ജനിക്കും മുമ്പേ മിർസയോട് സംസാരിച്ച വാഗ്ദത്ത പുത്രൻ!

പി പി അബ്ദുർറഹ്‌മാൻ കൊടിയത്തൂർ

2023 സെപ്തംബർ 30 , 1445 റ.അവ്വൽ 15

(ഖാദിയാനി വേദപുസ്തകം ‘തദ്കിറ’യിലൂടെ ഒരു യാത്ര 35)

ഇസ്‌ലാമിലെ കുടുംബം

പ്രവാചകന്മാരുടെ സന്തതികൾക്കും ഭാര്യമാർക്കും അവരുടെ ബന്ധുക്കൾ എന്ന നിലയിൽ ഒരു പ്രാധാന്യവും പ്രത്യേകതയും ഇസ്‌ലാം നൽകിയിട്ടില്ല. വിശുദ്ധ ക്വുർആൻ നൂഹ്, ലൂത്വ് നബിമാരുടെ ഭാര്യമാരെ നിഷേധികൾക്ക് ഉദാഹരണമായി പരാമർശിച്ചിട്ടുണ്ട്. നൂഹ് നബിയുടെ മകനും അദ്ദേഹത്തിൽ വിശ്വസിക്കാത്ത കൂട്ടത്തിലായിരുന്നു. ആദം നബിയുടെ പുത്രൻ തന്നെയായിരുന്നു സ്വന്തം സഹോദരനെ വധിച്ചുകൊണ്ട് ലോകാന്ത്യംവരെയുള്ള കൊലപാതകങ്ങൾക്ക് തുടക്കം കുറിച്ച കാബേലും.

ഇസ്‌ലാമിലെ കുടുംബം എന്നത് പിതാവ്, മക്കൾ എന്നതിനപ്പുറം ആദർശബന്ധിതമാണ് എന്ന് ക്വുർആൻ പഠിപ്പിക്കുന്നു. തന്റെ കപ്പലിൽ കയറാൻ കൂട്ടാക്കാതെ പ്രളയത്തിൽ മുങ്ങിക്കൊണ്ടിരുന്ന മകനെ രക്ഷിക്കാൻ നൂഹ് നബി തന്റെ നാഥനോട് അഭ്യർഥിച്ച സന്ദർഭം ക്വുർആൻ വിവരിക്കുന്നത് കാണുക:

“നൂഹ് തന്റെ രക്ഷിതാവിനെ വിളിച്ചുകൊണ്ട് പറഞ്ഞു: ‘എന്റെ രക്ഷിതാവേ, എന്റെ മകൻ എന്റെ  കുടുംബാംഗങ്ങളിൽ പെട്ടവൻ തന്നെയാണല്ലോ. തീർച്ചയായും നിന്റെ വാഗ്ദാനം സത്യമാണുതാനും.  നീ വിധികർത്താക്കളിൽ വെച്ച് ഏറ്റവും നല്ല വിധികർത്താവുമാണ്.’ അവൻ (അല്ലാഹു) പറഞ്ഞു: ‘നൂഹേ, തീർച്ചയായും അവൻ നിന്റെ കുടുംബത്തിൽ പെട്ടവനല്ല. തീർച്ചയായും അവൻ ശരിയല്ലാത്തത് ചെയ്തവനാണ്. അതിനാൽ നിനക്ക് അറിവില്ലാത്ത കാര്യം എന്നോട് ആവശ്യപ്പെടരുത്. നീ വിവരമില്ലാത്തവരുടെ കൂട്ടത്തിലായിപോകരുതെന്ന് ഞാൻ നിന്നോട് ഉപദേശിക്കുകയാണ്.’ അദ്ദേഹം (നൂഹ്) പറഞ്ഞു: ‘എന്റെ രക്ഷിതാവേ, എനിക്ക് അറിവില്ലാത്ത കാര്യം നിന്നോട് ആവശ്യപ്പെടുന്നതിൽ നിന്ന് ഞാൻ നിന്നോട് ശരണം തേടുന്നു. നീ എനിക്ക് പൊറുത്തുതരികയും, നീ എന്നോട് കരുണ കാണിക്കുകയും ചെയ്യാത്ത പക്ഷം ഞാൻ നഷ്ടക്കാരുടെ കൂട്ടത്തിലായിരിക്കും’’ (11: 45-47).

