വിശുദ്ധ ക്വുർആൻ പ്രപഞ്ച സ്രഷ്ടാവിന്റെ സന്ദേശം

ശമീർ മദീനി

2023 ഏപ്രിൽ 08, 1444 റമദാൻ 17

കുറ്റമറ്റ മാർഗദർശനം

ആത്മീയവും ഭൗതികവും സാംസ്‌കാരികവും സ്വഭാവ സംബന്ധവുമായ എല്ലാ മേഖലകളിലും കുറ്റമറ്റതും കിടയറ്റതുമായ മാർഗദർശനമാണ് ക്വുർആൻ നൽകുന്നത്. കുടുംബ, സാമൂഹ്യ രാഷ്ട്രീയ, സാമ്പത്തിക രംഗങ്ങളിലൊക്കെ പാലിക്കേണ്ടുന്ന ധാർമികതയെ കുറിച്ച് ക്വുർആൻ വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. അവയിലേതെങ്കിലുമൊന്ന് ന്യായപ്രകാരം തെളിവുകൾ നിരത്തി അധാർമികമെന്ന് വിമർശിക്കാൻ ക്വുർആനിന്റെ ശത്രുക്കൾക്കിന്നോളം സാധിച്ചിട്ടില്ല. അഥവാ ക്വുർആൻ ധർമമെന്ന് പരിചയപ്പെടുത്തിയ ഒന്നിനെ അധർമമെന്ന് തെളിയിക്കാനോ, അധർമമെന്ന് പഠിപ്പിച്ച ഒന്നിനെ ധർമമെന്ന് തെളിയിക്കാനോ ഇന്നോളം സാധിച്ചിട്ടില്ല! മാത്രമല്ല, കാലം മുന്നോട്ട് ഗമിക്കുന്തോറും ലോകം അറിയാതെ തന്നെ ക്വുർആനിന്റെ ധാർമികാധ്യാപനത്തിന്റെ മഹത്ത്വം മനസ്സിലാക്കുന്നു എന്നതാണ് യാഥാർഥ്യം. വിശുദ്ധ ക്വുർആനിനോടുള്ള അന്ധമായ ശത്രുത മാറ്റിവച്ച് സത്യസന്ധമായി അതിനെ സമീപിക്കുന്നവർക്കൊക്കെയും ഈ വസ്തുത ബോധ്യപ്പെടുന്നതാണ്.

“തീർച്ചയായും ഈ ക്വുർആൻ ഏറ്റവും ശരിയായതിലേക്ക് വഴികാണിക്കുകയും, സൽകർമങ്ങൾ പ്രവർത്തിക്കുന്ന സത്യവിശ്വാസികൾക്ക് വലിയ പ്രതിഫലമുണ്ട് എന്ന സന്തോഷവാർത്ത അറിയിക്കുകയും ചെയ്യുന്നു’’ (17:9).

ലൈംഗിക സദാചാരത്തെ കുറിച്ചും മാന്യമായ വസ്ത്രധാരണത്തെ കുറിച്ചും ക്വുർആൻ പറയുന്നത് ഉദാഹരണങ്ങൾ മാത്രം. വ്യഭിചരിക്കരുതെന്ന് മാത്രമല്ല, വ്യഭിചാരത്തോട് അടുക്കുകപോലും ചെയ്യരുതെന്നാണ് ക്വുർആനിക ഉദ്‌ബോധനം

“നിങ്ങൾ വ്യഭിചാരത്തെ സമീപിച്ച് പോകരുത്. തീർച്ചയായും അത് ഒരു നീചവൃത്തിയും ദുഷിച്ച മാർഗവുമാകുന്നു’’ (17:32).

മാന്യവും കുലീനവുമായ വസ്ത്രധാരണ രീതിയാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. മാന്യമായ വസ്ത്രധാരണം സ്ത്രീ സുരക്ഷക്കും സാമൂഹിക സാദാചാരത്തിനും അനുഗുണമാണെന്ന് ഇക്കാലത്ത് അനുഭവങ്ങളിലൂടെ ബോധ്യപ്പെട്ടുകൊണ്ടിരിക്കുന്ന യാഥാർഥ്യമാണല്ലോ.

ക്വുർആൻ പറയുന്നു: “നബിയേ, നിന്റെ പത്‌നിമാരോടും പുത്രിമാരോടും സത്യവിശ്വാസികളുടെ സ്ത്രീകളോടും അവർ തങ്ങളുടെ മൂടുപടങ്ങൾ തങ്ങളുടെമേൽ താഴ്ത്തിയിടാൻ പറയുക: അവർ തിരിച്ചറിയപ്പെടുവാനും അങ്ങനെ അവർ ശല്യം ചെയ്യപ്പെടാതിരിക്കുവാനും അതാണ് ഏറ്റവും അനുയോജ്യമായത്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു’’ (33:59).

