കർണാടക വിധിയിലെ പൊരുത്തക്കേടുകൾ

സുഫ്‌യാൻ അബ്‌ദുസ്സലാം

2023 ആഗസ്റ്റ് 19 , 1445 സ്വഫർ 03

(വിധി തേടുന്ന ഹിജാബും കോടതിയിലെ വാദങ്ങളും - 31)

ശിരോവസ്ത്രം നിരോധിച്ചുകൊണ്ടുള്ള കർണാടക ഹൈക്കോടതിയുടെ വിധിന്യായത്തിൽ പ്രസ്തുത നടപടിക്ക് ആധാരമായി സ്വീകരിച്ച വിദേശ കോടതികളിൽനിന്നുള്ള ചില വിധി പ്രസ്താവനകളെ അപഗ്രഥിച്ചുകൊണ്ട് ജസ്റ്റിസ് ധൂലിയ നടത്തിയ നിരീക്ഷണങ്ങൾ ഏറെ പ്രസക്തമാണ്. കർണാടക ഹൈക്കോടതി വിധിയിലെ പൊരുത്തക്കേടുകൾ ഒന്നൊന്നായി എടുത്തുപറഞ്ഞുകൊണ്ടായിരുന്നു അദ്ദേഹം നടത്തിയ വിധിപ്രസ്താവം. ബ്രിട്ടനിലെ ഡെൻബി സ്‌കൂളിലെ ഷബീന ബീഗം കേസിൽ മുഖം മറയുന്ന ജിൽബാബ് നിരോധനത്തെ ശിരോവസ്ത്രത്തിലേക്ക് കൂട്ടിക്കെട്ടിയാണ് കർണാടക ഹൈക്കോടതി അവതരിപ്പിച്ചത്. എന്നാൽ ജിൽബാബ് ധരിച്ചതിന്റെ പേരിൽ പോലും ഒരു കുട്ടിയുടെ വിദ്യാഭ്യാസ അവകാശം നിഷേധിക്കാൻ സ്‌കൂളുകൾക്കോ ഭരണകൂടങ്ങൾക്കോ അവകാശമില്ല എന്ന ഹൗസ് ഓഫ് ലോർഡ്‌സിലെ വനിതാ ജഡ്ജിന്റെ നിരീക്ഷണത്തെ ജസ്റ്റിസ് ധൂലിയ അവലംബമാക്കിയത് കർണാടകക്ക് വലിയ തിരിച്ചടിയാണ്.

ഡെൻബി സ്‌കൂൾ കേസ് വിധി ഒരിക്കലും കർണാടകക്ക് അനുകൂലമല്ലെന്ന് സമർഥിച്ച ധൂലിയ കർണാടകയുടെ വിധിന്യായത്തിൽ ഉദ്ധരിച്ച മറ്റു കോടതി വിധികളിലേക്ക് പ്രവേശിച്ചു. മില്ലർഗിൽസ് (1969), ക്രിസ്മസ് എൽ റെനോ ബോർഡ് ഓഫ് എഡ്യൂക്കേഷൻ (1970) തുടങ്ങിയ കേസുകളെ കുറിച്ചാണ് അദ്ദേഹം പരാമർശിച്ചത്. രണ്ടു കേസുകളിലും സ്‌കൂൾ അധികൃതർ കുട്ടികൾക്ക് വിദ്യാഭ്യാസ അവകാശം നിഷേധിച്ചിട്ടില്ല എന്ന വസ്തുത മറച്ചുവെച്ചുകൊണ്ടാണ് കർണാടക ഹൈക്കോടതി സംസാരിച്ചിട്ടുള്ളത് എന്നാണ് ജസ്റ്റിസ് ധൂലിയ ചൂണ്ടിക്കാട്ടിയത്.

