സ്വർഗത്തിലേക്ക് കുറുക്കുവഴിയോ?

പി പി അബ്ദുർറഹ്‌മാൻ കൊടിയത്തൂർ

2023 ജൂൺ 24 , 1444 ദുൽഹിജ്ജ 06

( ഖാദിയാനി വേദപുസ്തകം ‘തദ്കിറ’യിലൂടെ ഒരു യാത്ര - 21)

തക്വ്‌വാ മീറ്റർ

ഒരാൾ സ്വർഗത്തിൽ പ്രവേശിപ്പിക്കപ്പെടാനുള്ള വ്യവസ്ഥകളല്ല അൽവസ്വിയ്യത്തിൽ ചർച്ച ചെയ്തിട്ടുള്ളത്; മറിച്ച് ബഹശ്തീ മക്വ‌്‌ബറയിൽ മറവുചെയ്യപ്പെടാനുള്ള നിബന്ധനകളാണ്. അവിടെ സംസ്‌കരിക്കപ്പെടുന്നതോടെ ഏതൊരാളും സ്വർഗത്തിലെത്തുമെന്നത് സുനിശ്ചിതമാണ് എന്നാണ് ഖാദിയാനികളുടെ വിശ്വാസം. മുത്തക്വികളെ മാത്രമെ അവിടെ മറവു ചെയ്യാൻ പാടുള്ളൂ, മറവു ചെയ്യപ്പെടുന്നതിനു മുമ്പുതന്നെ ഒരു വ്യക്തിയുടെ തക്വ്‌വയെപ്പറ്റി അറിഞ്ഞിരിക്കണമെന്നതാണ് ഇതിലെ ഏറ്റവും രസകരമായ നിബന്ധന. അതറിയാനെന്ത് മാർഗമുണ്ട്? വല്ല ‘തക്വ്‌വ മീറ്ററും’ ഖാദിയാനി ‘ബുദ്ധിജീവി’കൾ കണ്ടുപിടിച്ചിട്ടുണ്ടോ? ഈ ചോദ്യത്തിനുള്ള മറുപടി മൗലവി അല്ലാദിത്താ ‘തഫ്ഹീമാതെ റബ്ബാനിയ’യിൽ വിശദീകരിക്കുന്നു:

“ശുദ്ധനുണയാണ് ഈ ആരോപണം. ഇവിടെ ബഹശ്തി മക്വ‌്‌ബറക്കായി പ്രത്യേക ഡിപ്പാർട്ടുമെന്റുണ്ട്. ആരെങ്കിലും വസ്വിയ്യത്ത് ചെയ്ത വിവരം ലഭിച്ചുകഴിഞ്ഞാൽ മക്വ‌്‌ബറയുടെ ചാർജ് വഹിക്കുന്ന ഓഫീസർ അയാളുടെ മതപരമായ നിലപാട് വളരെ രഹസ്യമായി അന്വേഷിക്കുന്നു. അതിനുവേണ്ടി പ്രാദേശിക ജമാഅത്തിലെ രണ്ട് അംഗങ്ങൾക്ക് താഴെ കൊടുത്ത ഫോറത്തിന്റെ ഓരോ കോപ്പിവീതം അയച്ചുകൊടുക്കുന്നു:

ബഹശ്തി മക്വ‌്‌ബറക്കായി വസ്വിയ്യത്ത് ചെയ്തവരെ സംബന്ധിച്ച സാക്ഷ്യപത്രം

ഖാദിയാൻ, ഗുരുദാസ്‌പൂർ ജില്ല, പഞ്ചാബ്.

1. .....എന്നയാൾ ശിർക്കും ബിദ്അത്തും ചെയ്യാത്ത മുത്തക്വിയും ഇസ്‌ലാമിക കർമശാസ്ത്രമനുസരിച്ച് പ്രവർത്തിക്കുന്ന സത്യസന്ധനുമായ മുസ്‌ലിമാണ്. ഇയാൾ റസൂലിൽ വിശ്വാസമർപ്പിച്ചവനും അടിമകളോടുള്ള കടമ നിറവേറ്റുന്നവനും കൈക്കൂലി വാങ്ങാത്തവനും വഞ്ചിക്കാത്തവനും ഇടപാടുകളിൽ സത്യസന്ധനുമാണ്. ഭാര്യയോട് (ഭാര്യമാരോട്) നീതി പുലർത്തുന്നു/ ഭർത്താവിനെ അനുസരിക്കുന്നു എന്ന് എനിക്കറിയാം.

