ഇസ്‌ലാം ദൈവിക മതം; ചില അടയാളങ്ങൾ

ഷാഹുൽ പാലക്കാട്‌

2023 സെപ്തംബർ 09 , 1445 സ്വഫർ 24

(ഇസ്‌ലാമിന്റെ തെളിവുകൾ: ഫിലോസഫി എന്ത് പറയുന്നു? 6)

E33:: പ്രശംസിക്കപ്പെട്ടവൻ

Muhammad എന്ന പേരിന്റെ നേർക്കുനേരെയുള്ള അർഥം പ്രശംസിക്കപ്പെട്ടവൻ (The Praised One) എന്നാണ്. ഈ പേരുപോലും ഭാവിയിൽ ലോകത്ത് ഏറ്റവുമധികം സ്മരിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യാവുന്ന പ്രവാചക വ്യക്തിത്വത്തെ പ്രവചിക്കുന്നുണ്ട്.

“നിനക്ക് നിന്റെ കീർത്തി നാം ഉയർത്തിത്തരികയും ചെയ്തിരിക്കുന്നു’’ (ക്വുർആൻ 94:4).

ഇമാം ക്വതാദ പറയുന്നു: “അല്ലാഹു, ഈ ലോകത്തിലും പരലോകത്തിലും മുഹമ്മദ് നബിയെ കൊണ്ടുള്ള സ്മരണയെ ഉയർത്തി’’ (തഫ്‌സീർ ഇബ്‌നു കസീർ).

ഇന്ന് ലോകത്തിന്റെ ഓരോ കോണിൽനിന്നും ദിവസേന അഞ്ചുനേരം ബാങ്കുവിളി ഉയർന്നുകൊണ്ടിരിക്കുന്നു. അതിൽ പ്രവാചക നാമവും പരാമർശിക്കപ്പെടുന്നു. ഇത് കേൾക്കുന്ന കോടിക്കണക്കിന് മുസ്‌ലിംകൾ അതേറ്റ് ചൊല്ലുന്നു. അദ്ദേഹത്തിന്റെ പേര് പരാമർശിക്കപ്പെടുമ്പോഴെല്ലാം അദ്ദേഹത്തിനുമേൽ സമാധാനവും അനുഗ്രഹവും ഉണ്ടാവട്ടെയെന്ന് മുസ്‌ലിംകൾ പ്രാർഥിക്കുന്നു. 2014ലെ കണക്ക് പ്രകാരം 150 മില്യൺ ജനങ്ങൾ ‘മുഹമ്മദ്’ എന്നത് തങ്ങളുടെ പേരായി സ്വീകരിച്ചിട്ടുണ്ട്. ചുരുക്കത്തിൽ, ആ പേര് ഉൾക്കൊള്ളുന്ന അർഥവും പ്രവചനവും യാഥാർഥ്യമായിരിക്കുന്നു.

E34: വലീദ് ഇബ്‌നു മുഗീറ, അബൂലഹബ്

വിശുദ്ധ ക്വുർആനെ പരസ്യമായി പരിഹസിച്ച, ഇസ്‌ലാമിന്റെ കടുത്തശത്രുവായിരുന്നു വലീദ് ഇബ്‌നു മുഗീറ. അല്ലാഹു പറയുന്നു:

“എന്നിട്ടവൻ പറഞ്ഞു: ഇത് (ആരിൽനിന്നോ) ഉദ്ധരിക്കപ്പെടുന്ന മാരണമല്ലാതെ മറ്റൊന്നുമല്ല. ഇത് മനുഷ്യന്റെ വാക്കല്ലാതെ മറ്റൊന്നുമല്ല’’ (ക്വുർആൻ 74:24,25).

അയാൾ ഒരിക്കലും ഇസ്‌ലാം സ്വീകരിക്കില്ലെന്നും നരകത്തിന്റെ സന്തതിയാണ് അവനെന്നും ക്വുർആനിൽ പ്രവചിക്കപ്പെട്ടു:

“വഴിയെ ഞാൻ അവനെ സക്വറിൽ (നരകത്തിൽ) ഇട്ട് എരിക്കുന്നതാണ്. സക്വർ എന്നാൽ എന്താണെന്ന് നിനക്കറിയുമോ? അത് ഒന്നും ബാക്കിയാക്കുകയോ വിട്ടുകളയുകയോ ഇല്ല’’ (ക്വുർആൻ 74:26-28).