“(നബിയേ,) നീ സത്യവിശ്വാസികളോട് അവരുടെ ദൃഷ്ടികൾ താഴ്ത്തുവാനും ഗുഹ്യാവയവങ്ങൾ കാത്തുസൂക്ഷിക്കുവാനും പറയുക. അതാണ് അവർക്ക് ഏറെ പരിശുദ്ധമായിട്ടുള്ളത്. തീർച്ചയായും അല്ലാഹു അവർ പ്രവർത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു. സത്യവിശ്വാസിനികളോടും അവരുടെ ദൃഷ്ടികൾ താഴ്ത്തുവാനും അവരുടെ ഗുഹ്യാവയവങ്ങൾ കാത്തുസൂക്ഷിക്കുവാനും, അവരുടെ ഭംഗിയിൽ നിന്ന് പ്രത്യക്ഷമായതൊഴിച്ച് മറ്റൊന്നും വെളിപ്പെടുത്താതിരിക്കുവാനും നീ പറയുക. അവരുടെ മക്കനകൾ കുപ്പായമാറുകൾക്ക് മീതെ അവർ താഴ്ത്തിയിട്ടുകൊള്ളട്ടെ...’’ (24:30-31).

പ്രവചനങ്ങളുടെ പുലർച്ച

നിരക്ഷരനായ മുഹമ്മദ് നബി(സ്വ)യിലൂടെ ലോകം ശ്രവിച്ച ക്വുർആനിക വചനങ്ങൾ തികച്ചും ദൈവികം തന്നെ എന്ന് വിളിച്ചറിയിക്കുന്ന മറ്റൊരു ദൃഷ്ടാന്തമാണ് ക്വുർആനിക പ്രവചനങ്ങളും അവയുടെ കൃത്യമായ പുലർച്ചയും

ഉദാഹരണത്തിന്, നബി(സ്വ)യുടെ മക്കാകാലഘട്ടത്തിൽ അവതരിച്ച അധ്യായങ്ങളിലൊന്നാണ് 30ാം സൂറത്തു റൂം. പേർഷ്യയും റോമും ലോകത്തെ ഏറ്റവും പ്രബല ശക്തികളായിരുന്ന കാലം. തുല്യശക്തികൾക്കിടയിൽ ഉണ്ടാവാറുള്ളതുപോലെയുള്ള യുദ്ധങ്ങളും പോരാട്ടങ്ങളും അവർക്കിടയിലും നടന്നിരുന്നു. പേർഷ്യക്കാർ അഗ്നിപൂജകരായിരുന്ന ബഹുദൈവാരാധകരായിരുന്നു. റോമുകാരാകട്ടെ തൗറാത്തിന്റെയും ഇഞ്ചീലിന്റെയും വക്താക്കാളായി അറിയപ്പെട്ടിരുന്ന വേദക്കാരും. പേർഷ്യക്കാരെക്കാൾ മുസ്‌ലിംകളോട് അടുപ്പമുള്ള റോം വിജയിക്കണമെന്നായിരുന്നു മുസ്‌ലിംകളുടെ ആഗ്രഹം. എന്നാൽ സംഭവിച്ചതോ നേരെ മറിച്ചും. പേർഷ്യ റോമിനെ നിലംപരിശാക്കിക്കളഞ്ഞു. ഇനി ഒരിക്കലും ഒരു തിരിച്ചുവരവ് റോമിനുണ്ടാകില്ലെന്ന് ആരും വിധിപറയുമാറ് അമ്പേ പരാജപ്പെട്ടിരിക്കുകയാണ് റോം. ആ അവസരത്തിലാണ് ക്വുർആനിലെ ഈ സൂക്തങ്ങൾ അവതരിക്കുന്നത്.

“അലിഫ്‌ലാംമീം. റോമക്കാർ തോൽപിക്കപ്പെട്ടിരിക്കുന്നു. അടുത്തനാട്ടിൽ വെച്ച്. തങ്ങളുടെ പരാജയത്തിനു ശേഷം അവർ വിജയം നേടുന്നതാണ്. ഏതാനും വർഷങ്ങൾക്കുള്ളിൽ തന്നെ. മുമ്പും പിമ്പും അല്ലാഹുവിനാകുന്നു കാര്യങ്ങളുടെ നിയന്ത്രണം. അന്നേദിവസം സത്യവിശ്വാസികൾ സന്തുഷ്ടരാകുന്നതാണ്. അല്ലാഹുവിന്റെ സഹായംകൊണ്ട്. താൻ ഉദ്ദേശിക്കുന്നവരെ അവൻ സഹായിക്കുന്നു. അവനത്രെ പ്രതാപിയും കരുണാനിധിയും. അല്ലാഹുവിന്റെ വാഗ്ദാനമത്രെ ഇത്. അല്ലാഹു അവന്റെ വാഗ്ദാനം ലംഘിക്കുകയില്ല. പക്ഷേ, മനുഷ്യരിൽ അധികപേരും മനസ്സിലാക്കുന്നില്ല. ഐഹികജീവിതത്തിൽ നിന്ന് പ്രത്യക്ഷമായത് അവർ മനസ്സിലാക്കുന്നു. പരലോകത്തെപ്പറ്റിയാകട്ടെ അവർ അശ്രദ്ധയിൽ തന്നെയാകുന്നു’’(30:1-7).

