ഇസ്‌ലാം വിരുദ്ധ പ്രചാരകൻ ഇസ്‌ലാമിലേക്ക്

മുബാറക് തിരൂർക്കാട്

2023 ഒക്ടോബർ 21 , 1445 റ.ആഖിർ 06

ഡച്ച് മുസ്‌ലിംവിരുദ്ധ നേതാവ് ജൊറംവാൻ ക്ലെവെറൻ ഡച്ച് പാർലമെന്റ് അംഗമായിരുന്നു. ഇസ്‌ലാം അപകടമാണെന്ന് സ്ഥാപിക്കാൻ പുസ്തകമെഴുതാൻ തീരുമാനിച്ച് വായനയും പഠനവും തുടങ്ങി. ആ പഠനം അദ്ദേഹത്തെ ഇസ്‌ലാമിലേക്ക് എത്തിക്കുകയാണുണ്ടായത്. ആ കഥ അദ്ദേഹം പറയുന്നു:

“1979 ജനുവരി 23ന് ആംസ്റ്റർഡാമിലെ ഒരു സാധാരണ പ്രൊട്ടസ്റ്റന്റ് കുടുംബത്തിൽ ഞാൻ ജനിച്ചു. അച്ഛൻ, അമ്മ, സഹോദരന്മാർ, ഒരു സഹോദരി എന്നിവരാണ് കുടുംബാംഗങ്ങൾ. വീട്ടിലുള്ള ഒരു പൂച്ച കുടുംബാംഗത്തെ പോലെയായിരുന്നു. ക്രിസ്തീയ പ്രൊട്ടസ്റ്റന്റ് വിഭാഗം അനുവർത്തിച്ചിരുന്ന മത ശിക്ഷണങ്ങൾക്കനുസരിച്ചാണ് ഞാൻ വളർന്നുവന്നത്. ഹൈസ്‌കൂൾ വിദ്യാഭ്യാസത്തിനുശേഷം ഞാൻ മതതാരതമ്യപഠനം തെരഞ്ഞെടുത്തു. പഠനത്തിനുശേഷം ഞാൻ കുറച്ചുവർഷങ്ങൾ അധ്യാപകനായി ജോലി ചെയ്തു.

നെതർലാൻഡ്‌സിൽ അക്കാലത്ത് നടന്ന കുറെയേറെ സംഭവങ്ങൾ എന്നെ ചിന്തിപ്പിച്ചു. എന്റെ ജീവിതത്തിലും പല മാറ്റങ്ങൾ സംഭവിച്ചു. ഞാൻ രാഷ്ട്രീയ പ്രവർത്തനത്തിനിറങ്ങി. ഫ്രീഡം പാർട്ടിയുടെ ഭാഗമായി. ഞാൻ പാർലമെന്റിൽ അംഗമാകുകയും ചെയ്തു.

പ്രൊട്ടസ്റ്റന്റ് വിഭാഗത്തിൽ പെട്ട ഒരു കുടുംബാംഗമെന്ന നിലയ്ക്ക് ഞാൻ ബൈബിൾ വായിക്കാറുണ്ടായിരുന്നു. ബൈബിളിലെ പേരുകളാണ് ഞങ്ങൾക്കെല്ലാവർക്കുമുണ്ടായിരുന്നത്. ഞങ്ങൾ ജ്ഞാനസ്‌നാനം ചെയ്യപ്പെട്ടവരായിരുന്നു. ഞങ്ങളെല്ലാവരും പള്ളിയിൽ പോകാറുണ്ടായിരുന്നു. ഞങ്ങൾ പൂർണ ക്രിസ്ത്യാനികളായിരുന്നു. പ്രപഞ്ചത്തിന് ഒരു സ്രഷ്ടാവുണ്ട്, സ്വർഗനരകങ്ങൾ, മാലാഖമാർ, വെളിപാടുകൾ ഇവയിലൊക്കെ ഞാൻ വിശ്വസിച്ചിരുന്നു. യേശുക്രിസ്തു ദൈവപുത്രനാണ് എന്നല്ല ദൈവംതന്നെയാണ് എന്ന് ഞാൻ വിശ്വസിച്ചു. ക്രിസ്തുവിന്റെ ഉയിർത്തെഴുന്നേൽപ്, കുരിശിലേറൽ, പാപനിവൃത്തി ഇതിലെല്ലാം ഞാൻ വിശ്വസിച്ചിരുന്നു.

