ഹേമന്ദ് ഗുപ്തയുടെ വിധിന്യായങ്ങളിലൂടെ 10

സുഫ്‌യാൻ അബ്‌ദുസ്സലാം

2023 ഡിസംബർ 16 , 1445 ജു.ഉഖ്റാ 03

(വിധി തേടുന്ന ഹിജാബും കോടതിയിലെ വാദങ്ങളും - 43)

എസെൻഷ്യൽ; വിവിധ കോടതിവിധികളിൽ

എസെൻഷ്യൽ റിലീജിയസ് പ്രാക്ടീസിന്റെ പരിധിയെക്കുറിച്ചാണ് ജസ്റ്റിസ് ഗുപ്ത പറഞ്ഞുവന്നത്. ഉപേക്ഷിച്ചാൽ മതത്തിൽനിന്ന് പുറത്തുപോവുന്ന കാര്യങ്ങൾക്ക് മാത്രമാണ് എസെൻഷ്യൽ എന്ന് പറയുക എന്നും ശിരോവസ്ത്രം ഉപേക്ഷിച്ചാൽ ഇസ്‌ലാമിൽനിന്ന് പുറത്തുപോകുമെന്ന് മുസ്‌ലിംകൾ വിശ്വസിക്കുന്നില്ല എന്നുമാണ് അദ്ദേഹം ചൂണ്ടിക്കാണിച്ചത്. അതിനാൽ പൊതുവിദ്യാലയങ്ങൾ പോലെയുള്ള യോഗ്യതയുള്ള ഇടങ്ങളിൽ (Qualified Places) എസെൻഷ്യൽ അല്ലാത്ത കാര്യങ്ങൾക്ക് നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതിന് പ്രശ്‌നമൊന്നുമില്ല എന്നും കർണാടക സർക്കാരിന്റെ ശിരോവസ്ത്ര നിരോധനം അതുകൊണ്ടുതന്നെ ശരിയായ നടപടിയാണ് എന്നുമാണ് ഗുപ്ത പറഞ്ഞുവെച്ചത്. തുടർന്നുകൊണ്ട് വിവിധ കോടതികളിൽനിന്നും എസെൻഷ്യൽ കാര്യങ്ങളിൽ വന്ന കോടതി വിധികളിലേക്കാണ് സഞ്ചരിച്ചത്.

ശിരൂർ മഠം, രതിലാൽ പനചന്ദ്, അജ്മീർ ദർഗ, വെങ്കട്ടരമണ ദേവർ, ടിക്കായത് ഗോവിന്ദലാൽജി, ആചാര്യ ജഗദീശ്വരാനന്ദ, ശബരിമല, ബിജോയ് ഇമ്മാനുവൽ തുടങ്ങി നിരവധി കേസുകളുടെ വിധികളിൽ വന്നിട്ടുള്ള ചില പരാമർശങ്ങളാണ് ഹേമന്ദ് ഗുപ്ത ഉദ്ധരിക്കുന്നത്. ഈ കേസ് വിധികൾ നേരത്തെ പെൺകുട്ടികൾക്കു വേണ്ടി ഹാജരായ അഭിഭാഷകർ ഉദ്ധരിച്ചതാണ്. മതത്തിൽ അനിവാര്യം, അനിവാര്യമല്ലാത്തത് തുടങ്ങിയ വേർതിരിവുകൾക്ക് പ്രസക്തിയില്ല എന്ന് ചൂണ്ടിക്കാണിക്കാൻ വേണ്ടിയായിരുന്നു അവർ അത് ഉദ്ധരിച്ചത്. ഒരു മതത്തിന്റെ തത്ത്വസംഹിതകൾ മാത്രം ആധാരമാക്കിയാണ് ഒരു ആചാരം ആ മതത്തിന്റെ അനിവാര്യമായ ഭാഗമാണോ എന്നു കണ്ടെത്തേണ്ടത് എന്ന സുപ്രീംകോടതിയുടെ നിരീക്ഷണം അഭിഭാഷകർ വ്യക്തമാക്കിയിരുന്നു. ഈ കാര്യങ്ങളിൽ കോടതികൾക്ക് ഇടപെടുന്നതിന് പരിധിയുണ്ടെന്നും മതവിഷയങ്ങളിലെ അനിവാര്യമായതും അനിവാര്യമല്ലാത്തതും കോടതികൾക്ക് നിശ്ചയിക്കാൻ സാധിക്കുന്ന കാര്യങ്ങൾ അല്ലെന്നും ഈ വിധികളുടെ വരികളിൽ തന്നെ കാണാവുന്നതാണ് എന്നും അവർ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ അതൊന്നും മുഖവിലക്കെടുക്കാതെ ശിരോവസ്ത്ര സ്വാതന്ത്ര്യവുമായി ഒട്ടും ബന്ധമില്ലാത്ത കുറെ കാര്യങ്ങൾ അദ്ദേഹം ദീർഘിച്ച് ഉപന്യസിക്കുകയാണ് ചെയ്തത്. അദ്ദേഹത്തിന്റെ വ്യാഖ്യാനം താഴെ നൽകുന്നു:

മതസ്ഥലവും പൊതുസ്ഥലവും മതവേഷവും

‘ആരാധനാലയങ്ങൾ കൈകാര്യം ചെയ്യാനുള്ള അവകാശം, വ്യക്തിഗത ആരാധനാലയങ്ങളുടെ അവകാശം, മതാചാരങ്ങളുടെ പേരിൽ വ്യക്തികളുടെ മൗലികാവകാശങ്ങൾ വെട്ടിക്കുറയ്ക്കൽ എന്നിവയുമായി മാത്രം ബന്ധപ്പെട്ടതാണ് മുകളിൽ പറഞ്ഞ കേസുകളിൽ പറയപ്പെട്ട എസെൻഷ്യൽ ആചാരങ്ങൾ. അതായത് തീർത്തും മതപരിസരങ്ങളുമായി ബന്ധപ്പെട്ടതാണ് എന്നർഥം. പൊതുസ്ഥാപനങ്ങളുമായി ബന്ധപ്പെട്ടതല്ല, മതസ്ഥാപനങ്ങളുമായി മാത്രം ബന്ധപ്പെട്ടതാണ്. ഇവിടെ പെൺകുട്ടികൾ ആവശ്യപ്പെടുന്നത് പൊതുസ്ഥലത്ത് ശിരോവസ്ത്രം ധരിക്കാനുള്ള അവകാശമാണ്. അതൊരു പൊതു അവകാശമായിട്ടല്ല, മറിച്ച് മതവുമായി ബന്ധിപ്പിച്ചുകൊണ്ടാണ് അവർ ആവശ്യപ്പെടുന്നത്. ഇത് ഒട്ടും പ്രോത്സാഹിപ്പിക്കപ്പെട്ടുകൂടാ. ജാതി, മതം, ലിംഗം, ജന്മസ്ഥലം എന്നിവ പരിഗണിക്കാതെ എല്ലാ പൗരന്മാരെയും തുല്യമായി പരിഗണിക്കുക എന്നതാണ് ഭരണഘടന മുമ്പോട്ടുവെക്കുന്ന സമത്വം. മതവിശ്വാസത്തിന്റെ പേരിൽ ഭരണഘടന മുന്നോട്ടുവെക്കുന്ന സമത്വം എന്ന ആശയത്തെ ലംഘിച്ചുകൊണ്ട് ഒരു ഭരണകൂടത്തിനും പ്രവർത്തിക്കാനാവില്ല.’

വിശദീകരണം: മതസ്ഥാപനങ്ങളിൽ മാത്രമാണ് മതവേഷവും മതാചാരവും ആരാധനകളും എന്ന ഹേമന്ദ് ഗുപ്തയുടെ വ്യാഖ്യാനം അതീവ ഗുരുതരമാണ്. ഇപ്പോൾ സ്‌കൂളുകളിൽ കൊണ്ടുവന്ന നിയന്ത്രണം അങ്ങാടികളിലേക്കും പൊതുവാഹനങ്ങളിലേക്കും എല്ലാ പൊതുയിടങ്ങളിലേക്കും വ്യാപിപ്പിക്കാൻ മാത്രമാണ് ഈ വ്യാഖ്യാനം ഉപകരിക്കുക. ഒരു വ്യക്തിയുടെ മതം അടക്കമുള്ള മൗലികാവകാശങ്ങളിന്മേൽ അനിയന്ത്രിതമായ അധികാരങ്ങൾ ഭരണകൂടത്തിന് നൽകുന്ന ഒട്ടും അവധാനതയില്ലാത്ത വ്യാഖ്യാനമാണിത്. ഒരാൾ കുരിശു ധരിക്കുന്നതും പൊട്ടുതൊടുന്നതും കാഷായവസ്ത്രം ധരിക്കുന്നതും തൊപ്പിയും തലപ്പാവും ധരിക്കുന്നതും താടിവളർത്തുന്നതുമെല്ലാം മതത്തിന്റെ പേരിലാണെങ്കിലും അതൊന്നും പൊതുയിടങ്ങളിൽ അനുവദിക്കാൻ സാധിക്കില്ല എന്നല്ലേ ഈ വ്യാഖ്യാനം കൊണ്ടെത്തിക്കുക? ഭരണഘടന നൽകിയിട്ടുള്ള ഉപാധികൾ പാലിച്ചുകൊണ്ട് ഏതൊരാൾക്കും എവിടെയും അയാളുടെ മതപരമായ വേഷമണിയാൻ ഭരണഘടന അവകാശം നൽകിയിട്ടുണ്ട് എന്നിരിക്കെ അതിനെ റദ്ദ് ചെയ്യാൻ ഇങ്ങനെയുള്ള വ്യാഖ്യാനങ്ങൾ മതിയാവില്ല.

