സംസാരത്തിലും അമാനത്ത്!

സിയാദ് അൽഹികമി, വയനാട്

2023 ഒക്ടോബർ 07 , 1445 റ.അവ്വൽ 22

ജാബിറി(റ)ൽനിന്ന് നിവേദനം; റസൂൽﷺ പറഞ്ഞു: ‘ഒരാൾ മറ്റൊരാളോട് സംസാരിക്കുകയും തുടർന്ന് അയാൾ ചുറ്റും തിരിഞ്ഞുനോക്കുകയും (മറ്റുള്ളവർ കേൾക്കുന്നുണ്ടോ എന്നറിയാൻ) ചെയ്താൽ അത് (അവരുടെ ആ സംസാരം) അമാനത്താണ്’  (അബൂദാവൂദ്, തിർമിദി).

മനുഷ്യൻ ഒരു സാമൂഹിക ജീവിയാണല്ലോ. മറ്റുള്ളവരുമായി ഇടപെടുമ്പോൾ പാലിക്കേണ്ട ഒരുപാട് മര്യാദകളും നിർദേശങ്ങളും ഇസ്‌ലാം നൽകുന്നുണ്ട്. അവ നല്ലൊരു സമൂഹനിർമിതിക്കും അതിന്റെ കെട്ടുറപ്പിനും സഹായകമാണ്. പകയും വിദ്വേഷവും ഐക്യമില്ലായ്മയും പോലുള്ള, സാമൂഹിക- വൈയക്തിക ബന്ധങ്ങൾക്ക് വിലങ്ങുതടിയാകുന്ന എല്ലാ ദുർഗുണങ്ങൾക്കും എതിരാണ് ഇങ്ങനെയുള്ള നിയമങ്ങളും നിർദേശങ്ങളും.

സംസാരത്തിൽപോലും അമാനത്ത് പാലിക്കണമെന്നാണ് ഉപരിസൂചിത നബിവചനം അറിയിക്കുന്നത്. മനുഷ്യർ തമ്മിലുള്ള വിശ്വാസം നിലനിർത്തുകയാണ് ഇതിലൂടെ സംഭവിക്കുന്നത്. ഈ ഹദീസിന്റെ വെളിച്ചത്തിൽ നമ്മൾ തിരുത്തേണ്ട ചില ധാരണകളുണ്ട്. അമാനത്ത് പാലിക്കുക എന്നത് വിശ്വസിച്ചേൽപിക്കുന്ന മൂല്യമുള്ള വസ്തുക്കളിലോ ജോലിയിലോ മറ്റു ഉത്തരവാദിത്തങ്ങളിലോ മാത്രമല്ല, സംസാരത്തിന്റെ വിഷയത്തിലും അനിവാര്യമാണ്.

രഹസ്യങ്ങളും മറ്റുള്ളവർ അറിയുന്നത് ഇഷ്ടപ്പെടാത്തതുമായ കാര്യങ്ങൾ മറ്റുള്ളവരുമായി പങ്കുവെക്കുമ്പോൾ അത് മൂന്നാമതൊരാൾ അറിയാതിരിക്കുക എന്നത് അമാനത്താണ്. രഹസ്യസ്വഭാവമുള്ളതും മറ്റുള്ളവരോട് പറയരുത് എന്ന് പറഞ്ഞതുമായ കാര്യങ്ങൾ മറ്റുള്ളവരുമായി പങ്കുവെക്കാനുള്ള ത്വര മനുഷ്യന്റെ പ്രകൃതമാണ്. ആരോടും പറയരുത് എന്ന് പറഞ്ഞ സംഗതിയാണ,് നിന്നോട് മാത്രം പറയുകയാണ് എന്ന് പറഞ്ഞുകൊണ്ടായിരിക്കും പങ്കുവെക്കുക.

ആരോടും പറയരുത് എന്ന് പറഞ്ഞുകൊണ്ട് ഒരാൾ നമ്മോട് വല്ലതും പറഞ്ഞാൽ അത് അമാനത്താണ്. അത് മറ്റുള്ളവരോട് പറഞ്ഞുകൂടാ.

അമാനത്ത് പാലിക്കുന്നതിലെ ഗൗരവം സൂചിപ്പിക്കുന്ന ക്വുർആൻ സൂക്തങ്ങളും ഹദീസുകളും ഏറെയുണ്ട്. ‘തങ്ങളെ വിശ്വസിച്ചേൽപിച്ച കാര്യങ്ങളും തങ്ങളുടെ ഉടമ്പടികളും പാലിച്ചു പോരുന്നവരും (ആണ് സത്യവിശ്വാസികൾ)’ (മആരിജ് 32).

‘സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവോടും റസൂലിനോടും വഞ്ചന കാണിക്കരുത്. നിങ്ങൾ വിശ്വസിച്ചേൽപിക്കപ്പെട്ട കാര്യങ്ങളിൽ അറിഞ്ഞുകൊണ്ട് വഞ്ചന കാണിക്കുകയും ചെയ്യരുത്’(അൻഫാൽ27).

അമാനത്ത് പാലിക്കാതിരിക്കൽ അന്ത്യനാളിന്റെ അടയാളമാണ്. അബൂഹുറയ്‌റ(റ)യിൽനിന്നും നിവേദനം; റസൂൽﷺ പറഞ്ഞു: ‘അമാനത്ത് നഷ്ടപ്പെടുത്തുന്ന കാലം എത്തിയാൽ അന്ത്യദിനം പ്രതീക്ഷിച്ചു കൊള്ളുക.’ അപ്പോൾ ചോദിക്കപ്പെട്ടു: ‘എങ്ങനെയാണ് അമാനത്ത് നഷ്ടപ്പെടുത്തുക?’ റസൂൽﷺ മറുപടി പറഞ്ഞു: ‘അമാനത്ത് നിറവേറ്റാൻ കഴിവില്ലാത്ത ആളുകളിലേക്ക് അമാനത്ത് ഏൽപിക്കുക’ (ബുഖാരി).

അമാനത്ത് പാലിക്കുന്നതിൽ വീഴ്ച വരുത്തുക എന്നത് വലിയ ഗൗരവമുള്ള വിഷയമാണ്. പരസ്പരമുള്ള വിശ്വാസം മുഖവിലക്കെടുത്തുകൊണ്ടാണ് വ്യക്തിപരമായ രഹസ്യങ്ങളും മറ്റുള്ളവർ അറിയുന്നത് ഇഷ്ടമില്ലാത്ത കാര്യങ്ങളും പലപ്പോഴും പങ്കുവെക്കുക. അതിൽ വഞ്ചന കാണിക്കുന്നത് സത്യവിശ്വാസികളുടെ ഭാഗത്ത് നിന്ന് ഒരിക്കലും ഉണ്ടാവാൻ പാടില്ലാത്തതാണ്.