ദൃഷ്ടാന്തങ്ങൾ; പ്രകൃതിയിലും മനുഷ്യരിലും

ഷാഹുൽ പാലക്കാട്‌

2023 സെപ്തംബർ 16 , 1445 റ.അവ്വൽ 01

E40. പച്ചപ്പിന്റെ തിരിച്ചുവരവ്

“അറബികളുടെ നാടുകൾ വീണ്ടും പുൽമേടുകളും നദികളും ആയിത്തീരുന്നതുവരെ അന്ത്യനാൾ സംഭവിക്കുന്നതല്ല’’(മുസ്‌ലിം).

1400 വർഷങ്ങൾ മുമ്പ് ചുട്ടുപൊള്ളുന്ന അറേബ്യൻ മരുഭൂമിയിൽ ജീവിച്ചിരുന്ന സാധാരണക്കാരെ സംബന്ധിച്ചിടത്തോളം വളരെ വിചിത്രമായി തോന്നാവുന്ന ഒരു പ്രവചനമാണ് അന്ന് പ്രവാചകൻ ﷺ നടത്തിയത്. ഇന്ന് ആ പ്രവചനം നമ്മുടെ മുന്നിൽ പുലരുന്നതായി കാണാൻ കഴിയുന്നു. 1980കൾവരെ അറേബ്യൻ മരുഭൂമിയിൽ വളരെ ചുരുങ്ങിയ സ്ഥലങ്ങളിൽ മാത്രമെ പച്ചപ്പും ചെറിയ രീതിയിൽ കൃഷികളും കാണാമായിരുന്നുള്ളു. ശേഷമുള്ള വർഷങ്ങളിൽ അവിടുത്തെ സ്ഥിതിഗതികൾ മാറിമറിഞ്ഞു. ഇന്ന്, cloud seeding, pivot irrigation പോലുള്ള ആധുനിക രീതികൾ മുഖേന വളരെ വിശാലമായ സ്ഥലങ്ങളിൽ പഴവർഗങ്ങളും പച്ചക്കറികളും മറ്റു കാർഷികോൽപന്നങ്ങളും അവർ ഉൽപാദിപ്പിക്കുന്നു. പ്രവാചകൻ ﷺ പ്രവചിച്ചതുപോലെ അറേബ്യൻ മരുഭൂമി ഹരിതവത്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.

ഈ ഹദീസിൽ മറ്റൊരു അത്ഭുതകരമായ കാര്യവും ഉൾകൊള്ളുന്നുണ്ട്.

അറേബ്യൻ മരുഭൂമി ‘വീണ്ടും ഹരിതവത്കരിക്കപ്പെടും’ എന്ന ആശയമാണത്. ഒരിക്കൽ അങ്ങനെയായിരുന്നു എന്ന് അർഥം. ഇത് തെളിയിക്കുന്ന പല ആധുനിക പഠനങ്ങളുമുണ്ട്.

1) പുരാതന കാലത്ത് അറേബ്യൻ മരുഭൂമിയിൽ നിലനിന്നിരുന്ന നദികളുടെയും തടാകങ്ങളുടെയും ശൃഖലയെക്കുറിച്ച് Oxford universityയിലെ ഗവേഷകർ നടത്തിയ ഗവേഷണം.

https://www.ox.ac.uk/news/2012-04-30-ancient-network-rivers-and-lakes-found-arabian-desert

2) BBC report ചെയ്യുന്ന പഠനം:

Tusk clue to Saudi Desert’s green past.

https://www.bbc.com/news/world-middle-east-26841410

3) Nasa Sees Fields of Green Spring in Saudi Arabia.

https://www.nasa.gov/topics/earth/features/saudi-green.html

4) Ancient Saudi Arabia was once lush and green - Gulf News

https://www.nasa.gov/topics/earth/features/saudi-green.html

വെള്ളമെത്താത്ത ഒരു മരുഭൂമിയിൽനിന്നും അത് തളിർക്കുന്ന ഭാവിയെ അറിയാനും അതിനെ സംബന്ധിച്ച് സംസാരിക്കാനും ദൈവദൂതനാൽ അല്ലാതെ കഴിയില്ല. ഇന്നത്തെ അറബ് ലോകത്തിന്റെ പ്രകൃതിയിലെ മാറ്റം ഇസ്‌ലാമിന്റെ സത്യതയെ തെളിയിക്കുന്നു.

