എന്താണ് ക്വുർആൻ കൊണ്ടുള്ള ജിഹാദ് ?

ഡോ. ടി. കെ യൂസുഫ്

2023 ജനുവരി 07, 1444 ജുമാദുൽ ഉഖ്റാ 13

വിശുദ്ധ ക്വുർആനിൽ 15 അധ്യായങ്ങളിലായി 33 പ്രാവശ്യം ജിഹാദിനെക്കുറിച്ച് പ്രതിപാദിക്കുന്നതായി കാണാം. ഇസ്‌ലാമിൽ ജിഹാദിന്റെ പ്രാധാന്യമാണ് ഇത് സൂചിപ്പിക്കുന്നത്. എന്നാൽ ക്വുർആനിലെ ഒരു വചനത്തിൽ ക്വുർആൻകൊണ്ട് വലിയ ജിഹാദ് നടത്താൻ ആവശ്യപ്പെടുന്നുണ്ട്. എന്താണ് വലിയ ജിഹാദ്? എങ്ങനെയാണ് ക്വുർആൻ കൊണ്ട് ജിഹാദ് നടത്തുക?

ജിഹാദ് നിർബന്ധമാക്കുന്നത് ഹിജ്‌റക്ക് ശേഷമായതുകൊണ്ട് ജിഹാദിനെക്കുറിച്ചുള്ള ക്വുർആൻ വചനങ്ങൾ മദീനയിലാണ് അവതരിച്ചിട്ടുളളത്. എന്നാൽ ആ ‘വലിയ ജിഹാദിനെ’ക്കുറിച്ചുള്ള വചനം ജിഹാദ് നിർബന്ധമാക്കുന്നതിന് വർഷങ്ങൾക്കു മുമ്പ് മക്കയിൽ വെച്ചാണ് അവതരിച്ചത്. യുദ്ധം അനുവദനീയമാക്കുന്നതിന് മുമ്പുള്ള ‘വലിയ ജിഹാദ്’ എന്താണ്? ക്വുർആൻ പറയുന്നു:

“അതിനാൽ സത്യനിഷേധികളെ നീ അനുസരിച്ചുപോകരുത്. ഇതു(ക്വുർആൻ)കൊണ്ട് നീ അവരോട് വലിയൊരു സമരം നടത്തിക്കൊള്ളുക’’ (അൽഫുർക്വാൻ 52).

അല്ലാഹുവിന്റെ അസ്തിത്വവും ഏകത്വവും കഴിവും വ്യക്തമാക്കുന്ന അനവധി കാര്യങ്ങൾ പറയുന്നതിനിടയിലാണ് വലിയസമരത്തെക്കുറിച്ച് പറയുന്നത്.

ക്വുർആൻ മനുഷ്യന്റെ ഐഹിക -പാരത്രിക സൗഭാഗ്യത്തിനുളള മാർഗനിർദേശങ്ങൾ അടങ്ങിയ ദൈവികദർനമാണ്, അഥവാ അല്ലാഹുവിന്റെ വചനങ്ങളാണ്. അവിശ്വാസികളുമായി സംവാദം നടത്താൻ ആവശ്യമായ വിജ്ഞാനങ്ങളും അതിലടങ്ങിയിട്ടുണ്ട്. ക്വുർആൻ തന്നെ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.

“അത് കെട്ടിയുണ്ടാക്കാവുന്ന ഒരു വർത്തമാനമല്ല. പ്രത്യുത; അതിന്റെ മുമ്പുള്ളതിനെ (വേദങ്ങളെ) ശരിവെക്കുന്നതും എല്ലാകാര്യത്തെയും സംബന്ധിച്ചുള്ള ഒരു വിശദീകരണവും വിശ്വസിക്കുന്ന ജനങ്ങൾക്ക് മാർഗദർശനവും കാരുണ്യവുമാകുന്നു’’ (യൂസുഫ് 111).

ക്വുർആൻ എല്ലാത്തിന്റെയും വിശദീകരണമാണ് എന്ന് പറയുമ്പോൾ; എല്ലാവർക്കും എല്ലാം ഗ്രഹിക്കാൻ കഴിയണമെന്നില്ല. ഓരോരുത്തരുടെയും ബൗദ്ധിക-വൈജ്ഞാനിക നിലവാരത്തിനുസരിച്ച് മാത്രമെ ക്വുർആനിൽ പരാമർശിക്കുന്ന കാര്യങ്ങൾ മനസ്സിലാക്കാൻ കഴിയുകയുളളൂ.