ഈ വചനങ്ങളവതരിക്കുമ്പോൾ അത് തികച്ചും അവിശ്വസനീയമായിക്കണ്ട ബഹുദൈവാരാധകർ മുസ്‌ലിംകളുമായി പന്തയം വെക്കുക പോലുമുണ്ടായി. എന്നാൽ ഏതാനും വർഷങ്ങൾക്കുള്ളിൽ ക്വുർആൻ പറഞ്ഞതുപോലെ റോമിന്റെ അത്ഭുതകരമായ ഒരു തിരിച്ചു വരവും വിജയവുമാണ് ലോകം കണ്ടത്.

കൃത്യമായ ചരിത്രവിവരണം

മുഹമ്മദ് നബി(സ്വ)യുടെ ജനനത്തിനും എത്രയോ നൂറ്റാണ്ടുകൾക്ക് മുമ്പ് കഴിഞ്ഞുപോയ പ്രവാചകന്മാരെ കുറിച്ചും ജനസമൂഹങ്ങളെ കുറിച്ചും ക്വുർആൻ പ്രതിപാദിക്കുന്നുണ്ട്. അവരെക്കുറിച്ച് നാട്ടിൽ പ്രചാരത്തിലുള്ളതും കേട്ടുകേൾവിക്കുമപ്പുറം അവരുടെ യഥാർഥ ചരിത്രം ക്വുർആൻ അനാവരണം ചെയ്യുകയാണുണ്ടായത്. ചരിത്ര വിവരണത്തിൽ മറ്റു പലർക്കും സംഭവിച്ച അബദ്ധങ്ങളും പിഴവുകളുമില്ലാതെ വാക്കുകളിലും പ്രയോഗങ്ങളിലും ക്വുർആൻ പുലർത്തുന്ന കൃത്യത പല ചരിത്ര ഗവേഷകരെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

ഉദാഹരണത്തിന്, ഈജിപ്ഷ്യൻ ഭരണാധികാരികൾക്ക് ആദ്യകാലത്ത് രാജാവ് (മാലിക്) എന്നാണ് പ്രയോഗിച്ചിരുന്നത്. ക്രിസ്തുവിന് മുമ്പ് 1539 വരെ അങ്ങനെയായിരുന്നുവത്രെ. അതിന് ശേഷമാണ് ഫിർഔൻ (ഫറോവ) എന്ന പേര് ഉപയോഗിക്കപ്പെട്ടു തുടങ്ങിയത്. യൂസുഫ് നബി(അ)യുടെയും മൂസാനബി(അ)യുടെയും ചരിത്രം വിശദീകരിക്കുമ്പോൾ ക്വുർആനിന്റെ പ്രയോഗങ്ങളിൽ ഈ കൃത്യത നമുക്ക് കാണാവുന്നതാണ്.

വൈരുധ്യങ്ങളില്ല എന്ന പ്രഖ്യാപനം

ഇരുപത്തിമൂന്ന് വർഷ കാലയളവിൽ വ്യത്യസ്തങ്ങളായ സാഹചര്യങ്ങളിൽ പലപ്പോഴായി അവതരിച്ച ക്വുർആനിന്റെ സൂക്തങ്ങൾ തമ്മിൽ ആശയപ്പൊരുത്തക്കേടോ വൈരുധ്യങ്ങളോ വെച്ചുപുലർത്തുന്നില്ലെന്ന് മാത്രമല്ല പരസ്പര പൂരകങ്ങളായ വിവരണങ്ങളും അധ്യാപനങ്ങളുമാണ് അതിലുള്ളത്. ആ കാലഘട്ടത്തിലുണ്ടായിരുന്ന വൈജ്ഞാനിക രംഗത്തെ ഏറ്റക്കുറച്ചിലുകളോ ആളുകളുടെ ചിന്താഗതികളോ ഒന്നും ക്വുർആനിന്റെ വചനങ്ങളെ സ്വാധീനിച്ചിട്ടില്ല. ക്വുർആനിന്റെ ദൈവികതക്കുള്ള മറ്റൊരു തെളിവായി ക്വുർആൻ ഇത് സമർപ്പിക്കുന്നത് കാണുക:

“അവർ ക്വുർആനിനെപ്പറ്റി ചിന്തിക്കുന്നില്ലേ? അത് അല്ലാഹു അല്ലാത്തവരുടെ പക്കൽ നിന്നുള്ളതായിരുന്നെങ്കിൽ അവരതിൽ ധാരാളം വൈരുധ്യം കണ്ടെത്തുമായിരുന്നു’’(4:82).

