വിശ്വാസിയുടെ രഹസ്യജീവിതം

സഫ്‌വാൻ അൽഹികമി, ആമയൂർ

2023 സെപ്തംബർ 09 , 1445 സ്വഫർ 24

മഹാനായ സ്വഹാബിവര്യൻ സൗബാൻ(റ) ഉദ്ധരിക്കുന്നു: “പ്രവാചകൻﷺ പറഞ്ഞു: ‘വെള്ള തിഹാമ പർവതം കണക്കെ നന്മകളുമായി അന്ത്യനാളിൽ കടന്നുവരുന്ന, എന്റെ സമുദായത്തിൽ പെട്ട ഒരു വിഭാഗത്തെ എനിക്കറിയാം. എന്നാൽ അല്ലാഹു ആ നന്മകളെ ചിതറിയ ധൂമപടലങ്ങളാക്കി മാറ്റും.’ സൗബാൻ(റ) പറഞ്ഞു: ‘അല്ലാഹുവിന്റെ റസൂലേ, അവരെക്കുറിച്ച് ഞങ്ങൾക്ക് പറഞ്ഞുതരിക, അവരെപ്പറ്റി അറിയാത്തതിന്റെ പേരിൽ ഞങ്ങൾ അവരിൽ പെട്ടുപോകരുതല്ലോ!’ പ്രവാചകൻﷺ പറഞ്ഞു: ‘അവർ നിങ്ങളുടെ കൂട്ടത്തിൽപെട്ട നിങ്ങളുടെ സഹോദരങ്ങൾ തന്നെയാണ്. നിങ്ങൾ രാത്രി എഴുന്നേറ്റ് നമസ് കരിക്കാറുള്ളതുപോലെ അവരും നമസ്‌കരിക്കാറുണ്ട്. പക്ഷേ, അല്ലാഹു നിഷിദ്ധമാക്കിയ കാര്യങ്ങളിൽ അവർ തനിച്ചായാൽ, അവർ അത് ലംഘിക്കുന്നതാണ്’’ (ഇബ്‌നുമാജ).

ഹിജാസിൽനിന്നും നബിﷺ വിലയ്ക്ക് വാങ്ങി മോചിപ്പിച്ച അടിമയായിരുന്നു സൗബാൻ(റ). ശേഷം പ്രവാചകന്റെ കൂടെ കഴിയുകയും പ്രവാചകനിൽനിന്നും ധാരാളം അറിവ് കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. പ്രസ്തുത സ്വഹാബി ഉദ്ധരിക്കുന്ന ഈ ഹദീസിൽ നബിﷺ, ഒരു മുസ്‌ലിം തന്റെ രഹസ്യജീവിതത്തിൽ കാത്തുസൂക്ഷിക്കേണ്ട പവിത്രതയെ കുറിച്ചാണ് സൂചിപ്പിക്കുന്നത്. ഒരു മനുഷ്യായുസ്സിന്റെ പ്രധാന ലക്ഷ്യം പരലോകത്തിലെ വിജയത്തിനുതകുന്ന കാര്യങ്ങൾ ചെയ്യുക എന്നതാണ്. അതിൽ ഏറ്റവും പ്രധാനം വിശ്വാസവും സൽകർമവുമാണ്. ഇവ രണ്ടിനെയും ഇല്ലായ്മ ചെയ്യുന്ന പാപമാണ് ഗോപ്യമായ തിന്മ എന്നത്.

ഒരാൾക്കും സ്വയം നിശ്ചയിക്കാനാവാത്തവിധം സ്രഷ്ടാവ് കനിഞ്ഞു നൽകിയ ആയുസ്സിൽ, തന്നാലാവുന്നവിധം നന്മകൾ ചെയ്തു ജീവിക്കേ ണ്ടവരാണ് സത്യവിശ്വാസികൾ. താൻ ആത്മാർഥതയോടെയും പ്രയാസങ്ങളും കഷ്ടപ്പാടുകളും സഹിച്ചുകൊണ്ടും ചെയ്തുതീർത്ത പുണ്യങ്ങളുടെ പ്രതിഫലം നിഷ്ഫലമാകുന്ന അവസ്ഥ എത്രമാത്രം ഗൗരവമേറിയതാണ്!

