എസെൻഷ്യൽ പ്രാക്റ്റിസ്: ജസ്റ്റിസ് ധൂലിയയുടെ പഠനങ്ങൾ

സുഫ്‌യാൻ അബ്‌ദുസ്സലാം

2023 ജൂൺ 17 , 1444 ദുൽഖഅ്ദ 28

(വിധി തേടുന്ന ഹിജാബും കോടതിയിലെ വാദങ്ങളും - 26)

ശിരോവസ്ത്രം ഇസ്‌ലാംമതത്തിലെ അനിവാര്യ മതാചാരമാണ് എന്ന വാദം കോടതിയിലേക്ക് വലിച്ചിഴക്കേണ്ട കാര്യമില്ല എന്നും അതിനുവേണ്ടി ക്വുർആൻ സൂക്തങ്ങളും പ്രവാചകവചനങ്ങളും ഇസ്‌ലാമിക ഗ്രന്ഥങ്ങളും കോടതിയുടെ അകത്തളങ്ങളിലേക്ക് കൊണ്ടുവരേണ്ട ആവശ്യമുണ്ടായിരുന്നില്ല എന്നുമുള്ള അഭിപ്രായമാണ് ജസ്റ്റിസ് ധൂലിയ പ്രകടിപ്പിച്ചത്. ഹരജിക്കാർക്ക് വേണ്ടി ഹാജരായ അഭിഭാഷകരിൽ ചിലർ, പ്രത്യേകിച്ച് ചില മുസ്‌ലിം അഭിഭാഷകർ, അങ്ങനെയുള്ള വാദങ്ങൾ കൊണ്ടുവന്നപ്പോൾ തന്നെ ജസ്റ്റിസുമാരായ ധൂലിയയും ഗുപ്തയും വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. മാത്രവുമല്ല ഹരജിക്കാർക്ക് വേണ്ടി ഹാജരായ പ്രമുഖ അഭിഭാഷകരായ ദുഷ്യന്ത് ദവെ, പ്രശാന്ത് ഭൂഷൺ, കപിൽ സിബൽ തുടങ്ങിയവർക്കും ‘എസെൻഷ്യൽ റിലീജിയസ് പ്രാക്റ്റിസ്’ (ഇ.ആർ.പി) എന്ന പോയിന്റ് കൊണ്ടുവരേണ്ടതുണ്ടായിരുന്നില്ല എന്ന അഭിപ്രായം തന്നെയാണുണ്ടായിരുന്നത്. മുസ്‌ലിം വിദ്യാർഥിനികൾക്ക് വേണ്ടി ഹാജരായ അഭിഭാഷകർക്കിടയിൽ ഈ വിഷയത്തിലുണ്ടായ അഭിപ്രായഭിന്നത വാദസമയത്ത് പ്രകടമായിരുന്നു.

‘എസെൻഷ്യൽ’ വേണ്ടതില്ല

വിധിന്യായത്തിൽ ഇക്കാര്യങ്ങൾ ജസ്റ്റീസ് ധൂലിയ വ്യക്തമാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ എസെൻഷ്യൽ റിലീജിയസ് പ്രാക്റ്റിസ് എന്ന വിഷയത്തെക്കുറിച്ച് അദ്ദേഹത്തിന് സവിസ്തരം വിധിന്യായത്തിൽ പ്രതിപാദിക്കേണ്ടിവന്നു. എസെൻഷ്യൽ റിലീജിയസ് പ്രാക്റ്റിസ് എന്നതിന് പകരം അനുച്ഛേദം 25ൽ പറയുന്നപോലെ റിലീജിയസ് പ്രാക്റ്റിസ് എന്ന് മാത്രം പ്രയോഗിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ മതസ്വാതന്ത്ര്യം അനുവദിച്ചുകൊടുക്കുകയും ചെയ്യുക എന്നത് മാത്രമാണ് ഭരണഘടനാപരമായി ശരിയാവുക എന്ന വീക്ഷണമാണ് ധൂലിയ അവതരിപ്പിക്കാൻ ശ്രമിക്കുന്നത്. അദ്ദേഹത്തിന്റെ ഈ വിഷയത്തിലുള്ള പഠനങ്ങളാണ് തുടർന്ന് വിധിന്യായത്തിൽ കാര്യമായും പ്രതിപാദിക്കുന്നത്. അതിങ്ങനെ വായിക്കാം:

‘എസെൻഷ്യൽ’ കടന്നുവന്ന വഴി

എസെൻഷ്യൽ റിലീജിയസ് പ്രാക്റ്റിസ് എന്ന പദപ്രയോഗം ഭരണഘടനയിലില്ല. എന്നാൽ പ്രസ്തുത പ്രയോഗം കടന്നുവന്നത് ഭരണഘടനാ നിർമാണസഭ (Constituent Assembly) വഴിയാണ്. എല്ലാ മതാചാരങ്ങളുമല്ല, അത്യാവശ്യ (Essential) ആചാരങ്ങൾ മാത്രമാണ് അനുച്ഛേദം 25 വഴി സംരക്ഷിക്കപ്പെടുക എന്ന് ഒരു ചോദ്യത്തിനുത്തരമായി ഡോ. ബി.ആർ.അംബേദ്കർ പറഞ്ഞതിൽ നിന്നാണ് ‘എസെൻഷ്യൽ’ എന്ന പ്രയോഗം പിന്നീട് വ്യാപകമായി ഉപയോഗിക്കപ്പെട്ടുവന്നത്. 1948 ഡിസംബർ 2നു നടന്ന ഡിബേറ്റിൽ അംബേദ്കർ പറഞ്ഞത് ഇങ്ങനെയായിരുന്നു:""There is nothing extraordinary in saying that we ought to strive hereafter to limit the definition of religion in such a manner that we shall not extend it beyond beliefs and such rituals as may be connected with ceremonials which are essentially religious’’ (Vol. 7, P. 781).

‘മതത്തിന്റെ നിർവചനം പരിമിതപ്പെടുത്താൻ ഇനിമുതൽ നാം പരിശ്രമിക്കണം എന്ന് പറയുന്നതിൽ അസാധാരണമായി ഒന്നുമില്ല, അത് വിശ്വാസങ്ങൾക്കും മതപരമായി ആചരിക്കപ്പെടുന്ന ആചാരങ്ങൾക്കും അപ്പുറത്തേക്ക് വ്യാപിക്കാത്ത വിധത്തിൽ അതിനെ പരിമിതപ്പെടുത്തേണ്ടതുണ്ട്.’

ഇതിനർഥം, സാധാരണഗതിയിൽ വിശ്വാസം, ആരാധന തുടങ്ങിയവയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ‘എസെൻഷ്യൽ’ എന്ന് കരുതപ്പെടേണ്ടത്. അതിനപ്പുറത്തേക്ക് അതിനെ വിപുലപ്പെടുത്താൻ പാടില്ല എന്നായിരുന്നു അംബേദ്കറുടെ നിരീക്ഷണം എന്നാണ്.

(അംബേദ്കർ ഇത് പറഞ്ഞുവച്ചെങ്കിലും അദ്ദേഹത്തിന്റെ അഭിപ്രായം ഭരണഘടനാ നിർമാണ സഭ അത്ര കാര്യമായി എടുത്തില്ല എന്നുവേണം മനസ്സിലാക്കാൻ. കാരണം ഭരണഘടനയുടെ കരടുരേഖയിലോ പിന്നീട് പാസ്സാക്കിയ ഒറിജിനൽ ഭരണഘടനയിലോ ‘എസെൻഷ്യൽ’ എന്ന പ്രയോഗം കടന്നുവന്നിട്ടില്ല. അതിനുള്ള കാരണം എസെൻഷ്യൽ, നോൺ-എസെൻഷ്യൽ എന്നിങ്ങനെ മതകാര്യങ്ങളെ വേർതിരിക്കാനുള്ള അതിർത്തിരേഖ നിശ്ചയിക്കാൻ ജുഡീഷ്യറിക്കോ ലെജിസ്‌ളേറ്റിവിനോ എക്‌സിക്യൂട്ടീവിനോ സാധിക്കില്ല എന്ന വസ്തുത അവർക്ക് അറിയാവുന്നത് കൊണ്ടായിരുന്നു- ലേഖകൻ).

