ഹേമന്ദ് ഗുപ്തയുടെ വിധിന്യായങ്ങളിലൂടെ - 6

സുഫ്‌യാൻ അബ്‌ദുസ്സലാം

2023 നവംബർ 18 , 1445 ജു.ഊലാ 04

(വിധി തേടുന്ന ഹിജാബും കോടതിയിലെ വാദങ്ങളും - 39)

മൗലികാവകാശങ്ങളിൽ നിയന്ത്രണങ്ങളോ?

ഹിജാബ് കേസ് ശബരിമല കേസിന്റെ കൂടെ ഭരണഘടനാ ബെഞ്ചിന് വിടേണ്ടതില്ല എന്ന് വിധിച്ച ശേഷം സ്‌കൂൾ അധികൃതർക്ക് അവർ ഉദ്ദേശിക്കുന്ന വിധത്തിലുള്ള യൂണിഫോം നടപ്പിൽ വരുത്താൻ അവകാശമുണ്ടോ എന്ന വിഷയമാണ് ജസ്റ്റിസ് ഹേമന്ദ് ഗുപ്ത ചർച്ച ചെയ്തത്. പ്രസ്തുത വിഷയത്തിൽ അദ്ദേഹം ഉയർത്തിക്കാണിച്ചത് ഭരണഘടന നൽകുന്ന മൗലികാവകാശങ്ങൾ പരമമല്ല എന്ന പോയിന്റാണ്. അവയുടെ മേൽ ഭരിക്കുന്ന സർക്കാറുകൾക്ക് നിയന്ത്രണം കൊണ്ടുവരാനുള്ള അവകാശമുണ്ട് എന്നുമാണ് അദ്ദേഹം പറഞ്ഞുവന്നത്. അതിനായി സുപ്രീം കോടതി നേരത്തെ പുറപ്പെടുവിച്ച ചില സുപ്രധാന വിധികളിൽനിന്നും അദ്ദേഹം ധാരാളമായി ഉദ്ധരിക്കാൻ ശ്രമിക്കുന്നുണ്ട്. റാം ജാവായ കേസ് പോലുള്ളവയിൽനിന്നും നിലവിലുള്ള ഹിജാബ് കേസുമായി യാതൊരു താരതമ്യവുമില്ലാത്ത വിധികളിൽനിന്നുള്ള വരികൾ സന്ദർഭത്തിൽനിന്നും അടർത്തിയെടുത്തുകൊണ്ടാണ് അദ്ദേഹം അത് സമർഥിക്കാൻ ശ്രമിക്കുന്നത്.

മൗലികാവകാശങ്ങൾ ലംഘിച്ചുകൊണ്ട് സർക്കാറുകൾക്ക് ഒരു നിയമവും ഉണ്ടാക്കാൻ അധികാരമില്ലെന്ന് വ്യക്തമാക്കുന്ന നിരവധി വിധികൾ അഭിഭാഷകർ ഉന്നയിച്ചിരുന്നു. അതിൽ അഡ്വ. ശുഐബ് ആലം ചൂണ്ടിക്കാണിച്ച വിധികളിലാണ് പ്രധാനമായും ജസ്റ്റിസ് ഗുപ്ത വിശദീകരണം നൽകാൻ ശ്രമിച്ചത്. സ്റ്റേറ്റ് ഓഫ് വെസ്റ്റ് ബംഗാൾ-അൻവർ അലി സർക്കാർ (1951), സ്റ്റേറ്റ് ഓഫ് മധ്യപ്രദേശ്-താക്കൂർ ഭാരത് സിംഗ് (1967), ബിഷംബർ ദയാൽ ചന്ദ്രമോഹൻ-സ്റ്റേറ്റ് ഓഫ് ഉത്തർപ്രദേശ് (1981), ഫാർമസി കൗൺസിൽ ഓഫ് ഇന്ത്യ-രാജീവ് കോളേജ് ഓഫ് ഫാർമസി (2022) തുടങ്ങിയ വിധികളാണ് ശുഐബ് ആലം ഉദ്ധരിച്ചിരുന്നത്. ഈ കേസുകളിലെ വിധികൾ മൗലികാവകാശങ്ങൾക്ക് വിരുദ്ധമായി യാതൊരുവിധത്തിലുമുള്ള നിയമങ്ങളും ഉണ്ടാക്കാൻ സർക്കാറുകൾക്ക് അധികാരമില്ല എന്ന് വ്യക്തമാക്കുന്നവയാണ്.

