പ്രവാചകന്മാരെ അവഹേളിക്കുന്നവർ

ഇ.യൂസുഫ് സാഹിബ് നദുവി ഓച്ചിറ

2023 ഡിസംബർ 16 , 1445 ജു.ഉഖ്റാ 03

(യഹൂദർ: ചരിത്രത്തിലും വേദഗ്രന്ഥങ്ങളിലും 8)

കഅ്ബിബ്‌നുൽ അശ്‌റഫ്

യഹൂദ ഗോത്രങ്ങളായിരുന്ന ബനൂക്വുറൈദ്വ, ബനൂനദ്വീർ എന്നിവയുമായി മുഹമ്മദ് നബിﷺ സമാധാനസഖ്യം പ്രഖ്യാപിച്ചിരുന്നു. പക്ഷേ, വഞ്ചനയും കാപട്യവും മുഖമുദ്രയാക്കിയിരുന്ന അവർ ഖന്ദഖ് യുദ്ധത്തിൽ മുസ്‌ലിംകൾക്കെതിരിൽ ക്വുറൈശികളെ സഹായിച്ചു. അവർക്കെതിരിൽ നബിﷺ നടത്തിയ സൈനിക നടപടിയെപ്പറ്റി സൂറഃ അൽഅഹ്‌സാബിൽ വിശദമാക്കിയിട്ടുണ്ട്. സമാധാന ഉടമ്പടിയെ ലംഘിച്ചുകൊണ്ട് അവരുടെ നേതാവായ കഅ്ബിബ്‌നുൽ അശ്‌റഫ് മുഹമ്മദ് നബിﷺയെയും വിശ്വാസി സമൂഹത്തെയും അധിക്ഷേപിക്കുകയും അവരെ പരിഹസിച്ചുകൊണ്ട് കവിതകൾ രചിച്ച് വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു. മുസ്‌ലിം സമൂഹത്തിനെതിരിൽ ക്വുറൈശികളെ ഇളക്കിവിടുകയും ചെയ്തു. കഅ്ബിബ്‌നുൽ അശ്‌റഫിനെക്കൊണ്ട് പൊറുതിമുട്ടിയ നബിﷺ അവസാനം അയാളെ വധിക്കുവാൻ ഏർപ്പാടാക്കി.

ഒരിക്കൽ മുഹമ്മദ് നബിﷺയെയും ഏതാനും അനുയായികളെയും ഒരു കെട്ടിടത്തിന്റെ പിന്നിൽനിന്നും കൂറ്റൻ പാറക്കല്ലുകൾ ഉരുട്ടിയിട്ട് വധിക്കുവാൻ ശ്രമിച്ച സംഭവം ദിവ്യസന്ദേശത്തിലൂടെ അല്ലാഹു നബിയെ അറിയിച്ചു. അതോടെ മദീന വിട്ട് പലായനം ചെയ്യാനുള്ള മുന്നറിയിപ്പ് യഹൂദർക്ക് ലഭിച്ചു. മദീനവിട്ട് പലായനം ചെയ്യുന്നതിനെക്കാളും നല്ലത് മരണമാണെന്നായിരുന്നു യഹൂദരുടെ പക്ഷം. ഒരിക്കലും നാടുവിട്ട് പോകരുതെന്നും വേണ്ടിവന്നാൽ ഞങ്ങളും നിങ്ങൾക്കൊപ്പം വന്നുകൊള്ളാമെന്നും മുസ്‌ലിം സമൂഹത്തിനെതിരിൽ യുദ്ധം ചെയ്യാൻ ഞങ്ങൾ സഹായിക്കാമെന്നും പറഞ്ഞ് കപടവിശ്വാസികൾ (മുനാഫിക്വുകൾ) യഹൂദരെ പിന്തുണ അറിയിച്ചു. ഈ വാക്കുകൾ വിശ്വസിച്ച യഹൂദർ അവരുടെ കോട്ടക്കകത്ത് വാതായനങ്ങൾ അടച്ചുപൂട്ടി കാത്തിരുന്നു. 21 ദിവസം തുടർച്ചയായി മുസ്‌ലിംകൾ അവരെ ഉപരോധിച്ചു. മുനാഫിക്വുകളുടെ സഹായം അവർക്ക് ലഭിച്ചതുമില്ല. ഒടുവിൽ ഗത്യന്തരമില്ലാതെ സന്ധിക്ക് അപേക്ഷിച്ച യഹൂദരോട് നാടുവിട്ടുപോകാൻ നബിﷺ നിർദേശിച്ചു. കഴിയുന്നത്ര സാധന സാമഗ്രികൾ വാരിക്കൂട്ടിക്കൊണ്ടായിരുന്നു അവരുടെ പലായനം. കൂടെ കൊണ്ടുപോകാൻ സാധിക്കാത്ത വസ്തുവകകൾ മുസ്‌ലിംകൾക്ക് ഉപയോഗപ്പെടാതിരിക്കാൻ തീവെച്ച് നശിപ്പിച്ചിട്ടായിരുന്നു അവരുടെ യാത്ര. ഇവരുടെ പലായനത്തെക്കുറിച്ച് ക്വുർആനിൽ സൂറത്തുൽ ഹശ്‌റിൽ വിശദമായി പ്രതിപാദിക്കുന്നുണ്ട്.