എന്നാൽ ത്രിയേകത്വം വളരെ സങ്കീർണമായ ഒരാശയമായി എനിക്ക് തോന്നി. ഒന്ന് മൂന്നാണ്; മൂന്ന് ഒന്നാണ്...! ഉൾകൊള്ളാൻ വളരെ പ്രയാസമുള്ള ഒരു കാര്യംതന്നെയാണത്.

പതിനാറ്/പതിനേഴ് വയസ്സുള്ളപ്പോൾ എന്റെ സംശയങ്ങൾ ചോദ്യങ്ങളായി പുറത്തുവരാൻ തുടങ്ങി. യുക്തിസഹമാല്ലാത്ത അത്തരം വിഷയങ്ങളെ കുറിച്ച് പുരോഹിതന്മാരോട് ഞാൻ ചോദിച്ചു. പ്രഭാഷകന്മാരെയും ജൂത പണ്ഡിതരെയുമൊക്കെ ഞാൻ സമീപിച്ചു. അവരുടെ ഉത്തരങ്ങൾ എന്നെ തൃപ്തിപ്പെടുത്തിയില്ല. ഒടുവിൽ എനിക്ക് തോന്നി, ചോദ്യങ്ങളങ്ങ് നിർത്തിവെക്കാം. അവ മാറ്റിവെച്ച് ഇതൊക്കെയങ്ങ് വിശ്വസിക്കാം. തൽക്കാലം അങ്ങനെ സമാധാനപ്പെടാം. ദൈവം അനശ്വരനാണ്. എന്നാൽ മരിക്കുകയാണെങ്കിൽ അനശ്വരനായിരിക്കുക എന്നതെങ്ങനെ ശരിയാകും? സംശയങ്ങൾ ഞാൻ മാറ്റിവെച്ചു. ഇതെല്ലാം എനിക്ക് മനസ്സിലാക്കാൻ കഴിയാത്തതുകൊണ്ടായിരിക്കാം. അങ്ങനെയുമാകാമല്ലോ! എന്നാലും ഞാൻ ദൈവത്തിൽ വിശ്വസിച്ചു. യേശുക്രിസ്തു വളരെ പ്രാധാന്യമർഹിക്കുന്ന ഒരു വ്യക്തി തന്നെയാണ്. ദൈവപുത്രനാണദ്ദേഹം, പക്ഷേ, എങ്ങനെയാണത്? ഞാനത് വിട്ടുകളയാൻ തീരുമാനിച്ചു.

സ്‌കൂൾ വിദ്യാഭ്യാസത്തിനുശേഷം മതതാരതമ്യപഠനം തെരഞ്ഞെടുത്ത് കോളേജിലേക്കു പോയത് സെപ്തംബർ 11, 2001ലായിരുന്നു എന്നത് വളരെ കൗതുകമാർന്ന ഒരു കാര്യമായിരുന്നു. ആ സംഭവത്തോടെ മുസ്‌ലിംകളെല്ലാം ഒരുതരം ഭ്രാന്തന്മാരാണെന്നും ഇസ്‌ലാം സത്യമേ അല്ല എന്നും ഞാൻ ചിന്തിച്ചു. (അമേരിക്കയിൽ ട്രേഡ് സെന്റർ തകർത്ത സംഭവമാണ് ഉദ്ദേശ്യം).

കുറച്ചു വർഷങ്ങൾക്കുശേഷം പ്രസിദ്ധ സിനിമ സംവിധായകനായ തിയോവാൻ ഗോഗ് തെരുവിൽ വെച്ച് കൊല്ലപ്പെട്ടു. വെടിവെച്ചശേഷം കൊലയാളികൾ അദ്ദേഹത്തിന്റെ കഴുത്തറുക്കാൻ ശ്രമിച്ചു. ആമാശയത്തിൽ കുത്തിയിറക്കിയ കത്തിയോടൊപ്പം യാൻ ഹിർശി അലി എന്ന പെൺകുട്ടിക്കുള്ള ഒരു കത്തും ഉണ്ടായിരുന്നുവെന്നും ‘അടുത്തത് നീയാണ്’ എന്ന് അതിലെഴുതിയിരുന്നുവെന്നും പറയപ്പെട്ടു. എന്നിലുള്ള ഇസ്‌ലാംവിരുദ്ധ വികാരങ്ങളെ അത് ബലപ്പെടുത്തി. ഈ തിന്മ നമ്മുടെ രാജ്യത്തെ അപായപ്പെടുത്താതിരിക്കാൻ എന്തെങ്കിലും ചെയ്യണം. അതിനു രാഷ്ട്രീയ പ്രവർത്തനത്തിൽ സജീവമാകേണ്ടതുണ്ട് എന്ന ചിന്തയിലേക്ക് ഞാൻ എത്തിച്ചേർന്നു.

