കുഞ്ഞുങ്ങളെ മുലയൂട്ടുന്നതിന്റെ അനിവാര്യത

ഡോ. ഷാനവാസ്, ഫ്ലോറിഡ

2023 ഡിസംബർ 02 , 1445 ജു.ഊലാ 18

(സൃഷ്ടിപ്പ്: മതം പറയുന്നത്; ശാസ്ത്രവും 7)

ഏതൊരു മാതാവിന്റെയും സുപ്രധാനമായ കർമമാണല്ലോ തന്റെ കുഞ്ഞിനെ മുലയൂട്ടുക എന്നത്. ഒരു കുഞ്ഞ് ജനിച്ചതുമുതൽ രണ്ടു വർഷത്തോളമാണ് സാധാരണ മുലയൂട്ടലിന്റെ കാലാവധി.

“മാതാക്കൾ തങ്ങളുടെ സന്താനങ്ങൾക്ക് പൂർണമായ രണ്ടുകൊല്ലം മുലകൊടുക്കേണ്ടതാണ്. (കുട്ടിയുടെ) മുലകുടി പൂർണമാക്കണം എന്ന് ഉദ്ദേശിക്കുന്നവർക്കത്രെ ഇത്...’’ (ക്വുർആൻ 2:233).

“...ഒരു മാതാവും തന്റെ കുട്ടിയുടെ പേരിൽ ദ്രോഹിക്കപ്പെടാൻ ഇടയാകരുത്. അതുപോലെ തന്നെ സ്വന്തം കുട്ടിയുടെ പേരിൽ ഒരു പിതാവിന്നും ദ്രോഹം നേരിടരുത്...’’(ക്വുർആൻ 2:233).

“...ഇനി അവർ ഇരുവരും തമ്മിൽ കൂടിയാലോചിച്ച് തൃപ്തിപ്പെട്ടുകൊണ്ട് (കുട്ടിയുടെ) മുലകുടി നിർത്താൻ ഉദ്ദേശിക്കുകയാണെങ്കിൽ അവർ ഇരുവർക്കും കുറ്റമില്ല; ഇനി നിങ്ങളുടെ കുട്ടികൾക്ക് (മറ്റാരെക്കൊണ്ടെങ്കിലും) മുലകൊടുപ്പിക്കാനാണ് നിങ്ങൾ ഉദ്ദേശിക്കുന്നതെങ്കിൽ അതിലും നിങ്ങൾക്ക് കുറ്റമില്ല...’’ (ക്വുർആൻ 2:233).

മുലയൂട്ടലിന്റെ പ്രാധാന്യത്തെക്കുറിച്ച് ലോകാരോഗ്യ സംഘടന (World Health Organization/ WHO) പറയുന്നത് കാണുക:

  • കുഞ്ഞുങ്ങൾക്ക് ഏറ്റവും നല്ല ഭക്ഷണം മുലപ്പാലാണ്.
  • മുലപ്പാലിലുള്ള ആന്റിബോഡികൾ (antibodies) ധാരാളം അസുഖങ്ങളിൽനിന്നും കുഞ്ഞിനെ സംരക്ഷിക്കുന്നു.
  • നവജാതശിശുവിന് ആവശ്യമായ മുഴുവൻ പോഷകങ്ങളും മുലപ്പാലിൽനിന്നും ലഭ്യമാണ്.
  • കുഞ്ഞിന് ആവശ്യമായ പോഷകത്തിന്റെ പകുതിയിലധികം ആറുമാസം മുതൽ ഒരു വയസ്സുവരെ മുലപ്പാൽ നൽകുന്നു.
  • പോഷകത്തിന്റെ മൂന്നിൽ ഒരുഭാഗം ഒരു വയസ്സുമുതൽ രണ്ടു വയസ്സുവരെ മുലപ്പാലിൽനിന്നും ലഭിക്കുന്നു.
  • മുലയൂട്ടപ്പെട്ട കുട്ടികൾ കൂടുതൽ കാര്യക്ഷമതയുള്ളവരും ബുദ്ധിയുള്ളവരുമായിത്തീരും.
  • അമിതവണ്ണം (obesity), പ്രമേഹം (diabets) തുടങ്ങിയ ജീവിതശൈലി രോഗങ്ങൾ മുലയൂട്ടപ്പെട്ട കുട്ടികളിൽ ഉണ്ടാകുന്നത് കുറവാണ്.
  • ആദ്യത്തെ 6 മാസം മുലപ്പാൽ അല്ലാതെ യാതൊരുവിധ ഭക്ഷണപാനീയങ്ങളും നൽകാൻ പാടുള്ളതല്ല.
  • 6 മാസത്തിനുശേഷം മുലപ്പാലിനു പുറമെ മറ്റു ആഹാരപാനീയങ്ങൾ കൊടുത്തു തുടങ്ങേണ്ടതാണ്.
  • മുലയൂട്ടുന്ന അമ്മമാർക്ക് സ്തനത്തിന്റെയും അണ്ഡാശയത്തിന്റെയും ക്യാൻസർ (breast& ovarian cancer) ഉണ്ടാകാനുള്ള സാധ്യത കുറവാണ്.