മില്ലർ, ക്രിസ്മസ് കേസുകൾ

അമേരിക്കയിലെ ഇല്ലിനോയിയിലെ ബാരിങ്ടൺ കൺസോളിഡേറ്റഡ് സ്‌കൂളിൽ സ്‌കൂളിൽ പഠിക്കുന്ന ഡേവിഡ് മില്ലർ എന്ന വിദ്യാർഥി, അനുവദിച്ച അളവിൽ കൂടുതൽ മുടി വളർത്തിയതിന്റെ പേരിൽ വിദ്യാർഥിക്കെതിരെ സ്‌കൂൾ അധികൃതർ എടുത്ത നടപടിയാണ് മില്ലർ-ഗിൽസ് കേസ് എന്നറിയപ്പെടുന്നത്. എന്നാൽ കർണാടക ഹൈക്കോടതി പ്രസ്തുത വിധിയിലെ ചെറുഭാഗം ഉദ്ധരിച്ച് അവർക്കനുകൂലമാക്കി വ്യാഖ്യാനിക്കുകയായിരുന്നു. പ്രസ്തുത സ്‌കൂൾ ഒരു കാർഷിക സ്‌കൂൾ ആയതിനാൽ അവിടെ കാക്കി വസ്ത്രങ്ങൾ ധരിക്കണമെന്ന നിയമം ഉണ്ടായിരുന്നു. ഈ നിയമത്തിന് കോടതിയുടെ അംഗീകാരം ഉണ്ടായിരുന്നു എന്ന് ചൂണ്ടിക്കാട്ടി സ്‌കൂളുകാർക്ക് ഏതു നിയമവും ഉണ്ടാക്കാം എന്ന് സമർഥിക്കാനാണ് കർണാടക ഹൈക്കോടതി ശ്രമിച്ചത്. എന്നാൽ കേസിന്റെ പ്രധാന വിഷയം ഒരു കുട്ടി മുടി നീട്ടിവളർത്തിയതായിരുന്നു എന്നും കുട്ടിയുടെ നടപടി കോടതി ശരിവച്ചിരുന്നു എന്നും കർണാടക മറച്ചുവച്ചതിനെയാണ് ജസ്റ്റിസ് ധൂലിയ വിമർശിക്കുന്നത്. മില്ലർ കേസിലെ കോടതി വിധിയിലെ ഒരു പ്രസ്താവന വായിച്ചാൽ ഇപ്പോൾ ചർച്ച ചെയ്യുന്ന ശിരോവസ്ത്ര വിഷയത്തിൽ കർണാടകയുടെ നിലപാടിന് എതിരായിരുന്നു പ്രസ്തുത വിധി എന്ന് മനസ്സിലാക്കാൻ ഒരും പ്രയാസമില്ല. അതിങ്ങനെയാണ്:

“വിദ്യാർഥികൾ ഭരണഘടനക്ക് കീഴിലുള്ള വ്യക്തികളാണ്; പ്രായപൂർത്തിയായവർക്കുള്ള അതേ അവകാശങ്ങൾ അവർക്കുമുണ്ട്. വിദ്യാർഥികൾ രണ്ടാംതരം പൗരന്മാരല്ല. ഭരണഘടനയുടെ സംരക്ഷണം ആദരണീയരായ മുതിർന്നവർക്ക് ലഭിക്കുന്നത് പോലെ നവജാത ശിശുവിനും ലഭ്യമാണ്.’’

ഒരു മുതിർന്ന പൗരന് ലഭിക്കുന്ന മൗലികാവകാശങ്ങൾ പോലെ വിദ്യാർഥികൾക്കും അത് ഉറപ്പാക്കേണ്ടതുണ്ട് എന്ന നിരീക്ഷണമാണ് കോടതി നടത്തിയിട്ടുള്ളത്.

അമേരിക്കയിലെ തന്നെ ഒക്‌ലഹോമയിലെ എൽ റെനോ ബോർഡ് ഓഫ് എഡ്യൂക്കേഷനിലെ ഗാരി ക്രിസ്മസ് എന്ന വിദ്യാർഥിയും നടപടി നേരിട്ടത് മുടി വളർത്തിയതിനെ തുടർന്നായിരുന്നു. മുകളിൽ സൂചിപ്പിച്ച മില്ലർ കേസ് പോലെയുള്ള ഒരു കേസ് തന്നെയാണ് ഇതും. ഈ കേസിലും സ്‌കൂൾ അധികൃതർക്ക് ഹെയർ കോഡും ഡ്രസ്സ് കോഡും നിർമിക്കാനുള്ള അധികാരമുണ്ട് എന്ന് ചൂണ്ടിക്കാണിക്കാനാണ് കർണാടക ഹൈക്കോടതി ഇത് ഉദ്ധരിച്ചത്. എന്നാൽ വിദ്യാർഥികളെ പുറത്താക്കാൻ ഇതൊരു കാരണമല്ല എന്ന കോടതി വിധിയാണ് ഏറെ പ്രസക്തമാവുന്നത്. ഈ കേസുകളെല്ലാം ശിരോവസ്ത്രത്തിനായി പൊരുതുന്ന വിദ്യാർഥിനികൾക്ക് അനുകൂലമാണ് എന്ന വസ്തുതയാണ് ജസ്റ്റിസ് ധൂലിയ ചൂണ്ടിക്കാണിക്കുന്നത്.