വിശ്വാസി സമൂഹത്തിനെതിരിൽ ലഭ്യമാകുന്ന ഏത് സന്ദർഭവും പ്രയോജനപ്പെടുത്തുവാൻ യഹൂദർ വ്യഗ്രതപൂണ്ടിരുന്നുവെന്ന് മനസ്സിലാക്കാം. അഭയാർഥികളായി ഏതെങ്കിലും പ്രദേശത്ത് കഴിയുന്ന കാലത്തും തങ്ങൾക്ക് അഭയം നൽകിയ സമൂഹത്തോട് കൂറുപുലർത്താൻ യഹൂദർ ഒരുക്കമായിരുന്നില്ല. അവിടെയും അഭ്യന്തര രഹസ്യങ്ങൾ ചോർത്തി ശത്രുക്കൾക്ക് അവർ കൈമാറി. അഭ്യന്തര കലാപങ്ങളുണ്ടാക്കാനുള്ള അവസരങ്ങൾ ഇവർ ഒട്ടും പാഴാക്കിയില്ല. തലമുറകളായി കൈമാറിവന്ന കപടനയങ്ങൾ പ്രാവർത്തികമാക്കാനുള്ള വ്യഗ്രതയായിരുന്നു ഇവർക്ക്. ചരിത്രത്തിൽ തുടക്കം മുതൽ ഒടുക്കംവരെയും വഞ്ചനയുടെയും ചതിയുടെയും നീണ്ടചുരുളുകൾ നിവർത്താൻ മാത്രമെ യഹൂദർക്ക് കഴിഞ്ഞിട്ടുള്ളൂ. ക്വുർആൻ പറയുന്നു: “വേദക്കാരിൽനിന്നും (സത്യനിഷേധികൾക്ക്) പിന്തുണ നൽകിയവരെ അവരുടെ കോട്ടകളിൽനിന്നും ഇറക്കിവിടുകയും അവരുടെ ഹൃദയങ്ങളിൽ അവൻ ഭയം ഇട്ടുകൊടുക്കുകയും ചെയ്തു. അവരിൽ ഒരുവിഭാഗത്തെ നിങ്ങളതാ കൊല്ലുന്നു, ഒരു വിഭാഗത്തെ നിങ്ങൾ തടവിലാക്കുകയും ചെയ്യുന്നു. അവരുടെ ഭൂമിയും വീടുകളും സ്വത്തുക്കളും നിങ്ങൾ (മുമ്പ്) കാലെടുത്തുവെച്ചിട്ടില്ലാത്ത ഒരു പ്രദേശവും നിങ്ങൾക്കവൻ അവകാശപ്പെടുത്തിത്തരികയും ചെയ്തു...’’ (അഹ്‌സാബ് 26-27).