ശിരൂർ മഠം കേസും എസെൻഷ്യലും

ഇതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ പരിഗണനക്ക് വന്ന ആദ്യത്തെ കേസ് 1954ലെ മദിരാശിയിലെ ഹിന്ദു റിലീജിയസ് എൻഡോവ്‌മെന്റ് കമ്മീഷണറും ഉഡുപ്പിയിലെ ശിരൂർ മഠത്തിലെ ശ്രീ ലക്ഷ്‌്മീന്ദ്ര തീർഥ സ്വാമിയാരും ഏതിർകക്ഷികളായി വന്ന കേസായിരുന്നു. ശിരൂർ മഠം കേസ് എന്നാണ് ഇതറിയപ്പെടുന്നത്. മഠവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കമ്മീഷണർക്ക് 1927ലെ ഹിന്ദു എൻഡോവ്‌മെന്റ് ആക്റ്റ് പ്രകാരം നൽകപ്പെട്ട അധികാരങ്ങളെക്കുറിച്ചുള്ള തർക്കമായിരുന്നു കേസിന് ആധാരം. റിട്ട് ഹർജി മദ്രാസ് ഹൈക്കോടതി അനുവദിക്കുകയും മഠാധിപതിക്ക് അനുകൂലമായി വിധിക്കുകയും ചെയ്തു. ഈ ഉത്തരവിനെതിരെ കമ്മീഷണർ സുപ്രീം കോടതിയെ സമീപിച്ചു. ഭരണഘടനയുടെ 25,26 വകുപ്പുകൾ പ്രകാരം മഠാധിപതിയുടെയും ക്ഷേത്രഭരണത്തിന്റെയും മൗലികാവകാശങ്ങൾ വിനിയോഗിക്കുന്നതിൻമേലുള്ള കടന്നുകയറ്റമാണോ കമ്മീഷണറുടേത് എന്ന ചോദ്യമായിരുന്നു സുപ്രീം കോടതിക്ക് മുമ്പിലുണ്ടായിരുന്നത്. ഏഴംഗ ഭരണഘടനാ ബെഞ്ച് മതത്തിന്റെ വിവക്ഷയെക്കുറിച്ചും ഭരണഘടനയുടെ പശ്ചാത്തലത്തിൽ അതെങ്ങനെയാണ് മനസ്സിലാക്കേണ്ടത് എന്നതിനെക്കുറിച്ചും വിശദീകരിച്ചു.

ശിരൂർ മഠം കേസ് വിധിയിൽ ജസ്റ്റിസ് ബി.കെ. മുഖർജി അത് വിശദീകരിക്കുന്നത് ഇങ്ങനെയാണ്: ‘മതം തീർച്ചയായും വ്യക്തികളുമായോ സമൂഹങ്ങളുമായോ ഉള്ള വിശ്വാസത്തിന്റെ കാര്യമാണ്, അത് ദൈവികമായിരിക്കണമെന്നില്ല. ബുദ്ധമതം, ജൈനമതം എന്നിവയെപ്പോലെയുള്ള ദൈവത്തിലോ ഉത്പത്തിയുമായി ബന്ധപ്പെട്ട കാര്യങ്ങളിലോ വിശ്വസിക്കാത്ത മതവിഭാഗങ്ങൾ ഇന്ത്യയിലുണ്ട്. ആത്മീയ ക്ഷേമത്തിന് സഹായകമാണെന്ന നിലയിൽ സ്വീകരിക്കപ്പെടുന്ന എന്തും മതം എന്ന ആശയത്തിൽ വരുന്നു. അങ്ങനെയുള്ള മതങ്ങളിൽ അതിന്റെ അവിഭാജ്യഘടകമായി കണക്കാക്കപ്പെടുന്ന ആചാരങ്ങളും അനുഷ്ഠാനങ്ങളും ചടങ്ങുകളും ആരാധനാ മാതൃകകളും ഉണ്ടാവും. ആചാരങ്ങളും അനുഷ്ഠാനങ്ങളും അവരുടെ ഭക്ഷണം, വസ്ത്രം എന്നിവയിലേക്ക് പോലും വ്യാപിക്കാം’ (ശിരൂർ മഠം കേസ് വിധി, ഏഴാം ഖണ്ഡിക).

