നാം ആത്മാർഥതയുള്ളവരാണോ?

ശൈഖ് അബൂമാലിക് അബ്ദുൽ ഹമീദ് അൽജുഹനി

2023 ജൂലൈ 01 , 1444 ദുൽഹിജ്ജ 13

(വിവ: മുഹമ്മദ് സിയാദ് കണ്ണൂർ)

അല്ലാഹു പറഞ്ഞു: ‘‘അവർ പ്രവർത്തിച്ച കർമങ്ങളുടെ നേരെ നാം തിരിയുകയും നാമതിനെ ചിതറിയ ധൂളിപോലെ ആക്കിത്തീർക്കുകയും ചെയ്യും’’ (25:23).

എന്തെന്നാൽ, അല്ലാഹുവിന്റെ വജ്ഹ് ഉദ്ദേശിച്ചുകൊണ്ടല്ല അവർ ഈ കർമങ്ങൾ ചെയ്തത്. അല്ലാഹുവിന്റെ വജ്ഹ് പ്രതീക്ഷിക്കാതെ ചെയ്യുന്ന മുഴുവൻ കർമങ്ങളുടെയും അവസ്ഥ ഇതുതന്നെയാണ്. അപ്പോൾ, അന്തിമമായി കർമങ്ങൾ ചിതറിയ ധൂളിപോലെ ആയിത്തീരുമെങ്കിൽ ഈ അധ്വാനത്തിന്റെയും ക്ഷീണത്തിന്റെയും പ്രയോജനമെന്താണ്? അതിനാൽ, കർമങ്ങൾ ചെയ്യുന്നവനേ, (ഓർക്കുക) ഇഖ്‌ലാസ് (ആത്മാർഥത)! ഇഖ്‌ലാസ്!

ഇഖ്‌ലാസുള്ളവന്റെ ലക്ഷണങ്ങൾ താഴെ പറയുന്നവയാണ്:

1. കർമങ്ങൾ പാഴാകാതിരിക്കുന്നതിനും അതിന്റെ പ്രതിഫലം കുറഞ്ഞുപോകാതിരിക്കുന്നതിനും വേണ്ടി കർമങ്ങൾ കൃത്യതയോടെയും നിഷ്ഠയോടെയുമാണെന്ന് അവൻ ഉറപ്പുവരുത്തും. അങ്ങനെ നബിചര്യക്കനുസൃതമായി സൽകർമങ്ങൾ ചെയ്തുകൊണ്ട് അവൻ അല്ലാഹുവിലേക്ക് അടുക്കും.

2. അതൃപ്തിയോടും അവജ്ഞയോടുംകൂടി അവൻ സ്വന്തത്തിലേക്ക് നിരന്തരം നോക്കിക്കൊണ്ടിരിക്കും. ഇതു കാരണം അവന് സ്വന്തത്തെക്കുറിച്ച് വിസ്മയമുണ്ടാകുകയോ, സ്വന്തം കർമങ്ങളിൽ വഞ്ചിതനാകുകയോ ഇല്ല. അല്ലാഹു അവനിൽനിന്നും അവന്റെ കർമങ്ങൾ സ്വീകരിക്കുകയില്ല എന്ന ഭയത്തോടുകൂടിയാണ് അവൻ കർമങ്ങൾ ചെയ്യുക.

3. സ്വന്തം കർമങ്ങളെക്കുറിച്ച് അവൻ മറ്റുള്ളവരോട് പൊങ്ങച്ചം പറയുകയില്ല. അതല്ലെങ്കിൽ, അല്ലാഹുവോട് ചെയ്യുന്ന ഒരു ദാക്ഷിണ്യമായി അവൻ അതിനെ കാണുകയുമില്ല.

‘‘സത്യവിശ്വാസത്തിലേക്ക് നി ങ്ങൾക്ക് മാർഗദർശനം നൽകി എന്നത് അല്ലാഹു നിങ്ങളോട് ദാക്ഷിണ്യം കാണിക്കുന്നതാകുന്നു. നിങ്ങൾ സത്യവാൻമാരാണെങ്കിൽ’’ (അൽഹുജുറാത്: 17).

4. ജനങ്ങളുടെ മുന്നിൽ അവന്റെ കർമങ്ങൾ പരസ്യപ്പെടുത്തുന്നതിനെ അവൻ ഇഷ്ടപ്പെടുകയില്ല. താൻ ചെയ്ത കാര്യങ്ങൾ പരസ്യപ്പെടുത്തുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതിന് പകരം അവ മറച്ചുവെക്കുന്നതാണ് അവന് ഇഷ്ടം.

