നബി ﷺ യുടെ ഹജ്ജ്

അബ്ദുൽ ഖാലിക്വ്

2023 മെയ് 27 , 1444 ദുൽഖഅ്ദ 07

അലി(റ)യുടെ മകൻ ഹുസൈനി(റ)ന്റെ പൗത്രൻ മുഹമ്മദ്(റ) നിവേദനം, ചെയ്യുന്നു: “ഞങ്ങൾ ജാബിറുബ്‌നു അബ്ദുല്ലാ(റ)യുടെ അടുക്കൽ കടന്നു ചെന്നു. അദ്ദേഹം ഞങ്ങളിലെ ഓരോരുത്തരെയായി പരിചയപ്പെട്ടു. അവസാനം എന്റെ അവസരമെത്തി. എന്നെ മനസ്സിലായപ്പോൾ അദ്ദേഹം വസ്ത്രത്തിനുള്ളിലൂടെ നെഞ്ചിൽ കൈവെച്ചുകൊണ്ട് പറയുകയുണ്ടായി: ‘എന്റെ സഹോദര പുത്രാ! നിനക്ക് സ്വാഗതം. നീ വേണ്ടത് ചോദിച്ചു കൊള്ളുക.’ ഞാൻ അന്ന് ചെറുപ്രായക്കാരനായിരുന്നു. അദ്ദേഹം കണ്ണു കാണാത്ത അവസ്ഥയിലെത്തുകയും ചെയ്തിരുന്നു.

ഞാൻ നബി ﷺ യുടെ ഹജ്ജിനെക്കുറിച്ച് ചോദിച്ചു. അപ്പോഴേക്കും നമസ്‌കാര സമയമായിരുന്നു. അദ്ദേഹം ഒരു പ്രത്യേകതരം വസ്ത്രം തന്റെ ശരീരത്തിൽ ചുറ്റിപ്പിടിപ്പിച്ച് നമസ്‌കരിക്കുവാൻ നിന്നു. അതിന്റെ ചെറുപ്പം കാരണം രണ്ടറ്റങ്ങളും ചുളിഞ്ഞുകയറിയിരുന്നു. അദ്ദേഹത്തിന്റെ തലയിലിടുന്ന ഷാൾ ഹാങ്കറിന്മേൽ തന്നെയുണ്ടായിരുന്നു. ഞങ്ങളെയും കൂട്ടി നമസ്‌കാരം പൂർത്തിയാക്കിയ ശേഷം തന്റെ ചൂണ്ടുവിരൽ നിവർത്തിയും ബാക്കി വിരലുകൾ മടക്കിയും പിടിച്ച് അദ്ദേഹം പറയുകയുണ്ടായി:

