പുണ്യത്തിന്റെ വിവിധ വഴികൾ-2

ഡോ. ടി. കെ. യൂസുഫ്

2023 ജൂൺ 10 , 1444 ദുൽഖഅ്ദ 21

മറ്റുളളവർക്ക് വേണ്ടി പാപമോചനം നടത്തുന്നതിലൂടെയും നന്മ കരസ്ഥമാക്കാൻ കഴിയും.

ഉബാദത് ബിൻ സ്വാമിത്തി(റ)ൽനിന്ന് നിവേദനം, അദ്ദേഹം പറഞ്ഞു; നബി ﷺ പറയുന്നത് കേട്ടു: ‘‘ആരെങ്കിലും സത്യവിശ്വാസികൾക്കും വിശ്വാസിനികൾക്കും പാപമോചനം തേടിയാൽ ഓരോ വിശ്വാസിക്കും വിശ്വാസിനിക്കും വേണ്ടി അല്ലാഹു ഒരു നന്മ രേഖപ്പെടുത്തും’’ (ത്വബ്‌റാനി).

സാമൂഹ്യസേവന പ്രവർത്തനങ്ങൾകൊണ്ടും ഒരാൾക്ക് പ്രതിഫലം നേടാനാകും.

മരണത്തിന് ശേഷം പ്രതിഫലം ലഭിക്കുന്ന കർമങ്ങളിലൂടെയും ഒരാൾക്ക് കൂടുതൽ പുണ്യം നേടാനാകും. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് അല്ലാഹുവിന്റെ മാർഗത്തിലെ ധർമസമരമാണ്.

നബി ﷺ പറഞ്ഞു: ‘‘ആരെങ്കിലും ഒരു പകലോ രാത്രിയോ യുദ്ധസജ്ജമായിരുന്നാൽ അവന് മറ്റുള്ളവർ ഒരു മാസം നോമ്പെടുത്തത് പോലുളള പ്രതിഫലമുണ്ട്. ആരെങ്കിലും യുദ്ധസജ്ജനായിരിക്കെ മരണപ്പെട്ടാൽ അവൻ ചെയ്തിരുന്ന കർമങ്ങളുടെ പ്രതിഫലം അല്ലാഹു അവന് തുടർച്ചയായി നൽകും, അതായത് നമസ്‌കാരത്തിന്റെയും നോമ്പിന്റെയും ചെലവഴിക്കുന്നതിന്റെയും പ്രതിഫലം അവന് ലഭിക്കും. അവൻ ക്വബ്ർ ശിക്ഷയിൽനിന്ന് സംരക്ഷിക്കപ്പെടും. ഏറ്റവും വലിയ ഭീതിയിൽനിന്ന് നിർഭയമാക്കപ്പെടും. (അഹ്‌മദ്).

മനുഷ്യരുടെ കർമങ്ങൾ മരണത്തോടുകൂടി അവസാനിക്കും. എന്നാൽ അല്ലാഹുവിന്റെ മാർഗത്തിൽ യുദ്ധസജ്ജമായി ശത്രുക്കൾക്ക് കാവലിരിക്കുന്ന ഒരു വ്യക്തിക്ക് അന്ത്യദിനംവരെ പ്രതിഫലം ലഭിക്കും.

നബി ﷺ പറഞ്ഞു: ‘‘മരണപ്പെട്ടവരുടെ കർമങ്ങൾ അവസാനിക്കും; അല്ലാഹുവിന്റെ മാർഗത്തിൽ യുദ്ധ സന്നദ്ധനായിരിക്കുന്നവന്റെതൊഴികെ. അവന് അന്ത്യദിനംവരെ പ്രതിഫലം ലഭിക്കും, ക്വബ്ർ ശിക്ഷയിൽനിന്ന് അവൻ സംരക്ഷിക്കപ്പെടും’’ (അഹ്‌മദ്).

മരണശേഷം പ്രതിഫലം ലഭിക്കുന്ന ധാരാളം കർമങ്ങൾ ഹദീസുകളിൽ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. അവ അനുഷ്ഠിക്കുന്നതിലൂടെ അധികം ആയുസ്സില്ലാത്തവർക്ക് പോലും ദീർഘായുസ്സിന്റെ പുണ്യം നേടാനാകും.

