ആകാശത്തുനിന്നും ആഹാരം

ഡോ. ടി. കെ യൂസുഫ്

2023 സെപ്തംബർ 02 , 1445 സ്വഫർ 17

വിശുദ്ധ ക്വുർആനിലെ സൂറതുദ്ദാരിയാത് ഇരുപത്തി രണ്ടാം വചനത്തിൽ ‘ആകാശത്ത് നിങ്ങൾക്കുള്ള ഉപജീവനവും നിങ്ങളോട് വാഗ്ദാനം ചെയ്യപ്പെടുന്ന കാര്യങ്ങളുമുണ്ട്’ എന്ന് പറയുന്നതായി കാണാം. എന്നാൽ ഈ വചനം മനുഷ്യൻ ബഹിരാകാശത്ത് താമസിക്കുന്നതിനെക്കുറിച്ചാണ് പറയുന്നത് എന്ന് സമർഥിക്കാൻ ശ്രമിക്കുന്ന ഒരു ‘ഉസ്താദി’ന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

അല്ലാഹു ആകാശത്തുനിന്ന് മഴ വർഷിപ്പിക്കുകയും അതുമൂലം ഭൂമിയിൽ സസ്യങ്ങൾ മുളപ്പിച്ച് മനുഷ്യർക്കും ഇതര ജീവികൾക്കുമുളള ഉപജീവനമൊരുക്കുകയും ചെയ്തുവെന്ന് ക്വുർആനിൽ ധാരാളം വചനങ്ങളിലൂടെ പ്രതിപാദിക്കുന്നതായി കാണാം. എന്നാൽ അല്ലാഹു അവനെ പരിചയപ്പെടുത്തുന്ന ചില വചനങ്ങളിൽ ‘ആകാശത്തുനിന്നും ഭൂമിയിൽനിന്നും നിങ്ങൾക്ക് അന്നം തരുന്നവൻ’ എന്ന് പറയുന്നതായും കാണാം. ആകാശത്തുനിന്ന് ആഹാരം നൽകുന്നു എന്ന് പറഞ്ഞതിന്റെ താൽപര്യമെന്തെന്ന് വിശകലനം നടത്തിനോക്കാം.

‘സമാഅ്’ എന്ന അറബി പദത്തിന് ‘ഉയർന്നത്,’ ‘ഉപരിയായത്’ എന്നീ അർഥങ്ങളാണുളളത്. ഭൂമിയുടെ തൊട്ടുമുകളിലുളള മേഘങ്ങൾക്കും അനന്തമായ ഏഴാമാകാശത്തിനും ക്വുർആൻ ഇതേ പദംതന്നെയാണ് പ്രയോഗിച്ചിട്ടുളളത്. ആകാശങ്ങൾക്കും ഭൂമിക്കും ഇടയിലുളളത് എന്ന പദപ്രയോഗം ഇരുപത് സ്ഥലങ്ങളിൽ നടത്തിയതായി കാണാം. ആകാശഭൂമിക്കിടയിലുളളത് എന്നതുകൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് ഭൂമിക്ക് മുകളിലുളള വാതകപാളിയാകാനാണ് സാധ്യത. കാരണം മേഘത്തെക്കുറിച്ച് ക്വുർആൻ പറയുന്നിടത്ത് ‘ആകാശഭൂമിക്കിടയിലൂടെ നിയന്ത്രിച്ച് നയിക്കപ്പെടുന്ന മേഘത്തിലും ചിന്തിക്കുന്ന ജനങ്ങൾക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്’ (2:164) എന്ന് പറയുന്നതായി കാണാം. മേഘത്തിൽനിന്നാണ് മഴ വർഷിക്കുന്നതെന്ന് ഏവർക്കും അറിയാവുന്ന വസ്തുതയാണ്. മേഘം എന്ന പദംതന്നെ ക്വുർആനിൽ പ്രയോഗിച്ചിട്ടുമുണ്ട.് അതിന്റെ സ്ഥാനം ആകാശത്തിനും ഭൂമിക്കുമിടയിലാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ക്വുർആനിൽ ചില വചനങ്ങളിൽ മേഘത്തിൽനിന്ന് വെളളമിറക്കി എന്ന് പറയുന്നതിന് പകരം ആകാശത്തുനിന്ന് വെള്ളമിറക്കി എന്ന് പറയുന്നതായി കാണാം. ഇത്തരം വചനങ്ങളിൽ ‘സമാഅ്’ (ആകാശം) എന്ന പദംകൊണ്ട് ഉദ്ദേശിക്കുന്നത് മേഘമാണ് എന്ന കാര്യത്തിൽ സംശയമില്ല.