“നബി ﷺ ഹിജ്‌റയുടെ ഒൻപതാം വർഷം വരെ ഹജ്ജ് ചെയ്തിരുന്നില്ല, ഹിജ്‌റയുടെ പത്താം വർഷം നബി ﷺ ഹജ്ജിനു പോകുന്നതായി പ്രഖ്യാപനം നടത്തുകയുണ്ടായി. അതറിഞ്ഞ് അറേബ്യയുടെ നാനാദിക്കുകളിൽനിന്നും ധാരാളം പേർ മദീനയിൽ വന്നുചേർന്നു. നബി ﷺ യുടെ ഹജ്ജ് കണ്ടു പഠിക്കു കയും പകർത്തുകയും അദ്ദേഹത്തിന്റെ കൂടെ ഹജ്ജ് നിർവഹിക്കുകയെന്ന ജീവിതാഭിലാഷം പൂർത്തീകരിക്കുകയുമായിരുന്നു അവരുടെയെല്ലാം ലക്ഷ്യം. നബി ﷺ യുടെ കൂടെ ഞങ്ങളും പുറപ്പെട്ടു, ദുൽഖുലൈഫയിലെത്തിയപ്പോൾ അസ്മാഅ് ബിൻത് ഉമൈസ്(റ) അബൂബക്‌റി(റ)ന്റെ മകൻ മുഹമ്മദിനെ പ്രസവിക്കുകയുണ്ടായി. എന്ത് ചെയ്യണമെന്നറിയാൻ അവർ നബി ﷺ യുടെ അടുത്തേക്ക് ആളെയയച്ചു. കുളിച്ചു വൃത്തിയായി ഇഹ്‌റാം ചെയ്യുവാനും രക്തം വരുന്ന ഭാഗത്ത് തുണിയുപയോഗിച്ച് നന്നായി കെട്ടുവാനും അവരോട് നബി ﷺ കൽപിച്ചു. നബി ﷺ ദുൽഖുലൈഫയിൽ വെച്ച് നമസ്‌കരിച്ചു. ശേഷം ഖസ്‌വാ എന്ന തന്റെ ഒട്ടകപ്പുറത്തു കയറി സവാരിയാരംഭിച്ചു. ബൈദാഇലെത്തിയപ്പോൾ ഞാൻ നാലുപാടും നോക്കി. നബി ﷺ ക്ക് ചുറ്റും നടക്കുന്നവരും സവാരിക്കാരായും കണ്ണെത്താദുരം വരെ വിശ്വാസി സമൂഹം സഞ്ചരിക്കുന്നത് ഞാൻ കാണുകയുണ്ടായി. നബി ﷺ ക്ക് വഹ്‌യ് വന്നു കൊണ്ടിരിക്കുകയും അവിടുന്ന് ഞങ്ങൾക്കത് വിശദീകരിച്ചു തന്നുകൊണ്ടുമിരുന്നു. നബി ﷺ യുടെ കർമങ്ങൾക്കനുസരിച്ച് ഞങ്ങളും പ്രവർത്തിച്ചുകൊണ്ടിരുന്നു. അവിടുന്ന് തൗഹീദിന്റെ തൽബിയ്യത്ത് ഉച്ചത്തിൽ ചൊല്ലിക്കൊണ്ടിരുന്നു: ‘ലബ്ബൈകല്ലാഹുമ്മ ലബ്ബൈക്, ലബ്ബൈക ലാ ശരീക ലക ലബ്ബെക്, ഇന്നൽ ഹംദ വന്നിഅ്മത ലക വൽ മുൽക്, ലാ ശരീക ലക.’

ജനങ്ങൾ അവർ ചൊല്ലിക്കൊണ്ടിരുന്നതും ചൊല്ലിക്കൊണ്ടിരുന്നു, നബി അവരോട് ഒന്നും പറയുകയുണ്ടായില്ല, തന്റെ തൽബിയ്യത്തിൽ മാറ്റം വരുത്തുകയും ചെയ്തില്ല.

ജാബിർ തുടർന്നു പറയുകയുണ്ടായി: ‘ഞങ്ങളാരും ഹജ്ജല്ലാതെ മറ്റൊന്നും ഉദ്ദേശിച്ചിട്ടുണ്ടായിരുന്നില്ല. ഉംറയെക്കുറിച്ച് ഞങ്ങൾക്ക് യാതൊരു അറിവുമുണ്ടായിരുന്നില്ല.’

എന്നാൽ നബി ﷺ കഅ്ബയുടെ അടുത്തെത്തി ഹജറുൽ അസ്‌വദിനെ ചുംബിക്കുകയും മൂന്ന് ചുറ്റ് റമൽ ചെയ്തും നാലു ചുറ്റ് നടന്നും ത്വവാഫ് പൂർത്തിയാക്കുകയും ചെയ്തു. നിങ്ങൾ ഇബ്‌റാഹീം നിന്ന സ്ഥലത്തുവച്ച് നമസ്‌കരിക്കുക എന്ന ആയത്ത് പാരായണം ചെയ്തുകൊണ്ട് മക്വാമു ഇബ്‌റാഹീമിനടുത്ത് വന്ന് അത് കഅ്ബയുടെ ഇടയിൽ വരുന്ന രൂപത്തിൽ നിന്ന് രണ്ടു റക്അത്തു നമസ്‌കരിച്ചു. ഒന്നാമത്തെ റക്അത്തിൽ സൂറത്തുൽ കാഫിറൂനും രണ്ടാമത്തേതിൽ ഇഖ്‌ലാസുമായിരുന്നു പാരായണം ചെയ്തിരുന്നത്. അതു കഴിഞ്ഞ് ഹജറുൽ അസ്‌വദിനടുത്ത് വന്ന് അതിനെ തൊട്ടുമുത്തി.

