മുസ്‌ലിം സമുദായം; വഴിയും വെളിച്ചവും

ടി.കെ അശ്‌റഫ്

2023 ഫെബ്രുവരി 25, 1444 ശഅ്ബാൻ 04

മുസ്‌ലിം സമുദായം പ്രത്യേകമായും ഇതര ജനവിഭാഗങ്ങൾ പൊതുവായും നേരിടുന്ന ചില വെല്ലുവിളികളെയും പ്രതിസന്ധികളെയും സംബന്ധിച്ച് കഴിഞ്ഞ ലക്കത്തിൽ ചില കാര്യങ്ങൾ വിശദീകരിക്കുകയുണ്ടായി. എല്ലാവരും ഒരുപോലെ ഭയപ്പെടേണ്ടതും ജാഗ്രത കാണിക്കേണ്ടതുമായ ഒരു വിഷയമാണ് ഇനി ശ്രദ്ധയിൽ പെടുത്തുന്നത്.

ഫാസിസമാണ് ഇന്ന് നാം അഭിമുഖീകരിക്കുന്ന മറ്റൊരു വെല്ലുവിളി. ഫാസിസത്തെ മുസ്‌ലിംകൾ മാത്രം സംഘടിച്ച് നേരിടുക എന്നത് ആത്മഹത്യാപരമാണ്. കാരണം അത് മുസ്‌ലിംകളുടെ മാത്രം ഭീഷണിയല്ല. എല്ലാ വിഭാഗങ്ങളുടെതുമാണ്. ആദ്യ ഇര മുസ്‌ലിംകളാണെന്ന് മാത്രം, മുസ്‌ലിംകൾ, ക്രിസ്ത്യാനികൾ, കമ്യൂണിസ്റ്റുകൾ എന്നിങ്ങനെ ആഭ്യന്തര ശത്രുക്കളുടെ പട്ടിക വിചാരധാരയിൽ അവർ തന്നെ വ്യക്തമായി വിശദീകരിച്ചിട്ടുമുണ്ട്.

ഒരു കപ്പലിൽ യാത്രചെയ്യുന്നവരെ പോലെ യാണ് ഇന്ത്യക്കാരായ നമ്മൾ. കപ്പലിന്റെ അടിയിലുണ്ടാകുന്ന ഏതൊരു ദ്വാരവും യാത്രക്കാരെയെല്ലാം ഒരുപോലെ ബാധിക്കും. കപ്പൽ മുങ്ങുമ്പോൾ എല്ലാവരും ഒന്നിച്ചാണ് മുങ്ങുക. കലാപത്തിന് കോപ്പുകൂട്ടുന്നവർ തീകൊടുത്ത് മാറിനിൽക്കുകയാണ് ചെയ്യുക. പിന്നീട് സംഭവിക്കുക വ്യാപകമായ നാശമാണ്. അതിന്റെ ഇര ഏതെങ്കിലുമൊരു വിഭാഗം മാത്രമായിരിക്കില്ല. അതിനാൽ എല്ലാവരെയും വിഭാഗീയതകൾക്കതീതമായി മനുഷ്യരായി കാണുവാനും പരസ്പര സൗഹാർദവും സ്‌നേഹവും സഹകരണ മനോഭാവവും കാത്തുസൂക്ഷിക്കുവാനും ബോധപൂർവമായ ശ്രമംതന്നെ നടത്തേണ്ടതുണ്ട്. നമുക്കിടയിൽ ഭിന്നതയുടെ മതിൽ തീർക്കുവാൻ ആരെയും അനുവദിക്കരുത്.

നമുക്ക് ഒന്നിച്ച് പോരാടാം

ഇന്ത്യൻ ഭരണഘടന എല്ലാ വിഭാഗം ജനങ്ങൾക്കും നീതിയും അവകാശങ്ങളും ഉറപ്പാക്കുന്നതാണ്. അത് നിലനിൽക്കൽ എല്ലാ പൗരന്മാരുടെയും ആവശ്യമാണ്. ഭരണഘടനയെ അട്ടിമറിക്കാനുള്ള ശ്രമം മുസ്‌ലിംകളെ മാത്രം ബാധിക്കുന്ന പ്രശ്‌നമല്ല. രാജ്യത്തിന്റെ ഫെഡറൽ സ്വഭാവത്തെ തകർക്കുന്നത് ന്യൂനപക്ഷങ്ങളുടെ മാത്രം വിഷയമല്ല. വിലക്കയറ്റവും കർഷകരുടെ പ്രശ്‌നവും ന്യൂനപക്ഷങ്ങളെ മാത്രം ദുരിതത്തിലാക്കുന്ന കാര്യങ്ങളല്ല.