മാതാപിതാക്കൾക്ക് മക്കളോട് ചില കടമകളും ഉത്തരവാദിത്തങ്ങളും ഉണ്ട്. തിരിച്ചു മക്കൾക്ക് മാതാപിതാക്കളോടും കടമകളും ബാധ്യതകളും ഉണ്ട് എന്നതാണ് ഇസ്‌ലാമിന്റെ പാഠം. അതേസമയം രാജഭരണത്തിലും ഇക്കാലത്ത് മറ്റു ഭരണസംവിധാനങ്ങളിലും മക്കൾക്ക് വലിയ പ്രാധാന്യം കൽപിക്കപ്പെടുന്നു. ഖാദിയാനിമതത്തിൽ പ്രവാചകന്റെ പുത്രന്മാരും പൗത്രന്മാരും തന്നെയാണ് ഇപ്പോഴും ‘ഖിലാഫത്തും’ നേതൃത്വവും കൈകാര്യം ചെയ്യുന്നത്. അവർക്ക് അല്ലാഹുവിൽനിന്ന് വഹ്‌യും ലഭിച്ചുകൊണ്ടിരിക്കുന്നു എന്നാണ് അഹ്‌മദിയ്യാ മതവിശ്വാസം.

മിർസാ ഖാദിയാനി തനിക്ക് ജനിക്കുന്ന പുത്രനെക്കുറിച്ച പ്രവചനത്തിൽ ലോകത്ത് ഇന്നേവരെ ആർക്കും നൽകിയിട്ടില്ലാത്ത കു‌റെ ഗുണവിശേഷങ്ങളും വിശദീകരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പല ഗ്രന്ഥങ്ങളിലും പരസ്യങ്ങളിലും ഇത് വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. ഈ പ്രവചനം ഓരോ ഘട്ടത്തിലും പരാജയപ്പെടുകയും തന്റെതായ ന്യായങ്ങൾകൊണ്ട് അനുയായികളെ പിടിച്ചു നിർത്താൻ പാടുപെടുകയും ചെയ്യുന്നത് നമുക്ക് കാണാനാവും.

സന്തോഷവാർത്ത

1887 ആഗസ്റ്റ് 7ന് പ്രസിദ്ധീകരിച്ച ‘സന്തോഷവാർത്ത’ എന്ന പരസ്യത്തിൽ ആ ‘മഹത്തായ പ്രവചനസാക്ഷാത്കാരം’ ഇങ്ങനെ വായിക്കാം:

“1886 ഏപ്രിൽ 8ലെ പരസ്യത്തിൽ പറഞ്ഞതനുസരിച്ച് വാഗ്ദത്തപുത്രൻ ആ ഗർഭത്തിലല്ലെങ്കിൽ അടുത്ത ഗർഭത്തിൽ ജനിക്കുമെന്ന അല്ലാഹുവിന്റെ വാഗ്ദാനം ഇന്ന്, 1887 ആഗസ്ത് 7ന് രാത്രി 12 മണിക്കുശേഷം ഒന്നര മണിയോടടുത്ത് പൂർത്തിയായിരിക്കുന്നു. ആ വാഗ്ദത്ത പുത്രൻ ഭൂജാതനായ വിവരം സസന്തോഷം ജനങ്ങളെ അറിയിക്കുന്നു. അല്ലാഹുവിന് സ്തുതി. രണ്ടാം ഗർഭത്തിൽ പുത്രൻ ജനിക്കുമെന്നും അത് ഏറെ വിദൂരമല്ലെന്നും ഇൽഹാമിൽ തന്നെ ഉണ്ടായിരുന്നു. പരിശുദ്ധാത്മാവിൽനിന്ന് ശക്തി സംഭരിച്ച് അക്കാര്യം പതിനാറ് മാസം മുമ്പേ പരസ്യപ്പെടുത്തിയിരുന്നു’’ (മജ്മൂഏ ഇശ്തിഹാറാത്ത്, വാല്യം 1, പേജ് 141).