വലീദിബ്‌നു മുഗീറയുടെ ജീവിത കാലത്തുതന്നെ അദ്ദേഹത്തിന്റെ മൂത്തപുത്രൻ ഇസ്‌ലാം സ്വീകരിച്ചിരുന്നു. അയാളുടെ എല്ലാ തിന്മകൾക്കും കൂടെയുണ്ടായിരുന്ന രണ്ടാമത്തെ മകൻ പിൽക്കാലഘട്ടത്തിൽ ഇസ്‌ലാം സ്വീകരിച്ചു. അദ്ദേഹമാണ് ‘അല്ലാഹുവിന്റെ വാൾ’ എന്ന് പ്രവാചകൻ വിശേഷിപ്പിച്ച ലോകപ്രശസ്തനായ ഇസ്‌ലാമിക സൈനിക കമാൻഡർ ‘ഖാലിദ് ഇബ്‌നു വലീദ്’. ഇത്തരത്തിൽ അയാളുടെ രണ്ടുമക്കൾക്കും ഇസ്‌ലാമിന്റെ വെളിച്ചം ലഭിച്ചപ്പോഴും ക്വുർആനിൽ പ്രവചിക്കപ്പെട്ടതുപോലെ അവിശ്വാസിയായിത്തന്നെയാണ് വലീദ് ബിൻ മുഗീറ മരിച്ചത്.

പ്രവാചക പിതൃവ്യനായ അബൂലഹബിന്റെ സത്യനിഷേധത്തോടും ക്വുർആൻ സമാനനിലയിൽ പ്രതികരിക്കുന്നുണ്ട്:

“അബൂലഹബിന്റെ ഇരുകൈകളും നശിച്ചിരിക്കുന്നു. അവൻ നാശമടയുകയും ചെയ്തിരിക്കുന്നു. അവന്റെ ധനമോ അവൻ സമ്പാദിച്ചുവെച്ചതോ അവന് ഉപകാരപ്പെട്ടില്ല. തീജ്വാലകളുള്ള നരകാഗ്‌നിയിൽ അവൻ പ്രവേശിക്കുന്നതാണ്’’ (ക്വുർആൻ 111:1-3).

ഒരു പകർച്ചവ്യാധി പിടിപെട്ടാണ് അബൂലഹബ് മരിച്ചത്. അയാളുടെ ശരീരത്തെ തൊടാൻ പോലും ജനങ്ങൾ കൂട്ടാക്കിയില്ല.

ഇവിടെ ശ്രദ്ധിക്കേണ്ട രണ്ട് കാര്യങ്ങളുണ്ട്; അവിശ്വാസികളായി മരിക്കുമെന്ന് ക്വുർആൻ പ്രഖ്യാപിച്ച ഇവർ പിന്നീട് ഇസ്‌ലാമിലേക്ക് വന്നില്ല എന്നത് മാത്രമല്ല, ക്വുർആന്റെ പ്രഖ്യാപനം തെറ്റായിരുന്നു എന്ന് തെളിയിക്കാൻ കപടമായി പോലും ഇവർ ഇസ്‌ലാമിനെ അംഗീകരിച്ചില്ല.

ഇതുപോലെ തന്നെ ഇസ്‌ലാമിന്റെ ആരംഭകാലത്തെ കഠിന ശത്രുക്കളായ വേറെയും ആളുകളുണ്ട്. ഒരു യുദ്ധത്തിൽ മുസ്‌ലിം പക്ഷം പരാജയപ്പെടാൻ കാരണം ഖാലിദ് ബിൻ വലീദ്(റ) എന്ന വ്യക്തിയുടെ തന്ത്രമാണ്. ഇസ്‌ലാമിനെതിരെ യുദ്ധങ്ങൾക്ക് മുന്നിലുണ്ടായിരുന്ന അബൂ സുഫ്‌യാനാണ്(റ) വേറൊരു വ്യക്തി. ഇസ്‌ലാമിലേക്ക് പിന്നീട് വന്ന വേറെയും ശത്രുക്കളുണ്ട്. എന്നാൽ ഇവരെയൊന്നും സംബന്ധിച്ച് സമാന വർത്തമാനം ക്വുർആൻ പറഞ്ഞതായി കാണില്ല. ഇവർ പിന്നീട് ഇസ്‌ലാമിലേക്ക് വരികയും ഇസ്‌ലാമിന്റെ ശാക്തീകരണത്തിനായി നിഷ്‌കളങ്കമായി പ്രവർത്തിക്കുകയും ചെയ്തുവെന്നും കാണാം.

