എനിക്കുശേഷം പ്രളയം!

പി പി അബ്ദുർറഹ്‌മാൻ കൊടിയത്തൂർ

2023 ഡിസംബർ 09 , 1445 ജു.ഊലാ 25

(ഖാദിയാനി വേദപുസ്തകം ‘തദ്കിറ’യിലൂടെ ഒരു യാത്ര 43)

‘ചുമ മാറി!’

“1904 ജനുവരി 2: അറബി, പേർഷ്യൻ ഭാഷകളിൽ ‘എന്റെ ചുമയ്ക്കുവേണ്ടി അവതരിച്ച ഇൽഹാം: ‘സുഖവും ആരോഗ്യവും! സന്തോഷിക്കുക, പര്യവസാനം നല്ലതിനാവും’’ (പേജ് 419).

1907ലാണ് സംഭവം. “മകൻ ബശീറുദ്ദീൻ മഹ്‌മൂദ് അഹ്‌മദ് ഒരു ഖുതുബയിൽ പറഞ്ഞു: ‘മസീഹിന് നല്ല ചുമയുണ്ട്. ചുമച്ച് ചുമച്ച് ശ്വാസം ഇല്ലാതാവുകയും കണ്ണുകൾ തുറിക്കുകയും ചെയ്തു. കൂട്ടുകാരാരോ കുറെ പഴങ്ങൾ കൊണ്ടുവന്നു. മസീഹ് ഒരു പഴം കൈയിലെടുത്തു, വാഴപ്പഴമാണെന്ന് തോന്നുന്നു. എന്നോട് ചോദിച്ചു: ‘ചുമയ്ക്ക് പറ്റുമോ?’ ഞാൻ ഇല്ലെന്നു പറഞ്ഞു. ചിരിച്ചുകൊണ്ട് അത് തിന്നു. പിന്നെയും എടുത്തപ്പോൾ ഞാൻ പറഞ്ഞു: ‘ചുമ നന്നായി ഉണ്ട്.’ പക്ഷേ, മസീഹ് പിന്നെയും പഴം തിന്നുകൊണ്ടിരുന്നു. പിന്നെ പറഞ്ഞു: എനിക്കിപ്പോൾ ഇൽഹാം ഉണ്ടായി; ‘ചുമ മാറി’ എന്ന്’’ (പേജ് 673).

‘ചുമ മാറി’ എന്നത് അദൃശ്യജ്ഞാനമായി, ദൈവിക വെളിപാടായി അറിയേണ്ട കാര്യം തന്നെയാണല്ലോ! വല്ലാത്തൊരു പ്രവാചകൻ തന്നെ! ചുമയ്ക്കും ജലദോഷത്തിനുമൊക്കെ ‘വഹ്‌യ്’ ലഭിക്കുന്നു! പതിറ്റാണ്ടുകൾക്ക് ശേഷവും അത് ജുമുഅ ഖുതുബകളിലും സ്റ്റഡി ക്ലാസ്സുകളിലും അനുയായികളെ ഉദ്‌ബോധിപ്പിക്കുന്നു. മുഖപത്രങ്ങളിൽ പ്രസിദ്ധീകരിച്ച് തങ്ങളുടെ പ്രവാചകന്റെ തെളിവുകളായി മാലോകർക്ക് സമർപ്പിക്കുന്നു. ദൈവിക വെളിപാട് എന്ന നിലയ്ക്ക് അനുയായികൾ അത് പാരായണം ചെയ്തുകൊണ്ടിരിക്കുന്നു!

എനിക്കു ശേഷം പ്രളയം

“രോഗം ഗുരുതരമാകുമ്പോൾ റൂഹ് പറന്നകലുമോ എന്ന ആശങ്ക കൂടിവരുന്നു. ഒരുഘട്ടത്തിൽ വന്ന വഹ്‌യ് ‘അല്ലാഹുവേ, നീ ഈ സംഘത്തെ നശിപ്പിച്ചാൽ പിന്നെ ഈ ഭൂമിയിൽ നിന്നെ ആരാധിക്കുന്നവരായി ആരും ഉണ്ടാവില്ല’ എന്നായിരുന്നു’’ (പേജ് 352).

വല്ലാത്ത വഹ്‌യ് തന്നെ! ‘തനിക്കുശേഷം പ്രളയം’ എന്ന് കേട്ടിട്ടുണ്ട്. ഇയാളും കൂട്ടരും മരിച്ചാൽ പിന്നെ ലോകത്ത് അല്ലാഹുവിനെ ആരാധിക്കുന്ന ഒരാളും ബാക്കിയുണ്ടാവില്ലത്രെ! അല്ലാഹുവിന് മാത്രം ഇബാദത്ത് ചെയ്യുന്ന കോടിക്കണക്കായ മുസ്‌ലിംകളൊക്കെ ഇല്ലാതായിപ്പോകുമെന്നോ? എന്തൊരു തള്ളാണിത്!