20.2.86 ലെ പരസ്യത്തിൽ പറയപ്പെട്ട ‘സകലകലാവല്ലഭനായ’ വാഗ്ദത്തപുത്രൻ ജനിച്ചു. അവനെ ഇൽഹാമി നാമമായ ബശീർ എന്നുവിളിച്ചു. എന്നാൽ പിന്നീട് സംഭവിച്ചതെന്താണ്? മിർസാ ഖാദിയാനി ഹകീം നൂറുദ്ദീനെഴുതിയ ഒരു കത്തിൽ അക്കാര്യം പറയുന്നു:

“വന്ദ്യ മൗലവി നൂറുദ്ദീൻ സാഹിബ്, അസ്സലാമു അലൈക്കും, എന്റെ മകൻ ബശീർ അഹ്‌മദ് ഇരുപത്തിമൂന്ന് ദിവസം രോഗശയ്യയിൽ കിടന്ന്, ദൈവവിധിയാൽ ഇന്ന് (4.10.1888ന്) മരണപ്പെട്ട വിവരം ദുഃഖത്തോടെ അറിയിക്കുന്നു. ഈ സംഭവത്തോടെ ശത്രുക്കളുടെ നാവുകൾക്കുണ്ടാവുന്ന നീളക്കൂടുതലും അനുയായികളുടെ ആശങ്കകളും ഊഹിക്കാൻ പോലും പറ്റുന്നില്ല.

വിനീതൻ, ഗുലാം അഹ്‌മദ്’’ (മക്തൂബാതെ അഹ്‌മദിയ്യ, വാല്യം 5, നമ്പർ 1, പേജ് 35).

ഇടിയും മിന്നലും

അതോടെ അനുയായികളെ പിടിച്ചുനിർത്താൻ മിർസാ ഖാദിയാനി പാടുപെട്ടു. തന്റെ ചില ‘വഹ്‌യുകളെ’ അദ്ദേഹം സന്ദർഭത്തിനനുസരിച്ച് പുനർ വ്യാഖ്യാനിച്ചു. തദ്കിറയിൽ നിന്ന്:  “നാം ഈ കുട്ടിയെ ഒരു സാക്ഷിയും സുവിശേഷകനും താക്കീതുകാരനുമായി അയച്ചിരിക്കുന്നു, അത് ശക്തമായ മഴ പോലെയാണ്, അതിൽ പലതരം ഇരുട്ടുകളും ഇടിയും മിന്നലുമുണ്ട്. ഇതെല്ലാം അവന്റെ കാൽക്കീഴിലാണ്’’ (പേജ് 119).

അടിക്കുറിപ്പിൽ മിർസ തന്നെ വിശദീകരിക്കുന്നു: “ഈ വാചകത്തിൽ, ഇരുട്ടിന് ശേഷം ഇടിമുഴക്കവും വെളിച്ചവും പരാമർശിച്ചിരിക്കുന്നു. വാചകക്രമത്തിൽനിന്ന് വ്യക്തമാകുന്നതുപോലെ, മരിച്ചയാൾ തന്റെ ചുവടുകൾ വെച്ചതിന് ശേഷം ആദ്യം ഇരുട്ടും പിന്നീട് ഇടിയും മിന്നലും വരും.  അതേ ക്രമത്തിൽ, ഈ പ്രവചനം പൂർത്തീകരിക്കാൻ തുടങ്ങി. അതായത്, ബശീറിന്റെ മരണത്തെത്തുടർന്ന്, തുടക്കത്തിൽ ഇരുട്ട് വന്നു, അതിനുശേഷം ഇടിമിന്നലും വെളിച്ചവും പ്രത്യക്ഷപ്പെടാൻ പോകുന്നു. ഇരുട്ട് പ്രത്യക്ഷപ്പെട്ടതുപോലെ ഒരു ദിവസം ഇടിയും വെളിച്ചവും പ്രത്യക്ഷപ്പെടുമെന്ന് വാഗ്ദത്തം ചെയ്യപ്പെട്ടിരിക്കുന്നു. ആ വെളിച്ചം നെഞ്ചകങ്ങളിലും മനസ്സുകളിലും നിന്ന് ഇരുട്ടിന്റെ ചിന്തകളെ പൂർണമായും മായ്ച്ചുകളയുകയും അശ്രദ്ധവും മരിച്ചതുമായ ഹൃദയങ്ങളുടെ വായിൽനിന്ന് പുറപ്പെട്ട എതിർപ്പുകൾ അപ്രത്യക്ഷമാവുകയും ചെയ്യും. ജനങ്ങളേ! ഇരുട്ട് കണ്ട് പരിഭ്രമിക്കരുത്; എന്നാൽ സന്തോഷിക്കുകയും സന്തോഷത്തോടെ തുള്ളുകയും ചെയ്യുക, കാരണം ഉടനെ വെളിച്ചം വരും’’ (പേജ് 119).