ആരാധനാനിഷ്ഠയുള്ള സലഫുകളിൽ പെട്ട ഒരാളായ അംറുബ്‌നുൽ െെക്വസ് കരയാനുദ്ദേശിച്ചാൽ മതിലിന്റെ ഭാഗത്തേക്ക് തന്റെ മുഖത്തെ തിരിക്കുമായിരുന്നു. എന്നിട്ട് തന്റെ ആളുകളോട് പറയും: “ഇത് എനിക്ക് ബാധിച്ച ഒരു ജലദോഷം മാത്രമാണ്” (അൽഹിൽയ: 5/103).

5. പ്രശംസയുടെയും മുഖസ്തുതിയുടെയും വിഷയത്തിൽ വിരക്തി കാണിക്കുന്നവനാണ് (സാഹിദ്) അവൻ. അവൻ അതിനെ ഇഷ്ടപ്പെടുകയോ അത് പ്രതീക്ഷിക്കുകയോ ചെയ്യുകയില്ല. സുഹ്ദ് (വിരക്തി) എന്നത് വെറും ഐഹിക വിഭവങ്ങളോടുള്ള വിരക്തി മാത്രമല്ല. പ്രത്യുത, ഏറ്റവും ശക്തമായ സുഹ്ദ് ജനങ്ങളുടെ പ്രശംസയോടും അവരുടെ സ്തുതിവചനങ്ങളോടുമുള്ള വിരക്തിയാണ്.

ജനങ്ങളുടെ പ്രശംസയും മുഖസ്തുതിയും പ്രതീക്ഷിക്കുന്ന എത്രയെത്ര സാഹിദുകളാണ് ഈ ദുനിയാവിൽ! അല്ലാമുൽ ഗുയൂബ് (അദൃശ്യകാര്യങ്ങൾ നന്നായി അറിയുന്നവൻ) അല്ലാതെ മറ്റാരും അവരുടെ ഹൃദയങ്ങളിലുള്ളതിനെ പറ്റി അറിയുകയില്ല.

6. അവൻ പ്രശസ്തിയെ ഇഷ്ടപ്പെടുകയില്ല; പ്രശസ്തിക്ക് വേണ്ടി പരിശ്രമിക്കുകയുമില്ല. പ്രത്യുത, തന്റെ ഇഖ്‌ലാസിനെ അത് ദുഷിപ്പിക്കുമെന്ന ഉത്തമ ബോധ്യമുള്ളതിനാൽ അതിൽനിന്നും അവൻ എല്ലായ്‌പോഴും ഓടിയകലും. ഇഖ്‌ലാസുള്ള എത്രയെത്ര സജീവ പ്രവർത്തകരെയാണ് പ്രശസ്തി ദുഷിപ്പിച്ചിട്ടുള്ളത്! അങ്ങനെ, ജനങ്ങളുടെ പ്രീതിക്ക് പിന്നാലെ പോയി അല്ലാഹുവിന്റെ കോപം അവർ ഏറ്റുവാങ്ങി.

അയ്യൂബ് അസ്സഖ്തിയാനി(റഹ്) പറഞ്ഞു: ‘‘അല്ലാഹുവാണെ! തന്റെ പദവിയെക്കുറിച്ച് (ജനങ്ങൾ) അറിയാതിരിക്കുന്നത് ഒരടിമയെ സന്തോഷിപ്പിക്കുന്നില്ലെങ്കിൽ അവൻ തന്റെ റബ്ബിനോട് സത്യസന്ധത പുലർത്തിയിട്ടില്ല’’(അൽഹിൽയ: 3/6).

7. അവൻ ഇസ്വ്‌ലാഹ് ഇഷ്ടപ്പെടുന്നു. നന്മ വ്യാപിക്കുന്നതിനെയും അല്ലാഹുവിനെ അനുസരിച്ചു കൊണ്ട് സഹസൃഷ്ടികൾ നിലകൊള്ളുന്നതിനെയും അവൻ ഇഷ്ടപ്പെടുന്നു; അത് അവനിലൂടെയായാലും അല്ലെങ്കിലും ശരി. എന്തെന്നാൽ, അവൻ അല്ലാഹുവിന്റെ തൃപ്തി കാംക്ഷിച്ചു കൊണ്ടാണ് പ്രവർത്തിക്കുന്നത്. അല്ലാതെ, സ്വന്തത്തെ മഹത്ത്വപ്പെടുത്തുന്നതിനോ, ജനങ്ങൾക്കിടയിൽ വല്ല പദവിയും പ്രതീക്ഷിച്ചുകൊണ്ടോ അല്ല.