‘കുറച്ചു ദിവസങ്ങൾക്കു മുമ്പ് രോഗികൾക്കുവേണ്ടി പ്രാർഥിക്കവെ, മരണാസന്നനായ ഒരു രോഗിക്കുവേണ്ടി പ്രത്യേകം പ്രാർഥിച്ചു. നോക്കിയപ്പോൾ അയാൾ എഴുന്നേറ്റിരിക്കുന്നു! ഉടനെ ഇൽഹാം വന്നു: ‘ആരോഗ്യത്തിന്റെ അടയാളങ്ങൾ.’ പക്ഷേ, ഇത് ആരെക്കുറിച്ചാണ് എന്നതിന് ഒരു വ്യക്തതയും നൽകപ്പെട്ടിട്ടില്ല’’ (പേജ് 390).

എങ്ങനെയുണ്ട്? തന്റെ പ്രാർഥനയുടെ ഫലമായി മരണവക്ത്രത്തിൽനിന്ന് രക്ഷപ്പെട്ട ആൾ ആരാണെന്ന് പോലും തിരിച്ചറിയാത്ത പ്രവാചകൻ! പ്രാർഥനയുടെ ഫലമായി എഴുന്നേറ്റിരുന്ന ആസന്നമരണൻ പിന്നെ ആരാണാവോ?

ശവംതീനികൾ!

“1905 മെയ് 14: മീർ നാസർ നവാബിന്റെ ചെറിയ പുത്രൻ മുഹമ്മദ് ഇസ്ഹാക്വ് രോഗബാധിതനായി. സുഖപ്പെടില്ലെന്നായിരുന്നു ഡോക്ടറുടെ അഭിപ്രായം. ഞാൻ അവനുവേണ്ടി പ്രാർഥിച്ചു. ശത്രുക്കൾ സന്തോഷിക്കുമല്ലോ എന്നു കരുതിയായിരുന്നു ഞാൻ പ്രാർഥിച്ചത്. അതല്ലാതെ മക്കളാണെങ്കിലും ബന്ധുക്കളാണെങ്കിലും മരണം കൂടെത്തന്നെയുണ്ടല്ലോ. ചുരുക്കത്തിൽ, ഞാൻ പ്രാർഥിച്ചുകൊണ്ടിരിക്കെ ഇൽഹാം വന്നു: ‘കാരുണ്യവാനായ അല്ലാഹുവിന്റെ രക്ഷാവചനം. ആരും അതിനെ ഭയക്കേണ്ടതില്ല’’ (പേജ് 462-463).

തുടർന്ന് മെയ് 24ന് ഉണ്ടായ ഒരു ‘ദർശനം’ വിവരിക്കുന്നു: “ഇസ്ഹാക്വ് രോഗിയായപ്പോൾ ശവംതീനികളായ കുറെ മൃഗങ്ങളും കഴുകന്മാരും ഒരു ശവത്തിന്റെ അടുത്തിരിക്കുന്നത് ഞാൻ കണ്ടു. ഈ സ്വപ്‌നദർശനത്തിനുശേഷം പശ്ചാത്തലം മാറുകയും അവൻ സുഖപ്പെടുകയും ചെയ്തു’’ (പേജ് 463).

നേരത്തെ ഈ ‘വഹ്‌യ്’ ‘ബദർ’ വാരികയിൽ കൊടുത്തപ്പോൾ മകൻ മഹ്‌മൂദ് അഹ്‌മദും ഭാര്യാസഹോദരൻ മുഹമ്മദ് ഇസ്ഹാക്വും രോഗികളാണെന്നായിരുന്നു എഴുതിയിരുന്നത്. മകനും അളിയനും ആണെങ്കിലും അവരുടെ രോഗം മാറുകയല്ല, മറിച്ച് ശത്രുക്കൾ സന്തോഷിക്കാതിരിക്കലാണ് പ്രാർഥനയുടെ താൽപര്യമെന്നും മിർസാ ഖാദിയാനി വിശദീകരിക്കുന്നു. രോഗി മരണാസന്നനായിരുന്നു എന്നതിന്റെ പ്രതീകമായിട്ടായിരിക്കാം കഴുകന്മാരെയും ശവംതീനി മൃഗങ്ങളെയും സ്വപ്‌നത്തിൽ അണിനിരത്തിയത്.

ഇവരുടെ രണ്ടാം ഖലീഫ മഹ്‌മൂദ് അഹ്‌മദിന്റെ കാലത്ത് തദ്കിറ ക്രോഡീകരിച്ചപ്പോൾ എന്തിനാണ് സ്വന്തം പേര് ഒഴിവാക്കിയതെന്ന് മനസ്സിലാവുന്നില്ല.

പിതാവ് കഴുകന്മാരുടെയും ശവംതീനി മൃഗങ്ങളുടെയും സാന്നിധ്യത്തിൽ തന്നെ സ്വപ്‌നം കണ്ടത് ഇഷ്ടപ്പെടാത്തതുകൊണ്ടായിരിക്കാം.

മുഅ്ജിസത്ത് മത്സരം!