ശേഷം സ്വഫായിലേക്കു പുറപ്പെടുകയും അതിനു മുകളിലേക്ക് കയറിയപ്പോൾ ‘നിശ്ചയമായും സ്വഫയും മർവയും അല്ലാഹുവിന്റെ ചിഹ്നങ്ങളിൽ പെട്ടതാകുന്നു...’ എന്ന ആയത്ത് പാരായണം ചെയ്യുകയുമുണ്ടായി. കഅ്ബാ ശരീഫ് കാണുന്നതുവരെ നബി ﷺ അതിനു മുകളിലേക്കു കയറി. ക്വിബ്‌ലയിലേക്കു തിരിഞ്ഞുകൊണ്ട് തന്നെ ‘ലാ ഇലാഹ ഇല്ലല്ലാഹു. വഹ്ദഹു ലാ ശരീക ലഹു, ലഹുൽ മുൽകു വലഹുൽ ഹംദു, വഹുവ അലാ കുല്ലി ശൈഇൻ ക്വദീർ, ലാ ഇലാഹ ഇല്ലല്ലാഹു വഹ്ദഹു, അൻജസ വഅ്ദഹു, വ നസ്വറ അബ്ദഹു, വ ഹസമൽ അഹ്‌സാബ വഹ്ദഹു’ എന്നു പ്രാർഥിച്ചു. മൂന്നു പ്രാവശ്യമായിരുന്നു അതു പറഞ്ഞിരുന്നത്.

പിന്നീട് സ്വഫയിൽനിന്നിറങ്ങി മർവയിലേക്കു പോയി. താഴ്‌വരയുടെ താഴ്ഭാഗത്ത് കാൽ നേരെ ചവിട്ടാവുന്ന സ്ഥലത്ത് എത്തിയപ്പോൾ അവിടുന്ന് ഓടുവാൻ തുടങ്ങി. മർവയിലേക്കുള്ള കയറ്റമാരംഭിച്ചപ്പോൾ അവിടുന്ന് ഓട്ടം നിർത്തി നടക്കുവാൻ തുടങ്ങി. മർവയിലും സ്വഫായിൽ ചെയ്തതു പോലെയുള്ള പ്രാർഥന നിർവഹിച്ചു. സഅ്‌യിന്റെ അവസാന ചുറ്റിൽ സ്വഫായിൽ എത്തിയപ്പോൾ അവിടുന്ന് പറഞ്ഞു: ‘എനിക്ക് വൈകിത്തോന്നിയ കാര്യം മുമ്പുതന്നെ തോന്നുകയും ഞാൻ ബലിമൃഗങ്ങളെ കൂടെ കൊണ്ടുവരികയും ചെയ്തിട്ടില്ലായിരുന്നുവെങ്കിൽ ഞാൻ ഇപ്പോഴത്തെ ത്വവാഫും സഅ്‌യും ഉംറക്കുള്ളതാക്കി മാറ്റുമായിരുന്നു. അതിനാൽ ബലിമൃഗം കൊണ്ടുവരാത്തവരെല്ലാം ഇപ്പോൾ ഉംറയിലേക്ക് മാറുകയും ഇഹ്‌റാമിൽനിന്നു വിരമിക്കുകയും ചെയ്യട്ടെ.’ അപ്പോൾ സുറാക്വ(റ) ചോദിക്കുകയുണ്ടായി: ‘പ്രവാചകരേ, ഈ വർഷത്തേക്കു മാത്രമാണോ ഇത,് അതല്ല സ്ഥിരം നിയമമോ?’ നബി ﷺ തന്റെ കൈകൾ പരസ്പരം കോർത്തുപിടിച്ചുകൊണ്ട് പറഞ്ഞു: ‘അന്ത്യനാൾവരേക്കും ഹജ്ജും ഉംറയും ഒരുമിച്ചാവുക തന്നെ ചെയ്തിരിക്കുന്നു.’