സ്തനം

പെൺ സസ്തനികളുടെ (female mammals) സവിശേഷ ഗുണങ്ങളിൽ പെട്ടതാണ് സ്തനം (Mammary Gland). ഓരോ പെൺ സസ്തനിയിലും രണ്ടുവീതം സ്തനങ്ങളുണ്ട്. ഇവയിൽ പ്രധാനമായും അടങ്ങിയിരിക്കുന്നത് ഗ്രന്ഥികളും കൊഴുപ്പുകളുമാണ്.

സ്തനത്തിന്റെ ഘടന

വാരിയല്ലുകളുടെ മുകളിൽ പെക്റ്ററാലിസ് (pectoralis) എന്ന പേശിയുടെ മുകളിലാണ് രണ്ടു സ്തനങ്ങളും സ്ഥിതിചെയ്യുന്നത്. ഓരോ സ്തനത്തിലും ഏതാണ്ട് ഇരുപതോളം പ്രത്യേക അറകൾ (lobs)ഉണ്ട്. ഇവയെ സ്തനലോബുകൾ (mammary lobs) എന്ന് വിളിക്കുന്നു. ഓരോ ലോബിലും ആൽവിയോളസ് (alveolus) എന്ന് വിളിക്കുന്ന ചെറിയ അറകളുണ്ട്. ഈ ആൽവിയോളസിലാണ് പാൽ ഉൽപാദിപ്പിക്കപ്പെടുന്നത്. ആൽവിയോളസിൽനിന്നും പല വലിപ്പത്തിലുള്ള കുഴലുകൾ പുറത്തുവരുന്നു. ഈ കുഴലുകളിൽകൂടി മുലപ്പാൽ മുലക്കണ്ണിലൂടെ പുറത്തേക്ക് സ്രവിക്കുന്നു.

മുലപ്പാൽ ഉൽപാദനം

മുലപ്പാലിന്റെ ഉൽപാദനം പൂർണമായും മനുഷ്യമസ്തിഷ്‌കത്തിന്റെ നിയന്ത്രണത്തിലാണ്. മസ്തിഷ്‌കത്തിലെ ഹൈപ്പോതലാമസ് (hypothalamus) എന്ന ഭാഗമാണ് ഇത് നിയന്ത്രിക്കുന്നത്. പ്രൊ

ലാക്റ്റിൻ റിലീസിംഗ് ഹോർമോൺ (prolactine releasing hormone) എന്ന ഒരു പ്രത്യേക സ്രവം ഇതിൽനിന്നും ഉൽപാദിപ്പിക്കപ്പെടുന്നു. ഈ സ്രവം തൊട്ടടുത്തുള്ള പിയൂഷ ഗ്രന്ഥിയെ (pituitary gland) ഉത്തേജിപ്പിക്കുന്നു. അതിന്റെ ഫലമായി പിയൂഷഗ്രന്ഥിയിൽനിന്നും പ്രൊലാക്റ്റിൻ എന്ന ഹോർമോൺ പുറത്തുവരുന്നു. ഈ സ്രവം സ്തനങ്ങളിലുള്ള ആൽവിയോളസിനെ ഉത്തേജിപ്പിക്കുന്നു. അതിന്റെ ഫലമായി അവയിൽ പാലുൽപാദനം നടക്കുന്നു.

മുലപ്പാൽ സ്രവിക്കപ്പെടൽ

ആൽവിയോളസിൽ ഉൽപാദിപ്പിക്കപ്പെട്ട പാൽ പുറത്തുവരുന്നത് വളരെ സങ്കീർണമായ പ്രക്രിയയിലൂടെയാണ്. ഇത് പൂർണമായും തലച്ചോറിന്റെ നിയന്ത്രണത്തിലുള്ളതും വ്യക്തികളുടെ നിയന്ത്രണത്തിന് അതീതവുമാണ്. ഇത്തരം പ്രക്രിയകളെ റിഫ്‌ളക്‌സ് പ്രക്രിയ (reflex reaction) എന്ന് പറയുന്നു.