ആകാശത്തുനിന്നുളള ആഹാ രം എന്നതുകൊണ്ട് അർഥമാക്കുന്നത് മഴവെളളമാണ് എന്നാണ് ബഹുഭൂരിപക്ഷം ക്വുർആൻ വ്യാഖ്യാതാക്കളും അഭിപ്രായപ്പെട്ടിട്ടുളളത്. ‘ആകാശത്തുനിന്നും അന്നം നൽകുന്നു’ എന്നതിലെ ‘ആകാശം’ എന്നതുകൊണ്ട് പ്രധാനമായും ഉദ്ദേശിക്കപ്പെടുന്നത് അന്തരീക്ഷ മണ്ഡലത്തിൽ ഭൂമിയോട് ഏറ്റവും അടുത്ത് നിൽക്കുന്ന വാതകപാളിയായ ട്രോപോസ്ഫിയർ ആയിരിക്കും. കാരണം ഇവിടെവച്ചാണ് ഭൂമിയിൽനിന്ന് നീരാവിയായി പോകുന്ന ജലം മേഘമായി രൂപപ്പെട്ട് മഴയായി വർഷിക്കുന്നത്. ഭൂമിയിൽ 71 ശതമാത്തോളം വെള്ളമാണെങ്കിലും മഴയുടെ അഭാവത്തിൽ അവിടെ ജീവിതം അസാധ്യമാണ്. ഭൂമിയിൽനിന്ന് നീരാവിയായി ഈ ആകാശപാളിയിലേക്കും അവിടെനിന്ന് മഴയായി ഭൂമിയിലേക്കും വെള്ളത്തിന്റെ ഒരു ചാക്രിക ചലനം നടക്കുന്നതുകൊണ്ട് വെള്ളം കേടാകാതിരിക്കുകയും സസ്യജാലങ്ങൾ മുളച്ച് ജീവജാലങ്ങൾക്ക് ആഹാരത്തിന് നിമിത്തമാകുകയും ചെയ്യും.

ഭൂമിയിൽനിന്ന് പ്രതിവർഷം 380000 ചതുരശ്ര കിലോമീറ്റർ വെള്ളമെങ്കിലും നീരാവിയായി മേലോട്ടുയരുന്നുണ്ട്. ഇങ്ങനെ ഉയരുന്ന ജലത്തിൽ നല്ലൊരു ശതമാനം അതായത് 320000 ചതുരശ്ര കിലോമീറ്റർ വെള്ളം സമുദ്രത്തിൽനിന്നാണ് പോകുന്നത്. കരയിൽനിന്നുയരുന്നത് വെറും 60000 ചതുരശ്ര കിലോമീറ്ററാണ്. കടലിൽനിന്നും കരയിൽനിന്നും ഉയരുന്ന നീരാവിയെ കാറ്റ് ഭൂമിയുടെ മുകളിലുളള വായുമണ്ഡലത്തിലേക്ക് ഉയർത്തുകയും അത് അവിടെവച്ച് ഘനീഭവിച്ച് മേഘമായി വീണ്ടും ശുദ്ധജലമായി ഭൂമിയിലേക്ക് വർഷിക്കുകയും ചെയ്യുന്നു.

ഭൂമിയിൽനിന്ന് നീരാവിയായി പോകുന്ന വെള്ളം മഴയായി വർഷിക്കുന്നതിന്റെ തോത് പരിശോധിച്ചാൽ അതിലും ഒരു ദൈവിക ദൃഷ്ടാന്തം കാണാൻ കഴിയും. ഉദാഹരണമായി, ഒരു വർഷത്തിൽ 60000 ചതുരശ്ര കിലോമീറ്റർ വെള്ളമാണ് കരയിൽനിന്ന് നീരാവിയായി മേലോട്ടുയരുന്നത്. എന്നാൽ കരയിൽ മഴയായി പെയ്യുന്ന വെള്ളത്തിന്റെ അളവ് 96000 ചതുരശ്ര കിലോമീറ്ററാണ്. അപ്പോൾ കടലിൽനിന്നുയരുന്ന വെള്ളത്തിൽനിന്ന് 36000 ചതുരശ്ര കിലോമീറ്റർ ജലം കടലിൽത്തന്നെ മഴയായി പെയ്യുന്നതിന് പകരം കരയിലാണ് പതിക്കുന്നത്. ഈ അനുപാത വ്യതിയാനവും ഭൂമിയിലെ ജീവന്റെ നിലനിൽപിന് അനിവാര്യമാണ്. ഓരോ വർഷവും ഭൂമിയിൽ വർഷിക്കുന്ന മഴയുടെ അളവ് വ്യത്യസ്തമാണെങ്കിലും സമുദ്രത്തിൽനിന്നുയരുന്ന ജലത്തിന്റെ ഒരു പങ്ക് കരയിൽ പതിക്കുന്നതായി കാണാം. നീരാവിയായി പോകുന്ന വെള്ളം മഴയായി വർഷിക്കുന്നത് കേവലം പ്രകൃതി പ്രതിഭാസം മാത്രമല്ല, അതിനു പിന്നിൽ ഒരു ആസുത്രണ ശക്തികൂടി പ്രവർത്തിക്കുന്നുണ്ടെന്നാണ് ഇതെല്ലാം വെളിപ്പെടുത്തുന്നത്.

