊണ്ടാണ് അതൊഴിവാക്കി സ്ഥലപ്പേര് ചേർത്തത്.

ഏതു തെളിവുകൾ നിരത്തുമ്പോഴും സൂക്ഷ്മ വിശകലനത്തിൽ അത് തനിക്ക് എതിരായി വരുന്നു എന്നതാണ് ഖാദിയാനി പ്രവാചകന്റെ ഗതികേട്!

വാഗ്ദത്ത മസീഹിന്റെ കാലം പരാമർശിക്കുന്ന ഒരു കണക്ക് വഹ്‌യ് കൂടി കാണുക: ‘‘ഈ വിനീതന് കശ്ഫിലൂടെ വെളിപ്പെട്ട പ്രകാരം, ആക്രമണങ്ങളുടെ പൂർണതയെത്തുന്ന ഈ കാലം ഹിജ്‌റവർഷ കണക്കനുസരിച്ച്, ‘എങ്ങനെ വേണമെങ്കിലും അതിനെ (ജലത്തെ) പോക്കിക്കളയാൻ കഴിവുള്ളവനത്രെ നാം’(അൽമുഅ്മിനൂൻ:18) എന്ന വചനത്തിന്റെ ജമൽ കണക്കനുസരിച്ച് 1274 ആകുന്നു’’(പേജ് 149).

ഈ ആയത്തിന് വാഗ്ദത്തമസീഹുമായുള്ള ബന്ധം എന്താണെന്ന് വെളിപ്പെടുത്തിയിട്ടില്ല മിർസയും അയാൾക്ക് വഹ്‌യ് നൽകുന്നയാളും.

ആദമി(അ)ന്റെ ജനനത്തീയതി!

‘‘ഇതേപോലെ ഒരിക്കൽ ആദമിന്റെ ജനനത്തീയതിയെക്കുറിച്ച് എനിക്ക് കിട്ടിയ വിവരമനുസരിച്ച്, സൂറത്തുൽ അസ്വ്‌റിലെ അക്ഷരങ്ങളുടെ അബ്ജദീ എണ്ണപ്രകാരം കൂട്ടി നോക്കിയപ്പോൾ ആ തീയതി ലഭിക്കുകയുണ്ടായി’’(പേജ് 144).

ഇത് എഴുതിയ ഗ്രന്ഥത്തിൽ പക്ഷേ, ആ തീയതി ഏതാണെന്ന് പറയുന്നില്ല. പത്തുവർഷം കഴിഞ്ഞുള്ള മറ്റൊരു ഗ്രന്ഥത്തിൽ ഇങ്ങനെ കാണാം: ‘‘ആദം മുതൽ മുഹമ്മദ് നബിയുടെ നുബുവ്വത്ത് കാലം വരെ കണക്കാക്കുവാൻ സൂറഃ അൽഅസ്വ്‌റിന്റെ അബ്ജദീ മൂല്യം കൂട്ടിയാൽ മതി. അതിൽ 23 വർഷം കൂടി കൂട്ടുമ്പോൾ 4739 ലഭിക്കും. അതായത് ലോകാരംഭം മുതൽ മുഹമ്മദ് നബി വഫാത്തായ ദിവസം വരെ ആകെ 4739 ചന്ദ്രവർഷങ്ങൾ ഉണ്ട്. സൂര്യവർഷത്തിൽ അത് 4598 ആകുന്നു.’’

ആദമി(അ)ന്റെ സൃഷ്ടിപ്പിന്റെയും മുഹമ്മദ് നബി ﷺ യുടെ വിയോഗത്തിന്റെയും വർഷങ്ങളുമായി മിർസയുടെ നിയോഗത്തിന് എന്ത് ബന്ധമാണുള്ളത് എന്ന് മനസ്സിലാവുന്നില്ല. അല്ലെങ്കിലും അദ്ദേഹം പറയുന്നതൊക്കെ എല്ലാവർക്കും മനസ്സിലാവണമെന്നില്ലല്ലോ.

പട്ടികൾ ചാവും

ഇനി മിർസാ ഖാദിയാനിയുടെ പ്രവചനങ്ങളുമായി ബന്ധപ്പെട്ട ചില അക്കവഹ്‌യുകൾ പരിശോധിക്കാം.