വലിയ ജിഹാദിനെക്കുറിച്ചുള്ള ക്വുർആൻ വചനം പരിശോധിക്കുകയാണെങ്കിൽ അത് ഒട്ടനവധി ഭൗതിക ശാസ്ത്ര വിവരങ്ങൾ പരാമർശിക്കുന്നതിനിടയിലാണെന്ന് കണ്ടെത്താൻ കഴിയും. വലിയ ജിഹാദിനെക്കുറിച്ച് പറഞ്ഞതിനുശേഷം ക്വുർആൻ പറയുന്നത് സമുദ്രശാസ്ത്രത്തിലെ ഒരു അത്ഭുത പ്രതിഭാസത്തെക്കുറിച്ചാണ്.

“രണ്ട് ജലാശയങ്ങളെ സ്വതന്ത്രമായി ഒഴുകാൻ വിട്ടവനാകുന്നു അവൻ. ഒന്ന് സ്വച്ഛമായ ശുദ്ധജലം, മറ്റൊന്ന് അരോചകമായി തോന്നുന്ന ഉപ്പുവെള്ളവും. അവ രണ്ടിനുമിടയിൽ ഒരു മറയും ശക്തിയായ ഒരു തടസ്സവും അവൻ ഏർപ്പെടുത്തുകയും ചെയ്തിരിക്കുന്നു’’ (അൽഫുർക്വാൻ 53).

അലസ്‌ക്ക കടലിൽ കാണപ്പെടുന്ന ഈ സമുദ്രപ്രതിഭാസത്തിന്റെ ചിത്രം ഇന്ന് നെറ്റിൽ ലഭ്യമാണ്. എന്തുകൊണ്ട് ഈ രണ്ട് ജലാശയങ്ങൾ തമ്മിൽ കൂടിക്കലരുന്നില്ല എന്നതിന് പല ശാസ്ത്രീയ വ്യാഖ്യാനങ്ങളുമുണ്ട്. ഈ ക്വുർആൻ വചനത്തിൽ ‘അദ്ബ്,’ ‘ഫുറാത്,’ ‘മിൽഹ്,’ ‘ഉജാജ്’ എന്നീ പദങ്ങൾ ഉപയോഗിച്ചത് വിസ്മയകരമാണ്. ‘അദ്ബ്,’ ‘ഫുറാത്’ എന്നീ പദങ്ങളുടെ അർഥം ‘ശുദ്ധജലം’ എന്നാണ്. ‘മിൽഹ്,’ ‘ഉജാജ്’ എന്നിവയുടെ അർഥം ‘ഉപ്പുരുചിയുളളത്’ എന്നാണ്. എന്തുകൊണ്ടാവാം പദങ്ങൾ ഈവിധം പ്രയോഗിച്ചത്? പരസ്പരം കൂടിച്ചേരാത്ത ഈ രണ്ട് ജലാശയങ്ങളിലെയും വെളളം പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും. സാധാരണഗതിയിൽ കടലോരപ്രദേശങ്ങളിലുള്ള കിണറുകളിലെ ശുദ്ധജലത്തിൽ ഉപ്പിന്റെ അംശം കൂടുതൽ കാണാറുണ്ട്. എന്നാൽ രണ്ട് സമുദ്രങ്ങൾ ഒരുമിച്ചൊഴുകുന്ന സ്ഥലത്തുള്ള ശുദ്ധജലം നൂറുശതമാനം ശുദ്ധമാണ്. അതുപോലെ ഉപ്പുവെളളം തീർത്തും ഉപ്പുരുചിയുള്ളതുമാണ്. ശുദ്ധജലവും ഉപ്പുജലവും ഒട്ടും കലർപ്പില്ലാതെ കാണപ്പെടുന്ന അവസ്ഥയെയാണ് ക്വുർആൻ ഇരട്ടപദപ്രയോഗത്തിലൂടെ സൂചിപ്പിക്കുന്നത് എന്നു മനസ്സിലാക്കാം.