ഭൂമിയിലെ സസ്യങ്ങൾക്ക് ആഹാരം ഉത്പാദിപ്പിക്കാൻ കേവലം ജലം മാത്രം മതിയാകില്ല. സൂര്യപ്രകാശവും മറ്റനേകം ധാതുലവണങ്ങളും ആവശ്യമാണ്. ഇവയെല്ലാം ചെടികൾക്ക് ലഭിക്കുന്നതും ആകാശത്തുനിന്ന് തന്നെയാണ്. ആകാശത്തുനിന്ന് ഭൂമിയിലേക്ക് പതിക്കുന്ന ഉൽക്കകളിലൂടെ നൈട്രജൻ, കാർബൺ, സോഡിയം, പൊട്ടാസ്യം തുടങ്ങി അനവധി മൂലകങ്ങൾ ഭൂമിയിൽ പതിക്കുന്നുണ്ട്. ഭൂമിയെ സമ്പുഷ്ടമാക്കുന്നതിന് വേണ്ടി ദിനേന ടൺ കണക്കിന് ഇത്തരം രാസപദാർഥങ്ങൾ പലവിധത്തിലായി ഇവിടെ എത്തുന്നുണ്ട്. സസ്യങ്ങളുടെ വളർച്ചക്ക് അനിവാര്യമായ ജലവും സൗരോർജവും ഇത്തരം ധാതുലവണങ്ങളും ഭുമിയിലേക്ക് എത്തുന്നത് ആകാശത്ത് നിന്നായതുകൊണ്ട് ആകാശത്തുനിന്നുളള ആഹാരം എന്ന ക്വുർആൻ പ്രയോഗം വളരെ അർഥവത്താണ്.

ആകാശത്തുനിന്ന് ആഹാരം എന്നതു കൊണ്ടുദ്ദേശിക്കുന്നത് അന്നദാതാവായ അല്ലാഹുവിന്റെ അനുഗ്രഹംകൊണ്ട് ആഹാരം ലഭിക്കുന്നു എന്ന വസ്തുത ആലങ്കാരികമായി പറഞ്ഞതാണെന്നും ചില വ്യാഖ്യാതക്കൾ അഭിപ്രായപ്പെട്ടിട്ടുണ്ട്. ആകാശത്തുനിന്ന് മഴ വർഷിച്ചതുകൊണ്ടോ ഭൂമിയിൽ വിഭവങ്ങളുണ്ടായതുകൊണ്ടോ മാത്രം മനുഷ്യർക്കത് അന്നമായി ലഭിക്കുന്നില്ല. അതുപോലെ അല്ലാഹു ഉദ്ദേശിക്കുന്ന ചിലർക്ക് ആഹാരം സുഭിക്ഷമായി ലഭിക്കുകയും അവൻ ഉദ്ദേശിക്കുന്ന മറ്റു ചിലർക്ക് അത് കമ്മിയായും ലഭിക്കുന്നു. ഓരോരുത്തർക്കും എത്ര ലഭിക്കണമെന്ന് അവർ തങ്ങളുടെ മാതാവിന്റെ ഗർഭാശയത്തിലായിരിക്കെ കണക്കാക്കപ്പെട്ടതുമാണ്.

‘ആകാശത്തുനിന്ന് ആഹാരം’ എന്നതിന് ശാസ്ത്രീയ വ്യാഖ്യാനം കണ്ടെത്തിയാലും ഇല്ലെങ്കിലും അന്നദാതാവ് അല്ലാഹുതന്നെയാണ് എന്ന വസ്തുത നിഷേധിക്കപ്പെടുന്നില്ല. ആകാശത്തുനിന്നും ഭൂമിയിൽനിന്നും നിങ്ങൾക്ക് ആഹാരം നൽകുന്നവൻ അല്ലാഹുവാണ് എന്നാണ് ക്വുർആൻ വ്യക്തമാക്കുന്നത്.

“പറയുക: ആകാശത്തുനിന്നും ഭൂമിയിൽനിന്നും നിങ്ങൾക്ക് ആഹാരം നൽകുന്നത് ആരാണ്?’’ (10:31)

“ആകാശത്തുനിന്നും ഭൂമിയിൽനിന്നും നിങ്ങൾക്ക് ഉപജീവനം നൽകാൻ അല്ലാഹു അല്ലാത്ത വല്ല സ്രഷ്ടാവുമുണ്ടോ?’’ (35:3).

ഈ വചനങ്ങളെല്ലാംതന്നെ മനുഷ്യന്റെ ആഹാര ഉത്പാദന രംഗത്ത് അല്ലാഹു നിശ്ചയിച്ച ആകാശ ഭൂമികളുടെ പങ്കാണ് വെളിപ്പെടുത്തുന്നത്.