അതുപോലെതന്നെ ഫാസിസം ഇന്ത്യയുടെ ഭീഷണിയാണ്. മതനിരപേക്ഷ കക്ഷികൾ അതിനെതിരെ ഒന്നിച്ചു നിൽക്കണം. 65 ശതമാനം വോട്ടർമാരും മതനിരപേക്ഷ പക്ഷത്താണുള്ളത്. ഒന്നിച്ചു നിന്നാൽ നിരാശപ്പെടേണ്ടി വരില്ല. അതിനാൽ മതനിരപേക്ഷ വോട്ടുകൾ ഭിന്നിക്കുന്ന നിലപാട് ആരും സ്വീകരിക്കരുത്. മതേതര വോട്ടുകൾ ഭിന്നിക്കാൻ ഇടയാക്കുന്ന തരത്തിൽ വ്യത്യസ്ത സ്ഥാനാർഥികളെ നിർത്തുന്നത് അവസാനിപ്പിക്കണം. മുസ്‌ലിം സംഘടനകളുടെ പിൻബലത്താൽ പ്രവർത്തിക്കുന്ന വ്യത്യസ്ത പൊളിറ്റിക്കൽ പ്ലാറ്റ്‌ഫോമുകൾ ഒരു പുനരാലോചന നടത്താൻ തയ്യാറാകണം. അധഃസ്ഥിതരും അടിച്ചമർത്തപ്പെട്ടവരുമായ മുസ്‌ലിം, ദളിത്, പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങളുടെ ഉന്നമനമാണ് ലക്ഷ്യം എന്നു പറയുന്നവർ എന്തിനാണ് വോട്ടുകൾ ഭിന്നിപ്പിക്കുന്ന നിലപാട് സ്വീകരിക്കുന്നത്?

ജർമനിയിൽ നാസികൾ തങ്ങളുടെ രാഷ്ട്രീയ എതിരാളികളെ ശ്വാസംമുട്ടിച്ച് കൊല്ലാൻ തടങ്കൽ പാളയത്തിലേക്ക് കൊണ്ടുപോകുന്ന ബസ്സിൽ സൈഡ് സീറ്റ് കിട്ടാൻ പരസ്പരം പോരടിച്ചതായി ഒരു കഥയുണ്ട്. ഇതിൽ മുസ്‌ലിം സമുദായത്തിന് വലിയ പാഠമുണ്ട്.

ഫാസിസത്തിനെതിരെ ഒന്നിച്ചു നിൽക്കണമെന്നു പറയുമ്പോൾ, ‘നിങ്ങൾ മുജാഹിദും സുന്നിയും പറഞ്ഞു പരസ്പരം എന്തിന് പോരടിക്കുന്നു, ഫാസിസത്തിന്റെ കാലത്ത് പരസ്പരം വിഴുപ്പലക്കൽ നിർത്തിക്കൂടേ’ എന്ന് ചിലർ ചോദിക്കാറുണ്ട്. ഒരു കാര്യം നാം മനസ്സിലാക്കണം; ഫാസിസം ഭയപ്പെടേണ്ട ഒന്നുതന്നെയാണ്. പാരത്രിക ലോകത്തെ നരകം അതിനെക്കാൾ വലിയ പേടിപ്പെടുുത്തുന്ന കാര്യമാണ്. നരകാവകാശികളാകാതിരിക്കാൻ തൗഹീദ് ഉൾക്കൊണ്ടും ശിർക്കിനെ പാടെ വെടിഞ്ഞും ജീവിക്കൽ അനിവാര്യമാണ്. ഫാസിസത്തെ ഭയന്ന് നരകപ്രവേശനകാരണമായ തെറ്റുകളെ നിസ്സാരമായി കാണുക എന്നത് അപകടകരമാണെന്ന് പറയേണ്ടതില്ലല്ലോ.

