സ്വർഗനരകങ്ങളുടെ സവിശേഷത

ഇബ്‌റാഹീം ഇബ്‌നു മൂസ

2023 മാർച്ച് 18, 1444 ശഅ്ബാൻ 25

അബൂഹുറയ്‌റ (റ) നിവേ ദനം: “നബി ﷺ പറ ഞ്ഞു: ‘നരകം ദേഹേച്ഛകൾകൊണ്ട് പൊതിയപ്പെട്ടിരിക്കുന്നു; സ്വർഗം വെറുക്കപ്പെട്ടവകൊണ്ടും പൊതിയപ്പെട്ടിരിക്കുന്നു’’ (ബുഖാരി, മുസ്‌ലിം).

അല്ലാഹു സ്വർഗത്തെ പ്രയാസമുള്ള കാര്യങ്ങൾകൊണ്ട് മൂടിയിരിക്കുന്നു. അതായത്, സ്വർഗത്തിലേക്ക് എത്തിപ്പെടാനുള്ള മാർഗം ചില പ്രയാസങ്ങൾ നേരിട്ടുകൊണ്ടല്ലാതെ കടക്കാനാവില്ല. ആരെല്ലാം അവ മുറിച്ചു കടക്കുന്നുവോ, അവർക്ക് സ്വർഗത്തിലേക്ക് പ്രവേശിക്കാൻ കഴിയും.

എന്നാൽ, നരകത്തെ അല്ലാഹു മനുഷ്യരുടെ മനസ്സുകൾക്ക് താൽപര്യമുള്ളവകൊണ്ടാണ് മൂടിയിരിക്കുന്നത്. അതിലേക്ക് പെട്ടെന്ന് മനുഷ്യർ വീണുപോയേക്കാം. അവ ചെയ്യുന്നതിൽ അവന് പ്രയാസമോ ബുദ്ധിമുട്ടോ ഉണ്ടാകുന്നില്ല; ചിലപ്പോൾ ശാരീരികവും മാനസികവുമായ ചില സുഖങ്ങൾ അതിൽ അവന് കണ്ടെത്താൻ കഴിഞ്ഞേക്കാം. പക്ഷേ, അത് പ്രവർത്തിച്ചു കഴിഞ്ഞാൽ; അവൻ നരകത്തിന്റെ മറ തുറന്നിരിക്കുന്നു. അതിലേക്ക് അവൻ വീഴാനുള്ള സാധ്യത വർധിച്ചിരിക്കുന്നു.

ഈ നബിവചനത്തിന്റെ പ്രത്യേകതയായി ഇബ്‌നു ഹജർ അൽഅസ്‌ക്വലാനി പറഞ്ഞു: “നബി ﷺ യുടെ ‘ജവാമിഉൽ കലിമി’ൽ പെട്ടതാണ് ഈ ഹദീസ്. (അനേകം ആശയം ഉൾക്കൊള്ളുന്ന, ചുരുങ്ങിയ വാക്കുകൾ മാത്രമുള്ള സംസാരത്തിനാണ് ‘ജവാമിഉൽ കലിം’ എന്ന് പറയുക). ദേഹേച്ഛകൾ-അവയോട് മനസ്സിന് താൽപര്യമുണ്ടെങ്കിൽ കൂടി-അവയെ ആക്ഷേപിക്കുകയും, നന്മകൾ-അവ മനസ്സിന് വെറുപ്പും ശരീരത്തിന് പ്രയാസവുമുണ്ടാക്കുന്നെങ്കിൽ കൂടി-അവയിലേക്ക് പ്രേരിപ്പിക്കുകയും ചെയ്യുന്ന ഹദീസുകളിലൊന്നാണിത്.’’

മനസ്സിന് ഇഷ്ടം തോന്നുന്ന ‘ദേഹേച്ഛകൾ’ എന്നത് കൊണ്ടുള്ള ഉദ്ദേശ്യം എന്താണ്? മനസ്സിന് ഇഷ്ടം തോന്നുന്നവ രണ്ട് തരത്തിലാണ്. ഒന്ന്) അല്ലാഹു നിഷിദ്ധമാക്കിയവ. രണ്ട്) അല്ലാഹു അനുവദിച്ചവ.