“1906 ജൂലൈ 8: മകൻ മുബാറക് അഹ്‌മദ് അഞ്ചാംപനി ബാധിച്ച് ഏറെ അസ്വസ്ഥനായിരുന്നു. രാത്രി ഒട്ടും ഉറക്കം വരാതെ പനിച്ചും വിറച്ചും കഴിഞ്ഞു. പിറ്റേദിവസം കൂടുതൽ വഷളായി. ബോധം നഷ്ടപ്പെട്ട് സ്വന്തം ശരീരം പിച്ചിയും മാന്തിയും, പിച്ചുംപേയും പറഞ്ഞും കഴിഞ്ഞുകൂടി. ശരീരമാകെ പരുക്കൾ പൊങ്ങി. എന്റെ മനസ്സ് അങ്ങേയറ്റം അസ്വസ്ഥമായി. അപ്പോൾ വഹ്‌യ് അവതരിച്ചു: ‘എന്നോട് ചോദിക്കുക, ഞാൻ നിനക്ക് ഉത്തരം നൽകും.’ പ്രാർഥിച്ചുകൊണ്ടിരിക്കെ ഒരു കശ്ഫിൽ അവന്റെ വിരിപ്പിൽ എലികളെപ്പോലെ ഒരുപാട് ജീവികൾ അവനെ കടിച്ചുകൊണ്ടിരിക്കുന്നത് കണ്ടു. ഒരാൾ വന്ന് അവയെ ഒരു തട്ടത്തിൽ പൊതിഞ്ഞെടുത്തു. ഞാൻ അത് പുറത്തേക്ക് എറിയാൻ പറഞ്ഞു. അതോടെ ദർശനം അവസാനിച്ചു. പക്ഷേ, ആദ്യം കശ്ഫ് അവസാനിക്കുകയാണോ അതോ രോഗം മാറുകയാണോ ചെയ്തത് എന്ന് എനിക്ക് മനസ്സിലായില്ല. നേരം പുലരുവോളം അവൻ സുഖമായി ഉറങ്ങി. അല്ലാഹു എനിക്ക് അവതരിപ്പിച്ച ഒരു മുഅ്ജിസത്ത് ആയിരുന്നു ഇത്. ഈ അമാനുഷികതയിൽ എന്നെ നേരിടാൻ ഞാൻ എതിരാളികളെ വെല്ലുവിളിക്കുകയാണ്. അങ്ങനെ ആരെങ്കിലും തയ്യാറായാൽ അവനെ അല്ലാഹു നാണം കെടുത്തും. കാരണം അവന്റെ പ്രത്യേക ദാനമായി ഈ അമാനുഷികത എനിക്ക് നൽകിയതാണ്.’’

“കുതന്ത്രവും അനുസരണക്കേടുംകൊണ്ട് ആരെങ്കിലും ഈ മുഅ്ജിസത്തിൽ എന്നെ നേരിടാൻ ഉദ്ദേശിക്കുന്നുവെങ്കിൽ നമ്മൾ ചെയ്യേണ്ടത്; നറുക്കെടുപ്പിലൂടെ 20 രോഗികളെ എന്നെയും 20 പേരെ രണ്ടാംകക്ഷിയെയും ഏൽപിക്കുക. എങ്കിൽ എന്നെ ഏൽപിച്ച രോഗികളെ അല്ലാഹു സുഖപ്പെടുത്തും, രണ്ടാംകക്ഷിയെ ഏൽപിച്ചവരുടെ രോഗശാന്തി വളരെ കുറവുമായിരിക്കും എന്നതാണ് ഇതിലൂടെ പ്രത്യക്ഷമാകുന്ന മുഅ്ജിസത്ത്’’ (പേജ് 618).

1956ൽ പ്രസിദ്ധീകരിച്ച പതിപ്പിൽനിന്നാണ് ഇത് ഇവിടെ ഉദ്ധരിച്ചത്. 2004ലെ പുതിയ പതിപ്പിൽ ഇത് ഒഴിവാക്കിയിരിക്കുന്നു. മുബാറക് അഹ്‌മദ് രോഗബാധിതനായി മരിച്ചതുകൊണ്ടോ ഈ ‘വഹ്‌യ്’ വിശ്വസിക്കാൻ കൊള്ളാത്തതുകൊണ്ടോ ആയിരിക്കാം ‘രണ്ടാം ഖലീഫ’ ഇത് ഒഴിവാക്കാൻ നിർദേശിച്ചത്. ഏതായാലും തങ്ങളുടെ വിശുദ്ധ വേദഗ്രന്ഥത്തിൽ കൂട്ടാനും കുറയ്ക്കാനുള്ള അധികാരം ഖലീഫമാർക്കുണ്ട് എന്നതാണ് ഖാദിയാനി മതത്തിന്റെ സവിശേഷത.

ഖാദിയാനി ഖലീഫമാർ തങ്ങൾക്ക് വഹ്‌യ് ലഭിക്കുന്നു എന്ന് അവകാശപ്പെടുന്നതുകൊണ്ട് ഈ രോഗശാന്തി അമാനുഷികതാവെല്ലുവിളി ഇപ്പോഴും പ്രാബല്യത്തിൽ ഉണ്ടോ എന്ന ചോദ്യം പ്രസക്തമാണ്.

(തുടരും)