ധൂലിയയുടെ പ്രസക്തമായ ചോദ്യങ്ങൾ

നമ്മുടെ കേസിൽ സ്‌കൂൾ അഡ്മിനിസ്‌ട്രേഷനും സർക്കാറും ഉത്തരം നൽകേണ്ട പ്രധാനപ്പെട്ട വിഷയം ഇതാണ്; ഒരു പെൺകുട്ടിയുടെ വിദ്യാഭ്യാസമാണോ അതോ പൊതുവായ ഡ്രസ്സ് കോഡാണോ പ്രധാനം? കർണാടകയിലെ സ്‌കൂളുകളിൽ ‘ഹിജാബ് നിരോധനം’ നടപ്പാക്കിയതിലൂടെ സംഭവിച്ചത് പല പെൺകുട്ടികൾക്കും അവരുടെ ബോർഡ് പരീക്ഷ പോലും എഴുതാൻ സാധിച്ചില്ല എന്നതാണ്. ഹർജിക്കാർക്ക് വേണ്ടി ഹാജരായ പല മുതിർന്ന അഭിഭാഷകരും ഇക്കാര്യം അറിയിച്ചിട്ടുണ്ട്. കൂടാതെ ചില വിദ്യാർഥിനികൾ സ്‌കൂൾ പഠനം ഉപേക്ഷിച്ച് മദ്‌റസകളിൽ ചേക്കേറാൻ നിർബന്ധിതരായി. മദ്‌റസകളിൽ അവർക്ക് സ്‌കൂൾ നിലവാരത്തിലുള്ള വിദ്യാഭ്യാസം ലഭിക്കില്ല എന്ന് തീർച്ചയാണ്. അതുകൊണ്ട് വിദ്യാർഥിനികളെ സ്‌കൂൾ കവാടങ്ങളിൽ എത്തിക്കുക എന്നതാണ് ഏറ്റവും പ്രധാനം.

പെൺകുട്ടികൾ നേരിടുന്ന വെല്ലുവിളികൾ

ജസ്റ്റിസ് ധൂലിയ തുടരുന്നു: ‘ഇന്ന് ഇന്ത്യയിലെ ഏറ്റവും മികച്ച കാഴ്ചകളിലൊന്ന്, സ്‌കൂൾ ബാഗ് മുതുകിൽവച്ച് കാലത്ത് സ്‌കൂളിലേക്ക് പോകുന്ന ഒരു പെൺകുട്ടിയാണ്. അവൾ രാജ്യത്തിന്റെ പ്രതീക്ഷയാണ്, നമ്മുടെ ഭാവിയാണ്. നമ്മുടെ രാജ്യത്തെ പൊതുസാഹചര്യം ഒരു പെൺകുട്ടിക്ക് ആൺകുട്ടികളെ അപേക്ഷിച്ച് വിദ്യാഭ്യാസം ലഭിക്കുന്നത് വളരെ ബുദ്ധിമുട്ടാണ് എന്നതാണ്. പെൺകുട്ടികൾ തങ്ങളുടെ ബാഗ് എടുത്ത് സ്‌കൂളിൽ പോകുന്നതിന് മുമ്പ്, ഗാർഹിക ജോലികളിൽ വ്യാപൃതരാവുകയും വീട് വൃത്തിയാക്കുകയും അമ്മമാരെ സഹായിക്കുകയും ചെയ്യുന്നത് ഇന്ത്യയിലെ ഗ്രാമങ്ങളിലെയും അർധനഗര പ്രദേശങ്ങളിലെയും നിത്യകാഴ്ചയാണ്. അതായത് ഒരു പെൺകുട്ടി വിദ്യാഭ്യാസം നേടുന്നതിന് നേരിടുന്ന തടസ്സങ്ങളും ബുദ്ധിമുട്ടുകളും ആൺകുട്ടികളെക്കാൾ പതിന്മടങ്ങ് വലുതാണ്. അതുകൊണ്ട്തന്നെ ഈ കേസിനെ കാണേണ്ടത് സ്‌കൂളുകളിൽ എത്തുന്നതിൽ പെൺകുട്ടികൾ നേരിടുന്ന വെല്ലുവിളികൾ എന്ന വീക്ഷണകോണിലാണ്.’ ഹിജാബ് ധരിച്ചതുകൊണ്ടുമാത്രം ഒരു പെൺകുട്ടിയുടെ വിദ്യാഭ്യാസം നിഷേധിക്കുന്നതിലൂടെ നാം അവളുടെ ജീവിതം കൂടുതൽ ദുഷ്‌കരമാക്കുകയല്ലേ എന്നതാണ് പ്രധാനമായും ഇവിടെ ഉയരുന്ന ചോദ്യം.