അപ്പോഴേക്കും യമനിൽനിന്ന് നബി ﷺ ക്കുള്ള ഒട്ടകങ്ങളെയുമായി അലി(റ)യും സംഘവും എത്തിച്ചേർന്നു. അപ്പോൾ ഫാത്വിമ(റ) ഇഹ്‌റാമിൽനിന്ന് വിരമിച്ചതായാണ് അദ്ദേഹത്തിനു കാണുവാൻ സാധിച്ചത്. ഇഹ്‌റാമിൽനിന്ന് വിരമിച്ചതിന് ഫാത്വിമയോട് കയർത്തുകൊണ്ട് അലി(റ) സംസാരിക്കുകയും ചെയ്തു. അപ്പോൾ അവർ പറഞ്ഞു: ‘ഞാൻ എന്റെ പിതാവിന്റെ കൽപന അനുസരിച്ചാണ് പ്രവർത്തിച്ചിട്ടുള്ളത്.’ അലി(റ) അപ്പോൾ നബി ﷺ യുടെ അടുത്തെത്തി പ്രസ്തുത വിഷയത്തിൽ സംശയ നിവാരണം നടത്തുകയും ചെയ്തു. അലി(റ) ഇഹ്‌റാമിൽ പ്രവേശിച്ചപ്പോൾ നബി ﷺ യെ പോലെ നിയ്യത്ത് ചെയ്യുന്നു എന്നായിരുന്നു പറഞ്ഞിരുന്നത്. അപ്പോൾ ബലിമൃഗങ്ങൾ കൂടെയുള്ളവർ ഇഹ്‌റാമിൽ തന്നെ നിൽക്കുവാൻ നബി ﷺ കൽപിക്കുകയും ചെയ്തു.

ദുൽഹിജ്ജ എട്ടിന് എല്ലാവരും മിനായിലേക്ക് പുറപ്പെട്ടു. ദുഹ്ർ, അസ്വ‌്‌ർ, മഗ്‌രിബ്, ഇശാഅ്, ഫജ്ർ എന്നീ അഞ്ചു വക്വ‌്തുകൾ അവിടെവച്ച് അതാതിന്റെ സമയങ്ങളിൽ നമസ്‌കരിച്ചു. സുബ്ഹി നമസ്‌കാര ശേഷം സൂര്യൻ ഉദിക്കുന്നതുവരെ കാത്തിരുന്നു, നബി ﷺ ക്ക് അറഫക്കടുത്ത നമിറയിൽ ടെന്റുണ്ടാക്കിയിരുന്നു. നബി ﷺ അതിലേക്ക് നീങ്ങി. ജാഹിലിയ്യ കാലത്ത് ക്വുറൈശികളുടെ പതിവു പോലെ നബി ﷺ മുസ്ദലിഫയിലെ മശ്അറുൽ ഹറാമിൽനിന്ന് പുറത്തേക്ക് കടക്കുകയില്ലെന്നായിരുന്നു ക്വുറൈശികളുടെ ധാരണ. എന്നാൽ അവിടുന്ന് നമിറയിലെ ഖുബ്ബയിലെത്തി ഉച്ചവരെ വിശ്രമിച്ചു. ഉച്ച സമയത്ത് താഴ്‌വരയുടെ അടുത്തേക്ക് നീങ്ങി ജനങ്ങളോട് ഇപ്രകാരം പ്രഭാഷണം നടത്തി:

‘ജനങ്ങളേ, ഈ വിശുദ്ധ മാസത്തിൽ, ഈ പുണ്യഭൂമിയിൽ ഈ ദിവസത്തിനുള്ള പവിത്രത പോലെ നിങ്ങളുടെ ശരീരവും സമ്പത്തും ആദരിക്കപ്പെടേണ്ടതാണ്. എല്ലാവിധ ജാഹിലിയ്യാ ദുരാചാരങ്ങളുമിതാ ഞാൻ എന്റെ കാലുകൾക്ക് കീഴിൽ കുഴിച്ചു മൂടുന്നു. ജാഹിലിയ്യാ കാലത്തുണ്ടായിരുന്ന മുഴുവൻ പ്രതിക്രിയകളുമിതാ ഞാൻ ദുർബലപ്പെടുത്തുന്നു. ആദ്യമായി ഞാൻ ദുർബലപ്പെടുത്തുന്നത് ഞങ്ങളുടെ അവകാശമായ ഹാരിസ് ഇബിനു റബീഅയുടെ മോചന ദ്രവ്യമാണ്. ബനൂ സഅദ് ഗോത്രക്കാരുടെയടുത്ത് മുലയൂട്ടുന്നയവസരത്തിൽ ഹുദൈൽ ഗോത്രക്കാരിൽ പെട്ടയാളുകളാണ് അവനെ വധിച്ചത്. ജാഹിലിയ്യാ കാലത്തെ മുഴുവൻ പലിശകളും ഞാനിതാ ദുർബലപ്പെടുത്തന്നു. ആദ്യമായി ഞാൻ ദുർബലപ്പെടുത്തുന്നത് അബ്ബാസ്ബ്‌നു അബ്ദുൽ മുത്ത്വലിബിന് ലഭിക്കുവാനുള്ളതാണ്. അതൊന്നായി ഞാനിതാ റദ്ദാക്കുന്നു.

സ്ത്രീകളുടെ വിഷയത്തിൽ നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുക. അല്ലാഹുവിനെ മുൻനിർത്തി കരാറിലേർപ്പെട്ടുകൊണ്ടാണ് നിങ്ങളവരെ ഏറ്റെടുത്തിട്ടുള്ളത്. അവന്റെ നിയമങ്ങൾക്കു വിധേയമായിട്ടാണ് നിങ്ങൾക്കവരെ അനുവദിക്കപ്പെട്ടിരിക്കുന്നത്. നിങ്ങൾക്ക് വെറുപ്പുള്ള ഒരാളും നിങ്ങളുടെ വിരിയിൽ ചവിട്ടാതെ നോക്കണമെന്നത് അവരുടെമേൽ നിങ്ങൾക്കുള്ള അവകാശമാണ്. അങ്ങനെ ചെയ്താൽ നിങ്ങൾക്കവരെ കഠിനമല്ലാത്ത രൂപത്തിൽ തല്ലാവുന്നതാണ്. അവർക്ക് പാർപ്പിടവും ഭക്ഷണവും നൽകൽ നിങ്ങളുടെ ബാധ്യതയാണ്.

ഞാൻ നിങ്ങളുടെയിടയിലൊരു കാര്യമുപേക്ഷിച്ച് പോകുന്നു. നിങ്ങളതു മുറുകെ പിടിക്കുന്നുവെങ്കിൽ നിങ്ങൾ വഴിതെറ്റിപ്പോവുകയില്ല. അല്ലാഹുവിന്റെ ഗ്രന്ഥമാകുന്നു അത്.

ഇസ്‌ലാം ദീൻ മുഴുവനായി ഞാൻ നിങ്ങൾക്ക് എത്തിച്ചുതന്നിരിക്കുന്നുവോ എന്ന വിഷയത്തിൽ എന്നെ അല്ലാഹു വിചാരണചെയ്യുന്നതാണ്. അപ്പോൾ നിങ്ങളുടെ മറുപടിയെന്തായിരിക്കും?’

‘താങ്കളുടെ ദൗത്യം താങ്കൾ പരിപൂർണമായി നിർവഹിക്കുകയും അല്ലാഹുവിന്റെ സന്ദേശം എത്തിച്ചുതരികയും ചെയ്തിരിക്കുന്നുവെന്നതായിരിക്കും ഞങ്ങൾ സാക്ഷ്യം വഹിക്കുക.’ അതുകേട്ട് നബി ﷺ ഇപ്രകാരം പറയുകയുണ്ടായി: ‘അല്ലാഹുവേ, ഇവർ പറയുന്നതിന് നീ സാക്ഷി, നീ സാക്ഷി, നീ സാക്ഷി!’ അവിടുന്ന് മൂന്നു പ്രാവശ്യം തന്റെ ചൂണ്ടുവിരൽ ആകാശത്തേക്ക് ഉയർത്തുകയും ജനങ്ങളിലേക്ക് താഴ്ത്തുകയും ചെയ്തുകൊണ്ട് അത് ആവർത്തിക്കുകയുണ്ടായി.