2. താഴെ പറയുന്ന ദീനീ സേവനരംഗത്ത് അഗ്രഗണ്യനാകുന്നു.

..............................................

..............................................

മേൽപറഞ്ഞ സംഗതികൾ എന്റെ അറിവിലും വിശ്വാസത്തിലും പെട്ടിടത്തോളം സത്യമാണെന്ന് അല്ലാഹുവിനെ മുൻനിറുത്തി ഞാൻ സാക്ഷ്യപ്പെടുത്തുന്നു.

സാക്ഷ്യക്കാരന്റെ ഒപ്പും തീയതിയും.

ഈ ഫോറം ഒപ്പിട്ട് കിട്ടിയതിനു ശേഷമെ വസ്വിയ്യത്ത് സ്വീകരിക്കൂ. പിന്നീടും അയാളെ നിരീക്ഷണത്തിന് വിധേയനാക്കും. വല്ല അപാകവും കണ്ടാൽ വസിയ്യത്ത് റദ്ദ് ചെയ്യും’’ (തഫ്ഹീമാതെ റബ്ബാനിയ, പേജ് 558-560).

ആക്ഷേപത്തിന് മറുപടി കണ്ടെത്തിയ ഖാദിയാനി ഗ്രന്ഥകാരന്റെ അതിബുദ്ധി അവരെ കൂടുതൽ അപഹാസ്യരാക്കി രക്ഷപ്പെടാനാവാത്ത കുഴിയിൽ ചാടിച്ചിരിക്കുന്നു! ഒരാൾ സ്വർഗത്തിൽ പോകണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് പ്രാദേശിക ജമാഅത്തിലെ രണ്ട് സാധാരണ മനുഷ്യരാണ്! അവരുടെ മാനുഷികവികാരങ്ങളും ചാപല്യങ്ങളും പരിമിതികളും ഇഷ്ടാനിഷ്ടങ്ങളും എത്ര കപടന്മാരെ സ്വർഗത്തിലെത്തിക്കില്ല! എത്ര സത്യവിശ്വാസികളുടെ സൽകർമങ്ങൾ വിഫലമാകില്ല! ഇവിടെ ലൗകികബന്ധങ്ങളും വിദ്വേഷങ്ങളും സ്വാധീനിക്കില്ലെന്നതിന് എന്താണുറപ്പ്? എല്ലാറ്റിനും നിദാനം രണ്ടു മനുഷ്യരുടെ സാക്ഷ്യപത്രങ്ങൾ! അവർ മലക്കുകളല്ലല്ലോ.

അല്ലാഹുവിന്റെ പ്രവാചകനു ﷺ പോലും തന്റെകൂടെ നടന്ന കപടവിശാസികളെ അല്ലാഹു അറിയിക്കുന്നതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. മാനുഷികതയും ദീനാനുകമ്പയുമുള്ള ഒരാൾ തന്റെ ശത്രുവിനെ പോലും ശാശ്വത നരകത്തിലേക്ക് തള്ളിയിടാൻ കൂട്ടുനിൽക്കുമോ? മറുഭാഗത്ത് ആജന്മശത്രുവും ക്രൂരഹൃദയനുമായ ഒരാൾ ഏതു സദ്‌വൃത്തനും സ്വർഗം നിഷേധിക്കാൻ ധൃഷ്ഠനാവില്ലേ?

രണ്ടു പേരുടെയും സാക്ഷ്യങ്ങൾ പരസ്പര വിരുദ്ധമായാൽ എന്തു ചെയ്യും? ഇത്തരം പ്രശ്‌നങ്ങളെപ്പറ്റി ചിന്തിക്കാൻ ബുദ്ധി പണയപ്പെടുത്തിയ ഖാദിയാനികൾ ബാധ്യസ്ഥരല്ല! അവർക്ക് ഖാദിയാനീമതം തന്നെ നല്ലത്, എളുപ്പം സ്വർഗം നേടാമല്ലോ!