13ാം അനുച്ഛേദം നൽകുന്ന ഉറപ്പുകൾ

ഭരണഘടനയുടെ പതിമൂന്നാം അനുച്ഛേദമാണ് മുകളിൽ സൂചിപ്പിച്ച വിധികളിൽ സുപ്രീം കോടതി ഉയർത്തിപ്പിടിച്ചിരിക്കുന്നത്. പ്രസ്തുത അനുച്ഛേദം ഇങ്ങനെ വായിക്കാം:

അനുച്ഛേദം 13: മൗലികാവകാശങ്ങൾക്ക് സംഗതമല്ലാത്തതോ അവയ്ക്ക് ന്യൂനത വരുത്തുന്നതോ ആയ നിയമങ്ങൾ.

(1) ഈ ഭരണഘടനയുടെ പ്രാരംഭത്തിന് തൊട്ടുമുമ്പ് ഭാരതത്തിന്റെ ഭൂപ്രദേശത്ത് പ്രാബല്യത്തിലിരുന്ന എല്ലാ നിയമങ്ങളും ഈ നിയമത്തിലെ വ്യവസ്ഥകളോട് പൊരുത്തപ്പെടാത്തിടത്തോളം അവ അസാധുവായിരിക്കുന്നതാണ്.

(2) ഈ ഭാഗം നൽകിയിട്ടുള്ള അവകാശങ്ങൾ എടുത്തുകളയുകയോ കുറയ്ക്കുകയോ ചെയ്യുന്ന യാതൊരു നിയമവും രാഷ്ട്രം നിർമിക്കുവാൻ പാടില്ലാത്തതും ഈ ഖണ്ഡം ലംഘിച്ചുകൊണ്ട് നിർമിക്കുന്ന ഏതു നിയമവും അസാധുവായിരിക്കുന്നതാണ്.

മുകളിൽ നൽകിയ അനുച്ഛേദം ഏതൊരു പൗരന്റെയും മൗലികാവകാശങ്ങൾക്ക് പൂർണമായ സംരക്ഷണമാണ് നൽകിയിട്ടുള്ളത്. ഭരണഘടന നൽകിയിട്ടുള്ള ഉപാധികൾ പൊതുസമാധാനം, ധാർമികത, ആരോഗ്യം എന്നിവ മാത്രമാണ്. ഈ ഉപാധികളോടെ ഏതൊരു പൗരനും അയാളുടെ മനഃസാക്ഷി അനുവദിക്കുന്നതോ മതം അനുശാസിക്കുന്നതോ ആയ വേഷങ്ങളും ആചാരങ്ങളും പുലർത്തുന്നതിന് വിരുദ്ധമായി നിയമം ഉണ്ടാക്കാൻ സർക്കാറുകൾക്ക് അനുവാദമില്ല എന്നാണ് ഈ അനുച്ഛേദങ്ങളിലെ വ്യവസ്ഥകൾ വ്യക്തമാക്കുന്നത്.

മൗലികാവകാശങ്ങൾക്ക് താഴെയാണ് സർക്കാർ

മൗലികാവകാശങ്ങൾക്കല്ല നിയന്ത്രണമുള്ളത്, മറിച്ച് സർക്കാറുകൾക്കാണ് നിയന്ത്രണമുള്ളത് എന്നാണ് ഇതെല്ലാം വ്യക്തമാക്കുന്നത്. സർക്കാറുകൾ എന്നുപറയുമ്പോൾ കേന്ദ്ര സർക്കാർ മാത്രമല്ല, രാജ്യത്തിനകത്തുള്ള സംസ്ഥാന സർക്കാർ, തദ്ദേശീയ ഭരണകൂടങ്ങൾ, പാർലമെന്റ്, ഓരോ സംസ്ഥാനത്തെയും നിയമനിർമാണ സഭകൾ എന്നിവയെല്ലാം ഇതിൽ പെടുമെന്ന് ഭരണഘടനയുടെ 12ാം അനുച്ഛേദവും വ്യക്തമാക്കുന്നുണ്ട്.