1891ൽ ഒരാളുടെ മരണം പ്രവചിക്കുന്ന ഒരു ഗണിതവഹ്‌യ് ഇങ്ങനെ വായിക്കാം: ‘‘ഒരു വ്യക്തിയുടെ മരണത്തെക്കുറിച്ച് അല്ലാഹു തഹജ്ജീ എണ്ണത്തിൽ എന്നെ വിവരം അറിയിച്ചു. അതിന്റെ ചുരുക്കം ഇങ്ങനെയാണ്: അതായത് അവൻ നായ, നായയുടെ എണ്ണത്തിൽ മരിക്കും. അതായത് 52 വയസ്സ് കവിയില്ല എന്നർഥം. അവന് 52ാം വയസ്സിലേക്ക് കാലെടുത്ത് വെക്കുമ്പോൾ അഥവാ ആ കൊല്ലത്തിനകം ആ യാത്രക്കാരന്റെ നാട് മാത്രം ബാക്കിയാവും’’ (പേജ് 145). മരിക്കും എന്ന് സാരം. എത്ര മഹത്തരമാണെന്ന് നോക്കൂ ഈ പ്രവചനം! ആൾ ശത്രുവാകാനാണ് സാധ്യത. നായ എന്നാണല്ലോ പറഞ്ഞത്.

മിർസായുടെ ആദ്യകാല സതീർഥ്യനായിരുന്ന മുഹമ്മദ് ഹുസൈൻ ബട്ടാലവിയെ ആദ്യത്തെ വഹ് യുമായി ബന്ധപ്പെട്ട് നേരത്തെ പരാമർശിച്ചുവല്ലോ. അദ്ദേഹത്തോടുള്ള കൊടിയ ശത്രുത മൂലം അദ്ദേഹത്തെ ബത്വാലവി എന്ന് അധിക്ഷേപിക്കുകയും അങ്ങനെ വിളിക്കുന്നത് കോടതി ഉത്തരവിലൂടെ വിലക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തെക്കുറിച്ച് മിർസക്ക് ലഭിച്ച ആദ്യത്തെ വഹ്‌യ് അദ്ദേഹം സത്യം അംഗീകരിച്ച് ബൈഅത്ത് ചെയ്യുമെന്നായിരുന്നു. ‘ശൈഖ് മുഹമ്മദ് ഹുസൈൻ ബട്ടാലവിയെപ്പറ്റി മൂന്നുപ്രാവശ്യം എനിക്ക് വഹ്‌യ് ലഭിച്ചത്, അയാൾ വഴികേടിൽനിന്ന് തിരിച്ചുവരുമെന്നും അല്ലാഹു അയാളുടെ കണ്ണു തുറപ്പിക്കുമെന്നുമാണ്. എല്ലാറ്റിനും കഴിവുള്ളവനാണല്ലോ അല്ലാഹു’’ (പേജ് 247).

ആ പ്രവചനം ഫലിക്കാതെ വന്നപ്പോഴാണ് അദ്ദേഹം ബട്ടാലവിയുടെ മരണം പ്രവചിച്ചത്. 1898 ഡിസംബർ 15 മുതൽ 1900 ജനുവരി 15 വരെ 13 മാസത്തെ അവധി നിർണയിച്ചുകൊണ്ട്, 10.11.1898ന് അദ്ദേഹം പരസ്യം ചെയ്തു.

‘‘നിന്റെ ദൃഷ്ടിയിൽ ആരാണോ നിന്ദ്യൻ, അവൻ ഈ കാലയളവിനുള്ളിൽ കൂടുതൽ നിന്ദ്യനായി മരിക്കും’’ എന്നായിരുന്നു പ്രവചനം. (പേജ് 270).