മിർസാക്കും കുടുംബത്തിലെ മറ്റെല്ലാവർക്കും നിരുപാധികം സ്വർഗം ലഭിക്കുകയെന്നതും ചിന്താർഹമായ പ്രശ്‌നംതന്നെ. മിർസായുടെ കുടുംബത്തിൽ ജനിച്ച സദൃശ കൻആൻമാരും ഉപാധികൾ ഒഴിവാക്കിയതിനാൽ സ്വർഗത്തിൽ വിലസുന്നത് കാണേണ്ടിവരും. നൂഹ് നബി(അ)യുടെ പുത്രനായ കൻആനെപ്പോലെ മിർസായുടെ ആദ്യഭാര്യയിൽ ജനിച്ച രണ്ട് പുത്രന്മാർ നിഷേധികളായിരുന്നു. അവരിലൊരാൾ മരിച്ചപ്പോൾ ജനാസ നമസ്‌കരിക്കാൻ പോലും മിർസാ ഖാദിയാനി തയ്യാറായില്ല. ബഹശ്തീ മക്വ‌്‌ബറ ഉണ്ടായിരുന്നെങ്കിൽ അയാളെയും അവിടെ അടക്കം ചെയ്യുകയും ഒരു നിഷേധി സ്വർഗത്തിലെത്തുകയും ചെയ്‌തേനെ!

സ്വാർഥതയുടെയും സ്വജനപക്ഷപാതത്തിന്റെയും തെളിഞ്ഞ അടയാളമാണ് മിർസായുടെ ഈ ഉപാധി. ഇതിനെ ആക്ഷേപിക്കുന്നവർ മുനാഫിക്വുകളാണെന്നു കൂടി പറഞ്ഞുകൊണ്ട് അനുയായികളുടെ വായ് മൂടിക്കെട്ടിയിരിക്കുന്നു അയാൾ. ‘പ്രവാചക’കുടുംബത്തിൽ ജനിച്ച ഏത് തെമ്മാടിക്കും സ്വർഗം ലഭിക്കുന്ന നിബന്ധന എഴുതിവെച്ചതുപോലും ഇവരെ ചിന്തിപ്പിക്കുന്നില്ല. എന്തുകൊണ്ട് മിർസയെ നിഷേധിച്ചുവെന്ന ചോദ്യത്തിന് ഈയൊരു മറുപടി പറയാമെന്ന ധൈര്യം മതി, അൽപമൊരു ശങ്ക ബാക്കിയുള്ളവർക്ക്.

1982ൽ ‘നാലാം ഖലീഫ’യായി മിർസാ ത്വാഹിർ അഹ്‌മദ് തെരഞ്ഞെടുക്കപ്പെട്ടപ്പോൾ അദ്ദേഹത്തിന്റെ അനുജൻ ഇതംഗീകരിച്ചില്ല; ബൈഅത്ത് ചെയ്യാൻ വിസമ്മതിച്ചു. അദ്ദേഹത്തെ വീട്ടുതടങ്കലിൽ വെച്ചാണ് ഖലീഫയെ സ്ഥാനാഭിഷേകം ചെയ്തത്. ഖിലാഫത്തിനെ അംഗീകരിക്കാത്തവർ ജമാഅത്തിൽനിന്ന് മാത്രമല്ല ഇസ്‌ലാമിൽ നിന്നും പുറത്താണെന്ന് ഖാദിയാനി മതം പഠിപ്പിക്കുന്നു. എങ്കിൽ പോലും തനിക്ക് സ്വർഗം ഉറപ്പാണെന്ന് മനസ്സിലാക്കുന്നു ഈ പ്രവാചക പൗത്രൻ!

തന്റെ കുടുംബത്തിന് ഈ ഉപാധികളൊന്നും ബാധകമല്ലെന്ന മിർസയുടെ വാക്കുകൾ മുതലെടുത്തുകൊണ്ട് മിർസാ മഹ്‌മൂദ് അഹ്‌മദ് എഴുതി: “ഹസ്രത്ത് മസീഹ് മൗഊദ്(അ) തന്റെ കുടുംബത്തിന്റെ ക്വബ്‌റുകൾ വെള്ളിപോലെ തിളങ്ങുന്നതായി കണ്ടുവെന്ന, അൽവസ്വിയ്യത്തിലെ ഇൽഹാമനുസരിച്ച് തന്റെ കുടുംബം മുഴുവൻ മുത്തക്വികളും സ്വർഗാവകാശികളുമാണെന്ന് വ്യക്തമാക്കപ്പെട്ടിരിക്കുന്നു’’ (അൽഫസൽ, 2.7.1937)

ലാഹോരി ഗ്രന്ഥകാരൻ ഡോ. ബശാറത്ത് അഹ്‌മദ് ഇതിനെ ഖണ്ഡിക്കുന്നു. തങ്ങളുടെ മുഖ്യശത്രുവായ ഖാദിയാനീ ഖലീഫയും സഹോദരന്മാരും മക്കളും ഈ സൗജന്യ പാസുമായി സ്വർഗത്തിൽ പോകുന്നത് അവർക്ക് സഹിക്കാവുന്നതിനപ്പുറമാണ്; ഖാ ദിയാനീ വിഭാഗത്തെ ക്രൈസ്തവതുല്യരും നരകാവകാശികളുമാണെന്ന് കരുതുമ്പോൾ വിശേഷിച്ചും!