ഇമാം ശാഫിഈ(റഹ്) പറഞ്ഞു: ‘‘എനിക്കറിയുന്ന മുഴുവൻ ജ്ഞാനവും ജനങ്ങൾക്ക് ലഭിക്കണമെന്നും അതിന്റെ പേരിൽ അവർ എന്നെ പ്രശംസിക്കരുതെന്നും ഞാൻ ആഗ്രഹിക്കുന്നു’’(അൽഹിൽയ: 9/119).

8. തന്റെ പരിശ്രമങ്ങളും കീർത്തിയും അതിജയിക്കുന്നതിനായി ദഅ്‌വത്തിന്റെയും ഇസ്വ്‌ലാഹിന്റെയും മേഖലയിൽ പ്രവർത്തിക്കുന്ന ഇതരരുടെ പ്രവർത്തനങ്ങളെ അവൻ വിലകുറച്ചു കാണുകയില്ല. അവൻ സത്യസന്ധനും ഇഖ്‌ലാസുള്ള ഒരുവനുമാണെങ്കിൽ, ഇതരരുടെ ആ പരിശ്രമങ്ങൾക്ക് ബർകത്തിനായി തേടുകയും അതിന്റെ ആളുകളെ പുകഴ്ത്തുകയും അതിൽ സന്തോഷിക്കുകയും ചെയ്യും. എന്നാൽ, ലോകമാന്യൻ തന്റെതല്ലാത്ത ഒരു പ്രവൃത്തിയെയും പുകഴ്ത്താൻ തയ്യാറാവുകയില്ല.

ഇബ്‌നുൽ ജൗസി(റഹ്) പറഞ്ഞു: ‘‘താൻ തേടിപ്പോകുന്ന കാര്യം തനിക്ക് ലഭിക്കുകയില്ലെന്ന് ലോകമാന്യൻ മനസ്സിലാക്കണം. ഹൃദയങ്ങൾ അവനു നേരെ തിരിയണമെന്നാണ് അവൻ ഉദ്ദേശിക്കുന്നത്്. എന്നാൽ, ഇഖ്‌ലാസ് ഇല്ലാതാകുന്നതോടെ ഹൃദയങ്ങളുടെ സ്‌നേഹം നിഷേധിക്കപ്പെടും; ഒരാളും അവനിലേക്ക് തിരിയുകയുമില്ല. ഇഖ്‌ലാസുള്ളവൻ സ്‌നേഹിക്കപ്പെടും. കാണിക്കണമെന്ന് താൻ ആഗ്രഹിക്കുന്നവരുടെ ഹൃദയങ്ങൾ താൻ ധിക്കരിക്കുന്നവന്റെ (അല്ലാഹുവിന്റെ) കരങ്ങളിലാണെന്ന് അറിഞ്ഞിരുന്നെങ്കിൽ അവൻ അത് ചെയ്യില്ലായിരുന്നു’’ (സൈദുൽ ഖാതിർ, പേജ് 387).

9. വിമർശനങ്ങളിൽ അവൻ തളരുകയില്ല. പ്രത്യുത, അത് അവൻ പരിശോധിക്കും. വിമർശനം വസ്തുതാപരമാണെങ്കിൽ, അവൻ പരസ്യമായി അതിൽനിന്നും ഖേദിച്ചുമടങ്ങുകയും വിമർശകന് നന്ദി പറയുകയും ചെയ്യും. വിമർശനം വസ്തുതാപരമല്ല; എങ്കിലും വിമർശകൻ ഗുണകാംക്ഷയുള്ളവനാണെങ്കിൽ, വി മർശിച്ചവന് പ്രയോജനമുണ്ടാകുന്ന വിധത്തിൽ, അവൻ തന്റെ നിലപാട് വിശദീകരിക്കുകയും തെളിവുകൾ വ്യക്തമാക്കിക്കൊടുക്കുകയും വളരെ നല്ലനിലയിൽ അതിനെ പ്രതിരോധിക്കുകയും ചെയ്യും.

ഇനി വിമർശകൻ തർക്കിക്കുന്നവനും പിടിവാശിക്കാരനുമാണെങ്കിൽ, അവനിൽനിന്നും തിരിഞ്ഞു കളയുകയും അവനുമായി ഇടപഴകാതിരിക്കുകയും ചെയ്യും. ക്വുർആനിൽനിന്നാണ് ഈ ഒരു പെരുമാറ്റ രീതി അവൻ സ്വീകരിച്ചത്:

‘‘നീ അവിവേകികളെ വിട്ട് തിരിഞ്ഞു കളയുകയും ചെയ്യുക’’ (അൽഅഅ്‌റാഫ്: 199).