E41. അനുയായികളുടെ സാക്ഷ്യം

‘പ്രവാചകൻ ﷺ ഒരവസരത്തിൽ ദീർഘമായി പ്രസംഗിച്ചു. ലോകാവസാനത്തിനു മുമ്പ് സംഭവിക്കാനിരിക്കുന്ന അടയാളങ്ങൾ പലതും ആ വർത്തമാനത്തിൽ കടന്നുവന്നു. ചിലതെല്ലാം ഞങ്ങളുടെ ഓർമയിൽ നിൽക്കുകയും ചിലതെല്ലാം ഞങ്ങൾ മറന്നുപോവുകയും ചെയ്തു. അതിനുശേഷം പ്രവാചകൻ ﷺ പറഞ്ഞ കാര്യങ്ങൾ സംഭവിക്കുന്നത് കാണാൻ തുടങ്ങി. അപ്പോഴാണ് പ്രവാചകൻ ﷺ പറഞ്ഞ കാര്യങ്ങൾ തിരിച്ച് ഓർമയിൽ വന്നത്. മറന്ന ഒരു വ്യക്തിയെ വീണ്ടും കാണുമ്പോൾ ഓർക്കുന്നപോലെ ഈ തിരിച്ചറിവ് ഉണ്ടായി’(ബുഖാരി, മുസ്‌ലിം).

നബി ﷺ പറഞ്ഞ അടയാളങ്ങൾ സംഭവിക്കുന്നതിന് സാക്ഷികളായി എന്നാണ് നിവേദനം. ഏതൊരു മനുഷ്യൻ തനിക്ക് അറിയാത്ത വിഷയത്തെ സംബന്ധിച്ച് മുന്നേ പറയാൻ ശ്രമിച്ചാലും അത് അബദ്ധമാകാനാണ് കൂടുതൽ സാധ്യതയുള്ളത് എന്നിരിക്കെ നിലനിൽക്കുന്ന ലോകക്രമത്തിൽ വരാനിരിക്കുന്ന അനവധി കാര്യങ്ങളെ കൃത്യമായി പ്രവചിക്കാൻ ആരെക്കൊണ്ടും ആകില്ലെന്നുറപ്പാ ണ്. പ്രവാചകനിൽനിന്ന് അത് സംഭവിച്ചതായും തങ്ങൾ അതിനു സാക്ഷികളായിട്ടുണ്ടെന്നും അനുയായികൾ സാക്ഷ്യം വഹിക്കുന്നു. ഇത് അദ്ദേഹം ദൈവദൂതനാണെന്നതിന്റെ വ്യക്തമായ തെളിവാണ്.

E42. ആഴക്കടലിലെ ഇരുട്ടുകൾ

“അല്ലെങ്കിൽ ആഴക്കടലിലെ ഇരുട്ടുകൾ പോലെയാകുന്നു (അവരുടെ പ്രവർത്തനങ്ങളുടെ ഉപമ). തിരമാല അതിനെ (കടലിനെ) പൊതിയുന്നു. അതിനുമീതെ വീണ്ടും തിരമാല. അതിനുമീതെ കാർമേഘം. അങ്ങനെ ഒന്നിനു മീതെ മറ്റൊന്നായി അനേകം ഇരുട്ടുകൾ. അവന്റെ കൈ പുറത്തേക്ക് നീട്ടിയാൽ അതുപോലും അവൻ കാണുമാറാകില്ല. അല്ലാഹു ആർക്ക് പ്രകാശം നൽകിയിട്ടില്ലയോ അവന്ന് യാതൊരു പ്രകാശവുമില്ല’’ (ക്വുർആൻ 24:40).