(മതം എന്നത് കേവലം ഭാരതീയ മതങ്ങൾ മാത്രമൊ, ക്ഷേത്രരീതിയിൽ നടത്തപ്പെടുന്ന ആചാരങ്ങളൊ മാത്രമല്ല, മറിച്ച് ആത്മീയ ക്ഷേമം കൈവരിക്കാവുന്ന എന്തും, അവ പുറത്തുനിന്ന് വന്ന വിശ്വാസങ്ങളാണെങ്കിലും മതം എന്ന പദത്തിന്റെ പരിധിയിൽ വരുന്ന കാര്യമാണ് എന്നും അതുകൊണ്ട് തന്നെ ഇസ്‌ലാമിക ആചാരങ്ങളും മതം എന്ന നിലയ്ക്ക് സംരക്ഷിക്കപ്പെടേണ്ടതുണ്ട് എന്നുമാണ് ഇത് വ്യക്തമാക്കുന്നത്. മാത്രവുമല്ല, മതം കേവലം ആരാധനയോ അവയുമായി ബന്ധപ്പെട്ട ആചാരമോ മാത്രമല്ല, മറിച്ച് ഭക്ഷണം, വസ്ത്രം എന്നിവയിലെല്ലാം മതം കടന്നുവരുമെന്നും ശിരൂർ മഠം വിധി വ്യക്തമാക്കുന്നു എന്നാണ് ജസ്റ്റിസ് ധൂലിയ ഇതിലൂടെ വ്യക്തമാക്കുന്നത്. ശിരോവസ്ത്രം അതുകൊണ്ടുതന്നെ മതവിശ്വാസത്തിന്റെ ഭാഗം എന്ന നിലയ്ക്ക് ശിരോവസ്ത്രം ധരിക്കുന്നതിന് സംരക്ഷണം നൽകേണ്ടതുണ്ട് എന്നും അദ്ദേഹം സൂചിപ്പിക്കുന്നു- ലേഖകൻ).

മതാചാരങ്ങൾക്ക് ഭരണഘടനയുടെ സംരക്ഷണമുണ്ട്

ഭരണഘടന നൽകുന്ന ഉറപ്പ് മതപരമായ അഭിപ്രായസ്വാതന്ത്ര്യം മാത്രമല്ല, മതത്തിന്റെ അടിസ്ഥാനത്തിൽ ചെയ്യുന്ന ആചാരങ്ങളുടെയും സംരക്ഷണം ഭരണഘടന ഉറപ്പ് നൽകുന്നുണ്ട്. അനുച്ഛേദം 25ലെ ‘മതാചാരം’ (Practice of religion) എന്ന പ്രയോഗം ഇതാണ് വ്യക്തമാക്കുന്നത്. മതത്തിന്റെ അവിഭാജ്യ ഘടകമല്ലാത്ത കാര്യങ്ങളെ നിയന്ത്രിക്കാൻ അനുമതി നൽകണമെന്ന ശിരൂർ മഠം കേസിലെ അറ്റോർണി ജനറലിന്റെ വാദങ്ങൾ കോടതി നിരസിച്ചു. അറ്റോർണി ജനറലിന്റെ വാദങ്ങളെ കോടതി ഖണ്ഡിക്കുന്നതിന്റെ പ്രസക്ത ഭാഗങ്ങൾ ശ്രദ്ധിക്കുക:

‘അറ്റോർണി ജനറൽ അനുച്ഛേദം 25ലെ ഉപഘണ്ഡം 2(എ)ക്കാണ് ഊന്നൽ നൽകുന്നത്. മതവുമായി ബന്ധപ്പെട്ടിരിക്കാവുന്ന, എന്നാൽ നേരിട്ട് ബന്ധമില്ലാത്ത പ്രവർത്തനങ്ങളും (secular activities)യഥാർഥത്തിൽ മതത്തിന്റെ പ്രധാനഭാഗമാകുന്നില്ലെന്നും അതുകൊണ്ടുതന്നെ അവ ഭരണകൂട നിയന്ത്രണത്തിന് വിധേയമാണ് എന്നുമാണ് അറ്റോർണി ജനറലിന്റെ വാദം. എന്നാൽ വളരെ വ്യക്തമായ പദങ്ങൾകൊണ്ട് വിശദമാക്കപ്പെട്ട ഒരു കാര്യത്തിൽ അറ്റോർണി ജനറലിന്റെ വാദത്തെ പിന്തുണക്കാൻ ഞങ്ങൾക്ക് കഴിയില്ല. ഒന്നാമതായി, ഒരു മതത്തിന്റെ അത്യന്താപേക്ഷിതമായ ഭാഗം എന്താണെന്ന് കണ്ടെത്തേണ്ടത് പ്രാഥമികമായി ആ മതത്തിന്റെ അടിസ്ഥാനപ്രമാണങ്ങളിൽ നിന്നാണ്. ഹിന്ദുക്കളുടെ ഏതെങ്കിലും മതവിഭാഗത്തിന്റെ തത്ത്വങ്ങൾ പ്രത്യേക സമയങ്ങളിൽ വിഗ്രഹത്തിന് ഭക്ഷണം നൽകണമെന്ന് നിർദേശിക്കുന്നുവെങ്കിൽ, അവ പ്രമാണങ്ങളിൽ പറയപ്പെട്ടതുപോലെ നടത്തേണ്ടതുണ്ട്. മതത്തിന്റെ പേരിൽ നടത്തപ്പെടുന്ന വിശുദ്ധ ഗ്രന്ഥങ്ങളുടെ പാരായണമോ മറ്റു വഴിപാടുകളോ എല്ലാം തന്നെ മതത്തിന്റെ ഭാഗമായിട്ടാണ് കണക്കാക്കപ്പെടുക. അതിന്റെ പേരിലുണ്ടാകുന്ന പണച്ചെലവുകൾ, പുരോഹിതന്മാരുടെ ജോലികൾ തുടങ്ങിയവയെല്ലാം മതത്തിന്റെ ആചാരങ്ങൾ തന്നെയാണ്. അവയെല്ലാം മതത്തിന്റെ ഉള്ളിലുള്ള കാര്യങ്ങളാണ്. ഇവയെല്ലാം അനുച്ഛേദം 26(ബി)യുടെ അർഥപരിധിയിൽ വരുന്ന കാര്യങ്ങളാണ്’ (ശിരൂർ മഠം കേസ് വിധി 19, 20 ഖണ്ഡങ്ങൾ).

(മതപരമായ കാര്യങ്ങൾ മതപ്രമാണങ്ങൾ അനുസരിച്ച് നിർവഹിക്കാൻ വ്യക്തികൾക്ക് അവകാശമുണ്ട് എന്ന കാര്യമാണ് ഈ വിധിന്യായം സൂചിപ്പിച്ചുകൊണ്ട് ജസ്റ്റിസ് ധൂലിയ വ്യക്തമാക്കുന്നത്-ലേഖകൻ).

രതിലാൽ ഗാന്ധി കേസ് നൽകുന്ന പാഠം

1954ലെ മറ്റൊരു കേസായിരുന്നു രതിലാൽ പനംചന്ദ് ഗാന്ധിയുടെ സ്റ്റേറ്റ് ഓഫ് ബോംബേ കേസ്. ബോംബെയിലെ ഹൈന്ദവ ട്രസ്റ്റുകളുമായി ബന്ധപ്പെട്ടുകൊണ്ട് സർക്കാർ കൊണ്ടുവന്ന ചില നിയമങ്ങളെ ചോദ്യം ചെയ്തുകൊണ്ടായിരുന്നു കേസ്. കേസിന്റെ വിധിന്യായത്തിൽ ഇങ്ങനെ കാണാം:

‘മതത്തിന്റെ സ്വതന്ത്രമായ വ്യവഹാരം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് മതവിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ ബാഹ്യമായി നിർവഹിക്കപ്പെടുന്ന പ്രവൃത്തികൾ എന്നാണ്. പൊതു ക്രമസമാധാനം, ആരോഗ്യം, ധാർമികത എന്നിവയ്ക്ക് വിഘാതമാവാത്ത വിധത്തിലാണ് അത് അനുവദിക്കപ്പെട്ടിട്ടുള്ളത്. എന്നാൽ അനുച്ഛേദം 25 ലെ 2(എ) ഖണ്ഡത്തിലൂടെ ഭരണകൂടത്തിന് മതവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്താവുന്നതാണ് എന്ന് പറയുന്ന വിഷയങ്ങൾ മുകളിൽ സൂചിപ്പിച്ച പൊതു ക്രമസമാധാനം, ആരോഗ്യം, ധാർമികത എന്നിവയുമായി ബന്ധപ്പെട്ടതല്ല. മറിച്ച് മതപരമായ ആചാരങ്ങളുമായി ബന്ധപ്പെടുന്ന സാമ്പത്തികമോ വാണിജ്യപരമോ രാഷ്ട്രീയമോ ആയ പ്രവർത്തനങ്ങളാണ്.’

(ഒരാൾ അയാളുടെ മതത്തിന്റെ ഭാഗമായി നിർവഹിക്കുന്ന കാര്യങ്ങളിൽ സർക്കാരിന് നേരിട്ട് ഇടപെടാനോ അത് നിയന്ത്രിക്കുവാനോ നിരോധിക്കുവാനോ അവകാശമില്ല. മതത്തിന്റെ ഭാഗമായി നിർവഹിക്കപ്പെടുന്ന സാമ്പത്തിക, വാണിജ്യ, രാഷ്ട്രീയ പരിപാടികളിൽ മാത്രമാണ് സർക്കാരിന് ഇടപെടാനുള്ള അധികാരമുള്ളത്-ലേഖകൻ).

‘എസെൻഷ്യൽ’ കോടതിവിധികളിൽ’

‘എസെൻഷ്യൽ’ എന്ന പ്രയോഗത്തിന് ചില കോടതിവിധികളിലൂടെയാണ് പ്രചാരം സിദ്ധിച്ചത്. അജ്മീർ ദർഗ കേസ്, ആനന്ദമാർഗി കേസ് എന്നിവയാണ് അവയിൽ ഏറെ പ്രസിദ്ധമായത്. കോടതിവിധികളിൽ ഇവ കടന്നുവന്നതോടെ എസെൻഷ്യൽ പ്രയോഗത്തിന് ശക്തിയേറിയെങ്കിലും അതിന് ഭരണഘടനയുടെ പിൻബലമില്ല എന്നതാണ് വസ്തുത. മതകാര്യങ്ങളെ അനിവാര്യം, അനിവാര്യമല്ലാത്തത് എന്നിങ്ങനെ വേർതിരിക്കുവാൻ കോടതിക്ക് ഭരണഘടന അനുവാദം നൽകിയിട്ടില്ല.