പിയുഷ ഗ്രന്ഥിയിൽ ഉൽപാദിപ്പിക്കുന്ന ഓക്‌സിറ്റോസിൻ (oxytocin) എന്ന ഹോർമോൺ ആണ് ഇതിന് സഹായിക്കുന്നത്. കുട്ടി മുലക്കണ്ണ് നുകരുമ്പോൾ ഓക്‌സിറ്റോസിൻ സ്രവിക്കപ്പെടുന്നു. ഈ ഓക്‌സിറ്റോസിൻ സ്തനത്തിലെ ചെറിയപേശികളെ സങ്കോചിപ്പിക്കുന്നു. അതിന്റെ ഫലമായി ആൽവിയോളസിൽ നേരത്തെ ഉൽപാദിപ്പിക്കപ്പെട്ട പാൽ സ്തനനാളികൾവഴി മുലക്കണ്ണിലൂടെ പുറത്തുവരുന്നു.

മുലപ്പാലിന്റെ സവിശേഷ ഗുണങ്ങൾ

മുലപ്പാലിന്റെ ഏറിയ ഭാഗവും വെള്ളമാണ് (88%). അതിനുപുറമെ അന്നജം (carbohydrate), കൊഴുപ്പ് (fat), മാംസ്യം (protein) എന്നിവയും അടങ്ങിയിരിക്കുന്നു. ലാക്‌റ്റോസ് (lactose) ആണ് ഏറ്റവും കൂടുതൽ (7%) കാണപ്പെടുന്ന അന്നജം. ഇതിനു പുറമെ ധാരാളം ലവണങ്ങളും (minerals) പോഷകങ്ങളും (vitamins) അടങ്ങിയിരിക്കുന്നു.

ലവണങ്ങൾ: സോഡിയം, പൊട്ടാസ്യം, കാൽസ്യം, മഗ്നീഷ്യം, ക്ലോറിൻ.

പോഷകങ്ങൾ: വിറ്റാമിൻ A, B, C, D.

ഇവയ്‌ക്കെല്ലാം പുറമെ ആന്റിബോഡികൾ എന്ന് വിളിക്കുന്ന ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. ഇവ കുഞ്ഞിന്റെ പ്രതിരോധശക്തി വർധിപ്പിക്കുകയും വയറിളക്കം ഉൾപ്പെടെയുള്ള അസുഖങ്ങളിൽനിന്നും കുഞ്ഞിനെ സംരക്ഷിക്കുകയും ചെയ്യുന്നു. കുഞ്ഞുങ്ങൾക്ക് മുലപ്പാൽ നൽകേണ്ടതിന്റെ പ്രാധാന്യം ഇനി വിശദീകരിക്കേണ്ടതില്ലല്ലോ.

കൊളസ്ട്രം

പ്രസവശേഷം ആദ്യമായി പുറത്തുവരുന്ന മുലപ്പാലിനെയാണ് കൊളസ്ട്രം (Colostrum) എന്ന് പറയുന്നത്. സാധാരണയുള്ള വെളുത്തനിറത്തിൽനിന്നും വ്യത്യസ്തമായി ഇതിന് മഞ്ഞനിറമാണ് ഉണ്ടാവുക. സാധാരണ മുലപ്പാലിനെക്കാൾ ഇതിൽ ധാരാളമായി മാംസ്യം അടങ്ങിയിരിക്കുന്നു.

ഇതിനുപുറമെ ഇവയിൽ കുഞ്ഞിന്റെ പ്രതിരോധശക്തി വർധിപ്പിക്കുന്നതിനും വളർച്ചക്കും ആവശ്യമായ ധാരാളം ഘടകങ്ങൾ അടങ്ങിയിരിക്കുന്നു. അതിൽ പ്രധാനപ്പെട്ടവയാണ് ലിംഫോസൈറ്റ് (lymphocytes) എന്ന കോശങ്ങളും ആന്റിബോഡികളും (Antibodies). ഇവ രണ്ടും കുഞ്ഞിന്റെ പ്രതിരോധശക്തി വർധിപ്പിക്കുന്നു. കൂടാതെ ശരീരവളർച്ചയ്ക്കും തലച്ചോറിന്റെ വളർച്ചക്കും ആവശ്യമായ ധാരാളം വളർച്ചാഘടകങ്ങളും (growth factors) കൊളസ്ട്രത്തിൽ അടങ്ങിയിട്ടുണ്ട്.

മേൽപ്പറഞ്ഞ കാരണങ്ങളാൽതന്നെ ഒരു കുഞ്ഞ് കൊളസ്ട്രം കുടിക്കൽ എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് മനസ്സിലാക്കാം. ആദ്യം പുറത്തുവരുന്ന പാൽ ആയതിനാൽ പലരും കൊളസ്ട്രം കുഞ്ഞിന് കൊടുക്കാൻ മടിക്കുന്നു. കൊളസ്ട്രം കൊടുക്കാതിരിക്കൽ കുഞ്ഞിനെ പ്രതികൂലമായി ബാധിക്കും എന്നതിൽ സംശയമില്ല.