ആഴക്കടലിൽ 200 മീറ്റർ ആഴത്തിൽ താഴെയായി ഇരുട്ട് ആരംഭിക്കുന്നു. 1000 മീറ്റർ അഥവാ ഒരു കിലോമീറ്റർ ആഴത്തിൽ താഴേക്ക് വെളിച്ചം എത്തുകയില്ല. അഥവാ അവിടെ കൂരിരുട്ടായിരിക്കും. Bathypelagic zone എന്നാണിത് അറിയപ്പെടുന്നത്. വീണ്ടും ആഴത്തിലേക്ക് പോയാൽ 4000 മീറ്ററിന് താഴെ കൂരാക്കൂരിരുട്ടായ abyssopelagic zone ആണ്.

ഇവിടെ രണ്ടുതരം തിരമാലകളെക്കുറിച്ച് ക്വുർആൻ സൂക്തം പരാമർശിക്കുന്നു. കടലിന്റെ ആഴങ്ങളിലു ള്ള തിരമാല (Internal wave). അതിനു മുകളിലായി കടലിന്റെ ഉപരിതലത്തിൽ നമ്മളെല്ലാം കാണുന്ന തിരമാല (surface wave). ‘ആഴക്കടലിലെ ഇരുട്ട്. അതിനെ തിരമാല മൂടിയിരിക്കുന്നു. അതിനുമീതെ വേറെയും തിരമാല. അതിനു മുകളിൽ കാർമേഘം...’ ഈ വചനമനുസരിച്ച് കാർമേഘത്തിൽനിന്നും എത്ര താഴെയാണോ ഉപരിതല തിരമാലകൾ, അതുപോലെ താഴെയായിരിക്കണം കടലിന്റെ ആന്തരിക തിരമാലകൾ. കൈകൾ മുഖത്തിനുനേരെ പിടിച്ചാൽ അതുപോലും കാണാൻ കഴിയാത്ത കൂരിരുട്ടുള്ള കടൽ. ആഴത്തിനെ മൂടുന്ന തിരമാല എന്നാണ് ക്വുർആന്റെ പ്രയോഗം. ആന്തരിക തിരമാലകൾക്ക് മാത്രമാണ് ഈ പ്രത്യേകത.

യൂറോപ്യൻ സ്‌പേസ് ഏജൻസി വെബ്‌സൈറ്റ് പറയുന്നത് കാണാം: “Internal waves എന്നത് സമുദ്രത്തിന്റെ ആഴങ്ങളിലുള്ള തിരമാലകളാണ്. സമുദ്രത്തിൽ വ്യത്യസ്ത സാന്ദ്രതകളിലുള്ള ജല പാളികൾ ഉണ്ടാകുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇങ്ങനെ വ്യത്യസ്ത സാന്ദ്രതക്കുള്ള കാരണങ്ങൾ പ്രധാനമായും താപനിലയിലുള്ള വ്യതിയാനങ്ങളാണ്; ചിലപ്പോൾ ജലങ്ങളുടെ ലവണാംശങ്ങളിലുള്ള (salinity) വ്യത്യാസവുമാവാം. വ്യത്യസ്ത സാന്ദ്രതയിലുള്ള ജലസമുച്ചയങ്ങൾ വ്യത്യസ്ത പാളികളായി സ്ഥിതിചെയ്യുന്നു. ഈ രണ്ടു പാളികൾക്കിടയിലുള്ള ഭാഗത്തിന് പിക്‌നുക്ലൈൻ എന്നു പറയുന്നു. ജലപാളികൾക്കിടയിലുള്ള സാന്ദ്രതാവ്യത്യാസത്തിന് കാരണം താപനിലയിലുള്ള വ്യത്യാസമാണെങ്കിൽ ഇതിനെ തെർമോക്ലൈൻ എന്നു വിളിക്കുന്നു. സാന്ദ്രതാ വ്യത്യാസത്തിന് കാരണം ലവണാംശത്തിലുള്ള വ്യത്യാസമാണെങ്കിൽ ഇതിനെ ഹാലോക്ലൈൻ എന്നും വിളിക്കുന്നു.’’