ഒരു വെടിക്ക് ഒത്തിരി പക്ഷികൾ

1908 മെയ് 26ന് ഖാദിയാനി പ്രവാചകൻ മരിക്കുകയും ‘ഇശാഅത്തുസ്സുന്ന’ വാരികയിൽ പത്രാധിപരായ മുഹമ്മദ് ഹുസൈൻ ബട്ടാലവി അദ്ദേഹത്തിന്റെ ചരമക്കുറിപ്പ് എഴുതുകയും ചെയ്തു. ഇങ്ങനെ കൃത്യമായ രണ്ടു പ്രവചനങ്ങളും തകർന്നെങ്കിലും അതിൽനിന്നും പാഠം ഉൾക്കൊള്ളാൻ കൂട്ടാക്കാത്ത അനുയായികൾ 1920ൽ ബട്ടാലവി മരിച്ചപ്പോൾ ചാടിയെണീറ്റു. ‘‘ഇതാ മസീഹിന്റെ പ്രവചനസാക്ഷാത്കാരം. ബട്ടാലവിയെക്കുറിച്ച് മസീഹ് പ്രവചിച്ചിരുന്നു, ‘കൽബുൻ യമൂതു അലാ കൽബിൻ’ എന്ന്.’’ പക്ഷേ, എവിടെയെങ്കിലും ഇത് ബട്ടാലവിയെക്കുറിച്ചാണെന്ന് ആചാര്യൻ എഴുതിയത് കാണിക്കാൻ അവർക്കായില്ല.

തീർന്നില്ല, പാക്കിസ്ഥാനിലെ മുൻ പ്രധാനമന്ത്രി സുൽഫിക്കർ അലി ഭൂട്ടോ 1973ൽ ഖാദിയാനി, ലാഹോരി അഹ്‌മദികളെ അമുസ്‌ലിംകളായി പ്രഖ്യാപിക്കുന്ന പ്രമേയം പാസാക്കിയിരുന്നു. 1984ൽ അധികാരം പിടിച്ചെടുത്ത പട്ടാള മേധാവി ജനറൽ സിയാഉൽ ഹഖിന്റെ ഭരണത്തിൽ ഭുട്ടോ തൂക്കിലേറ്റപ്പെട്ടു. 1989 ഏപ്രിൽ നാലിന് അദ്ദേഹത്തിന്റെ അമ്പത്തിരണ്ടാം വയസ്സിലായിരുന്നു അത്. ഉടനെ ഖാദിയാനികൾ ആർത്ത് വിളിച്ചു: ‘മസീഹിന്റെ പ്രവചനം ഇതാ പുലർന്നിരിക്കുന്നു! കൽബുൻ... എന്ന പ്രവചനമനുസരിച്ച്, യുഎൻ അസംബ്ലിയിൽ ഇന്ത്യക്കാരെ നായ്ക്കൾ എന്ന് വിളിച്ച ഭുട്ടോ കൊല്ലപ്പെട്ടിരിക്കുന്നു’ (മൗലവി മുഹമ്മദ് ഉമർ എച്ഛ്.എ, ‘ഇമാം മഹ്ദിയെ കണ്ടെത്തൽ’ (പേജ് 21-22).

ഇനിയും 52 വയസ്സ് ആയിട്ടില്ലാത്ത ശത്രുക്കൾ കരുതിയിരിക്കുക. ഈ പ്രവചനം ഡമോക്ലസിന്റെ വാള് പോലെ നിങ്ങളുടെ തലയ്ക്കുമുകളിൽ ഉണ്ടെന്ന് അറിയുക.

‘47 വയസ്സ്, ഇന്നാ ലില്ലാഹ്’

ഇനി വിചിത്രമായ ചില ‘വഹ്‌യുകൾ’ കൂടി കാണുക: ‘47 വയസ്സ് ഇന്നാലില്ലാഹ്.’ 2.9.1905ന് അവതരിച്ച ഒരു വഹ്‌യാണത്രെ ഇത്. ഏതോ ഒരു അധർമിയും അശ്രദ്ധനുമായ ആളുടെ കത്തിലെ വരികളാണ് എന്നാണ് മിർസായുടെ പരാമർശമെങ്കിൽ; ക്രോഡീകരിച്ചയാൾ ഇത് മൗലവി അബ്ദുൽകരീമിന്റെ മരണത്തെക്കുറിച്ചുള്ള വഹ്‌യ് ആണെന്ന് പറയുന്നു. അക്കാര്യം പക്ഷേ, ‘പ്രവാചകൻ’ അറിയാതെ പോയി!