“മരണപ്പെട്ട മകനെപ്പറ്റി അല്ലാഹുവിൽനിന്ന് ചില ഇൽഹാമുകൾ അവതരിച്ചിരുന്നു. വ്യക്തിപരമായ യോഗ്യതകളിൽ പ്രകൃതിയെ കീഴടക്കിയവനും ഉന്നതനും ആയിരുന്നുവെന്നതിനേക്കാളധികമായി പരലോക പ്രകാശവും സത്യാത്മീയതയുമാണ് കൂടുതൽ പ്രശോഭിച്ചിരുന്നത്. അവന് ബശീർ, യദുല്ലാ, ജലാലോ ജമാൽ, ബാറാനെ റഹ്‌മത്ത് എന്നിങ്ങനെയുള്ള പേരുകളായിരുന്നു അല്ലാഹു നൽകിയത്. ബാഹ്യശ്രേഷ്ഠതകളെക്കാൾ മുഴച്ചുനിന്നത് ആന്തരികശ്രേഷ്ഠതകളായിരുന്നതുകൊണ്ടുതന്നെ അവ പ്രത്യക്ഷീഭവിക്കേണ്ട ആവശ്യമില്ല’’ (പേജ് 120). നോക്കണേ, ഒരു പ്രവാചകന്റെ ഗതികേട്!

തദ്കിറയിലെ ഒരു ‘അറബി വഹ്‌യ്’ ഇങ്ങനെയാണ്: “ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു എന്ന് പറയുന്നതുകൊണ്ട് മാത്രം തങ്ങൾ പരീക്ഷണത്തിന് വിധേയരാകാതെ വിട്ടയക്കപ്പെടുമെന്ന് മനുഷ്യർ വിചാരിച്ചിരിക്കയാണോ? അവർ പറഞ്ഞു: അല്ലാഹുവിനെ തന്നെയാണ, താങ്കൾ തീർത്തും അവശനാകുകയോ അല്ലെങ്കിൽ മരണമടയുകയോ ചെയ്യുന്നതുവരെ താങ്കൾ യൂസുഫിനെ ഓർത്തുകൊണ്ടേയിരിക്കും. ക്ഷമാശീലർക്കു തന്നെയാകുന്നു  കണക്കുനോക്കാതെ തങ്ങളുടെ പ്രതിഫലം നല്കപ്പെടുന്നത്. കുറച്ചുകാലം ഇവരെ ഇവരുടെ പാട്ടിന് വിട്ടേക്കുക.’’

“ഈ ആയത്തുകളിൽ, ബശീറിന്റെ മരണം ജനങ്ങളെ പരീക്ഷിക്കാനാവശ്യമായ സംഗതിയാണെന്ന് സർവശക്തനായ അല്ലാഹു വ്യക്തമായി വിശദീകരിച്ചു. അപക്വമായ മനസ്സിന്റെ ഉടമസ്ഥർ വാഗ്ദത്ത പരിഷ്‌കർത്താവിനെ കാണാനാവാതെ നിരാശരായി. നീ മരിക്കുകയോ മരണാസന്നനാവുകയോ ചെയ്യുന്നതുവരെ ഈ യൂസുഫിനെക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുമെന്ന് അവർ പറഞ്ഞു. സമയമാകുന്നതുവരെ ഇത്തരക്കാരിൽനിന്ന് മുഖം തിരിഞ്ഞ് നിൽക്കാൻ സർവശക്തനായ അല്ലാഹു എന്നോട് പറയുകയും  ബശീറിന്റെ മരണകാര്യത്തിൽ ദൃഢചിത്തരായവർക്ക് അളവില്ലാത്ത പ്രതിഫലം വാഗ്ദാനം ചെയ്യുകയും ചെയ്തു. സർവശക്തനായ അല്ലാഹുവിന്റെ ഈ പ്രവൃത്തികൾ ഹ്രസ്വദൃഷ്ടിയുള്ളവരുടെ കണ്ണിൽ വളരെ ആശ്ചര്യജനകമാണ്’’ (പേജ് 130).