വ്യക്തികൾ ഭാവിയിൽ ഇസ്‌ലാമിനോട് എന്ത് നിലപാട് സ്വീകരിക്കുമെന്ന് പ്രവാചകൻ അറിയുന്നത് എങ്ങനെയാണ്?

E35: വായന വർധിക്കുന്ന കാലം

“അന്ത്യനാളിന് മുന്നോടിയായി ജനങ്ങൾ പരിചയമുള്ളവരെ മാത്രം അഭിവാദ്യം ചെയ്യുന്ന കാലം വരും. അന്നാളിൽ കച്ചവടം/വാണിജ്യം/വ്യവസായം (Trade) വളരെ വ്യാപകമാവുകയും, സ്ത്രീ തന്റെ ഭർത്താവിനെ കച്ചവടത്തിൽ സഹായിക്കുകയും ചെയ്യും. രക്തബന്ധം വിച്ഛേദിക്കപ്പെടും; ജനങ്ങൾ കള്ളസാക്ഷി പറയുകയും യഥാർഥ സാക്ഷ്യം മറയ്ക്കുകയും ചെയ്യും. പേന (എഴുത്ത്) അന്ന് വ്യാപകമാകും’’ (മുസ്‌നദ് അഹ്‌മദ്).

ആധുനിക കാലത്തെ ജനസാന്ദ്രതയുള്ള നഗരങ്ങളുടെ വരവോടെ ‘ആളുകൾ തങ്ങൾക്ക് അറിയാവുന്നവരെ മാത്രമെ അഭിവാദ്യം ചെയ്യുകയുള്ളൂ’ എന്ന പ്രവചനം പൂർത്തീകരിക്കപ്പെട്ടു. ആളുകൾ അയൽവാസികളോട് സംസാരിക്കാതിരിക്കുന്നത് സാധാരണമാണ്. ആരാണ് തന്റെ തൊട്ടടുത്ത വീട്ടിൽ/ഫ്‌ളാറ്റ് മുറിയിൽ എന്ന് പോലും അറിയാത്ത തരത്തിൽ അപരിചിതത്വം കടന്നുകൂടി. ‘ഒരു സ്ത്രീ തന്റെ ഭർത്താവിനെ തന്റെ കച്ചവടത്തിൽ സഹായിക്കും’ എന്ന പ്രവചനം സ്ത്രീകൾ വലിയ തോതിൽ തൊഴിൽ രംഗത്തേക്ക് പ്രവേശിക്കുന്നതിലൂടെ പൂർത്തീകരിക്കപ്പെട്ടു. മാത്രമല്ല മരുഭൂമികൾ നടന്നു താണ്ടി നിർവഹിച്ചിരുന്ന ദുർഘടമായ ഒന്നായിരുന്നു പ്രവാചക കാലത്തെ കച്ചവടം. ഇന്നത് digitalised ആവുകയും വീട്ടിലിരുന്ന് പോലും ഒരു സ്ത്രീക്ക് നിയന്ത്രിക്കാൻ കഴിയുന്നത്ര എളുപ്പമുള്ളതുമായി.

പ്രത്യേകിച്ച് പാശ്ചാത്യ സമൂഹങ്ങളിൽ പരമ്പരാഗത കുടുംബ മൂല്യങ്ങളുടെ തകർച്ചയിലൂടെ ‘രക്തബന്ധം വിച്ഛേദിക്കപ്പെടും’ എന്ന പ്രവചനം പൂർത്തീകരിക്കപ്പെട്ടു. സമൂഹത്തിന്റെ കെട്ടുറപ്പായിരുന്ന അത്തരം മൂല്യങ്ങൾ ഇപ്പോൾ തകർന്നിരിക്കുന്നു. അതിന്റെ ഒരു ലക്ഷണമാണ് വൃദ്ധരായ മാതാപിതാക്കളെ പാർപ്പിക്കാൻ നഗരങ്ങളിൽ ഉയർന്നു പൊങ്ങുന്ന ഓൾഡ് ഏജ് ഹോമുകൾ. അവിടെ പാർപ്പിക്കപ്പെടുന്ന വൃദ്ധരുടെ എണ്ണം വർധിക്കുന്നു. സാമൂഹിക മൂല്യങ്ങളുടെ (Community values) തകർച്ചയും പ്രചനത്തിന്റെ പൂർത്തീകരണമാണ്.