പിന്നീട് ബാങ്കും ഇക്വാമത്തും വിളിച്ച് ദുഹ്ർ രണ്ടു റക്അത്ത് നമസ്‌കരിച്ചു, ശേഷം അസ്വ്‌റും അപ്രകാരം നിർവഹിച്ചു. സുന്നത്തുകളൊന്നും അതിനിടയിലോ ശേഷമോ മുമ്പോ നമസ്‌കരിക്കുകയുണ്ടായില്ല.

നമസ്‌കാര ശേഷം തന്റെ വാഹനപ്പുറത്തു കയറി അറഫാ മൈതാനത്തിലേക്ക് പ്രവേശിച്ചു. ജബൽ മുശാത്ത് തന്റെ മുന്നിൽ വരുന്ന രൂപത്തിൽ കഅ്ബയുടെ ഭാഗത്തേക്ക് വാഹനത്തെ തിരിച്ചു നിർത്തുകയും ചെയ്തു. സൂര്യൻ അസ്തമിച്ച് നന്നായി മറയുകയും വെളിച്ചം അടങ്ങുകയും ചെയ്യുന്നതുവരെ അവിടെ നിന്ന് നബി ﷺ സുദീർഘമായി പ്രാർഥിച്ചുകൊണ്ടിരുന്നു.

അതിനു ശേഷം ഉസാമയെ തന്റെ പിന്നിലിരുത്തി അവിടുന്ന് മുസ്ദലിഫയിലേക്ക് പുറപ്പെട്ടു. ഒട്ടകത്തെ സാവകാശം നടക്കുന്നതിനു വേണ്ടി കടിഞ്ഞാൺ വലിച്ചുപിടിക്കുക മൂലം അതിന്റെ തല ഒട്ടകപ്പുറത്തിരിക്കുന്നവർ കാലുകൾ വെക്കാൻ ബന്ധിക്കുന്ന മരക്കഷ്ണത്തിൽ മൂട്ടുന്ന രൂപത്തിലായിരുന്നു. അവിടുന്ന് തന്റെ കൈകളുയർത്തി ‘ജനങ്ങളേ, സാവകാശം ചലിക്കുക’ എന്നു പറഞ്ഞുകൊണ്ടിരുന്നു. കുന്നുകളുടെ ഭാഗത്തുകൂടി നടന്നുപോകുമ്പോൾ അതു കയറുന്നതിനുവേണ്ടി അവിടുന്ന് ഒട്ടകത്തെ അൽപം അയച്ചുകൊടുത്തുകൊണ്ടിരുന്നു.

മുസ്ദലിഫയിലെത്തിയപ്പോൾ ഇശാഉും മഗ്‌രിബും ഒരു ബാങ്കും രണ്ട് ഇക്വാമത്തും കൊടുത്തു ഒരുമിച്ചു നമസ്‌കരിച്ചു. അതിനു ശേഷമോ മുമ്പോ ഒന്നും നമസ്‌കരിച്ചില്ല. പിന്നീട് ഫജ്ർ വരെ കിടന്നുറങ്ങി. സുബ്ഹിയുടെ സമയത്ത് എഴുന്നേറ്റ് ബാങ്കും ഇക്വാമത്തും വിളിച്ച് സുബ്ഹി നമസ്‌കാരം നിർവഹിച്ച ശേഷം മശ്അറുൽ ഹറാമിന്റെ ഭാഗത്തേക്ക് പുറപ്പെട്ടു. നന്നായി നേരം പുലരുന്നതുവരെ അവിടെ ക്വിബ്‌ലയിലേക്ക് തിരിഞ്ഞുനിന്ന് തക്ബീറുകളും തഹ്‌ലീലുകളും ചൊല്ലുകയും പ്രാർഥിക്കുകയും ചെയ്തുകൊണ്ടിരുന്നു.