ഈ വസ്തുതകളെല്ലാം പരിഗണിച്ചുകൊണ്ടാണ് സുപ്രീംകോടതി മുകളിൽ സൂചിപ്പിച്ച കേസുകളിൽ സംസ്ഥാന സർക്കാറുകൾക്കെതിരായി വിധി പുറപ്പെടുവിച്ചത്. സംസ്ഥാന സർക്കാറുകൾ പ്രസ്തുത വിഷയങ്ങളിൽ ഉണ്ടാക്കിയ നിയമങ്ങൾ സുപ്രീം കോടതി ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കുകയും ചെയ്തതായി വിധികളിൽ കാണാം. എന്നാൽ ജസ്റ്റിസ് ഗുപ്ത ഈ വിധികളെ പരാമർശിച്ചുകൊണ്ട്, അവയിലെ ചില സാങ്കേതികതകളെ പർവതീകരിച്ച് അവയൊന്നും നിലവിലെ ശിരോവസ്ത്ര കേസുകൾക്ക് ബാധകമാക്കാൻ സാധിക്കില്ല എന്നാണ് പറയുന്നത്. അദ്ദേഹം പറയുന്ന സാങ്കേതികതകൾ എന്താണെന്ന് വിശദീകരിക്കാൻ അദ്ദേഹത്തിന് തന്നെ സാധിച്ചിട്ടില്ല എന്ന് വിധിന്യായം വായിച്ചാൽ മനസ്സിലാകും.

മൗലികാവകാശങ്ങളെ നിയന്ത്രിച്ചുകൊണ്ട് സർക്കാറുകൾക്ക് നിയമങ്ങൾ ഉണ്ടാക്കാമെന്ന വാദം അദ്ദേഹം കൊണ്ടുവരുന്നത് കർണാടക സർക്കാർ വിദ്യാർഥികളുടെ യൂണിഫോം അടക്കമുള്ള വിഷയങ്ങൾ നടപ്പാക്കാൻ കമ്മിറ്റികൾ രൂപീകരിച്ചത് ഭരണഘടനാനുസൃതമാണെന്ന് സ്ഥാപിക്കുവാൻ വേണ്ടിയാണ്. എന്നാൽ കമ്മിറ്റികൾ രൂപീകരിക്കുന്നതിലല്ല പ്രശ്‌നം, മറിച്ച് വിദ്യാർഥികളുടെ വിശ്വാസത്തിന്റെ ഭാഗമായുള്ള വസ്ത്ര സ്വാതന്ത്ര്യം എന്ന മൗലികാവകാശത്തിനു മേൽ കമ്മിറ്റികൾ കൈവെക്കുന്നതാണ് പ്രശ്‌നത്തിന്റെ മർമമെന്ന് അദ്ദേഹം വിസ്മരിച്ചുപോകുന്നു.

ഏകത്വമല്ല; നാനാത്വമാണ് പ്രധാനം

തുടർന്ന് അദ്ദേഹം യൂണിഫോമിന്റെ ലക്ഷ്യങ്ങളെ കുറിച്ചാണ് പറയുന്നത്. അത് ഇങ്ങനെയാണ്:

“മതപരവും ഭാഷാപരവും പ്രാദേശികവും വിഭാഗീയവുമായ വൈവിധ്യങ്ങൾക്കതീതമായി ഇന്ത്യയിലെ എല്ലാ ജനങ്ങൾക്കുമിടയിൽ ഐക്യവും സാഹോദര്യവും പ്രോത്സാഹിപ്പിക്കുക, സ്ത്രീകളുടെ അന്തസ്സിന് അപമാനകരമായ ആചാരങ്ങൾ ഉപേക്ഷിക്കുക, നമ്മുടെ സംയോജിത സംസ്‌കാരത്തിന്റെ സമ്പന്നമായ പൈതൃകം സംരക്ഷിക്കുക; ശാസ്ത്രീയ മനോഭാവം, മാനവികത, അന്വേഷണത്തിന്റെയും പരിഷ്‌കരണത്തിന്റെയും മനോഭാവം എന്നിവ വികസിപ്പിക്കുക, വ്യക്തിപരവും കൂട്ടായതുമായ പ്രവർത്തനത്തിന്റെ എല്ലാ മേഖലകളിലും മികവ് പുലർത്താൻ പരിശ്രമിക്കുകയും ചെയ്യുക തുടങ്ങിയവയാണ് കർണാടക വിദ്യാഭ്യാസ നിയമത്തിന്റെ സെക്ഷൻ 7(2) പ്രകാരമുള്ള പാഠ്യപദ്ധതി ഉയർത്തിപ്പിടിക്കുന്നത്. ഇതെല്ലാം ഭരണഘടനയുടെ നാലാം ഭാഗത്തിൽ 42ാം ഭേദഗതിയിലൂടെ പ്രത്യേകമായി പരാമർശിച്ചിട്ടുള്ളതുമാണ്.’’

എല്ലാവരും ഒരേതരത്തിലുള്ള വസ്ത്രം ധരിച്ചുകൊണ്ട് പൊതുയിടങ്ങളിൽ പ്രത്യക്ഷപ്പെടുക എന്ന ആശയം യാഥാർഥ്യബോധത്തോടെയുള്ള ഒന്നല്ല. ‘ഏകത’ എന്ന ആശയം ഇന്ത്യൻ സാഹചര്യത്തിൽ പുലരുന്നത് ‘നാനാത്വം’ എന്ന യാഥാർഥ്യത്തെ അംഗീകരിക്കുമ്പോൾ മാത്രമാണ്. നാനാത്വത്തിൽ ഏകത്വം (Unity in diversity) എന്ന മുദ്രാവാക്യം രാജ്യം ഉയർത്തിപ്പിടിച്ചിട്ടുള്ളത് രാജ്യത്തെ സംസ്‌കാരങ്ങളെയും വസ്ത്രരീതികളെയും ഏകോപിപ്പിക്കുന്നതിന് വേണ്ടിയല്ല, പ്രത്യുത വിവിധ വസ്ത്രരീതികളെയും സംസ്‌കാരങ്ങളെയും വിശ്വാസങ്ങളെയും ഒരുമിപ്പിച്ച് ഒരേ പ്രതലത്തിൽ പ്രദർശിപ്പിക്കുന്നതിന് വേണ്ടിയാണ്. അതുകൊണ്ടുതന്നെ ജസ്റ്റിസ് ഗുപ്ത പറഞ്ഞ ആശയങ്ങൾ പ്രത്യക്ഷത്തിൽ ആകർഷകമാണെങ്കിലും ഭാരതീയ പരിപ്രേക്ഷ്യത്തിൽ അതിന് പ്രസക്തിയില്ല എന്നതാണ് വസ്തുത.

മാർഗനിർദേശക തത്ത്വങ്ങൾ പറയുന്നത്

ഏകത എന്ന ആശയം ഭരണഘടനയുടെ നാലാം ഭാഗം ഉയർത്തിപ്പിടിക്കുന്നു എന്ന് പറയുന്നത് ഒട്ടും ശരിയല്ല. 42ാം ഭേദഗതിയിലും അതിനെക്കുറിച്ച് പറയുന്നില്ല. നാലാം ഭാഗം എന്ന് പറയുന്നത് മാർഗ നിർദേശക തത്ത്വങ്ങൾ (Directive Principles of State Policy) ആണ്. അതിലെവിടെയും വിദ്യാർഥികളുടെ യൂണിഫോമിനെക്കുറിച്ചോ അവരുടെ വസ്ത്രരൂപങ്ങൾ ഒരേ രൂപത്തിൽ ആകുന്നതിനെക്കുറിച്ചോ പ്രതിപാദിക്കുന്നില്ല. പിന്നെ എന്താണ് അവിടെ പറയുന്നത് എന്ന് പരിശോധിക്കാം. നാലാം ഭാഗത്തിലെ 39(f) ൽ ആണ് വിദ്യാർഥികളുമായി ബന്ധപ്പെട്ട പ്രതിപാദനമുള്ളത്. ഇത് ജസ്റ്റിസ് ഗുപ്ത പറഞ്ഞപോലെ 42ാം ഭരണഘടനാ ഭേദഗതിയിലൂടെ കടന്നുവന്നതാണ്. അതിങ്ങനെ വായിക്കാം:

“കുട്ടികൾക്ക് ആരോഗ്യകരമായ രീതിയിലും സ്വാതന്ത്ര്യവും അന്തസ്സുമുള്ള പരിതസ്ഥിതിയിലും വളരുവാൻ സൗകര്യങ്ങളും അവസരങ്ങളും നൽകുകയും ചൂഷണത്തിൽനിന്നും ധാർമികവും ഭൗതികവുമായ പരിത്യജനത്തിൽനിന്നും ബാല്യത്തെയും യൗവനത്തെയും സംരക്ഷിക്കുകയും ചെയ്യേണ്ടതുണ്ട്.’’

ഈ അനുച്ഛേദത്തിൽ പറയപ്പെട്ട അന്തസ്സിനെ മറ്റൊരു വിധത്തിൽ വ്യാഖ്യാനിക്കുകയാണ് ജസ്റ്റിസ് ഗുപ്ത ചെയ്യുന്നത്. സ്വാതന്ത്ര്യം എന്ന പദത്തിന് നേരെ അദ്ദേഹം കണ്ണടക്കുകയും ചെയ്യുന്നു. Freedom and dignity എന്നാണ് അവിടെ പ്രയോഗിച്ചിട്ടുള്ളത്. മാത്രവുമല്ല കുട്ടികൾ ധാർമിക പാഠങ്ങൾ പരിത്യജിക്കപ്പെടരുത് അഥവാ ഉപേക്ഷിക്കപ്പെടരുത് എന്ന് പ്രത്യേകം എടുത്തു പറയുന്നുമുണ്ട്. ധാർമികത പ്രധാനമായും കുട്ടികൾക്ക് ലഭിക്കുന്നത് മതാധ്യാപനങ്ങളിലൂടെയും അതിന്റെ അടിസ്ഥാനത്തിലുള്ള സാംസ് കാരിക ബോധ്യങ്ങളിലൂടെയുമാണ്. മനഃസാക്ഷിയിലൂടെയും ലഭിച്ചെന്നിരിക്കാം. അവ ഓരോ കുട്ടികളിലും വ്യത്യസ്തമായിരിക്കും. അഥവാ ഈ അനുച്ഛേദം ഓരോ കുട്ടിയുടെയും ധാർമിക ബോധത്തിന്മേലുള്ള സ്വാതന്ത്ര്യത്തെയും അനുവദിച്ചുകൊടുക്കുന്നു എന്നതാണ് സത്യം. ഈ സത്യത്തെ മറച്ചുപിടിച്ച് മറ്റൊരു വിധത്തിൽ വ്യാഖ്യാനിച്ച് അവർക്ക് ഭരണഘടന നൽകുന്ന സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുകയാണ് ഇവിടെ സംഭവിക്കുന്നത്.