ക്വുർആൻ വചനങ്ങളും പ്രകൃതിയിലെ അറിയപ്പെടാതെ കിടന്നിരുന്ന രഹസ്യങ്ങളും ഒത്തുപോകുന്നത് ക്വുർആനിന്റെ ദൈവികതയെ അറിയിക്കുന്നു.

E43. സുജൂദ്

അമിതമായ ആഹ്ലാദമോ അളവറ്റ സന്തോഷമോ ഉളവാകുന്ന അവസ്ഥയിൽ മനുഷ്യൻ കണ്ണടച്ച് അൽപമെങ്കിലും തലകുനിക്കുന്നത് കാണാം. എന്തിനോടോ നന്ദി പ്രകടിപ്പിക്കാനുള്ള ഒരു ആന്തരിക അഭിവാഞ്ഛയുടെ ഉൽപന്നമാണത്. ഇസ്‌ലാമിൽ മഹത്തായ ഒരു കർമമാണ് സുജൂദ്. ഹിന്ദുമതത്തിൽ പ്രണാമ എന്ന പേരിൽ ഇത് കാണാം. അഷ്ടാംഗ, ശസ്താംഗ, പഞ്ചാംഗ തുടങ്ങി ആറ് രീതിയിൽ ഹൈന്ദവതയിൽ പ്രണാമം കാണുന്നു. ബുദ്ധ, ജൂത, ക്രൈസ്തവ ദർശനങ്ങളിലെല്ലാം നന്ദി പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായോ, കീഴൊതുങ്ങലിനെ പ്രകടിപ്പിക്കാനോ സമാനമായ ക്രിയകളുണ്ട്. യേശു ക്രിസ്തുവിന്റെ സുജൂദിനെ സംബന്ധിച്ച് ബൈബിളിൽ കാണാം:

“he fell with his face to the ground and prayed’’ ( Matthew 26:39)

“And he went forward a little, and fell on the ground, and prayed that, if it were possible, the hour might pass from him’’ (Mark 14: 35)”

മത്തായി 26:39ൽ മലയാളം ബൈബിളിലുള്ളത് ‘കമിഴ്ന്നു വീണു’ എന്നും മാർക്കോസ് 14:35ലുള്ളത് ‘നിലത്തുവീണു’ എന്നുമാണ്.

ജന്തു മനഃശാസ്ത്ര പഠനങ്ങളിൽ submissive behaviour എന്നൊരു മേഖലയുണ്ട്. തന്നെക്കാൾ ശക്തനായ സഹജന്തുവിന് മുന്നിൽ തന്റെ അനുസരണമനോഭാവത്തെ കാണിക്കാൻ ജന്തുക്കളിൽ പ്രകടമാകുന്ന സ്വഭാവമാണിത്. ജന്തുലോകത്തിൽ പൊതുവായുള്ള ഈ ചോദനയെ കൃത്യമായും ഉപയോഗിച്ചിരിക്കുന്ന മതമാണ് ഇസ്‌ലാം എന്ന് കാണാം. ഈ അനുസരണ മനോഭാവത്തെ ദൈവത്തിനു മുന്നിൽ മാത്രമായി ചുരുക്കാനും മറ്റൊന്നിനും അടിമകളാകാതെയിരിക്കാനും ഇസ്‌ലാം പ്രഖ്യാപിക്കുന്നു. അതുവഴി മനുഷ്യന്റെ ആത്മീയ വാഞ്ഛനകളെ തൃപ്തിപ്പെടുത്തുന്നു. ഒരു സാധാരണ മനുഷ്യന്റെ നിർമിതിയാണ് ഇസ്‌ലാമെങ്കിൽ മനുഷ്യന്റെ ആന്തരിക വാഞ്ഛകളെ പോലും അറിയാനും അവന്റെ മനസ്സിനും ശരീരത്തിനും ഗുണം മാത്രം നൽകുന്ന ആരാധനാരീതികളും ഉപദേശ-നിർദേശങ്ങളും നിയമങ്ങളും നൽകുവാനും എങ്ങലെയാണ് കഴിയുക?