“അൽ വസ്വിയ്യത്തിലെ മസീഹിന്റെ വാക്കുകളെ ഖാദിയാനീ ഖലീഫ ദുർവ്യാഖ്യാനം ചെയ്യുകയാണ്. മസീഹ് എഴുതി: ‘ഒരു മാലാഖ ഒരു ഭൂപ്രദേശം അളന്നുകൊണ്ടിരിക്കുന്നതായി ഞാൻ കണ്ടു. ഒരു പ്രത്യേക സ്ഥാനമെത്തിയപ്പോൾ ഒരു ക്വബ്ർ കാണിച്ചുതന്നു. അത് വെള്ളിയെക്കാൾ തിളങ്ങുന്നുണ്ടായിരുന്നു. അതിന്മേൽ വെള്ളിമണ്ണായിരുന്നു നിരത്തിയത്. അത് താങ്കളുടെ ക്വബ്‌റാണെന്ന് മലക്ക് പറഞ്ഞു’ (അൽ വസിയ്യത്ത് പേജ് 15). വെള്ളിപോലെ തിളങ്ങിയത് മസീഹിന്റെ ക്വബ്ർ മാത്രമാണ്. തന്റെ കുടുംബത്തെ മുഴുവൻ മസീഹ് ഒഴിവാക്കിയത് അവരെല്ലാം മുത്തക്വികളായതുകൊണ്ടല്ല; ബഹശ്തീ മക്വ‌്‌ബറ കുടുംബ ശ്മശാനമെന്ന നിലയ്ക്കായിരുന്നു. മുൻ പ്രവാചകന്മാരുടെ മക്കളിൽ ചിലർ നിഷേധികളും നരകാവകാശികളുമായിരുന്നുവെന്ന ചരിത്രം നമുക്കറിയാം. ഇതൊരു പ്രദേശത്തിന്റെ പേരല്ല; പദ്ധതിയുടെ പേരാണ്. ഉപാധികൾ പാലിക്കേണ്ടാത്തവർക്ക് ഇതൊരു കുടുംബശ്മശാനം മാത്രമാണ്’’ (മിർഅതുൽ ഇഖ്തിലാഫ്, പേജ് 102-103).

ബഹശ്തീ മക്വ‌്‌ബറയിൽ അടക്കം ചെയ്താൽ പോലും ഖാദിയാനികളെ സ്വർഗത്തിലെത്താനനുവദിക്കില്ല ലാഹോരികൾ. അതേസമയം യഥാർഥ അഹ്‌മദികൾ തങ്ങളാണെന്ന് സ്ഥാപിക്കാൻ അൽ വസിയ്യത്തിലെ ഈ സൗജന്യം വലിയൊരായുധമാണ് ഖാദിയാനീ വിഭാഗത്തിന്.

മക്വ‌്‌ബറയുടെ ബ്രാഞ്ചുകൾ!

ലാഹോരികളെ ഒരു കാരണവശാലും ബഹശ്തീ മക്വ‌്‌ബറയിൽ മറവു ചെയ്യാനനുവദിക്കില്ലെന്ന് ഖലീഫ മഹ്‌മൂദ് അഹ്‌മദ് പ്രഖ്യാപിച്ചു. (അൽഫസൽ 19.6.1922). അവർക്ക് സ്വർഗം നിഷേധിക്കുന്നതിന് തുല്യമായിരുന്നു ഇത്. പക്ഷേ, മക്വ‌്‌ബറക്കും കമ്മിറ്റിക്കും ശാഖകളുണ്ടാക്കാമെന്ന വ്യവസ്ഥ അവരുടെ സഹായത്തിനെത്തുന്നു. ബഹശ്തീ മക്വ‌്‌ബറയുടെ ലാഹോർ ബ്രാഞ്ച് സ്ഥാപിച്ച് അവർക്ക് സ്വർഗത്തിൽ പോകാം!