സ്വാഭാവികമായും തൗഹീദ്, ശിർക്ക്, ബിദ്അത്ത് പോലുള്ള വിഷയങ്ങളിൽ വ്യത്യസ്ത അഭിപ്രായമുള്ളവർ അത് പ്രചരിപ്പിക്കാൻ ശ്രമിക്കും. പ്രമാണവിരുദ്ധമായ ആശയങ്ങൾ സമൂഹത്തിൽ പ്രചരിപ്പിക്കുമ്പോൾ ഒരു ഇസ്‌ലാമിക കൂട്ടായ്മ എന്ന നിലയിൽ വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷന്റെ പണ്ഡിതന്മാർക്ക് പ്രതികരിക്കേണ്ടിവരും. ഈ തർക്കങ്ങളൊന്നും വോട്ടു ഭിന്നിപ്പിക്കില്ലെന്ന് നാമറിയണം.രാത്രി മണിക്കൂറുകളോളം വാദപ്രതിവാദങ്ങൾ നടത്തിയവർ തൊട്ടടുത്ത ദിവസം ഒരേ സ്ഥാനാർഥിക്ക് വോട്ടു ചെയ്യുന്നതിൽ യാതൊരു വൈമനസ്യവും കാണിക്കാറില്ല.

അതിനാൽ, ഫാസിസത്തെ നേരിടുന്നതിന്റെ പേരുപറഞ്ഞ് മുസ്‌ലിം സംഘടനകൾക്കിടയിലുള്ള അഭിപ്രായവ്യത്യാസങ്ങൾ ഒരിക്കലും മൂടി വയ്‌ക്കേണ്ടതില്ല. അതോടൊപ്പം തന്നെ, മുസ്‌ലിം സംഘടനകൾക്കിടയിലെ അഭിപ്രായ വ്യത്യാസത്തിന്റെ കാരണം പറഞ്ഞ് ഫാസിസത്തിനെതിരെ ഒന്നിച്ചുള്ള പോരാട്ടത്തിൽ ഭിന്നത ഉണ്ടാകേണ്ടതുമില്ല. അഭിപ്രായ വ്യത്യാസങ്ങളിൽ സംവദിച്ചുകൊണ്ടുതന്നെ നമുക്ക് മുന്നോട്ടു പോകാനാവണം. എന്നാൽ, അതിൽ പ്രതിപക്ഷ ബഹുമാനവും ഗുണകാംക്ഷയും കാത്തുസൂക്ഷിക്കാൻ മറന്നുകൂടാ. ആദർശ സംവാദങ്ങളിൽ തെളിവുകളാണ് മാറ്റുരക്കേണ്ടത്. അതിന് പകരം, തീവ്രവാദ ആരോപണം നടത്തി വിഷയത്തിൽനിന്ന് ഒളിച്ചോടാൻ നടത്തുന്ന ശ്രമം ഫാസിസത്തിന് സമുദായത്തെ വേട്ടയാടാനുള്ള ആയുധം നൽകുന്ന പ്രവർത്തനമാണ്.

ഫാസിസത്തെ പ്രീണിപ്പിച്ചതുകൊണ്ട് അത് ഒരിക്കലും പത്തി മടക്കില്ല. ഫാസിസം ഒരു ഉന്മൂലന സിദ്ധാന്തമാണ്. ന്യൂനപക്ഷം പ്രതികരിച്ചാലും ഇല്ലെങ്കിലും ന്യൂനപക്ഷം സംഘടിച്ചാലും ഇല്ലെങ്കിലും അവർ അവരുടെ അജണ്ടയുമായി അഭംഗുരം മുന്നോട്ടുപോകുമെന്ന കാര്യം ഉറപ്പാണ്. സമുദായം ഫാസിസം ഒരുക്കുന്ന കെണിയിൽ തല വെച്ച് കൊടുക്കാതിരിക്കാൻ ജാഗ്രത കാണിക്കേണ്ടതുമുണ്ട്. സമാധാന വാദികളായ ഹൈന്ദവ ഭൂരിപക്ഷത്തെ വർഗീയവൽക്കരിക്കാൻ ന്യൂനപക്ഷത്തെ പ്രകോപിപ്പിക്കുന്ന പ്രത്യേക അജണ്ടകൾ ഫാസിസം മുന്നിലേക്ക് ഇട്ടുതന്നുകൊണ്ടേയിരിക്കും. സാമൂഹ്യമാധ്യമങ്ങളത് ഏറ്റെടുത്ത് പ്രചരിപ്പിക്കുകയും ചെയ്യും. അതിൽ കൊത്തി, അവർ ഇച്ഛിക്കും വിധം പ്രതികരിക്കുന്നത് ഫാസിസത്തിന് ലാഭം മാത്രമെ നേടിക്കൊടുക്കുകയുള്ളൂ.