അല്ലാഹു നിഷിദ്ധമാക്കിയ, എന്നാൽ ചിലരുടെ മനസ്സിന് താൽപര്യം ഉണ്ടായേക്കാവുന്ന കാര്യങ്ങൾ ധാരാളമുണ്ട്. പൊതുവെ നിഷിദ്ധ കാര്യങ്ങളോട് പിശാചിന്റെ പ്രേരണമൂലവും താൽപര്യം തോന്നാൻ സാധ്യതയുണ്ട്. ഉദാഹരണത്തിന് വ്യഭിചാരം. അത് അല്ലാഹു നിഷിദ്ധമാക്കിയിട്ടുണ്ടെങ്കിലും മനസ്സുകൾക്ക് അതിൽ ചിലപ്പോൾ താൽപര്യം തോന്നിയേക്കാം. പരദൂഷണവും ഏഷണിയും ഇതുപോലെ തന്നെ. അതിനോട് മനുഷ്യന്റെ മനസ്സ് ചിലപ്പോൾ നിഷിദ്ധങ്ങളിലേക്ക് ചാഞ്ഞുപോയേക്കാം.

എന്നാൽ മനസ്സിന് ഇഷ്ടമുണ്ടാകുന്ന എല്ലാ കാര്യങ്ങളും അല്ലാഹു നിരോധിച്ചിട്ടില്ല. ഉദാഹരണത്തിന്; അനുവദനീയമായ ഭക്ഷണം കഴിക്കുകയെന്നത്. നിർദോഷകരമായതും കളവല്ലാത്തതുമായ തമാശകൾ; ഉറക്കം, സംസാരം, അനുവദനീയമായ വിനോദങ്ങൾ പോലുള്ളവയും അനുവദനീയമായ, മനസ്സിന് ഇഷ്ടം തോന്നുന്ന കാര്യങ്ങൾ തന്നെ.

എന്നാൽ ഇതുപോലുള്ള, അല്ലാഹു അനുവദിച്ച; മനസ്സിന് ഇഷ്ടമുള്ള കാര്യങ്ങൾ എത്ര വേണമെങ്കിലും ചെയ്യാമോ? പാടില്ല. സംസാരവും ഉറക്കവും തമാശയും ഭക്ഷണവുമെല്ലാം വല്ലാതെ അധികരിപ്പിക്കുന്നത് വെറുക്കപ്പെട്ട കാര്യമാണ് (മക്‌റൂഹ്). അതിരുകവിയുന്നതിനെരിരെ ക്വൂർആൻ ശക്തമായി താക്കീതു നൽകുന്നതായി കാണാം. അനുവദനീയമായ കാര്യമാണെങ്കിലും അത് അധികരിപ്പിക്കുന്നത് ചിലപ്പോൾ ഹറാമിലേക്ക് നയിച്ചേക്കാം. ഉദാഹരണത്തിന്; തമാശ അധികരിച്ചാൽ അത് പലപ്പോഴും മറ്റുള്ളവരെ പരിഹസിക്കുന്നതിലേക്കും തരംതാഴ്ത്തുന്നതിലേക്കും എത്തിച്ചേരാൻ സാധ്യതയുണ്ട്. അമിതമായ വിനോദം ഇബാദത്തുകളിൽ നിന്ന് മനുഷ്യനെ അശ്രദ്ധനാക്കുന്നു. അനാവശ്യമായി സമയം നഷ്ടപ്പെടുത്തലും ഇത്തരം കാര്യങ്ങൾ അധികരിപ്പിക്കുന്നതിന്റെ ദോഷഫലത്തിൽ പെടുന്നു.