1947ൽ ഇന്ത്യാവിഭജനത്തിനു ശേഷം പാകിസ്താനിലേക്ക് പലായനം ചെയ്ത ഖാദിയാനീ ഖലീഫയും അനുയായികളും ചിനിയോട്ടിനടുത്ത് ചിനാബ് നഗറിൽ സ്വന്തമായൊരു നഗരം പടുത്തുയർത്തുകയും അതിന് ‘റബ്‌വ’ എന്ന് പേരിടുകയും ചെയ്തു. ഒരിക്കലും ഖാദിയാനിലേക്ക് തിരിച്ചുവരാനാവില്ലെന്ന് മനസ്സിലാക്കിയ ഖലീഫ അവിടെ ബഹശ്തീ മക്വ‌്‌ബറയുടെ ബ്രാഞ്ച് സ്ഥാപിച്ചു. നേരത്തെ പറഞ്ഞ നിബന്ധനകളോടെ വസ്വിയ്യത്ത് ചെയ്ത ഖാദിയാനികളെ അവിടെ മറവുചെയ്യുന്നു. രണ്ടും മൂന്നും ഖലീഫമാരെയും ഖാദിയാനികുടുംബത്തിലെ പല പ്രമുഖരെയും അവിടെയാണ് സംസ്‌കരിച്ചത്.

1984ൽ പാകിസ്ഥാനും ബഹശ്തീ മക്വ‌്‌ബറയും റബ്‌വയും ഒപ്പം ഖാദിയാനി രാഷ്ട്രമെന്ന സ്വപ്നവും ഉപേക്ഷിച്ച് ലണ്ടനിലേക്ക് പലായനം ചെയ്ത നാലാം ഖലീഫ അവിടെയും മക്വ‌്‌ബറയുടെ ബ്രാഞ്ച് സ്ഥാപിച്ചു എന്നാണ് അറിയാൻ കഴിഞ്ഞത്.

വസ്വിയ്യത്തിന്റെ മാതൃക

വസിയ്യത്ത് നമ്പർ 14937.

‘‘കൊടിയത്തൂർ സ്വദേശിയും ഇപ്പോൾ പഞ്ചാബ് സംസ്ഥാനത്തെ ഗുരുദാസ്പൂർ ജില്ലയിലെ ഖാദിയാൻ പോസ്റ്റോഫീസ് പരിധിയിൽ താമസക്കാരനും ജന്മനാ അഹ്‌മദിയുമായ 25 വയസ്സുള്ള, മാപ്പിള സമുദായത്തിൽപെട്ട എം.ഇമ്പിച്ചാലിയുടെ മകൻ നാസർ അഹ്‌മദ് എന്ന ഞാൻ, ആരുടെയും നിർബന്ധത്താലല്ലാതെ സ്വന്തം ഇഷ്ടപ്രകാരം, സ്വബോധത്തോടെ, 1992 സെപ്തംബർ 13ന് താഴെ പറയും പ്രകാരം വസിയ്യത്ത് ചെയ്യുന്നു:

‘എന്റെ മരണശേഷം എന്റെ സ്ഥാവരജംഗമ സ്വത്തുക്കളുടെ 1/10 ഭാഗത്തിന്റെ ഉടമാവകാശം ഖാദിയാനിലെ സദർ അൻജുമൻ അഹ്‌മദിയ്യക്കായിരിക്കും. ഇപ്പോൾ എനിക്ക് സ്ഥാവര ജംഗമ സ്വത്തുക്കൾ ഒന്നുമില്ല. ഞാൻ സദർ അൻജുമന്റെ കീഴിൽ 1050 രൂപ ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥനാണ്. എന്റെ മരണംവരെ ശമ്പളത്തിന്റെ 1/10 ഭാഗം സദ്ർ അൻജുമന് നൽകിക്കൊണ്ടിരിക്കും. ഇനിയും കൂടുതലായി നേടുന്ന സമ്പാദ്യങ്ങളുടെ പൂർണവിവരം യഥാസമയം ബഹശ്തീ മക്വ‌്‌ബറ ഓഫീസിൽ അറിയിക്കു ന്നതാണ്. ഈ വസ്വിയ്യത്ത് അതിനും ബാധകമായിരിക്കും. ഈ തിയ്യതിമുതൽ വസ്വിയ്യത്ത് സ്വീകരിക്കണമെന്ന അപേക്ഷയോടെ,

വിനീതൻ
എം.നാസർ അഹ്‌മദ് ഒപ്പ്

സാക്ഷികൾ
ഒ.എം. മുസമ്മിൽ അഹ്‌മദ്
ശാഹിദ് അഹ്‌മദ് ഖാദി’’ (ബദർ 14.11.1996).