ഖൈബർ

മദീനവാസികളുടെനേരെ പുറത്തുനിന്ന് ആക്രമണമുണ്ടായായാൽ വിശ്വാസികൾക്കൊപ്പം നിന്ന് ശത്രുക്കൾക്കെതിരിൽ പൊരുതാമെന്ന് കരാർ ചെയ്ത മദീനയിലെ ബനൂക്വുറൈദ്വ യഹൂദഗോത്രം, സൈനികർ മദീന വളഞ്ഞപ്പോൾ ശത്രുക്കളുടെ ഒറ്റുകാരായി മാറി. മദീനയുടെ വടക്ക്-കിഴക്ക് ഭാഗത്തുള്ള കോട്ടകളിൽ അഭയംതേടിയ ഇവരെ ഏകദേശം 25 ദിവസങ്ങൾ ഉപരോധത്തിലാക്കി. അവസാനം യഹൂദനിയമം അനുശാസിക്കുന്നതനുസരിച്ച് സൈദ്ബിൻ മുആദി(റ)ന്റെ തീരുമാനപ്രകാരം മുതിർന്ന പുരുഷന്മാർ വധിക്കപ്പെടുകയും സ്ത്രീകളും കുട്ടികളും യുദ്ധത്തടവുകാരായി പിടിക്കപ്പെടുകയും ചെയ്തു. മദീനയുടെ വടക്ക്-പടിഞ്ഞാറുഭാഗത്ത് ഖൈബർ എന്ന സ്ഥലത്ത് യഹൂദർക്ക് മൂന്ന് കോട്ടകളായിരുന്നു ഉണ്ടായിരുന്നത്. ഖൈബർ കേന്ദ്രമാക്കിയായിരുന്നു ഇവർ ഇസ്‌ലാമിനെതിരിൽ ഉപജാപങ്ങൾ മെനഞ്ഞതും. ഹിജ്‌റ ഏഴാംവർഷം നബിﷺ ഖൈബർ കീഴടക്കി.

എല്ലാ മേഖലകളിലും ശക്തമായ വേരോട്ടം

യഹൂദസമൂഹം അഭയാർഥികളായോ നാടോടികളായോ അധിവസിച്ചിട്ടുള്ള പ്രദേശങ്ങളുടെ ചരിത്രം ഒന്നു വിശകലനം ചെയ്താൽ കേവലം അഭയാർഥികളുടെയോ നാടോടികളുടെയോ ജീവിതചര്യയല്ല ഇവർ സ്വീകരിച്ചിരുന്നത് എന്ന് മനസ്സിലാക്കാൻ കഴിയും. തങ്ങൾ നിവസിച്ചിട്ടുള്ള പ്രദേശങ്ങളിലെ കൃഷി, വ്യാപാരം, സാമ്പത്തികം തുടങ്ങിയ മുഖ്യമേഖലകളിലെല്ലാം ഇവർ ക്രമേണ പിടിമുറുക്കിയിരുന്നു. സാമ്പത്തികമായി പിന്നാക്കം ഭവിച്ചിരുന്നവർക്ക് സാമ്പത്തിക സഹായങ്ങൾ നൽകുകയും ക്രമേണ താങ്ങാനാവുന്നതിനപ്പുറമുള്ള പലിശ ഈടാക്കുകയും ചെയ്തു.

കടക്കാരന്റെ വ്യാവസായിക- വാണിജ്യ രംഗങ്ങൾ യഹൂദന്റെ നീരാളിപ്പിടുത്തത്തിൽ അകപ്പെട്ടുപോകുന്ന ദുരവസ്ഥയായിരുന്നു ഇതിലൂടെ പ്രകടമായത്. മുസ്‌ലിം സമൂഹത്തിൽ മദ്യത്തിന്റെ വിപണനവും പ്രചാരണവുമുൾപ്പെടെയുള്ള സകലമാന തിന്മകളുടെയും ഏജൻസിയെടുത്തിരുന്നത് യഹൂദരായിരുന്നു.

ഓരോ നാട്ടിലെയും മുഖ്യ വാണിജ്യ-വ്യവസായ രംഗങ്ങളിൽ പിടിമുറുക്കുന്നതിലൂടെ ആ നാട്ടിലെ പ്രമുഖരും പ്രബലരുമായ സാമ്പത്തിക സ്രോതസ്സുകൾ യഹൂദർക്ക് അടിമപ്പെടുന്ന സാഹചര്യം സാധാരണമായി. പലിശ പോലുള്ള അവിഹിത മാർഗങ്ങളിലൂടെ അപരന്റെ സമ്പത്ത് കൈക്കലാക്കുന്ന ‘ബ്ലേഡ്’ സംവിധാനം ആദ്യമായി നടപ്പിൽ വന്നത് യഹൂദരിലൂടെയാണെന്ന് വ്യക്തമാണ്.