അതിന്റെ ഒരു ലക്ഷണം ലിബറലിസത്തിന്റെ ആഗോള ഫിലോസഫിയാണ്. അത് ആധുനിക ലോകത്തിൽ കുടുംബാന്തരീക്ഷത്തെ തകർക്കുന്നു. വ്യക്തിയാണ് സർവപ്രധാനമെന്ന രീതിയിലുള്ള Individualism പ്രോത്സാഹിപ്പിക്കുന്നു. ‘പേന (എഴുത്ത്) വ്യാപകമാകും’ എന്ന പ്രവചനം കൂടി വിശദമായി പരിശോധിക്കാം. ഇവിടെ മുഹമ്മദ് നബിﷺ പേനയെ സൂചിപ്പിക്കാൻ ഉപയോഗിച്ച അറബി പദം ‘ക്വലം’ ആണ്. ആ പദം എഴുത്തിന്റെ വിശാലമായ അർഥത്തെ, അല്ലെങ്കിൽ പൊതുവായ എന്തിനെയും ഉൾക്കൊള്ളുന്ന ഒന്നാണ്. ഇന്ന് ആളുകൾക്ക് വായിക്കാനും എഴുതാനും നിരവധി മാർഗങ്ങളുണ്ട്. കൂടാതെ ധാരാളം പുസ്തകങ്ങളും പത്രങ്ങളും മാസികകളും ഉണ്ട്. മുഹമ്മദ് നബിയുടെ പ്രവചനത്തിനു 800 വർഷങ്ങൾക്ക് ശേഷം നടന്ന അച്ചടിപോലുള്ള പതിനഞ്ചാം നൂറ്റാണ്ടിലെ സാങ്കേതിക മുന്നേറ്റങ്ങൾ ഇത് വ്യാപകമാക്കി. ചരിത്രത്തിൽ ആദ്യമായി, written materials വലിയ അളവിൽ നിർമിക്കാൻ കഴിഞ്ഞു. പുസ്തക ഉൽപാദനത്തിന്റെ വർധിച്ച കാര്യക്ഷമത പുസ്തക ഉപഭോഗത്തിൽ വർധനവുണ്ടാക്കുകയും ചെയ്തു. ഇന്റർനെറ്റിന്റെ വരവോടെ, എഴുത്ത് കൂടുതൽ വ്യാപമായി.

കമ്പ്യൂട്ടറോ സ്മാർട്ട് ഫോണോ ഉള്ള ആർക്കും ഇപ്പോൾ ഒരു ഫിംഗർ ക്ലിക്കുചെയ്ത് ദശലക്ഷക്കണക്കിന് പുസ്തകങ്ങളുടെ ലോകത്തേക്ക് പ്രവേശനം ലഭിക്കുന്നു. വായിക്കാനോ എഴുതാനോ കഴിയാത്ത മുഹമ്മദ് നബി(സ്വ) വായനയുടെയും എഴുത്തിന്റെയും വ്യാപനത്തെക്കുറിച്ച് പ്രവചിച്ചത് കൃത്യമായി പുലർന്നിരിക്കുന്നത് ഇവിടെ കാണാം.