ക്വുർആനിന്റെ ഏതെങ്കിലും പരാമർശം ശാസ്ത്രീയ കണ്ടെത്തലുകൾക്കോ ചരിത്രപരമായ വസ്തുതകൾക്കോ നിരക്കാത്തതായിപ്പോയി എന്ന് ന്യായസഹിതം അവതരിപ്പിക്കാൻ ഇന്നേവരെ ക്വുർആനിന്റെ എതിരാളികൾക്ക് സാധിച്ചിട്ടില്ല. എന്നാൽ അവതരണ കാലത്തുണ്ടായിരുന്ന അബദ്ധ ധാരണകളൊന്നും കൂടിക്കലരാത്ത, പുതിയ പുതിയ കണ്ടെത്തലുകളെ വിസ്മയിപ്പിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ ക്വുർആനിൽ കാണാൻ സാധിക്കുന്നു! ഭ്രൂണശാസ്ത്രവുമായി ബന്ധപ്പെട്ട് ക്വുർആൻ നൽകുന്ന വിവരണം അതിനൊരുദാഹരണമാണ്. അല്ലാഹു പറയുന്നു:

“തീർച്ചയായും മനുഷ്യനെ കളിമണ്ണിന്റെ സത്തിൽ നിന്ന് നാം സൃഷ്ടിച്ചിരിക്കുന്നു. പിന്നീട് ഒരു ബീജമായിക്കൊണ്ട് അവനെ നാം ഭദ്രമായ ഒരു സ്ഥാനത്ത് വെച്ചു. പിന്നെ ആ ബീജത്തെ നാം ഒരു ഭ്രൂണമായി രൂപപ്പെടുത്തി. അനന്തരം ആ ഭ്രൂണത്തെ നാം ഒരു മാംസപിണ്ഡമായി രൂപപ്പെടുത്തി. തുടർന്ന് നം ആ മാംസപിണ്ഡത്തെ അസ്ഥികൂടമായി രൂപപ്പെടുത്തി. എന്നിട്ട് നാം അസ്ഥികൂടത്തെ മാംസം കൊണ്ട് പൊതിഞ്ഞു. പിന്നീട് മറ്റൊരു സൃഷ്ടിയായി നാം അവനെ വളർത്തിയെടുത്തു. അപ്പോൾ ഏറ്റവും നല്ല സൃഷ്ടികർത്താവായ അല്ലാഹു അനുഗ്രഹപൂർണനായിരിക്കുന്നു’’ (23:12-14).

“എന്നാൽ മനുഷ്യൻ ചിന്തിച്ചു നോക്കട്ടെ; താൻ എന്തിൽനിന്നാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് എന്ന.് തെറിച്ചുവീഴുന്ന ഒരു ദ്രാവകത്തിൽനിന്നത്രെ അവൻ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. മുതുകെല്ലിനും വാരിയെല്ലുകൾക്കുമിടയിൽനിന്ന് അത് പുറത്തുവരുന്നു’’(86:5-7).

ഇത്തരത്തിലുള്ള ദൃഷ്ടാന്തങ്ങളിലൂടെ ക്വുർആനിന്റെ ദൈവികത തിരിച്ചറിയാനും അതിന്റെ മാർഗ നിർദേശങ്ങൾ പിൻപറ്റുവാനുമാണ് ക്വുർആൻ മനുഷ്യരാശിയോട് ആവശ്യപ്പെടുന്നത്. അത് അവഗണിച്ച് ജീവിച്ചാൽ വരാനിരിക്കുന്ന മഹാ അപകടത്തെക്കുറിച്ചും ക്വുർആൻ മുന്നറിയിപ്പ് നൽകുന്നുണ്ട്:

“എന്റെ ഉൽബോധനത്തെ വിട്ട് വല്ലവനും തിരിഞ്ഞുകളയുന്ന പക്ഷം തീർച്ചയായും അവന്ന് ഇടുങ്ങിയ ഒരു ജീവിതമാണുണ്ടായിരി ക്കുക. ഉയിർത്തെഴുന്നേൽപിന്റെ നാളിൽ അവനെ നാം അന്ധനായ നിലയിൽ എഴുന്നേൽപിച്ച് കൊണ്ടുവരുന്നതുമാണ്’’ (20:124).