ആരോഗ്യവും ഒഴിവുസമയവും

അമീൻ ഇബ്‌നു അഹ്‌മദ് കബീർ

2023 ജനുവരി 28, 1444 റജബ് 5
ഇബ്‌നു അബ്ബാസി(റ)ൽനിന്ന് നിവേദനം; അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു: “രണ്ട് അനുഗ്രഹങ്ങൾ, ധാരാളം ആളുകൾ അവയുടെ കാര്യത്തിൽ വഞ്ചിതരാണ്; ആരോഗ്യവും ഒഴിവുസമയവും’’ (ബുഖാരി)

ആധുനിക മനുഷ്യൻ ഓട്ടത്തിലാണ്. ഭൗതിക ജീവിതം സുഖകരവും സുരക്ഷിതവുമാക്കാനുള്ള ഓട്ടം. ഉള്ള സമയം ആർക്കും തികയുന്നില്ല! സമയമില്ല എന്നതാണ് എല്ലാവവരുടെയും പരാതി. വാസ്തവത്തിൽ ശാസ്ത്ര, സാങ്കേതിക വിദ്യയുടെ വളർച്ചയും പുരോഗതിയും മനുഷ്യന്റെ പ്രവർത്തനങ്ങളെ ലഘൂകരിക്കുകയല്ലേ ചെയ്തിട്ടുള്ളത്? അവന് ഒഴിവുസമയം നേടിക്കൊടുക്കുകയല്ലേ ചെയ്തിട്ടുള്ളത്? മുമ്പൊക്കെ ഒരു കല്യാണത്തിന് വേണ്ടപ്പെട്ടവരെ ക്ഷണിക്കാൻ ദിവസങ്ങൾ ചെലവാക്കേണ്ടിവന്നിരുന്നു. പ്രയാസപ്പെട്ട് യാത്ര ചെയ്യേണ്ടിയിരുന്നു. കാരണം അന്ന് മൊബൈൽ ഫോൺ ഉണ്ടായിരുന്നില്ല. ലാന്റ് ഫോൺ പണക്കാരന്റെ വീട്ടിൽ മാത്രമാണ് ഉണ്ടായിരുന്നത്. സ്വകാര്യ വാഹനങ്ങൾ വളരെ കുറവായിരുന്നു. ഇന്ന് നാലു പേരുള്ള വീട്ടിൽ ആറ് മൊബൈൽ ഫോണെങ്കിലും ഉണ്ടാകും. വാഹനങ്ങൾ ഇല്ലാത്ത വീടുകൾ അപൂർവം. അരക്കാനും അലക്കാനും കാർഷികവൃത്തിക്കുമെന്നല്ല ഒട്ടുമിക്ക കാര്യങ്ങൾക്കും മെഷീനുകളും യന്ത്രങ്ങളുമുണ്ട്. മണിക്കൂറുകൾകൊണ്ട് ചെയ്തിരുന്ന ജോലി മിനുട്ടുകൾകൊണ്ട് ചെയ്തുതീർക്കാൻ സാധിക്കും.

പോഷകാഹാരക്കുറവുകൊണ്ട് ആരോഗ്യം ക്ഷയിച്ചവർ ഇന്ന് അപൂർവമാണ്. കൂടുതൽ ഭക്ഷിക്കുന്നതുകൊണ്ടുള്ള പ്രയാസങ്ങളാണ് പലർക്കുമുള്ളത്. ആരോഗ്യമാണെങ്കിലും ഒഴിവുസമയമാണെങ്കിലും വിലമതിക്കാനാവാത്ത അനുഗ്രഹമാണെന്ന് നാം തിരിച്ചറിയണം. അവ ലഭിക്കാതിരിക്കുമ്പോഴാണ്, അഥവാ നഷ്ടമാകുമ്പോഴാണ് നാം അവയുടെ വിലയറിയുക.

ഒരു സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം അല്ലാഹുവിന്റെ അനുഗ്രഹങ്ങൾക്ക് നന്ദി കാണിക്കുക എന്നത് ബാധ്യതയാണ്. അനുഗ്രഹങ്ങളെ അല്ലാഹുവിന് ഇഷ്ടപ്പെട്ട മാർഗത്തിൽ വിനിയോഗിക്കുന്നതിലൂടെയാണ് നന്ദി കാണിക്കേണ്ടത്. ഒഴിവുസമയം ലഭിച്ചാൽ അതിനെ തിന്മയുടെ മാർഗത്തിൽ ചെലവഴിക്കാനാണ് പലരും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. തന്റെ ആരോഗ്യം അല്ലാഹുവിന്റെ മാർഗത്തിൽ വിനിയോഗിക്കാൻ തയ്യാറാകുന്നില്ല. കായികമായി സഹായിക്കേണ്ടവരെ സഹായിക്കാൻ സന്നദ്ധത കാണിക്കുന്നില്ല. പ്രബോധനമാർഗത്തിൽ തന്റെ ആരോഗ്യം വിനിയോഗിക്കുന്നില്ല.

തനിക്ക് ഇനിയും കുറെ കാലം ജീവിക്കാൻ കഴിയുമെന്ന ചിന്തയാണ് പലരെയും ഇതിനു പ്രേരിപ്പിക്കുന്നത്. ഇത് അർഥശൂന്യമായ ചിന്തയാണ്. എപ്പോൾ എവിടെവെച്ച് മരണം കടന്നുവരുമെന്ന് ആർക്കും അറിയാൻ സാധ്യമല്ല. “...നാളെ താൻ എന്താണ് പ്രവർത്തിക്കുക എന്ന് ഒരാളും അറിയുകയില്ല. താൻ ഏത് നാട്ടിൽ വെച്ചാണ് മരിക്കുക എന്നും ഒരാളും അറിയുകയില്ല. തീർച്ചയായും അല്ലാഹു സർവജ്ഞനും സൂക്ഷ്മജ്ഞാ നിയുമാകുന്നു’’ (ക്വുർആൻ 31:34).

അതുകൊണ്ട് അല്ലാഹുവിന്റെ വിളി എന്നിലേക്ക് ഏതുനിമിഷവും എത്തിയേക്കാം എന്ന ചിന്തയോടെ അനുഗ്രഹങ്ങളെ അവന്റെ മാർഗത്തിൽ ചെലവഴിച്ചുകൊണ്ട് ജീവിക്കാൻ നമുക്ക് സാധിക്കേണ്ടതുണ്ട്. നമസ്‌കാരം, നോമ്പ് പോലുള്ള നിർബന്ധമായ ആരാധനകൾ ആരോഗ്യമുള്ള സമയത്ത് ചെയ്യാതെ അലസത കാണിക്കുന്നവർ മനസ്സിലാക്കുക; ആരോഗ്യം നഷ്ടപ്പെട്ടാൽ, രോഗങ്ങൾക്ക് അടിമപ്പെട്ട് കിടപ്പിലായാൽ അതൊന്നും ചെയ്യാൻ സാധ്യമല്ല. ആ സമയത്ത് ഖേദിച്ചതുകൊണ്ട് കാര്യമുണ്ടാകില്ല.