മറ്റുള്ളവർ തന്നെ കാണുന്നുണ്ടെന്ന ബോധത്തോടെ പ്രകടമായി ഉത്തമജീവിതം നയിക്കുന്ന ഒരു വ്യക്തി തന്റെ റബ്ബ് മാത്രം കാണുന്ന വേളയിൽ തിന്മകൾ ചെയ്യുന്നുണ്ടെങ്കിൽ അതിനർഥം നിസ്സാരരായ സൃഷ്ടികളുടെ വിലപോലും തന്റെ സ്രഷ്ടാവിന് അവൻ നൽകുന്നില്ല എന്നതാണെന്ന് മഹാനായ പണ്ഡിതൻ ഇബ്‌നു ഹജറുൽ ഹൈത്തമി ഈ ഹദീസിനെ വിശദീകരിച്ചുകൊണ്ട് പറയുന്നുണ്ട്. അതൊരുതരം കാപട്യമാണ്, അല്ല തനി കാപട്യംതന്നെയാണ്.

എന്നെ ആരും കാണുന്നില്ല എന്ന തോന്നലുണ്ടാകുമ്പോൾ മറ്റുള്ളവരുടെ മുന്നിൽ ചെയ്യാൻ മടിക്കുന്ന പല തിന്മകളും ചെയ്തുകൂട്ടുക എന്നത് തക്വ്‌വയുടെ കുറവാണ് സൂചിപ്പിക്കുന്നത്.

പ്രവാചക വചനത്തിൽ സൂചിപ്പിച്ച വിഭാഗത്തിൽ നാം ഓരോരുത്തരും അകപ്പെട്ടിട്ടുണ്ടോ എന്ന് സ്വയം വിലയിരുത്തേണ്ടതുണ്ട്. മുൻകാലത്ത് പല പ്രയാസങ്ങളും സഹിച്ചുകൊണ്ട് മാത്രം ഒളിഞ്ഞും മറഞ്ഞും ചെയ്യാൻ കഴിഞ്ഞിരുന്ന പല തിന്മകളും ഇന്ന് നിഷ്പ്രയാസം സ്വന്തം കിടപ്പുമുറിയിലും ആൾക്കൂട്ടത്തിനിടയിൽ പോലും ആരുമറിയാതെ വിരൽത്തുമ്പുകൊണ്ടുള്ള ക്ലിക്കിലൂടെ ചെയ്യാൻ കഴിയുന്ന കാലമാണിത്. നമ്മുടെ കൈവശമിരിക്കുന്ന മൊബൈൽ ഫോണുകൾക്ക് നമ്മുടെ പരലോക ജീവിതംതന്നെ തകർത്തുകളയാനും അവിടെവച്ച് നമ്മെ അപമാനിക്കാനുമുള്ള ശേഷിയുണ്ടെന്നത് നാം മറന്നു പോകരുത്.

രഹസ്യജീവിതത്തിൽ സൂക്ഷ്മത പുലർത്തുന്ന വിഷയത്തിൽ മുൻഗാമികളെ നാം മാതൃകയാക്കണം. പാപസുരക്ഷിതനായ നബിﷺ പോലും കാലിൽ നീരുകെട്ടുമാറ് രാത്രിയിൽ എഴുന്നേറ്റ് നമസ്‌കരിക്കുകയും ദിനേന അനേകം തവണ പാപമോചനം തേടുകയും ചെയ്തിരുന്നു എന്നതിലപ്പുറം മറ്റെന്തു മാതൃകയാണ് ഒരു വിശ്വാസിക്കുവേണ്ടത്?