ശിരോവസ്ത്രം അണിഞ്ഞാൽ കുഴപ്പമെന്ത്?

ധൂലിയ: “ഹരജിക്കാർ ആവശ്യപ്പെടുന്നത് ശിരോവസ്ത്രം ധരിക്കാനുള്ള അവകാശം മാത്രമാണ്. ഒരു ജനാധിപത്യ സംവിധാനത്തിൽ ഇത് ചോദിക്കുന്നത് എങ്ങനെയാണ് അധികമാവുന്നത്? എങ്ങനെയാണ് പൊതുക്രമം, സദാചാരം, ആരോഗ്യം എന്നിവക്ക് ഇത് എതിരായിത്തീരുന്നത്? ഭരണഘടനയുടെ മൂന്നാം ഭാഗത്തിലെ മറ്റേതെങ്കിലും വ്യവസ്ഥകൾക്ക് ഇത് വിരുദ്ധമാവുന്നത് എങ്ങനെയാണ്? ഈ ചോദ്യങ്ങൾക്ക് കർണാടക ഹൈക്കോടതി വിധിയിൽ മതിയായ ഉത്തരം ലഭിച്ചിട്ടില്ല. 2022 ഫെബ്രുവരി 5ലെ സർക്കാർ ഉത്തരവിലോ ഹൈക്കോടതിയുടെ മുമ്പാകെയുള്ള എതിർ സത്യവാങ്മൂലത്തിലോ ന്യായമായ കാരണങ്ങളൊന്നും കർണാടക നൽകിയിട്ടില്ല. ക്ലാസ് മുറിയിൽ ശിരോവസ്ത്രം ധരിച്ചിരിക്കുന്ന ഒരു പെൺകുട്ടി ഒരു ക്രമസമാധാന പ്രശ്‌നമാവുന്നത് എങ്ങനെയാണ് എന്ന് എന്റെ യുക്തിക്ക് ഒരിക്കലും ബോധ്യമാവുന്നില്ല. നേരെമറിച്ച് ശിരോവസ്ത്രം പോലുള്ള സാംസ്‌കാരിക അടയാളങ്ങൾ അനുവദിക്കുന്നതിലൂടെ ഒരു ബഹുസ്വര സമൂഹത്തിൽ എങ്ങനെ ജീവിക്കാൻ സാധിക്കുമെന്ന് വിദ്യാർഥി സമൂഹത്തെ പഠിപ്പിക്കാൻ സാധിക്കും. പക്വതയാർജിച്ച സമൂഹം ഇങ്ങനെയാണ് പ്രവർത്തിക്കേണ്ടത്. യുണൈറ്റഡ് സ്റ്റേറ്റ്സ്-ഷ്വിമ്മർ കേസിൽ ജസ്റ്റിസ് ഒലിവർ വെൻഡൽ ഹോംസ് ജൂനിയർ നടത്തിയ പ്രസ്താവന വളരെ പ്രസിദ്ധമാണ്. അതിങ്ങനെ വായിക്കാം: ‘നമ്മുടെ ഭരണഘടനയുടെ ഏതെങ്കിലും ഒരു തത്ത്വം കൂടുതൽ ആകർഷിക്കപ്പെടുന്നുണ്ടെങ്കിൽ അത് സ്വതന്ത്ര ചിന്ത ഉദ്ഘോഷിക്കുന്ന തത്ത്വമാണ്. നമ്മോട് യോജിക്കുന്നവരോട് യോജിക്കുന്ന തരത്തിലുള്ള സ്വതന്ത്ര ചിന്തയല്ല, മറിച്ച് നമ്മോട് വിയോജിക്കുകയും നാം വെറുക്കുകയും ചെയ്യുന്ന ചിന്തകൾക്ക് കൂടി സ്വാതന്ത്ര്യമുണ്ട് എന്ന് ധരിക്കുന്ന ചിന്തയാണത്.’ ഇതല്ലേ പക്വമായ നിരീക്ഷണം?’’