ഉപര്യുക്ത ഖാദിയാനി വചനങ്ങൾ വായിച്ചാൽ മനസ്സിലാകുമല്ലോ ആരുടെ നാവിനാണ് നീളംകൂടിയതെന്ന്! ‘വഹ്‌യ്,’ ‘ഇൽഹാം’ എന്നൊക്കെ കള്ളം പറഞ്ഞ് പ്രവചനം നടത്തിയാൽ അത് പൊളിഞ്ഞു പോകുമെന്നും നാണംകെടുമെന്നുമുള്ള ചിന്തയൊന്നും മിർസക്ക് ഉണ്ടായിരുന്നില്ല.

പ്രളയവും ഭൂകമ്പവും

ബശീറിന്റെ മരണം തന്റെ പ്രവചനത്തെയും ഇൽഹാമുകളെയും നിഷ്പ്രഭമാക്കിയില്ലെന്നാണ് മിർസായുടെ വിശദീകരണം. യഥാർഥത്തിൽ ഇവ്വിഷയകമായി മിർസാക്കും അനുയായികൾക്കുമുണ്ടായ ബേജാറും വെപ്രാളവും വിവരണാതീതമായിരുന്നുവെന്ന് സീറതുൽ മഹ്ദിയിൽ, മകൻ ബശീർ അഹ്‌മദിന്റെ വിശദീകരണത്തിൽ നിന്ന് നമുക്ക് മനസ്സിലാക്കാം.

“1886ന്റെ തുടക്കത്തിൽ ദൈവകൽപനപ്രകാരം ഏകാന്തവാസത്തിനും ദൈവസ്മരണക്കും വേണ്ടി മസീഹ് ഹോഷിയാർപൂരിൽ നാൽപതു ദിവസം  താമസിച്ചു. അന്ന് അല്ലാഹു അതിശക്തമായ ഒരു ഇൽഹാമിൽ ലോകപ്രശസ്തി നേടുന്നവനും മരിച്ചവരെ പുനർജനിപ്പിക്കാൻ ശക്തനുമായ ഒരു പുത്രനെപ്പറ്റി സുവിശേഷമറിയിച്ചു. ഫെബ്രുവരി 20ലെ പരസ്യം ജനങ്ങൾ ശ്രദ്ധാപൂർവം കാതോർത്തു. ഇസ്‌ലാമിന്റെ ശത്രുക്കളെ നിഗ്രഹിക്കാൻ വന്ന വാഗ്ദത്ത മഹ്ദിയാണവനെന്നുവരെ ആളുകൾ പറഞ്ഞു. പ്രവചനത്തിന്റെ തീവ്രത കണ്ട് പകച്ചുപോയ ചിലർ തങ്ങളുടേതായി ഒന്നും കൂട്ടിച്ചേർക്കാതെ, അഭാവത്തിൽനിന്നും പ്രഭാവത്തിലേക്കുള്ള അവന്റെ പ്രയാണം കാത്തുനിന്നു. അന്യമതസ്ഥർ പോലും പ്രവചനം കേട്ട് ഞെട്ടിപ്പോയി.’’

“1886 മേയിൽ ഒരു കുട്ടി ജനിച്ചു. അല്ലാഹു തന്റെ ദാസന്മാരുടെ വിശ്വാസത്തെ പരീക്ഷിക്കാറുണ്ട്. ഇവിടെ ജനിച്ചതൊരു പെൺകുഞ്ഞായിരുന്നു. അനുചരന്മാരിൽ നിരാശയും എതിരാളികളിൽ ആവേശവും തിരതല്ലി. ചിലർ മസീഹിനെ തള്ളിപ്പറഞ്ഞു. വാഗ്ദത്തപുത്രൻ ഈ ഗർഭത്തിലാവണമെന്ന് ഇൽഹാം നിഷ്‌കർഷിക്കുന്നില്ല എന്ന വിശദീകരണം അനുയായികൾക്ക് ആശ്വാസമേകി...’’