E36: സമ്പത്തിന്റെ ഉയർച്ച

അദിയ്യ് ബിൻ ഹാത്വിം നിവേദനം: “അല്ലാഹുവിന്റെ പ്രവാചകൻ ഒരിക്കൽ എന്നോട് പറഞ്ഞു: ‘അദിയ്യ്, എനിക്കറിയാം എന്താണ് ഇസ്‌ലാം സ്വീകരിക്കുന്നതിൽനിന്നും നിങ്ങളെ തടഞ്ഞുനിർത്തുന്നത് എന്ന്. എന്നിൽ വിശ്വസിക്കുന്നവരൊക്കെയും ദുർബലരും ദരിദ്രരും മർദിതരും ആണെന്നതും, എന്നിൽ അവിശ്വസിക്കുന്നവരൊക്കെ അറേബ്യയിലെ പ്രമാണിമാർ ആണെന്നതുമല്ലേ അതിൽനിന്നും താങ്കളെ തടയുന്നത്? പറയൂ അദിയ്യ്, താങ്കൾ ഹീറ (ആ കാലത്തെ ഇറാക്കിലെ ഒരു നഗരം) കണ്ടിട്ടുണ്ടോ?’ ഞാൻ പറഞ്ഞു: ‘ഞാൻ കണ്ടിട്ടില്ല. എന്നാൽ ആ നഗരത്തെ കുറിച്ച് കേട്ടിട്ടുണ്ട്.’ പ്രവാചകൻ പറഞ്ഞു: ‘എന്റെ ആത്മാവ് ആരുടെ കൈയിലാണോ അവൻ സത്യം, അല്ലാഹു ഈ ആദർശത്തെ(ഇസ്‌ലാം) പൂർത്തീകരിക്കും. എത്രത്തോളമെന്നാൽ അങ്ങ് ഹീറയിൽനിന്നും സ്ത്രീകൾ ആരും കൂട്ടിനില്ലാതെ ഒറ്റയ്ക്ക് മക്കയിൽ വന്നു കഅ്ബയെ പ്രദക്ഷിണം ചെയ്യും. നിങ്ങൾ കിസ്‌റായുടെ (പേർഷ്യൻ സാമ്രാജ്യത്തിന്റെ അധിപൻ) സാമ്രാജ്യത്വത്തെ കീഴടക്കുകയും അവരുടെ വമ്പിച്ച നിധികൂമ്പാരത്തെ നിയന്ത്രിക്കുകയും ചെയ്യും.’ ഞാൻ (അത്ഭുതത്തോടെ) ചോദിച്ചു: ‘ഹുർമുസാന്റെ മകൻ കിസ്‌റയുടെയോ?’ പ്രവാചകൻ പറഞ്ഞു: ‘അതെ, ഹുർമുസാന്റെ മകൻ കിസ്‌റ തന്നെ. അല്ലാഹുവാണെ, ദാനം ചെയ്യാൻ ആളുകൾ താൽപര്യപ്പെടുകയും പക്ഷേ, ആ ദാനം വാങ്ങാൻ ആളുകൾ ഇല്ലാതെ വരികയും ചെയ്യുന്നിടത്തോളം നിങ്ങൾക്കിടയിൽ സമ്പത്ത് കുമിഞ്ഞുകൂടുകയും ചെയ്യും.’

അദിയ്യ് പറയുന്നു: ‘പ്രവാചകന്റെ പ്രവചനങ്ങൾ പൂർത്തീകരിക്കപ്പെടുന്നത് ഞാൻ എന്റെ സ്വന്തം കണ്ണുകൾകൊണ്ട് കണ്ടിട്ടുണ്ട്. നിങ്ങൾക്കും അത് കാണാം. സ്ത്രീകൾ ഹീറയിൽനിന്ന് ഒറ്റയ്ക്ക് മക്കയിലേക്ക് വരികയും കഅ്ബയെ പ്രദക്ഷിണം ചെയ്തു തിരിച്ചു പോവുകയും ചെയ്യുന്നു. കിസ്‌റ കീഴടക്കിയപ്പോഴും അവരുടെ നിധി കൂമ്പാരങ്ങൾ ജനങ്ങൾക്കിടയിൽ വീതിച്ചു കൊടുക്കുകയും ചെയ്യുന്ന സന്ദർഭങ്ങളിലും എല്ലാം ഞാനും പങ്കെടുത്തിട്ടുണ്ട്. അതുപോലെ ആ മൂന്നാമത്തെ പ്രവചനവും പൂർത്തീകരിക്കും എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. കാരണം നബി(സ്വ) അങ്ങനെ പറഞ്ഞിട്ടുണ്ട് എന്നതുതന്നെ’’ (മുസ്‌നദു അഹ്‌മദ്, ബുഖാരി).

പിൽക്കാലത്ത് ഇറാക്ക് മുസ്‌ലിംകൾക്ക് കീഴടങ്ങുകയും ഖലീഫ ഉമറിന്റെ ഭരണകാലത്ത് ഇസ്‌ലാമികലോകം മുഴുവൻ സുരക്ഷിത പ്രദേശമാവുകയും സ്ത്രീകൾ ഹീറയിൽനിന്നും ഒറ്റയ്ക്ക് ഹജ്ജിനു വരാൻ തുടങ്ങുകയും ചെയ്തു... (മുസ്‌നദു അഹ്‌മദ്, ബുഖാരി).