ഹിജാബ് ഡെറിവേറ്റിവ്സ് റൈറ്റ് അല്ല

ധൂലിയ: “ഒരു പെൺകുട്ടിക്ക് അവളുടെ വീട്ടിലോ വീടിന് പുറത്തോ ശിരോവസ്ത്രം ധരിക്കാൻ അവകാശമുണ്ട്, ആ അവകാശം അവളുടെ സ്‌കൂൾ ഗേറ്റിൽ അവസാനിക്കുന്നതല്ല. സ്‌കൂൾ ഗേറ്റിനുള്ളിലും ക്ലാസ് മുറിയിലും കുട്ടി അവളുടെ അന്തസ്സും അവളുടെ സ്വകാര്യതയും വഹിച്ചുകൊണ്ടിരിക്കുന്നു. അവളുടെ മൗലികാവകാശങ്ങൾ അവൾ നിലനിർത്തുന്നു. ഈ അവകാശങ്ങൾ ഒരു ക്ലാസ്‌റൂമിനുള്ളിലാവുമ്പോൾ അവ കേവലം ‘വ്യുത്പന്ന അവകാശങ്ങൾ’ (Derivative rights) ആണെന്ന നിരീക്ഷണം പൂർണമായും തെറ്റാണ്.’’

ന്യൂനപക്ഷ സംരക്ഷണം ഭൂരിപക്ഷത്തിന്റെ കൂടി ബാധ്യത

ധൂലിയ: “നാം ജീവിക്കുന്നത് ഒരു ജനാധിപത്യ സംവിധാനത്തിലും നിയമവാഴ്ചയിലുമാണ്. നമ്മെ ഭരിക്കുന്ന നിയമങ്ങൾ പാസ്സാക്കേണ്ടത് നമ്മുടെ ഭരണഘടനയാണ്. നമ്മുടെ ഭരണഘടന ഉയർത്തിപ്പിടിക്കുന്ന ബഹുമുഖ ഭാവങ്ങളിൽ ഏറെ ശ്രദ്ധേയം വിവിധ വിഭാഗങ്ങൾ തമ്മിലുള്ള പരസ്പര വിശ്വാസമാണ്. പരസ്പരവിശ്വാസത്തിന്റെ സുപ്രധാന രേഖ കൂടിയാണ് നമ്മുടെ ഭരണഘടന. ന്യൂനപക്ഷങ്ങൾക്ക് ഭൂരിപക്ഷ സമൂഹത്തിലുണ്ടാകുന്ന വിശ്വാസമാണ് അതിലേറ്റവും പ്രധാനം. ഭരണഘടനാ നിർമാണ സഭയിൽവച്ച് 1949 മെയ് 24ന് സർദാർ വല്ലഭായ് പട്ടേൽ നടത്തിയ പ്രഖ്യാപനം ഈ വിഷയത്തിൽ നമുക്ക് ദിശാബോധം നൽകുന്നുണ്ട്. അദ്ദേഹം പ്രഖ്യാപിച്ചു: ‘ന്യൂനപക്ഷങ്ങളെ തിടുക്കത്തിൽ ഒരു പ്രത്യേക സ്ഥാനത്തേക്ക് ഒതുക്കിനിർത്തുക എന്നത് നമ്മുടെ ഉദ്ദേശ്യമാവാൻ പാടില്ല. രാജ്യത്തിന്റെ മാറിയ സാഹചര്യങ്ങളിൽ, ഒരു മതേതര രാഷ്ട്രത്തിന്റെ യഥാർഥമായ അടിത്തറയാണ് ഇവിടെ പാകുന്നത് എന്ന നിഗമനത്തിൽ ന്യൂനപക്ഷങ്ങൾ സത്യസന്ധമായി എത്തിച്ചേരേണ്ടതുണ്ട്. അതിന് ന്യൂനപക്ഷങ്ങൾക്ക് ഭൂരിപക്ഷത്തെ കുറിച്ച് കൃത്യമായ ബോധ്യവും വിശ്വാസവും ഉണ്ടാവേണ്ടതുണ്ട്. അതുപോലെ, ന്യൂനപക്ഷങ്ങളോട് അഹിതമായി പെരുമാറുന്ന അവസ്ഥയുണ്ടായാൽ അതവരിലുണ്ടാക്കുന്ന അരക്ഷിതാവസ്ഥയെ കുറിച്ചുള്ള ബോധം ഭൂരിപക്ഷത്തിനും ഉണ്ടാവേണ്ടതുണ്ട്.’ രാഷ്ട്രശിൽപികളുടെ കണ്ടെത്തൽ ഇങ്ങനെയെങ്കിൽ അതിനെ അവഗണിക്കുന്നത് ശരിയാണോ?’’