അവസാനം ദൈവത്തിനെതിരിലും!

മനഃപൂർവം അല്ലാഹുവിനെ എതിർത്തുകൊണ്ടിരുന്ന വിചിത്ര സമൂഹമായിരുന്നു യഹൂദർ. ദൈവ ദൂതനാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ പ്രവാചകന്മാരെ വധിക്കുകയും, തങ്ങൾ പ്രവാചകന്മാരെ വധിച്ചുവെന്ന് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു അവർ. യഹൂദരുടെ കുലപതിയായി അവർ വിശേഷിപ്പിക്കുന്ന യാക്കോബ് ഒരു രാത്രി മുഴുവനും അല്ലാഹുവുമായി മൽപ്പിടുത്തം നടത്തിയതായും പ്രഭാതത്തിൽപോലും അല്ലാഹുവിന് യാക്കോബിനെ തോൽപിക്കാൻ സാധിച്ചില്ലെന്നും യഹൂദരുടെ കഥകളിൽ പറയുന്നു. തന്നെ ജീവനോടെ വിടണമെന്ന് പ്രഭാതത്തിൽ ദൈവം യാക്കോബിനോട് കേഴുകയായിരുന്നുവത്രെ! എനിക്ക് അനുഗ്രഹം തരാതെ നിന്നെ വിട്ടയക്കുകയില്ലെന്ന് യാക്കോബും വാശിപിടിച്ചു.

ദൈവം യാക്കോബിനോട് ചോദിച്ചു: “നിന്റെ പേരെന്താണ്?’’

“യാക്കോബ്.’’

ദൈവം: “ഇനി നിന്റെ പേര് യാക്കോബ് എന്നല്ല, ഇസ്രാഈൽ എന്നായിരിക്കും. എന്തുകൊണ്ടെന്നാൽ നീ ദൈവത്തോടും മലക്കുകളോടും ശക്തി പരീക്ഷിച്ച് ജയിച്ചിരിക്കുന്നു.’’

യഹൂദരുടെ വിശുദ്ധഗ്രന്ഥത്തിന്റെ വിവർത്തനം (The Holy Scriptures)1954ൽ ജവീഷ് പബ്ലിക്കേഷൻ സൊസൈറ്റി ഓഫ് അമേരിക്ക പ്രസിദ്ധീകരിച്ചതിൽ ഈ വിവരം രേഖപ്പെടുത്തിയിട്ടുണ്ട്. ബൈബിൾ പഴയനിയമം ഉൽപ്പത്തി 32ൽ ഈ സംഭവം വിവരിക്കുന്നതായി കാണാം.

യഹൂദ പരിഭാഷയിൽ അടിക്കുറിപ്പായി ഇസ്രാഈൽ എന്ന പദത്തിന്റെ അർഥം He who strive with God (ദൈവവുമായി ബലപരീക്ഷണം നടത്തിയവൻ) എന്നാണ് കൊടുത്തിരിക്കുന്നത്. എൻസൈക്ലോ പീഡിയ ഓഫ് ബിബ്ലിക് ലിറ്ററേച്ചറിൽ ക്രൈസ്തവ പുരോഹിതന്മാർ ഇസ്രയേലിന് Wrestler with God (ദൈവത്തോട് ദ്വന്ദയുദ്ധം നടത്തിയവൻ) എന്ന് അർഥം കൊടുത്തിരിക്കുന്നു. ബൈബിളിൽ യോശുവാ പുസ്തകത്തിൽ യാക്കോബിനെ ഇങ്ങനെ വർണിക്കുന്നു: “അദ്ദേഹം ബലിഷ്ഠനായിരുന്ന നാളുകളിൽ ദൈവവുമായി മല്ലയുദ്ധം നടത്തി. മാലാഖമാരുമായി മല്ലയുദ്ധം നടത്തി ജയിച്ചു...’’(12:4).