ഖലീഫ ഉമറി(റ)ന്റെ കാലത്ത് ഇസ്‌ലാമിക ലോകം സമ്പന്നമാകുകയും സകാത്ത് വാങ്ങാൻ ദരിദ്രർ ഇല്ലാത്ത അവസ്ഥയുണ്ടാവുകയും ചെയ്തു. എന്നിട്ട് സകാത്തന്റെ ധനം ഈജിപ്തിലെ അടിമകളെ വാങ്ങി മോചിപ്പിക്കാനാണ് വിനിയോഗിച്ചത്. രണ്ടാം ഉമർ എന്നറിയപ്പെട്ട ഉമർ ബിൻ അബ്ദുൽ അസീസിന്റെ കാലത്തും സമാന സാഹചര്യം നിലവിൽ വരികയുണ്ടായി.

E37: ആകാശം

“and We made the sky a protected roof, yet still, they turn away from its signs.’’

“ആകാശത്തെ നാം സംരക്ഷിതമായ ഒരു മേൽപുരയാക്കിയിട്ടുമുണ്ട്. അവരാകട്ടെ അതിലെ (ആകാശത്തിലെ) ദൃഷ്ടാന്തങ്ങൾ ശ്രദ്ധിക്കാതെ തിരിഞ്ഞുകളയുന്നവരാകുന്നു’’ (21:32).

ഉപരിലോകത്തെ ഒന്നാകെ വിളിക്കാൻ ക്വുർആൻ ‘അസ്സമാഅ്’ അഥവാ ആകാശം എന്ന പദം ഉപയോഗിച്ചിട്ടുണ്ട്. പക്ഷികൾ പറക്കുന്നതും കാർമേഘങ്ങൾ നിലനിൽക്കുന്നതും നക്ഷത്രങ്ങൾ പരന്നു കിടക്കുന്നതുമെല്ലാം സമാഇൽ ആണെന്ന് ക്വുർആൻ പറയുന്നത് കാണാം. ആകാശം എന്നതിനെക്കാൾ ഉപരിലോകമെന്ന അർഥമാണ് ഇവിടെ കൂടുതൽ യോജിക്കുന്നത്. മനുഷ്യന് സംരക്ഷിതമായ ഒരു മേൽപുരയാണ് ഈ ഉപരിലോകമെന്ന് ഈ സൂക്തത്തിൽ ക്വുർആൻ പരിചയപ്പെടുത്തുന്നു. ഭൂമിയുടെ ഉപരിയായ അന്തരീക്ഷപാളി ജീവൻ നിലനിർത്തുന്നതിൽ ഒരുപാട് പങ്ക് വഹിക്കുന്നതായി നമുക്ക് ഇന്നറിയാം. ദിവസേന എത്രയോ ചെറിയ ഉൽക്കകളെ ഭൂമിയിൽ പതിക്കുന്നതിൽനിന്നും ഈ അന്തരീക്ഷം തടയുന്നുണ്ട്. ചില രാത്രികളിലെങ്കിലും അൽപനേരത്തേക്ക് കത്തിയെരിയുന്ന ചില ചെറിയ ധൂളികൾ ആകാശത്ത് കാണാം. അതിനു കാരണം അന്തരീക്ഷത്തിലെ ഈ പ്രതിഭാസമാണ്.