11.12.1900ന് അവതരിച്ച ഒരു പേർഷ്യൻ കവിതാവരിയും തുടർന്നുണ്ടായ അക്കവഹ്‌യുമാണ് ഇനി പറയുന്നത്: ‘എന്നെക്കുറിച്ച് പ്രചരിച്ച തെറ്റായ ആരോപണങ്ങളിൽനിന്ന് മുക്തനാകും മുമ്പേ ഞാൻ മരിച്ചു പോകുമെന്ന് എനിക്ക് വിശ്വസിക്കാനാവുന്നില്ല. അതിനെക്കുറിച്ച് 11.12.1900 വ്യാഴാഴ്ച ഒരു ഇൽഹാം ഉണ്ടായി. അല്ലാഹു പറയുന്നു: ‘നിന്റെ രോദനം ആകാശത്ത് എത്തിയിരിക്കുന്നു. ഞാൻ നിനക്ക് എന്തെങ്കിലും പ്രതീക്ഷയോ സുവാർത്തയോ തന്നാൽ നീ അത്ഭുതപ്പെടേണ്ട. അത് എന്റെ നടപടിക്രമത്തിനോ(സുന്നത്ത്) ഔദാര്യത്തിനോ എതിരാവില്ല. 11ന് ശേഷം ഇൻഷാ അല്ലാഹ്.’ 11 എന്ന അക്കം എഴുതിക്കാണിച്ചതല്ലാതെ 11 ദിവസമാണോ ആഴ്ചയാണോ ഉദ്ദേശിച്ചത് എന്ന് വ്യക്തമാക്കിയിട്ടില്ല’’ (പേജ് 327).

ഇങ്ങനത്തെ സുവാർത്ത വന്നാൽ ആരാണ് അത്ഭുതപ്പെടാതിരിക്കുക? മിർസയെക്കുറിച്ചുള്ള ആരോപണങ്ങളുടെ നിജസ്ഥിതി 11 ദിവസമോ 11 ആഴ്ചയോ 11 മാസമോ കഴിഞ്ഞാൽ അറിയുമെങ്കിൽ അത് വ്യക്തമാക്കി പറയണമായിരുന്നില്ലേ? ഏതായാലും അങ്ങനെയൊന്ന് സംഭവിച്ചതേയില്ല.

കൊല്ലുന്ന രാജാവ്, തിന്നുന്ന മന്ത്രി!

1906 ഒക്ടോബർ 15നാണ് അറബി, പേർഷ്യൻ പദങ്ങളും മൂന്നക്ക സംഖ്യയും വഹ്‌യായി ലഭിച്ചത്. ‘ഇൽമുദ്ദർമാൻ 223’ എന്നായിരുന്നു അത്. മിർസാ ഖാദിയാനി പറഞ്ഞു:

‘‘അറിവ് എന്ന് അർഥമുള്ള അറബി പദമാണ് ഇൽമ്; ദർമാൻ എന്ന പേർഷ്യൻ പദത്തിനർഥം ചികിത്സ എന്നും. തുടർന്ന് 223 എന്ന അക്കങ്ങളും. എന്താണ് ഉദ്ദേശ്യമെന്ന് പിടികിട്ടിയിട്ടില്ല” (പേജ് 572).

ഇതിന്റെ സുദീർഘമായ വ്യാഖ്യാനം മിർസയുടെ മകനായ രണ്ടാം ഖലീഫ ബശീറുദ്ദീൻ മഹ്‌മൂദ് അഹ് മദിന്റ വകയായി അടിക്കുറിപ്പിൽ കാണാനാവും. ഉപന്യാസത്തിന്റെ സംക്ഷിപ്തം ഇങ്ങനെ:

‘‘അതായത് ചികിത്സയെപ്പറ്റിയുള്ള അറിവ് 223 ദിവസങ്ങൾക്ക് ശേഷമാണ് ലഭിക്കുക. 15.10.1906ന് ശേഷം 223 ദിവസങ്ങൾ കഴിഞ്ഞാൽ 25.5.1907 ആയിരിക്കും. ഈ ഇൽഹാം പ്രകാരം മഹാനവർകൾ മെയ് 26ന് നിര്യാതനായി.’’