ഇസ്‌ലാം ലോകത്തിനു ഭീഷണിയാണ് എന്ന് ജനങ്ങൾക്കു വിശദീകരിച്ചുകൊടുക്കാൻ ഒരു പുസ്തകം എഴുതണമെന്നു ഞാൻ തീരുമാനിച്ചു. പുസ്തകരചനയുമായി ബന്ധപ്പെട്ട വിഷയങ്ങൾ പഠനവിധേയമാക്കിയപ്പോൾ ക്രിസ്തുമതത്തെ കുറിച്ച് എനിക്ക് മുമ്പുണ്ടായിരുന്ന സംശയങ്ങളും ചോദ്യങ്ങളും വീണ്ടും ഉയർന്നുവന്നു. ഞാനൊരു സത്യക്രിസ്ത്യാനിയായിട്ടാണല്ലോ വളർന്നുവന്നത്. അപ്പോൾ സത്യം എന്താണ് എന്നത് കൃത്യമായി ബോധ്യപ്പെടണം. ഇസ്‌ലാമിന്റെ അപകടാവസ്ഥയെ കുറിച്ചെഴുതാൻ ഇസ്‌ലാമിനെ പഠിക്കേണ്ടതുണ്ടല്ലോ. അങ്ങനെ പഠിച്ചപ്പോൾ, എനിക്ക് ക്രിസ്ത്യാനിസത്തെ പറ്റിയുണ്ടായിരുന്ന ചോദ്യങ്ങൾക്കെല്ലാം ഉത്തരങ്ങൾ ഇസ്‌ലാമിലുണ്ടെന്ന് ഞാൻ കണ്ടെത്തി.

ഞാൻ പുസ്തകമെഴുതിക്കൊണ്ടിരുന്നപ്പോൾ, അതൊരു രാഷ്ട്രീയ രചനയാണെന്നാണ് ഒരുപാടാളുകൾ ധരിച്ചുവെച്ചിരുന്നത്. എന്നാൽ, അതൊരു മതപരമായ രചനയായിരുന്നു. മതം എന്ന നിലയിൽ ഇസ്‌ലാമിനെ ജനങ്ങൾക്ക് കാണിച്ചുകൊടുക്കേണ്ടത് അത്യാവശ്യമായിരുന്നു.

ക്രിസ്ത്യൻ കാഴ്ചപ്പാടിലാണ് ഞാൻ ആ പുസ്തകമെഴുതിയത്. ക്രിസ്തുമതത്തിലെയും ഇസ്‌ലാമിലെയും ദൈവസങ്കൽപത്തെക്കുറിച്ച് ഞാൻ ഒരു താരതമ്യപഠനം നടത്തി. ത്രിയേകത്വത്തെ കുറിച്ച് എനിക്ക് നേരത്തെ സംശയങ്ങളുണ്ടായിരുന്നുവല്ലോ. ഇസ്‌ലാമിൽ ദൈവം ഏകനാണ്. ഏകത്വത്തെ കുറിച്ച് അറിഞ്ഞപ്പോൾ എനിക്കൊരു കാര്യം മനസ്സിലായി; ഇത് കൂടുതൽ യുക്തിസഹമാണ്. ബൈബിൾ ഒന്നുകൂടി വായിക്കാൻ ഞാൻ ഉറച്ചു. ഇസ്‌ലാമിലെ ഏകദൈവത്വം എന്ന ആശയം എന്തുകൊണ്ട് ക്രിസ്തുമതത്തിൽ ഇല്ല എന്ന് ഞാൻ ചിന്തിച്ചു. അത് ശരിക്കൊന്നു പഠിച്ച് വിലയിരുത്തണം. പഴയനിയമം വായിച്ചുകൊണ്ടിരുന്നപ്പോൾ അതിൽ എന്താണ് പ്രവാചകൻ പറഞ്ഞത് എന്നു ഞാൻ കണ്ടു. ഒരു ദൈവം മാത്രമേയുള്ളൂ; ഏകദൈവം. അങ്ങനെയാണെങ്കിൽ പുതിയനിയമത്തിലെ യേശുവിന്റെ വാക്കുകൾ ഞാൻ പരിശോധിച്ചു. പുതിയ നിയമത്തിൽ ഒരു കഥയുണ്ട്. ഒരാൾ യേശുവിന്റെയടുക്കൽ വന്നു ചോദിച്ചു: “ജീവിതത്തിലെ ഏറ്റവും പ്രാധാന്യമർഹിക്കുന്ന കാര്യം എന്താണ്? എനിക്കെങ്ങനെ പറുദീസ നേടാൻ കഴിയും?’’ യേശു പറഞ്ഞു: “രണ്ടു കാര്യങ്ങളാണ് ഉള്ളത്. ഇസ്രായേൽ സമൂഹമേ, കേൾക്കൂ! നിങ്ങളുടെ ദൈവം ഏകനാണ്, നീ പരിഗണിക്കപ്പെടേണ്ടത് പോലെ നിന്റെ അയൽക്കാരനെയും നീ പരിഗണിക്കുക.’’