അബൂഹുറയ്‌റ(റ)യിൽനിന്ന് നിവേദനം, നബി ﷺ പറഞ്ഞു: ‘‘ഒരു വിശ്വാസിയുടെ കർമത്തിൽ നിന്നും നന്മയിൽനിന്നും മരണശേഷം അവനോട് തുടരുന്നത്; അവൻ പഠിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത അറിവ്, അവൻ വിട്ടേച്ചുപോയ സൽസന്താനം, അനന്തരമായി നൽകിയ മുസ്ഹഫ്, അവൻ നിർമിച്ച പളളി, യാത്രക്കാരന് വേണ്ടി നിർമിച്ച വിശ്രമകേന്ദ്രം, അവൻ ഒഴുക്കിയ നദി, ആരോഗ്യകാലത്ത് അവന്റെ സമ്പത്തിൽനിന്നും ചെലവഴിക്കപ്പെട്ട ദാനം (എന്നിവയാണ്).

പ്രവാചക പത്‌നി ആഇശ(റ) ഒരു ആടിനെ അറുത്ത് പാവങ്ങൾക്ക് ദാനം ചെയ്തപ്പോൾ ഇനിയെന്ത് ബാക്കിയുണ്ട് എന്ന ചോദ്യത്തിന് അവർ മറുപടി പറഞ്ഞത് അതിന്റെ ചുമൽ എന്നാണ്. എന്നാൽ അത് അല്ലാത്തതെല്ലാം ബാക്കിയായി എന്നാണ് റസൂൽ പ്രതിവചിച്ചത്. ദാനം ചെയ്തതിന്റെ പ്രതിഫലം ഉറപ്പായി എന്നർഥം.

അല്ലാഹുവിന്റെ മാർഗത്തിൽ പണം ചെലവഴിക്കുമ്പോൾ അത് ഫലപ്രദമായി ചെയ്യുവാൻ നാം ശ്രമിക്കേണ്ടുതുണ്ട്. ആഡംബരപൂർണമായ ഒരു പള്ളി നിർമിക്കുന്നതിലും പുണ്യകരമായിട്ടുളളത് ആ പണംകൊണ്ട് പള്ളികൾ ഇല്ലാത്ത സ്ഥലങ്ങളിൽ ഒന്നിലധികം പള്ളികൾ നിർമിക്കുന്നതായിരിക്കും.

ആയുസ്സ് എന്നത് നമ്മുടെ ജീവിതസമയമാണ്. സമയം നല്ല കാര്യങ്ങൾക്ക് വേണ്ടി ഫലപ്രദമായി ഉപയോഗിക്കാത്തവൻ തന്റെ ആയുസ്സാണ് നശിപ്പിക്കുന്നത്. ഒഴിവുസമയം വിനിയോഗിക്കുന്ന കാര്യത്തിൽ അധിക ജനങ്ങളും വഞ്ചിക്കപ്പെട്ടിരിക്കുന്നു എന്ന പ്രവാചകവചനം ശ്രദ്ധേയമാണ്.

അബൂഹുറയ്‌റ(റ)യിൽനിന്ന് നിവേദനം, നബി ﷺ പറഞ്ഞു: ‘‘ഒരു ജനത അല്ലാഹുവിനെ സ്മരിക്കാതെ ഒരു സദസ്സിലിരുന്നാൽ അത് അവരുടെമേൽ ഒരു ഖേദമായിരിക്കും. അല്ലാഹുവിനെ സ്മരിക്കാതെ ആരെങ്കിലും ഒരു വഴിയിൽ സഞ്ചരിച്ചാൽ അത് അവനും ഒരു ഖേദമായിരിക്കും’’(അഹ്‌മദ്).

ധനം ലഭിക്കുമ്പോൾ മനുഷ്യൻ സന്തുഷ്ടനായിത്തീരുന്നു. അവന്റെ ആയുസ്സ് നഷ്ടപ്പെടുന്നതിനെ ക്കുറിച്ച് അവന് യാതൊരു ആശങ്കയുമില്ല. സത്യത്തിൽ പാരത്രിക ലോകത്തേക്ക് ഒന്നും സമ്പാദിക്കാതെ ആയുസ്സ് നഷ്ടമാകുന്നതിനെക്കുറിച്ചാണ് ഒരു വിശ്വാസി വ്യാകുലപ്പെടേണ്ടത്. പണത്തിന്റെ നഷ്ടം നികത്താൻ കഴിഞ്ഞേക്കും. എന്നാൽ സമയത്തിന്റെ നഷ്ടം ഒരിക്കലും നികത്തപ്പെടുകയില്ല. പണം നഷ്ടപ്പെട്ടവർ സങ്കടപ്പെടുന്നത് നാം കാണാറുണ്ട്. എന്നാൽ സമയം നഷ്ടപ്പെടുന്നതിനെക്കുറിച്ച് അധിമാരും ചിന്തിക്കാറില്ല.