1951ലെ അജ്മീർ കേസാണ് പിന്നീട് ജസ്റ്റീസ് ധൂലിയ ഉദ്ധരിച്ചത്. ഈ കേസ് നേരത്തെ കർണാടക സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റ് ജനറൽ അവർക്കനുകൂലമായി ഉദ്ധരിച്ചിരിന്നു. ചിശ്ത്തി ആചാരപ്രകാരം നടന്നുവന്നിരുന്ന അജ്മീർ ദർഗയിൽ അവകാശം ഉന്നയിച്ചു വന്ന ചിശ്ത്തി വിഭാഗത്തിൽ പെടാത്ത സൂഫി വിഭാഗങ്ങളുടെ അവകാശവാദം ദർഗ കമ്മിറ്റി തള്ളി. അനുച്ഛേദം 25(1) പ്രകാരം തങ്ങൾക്ക് കൂടി അവകാശമുണ്ട് എന്നായിരുന്നു ‘ഖാദിമുകൾ’ എന്ന പേരിൽ അറിയപ്പെട്ടിരുന്ന സൂഫി വിഭാഗത്തിന്റെ വാദം. രാജസ്ഥാൻ ഹൈക്കോടതി അവരുടെ അവകാശവാദം അംഗീകരിച്ചു. ഹൈക്കോടതി ഉത്തരവിനെതിരെ ദർഗ കമ്മിറ്റി സുപ്രീം കോടതിയുടെ മുമ്പാകെ വന്നു. സുന്നി മുസ്‌ലിമായ ആർക്കും ദർഗയുടെ കാര്യത്തിൽ അവകാശമുണ്ടോ അതോ ചിഷ്ത്തി സിൽസിലയുടെ അനുയായികൾക്ക് മാത്രമാണോ അവകാശം എന്നതായിരുന്നു കോടതിയുടെ പരിഗണനയിലുള്ള വിഷയം. അനുച്ഛേദം 25(1) പ്രകാരം ഖാദിമുകൾക്ക് അവകാശം ഉന്നയിക്കാൻ കഴിയില്ലെന്ന രാജസ്ഥാൻ ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കിക്കൊണ്ട് സുപ്രീം കോടതി വിധി പ്രസ്താവിച്ചു. ഇ.ആർ.പി എന്താണെന്നും കോടതിക്ക് അത് എങ്ങനെയാണ് നിർണയിക്കാൻ സാധിക്കുക എന്നും ഈ കേസിൽ സുപ്രീംകോടതി പരിശോധിക്കുകയും ചെയ്തു.

വിശദീകരണം

സൂഫി വിഭാഗത്തിന്റെ വാദം സുപ്രീംകോടതി തള്ളിയതാണ് കർണാടക സർക്കാർ അവർക്കനുകൂലമായ തെളിവായി ഉദ്ധരിക്കുന്നത്. ചിശ്ത്തി വിഭാഗത്തിന്റെ ഒരു ആരാധന കേന്ദ്രത്തിൽ മറ്റൊരു വിഭാഗത്തിന് ഭരണഘടന നൽകുന്ന മതസ്വാതന്ത്ര്യത്തിന്റെ അനുച്ഛേദങ്ങൾ ഉപയോഗിച്ചുകൊണ്ട് അവകാശം സ്ഥാപിക്കാൻ കഴിയില്ല എന്നാണ് കോടതി വ്യക്തമാക്കിയത്. ശിരോവസ്ത്ര വിഷയത്തിൽ ഏതെങ്കിലും മതവിഭാഗത്തിന്റെ ആരാധനാകേന്ദ്രത്തിൽ തങ്ങൾക്ക്, ശിരോവസ്ത്രം എന്ന തങ്ങളുടെ മതപരമായ അവകാശം അനുവദിക്കണം എന്ന വാദമല്ല മുസ്‌ലിം വിദ്യാർഥിനികൾ ഉന്നയിച്ചത്.

1983 ലെ ആനന്ദമാർഗി കേസ് പൊതുസ്ഥലങ്ങളിൽ പരസ്യമായി താണ്ഡവ നൃത്തം കളിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു. ഇത്തരം നൃത്തങ്ങൾ ആനന്ദ മാർഗത്തിന്റെ അനിവാര്യ ആചാരമല്ല എന്നായിരുന്നു സുപ്രീംകോടതിയുടെ വിധി. എന്നാൽ താണ്ഡവനൃത്തം ക്രമസമാധാനത്തെ ബാധിക്കുന്നു എന്നതായിരുന്നു അതിനെ നിരോധിക്കാൻ കാരണമായത്. എസെൻഷ്യൽ അല്ലാത്ത കാര്യങ്ങൾ അനുവദിക്കാൻ പറ്റില്ല എന്ന പേരിലായിരുന്നില്ല അത് നിരോധിച്ചത്. ക്രമാസമാധാനത്തെ ബാധിക്കുന്ന കാര്യങ്ങൾ നിരോധിക്കുമ്പോൾ ‘ആചാരം എസെൻഷ്യൽ അല്ല’ എന്ന പരാമർശം ആവശ്യമായിരുന്നില്ല എന്നാണ് ധൂലിയ ചൂണ്ടിക്കാണിക്കുന്നത്.