നിയന്ത്രണം ഭരണഘടനാനുസൃതം

ഹേമന്ദ് ഗുപ്ത തുടരുന്നു: ‘അനുച്ഛേദം 25 മതസ്വാതന്ത്ര്യം അവകാശമായി പറയുന്നുണ്ടെങ്കിലും 5(2)(a),(b) എന്നിവ അതിനുള്ള നിയന്ത്രണങ്ങൾ വെക്കുന്നുണ്ട്. 25(2)(a) മതപരമായ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നു. 25(2)(b) സാമൂഹികക്ഷേമം, പരിഷ്‌കരണം എന്നിവയ്ക്ക് മതസ്വാതന്ത്ര്യം എന്ന അവകാശത്തെക്കാൾ പ്രാമുഖ്യം നൽകുന്നു. മറ്റൊരുവിധത്തിൽ പറഞ്ഞാൽ, മതവുമായി ബന്ധപ്പെട്ട രാഷ്ട്രീയ, സാമ്പത്തിക വശങ്ങൾ നിയന്ത്രിക്കാൻ ഭരണകൂടം ആഗ്രഹിക്കുന്നുവെങ്കിൽ, മൗലികാവകാശത്തെക്കാൾ ഭരണകൂടം ഉദ്ദേശിക്കുന്ന നിയന്ത്രണ നിയമങ്ങൾക്കായിരിക്കും മുൻഗണന. അതുപോലെ, ഒരു പ്രത്യേക ആചാരമോ വിശ്വാസമോ സാമൂഹിക ക്ഷേമത്തിനും പരിഷ്‌കരണത്തിനും വിധേയമാണെന്ന് കണ്ടെത്തിയാൽ, പ്രസ്തുത മതാചാരങ്ങളെ മാറ്റിവെക്കേണ്ടിവരും. മതവിശ്വാസം, ആചാരം എന്നിവയ്ക്ക് മേലുള്ള അവകാശങ്ങൾ പോസിറ്റിവ് ആയ കാര്യങ്ങളിലാണെങ്കിൽ ഭരണകൂടത്തിന് അത് വെട്ടിക്കുറയ്ക്കാൻ അവകാശമുണ്ടാവില്ല.’

വിശദീകരണം: മതവിശ്വാസം,

ആചാരം എന്നിവ അവകാശമായി അനുച്ഛേദം 25ലൂടെ നൽകിയിട്ടുണ്ടെങ്കിലും അത് ഏതുവിധേനയും നിയന്ത്രിക്കാനും നിരോധിക്കാനും സർക്കാരിന് അവകാശമുണ്ട് എന്നാണ് ഇവിടെ ഹേമന്ദ് ഗുപ്ത സമർഥിക്കാൻ ശ്രമിക്കുന്നത്. അതിന് അദ്ദേഹം പറയുന്ന കാരണം മതമല്ല, മറിച്ച് സാമൂഹിക പുരോഗതിയും പരിഷ്‌കരണവുമാണ് പ്രധാനം എന്നാണ്. 25(2)(a) പറയുന്നത് ‘മതാചരണത്തോട് ബന്ധപ്പെടുന്ന സാമ്പത്തികമോ ധനപരമോ രാഷ്ട്രീയമോ ആയ പ്രവർത്തനങ്ങളെ സർക്കാരിന് നിയന്ത്രിക്കാവുന്നതാണ്’ എന്നാണ്. ഇതിൽ ഒരാളുടെ വ്യക്തിപരമായ സ്വാതന്ത്ര്യത്തെ നിയന്ത്രിക്കാവുന്നതാണെന്ന് പറയുന്നില്ല.

സാമൂഹികമായ പ്രശ്‌നങ്ങളുണ്ടാക്കിയേക്കാവുന്ന കാര്യങ്ങളിൽ മാത്രമാണ് സർക്കാരിന് നിയന്ത്രണം കൊണ്ടുവരാൻ സാധിക്കുക. അതും പൂർണമായ നിരോധനമല്ല. 25(2)(b)യിലാവട്ടെ ഹൈന്ദവ മതസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് പറയുന്നത്. ‘സാമൂഹിക പുരോഗതി, പരിഷ്‌കരണം എന്നിവ ലക്ഷ്യമിട്ടുകൊണ്ട് ഹൈന്ദവ സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും സ്ഥാപനങ്ങൾ തുറന്നുകൊണ്ടുക്കാൻ’ സർക്കാറിന് അധികാരമുണ്ട്.

കേസുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യമാണിത്. ശിരോവസ്ത്രമോ മുസ്‌ലിംകളുടെ ഇതര വേഷമോ സാമൂഹികപുരോഗതിക്കോ പരിഷ്‌കരണത്തിനോ തടസ്സമല്ല. ഇനി, സാമൂഹികപുരോഗതി ലക്ഷ്യമിട്ടുകൊണ്ടാണെങ്കിൽ പോലും ഒരു വ്യക്തിയുടെയും മൗലികാവകാശത്തെക്കാൾ വലുതല്ല അതൊന്നും എന്ന കാര്യം ഭരണഘടനതന്നെ വ്യക്തമാക്കിയിട്ടുണ്ട്.

(തുടരും)