വിശുദ്ധ ക്വുർആനും സത്യവിശ്വാസിയും

സഫ്‌വാൻ അൽഹികമി ആമയൂർ

2023 മാർച്ച് 25, 1444 റമദാൻ 2

അബൂ മൂസൽഅശ്അരി(റ) ഉദ്ധരിക്കുന്നു;“നബി ﷺ പറഞ്ഞു: “ക്വുർആൻ പാരായണം ചെയ്യുകയും അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്ന ഒരു സത്യവിശ്വാസിയുടെ ഉദാഹരണം നാരകപ്പഴം പോലെയാണ്. അതിന്റെ ഗന്ധം നല്ലതാണ്, രുചിയും നല്ലതാണ്. ക്വുർആൻ പാരായണം ചെയ്യാത്ത ഒരു വിശ്വാസിയുടെ ഉദാഹരണം ഈത്തപ്പഴം പോലെയാണ്. അതിന് ഗന്ധമില്ല, രുചിയാകട്ടെ മധുരമുള്ളതുമാണ്. ക്വുർആൻ പാരായണം ചെയ്യുന്ന ഒരു കപടവിശ്വാസിയുടെ ഉദാഹരണം, റൈഹാന ചെടി പോലെയാണ്. അതിന്റെ ഗന്ധം നല്ലതും രുചി കൈപ്പുള്ളതുമാണ്. ക്വുർആൻ പാരായണം ചെയ്യാത്ത ഒരു കപടവിശ്വാസിയുടെ ഉദാഹരണം ആട്ടക്കായ പോലെയാണ്. അതിന് ഗന്ധമില്ല; രുചിയാകട്ടെ കൈപ്പേറിയതുമാണ്’’ (ബുഖാരി, മുസ്‌ലിം).

അന്തിമദൂതൻ മുഹമ്മദ് ﷺ തന്റെ അധ്യാപനങ്ങൾ ശിഷ്യന്മാരിലേക്ക് പകർന്നുനൽകുവാൻ വ്യത്യസ്തമായതും മനഃശാസ്ത്രപരവുമായ രീതികൾ സ്വീകരിച്ചിരുന്നു എന്നത് ഹദീസുകളിലൂടെ നമുക്ക് മനസ്സിലാക്കാൻ സാധിക്കും. ഉദാഹരണങ്ങളിലൂടെ അനുചരന്മാരെ കാര്യങ്ങൾ പഠിപ്പിക്കുക എന്നതും അതിൽ പെടുന്നു. ക്വുർആൻ പാരായണത്തിന്റെ പ്രാധാന്യത്തെയും അതിൽ ഒരു മുസ്‌ലിം കാണിക്കേണ്ട താൽപര്യത്തെയും മുകളിൽ കൊടുത്ത ഹദീസിൽ ഒരു ഉദാഹരണ ശൈലിയിലൂടെ പഠിപ്പിക്കുകയാണ് നബി ﷺ ചെയ്തിരിക്കുന്നത്. മാലോകർക്കാകമാനം മാർഗദർശനമായി പ്രവാചകനിലൂടെ അല്ലാഹു അവതരിപ്പിച്ച വേദഗ്രന്ഥമാണല്ലോ വിശുദ്ധ ക്വുർആൻ. അതിന്റെ മഹത്ത്വം തിരിച്ചറിയുകയും അത് പാരായണം ചെയ്യുന്നതിൽ താൽപര്യം കാണിക്കുകയും അതിന്റെ ആശയങ്ങൾ ഉൾക്കൊണ്ട് ജീവിക്കുകയും ചെയ്യുക എന്നത് ഒരു വിശ്വാസിയുടെ കടമയാണ്.