ഇസ്രയേലി വിശ്വാസപ്രകാരം ദൈവവുമായി മല്ലയുദ്ധം നടത്തിയവരുടെ മക്കളാണ് ഇസ്രയേല്യർ. അതിനാൽ പ്രവാചകന്മാരെ എതിർക്കുന്നതിലും ദൈവത്തോട് യുദ്ധം പ്രഖ്യാപിക്കുന്നതിലും അവർക്ക് ലവലേശം മടിയില്ലായിരുന്നു. ഞങ്ങൾ ദൈവദൂതനായ മസീഹിബ്ൻ മർയമിനെ കൊന്നുകളഞ്ഞുവെന്ന് നിസ്സങ്കോചം പ്രഖ്യാപിക്കുന്നതിൽ അവർക്ക് മടിയില്ലാതിരുന്നതും ഇക്കാരണങ്ങളാലാണ്.

ലൂത്തി(അ)നെ അവഹേളിക്കാൻ ശ്രമം

പ്രവാചകന്മാരെ അവഹേളിക്കുന്നതിലും അവർക്കെതിരിൽ വ്യഭിചാരക്കുറ്റം ആരോപിക്കുന്നതിലും യഹൂദർ ലവലേശം ലജ്ജിച്ചിരുന്നില്ല. ലൂത്തി(അ)ന്റെ പെൺമക്കൾക്ക് സ്വന്തം പിതാവിൽനിന്നും സന്താനങ്ങൾ ജനിച്ചുവെന്ന മഹാഅപരാധം ചാർത്തൽ ബൈബിൾ പഴയനിയമത്തിൽ ഇങ്ങനെ വായിക്കാം: “ഒരുദിവസം ലൂത്തിന്റെ മൂത്തപുത്രി ഇളയവളോട് പറഞ്ഞു: ‘ഭൂമിയിലെല്ലായിടത്തും സ്ത്രീ-പുരുഷന്മാർ വിവാഹം കഴിക്കുകയും അവർക്ക് കുടുംബമുണ്ടാവുകയും ചെയ്യുന്നു. പക്ഷേ, നമ്മുടെ അപ്പന് പ്രായമായി. നമുക്ക് കുട്ടികളെ തരാൻ ഈ പ്രദേശത്തെങ്ങും മറ്റ് പുരുഷന്മാരുമില്ല. അതിനാൽ നമുക്ക് നമ്മുടെ പിതാവിനെ വീഞ്ഞുകുടിപ്പിക്കാം. എന്നിട്ട് നമുക്ക് അവനുമായി ഇണചേരാം. അങ്ങനെ നമുക്ക് നമ്മുടെ അപ്പനിലൂടെ നമ്മുടെ കുടുംബം നിലനിർത്താം!’

ആ രാത്രി രണ്ട് പെൺകുട്ടികളും ചേർന്ന് ലൂത്തിനെക്കൊണ്ട് വീഞ്ഞുകുടിപ്പിച്ചു. എന്നിട്ട് മൂത്തപുത്രി പിതാവിന്റെ കിടക്കയിൽചെന്ന് അയാളുമായി ഇണചേർന്നു. ലൂത്ത് വളരെയധികം കുടിച്ചിരുന്നതിനാൽ മകൾവന്ന് കിടക്ക പങ്കിട്ടതോ എഴുന്നേറ്റ് പോയതോ അറിഞ്ഞില്ല.

പിറ്റേന്ന് മൂത്തമകൾ ഇളയവളോട് പറഞ്ഞു: കഴിഞ്ഞരാത്രി ഞാൻ അപ്പനുമായി കിടക്ക പങ്കുവെച്ചു. നമുക്കിന്നും അദ്ദേഹത്തെ വീഞ്ഞുകുടിപ്പിക്കാം. എന്നിട്ട് നിനക്ക് അദ്ദേഹവുമായി ഇണചേരാം. അങ്ങനെ നമുക്ക് കുട്ടികളുണ്ടാകുന്നതിനും കുടുംബം അവസാനിക്കാതിരിക്കുന്നതിനും നമ്മുടെ പിതാവിനെ ഉപയോഗിക്കാം. അങ്ങനെ ആ രാത്രിയും അവർ തങ്ങളുടെ പിതാവിനെ വീഞ്ഞുകുടിപ്പിച്ചു. എന്നിട്ട് ഇളയമകൾ അപ്പനുമായി ഇണചേർന്നു. വല്ലാതെ കുടിച്ചിരുന്നതിനാൽ ലൂത്തിന് ഇത്തവണയും മകളുടെ വരവറിയാൻ കഴിഞ്ഞില്ല.