ഇന്ത്യയെപോലുള്ള നിയമവാഴ്ച നിലനിൽക്കുന്ന ഒരു രാജ്യത്ത്, സായുധമായി സംഘടിക്കാൻ ക്വുർആൻ ആയത്തുകൾ ദുർവ്യാഖ്യനിക്കുന്ന ന്യൂനാൽ ന്യൂനപക്ഷമുണ്ട്. ഇത് ഇസ്‌ലാമിക വിരുദ്ധവും രാജ്യവിരുദ്ധവുമാണ്. ആരാധനയിൽ പോലും തീവ്രത പാടില്ലെന്നതാണ് ഇസ്‌ലാന്റെ ആദർശം. ആത്മരക്ഷക്കു വേണ്ടിയുള്ള പ്രതിരോധം നിയമവിരുദ്ധമല്ല. എന്നാൽ നിയമം കയ്യിലെടുക്കാൻ പാടില്ല. എല്ലാവിധ തീവ്രവാദവും നാടിനാപത്താണ്. മതത്തിന്റെ പേരിലുള്ള തീവ്രാദത്തെ മാത്രം കാണുവാനേ മാധ്യമങ്ങൾ ശ്രമിക്കാറുള്ളൂ. ജാതി, രാഷ്ട്രീയം, ഭാഷ, വർണം തുടങ്ങിയവയുടെ പേരിലുള്ള കൊടുംക്രൂരതകളെയും അതിവാദങ്ങളെയും എന്തുകൊണ്ട് തീവ്രവാദത്തിന്റെ പട്ടികയിൽ പെടുത്തുന്നില്ല?

ന്യൂനപക്ഷ വിഭാഗത്തിലെ ചിലരുടെ വൈകാരിക നീക്കങ്ങളുടെ പ്രഭവകാരണം ഭൂരിപക്ഷ വർഗീയതയാണെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. എന്നാൽ ഇതൊരു ന്യായമായി കണ്ടു കൊണ്ട്, തീവ്രവാദത്തിന്റെ ചെറിയ നാമ്പ് പോലും സമുദായത്തിൽ മുളച്ചു വരുമ്പോൾ അതിനെ നുള്ളിക്കളയാൻ സമുദായ നേതൃത്വം മടിച്ചുനിന്നാൽ അതിന് വലിയ വില നൽകേണ്ടിവരും. ഇന്ത്യയിൽ കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിൽ ഫാസിസത്തിന്റെ കൊടുങ്കാറ്റ് അടിച്ചുവീശിയപ്പോൾ ഒരു സീറ്റ് പോലും അവർക്ക് നൽകാതെ കേരളം ഒരു ‘തുരുത്തായി’ മാറിനിന്നത് എന്തുകൊണ്ടായിരുന്നുവെന്ന് നാം തിരിച്ചറിയണം.

ഭൂരിപക്ഷ സമുദായത്തിലെയും ന്യൂനപക്ഷ വിഭാഗങ്ങളിലെയും ഇനിയും വർഗീയവത്കരിക്കപ്പെടാത്ത നല്ലൊരു വിഭാഗത്തിന്റെ ഉറച്ച നിലപാടുകൊണ്ടായിരുന്നു അത് സാധ്യമായതെന്നത് നാം ഉൾക്കൊള്ളണം. അവരെക്കൂടി വർഗീയവാദികളാക്കാനായി സോഷ്യൽ എഞ്ചിനീയറിംഗ് എന്ന ഓമനപ്പേരിട്ട് നടത്തുന്ന ഏതൊരു നീക്കവും തീക്കൊള്ളികൊണ്ടുള്ള തല ചൊറിയലാണന്ന് നാം തിരിച്ചറിയണം. ഇന്ന് ചാനലുകളിൽ നടക്കുന്ന അന്തിച്ചർച്ചകളിൽ ഫാസിസ്റ്റ് നിലപാട് സ്വീകരിക്കുന്ന ഫാക്വൽറ്റികൾക്ക് അവരുടെ ശാഖാ കേന്ദ്രങ്ങളിൽ നടത്തിയിരുന്ന പാർട്ടി ക്ലാസ്സിന്റെ നോട്ട് നോക്കി അത് പൊതുസമൂഹത്തെക്കൂടി പഠിപ്പിക്കാൻ അവസരം ഒരുക്കിക്കൊടുക്കുന്നതിനെക്കുറിച്ചും മതനിരപേക്ഷ പക്ഷത്ത് നിൽക്കുന്ന മാധ്യമങ്ങൾ പുനരാലോചന നടത്തേണ്ടതുണ്ട്.