നല്ല ഗന്ധവും നല്ല രുചിയുമുള്ള നാരകപ്പഴമാണ്, ക്വുർആൻ പാരായണം ചെയ്യുകയും അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്ന ഒരു വിശ്വാസിക്ക് പ്രവാചകൻ ﷺ നൽകിയ ഉപമ. ക്വുർആനിക വചനങ്ങൾ ഒരു വിശ്വാസിയുടെ ഹൃദയത്തിന് ജീവൻ നൽകുന്നതാണ്. അത് പാരായണം ചെയ്യുകയും അതിന്റെ ആശയങ്ങൾ ഉൾക്കൊണ്ടുകൊണ്ട് ജീവിക്കുകയും ചെയ്യുന്ന ഒരാളുടെ ചിന്തകളും പ്രവർത്തനങ്ങളും സ്വഭാവവും ഉത്തമമായിത്തീരും. ഐച്ഛികമായ വ്രതാനുഷ്ഠാനം കുറയ്ക്കുകയും ക്വുർആൻ പാരായണം അധികരിപ്പിക്കുകയും ചെയ്തിരുന്ന ഇബ്‌നു മസ്ഊദ്(റ) അതിനെപ്പറ്റി ഒരിക്കൽ ചോദിക്കപ്പെടുകയുണ്ടായി. അതിന് അദ്ദേഹം കൊടുത്ത മറുപടി ‘വ്രതമനുഷ്ഠിക്കുന്നതിലൂടെ ക്വുർആൻ പാരായണം ചെയ്യുന്നതിന് ഞാൻ അശക്തനായിത്തീരുന്നു, അതുകൊണ്ട് എനിക്ക് ക്വുർആൻ പാരായണം ചെയ്യലാണ് കൂടുതൽ ഇഷ്ടം’ എന്നായിരുന്നു.

ക്വുർആൻ പാരായണം ചെയ്യാനും പഠനവിധേയമാക്കാനും ദിവസവും ഒരു നിശ്ചിത സമയം നീക്കിവയ്ക്കുക എന്നത് ഓരോ മുസ്‌ലിമിന്റെയും സ്വഭാവമായിത്തീരണം. റമദാൻ മാസത്തിൽ മാത്രം ക്വുർആൻ പാരായണം ചെയ്യുന്നതിൽ ഉൽസാഹം കാണിക്കുകയും മറ്റു മാസങ്ങളിൽ അത് അവഗണിക്കുകയും ചെയ്യുന്ന രീതി ഉണ്ടായിക്കൂടാ. ആഴ്ചയിലും മാസത്തിലും നാൽപതു ദിവസം കൂടുമ്പോഴുമെല്ലാം ക്വുർആൻ പൂർണമായും പാരായണം ചെയ്തു തീർത്തിരുന്ന ശീലം നമ്മുടെ മുൻഗാമികളായ പലരിലും ഉണ്ടായിരുന്നു. ക്വുർആൻ പാരായണം ചെയ്യാത്ത വിശ്വാസിയെ ഈത്തപ്പഴത്തോടാണ് ഉപമിച്ചിരിക്കുന്നത്. ഈത്തപ്പഴത്തിന് രുചിയും ഗുണങ്ങളുമുണ്ടെങ്കിലും സുഗന്ധമില്ലല്ലോ. ക്വുർആൻ പാരായണം ചെയ്യുന്ന കപടവിശ്വാസി റൈഹാന ചെടി പോലെയാണ്. അതിന്റെ ഗന്ധം നല്ലതും രുചി കൈപ്പുള്ളതുമാണ്. ക്വുർആൻ പാരായണം ചെയ്യുന്നു എന്ന ഗുണം അവനിലുണ്ടെങ്കിലും അത് ആത്മാർഥത നിറഞ്ഞതല്ല. അവന്റെയുള്ളിൽ സത്യനിഷേധമാണുള്ളത്. ക്വുർആൻ പാരായണം ചെയ്യാത്ത ഒരു കപടവിശ്വാസിയാകട്ടെ ഗന്ധമില്ലാത്ത, കൈപ്പേറിയ ആട്ടക്കായ പോലെയാണ്. അവനിൽനിന്നും യാതൊരു ഉപകാരവും ആർക്കും ലഭിക്കുകയില്ല.