അപ്പോൾ പുതിയനിയമത്തിലും പഴയനിയമത്തിലും ദൈവം ഏകനാണ്. മുസ്‌ലിംകളുടെ ദൈവ സങ്കൽപം യുക്തിപരമാണ്. ഒരു മതം എന്ന നിലയിൽ ക്രിസ്തുമതത്തിന്റെ അധ്യാപനങ്ങൾ മറ്റൊരു തരത്തിലാണല്ലോ. എന്നാൽ ബൈബിളിൽ കാണുന്ന ദൈവസങ്കൽപം അതല്ല. പലതരത്തിലുള്ള പുസ്തകങ്ങൾ ഞാൻ നോക്കി. ആഴ്ചകൾ നീണ്ടുനിന്ന പഠനത്തിനുശേഷം ദൈവത്തിന്റെ ഏകത്വം സത്യമായിരിക്കാമെന്ന് എനിക്കു തോന്നി.

ഞാനാകെ സ്തംഭിച്ചുപോയി. പ്രാമാണികരായ പണ്ഡിതന്മാർക്ക് ഞാൻ കത്തെഴുതാൻ തുടങ്ങി. മതപരമായ ഇത്തരം കാര്യങ്ങളെ കുറിച്ചാണ് ഞാൻ അവരോടന്വേഷിച്ചത്. കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസർ ശൈഖ് അബ്ദുൽ ഹകീം മുറാദിന് ഞാൻ എഴുതി. ഞാൻ കാര്യങ്ങൾ തുറന്ന് പറഞ്ഞു. ഇസ്‌ലാംവിരുദ്ധ പുസ്തകം എഴുതിക്കൊണ്ടിരിക്കുകയാണ് എന്നും ഞാൻ വ്യക്തമാക്കി. ഇസ്‌ലാം എന്തുകൊണ്ട് തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നു, എന്തുകൊണ്ട് സ്ത്രീ വിരുദ്ധമാകുന്നു എന്നിങ്ങനെ...

ആഴ്ചകൾക്കു ശേഷം വിശദമായ ഒരു മറുപടി എനിക്കദ്ദേഹം അയച്ചുതന്നു. അതിൽ അദ്ദേഹം കാര്യങ്ങൾ വ്യക്തമായി വിശദീകരിച്ചിരുന്നു. എന്റെ ഒരുപാട് ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ എനിക്ക് ലഭിച്ചു. ഇന്നയിന്ന ലേഖനങ്ങൾ വായിക്കണം, ഇന്നയിന്ന പുസ്തകങ്ങൾ വായിക്കണം എന്ന് അദ്ദേഹം നിർദേശിക്കുകയും ചെയ്തു.