E44. നന്ദി പ്രകടിപ്പിക്കൽ

നന്ദി പ്രകടിപ്പിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ വിശദീകരിക്കുന്ന നിരവധി സെക്യുലർ ഗവേഷണങ്ങളുണ്ട്. നിത്യമായി നന്ദി പ്രകടിപ്പിക്കുന്നത് മെച്ചപ്പെട്ട ജീവിതനിലവാരം, സന്തോഷം, ശാരീരികവും വൈകാരികവുമായ ആരോഗ്യം, ക്ഷേമം എന്നിവക്ക് സഹായകമാണെന്ന് സ്ഥിരപ്പെട്ട പഠനങ്ങൾ കാണിക്കുന്നു.

(Summer Allen, “The Science of Gratitude,” Greater Good Science Center UC Berkeley for the John Templeton Foundation, May 2018, 28-50, https://ggsc.berkeley.edu/images/uploads/GGSC-JTF_White_Paper-Gratitude-FINAL.pdf.).

ക്വുർആനിലെ ആദ്യത്തെ അധ്യായം ആരംഭിക്കുന്നതുതന്നെ ‘സർവസ്തുതിയും സർവലോക രക്ഷിതാവായ അല്ലാഹുവിനാകുന്നു’ എന്ന് പറഞ്ഞുകൊണ്ടാണ്. ദിവസേനയുള്ള അഞ്ചുനേര നമസ കാരങ്ങളിലായി ഈ സൂക്തം പലയാവർത്തി ആവർത്തിക്കപ്പെടുന്നു. ഇത് നന്ദി പ്രകടനത്തെ സ്ഥിരമായി പ്രോത്സാഹിപ്പിക്കുന്നതാണ്.

നിരീശ്വര വാദിയായ സാം ഹാരിസിന്റെ ‘ദി വാക്കിംഗ് അപ്പ് പോഡ്കാസ്റ്റി’ൽ നന്ദി പ്രകടിപ്പിക്കുന്നത് മാനസികമായി മനുഷ്യനെ എങ്ങനെ സഹായിക്കുന്നു എന്ന് വിശദീകരിക്കുന്ന ഒരു ചാപ്റ്റർ തന്നെ കാണാം. അദ്ദേഹം പറയുന്നു:

“ചിലപ്പോഴൊക്കെ അത്ര നല്ലതല്ലാത്ത ദിവസങ്ങൾ ഉണ്ടാകും. നേരത്തെ എടുത്ത appointmentന് സമയത്ത് എത്തിച്ചേരാൻ കഴിയാതെ ട്രാഫിക്കിൽ കുടുങ്ങിക്കിടക്കുന്നത് വളരെ മോശമാണ് എന്ന് തോന്നാം. ഉടനെ ഞാൻ ചിന്തിക്കും; ഞാനൊരു യുദ്ധമുഖത്തും പെട്ടിട്ടില്ല, ജീവിതം ആസ്വദിക്കാനാകാത്ത ഒരു മാരകരോഗത്തിൽ പെട്ടിട്ടില്ല, എന്നാൽ അങ്ങനെയെല്ലാം അനുഭവിക്കുന്ന കോടിക്കണക്കിന് ജനങ്ങളുണ്ട്. അപ്പോൾ, ഞാൻ ഭാഗ്യവാനാണ്. കുടുംബത്തോടെ ഭക്ഷണം കഴിക്കാനിരിക്കുമ്പോൾ ആർക്കും വലിയ സന്തോഷമൊന്നും സാധാരണ കാണുന്നില്ല. എന്നാൽ ഇന്നലെ ഞാൻ മരിക്കുകയും പിന്നെ ഇവരെ കാണാൻ ഒരു അവസരം വീണുകിട്ടുകയും ചെയ്താൽ ഞാൻ എത്ര സന്തോഷവാനാ യിരിക്കും എന്നപോലെ, നാം അനുഭവിക്കുന്ന എല്ലാം മറ്റാർക്കോ ഇല്ലാത്തതും അവരുടെ ഏറ്റവും വലിയ ആഗ്രഹവും തേട്ടവും ആയിരിക്കും. ഇത് മനസ്സിലേക്ക് വരുന്നയുടൻ ഞാൻ ആ നിമിഷത്തെ കൂടുതൽ ഉപയോഗിക്കാൻ ആരംഭിക്കുന്നു. എന്റെ ഏറ്റവും ശക്തമായ മാനസികാവസ്ഥയിലേക്ക് ഞാൻ മാറുന്നു; ആ നിമിഷത്തെ ഓർത്ത് ഞാൻ നന്ദിയുള്ളവനാകുമ്പോൾ.’’