ലൂത്തിന്റെ രണ്ട് പുത്രിമാരും ഗർഭിണികളായി. അവരുടെ കുട്ടികളുടെ അപ്പൻ അവരുടെ അപ്പനായിരുന്നു. മൂത്തവൾ ഒരാൺകുഞ്ഞിനെ പ്രസവിച്ചു. അവളവന് മോവാബ് എന്ന് പേരിട്ടു. ഇന്നുള്ള മുഴുവൻ മോവാബ്യ ജനതയുടെയും പിതാവ് അയാളായിരുന്നു. ഇളയവളും ഒരു പുത്രന് ജന്മംനൽകി. അവളവന് ബെൻഅമ്മീ എന്നും പേരിട്ടു. മേവാബ് എന്നാൽ ‘പിതാവിൽ നിന്ന്’ എന്നാണ് എബ്രായ ഭാഷയിൽ അർഥം. ബെൻ അമ്മീ ‘എന്റെ പിതാവിന്റെ പുത്രൻ’ അഥവാ എന്റെ ജനതയുടെ പുത്രൻ എന്നാണ് എബ്രായ ഭാഷയിൽ അർഥം’’ (ബൈബിൾ പഴയനിയമം, ഉല്പത്തി പുസ്തകം:19:31-38).

ഇത്തരം മ്ലേച്ഛതകൾ തങ്ങളുടെ വേദഗ്രന്ഥങ്ങളിൽ എഴുതിപ്പിടിപ്പിക്കുന്ന യഹൂദരുടെ മനഃസ്ഥിതിയാണ് ഏറെ ആശ്ചര്യജനകം.

നൂഹ് നബി(അ)ക്കെതിരിൽ

നൂഹ് നബി(അ)യെയും യഹൂദർ വെറുതെ വിട്ടില്ല. ബൈബിൾ പഴയനിയമത്തിൽ ഇങ്ങനെ വായിക്കാം: “നോഹ ഒരു കൃഷിക്കാരനായി. അവൻ ഒരു മുന്തിരിത്തോട്ടം വളർത്തി. നോഹ അതിൽനിന്നും വീഞ്ഞുണ്ടാക്കി കുടിച്ചു. നോഹ വീഞ്ഞുകുടിച്ച് മത്തുപിടിച്ചു. തന്റെ കൂടാരത്തിൽ കിടന്നു. അവൻ നഗ്‌നൻ ആയിരുന്നു. കനാന്റെ പിതാവായ ഹാം തന്റെ പിതാവിന്റെ നഗ്‌നത കണ്ടു. ഹാം ഇത് കൂടാരത്തിന് വെളിയിലുള്ള തന്റെ സഹോദരന്മാരോട് പറഞ്ഞു. അപ്പോൾ ശേമും യാഫേത്തും കൂടി ഒരു വസ്ത്രമെടുത്ത് തോളിലിട്ട് പുറംതിരിഞ്ഞ് കൂടാരത്തിനകത്ത് ചെന്ന് തങ്ങളുടെ പിതാവിന്റെ നഗ്‌നത മൂടി. അതിനാലവർ പിതാവിന്റെ നഗ്‌നത കണ്ടില്ല. നോഹ വീഞ്ഞിന്റെ ലഹരിയിൽ മയങ്ങിക്കിടക്കുകയായിരുന്നു. പക്ഷേ, ഉണർന്നപ്പോൾ തന്റെ ഇളയപുത്രനായ ഹാം തന്നോട് ചെയ്തതെന്താണെന്ന് നോഹ അറിഞ്ഞു.

അതിനാൽ നോഹ പറഞ്ഞു: കനാൻ ശപിക്കപ്പെടട്ടെ! അവൻ തന്റെ സഹോദരങ്ങൾക്ക് അടിമയായിരിക്കട്ടെ...’’ (ഉല്പത്തി 9:20-25).

എത്രയോ മ്ലേച്ഛം ഈ ആരോപണം. ഒരു പ്രവാചകനെതിരിൽ മദ്യലഹരി ആരോപിക്കുക, തുടർന്ന് അദ്ദേഹത്തിന്റെ നഗ്‌നത മറയ്ക്കുവാൻ പ്രയത്‌നിക്കുന്ന മക്കൾ പിതാവിനാൽ അഭിശപ്തരാവുക. ഇതാണ് യഹൂദർ പ്രചരിപ്പിക്കുന്ന കപട ആത്മീയത.