എന്തുകൊണ്ടാണ് ക്വുർആൻ അറിവിന്റെ ആയുധമേന്തിയുള്ള യുദ്ധത്തെ ‘വലിയ ജിഹാദ്’ എന്ന് വിശേഷിപ്പിച്ചത് എന്ന് നോക്കുകയാണെങ്കിൽ അതിനു താഴെ പറയുന്ന സവിശേഷതകൾ കാണാൻ കഴിയും:

1. അറിവ് ആയുധമാക്കിയുള്ള പോരാട്ടം സ്ഥലകാല ഭേദമില്ലാതെ എപ്പോൾ എവിടെെവച്ചും ദൂരവ്യാപകമായ പ്രതിഫലനമുണ്ടാക്കുന്ന രൂപത്തിൽ നടത്താൻ കഴിയും.

2. വിജ്ഞാനംകൊണ്ടുളള പോരാട്ടം സായുധപോരാട്ടത്തെക്കാൾ ശ്രമകരമാണ്. ഒരു നിരീശ്വരവാദിയെ ആയുധംകൊണ്ട് തോൽപിക്കൽ എളുപ്പമായേക്കാം. എന്നാൽ അവനെ ദൈവവിശ്വാസത്തെക്കുറിച്ച് ബോധ്യപ്പെടുത്താൻ സാഹസപ്പെടേണ്ടിവരും. ക്വുർആനിന്റെ അമാനുഷികത വ്യക്തമാക്കുന്ന ശാസ്ത്രവചനങ്ങളിലൂടെ മാത്രമെ മിക്കവാറും അത് സാധ്യമാവുകയുളളൂ.

3. അവിശ്വാസികളുടെ വെല്ലുവിളികൾ നേരിടാനും സംശയങ്ങൾ ദൂരീകരിക്കാനും നല്ല ആഴവും പരപ്പുമുള്ള അറിവ് ആവശ്യമാണ്.

4. നിരീശ്വരവാദികൾ ദൈവനിഷേധത്തിന് പിന്തുണയായി ശാസ്ത്രത്തെയാണ് കൂട്ടുപിടിക്കാറുളളത്. അതുകൊണ്ട് ശാസ്ത്രം ദൈവത്തിലേക്ക് എത്തിക്കുന്നതാണെന്ന് തെളിയിക്കണമെങ്കിൽ എല്ലാ ശാസ്ത്രത്തെക്കുറിച്ചുമുളള പരിജ്ഞാനം ആവശ്യമാണ്.

5. സായുധപോരാട്ടത്തിന്റെ ഫലങ്ങൾ സംഹാരാത്മകമാണ്. എന്നാൽ വൈജ്ഞാനിക പോരാട്ടത്തിന്റെ ഫലങ്ങൾ നിർമാണാത്മകമാണ്.

6. ക്വുർആനിലെ ശാസ്ത്ര സത്യങ്ങൾകൊണ്ട് ശത്രുക്കളെ നേരിടുകയാണെങ്കിൽ അതിനെ സത്യസന്ധമായി എതിർക്കാനും ക്വുർആനിന്റെ ആധികാരികതയെ നിഷേധിക്കാനും അവർക്ക് കഴിയില്ല. കാരണം ക്വുർആനിന്റെ ആദ്യകാലകോപ്പികൾ തന്നെ സൂക്ഷിക്കപ്പെട്ടിട്ടുണ്ട്. ചരിത്രവസ്തുതകളിലൂടെ നമുക്ക് അതിന്റെ ആധികാരികത തെളിയിക്കാൻ കഴിയും.

7. ആധുനിക കാലത്ത് ഇസ്‌ലാമിനെ എതിർക്കുന്നവർ കാര്യമായും അതിനുവേണ്ടി ഉപയോഗിക്കുന്നത് ടാങ്കറുകളും ബോംബറുകളുമല്ല; ടെക്‌നോളജിയും മീഡിയയുമാണ്. ഇതിനെ നേരിടാൻ അറിവ് അനിവാര്യമാണ്.

8.‘ക്വുർആൻ കൊണ്ടുള്ള ജിഹാദ്’ എപ്പോഴും എവിടെ വെച്ചും നടത്താൻ കഴിയും. ക്വുർആനിലെ ശാസ്ത്രസൂചനകളുടെ ഒരു ക്ലിപ്പ് സമൂഹമാധ്യമങ്ങളിലൂടെ ലക്ഷക്കണക്കിന് ആളുകൾക്ക് എത്തിക്കാൻ ഇന്ന് കഴിയും. ഇസ്‌ലാമിനെ അറിയാൻ ആഗ്രഹിക്കുന്ന പലരിലേക്കും ഇത് എത്തുകയും സത്യം മനസ്സിലാക്കാനും ഉൾക്കൊള്ളാനും നിമിത്തമാകുകയും ചെയ്‌തേക്കാം.