ചെറിയ കാര്യങ്ങളിൽ പോലും നന്മ കാണാൻ കഴിയുമ്പോൾ അതിൽ നന്ദി തോന്നുന്ന അവസ്ഥയും അത് മാനസികമായി ഒരുപാട് ബലപ്പെടുത്താൻ സഹായിക്കുന്നു എന്നുമാണ് ഹാരിസ് ഇവിടെ പറഞ്ഞത്.

നബി ﷺ പറഞ്ഞു: “ചെറിയ കാര്യങ്ങൾക്ക് നന്ദി കാണിക്കാത്തവൻ വലിയ കാര്യങ്ങൾക്ക് നന്ദി കാണിക്കുകയില്ല. ജനങ്ങൾക്ക് നന്ദി പറയാത്തവൻ സർവശക്തനായ അല്ലാഹുവിന് നന്ദി പറഞ്ഞിട്ടില്ല’’ (al-Firdaws lil-Daylami 5962).

“നിങ്ങളെക്കാൾ താഴ്ന്നവരെ നോക്കുക, നിങ്ങളെക്കാൾ ഉയർന്നവരെ നോക്കരുത്, അല്ലാഹു നിങ്ങൾക്ക് നൽകിയ അനുഗ്രഹങ്ങളെ നിങ്ങൾ നിസ്സാരമാക്കാതിരിക്കാൻ’’ (മുസ്‌ലിം).

സ്വന്തം അനുഗ്രഹങ്ങളെ തിരിച്ചറിയാൻ മോശമായ മറ്റവസ്ഥകളുമായി സ്വയം താരതമ്യം ചെയ്യുകയെന്നാണ് സാം ഹാരിസ് എന്ന നാഡീശാസ്ത്രജ്ഞൻ പറയുന്നതെങ്കിൽ അതേ ആശയം തന്നെ പ്രവാചകനും നൂറ്റാണ്ടുകൾക്ക് മുമ്പേ പഠിപ്പിച്ചിരിക്കുന്നു. ജീവിതത്തിലെ ഏതൊരു ദുർഘടമായ അവസ്ഥയെ അതിജീവിക്കാനും മാനസികമായ തകർച്ചയെ അതിജയിക്കാനും ഇത് സഹായിക്കുന്നു.

എന്നാൽ ഒരു നിരീശ്വരവാദിയായ സാം ഹാരിസ് ഓരോ നിമിഷത്തിലും ജീവിക്കാൻ കഴിയുന്നതിന് പോലും നന്ദിയുള്ളവരാവുക എന്ന് പറയുമ്പോൾ ആരോട് നന്ദിയുള്ളവരാകാനാണ് പറയുന്നത്? വെറും യാദൃച്ഛികതയുടെ ഉൽപന്നമാണ് താനെങ്കിൽ അതിലെന്ത് അർഥമാണുള്ളത്? അർഥമില്ലെന്ന് അറിഞ്ഞും ഒരു നിരീശ്വരവാദിക്ക് നിഷ്‌കളങ്കമായി അങ്ങനെ ജീവിക്കാൻ കഴിയുകയെങ്ങനെയാണ്?