സെക്കുലർ സ്‌കൂളുകൾ എന്ന വാദം

വീണ്ടും അദ്ദേഹം ഈ വിഷയകമായി പറയുന്നത് ഇങ്ങനെയാണ്: “വിഭാഗീയ വൈവിധ്യങ്ങൾ ത്യജിക്കുക, മാനവികത വികസിപ്പിക്കുക, ശാസ്ത്രീയവും മതേതരവുമായ കാഴ്ചപ്പാട് വളർത്തിയെടുക്കുക എന്നിവയാണ് സർക്കാർ ചട്ടം ലക്ഷ്യമാക്കുന്നത്. ചില വിദ്യാർഥികൾ തങ്ങളുടെ മതവിശ്വാസങ്ങൾ സർക്കാർ നടത്തുന്ന ‘സെക്കുലർ’ സ്‌കൂളുകളിലേക്ക് കൊണ്ടുപോകുന്നത് വിഭാഗീയത വളർത്തും. അത് ചട്ടവിരുദ്ധമാണ്. സർക്കാറിന്റെ ചട്ടം അനുസരിക്കുക, അച്ചടക്കം പാലിക്കുക എന്നിവ എല്ലാ വിദ്യാർഥികൾക്കും നിർബന്ധമാണ്. വിദ്യാഭ്യാസം നൽകുമ്പോൾ ഐക്യരൂപം അനിവാര്യമാണ്. അതിൽ പ്രധാനപ്പെട്ടതാണ് യൂണിഫോം. അത് കൂട്ടിച്ചേർക്കലോ കുറയ്ക്കലോ ഇല്ലാതെ ധരിക്കുക നിർബന്ധമാണ്. ചില കുട്ടികൾ വസ്ത്രത്തിനടിയിൽ പുറത്തേക്ക് കാണാത്ത വിധത്തിൽ രുദ്രാക്ഷമോ കുരിശോ ധരിക്കുന്നത് യൂണിഫോമിലുള്ള ഏറ്റക്കുറച്ചിലായി കാണാൻ കഴിയില്ല.’’

സർക്കാറോ വിവിധ മാനേജ്‌മെന്റ് സമിതികളോ നിശ്ചയിക്കുന്ന വസ്ത്രരൂപങ്ങളെ എങ്ങനെയാണ് സെക്കുലർ എന്ന് വിശേഷിപ്പിക്കാൻ സാധിക്കുക? സെക്കുലർ എന്നതിന് ഭരണഘടനയും രാഷ്ട്രവും ഒരു നിർവചനം നൽകിയിട്ടുണ്ട്. ഓരോ വ്യക്തിക്കും അയാളുടെ മതപരമായ സ്വത്വം വെളിവാക്കുന്നതിനോ അനുഷ്ഠിക്കുന്നതിനോ വിരോധമില്ലെന്നും രാഷ്ട്രത്തിന് അത്തരം കാര്യങ്ങളിൽ ഇടപെടാൻ അനുവാദമില്ലെന്നുമാണ് പ്രസ്തുത നിർവചനം. സ്‌കൂളുകൾക്ക് ‘സെക്കുലർ’ എന്ന് നാമകരണം നടത്തി അവിടങ്ങളിൽ മതപരമായ യാതൊന്നും അനുവദിക്കില്ലെന്ന് പറയുന്നത് ഇന്ത്യ സെക്കുലർ എന്ന ആശയത്തിന് നൽകിയിട്ടുള്ള വിശദീകരണങ്ങൾക്ക് വിരുദ്ധമാണ്.

ഇതര മതവിഭാഗങ്ങളിൽ പെട്ട വിദ്യാർഥികൾ രുദ്രാക്ഷമോ കുരിശോ അണിയുന്നത് വസ്ത്രത്തിനുള്ളിൽ മാത്രമാണ് എന്നത് ബാലിശമായ വാദമാണ്. കൈകളിലും കഴുത്തിലുമെല്ലാം ഇത്തരത്തിലുള്ള മതചിഹ്നങ്ങൾ സർവസാധാരണയാണ്. അതെല്ലാം അവരുടെ വിശ്വാസത്തിന്റെ ഭാഗമാണ്. അതൊന്നും സ്‌കൂൾ പരിസരങ്ങളിൽ പുറത്തേക്ക് കാണാൻ പാടില്ല എന്ന് പറയുന്നതും സെക്കുലർ എന്ന ആശയത്തിന് എതിരാണ്.

(അടുത്ത ലക്കത്തിൽ: മനഃസാക്ഷി-മതസ്വാതന്ത്ര്യവും 25ാം അനുച്ഛേദവും)