ചെയ്യാൻ പ്രയാസമുള്ള, മനസ്സിന് വെറുപ്പുള്ള കാര്യങ്ങൾ ഏതെല്ലാമാണ്? ഇബാദത്തുകൾ നിലനിർത്തുക, അല്ലാഹുവിന്റെ ദീനിനെ കുറിച്ച് പഠിക്കുക, ദേഷ്യം അടക്കിവെക്കുക, ക്ഷമിക്കുക, തിന്മയെ നന്മകൊണ്ട് നേരിടുക, പൊറുത്തു കൊടുക്കുക, ദാനധർമം ചെയ്യുക, തന്നോട് അതിക്രമം പ്രവർത്തിച്ചവരോടും നന്മ ചെയ്യുക ഇവയെല്ലാം നന്മയാണ്; എന്നാൽ ചെയ്യാൻ പ്രയാസമുള്ള കാര്യങ്ങളാണ്. മനുഷ്യന്റെ മനസ്സ് സ്വാഭാവികമായും ഇത്തരം കാര്യങ്ങൾ ചെയ്യുന്നതിൽനിന്ന് അകൽച്ചയും വെറുപ്പും കാണിക്കും; അല്ലാഹുവിന്റെ കാരുണ്യം സിദ്ധിച്ച ചിലർക്കൊഴികെ തിന്മകളിൽനിന്ന് വിട്ടുനിൽക്കലും മേൽ പറഞ്ഞതിൽ ഉൾപ്പെടും. ഉദാഹരണത്തിന്; വ്യഭിചാരത്തിൽനിന്ന് അകന്നുനിൽക്കൽ, മറ്റുള്ളവന്റെ സമ്പാദ്യം അന്യായമായി നേടാതിരിക്കുന്നത്, പരദൂഷണവും ഏഷണിയും ഒഴിവാക്കൽ...

എന്നാൽ മനസ്സിന്റെ ഈ ഇച്ഛക ൾക്ക് വിരുദ്ധമായി നിലകൊള്ളുകയും ക്ഷമയോടും സഹനത്തോടും കൂടി അല്ലാഹുവിന്റെ കൽപനകൾ അനുസരിച്ച്, അവന്റെ വിലക്കുകൾ വെടിഞ്ഞ് മുന്നോട്ടു പോകാൻ കഴിയുകയും ചെയ്യുന്നവർക്കാണ് സ്വർഗ പ്രവേശനമുണ്ടായിരിക്കുക.

മനുഷ്യന്റെ മനസ്സിൽ ദേഹേച്ഛകളോട് താൽപര്യവും ചായ്‌വുമുണ്ടാകുമെന്ന് സൂചിപ്പിച്ചു. ദേഹേച്ഛകളെ വെറുക്കാനും അകറ്റിനിർത്താനും കഴിയണം. ഒരാളുടെ മനസ്സിൽ ഈമാൻ ഉറച്ചുകഴിഞ്ഞാൽ സ്വാഭാവികമായും തിന്മകളെ അവൻ വെറുത്തു തുടങ്ങും. എന്നാൽ, ഈമാൻ ശക്തിപ്പെടുത്താതെ, അതിനെ ശ്രദ്ധിക്കാതെ വിട്ടാലാകട്ടെ; തിന്മകളോട് അതിന് താൽപര്യം വർധിക്കുകയും ചെയ്യും.

സ്വഹാബികളെ കുറിച്ച് അല്ലാ ഹു പറഞ്ഞതു നോക്കൂ: “എങ്കിലും അല്ലാഹു നിങ്ങൾക്ക് സത്യവിശ്വാസത്തെ പ്രിയങ്കരമാക്കിത്തീർക്കുകയും നിങ്ങളുടെ ഹൃദയങ്ങളിൽ അത് അലംകൃതമായി തോന്നിക്കുകയും ചെയ്തിരിക്കുന്നു. അവിശ്വാസവും അധർമവും അനുസരണക്കേടും നിങ്ങൾക്കവൻ അനിഷ്ടകരമാക്കുകയും ചെയ്തിരിക്കുന്നു. അങ്ങനെയുള്ളവരാകുന്നു നേർമാർഗം സ്വീകരിച്ചവർ’’ (ക്വുർആൻ 49:7).

ഹറാമിന്റെ പരിണിത ഫലങ്ങളെ കുറിച്ചുള്ള ചിന്തയും അതിനെ വെറുക്കാൻ മനസ്സിനെ ശീലിപ്പിക്കും. കാരണം, ഏതൊരു നിഷിദ്ധമായ കാര്യമാകട്ടെ; അതുകൊണ്ട് ലഭിക്കുന്ന സുഖം കുറച്ചു കഴിഞ്ഞാൽ പ്രയാസങ്ങൾ കൊണ്ടുവരാതിരിക്കില്ല. മനസ്സിന്റെ കാഠിന്യവും സങ്കടവും വിഷമവുമെല്ലാം തിന്മയുടെ ശേഷം വരുന്ന ചില ഫലങ്ങൾ മാത്രം. അതിനെല്ലാം പുറമെ പരലോകത്ത് ലഭിക്കാനിരിക്കുന്ന ശിക്ഷ വേറെയും. ഇവ ഓർക്കുന്നത് ഹറാമിനെ വെറുക്കാൻ സഹായിക്കും.