9. ഇസ്‌ലാമിനെ ഇകഴ്ത്താൻ ആധുനിക വാർത്താവിനിമയ മാർഗങ്ങൾ ഉപയോഗിക്കുമ്പോൾ അതേ മാർഗത്തിലൂടെ നമുക്ക് ഇസ്‌ലാമിന്റെ ദൈവികതയും അജയ്യതയും വെളിപ്പെടുത്താൻ കഴിയും.

ഇസ്‌ലാമിക വിശ്വാസത്തിന്റെ കാതലായ വശങ്ങളായ പരലോകത്തെയും മരണാനന്തര ജീവിതത്തെയും എതിർക്കുന്നവർക്ക് ക്വുർആൻ മറുപടി നൽകുന്നത് ശാസ്ത്രീയവും ഭൗതികവുമായ ഉദാഹരണങ്ങളിലൂടെയാണ്. അവിശ്വാസികളുടെ ആശ്ചര്യത്തെക്കുറിച്ച് ക്വുർആൻ പറയുന്നു:

“നാം മരിച്ച് മണ്ണായിക്കഴിഞ്ഞിട്ടോ (ഒരു പുനർജന്മം?). അത് വിദൂരമായ ഒരു മടക്കമാകുന്നു’’ (ക്വാഫ് 3).

ഇതിന് മറുപടിയായി ക്വുർആൻ പ്രാപഞ്ചിക ദൃഷ്ടാന്തങ്ങളെപ്പറ്റി ചിന്തിക്കാനാണ് പറയുന്നത്:

“അവർക്കു മുകളിലുള്ള ആകാശത്തേക്ക് അവർ നോക്കിയിട്ടില്ലേ; എങ്ങനെയാണ് നാം അതിനെ നിർമിക്കുകയും അലങ്കരിക്കുകയും ചെയ്തിട്ടുള്ളതെന്ന്? അതിന് വിടവുകളൊന്നുമില്ല. ഭൂമിയാകട്ടെ നാം അതിനെ വികസിപ്പിക്കുകയും അതിൽ ഉറച്ചുനിൽക്കുന്ന പർവതങ്ങൾ നാം സ്ഥാപിക്കുകയും കൗതുകമുള്ള എല്ലാ സസ്യവർഗങ്ങളും നാം അതിൽ മുളപ്പിക്കുകയും ചെയ്തിരിക്കുന്നു. (സത്യത്തിലേക്ക്) മടങ്ങുന്ന ഏതൊരു ദാസനും കണ്ടുമനസ്സിലാക്കുവാനും അനുസ്മരിക്കുവാനും വേണ്ടി. ആകാശത്തുനിന്ന് നാം അനുഗൃഹീതമായ വെള്ളം വർഷിക്കുകയും, എന്നിട്ട് അതുമൂലം പലതരം തോട്ടങ്ങളും കൊയ്‌തെടുക്കുന്ന ധാന്യങ്ങളും നാം മുളപ്പിക്കുകയും ചെയ്തു. അടുക്കടുക്കായി കുലകളുള്ള ഉയരമുള്ള ഈന്തപ്പനകളും. (നമ്മുടെ) ദാസൻമാർക്ക് ഉപജീവനമായിട്ടുള്ളതത്രെ അവ. നിർജീവമായ നാടിനെ അത് മൂലം ജീവനുള്ളതാക്കുകയും ചെയ്തു. അപ്രകാരം തന്നെയാകുന്നു (ക്വബ്‌റുകളിൽ നിന്നുള്ള) പുറപ്പാട്’’ (ക്വാഫ് 6-11).

അന്യൂനമായ രീതിയിലുള്ള ആകാശത്തിന്റെ നിർമിതി, ഭൂമിയുടെ ഘടനയും, അതിന്റെ സന്തുലിതാവസ്ഥ നിലനിർത്താൻ വേണ്ടിയുള്ള പർവതങ്ങളുടെ നിർമിതി, ഇണകളായിക്കൊണ്ടുള്ള സസ്യങ്ങളുടെ സൃഷ്ടിപ്പ്...ഇവയെല്ലാം തികച്ചും ശാസ്ത്രീയമായ കാര്യങ്ങളാണ്. ദൈവനിഷേധത്തെ നേരിടാൻ വേണ്ടി ക്വുർആൻ ഈ യാഥാർഥ്യങ്ങളാണ് വെളിപ്പെടുത്തുന്നത്. അടിസ്ഥാനപരമായി ഇത് ക്വുർആനിന്റെ ഒരു ശൈലിയാണ്.