സ്വർഗത്തിലേക്കൊരു കുറുക്കുവഴി

ബഹശ്തീ മക്വ‌്‌ബറയുടെ ശ്രേഷ്ഠതകൾ വളരെയാണ്. ‘അൽഫസൽ’ എഴുതിയതുപോലെ ഇതൊരു കുറുക്കുവഴി തന്നെയാണ്.

‘‘ഈ ഇനത്തിൽപെട്ട ഏറ്റവും മഹത്തായ ഒരു ഇൻസ്റ്റിറ്റ്യൂഷനാണ് ബഹശ്തീ മക്വ‌്‌ബറ. മറ്റെന്തിനെക്കാളും ശ്രേഷ്ഠമായ അനുഗ്രഹമാണിത്. ആദം(അ) മുതൽ ഇന്നേവരെയുള്ള ആളുകൾ ദാഹിച്ചിരുന്ന ഒരു പദ്ധതി. ആദം ഒന്നാമനെ പിശാച് താൽക്കാലിക സ്വർഗത്തിൽനിന്ന് പുറത്താക്കിയതിന് പരിഹാരമായി ആറായിരം വർഷങ്ങൾക്കുശേഷം ആദം രണ്ടാമൻ മുഖേന മനുഷ്യർക്ക് അല്ലാഹു ശാശ്വത സ്വർഗം തുറന്നുകൊടുത്തു. മുൻ പ്രവാചകന്മാർ തങ്ങളുടെ ഉത്തമ അനുചരന്മാർക്ക് സ്വർഗപ്രവേശം സുവിശേഷമറിയിച്ചു. മസീഹാകട്ടെ സ്വർഗവാതിൽ മലർക്കെ തുറന്നിടുകയാണി ചെയ്തത്. അൽപമൊന്ന് എഴുന്നേറ്റ് നടന്നാൽ മതി സ്വർഗത്തിലെത്താം’’ (അൽഫസൽ, 15-9-1936).

ഇങ്ങനെയൊക്കെ ആയിട്ടും ജമാഅത്തിൽപെട്ട അനേകം പേർ വസ്വിയ്യത്ത് ചെയ്യാത്തതുകൊണ്ട് അവരെ പ്രലോഭിപ്പിക്കുന്ന പരസ്യങ്ങൾ ഇടയ്ക്കിടെ മുഖപത്രങ്ങളിൽ പ്രത്യക്ഷപ്പെടാറുണ്ട്.

‘‘ഇന്ന് നിങ്ങൾക്ക് ഹദ്‌റത്ത് അബൂബക്കറിന്റെയും ഉമറിന്റെയും ശ്രേഷ്ഠത കൈവരിക്കാനുള്ള സുവർണാവസരം കൈവന്നിരിക്കുന്നു. വസ്വിയ്യത്ത് ചെയ്തുകൊണ്ട് നിങ്ങളുടെ മഹാനായ നേതാവിന്റെ പാർശ്വത്തിൽ അന്ത്യവിശ്രമം കൊള്ളാനും തദ്വാരാ സ്വർഗീയാനുഭൂതി കൈവരിക്കാനുമുള്ള അവസരം നഷ്ടപ്പെടുത്താതിരിക്കുക. വാഗ്ദത്ത മസീഹ് നബിയുടെ ക്വബ്‌റിൽ സംസ്‌കരിക്കപ്പെടുമെന്ന സ്വഹീഹായ ഹദീസുകളനുസരിച്ച് ഖാദിയാനിലെ ബഹശ്തീ മക്വ‌്‌ബറയിൽ സംസ്‌കരിക്കപ്പെടുന്നവർ വിശുദ്ധ റൗദാശരീഫിൽ മറവുചെയ്യപ്പെട്ടവർക്ക് തുല്യരത്രെ. അപ്രകാരം അബൂബക്കർ സ്വിദ്ദീഖിന്റെയും ഉമറുൽ ഫാറൂഖിന്റെയും സമശീർഷരാവാൻ ഇന്നുതന്നെ വസിയ്യത്ത് ചെയ്യുക’’ (അൽഫസൽ, 2-2-1915).

ഖാദിയാനീ പത്രത്തിന്റെ പ്രലോഭനം കണ്ടാൽ സ്വർഗമോഹികൾ വസിയ്യത്ത് ചെയ്ത് ആത്മഹത്യ ചെയ്തുപോകും!