വർഗീയ പ്ലാറ്റ്‌ഫോമുകളിൽ നിലകൊള്ളുന്നവരെ തരാതരം അടവുനയത്തിന്റെ പേരിൽ പിന്തുണക്കുകയോ അവരുടെ പിന്തുണ തേടുകയോ ചെയ്യുന്ന മതേതര പാർട്ടികളുടെ നിലപാട് പുനഃപരിശോധിക്കാൻ ഇനിയെങ്കിലും അവർ തയ്യാറാകണം. കേരളത്തലെ എല്ലാ വിഭാഗങ്ങളിലെയും നല്ല മനസ്സുള്ളവരെക്കൂടി വർഗീയവത്കരിക്കാനായി പരസ്പരം പാലൂട്ടിക്കൊണ്ട് നടത്തുന്ന എല്ലാ നീക്കങ്ങളെയും ചെറുത്ത് തോൽപിക്കാൻ രാഷ്ട്രീയ, മത, സാമൂഹിക, സമുദായിക രംഗത്തെ മുഖ്യധാരാ സംഘടനകൾ സധൈര്യം മുന്നോട്ട് വരണം.

ഫാസിസത്തിനെതിരെയുള്ള പ്രായോഗിക പരിഹാരമാർഗമായി എന്താണ് നിങ്ങൾക്ക് ചൂണ്ടിക്കാണിക്കാനുള്ളത് എന്ന് ചോദിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ, കേരളം തന്നെയാണ് അതിനു മാതൃക. വർത്തമാന കാലത്ത് ഫാസിസത്തിന് ഒരു നിയമസഭാസീറ്റ് പോലും ഇല്ലാത്ത സംസ്ഥാനമാണ് നമ്മുടെ കേരളം. ഇത് മറച്ചുപിടിച്ച് നടത്തുന്ന ഏതൊരു ശ്രമവും ആത്മഹത്യാപരമാണന്ന് നാം അറിയണം. സോഷ്യൽ മീഡിയ ആവരുത് നമ്മുടെ അജണ്ട തീരുമാനിക്കുന്നത്. ഭരണം പ്രതിസന്ധിയിലാകുമ്പോൾ ഫാസിസം പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തും. സമുദായം അതിൽ എണ്ണയൊഴിച്ചാൽ അത് ആളിക്കത്തും. ആ തീ കത്തിയമരുമ്പോൾ അജണ്ടയുണ്ടാക്കിയവർ ലക്ഷ്യം നേടും. അവർ ഇരകളായി കണ്ടവർ കത്തിച്ചാമ്പലാവുകയും ചെയ്യും.

രാജ്യത്ത് സമാധാനമുണ്ടാക്കാൻ ബാധ്യതയുള്ളവർ തന്നെ വെറുപ്പുൽപാദന ഫാക്ടറികളായി മാറുന്ന ഇക്കാലത്ത് ഇതര മതവിഭാഗങ്ങളുമായി സൗഹാർദത്തോടെ ഇടപെടാൻ എല്ലാവർക്കുമാകണം. മതവിശ്വാസം പരസ്പരം ലയിപ്പിക്കുന്നതിന്റെ പേരല്ല സൗഹാർദമെന്നത്. തങ്ങളുടെ മതവിശ്വാസത്തിലും ആചാരത്തിലും ഉറച്ചുനിൽക്കുന്നതോടൊപ്പം മറ്റുള്ളവർക്ക് അവരുടെ വിശ്വാസങ്ങളും ആചാരങ്ങളും കൊണ്ടുനടക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് തിരിച്ചറിയുകയും വേണം.

ന്യൂനപക്ഷമായതല്ല; ‘ന്യൂനതയുള്ള’ പക്ഷമായതാണ് ന്യൂനപക്ഷത്തിന്റെ ഏറ്റവും വലിയ പ്രതിസന്ധി എന്ന് തിരിച്ചറിഞ്ഞു മുന്നോട്ടു പോകാൻ നമുക്ക് സാധിക്കേണ്ടതുണ്ട്.