അന്തരീക്ഷത്തിന്റെ മുകൾതട്ടിൽ കാണപ്പെടുന്ന ഓസോൺ സൂര്യനിൽനിന്ന് വരുന്ന അൾട്രാവയലറ്റ് രശ്മികളിൽ 93-99% ഭാഗവും ആഗിരണം ചെയ്ത് തടയുന്നു. ഭൂമിയിലുള്ള ജീവികൾക്ക് ഹാനികരമാകുന്നവയാണ് അൾട്രാവയലറ്റ് രശ്മികൾ. കൂടാതെ magnetosphere എന്ന അന്തരീക്ഷഭാഗം സൗരകാറ്റുകളെ (solar winds)കൂടി തടയുന്നു. അന്തരീക്ഷം ജീവന് പാകമാകുന്ന സുരക്ഷയൊരുക്കുന്നുണ്ട് എന്ന കാര്യത്തിൽ ശാസ്ത്രലോകത്തിന് ഇന്ന് തർക്കമില്ല. നാസയുടെ ഒഫിഷ്യൽ വെബ്‌സൈറ്റിൽ അന്തരീക്ഷത്തെ സംബന്ധിച്ച ഒരു ലേഖനത്തിന്റെ തലക്കെട്ട് തന്നെ ക്വുർആനിക പ്രയോഗത്തിന് സമാനമാണ്: ‘അന്തരീക്ഷം; ഭൂമിയുടെ സുരക്ഷാ പുതപ്പ്.’ (The Atmosphere: Earth’s Security Blanket).

E38: മേഘങ്ങളുടെ ഭാരം

""And it is He who sends the winds as good tidings before His mercy until, when they have carried heavy rainclouds, We drive them to a dead land and We send down rain therein and bring forth thereby [some] of all the fruits. Thus will We bring forth the dead; perhaps you may be reminded’’.

“അവനത്രെ തന്റെ അനുഗ്രഹത്തിന്ന് (മഴയ്ക്കു) മുമ്പായി സന്തോഷവാർത്ത അറിയിച്ചുകൊണ്ട് കാറ്റുകളെ അയക്കുന്നവൻ. അങ്ങനെ അവ (കാറ്റുകൾ) ഭാരിച്ച മേഘത്തെ വഹിച്ചുകഴിഞ്ഞാൽ നിർജീവമായ വല്ല നാട്ടിലേക്കും നാം അതിനെ നയിച്ചുകൊണ്ട് പോകുകയും, എന്നിട്ടവിടെ വെള്ളം ചൊരിയുകയും, അത് മൂലം എല്ലാതരം കായ്കനികളും നാം പുറത്ത് കൊണ്ടുവരികയും ചെയ്യുന്നു. അതുപോലെ നാം മരണപ്പെട്ടവരെ പുറത്ത് കൊണ്ടുവരുന്നതാണ്. നിങ്ങൾ ശ്രദ്ധിച്ചു മനസ്സിലാക്കുന്നവരായേക്കാം’’ (7:57).

''It is He who shows you lightening, [causing] fear and aspiration, and generates the heavy clouds”.

“ഭയവും ആശയും ജനിപ്പിച്ചുകൊണ്ട് നിങ്ങൾക്ക് മിന്നൽപിണർ കാണിച്ചുതരുന്നത് അവനത്രെ. ഭാരമുള്ള മേഘങ്ങളെ അവൻ ഉണ്ടാക്കുകയും ചെയ്യുന്നു’’ (13:12).

നല്ല വെളുത്ത, പഞ്ഞിക്കെട്ട് പോലെയിരിക്കുന്ന, പുകപോലെ ആകാശത്ത് കാറ്റത്ത് പാറി നടക്കുന്ന മേഘങ്ങൾ. അവ കഠിനമായ ഭാരമുള്ളവയാണെന്ന് ആയിരത്തി നാനൂറ് വർഷങ്ങൾക്ക് മുമ്പ് ഒരു ഗ്രന്ഥത്തിന് ആവർത്തിച്ച് പറയാൻ കഴിയുന്നത് എങ്ങനെയാകും? സാധാരണയായി ആകാശത്ത് കാണുന്ന പഞ്ഞിക്കെട്ട് പോലിരിക്കുന്ന ഒരു സാധാരണ ക്യുമുലസ് മേഘത്തിന് അഞ്ച് ലക്ഷം കിലോഗ്രാമെങ്കിലും ഭാരമുണ്ടാകുമെന്നാണ് ശാസ്ത്രലോകം പറയുന്നത്.

മേഘങ്ങളെ ഗവേഷണം ചെയ്യാൻ യാതൊരു മാർഗ്ഗവുമില്ലാത്ത, ശരിക്ക് മഴപോലും ലഭിക്കാത്ത മരുഭൂമിയിൽനിന്നും പ്രവാചകൻ ഇതെല്ലാം അറിഞ്ഞു എന്ന് വാദിക്കുന്നതിൽ യുക്തിയില്ല. ദൈവം മാത്രമാണ് ഇതിനുള്ള വിശദീകരണം.

(തുടരും)