10. നന്നായി ഒരുങ്ങുന്നതിന് മുമ്പായി മുൻനിരയിലേക്ക് വരാൻ അവൻ ധൃതികാണിക്കുകയില്ല. ഇഹലോകത്തിന്റെ ആളുകൾക്കിടയിൽ സ്ഥാനം ലഭിക്കുന്നതിനായി ഏതെങ്കിലും ഒരു പ്രത്യേക വിജ്ഞാനശാഖയിൽ മാത്രം മുഴുകി അതിനെക്കാൾ ആവശ്യമായ മറ്റൊന്നിനെ അവൻ മാറ്റി നിർത്തുകയുമില്ല. ഖേദകരമെന്നു പറയട്ടെ, അതാണ് ഇന്ന് ചില യുവാക്കൾക്കിടയിൽ കണ്ടുവരുന്നത്.

ഹദീസുകൾക്ക് വളരെയധികം തഖ്‌രീജ് നൽകിക്കൊണ്ട് അവർ ലേഖനങ്ങൾ പ്രസിദ്ധീകരിക്കും. എന്നാൽ, അവരിൽ പെട്ട ഒരാളോട് ശുദ്ധീകരണവുമായി ബന്ധപ്പെട്ട ഒരു മസ്അല ചോദിച്ചാൽ അതിന്റെ ഉത്തരം അയാൾക്ക് അറിഞ്ഞുകൊള്ളണമെന്നില്ല!

മറ്റൊരു കൂട്ടർ, വ്യക്തികളെ ആക്ഷേപിക്കുന്നതിൽ മുഴുകിയവരാണ്. അതിലൂടെ തങ്ങൾ വിമർശകരും ‘ജർഹ് വത്തഅ്ദീലി’ന്റെ ആളുകളുമാണെന്ന് വാദിച്ചുകൊണ്ട് ജനങ്ങളുടെ ശ്രദ്ധ അവരിലേക്ക് തിരിക്കാൻ ശ്രമിക്കും. എന്നാൽ അവരിൽ ചിലർ ക്വുർആൻ പോലും നേരാംവണ്ണം ഓതാൻ സാധിക്കാത്തവരായിരി ക്കും! ഇത്തരക്കാരുടെ അവസ്ഥ എത്ര ഖേദകരം!

11. ജനങ്ങൾ തന്നെക്കുറിച്ച് മോശമായി സംസാരിക്കുകയോ അതൃപ്തി രേഖപ്പെടുത്തുകയോ ചെയ്തു എന്നതിനാൽ തന്റെ കർമങ്ങൾ അവൻ നിർത്തി വെക്കുകയില്ല. കാരണം, അവർക്ക് വേണ്ടിയല്ല, അല്ലാഹുവിന് വേണ്ടിയാണ് അവൻ കർമങ്ങൾ ചെയ്യുന്നത്. അതുകൊണ്ട് തന്നെ ആര് വെറുത്താലും അല്ലാഹുവിന്റെ ആജ്ഞയിലും തൃപ്തിയിലുമായി അവൻ തന്റെ കർമങ്ങളിൽ നിലയുറപ്പിക്കും.

അതുപോലെ തന്നെ, തന്നിൽനിന്നും പ്രയോജനം ലഭിക്കുന്നവരുടെ എണ്ണം കുറയുന്നതും കൂടുന്നതും ഒരു നിലയ്ക്കും അവനെ ബാധിക്കുകയില്ല. എന്തെന്നാൽ, അവൻ അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ചുകൊണ്ട് അല്ലാഹുവിന്റെ മാർഗത്തിലേക്കാണ് ക്ഷണിക്കുന്നത്; അല്ലാതെ സ്വന്തത്തിലേക്കല്ല.

ഫുദൈൽ ഇബ്‌നു ഇയാദിന്റെ മകനായ അലി പിതാവിനോട് പറഞ്ഞു: ‘എന്റെ പിതാവേ, മുഹമ്മദ് നബി ﷺ യുടെ സ്വഹാബികളുടെ സംസാരം എത്ര മധുരതരമാണ്!’ ഫുദൈൽ ഇബ്‌നു ഇയാദ് പറഞ്ഞു: ‘എന്റെ കുഞ്ഞുമകനേ, അതു മധുരതരമാകാനുള്ള കാരണം നിനക്കറിയുമോ?’ അലി പറഞ്ഞു: ‘ഇല്ല.’ അദ്ദേഹം പറഞ്ഞു: ‘കാരണം, അവർ അതുമുഖേന അല്ലാഹുവിനെയാണ് ലക്ഷ്യം വെച്ചത്’(അൽ ഹിൽയ: 10/23).

(സുഊദി അറേബ്യയിലെ യാമ്പുവിൽ ഉമറുബ്‌നുൽ ഖത്വാബ് മസ്ജിദിലെ ഖത്വീബാണ് ലേഖകൻ)