‘‘ഇവിടെ സൂക്ഷ്മ ശ്രദ്ധ തേടുന്ന ഒരു സംഗതിയുണ്ട്. ബുദ്ധികുറഞ്ഞ എതിരാളികൾ നിഷേധിക്കാൻ സാധ്യതയുള്ള കാര്യമെന്തെന്നാൽ, മരിച്ചത് 1908ൽ, ഒരു വർഷവും 223 ദിവസം കഴിഞ്ഞിട്ടല്ലേ? അതിനു രണ്ടു കാരണങ്ങൾ ഉണ്ട്. അതിന്റെ കൂടെ മറ്റൊരു വഹ്‌യ് കൂടിയുണ്ടല്ലോ. ‘മരണത്തിന്റെ അസ്ത്രങ്ങൾ പിഴക്കില്ല’ എന്ന്. ഇൽഹാമുകൾ മരണത്തെക്കുറിച്ചാണെന്ന് വ്യക്തമായല്ലോ...’’( പേജ് 572, അടിക്കുറിപ്പ്).

ആദ്യം ഇറങ്ങിയതിന്റെ കൂടെ മറ്റൊന്നുകൂടി കൂട്ടി വായിക്കാൻ ഇത് ന്യൂനം കാണുന്ന ഗണിതമാണോ? ഉദ്ദേശ്യം മനസ്സിലായില്ലെന്ന് പറഞ്ഞുകൊണ്ട് ഖാദിയാനി പ്രവാചകൻ സമർപ്പിച്ച ‘ഇൽമുദ്ദർമാൻ 223’ എന്ന ഇൽഹാമിന്റെ കാര്യമാണ് പറയുന്നത്.

ഖലീഫ തുടരുന്നു: ‘‘ശേഷം ഒരു ഇൽഹാം വന്നല്ലോ. നിന്റെ എതിരാളികളെ സംബന്ധിച്ച നമ്മുടെ വാഗ്ദാനങ്ങൾ ഞങ്ങൾ നിന്നെ കാണിക്കും. നിന്റെ ആയുസ്സ് വർധിപ്പിക്കുകയും ചെയ്യും’’ (റിവ്യൂ ഓഫ് റിലിജിയൻസ് 20.11.1906).

അതായത് നിന്റെ മരണം നിശ്ചയിച്ചിരുന്നത് 1907ൽ ആയിരുന്നു. എന്നാൽ നാം നിന്റെ ആയുസ്സ് ഒരു കൊല്ലം വർധിപ്പിച്ചു. ഒരു വർഷത്തിനുശേഷമാണ് ആ കണക്കു തുടങ്ങുക.

‘‘രണ്ടാമത്തെ കാര്യം, ഹസ്രത്ത് മസീഹിന്റെ ചരമം 26നായിരുന്നു. 1907ൽ മരിച്ചിരുന്നെങ്കിൽ തങ്ങളുടെ പ്രവചനത്തിന്റെ കാലാവധിക്കകം മരിച്ചുവെന്ന് എതിരാളികൾ ബഹളം വെക്കുമായിരുന്നു. എണ്ണം ശരിയാവാൻ മെയ് 27 ആവുകയും ചെയ്യും. അതുകൊണ്ട് ലീപ് ഇയർ ആയ 1908ൽ 223 ദിവസങ്ങൾ കഴിഞ്ഞപ്പോൾ 26ന് മരണം സംഭവിച്ചു. അങ്ങനെ ഫെബ്രുവരി 28 ദിവസമുള്ള 1907ന് പകരം 29 ദിവസങ്ങളുള്ള 1908ൽ മരിച്ചതോടെ കണക്ക് ഒത്തു’’(പേജ് 572-573, അടിക്കുറിപ്പ്).