ഭരണഘടനാമൂല്യങ്ങൾ കേവലം വാചാടോപമോ?

ധൂലിയ: “കർണാടക ഹൈ ക്കോടതിക്ക് മുമ്പാകെ ഹരജിക്കാർ രാജ്യത്തിന്റെ സാംസ്‌കാരിക വൈവിധ്യത്തെക്കുറിച്ചും ബഹുസ്വരതയെ കുറിച്ചുമെല്ലാം ചോദിച്ചെങ്കിലും അതെല്ലാം ‘പൊള്ളയായ വാചാടോപം’ (hollow rhetoric) ആണെന്നായിരുന്നു കോടതിയുടെ പക്ഷം. കൂടാതെ ‘നാനാത്വത്തിൽ ഏകത്വം’ എന്ന ഭരണഘടന ഉയർത്തിപ്പിടിക്കുന്ന സുപ്രധാന വിഷയം പലപ്പോഴും അഭിഭാഷകർ ചൂണ്ടിക്കാട്ടിയപ്പോൾ അതെല്ലാം ‘പലപ്പോഴും ഉദ്ധരിക്കപ്പെടുന്ന ചർവിത ചർവണങ്ങൾ’ (oft quoted platitude) മാത്രമാണെന്ന് തള്ളിപ്പറഞ്ഞത് ജുഡീഷ്യറിക്ക് ഉണ്ടാവേണ്ട ശരിയായ നിലപാടല്ല. ജുഡീഷ്യറി ഉയർത്തിപ്പിടിക്കേണ്ടത് ഭരണഘടനയാണ്.’’

കർണാടക ഹൈക്കോടതിയുടെ പരാമർശം ഇങ്ങനെയായിരുന്നു: “Petitioners’ contention that a classroom should be a place for recognition and reflection of diversity of society, a mirror image of the society (socially and ethically) in its deeper analysis is only a hollow rhetoric, ‘unity in diversity’ being the oft quoted platitude....’’ (ക്ലാസ് റൂം സമൂഹത്തിന്റെ വൈവിധ്യത്തെ തിരിച്ചറിയുന്നതിനും പ്രതിഫലിപ്പിക്കുന്നതിനുമുള്ള ഇടമായിരിക്കണമെന്നും അത് സമൂഹത്തിന്റെ (സാമൂഹികമായും ധാർമികമായും) ഒരു പ്രതിച്ഛായയായി നിലനിൽക്കണമെന്നുമുള്ള അഭിപ്രായങ്ങൾ ആഴത്തിലുള്ള വിശകലനത്തിൽ ഒരു പൊള്ളയായ വാചാടോപം മാത്രമാണ്, ‘നാനാത്വത്തിൽ ഏകത്വം’ എന്നത് ചർവിത ചർവണങ്ങളായി ഉദ്ധരിക്കപ്പെടുന്ന കേവല വർത്തമാനം മാത്രമാണ്). വളരെ ഗുരുതരമായ പരാമർശമാണിത്. ഭരണഘടനയുടെ അന്തസ്സത്തക്ക് നിരക്കാത്തതും അതിന്റെ മൂല്യങ്ങളെ ഇടിച്ചുതാഴ്ത്തുന്നതുമായ പ്രസ്താവനയാണിത്. ഒരിക്കലും ഒരു കോടതിയുടെ ഭാഗത്തുനിന്നും രാഷ്ട്രം ഇത് പ്രതീക്ഷിക്കുന്നില്ല.

(അടുത്ത ലക്കത്തിൽ: വിദ്യാലയങ്ങളിൽ മതേതരത്വ പഠനം അനിവാര്യം)