“1887 ആഗസ്റ്റിൽ ഒരാൺകുട്ടി ജനിച്ചതോടെ ആഹ്ലാദത്തിന്റെ ലഡു പൊട്ടി. ഇതാ വാഗ്ദത്തപുതൻ എന്നവർ സമാധാനിച്ചു. ഇടയാട്ടമുള്ളവർ സ്ഥൈര്യം നേടി. അവൻ വാഗ്ദത്തപുത്രനെന്ന് മസീഹും കരുതി. പൊതുജനം വീണ്ടും ഇസ്‌ലാമിലേക്കു തിരിഞ്ഞു. ദൈവവിധിയെന്ന് തന്നെ പറയട്ടെ, ഒരുവർഷം തികയുന്നതിനുമുമ്പേ ആ കുട്ടി മരണപ്പെട്ടു. ശക്തമായ പ്രളയം ഉണ്ടായി, കടുത്ത ഭൂകമ്പം അനുഭവപ്പെട്ടു. അബ്ദുല്ല സന്നൂരിയുടെ ഭാഷയിൽ, ലോകം മുമ്പോ പിമ്പോ കണ്ടിട്ടില്ലാത്ത പ്രകമ്പനം! ഈ അനിശ്ചിതാവസ്ഥയിൽ വിശ്വാസികൾ പോലും പതറിപ്പോയി.’’

“കത്തുകളും പരസ്യങ്ങളുമുപയോഗിച്ച് അനുയായികള പിടിച്ചുനിർത്താൻ മസീഹ് പാടുപെട്ടു. ചില ഇൽഹാമുകളിലെ ഗുണഗണങ്ങൾ ഇവനിൽ ദർശിച്ചപ്പോൾ അക്കാര്യം പറഞ്ഞതായിരുന്നു. വാഗ്ദത്തപുത്രൻ ഇവനാണെന്ന് ഞാൻ തറപ്പിച്ചു പറഞ്ഞിട്ടില്ലല്ലോ.’ ചിലർക്കെങ്കിലും ഈ മറുപടി ആശ്വാസമേകി. എതിരാളികളാവട്ടെ സന്തോഷത്താൽ ശ്വാസംമുട്ടി. പൊതുജനം വാഗ്ദത്തപുത്രനുവേണ്ടിയുള്ള കാത്തിരിപ്പ് നിർത്തി’’ (ഭാഗം1,പേജ്105-107).

കടമായി ലഭിച്ച കുട്ടി

തദ്കിറയിലെ ഒരു ‘അറബി വഹ്‌യ്’ ഇങ്ങനെയാണ്: “ഭക്തിയുടെയും തക്വ്‌വയുടെയും മാർഗം സ്വീകരിച്ചവരുടെ ദൃഷ്ടികൾ അല്ലാഹുവിലേക്ക് മാത്രമായിരിക്കും എന്നതാണ് സത്യം. ബശീർ അഹ്‌മദ് എന്ന എന്റെ ഒരു ആൺകുട്ടി ശൈശവത്തിൽ മരിച്ചു. ആ സമയത്ത്, സർവശക്തനായ അല്ലാഹു എനിക്ക് വഹ്‌യ് അവതരിപ്പിച്ചു: ‘നമ്മുടെ കൃപയാലും ഔദാര്യത്താലും നാം അത് താങ്കൾക്ക് തിരികെ നൽകും; അതായത്, അത് പോലെയുള്ളത്’’ (പേജ് 130).

ബഷീർ അഹ്‌മദിന്റെ മരണം മിർസാ ഖാദിയാനിയുടെ കണ്ണ് തുറപ്പിച്ചില്ല. വാഗ്ദത്ത പുത്രനെക്കുറിച്ച് വീണ്ടും വഹ്‌യുകൾ വന്നതായി അദ്ദേഹം പറയുന്നു. തിരിയാഖൂൽ ക്വുലൂബിൽ നിന്ന്:

“ഞാൻ നിനക്ക് മറ്റൊരു ആൺകുട്ടിയെ തരാം എന്ന് അല്ലാഹു എന്നെ അറിയിച്ചു. ഈ നാലാമത്തെ ആൺകുട്ടിക്ക് മുബാറക് അഹ്‌മദ് എന്ന് പേരിട്ടു, അവന്റെ ജനന വാർത്ത ഏതാണ്ട് രണ്ട് വർഷം മുമ്പാണ് എനിക്ക് ലഭിച്ചത്. ജനനത്തിന് ഏകദേശം രണ്ട് മാസം അവശേഷിച്ചപ്പോൾ വഹ്‌യ്  വന്നു: ‘ഞാൻ ദൈവത്തിന്റെ കൈയിൽനിന്ന് ഭൂമിയിൽ വീഴുന്നു, ഞാൻ ദൈവത്തിലേക്ക് തന്നെ പോകും.’’