പിന്നീട് സൂര്യോദയത്തിനു മുമ്പായി ഫദ്ൽ ഇബ്‌നു അബ്ബാസിനെ തന്റെ കൂടെ കയറ്റി മിനായിലേക്ക് പുറപ്പെട്ടു, ഫദ്്ൽ സുന്ദരനും സുമുഖനുമായ ചെറുപ്പക്കാരനായിരുന്നു. തന്റെയടുത്തു കൂടി പെൺകുട്ടികൾ നടന്നുപോകുന്നതു കണ്ടപ്പോൾ ഫദ്ൽ അവരെ നോക്കി. നബി ഫദ്‌ലിന്റെ മുഖത്തു കൈവച്ച് അതു തടയുകയും ഫദ്ൽ മുഖം മറുഭാഗത്തേക്ക് തിരിച്ച് വീണ്ടും നോക്കുകയും ചെയ്തപ്പോൾ നബി ﷺ വീണ്ടും കൈ മുഖത്തു വെക്കുകയും അതു തടയുകയും ചെയ്തു.

വാദി മുഹസ്സർ താഴ്‌വരയിലെത്തിയപ്പോൾ അവിടുന്ന് അൽപം വേഗം കൂട്ടി സഞ്ചരിച്ചു. പിന്നീട് ജംറത്തുൽ കുബ്‌റയുടെ ഭാഗത്തേക്കുള്ള വഴിയിലൂടെ സഞ്ചരിക്കുകയും ജംറയിലെത്തി കടല മണിയോളം വലിപ്പമുള്ള ഏഴു കല്ലുകൾകൊണ്ട് അതിനെ എറിയുകയും ചെയ്തു. ഓരോ കല്ല് എറിയുമ്പോഴും അവിടുന്ന് തക്ബീർ ചൊല്ലുന്നുണ്ടായിരുന്നു.

പിന്നീട് അറവു നടത്തുന്ന പ്രദേശത്ത് ചെന്ന് അറുപത്തിയേഴോളം ഒട്ടകങ്ങളെ നേരിട്ടുതന്നെ അറുക്കുകയും ബാക്കിയുള്ളവയെ അറുക്കാൻ കത്തി അലി(റ)യെ ഏൽപിക്കുകയും അറവിൽ അദ്ദേഹത്തെ പങ്കാളിയാക്കുകയും ചെയ്തു. ശേഷം ഓരോ ബലിമൃഗത്തിന്റെയും ശരീരത്തിൽനിന്നും ഒരോ കഷ്ണമെടുത്ത് പാകം ചെയ്യുവാൻ അവിടുന്ന് നിർദേശം നൽകി. അതു പാകമായപ്പോൾ അതിൽ നിന്ന് അൽപം മാംസം ഭക്ഷിക്കുകയും കറി കുടിക്കുകയും ചെയ്തു.

പിന്നീട് വാഹനപ്പുറത്തു കയറി ത്വവാഫുൽ ഇഫാദക്കു വേണ്ടി മക്കയിലേക്ക് പുറപ്പെട്ടു. മക്കയിൽ വെച്ചായിരുന്നു ദുഹ്ർ നമസ്‌കരിച്ചത്. പിന്നീട് സംസം വെള്ളം കൈകാര്യം ചെയ്തിരുന്ന ബനൂ മുത്ത്വലിബ് ഗോത്രക്കാരുടെയടുക്കൽ നിന്നും സംസം വാങ്ങി കുടിക്കുയും ആളുകൾ പിന്നീട് നിങ്ങളെ തോൽപിച്ച് ആധിപത്യം നേടുമായിരുന്നില്ലെങ്കിൽ ഞാൻ നേരിട്ട് നിങ്ങളുടെ കൂടെ കോരിക്കുടിക്കുമായിരുന്നുവെന്ന് അവിടുന്ന് പറയുകയും ചെയ്തു’’(മുസ്‌ലിം 1218).