അങ്ങനെ ആ ലേഖനങ്ങളും പുസ്തകങ്ങളും ഞാൻ വായിച്ചു. പഴയനിയമത്തിലെ പ്രവാചകന്മാരെയും മുഹമ്മദ് നബിയെയും തമ്മിൽ താരതമ്യ പഠനം നടത്തി. അവരൊക്കെ പ്രവാചകന്മാരാണെങ്കിൽ അദ്ദേഹവും പ്രവാചകൻ തന്നെയാണെന്ന് എനിക്ക് ബോധ്യമായി. അദ്ദേഹം പ്രവാചകനല്ല എന്ന് വാദിക്കാൻ എന്റെയടുക്കൽ ഒരു ന്യായവുമില്ലയിരുന്നു. മോശയെ എനിക്ക് അംഗീകരിക്കാമെങ്കിൽ, മുഹമ്മദിനെ പ്രവാചകനായി അംഗീകരിക്കാതിരിക്കാൻ എന്താണ് കാരണം? അദ്ദേഹം പ്രവാചകനല്ല എന്ന് ഞാൻ മുമ്പ് അംഗീകരിക്കാതിരിക്കാൻ കാരണമെന്തായിരുന്നു എന്ന് ഞാനാലോചിച്ചു. ഒരുപക്ഷേ, അദ്ദേഹത്തിന് ഒരുപാട് ഭാര്യമാരുണ്ടായിരുന്നു എന്നതാണോ? എന്നാൽ സോളമൻ, ദാവീദ്, അബ്രഹാം എന്നിങ്ങനെ പഴയനിയമത്തിലെ ഒരുപാടു പേർക്ക് കൂടുതൽ ഭാര്യമാർ ഉണ്ടായിരുന്നല്ലോ. യുറോപ്പ്, ഏഷ്യ, ആഫ്രിക്ക...എല്ലായിടത്തും കൂടുതൽ ഭാര്യമാരുള്ള എത്രയോ പേർ ഉണ്ട് എന്നു കാണാം. അതിനാൽ അതൊരു വിഷയമായി പരിഗണിക്കേണ്ടതേ അല്ല എന്നെനിക്ക് മനസ്സിലായി. അങ്ങനെ വിഷയങ്ങളോരോന്നും ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്.

പ്രവാചകന്മാരെ എല്ലാവരെയും അംഗീകരിക്കേണ്ടിവരും. അവർ പ്രവർത്തിച്ചതും പറഞ്ഞതുമായ കാര്യങ്ങൾ, സംഭവിച്ച അത്ഭുതങ്ങൾ എല്ലാം സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു. അതിനാൽ അവർ പ്രവാചകന്മാർതന്നെയാണ്. അങ്ങനെയാണെങ്കിൽ മുഹമ്മദ് നബിയും ഒരു പ്രവാചകൻ തന്നെയായിരിക്കണം. ഞാൻ അതിനെക്കുറിച്ച് സംശയത്തിലായിരുന്നു. ആദ്യം പ്രവാചകനെ തള്ളിക്കളഞ്ഞു. പിന്നെ സംശയിച്ചു. പഠനം തുടർന്നു. പിന്നെ പോകെ പോകെ അദ്ദേഹം ദൈവദൂതൻ തന്നെയാണെന്ന ബോധ്യത്തിലെത്തിച്ചേർന്നു.

വീണ്ടും ഒരുപാട് പുസ്തകങ്ങൾ വായിച്ചു. അബ്ദുൽ ഹകീം മുറാദ് പറഞ്ഞ ഒരു ശ്രദ്ധേയമായ കാര്യം ഇതാണ്: ‘നിങ്ങൾ വായിച്ച ഇസ്‌ലാം വിരുദ്ധമായ വാദങ്ങൾ ഉൾകൊള്ളുന്ന പുസ്തകങ്ങളെല്ലാം അമുസ്‌ലിംകൾ എഴുതിയതാണ്. ക്രിസ്തുമതത്തെ കുറിച്ച് കൂടുതൽ അറിയണമെങ്കിൽ നിങ്ങൾ നിരീശ്വരവാദികൾ എഴുതിയ പുസ്തകങ്ങളല്ല വായിക്കേണ്ടത്. ക്രിസ്ത്യാനികൾ എഴുതിയ പുസ്തകങ്ങളാണ്. ഇസ്‌ലാമിലെ പണ്ഡിതരും ഗുരുനാഥന്മാരും എഴുതിയ പുസ്തകങ്ങൾ വായിച്ചാണ് ഇസ്‌ലാമിനെ പറ്റി മനസ്സിലാക്കേണ്ടത്. ഒരേ വിഷയത്തിൽ മുസ്‌ലിം എഴുത്തുകാർ എഴുതിയതും അമുസ്‌ലിംകൾ എഴുതിയതും വായിച്ചാൽ വ്യത്യാസം വ്യക്തമാകും. പിഴവ് എവിടെയാണെന്ന് ഗ്രഹിക്കാനാകും.’