ക്വുർആൻ കൊണ്ടുള്ള ഈ വലിയ ജിഹാദ് വിവരമുള്ളവരുടെ ബാധ്യതയാണ്. വിവരസാങ്കേതികവിദ്യ ഈ ദൗത്യം എളുപ്പമാക്കിയിട്ടുണ്ട്. എല്ലാ വീട്ടിലും ഇസ്‌ലാമിക സന്ദേശം എത്തും എന്ന പ്രവാചകവചനമാണ് ഇവിടെ അന്വർഥമാകുന്നത്. ആഗോളവലയുടെ കണ്ണികളില്ലാത്ത വീടുകൾ കണ്ടെത്തുക അസാധ്യമാണ്. ഇസ്‌ലാമിക സന്ദേശം ഇന്ന് എല്ലാവരുടെയും വിരൽതുമ്പിലുണ്ട്. അത് പ്രയോജനപ്പെടുത്തുന്നവർ വിരളമാണ് എന്നുമാത്രം. അറിവുകൊണ്ടുള്ള ജിഹാദിനും സാമ്പത്തിക ബാധ്യതയുണ്ട്. ക്വുർആൻ ആയുധ ജിഹാദിനെക്കുറിച്ച് പറയുന്നിടത്ത് നിങ്ങളുടെ സമ്പത്തുകൊണ്ടും ശരീരംകൊണ്ടും എന്ന് പറയുന്നത് കാണാം.

ശാസ്ത്രീയ പഠനങ്ങൾക്കും ഗവേഷണങ്ങൾക്കുമൊക്കെ പണം ചെലവഴിക്കാൻ നാം വിമുഖത കാണിച്ചുകൂടാ. പാശ്ചാത്യലോകം ഇത്തരം കാര്യങ്ങൾക്ക് പണം വാരിക്കോരി ചെലവഴിക്കുന്നവരാണ്. പാശ്ചാത്യർ വല്ലതും കണ്ടെത്തുമ്പോൾ ഇക്കാര്യം പതിനാല് നൂറ്റാണ്ടുകൾക്ക് മുമ്പ് ക്വുർആനിൽ പറഞ്ഞിട്ടുണ്ടെന്ന് അഭിമാനം കൊള്ളുവാനല്ല, ക്വുർആനിന്റെ വെളിച്ചത്തിൽ പഠനം നടത്തി പുതുതായി വല്ലതും കണ്ടെത്താൻ ശ്രമിക്കുകയാണ് വേണ്ടത്. വിജ്ഞാനത്തിലൂടെയാണ് യഥാർഥത്തിൽ വിശ്വാസത്തിന് ശക്തിയാർജിക്കാൻ സാധ്യമാവുക. ക്വുർആൻ പറയുന്നു:

“നിങ്ങളിൽനിന്ന് വിശ്വസിച്ചവരെയും വിജ്ഞാനം നൽകപ്പെട്ടവരെയും അല്ലാഹു പലപടികൾ ഉയർത്തുന്നതാണ്. അല്ലാഹു നിങ്ങൾ പ്രവർത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു’’ (മുജാദല 11).

അറിവിന്റെ പ്രാധാന്യത്തെപറ്റി ക്വുർആൻ പറയുന്നു: “അല്ലാഹുവെ ഭയപ്പെടുന്നത് അവന്റെ ദാസന്മാരിൽനിന്ന് അറിവുള്ളവർ മാത്രമാകുന്നു’’ (ഫാത്വിർ 28).

പ്രപഞ്ചത്തിലെ ഒട്ടേറെ പ്രതിഭാസങ്ങളെക്കുറിച്ച് പറഞ്ഞതിനു ശേഷമാണ് അറിവുള്ളവർ മാത്രമാണ് അല്ലാഹുവിനെ ഭയപ്പെടുന്നത് എന്ന് ക്വുർആൻ പറയുന്നത്. വിശ്വാസത്തിനും ഭയഭക്തിക്കും സർവോപരി ഇസ്‌ലാമിക പ്രബോധനത്തിനും വിജ്ഞാനം അത്യാന്താപേക്ഷിതമാണ് എന്നാണ് ക്വുർആൻ വചനങ്ങൾ പഠിപ്പിക്കുന്നത്.