‘ദി അറ്റ്‌ലാന്റിക്കി’ന് വേണ്ടി ‘എമ്മ ഗ്രീൻ’ എഴുതിയ gratitude without god എന്ന ലേഖനത്തിൽ ഈ ചോദ്യം ഉന്നയിക്കുന്നുണ്ട്.

അമേരിക്കയിൽ നവംബർ മാസത്തിലെ ഒരു ദിവസം നന്ദി പ്രകടിപ്പിക്കാനുള്ള പ്രത്യേക അവധി ദിവസമായി ആചരിക്കപ്പെടുന്നുണ്ട് (American holiday of Thanksgiving). തങ്ങളുടെ ചരിത്രവും നിലനിൽപും സ്മരിച്ചുകൊണ്ട് അതിൽ കൃതാജ്ഞരാവുകയാണ് ഈ ദിവസത്തെ ഉദ്ദേശ്യം. ഒരു സെക്യുലർ ഭൂമികയിൽ നിന്നുകൊണ്ട് ഇത്തരമൊരു ആചാരം പിൻപറ്റുന്നതിലെ യുക്തിരാഹിത്യം ചോദ്യം ചെയ്ത് അവരെഴുതി: കൃതജ്ഞത ഈ മതേതര ആഘോഷങ്ങളുടെ പ്രധാന ഭാഗമായി പറയുന്നു. പക്ഷേ, അതിന്റെ ലക്ഷ്യം അവ്യക്തമാണ്. മനുഷ്യർ ഇതിനെല്ലാം ദൈവത്തോടല്ല നന്ദി പറയുന്നതെങ്കിൽ പിന്നെ എന്തിനോടാണ്? രുചികരമായ അപ്പം ഉണ്ടാക്കി തന്നതിന് മുത്തശ്ശിയോട് നന്ദി പറയാം. എന്നാൽ ജീവിതത്തിന്റെ തന്നെ പൊതുവായ സ്വഭാവത്തിന് ആരോട് നന്ദി പറയും?

ഈ അർഥരാഹിത്യം നിരീശ്വരവാദത്തെ വേട്ടയാടുന്നതുകൊണ്ട് വിഷാദരോഗവും ആത്മഹത്യ പ്രവണതയും നാസ്തികരിൽ അധികരിച്ച് കാണുന്നു (https://www.dailymail.co.uk/health/article-6136603/Lonely-religious-people-depressed-God-friend.html). അതേസമയം മുസ്‌ലിംകളിൽ മികച്ച മാനസിക ആരോഗ്യവും ജീവിത സംതൃപ്തിയും പ്രകടമാണ് എന്നും പഠനങ്ങൾ പറയുന്നു. .(https://www.dailymail.co.uk/health/article-6908769/Muslims-highest-life-satisfaction-thanks-feeling-oneness.html)

“...ശ്രദ്ധിക്കുക; അല്ലാഹുവെപ്പറ്റിയുള്ള ഓർമ കൊണ്ടത്രെ മനസ്സുകൾ ശാന്തമായിത്തീരുന്നത്’’ (ക്വുർആൻ 13:28)

ദൈവബോധവും കൃതജ്ഞതയും മനുഷ്യജീവിതത്തെ സഹായിക്കുന്നുണ്ടെന്ന യാഥാർഥ്യം ഇസ്‌ലാം വ്യക്തമാക്കുന്നു. ഒരു സാധാരണ മനുഷ്യന് നൂറ്റാണ്ടുകൾ മുന്നേ ഇവയറിയാൻ ദൈവിക ബോധനമല്ലാതെ എന്താണ് വഴി?

(തുടരും)