ആയുസ്സ് ആരാധനക്ക് വേണ്ടി ചെലവഴിച്ചാൽ ലഭിക്കുന്ന മഹത്താ യ പ്രതിഫലം വ്യക്തമാക്കുന്ന ഒരു സംഭവം അബൂഹുറയ്‌റ(റ) ഉദ്ധരിക്കുന്നത് ഇങ്ങനെ വായിക്കാം: ‘‘ഖുദാഅ ഗോത്രത്തിലെ രണ്ടുപേർ ഇസ്‌ലാം സ്വീകരിച്ചു. അവരിൽ ഒരാൾ രക്തസാക്ഷിയാകുകയും മറ്റെയാൾ ഒരു വർഷം കൂടി ജീവിക്കുകയും ചെയ്തു. ത്വൽഹത് ബിൻ ഉബൈദുല്ല(റ) പറഞ്ഞു: ശഹീദിനെക്കാൾ മുമ്പ് മറ്റെയാൾ സ്വർഗത്തിൽ പ്രവേശിച്ചതായി ഞാൻ (സ്വപ്നത്തിൽ) കണ്ടു. എനിക്ക് അത്ഭുതം തോന്നി. ഇക്കാര്യം അല്ലാഹുവിന്റെ ദൂതരോട് പറയപ്പെട്ടു. അപ്പോൾ അവിടുന്ന് പറഞ്ഞു: അയാൾ ശഹീദിനെക്കാൾ ഒരു റമദാനിലെ നോമ്പ് അനുഷ്ഠിക്കുകയും ആറായിരം റക്അത്ത് നമസ്‌ക്കരിക്കുകയും, ഇത്രയൊക്കെ സുന്നത്ത് നമസ്‌കരിക്കുകയും ചെയ്തുവല്ലോ’’ (അഹ്‌മദ്).

ആയുഷ്‌ക്കാലം പരമാവധി സൽകർമങ്ങൾക്ക് വിനിയോഗിക്കുന്നത് പോലെത്തന്നെ കർമങ്ങൾ നിഷ്ഫലമാക്കുന്ന കാര്യങ്ങളിൽനിന്ന് വിട്ടുനിൽക്കുകയും വേണം. ‘എന്റെ സമുദായത്തിലെ ചിലയാളുകൾ അന്ത്യദിനത്തിൽ തിഹാമ പർവതത്തെ പോലെ സൽകർമങ്ങളുമായി വരും. പക്ഷേ, അല്ലാഹു അവയെ വിതറപ്പെട്ട ധൂളികളാക്കിമാറ്റും’ എന്ന് നബി ﷺ പറയുകയുണ്ടായി. അപ്പോൾ സൗബാൻ(റ) അവർ ആരാണെന്ന് ചോദിച്ചു. അതിനുള്ള മറുപടിയിൽ നബി ﷺ വ്യക്തമാക്കിയത് അവർ ആരാധനാകർമങ്ങൾ ചെയ്യുന്നവരാണെങ്കെിലും ജനങ്ങളിൽനിന്നും ഒഴിഞ്ഞ് നിൽക്കുമ്പോൾ ഹറാമുകൾ ചെയ്യും എന്നാണ്.

നമ്മുടെ കർമങ്ങൾകൊണ്ടു മാത്രം സ്വർഗം നേടാൻ കഴിയില്ല, അല്ലാഹുവിന്റെ കാരുണ്യവും ഔദാര്യവും അതിന്റെകൂടെ ആവശ്യമാണ്. നബി ﷺ പറഞ്ഞു: ‘‘നിങ്ങളിൽ ഒരാളെയും തന്റെ കർമം സ്വർഗത്തിൽ പ്രവേശിപ്പിക്കുകയില്ല.’’ അവർ ചോദിച്ചു: ‘‘അല്ലാഹുവിന്റെ ദൂതരേ, താങ്കളെയും?’’ അദ്ദേഹം പറഞ്ഞു: ‘‘എന്നെയും ഇല്ല; അല്ലാഹു അവന്റെ കാരുണ്യം കൊണ്ടും ഔദാര്യം കൊണ്ടും എന്നെ വലയം ചെയ്താലല്ലാതെ. അത് കൊണ്ട് നിങ്ങൾ പരമാവധി നന്നായി ചെയ്യാൻ ശ്രമിക്കുക. നിങ്ങളിലൊരാളും മരണത്തെ ആഗ്രഹിക്കരുത്. കാരണം നന്മ ചെയ്യുന്നവന് നന്മ വർധിപ്പിച്ചേക്കാം. തിന്മ ചെയ്യുന്നവൻ പശ്ചാതപിച്ചേക്കാം’’ (ബുഖാരി).