ചെറുപ്രായം മുതൽതന്നെ ഹറാമിൽനിന്ന് കുട്ടികളെ അകറ്റി നിർത്തുകയും, അതിന്റെ ഗൗരവം മനസ്സിൽ ഊട്ടിയുറപ്പിക്കുകയും ചെയ്യുന്നതും ഉപകാരപ്രദമാണ്. സച്ചരിതരായ കൂട്ടുകാരും തിന്മയിൽ നിന്ന് അകറ്റി നിർത്തും. മനസ്സിൽ തട്ടിയുള്ള പ്രാർഥനയും കൃത്യനിഷ്ഠയോടെയും ആത്മാർഥമായും നമസ്‌കരിക്കുന്നതും സ്ഥിരമായുള്ള ക്വുർആൻ പാരായണവുമെല്ലാം തിന്മകളെ വെറുക്കാൻ സഹായിക്കുന്ന ചില മാർഗങ്ങളാണ്.

മനസ്സിൽ നന്മകളോട് ഇഷ്ടമുണ്ടാകുന്നത് എങ്ങനെ? ഏതൊരു നന്മയും സ്രഷ്ടാവായ അല്ലാഹുവിന് ഇഷ്ടവും തൃപ്തിയുമുണ്ടാക്കുന്നുണ്ടെന്ന ഉറച്ച ബോധ്യം നന്മകളിലേക്ക് നമ്മെ അടുപ്പിക്കും. നാം ഏതൊരു നന്മ ചെയ്യുമ്പോഴും അല്ലാഹു നമ്മെ കൂടുതൽ കൂടുതൽ ഇഷ്ടപ്പെടുന്നുണ്ട്. അവനിലേക്ക് നാം മുമ്പുള്ളതിനെക്കാൾ അടുക്കുന്നുണ്ട്. ഈ ചിന്ത നന്മകളോടുള്ള ഇഷ്ടം വളർത്തും. ഏതൊരു നന്മയും നമ്മുടെ റസൂൽ ﷺ അതിന്റെ പൂർണമായ രൂപത്തിൽ ചെയ്തു കാണിച്ചിരിക്കുന്നു. അവിടുത്തോടുള്ള നമ്മുടെ സ്‌നേഹം എത്രമാത്രം വർധിക്കുന്നോ; അത്രമാത്രം അവിടുത്തെ പിൻപറ്റി ജീവിക്കാനുള്ള നമ്മുടെ മോഹവും വർധിക്കും.

ആരാധനകൾ അത് വളരെ കുറച്ചാണെങ്കിലും സ്ഥിരമായി ചെയ്യുക എന്നതും ഉപകാരപ്രദമായ മറ്റൊരു വഴിയാണ്. സ്ഥിരമായി ഇബാദത്തുകൾ ചെയ്യുന്നത് ശീലമാക്കിയാൽ പിന്നീട് അത് ഒഴിവാക്കുന്നതായിരിക്കും നമുക്ക് പ്രയാസമാവുക. നബി ﷺ ക്ക് നമസ്‌കാരത്തിലായിരുന്നു കൺകുളിർമ ലഭിച്ചിരുന്നത് എന്ന ഹദീസ് ഈ സന്ദർഭത്തിൽ സ്മരണീയമാണ്.

സ്വർഗവും നരകവും സൃഷ്ടിക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ട് എന്നാണ് അഹ്‌ലുസ്സുന്ന വൽജമാഅയുടെ അക്വീദ(വിശ്വാസം). അതിലേക്കുള്ള സൂചന ഈ ഹദീസിലുണ്ട്. വിധിവിശ്വാസത്തെ നിഷേധിച്ച പിഴച്ച കക്ഷിയായ ‘ക്വദ്‌രിയ്യാ’ക്കളും ബുദ്ധിക്ക് പ്രമാണങ്ങളെക്കാൾ പ്രാധാന്യം നൽകിയ ‘മുഅ്തസില’ വിഭാഗവുമല്ലാതെ ഇക്കാര്യം നിഷേധിച്ചിട്ടില്ല.