എങ്ങനെയുണ്ട് ‘ഖലീഫ’യുടെ ഒപ്പിക്കൽ? പിന്നീട് എപ്പോഴോ വന്ന മൂന്നാമത്തെ ‘വഹ്‌യി’ലാണ് ആയുസ്സ് വർധിപ്പിക്കുന്ന കാര്യം പറയുന്നത്. അത് കൃത്യം ഒരു വർഷമാണെന്ന് ആരു പറഞ്ഞു ഖലീഫ സാഹിബിനോട്? 22.10.1906 നാണ് ആ ‘വഹ്‌യ്’വന്നത്. ഒരാഴ്ച മുമ്പ് 15.10.1906നാണ് 223 എന്ന സംഖ്യ അവതരിച്ചത്. ഒരു വർഷത്തെ കാലാവധി അധികമായി വേണ്ടിയായിരുന്നെങ്കിൽ 589 എന്ന് വഹ്‌യ് നൽകാമായിരുന്നില്ലേ? അതിനു പകരം ഒരു ദിവസത്തെ വ്യത്യാസം പോലും കൃത്യമായി ലീപ് ഇയർ കൊണ്ട് പരിഹരിക്കുന്ന ഖലീഫ ഒരു കൊല്ലത്തെ വ്യത്യാസത്തിൽ യാതൊരു പ്രശ്‌നവും കാണുന്നില്ല!

പിന്നെ മരണത്തിന്റെ കാര്യം ഈ ദ്വിഭാഷാ, ഗണിത വഹ്‌യിൽ പറഞ്ഞിട്ടില്ല. എന്നിരിക്കെ എന്തിനാ ഇങ്ങനെ ഒരു വ്യാഖ്യാനം ചമയ്ക്കുന്നത്? അല്പം ചിന്താശേഷിയുള്ളവരും ഇതൊക്കെ വായിക്കില്ലേ? മരണാസ്ത്രത്തെപ്പറ്റിയുള്ള വഹ്‌യിനോടൊപ്പമുള്ള മറ്റൊരു പേർഷ്യൻ വഹ്‌യ് ചാടിക്കടന്നാണ് ഖലീഫ ആയുസ്സ് വർധിപ്പിച്ച വഹ്‌യിനെ പിടികൂടിയത്.

‘‘മരണത്തിന്റെ അസ്ത്രങ്ങൾ പിഴക്കില്ലെന്ന് പറഞ്ഞയുടനെ കശ്ഫീസ്ഥിതിയിൽ തന്നെ ഞാൻ പ്രാർഥിച്ചു: ‘ദൈവമേ, നീ എല്ലാ കാര്യത്തിനും കഴിവുള്ളവനാണല്ലോ.’ അപ്പോഴാണ് അടുത്ത ഇൽഹാമിലൂടെ അല്ലാഹു അറിയിച്ചത്, ‘തലയ്ക്കു മീതെ ആപത്ത് വന്നണഞ്ഞു. എന്നാൽ അല്ലാഹുവിന്റെ അനുഗ്രഹത്താൽ മാറിപ്പോയി’ എന്ന്.

നാം ചർച്ച ചെയ്യുന്ന വഹ്‌യിൽ മരണം പരാമർശിക്കുന്നില്ല. തൊട്ടടുത്ത ദിവസമാണ് മരണാസ്ത്രവഹ്‌യ് വന്നത്. ഒപ്പം ആപത്ത് ഒഴിഞ്ഞുപോയെന്നും അതിൽതന്നെ പറഞ്ഞു. ഇത് സംബന്ധിച്ച് ഖലീഫയോട് പറയാനുള്ളത് അടുത്ത ‘വഹ്‌യി’ലെ സന്ദേശം തന്നെയാണ്: ‘‘അല്ലാഹു കളവ് പറയുന്നവന്റെ ശത്രുവാകുന്നു. നിശ്ചയം, അവനെ നരകത്തിൽ എത്തിക്കുക തന്നെ ചെയ്യും. ആ നിന്ദ്യന്റെ കപ്പൽ മുക്കുക തന്നെ ചെയ്യും. യഥാർഥത്തിൽ നിന്റെ നാഥന്റെ പിടുത്തം തന്നെയാകുന്നു കഠോരം’’ (പേജ് 573-574)