കർമങ്ങൾ കണക്കുകൂട്ടി താൻ സ്വർഗപ്രവേശനത്തിന് അർഹനാണെന്ന് സ്വയം കണക്കു കൂട്ടുന്ന പലരും അവർ ചെയ്യുന്ന തെറ്റുകളെ കുറിച്ച് കണ്ണടക്കുകയാണ് പതിവ്. നന്മ ചെയ്യാൻ അവസരം കിട്ടിയവൻ അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ടാണ് എനിക്ക് ഇത് ചെയ്യാൻ സാധിച്ചത് എന്ന വിശ്വാസമാണ് വെച്ചുപുലർത്തേണ്ടത്. നമ്മെക്കാൾ സുകൃതങ്ങൾ ചെയ്യുന്നവരുണ്ടെന്ന കാര്യവും നാം ഓർക്കേണ്ടതുണ്ട്. നമ്മുടെ പ്രവർത്തനങ്ങൾ അല്ലാഹു സ്വീകരിക്കുമെന്നോ നമ്മുടെ തെറ്റുകൾ അല്ലാഹു പൊറുത്ത് തരുമെന്നോ നമുക്ക് ഒരിക്കലും ഉറപ്പിച്ച് പറയാനാകില്ല. കർമങ്ങൾ സ്വീകരിക്കപ്പെടുമോ എന്ന ആശങ്കയാണ് ഒരു വിശ്വാസിക്ക് ഉണ്ടാകേണ്ടത്.

മനുഷ്യരുടെ അവകാശങ്ങൾ ഹനിക്കുന്നതും അവരുടെ അഭിമാനത്തിന് കളങ്കം വരുത്തുന്നതും നമ്മുടെ സുകൃതങ്ങൾ നിഷ്ഫലമാകാൻ കാരണമാകും.

നബി ﷺ ചോദിച്ചു: ‘‘ആരാണ് പാപ്പരായവൻ എന്ന് നിങ്ങൾക്കറിയുമോ?’’ അവർ പറഞ്ഞു: ‘‘അല്ലാഹുവിന്റെ ദൂതരേ, ഞങ്ങളിലെ പാപ്പരായവൻ ദിർഹമും വിഭവവും ഉടമപ്പെടുത്താത്തവനാണ്.’’ നബി ﷺ പറഞ്ഞു: ‘‘എന്റെ സമുദായത്തിലെ പാപ്പരായവൻ അന്ത്യദിനത്തിൽ നോമ്പും നമസ്‌കാരവും സകാത്തുമായി വരുന്നവനാണ്. അവൻ ഒരുവനെ ചീത്ത പറഞ്ഞിട്ടുണ്ട്, ഒരുവനെതിരെ ആരോപണം ഉന്നയിച്ചിട്ടുണ്ട്. ഒരാളുടെ ധനം ഭക്ഷിച്ചിട്ടുണ്ട്. ഒരാളുടെ രക്തം ചിന്തിയിട്ടുണ്ട്. ഒരാളെ അടിച്ചിട്ടുണ്ട്. അവന്റെ സൽകർമങ്ങൾ ഓരോരുത്തർക്കായി നൽകും. അവൻ തെറ്റ് ചെയ്തിട്ടുളളവരുടെ കടം വീട്ടുന്നതിന് മുമ്പ് അവന്റെ നന്മകൾ തീർന്നാൽ അവരുടെ തെറ്റുകൾ എടുത്ത് അവന്റെ മേലിടും. പിന്നീട് അവനെ നരകത്തിലേക്ക് എറിയും’’(മുസ്‌ലിം).

ഒരാൾ ചെയ്യുന്ന നല്ല കാര്യങ്ങൾ അവന്റെ മരണശേഷം മറ്റുളളവർ പിൻപറ്റിയാൽ അതിന്റെ ഒരു വിഹിതം അവന് ലഭിക്കും. ചീത്ത കാര്യങ്ങൾ ചര്യയാക്കിയവനും അതിന്റെ പാപഭാരത്തിന്റെ ഒരു അംശം ലഭിച്ചുകൊണ്ടിരിക്കും. ഭൂമിയിലെ ഓരോ കൊലപാതകത്തിെൻറയും ഒരു പാപവിഹിതം ആദ്യകൊലപാതകം നടത്തിയ ആദമിന്റെ മകന് ലഭിക്കുമെന്നും ഹദീസുകളിൽ കാണാം. ഒരാളുടെ മരണശേഷവും അവന്റെ പാപങ്ങൽ നിലനിൽക്കുകയാണെങ്കിൽ അവന്റെ കാര്യം കഷ്ടം തന്നെയാണ്. മരണ ശേഷവും പ്രതിഫലം ലഭിക്കുന്ന സൽകർമ്മങ്ങൾ അനുഷ്ഠിക്കാൻ പരമാവധി പരിശ്രമിക്കുക എങ്കിൽ ഒരു ആയുസിൽ ഒരായിരം ആയുസിന്റെ പുണ്യം നേടാനാകും.