മുഹമ്മദ് നബിﷺയെ കുറിച്ച് മാർട്ടിൻ ലിങ്ക്‌സ് എഴുതിയ The Life Of The Prophet എന്ന പുസ്തകം ഞാൻ വായിച്ചു. ഇസ്‌ലാം ആശ്ലേഷിച്ച ഒരു വ്യക്തി എഴുതിയ ഗ്രന്ഥമാണത്. അദ്ദേഹത്തിന്റെ യുക്തിപരമായ ശൈലി എന്നെ ആകർഷിച്ചു. പ്രവാചകനെ കുറിച്ച് എന്റെ മനസ്സിലുണ്ടായിരുന്ന ചിത്രം മാറ്റിമറിച്ച പുസ്തകമായിരുന്നു അത്. ഏറ്റവും നല്ല മാതൃക സൃഷ്ടിച്ച ഒരു പിതാവായി, സുഹൃത്തായി, അധ്യാപകനായി, നേതാവായി...അങ്ങനെ പല ഭാവങ്ങളിൽ ഞാനദ്ദേഹത്തെ കണ്ടു. ആ സ്വഭാവവൈശിഷ് ട്യം എന്റെ മനസ്സിൽ പതിഞ്ഞു. കൂടുതൽ വായിക്കാനും പഠിക്കാനും അറിയാനും അത് പ്രേരകമായി.

അബൂസുഫ്‌യാന്റെ ഭാര്യയായ ഹിന്ദിന്റെ ചരിത്രം എന്നെ വിസ്മയിപ്പിച്ചു. പ്രവാചകന്റെ പ്രിയപ്പെട്ട ബന്ധുവായ ഹംസയെ കൊല്ലിച്ചത് ഹിന്ദ് ആയിരുന്നു. രണാങ്കണത്തിൽ അദ്ദേഹത്തിന്റെ മൃതദേഹം പിച്ചിച്ചീന്തി. വിവരങ്ങളറിഞ്ഞു പ്രവാചകൻ ദുഖിതനായി. ഏതാനും വർഷങ്ങൾക്കുശേഷം പ്രവാചകന് അധികാരം ലഭിച്ചു. മക്കയിലെ അധികാരം അദ്ദേഹത്തിന്റെ കൈയിലെത്തി. ഈ ചരിത്രം വായിച്ചുകൊണ്ടിരുന്നപ്പോൾ ഞാൻ ചിന്തിച്ചു; ഇനി ഹിന്ദിനെ പ്രവാചകൻ ശിക്ഷിക്കുമെന്ന്. പകരം ചെയ്യാനുള്ള അവസരമാണ്. എന്നാൽ അദ്ദേഹം എല്ലാവർക്കും മാപ്പ് കൊടുത്തു.

ഇത് വല്ലാത്തൊരു സ്വഭാവമാണ്. അത്യുൽകൃഷ്ടമായ സ്വഭാവം. തുല്യതയില്ലാത്ത മാപ്പ് നൽകൽ. ചരിത്രത്തിൽ മറ്റെവിടെയും കാണാത്ത വിട്ടുവീഴ്ച. ആ പ്രവാചകന്റെ അനുപമ വ്യക്തിത്വം ഞാൻ കാണുന്നു. ശത്രുക്കളോട് പോലും അദ്ദേഹം പെരുമാറിയതെങ്ങനെയെന്നു ഞാൻ മനസ്സിലാക്കുന്നു. അദ്ദേഹം സത്യപ്രവാചകൻ തന്നെ; ഒരു സംശയവുമില്ല.

അതെ, ദൈവം ഏകനാണ്. അന്ത്യ പ്രവാചകനാണ് മുഹമ്മദ് നബിﷺ. ഞാനത് അംഗീകരിക്കുന്നു; പൂർണമായി. അന്നേരം ഞാൻ ക്വുർആൻ എടുത്ത് വെറുതെയൊന്ന് മറിച്ചുനോക്കി. അധ്യായം 22 ലെ 46ാം വചനം എന്റെ കണ്ണുകളിലുടക്കി: “കണ്ണുകളെയല്ല അന്ധത ബാധിക്കുന്നത്, മറിച്ച് ഹൃദയങ്ങളെയാണ്’.’’

ശരിയാണ്; വളരെ ശരിയാണ്! എന്റെ ജീവിതം അതിനു സാക്ഷിയാണ്.