ശിരോവസ്ത്രം വ്യക്തിഗത അവകാശമാണ്

ഇതിൽനിന്നും മനസ്സിലാകുന്നത് ‘അനിവാര്യ മതാചാരങ്ങൾ’ എന്ന ആശയം കൈകാര്യം ചെയ്യുമ്പോൾ, അല്ലെങ്കിൽ ഒരു പ്രത്യേക ആചാരത്തെ ഇ.ആർ.പി എന്ന് വിളിക്കാമോ എന്ന് പരിശോധിക്കുമ്പോൾ സുപ്രീംകോടതി ഭരണഘടനയുടെ അനുച്ഛേദം 25, 26 എന്നിവയുമായി ബന്ധപ്പെട്ട പരിശോധനകളാണ് നടത്തിയിരുന്നത് എന്നുകാണാം. മുകളിൽ പരാമർശിച്ച കേസുകൾ (ശിരൂർ മഠം, രതിലാൽ ഗാന്ധി കേസ്, അജ്മീർ ദർഗ എന്നിവ) മത ആരാധനാലയങ്ങളുമായോ സ്ഥാപനങ്ങളുമായോ ബന്ധപ്പെട്ട കേസുകളാണ്. വിവിധ മതങ്ങളിൽ പെട്ട പ്രത്യേക വിഭാഗങ്ങളുമായി (sects) ബന്ധപ്പെട്ട കേസുകളാണിത്; വ്യക്തികളുമായി ബന്ധപ്പെട്ട കേസുകളല്ല.

എന്നാൽ ഇപ്പോൾ നമ്മുടെ മുമ്പിലുള്ള കേസ് ഏതെങ്കിലും മതസ്ഥാപനവുമായോ കക്ഷികളുമായോ ബന്ധപ്പെട്ട കേസല്ല. ഒരു മതവിഭാഗത്തിലെ വ്യക്തികളുമായി ബന്ധപ്പെട്ട കേസാണ്. ഇവിടെ ചർച്ച ചെയ്യപ്പെടേണ്ടത് ഒരു സമുദായത്തിന്റെ അവകാശത്തെക്കുറിച്ചല്ല, മറിച്ച് വ്യക്തികളുടെ അവകാശത്തെ ക്കുറിച്ചാണ്. അനുച്ഛേദം 25(1) മാത്രമാണ് നമ്മുടെ മുമ്പിലുള്ള വിഷയം. അനുച്ഛേദം 25(2), 26 എന്നിവ ഈ കേസിൽ ബാധകമാകുന്നില്ല. 25(1) വ്യക്തിഗത അവകാശങ്ങളെക്കുറിച്ചും 25(2), 26 എന്നിവ സാമുദായിക അവകാശങ്ങളെക്കുറിച്ചുമാണ് സംസാരിക്കുന്നത്. ഈ പശ്ചാത്തലത്തിൽ ‘എസെൻഷ്യൽ’ ചർച്ചകൾ ഇവിടെ ഗുണം ചെയ്യില്ല. ഇക്കാരണങ്ങൾ കൊണ്ടുതന്നെ, ഇ.ആർ.പിയുടെ ഉരക്കല്ലിൽ മാത്രം ഹർജിക്കാരുടെ അവകാശങ്ങളെ ഉരച്ചുനോക്കി തീരുമാനമെടുത്ത കർണാടക ഹൈക്കോടതിയുടെ നടപടികൾ മുഴുവൻ തെറ്റായിരുന്നു എന്ന് ഞാൻ ഉറച്ചുവിശ്വസിക്കുന്നു.

(അടുത്ത ലക്കത്തിൽ: ‘25ാം അനുച്ഛേദവും പുതിയ പാഠങ്ങളും’)