“അത്ഭുതകരമെന്നു പറയട്ടെ, ആ കുട്ടി ജനിക്കുന്നതിന് മുമ്പേ എന്നോട് സംസാരിച്ചു. 1897 ജനുവരി 1ന് തന്റെ സഹോദരന്മാരെ സംബോധന ചെയ്തുകൊണ്ട് അവൻ പറഞ്ഞു: ‘ഞാനും നിങ്ങളും തമ്മിൽ ഒരു ദിവസത്തെ വ്യത്യാസമേയുള്ളൂ. ഒരു ദിവസത്തിനുശേഷം ഞാൻ നിങ്ങളുമായി കാണും. ഒരുദിവസം കൊണ്ടുദ്ദേശിക്കുന്നത് രണ്ടു കൊല്ലമാണ്(!) മൂന്നാംവർഷം അവൻ ജനിച്ചു.’’

“ഈസാനബി തൊട്ടിലിൽവച്ചാണ് സംസാരിച്ചത്. പക്ഷേ, ഈ കുട്ടി രണ്ടു പ്രാവശ്യം വയറ്റിൽ വെച്ച് സംസാരിച്ചു. പിന്നെ 1899 ജൂൺ 14ന് അവൻ ജനിച്ചു. അവൻ നാലാമത്തെ കുട്ടിയായിരുന്നു. ആ കണക്കനുസരിച്ച് ഇസ്‌ലാമിലെ നാലാം മാസമായ സഫറിൽ(!) നാലാം ദിവസമായ ബുധനാഴ്ച ഉച്ചക്കുശേഷം നാലു മണിക്കായിരുന്നു അവന്റെ ജനനം. 1886 ഫെബ്രുവരി 20 ലെ പ്രവചന പ്രകാരം തിങ്കളാഴ്ച അവന്റെ മുടി കളഞ്ഞു. ജനന ദിവസം നാലുമണി മുതൽ ദിവസങ്ങളോളം നീണ്ടുനിന്ന കനത്ത മഴയുണ്ടായിരുന്നു’’ (പേജ് 41).

മഴ നല്ലതുതന്നെ! എന്നാൽ നാലാമത്തെ കുട്ടിയെ സംബന്ധിച്ച എല്ലാ കാര്യങ്ങളും നാലൊപ്പിക്കാൻ സഫർ മാസത്തെ നാലാമത്തേതാക്കിയിരിക്കുന്നു അഭിനവനബി! ഖാദിയാനികളുടെ ‘നിഴൽ ഹജ്ജ്’ ഡിസംബർ മാസത്തിലാണെന്ന കാര്യവും ഇതോടൊപ്പം ചേർത്തുവായിക്കാം.

ആനുഷങ്കികമായി പറയട്ടെ, ഖാദിയാനി പ്രവാചകൻ ചില ദിവസങ്ങളെ ദുഃശ്ശകുനമായി കണ്ടിരുന്നു. “മുബാറകാ ബീഗത്തെ പ്രസവിക്കുന്നത് ചൊവ്വാഴ്ചയായിരുന്നു. ആ ദിവസം കഴിഞ്ഞിട്ട് മതി പ്രസവമെന്ന് കരുതി മസീഹ് പ്രാർഥിച്ചു. അങ്ങനെയാണ് അവൾ ബുധനാഴ്ച ജനിച്ചത്’’ (സീറതുൽ മഹ്ദി, വാല്യം 1, പേജ് 8). ജനനം പോലും മാറ്റിവെക്കേണ്ടി വരുന്ന ജാഹിലിയത്ത്! ആധുനിക യുഗത്തിന്റെ മാർഗദർശിയാണത്രെ ഈ പ്രവാചകൻ!

(തുടരും)