ഭീകരവാദത്തിന്റെ വേരുകൾ തിരയുമ്പോൾ

ശമീർ മദീനി

2023 ഒക്ടോബർ 28 , 1445 റ.ആഖിർ 13

ഭീകര പ്രവർത്തനം ഒരു മഹാദുരന്തമാണ്. ഏതെങ്കിലും ഒരു പ്രദേശത്ത് ഒരു ഭീകരാക്രമണം നടന്നാൽ എത്ര നിരപരാധികളായിരിക്കും കൊല്ലപ്പെടുന്നത്! മാരകമായ പരിക്കുകളോടെ, ജീവിതത്തിന്റെ ബാക്കി ഭാഗം ജീവച്ചവങ്ങളായി കഴിച്ചുകൂട്ടേണ്ടി വരുന്നവരുടെ എണ്ണവും അംഗവൈകല്യങ്ങൾകൊണ്ട് ശിഷ്ട ജീവിതത്തിൽ കഷ്ടപ്പെടുന്നവരും കുറവായിരിക്കില്ല. വീടുകളും സ്ഥാപനങ്ങളുമടക്കം കെട്ടിട സമുച്ചയങ്ങൾ തകർന്ന് വീഴുമ്പോൾ കോടികളുടെ സാമ്പത്തിക നഷ്ടവും സംഭവിക്കുന്നു. വ്യക്തികൾക്കും സമൂഹങ്ങൾക്കുമൊക്കെ നഷ്ടം മാത്രം സമ്മാനിക്കുകയും സ്വസ്ഥതയും സമാധാനവും ഇല്ലാതാക്കുകയും ചെയ്യുന്ന ക്രൂരകൃത്യമാണ് ഭീകരാക്രമണങ്ങൾ. അത്തരം പ്രവർത്തനങ്ങൾ ആരു നടത്തിയാലും അതിനെ മുഖം നോക്കാതെ എതിർക്കാനും യഥാർഥ ഉത്തരവാദികളെ കണ്ടെത്താനും അതിനെതിരിൽ മാതൃകാപരമായ നടപടികളെടുക്കാനും സാധിക്കേണ്ടതുണ്ട്. എന്നാൽ ഭീകരാക്രമണത്തിന്റെ പിതൃത്വം ഏതെങ്കിലും ഒരു വിഭാഗത്തിന്റെ മേൽ അന്ധമായി കെട്ടിയേൽപിക്കുന്ന നിരുത്തരവാദപരവും അന്യായവുമായ സമീപനമാണ് കഴിഞ്ഞ കുറേ കാലമായി നാം കണ്ടു കൊണ്ടിരിക്കുന്നത്.

ഫലപ്രദമായ ചികിത്സ

ഭീകരപ്രവർത്തനങ്ങളുടെ കാരണങ്ങളും ഉറവിടങ്ങളും വസ്തുനിഷ്ഠമായി പരിശോധിച്ച് അതിന്റെ അടിവേരുകൾ കണ്ടെത്തി പിഴുതെടുത്ത് നശിപ്പിക്കുമ്പോൾ മാത്രമെ അതിൽനിന്നുള്ള പരിപൂർണമായ മോചനം സാധ്യമാവുകയുള്ളൂ. ഭീകരാക്രമണം എവിടെ നടന്നാലും അതിനെ ഇസ്‌ലാമിന്റെ അക്കൗണ്ടിലേക്ക് വരവുവെക്കാൻ മത്സരിക്കുന്ന പലരുമുണ്ട്. പിറന്ന മണ്ണിന്റെ മോചനത്തിനും സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ശ്വസിക്കുന്നതിനുമായി ഫലസ്തീനികൾ നടത്തുന്ന പോരാട്ടങ്ങളെ ഒരു സ്വാതന്ത്ര്യ സമര പോരാട്ടം എന്നതിലപ്പുറം ഭീകരതയായി ചിത്രീകരിക്കുന്ന വാർത്താ മാധ്യമങ്ങളെയും വ്യക്തികളെയും നമുക്ക് കാണാനാകും. അതോടൊപ്പം അതിനെതിരിലിലുള്ള സിയോണിസ്റ്റ് അതിക്രമങ്ങളെ മയപ്പെടുത്തുകയും മഹത്ത്വവൽകരിക്കുകയും ചെയ്യുന്നുമുണ്ട് അക്കൂട്ടർ. ഇതെല്ലാം ഫാസിസ്റ്റ് സിയോണിസ്റ്റ് ബാന്ധവങ്ങളിലെ ചില താൽപര്യങ്ങളുടെയും അജണ്ടകളുടെയും ഭാഗമാണെന്നതാണ് സത്യം. മുസ്‌ലിംകളുടെ ന്യായമായ ചെറുത്തുനിൽപുകളെ ഭീകരതയായി വ്യാഖ്യാനിക്കുന്നവർ ജൂത സിയോണിസ്റ്റുകളുടെ ക്രൂരവും നിഷ്ഠൂരവുമായ പരാക്രമങ്ങളെ കാണാതെ പോകുന്നതെന്തുകൊണ്ടാണ്? ഈയടുത്ത കാലത്തായി ഇത്തരക്കാർ പറഞ്ഞുവരുന്ന ഒരു ആഖ്യാനമുണ്ട്; ‘എല്ലാ മുസ്‌ലിംകളും ഭീകരവാദികളല്ലായിരിക്കാം; എന്നാൽ എല്ലാ ഭീകരവാദികളും മുസ്‌ലിംകളാണ്’ എന്ന വിഷലിപ്തമായ ആഖ്യാനം. (All Muslims may not be terrorists, but all terrorists are Muslims). മുംബൈ ഭീകരാക്രമണത്തിന് ശേഷമാണിത് പരക്കെ ആവർത്തിച്ച് കേട്ടുകൊണ്ടിരിക്കുന്നത്.

എന്നാൽ വസ്തുതകൾ പരിശോധിക്കുമ്പോൾ ‘മന്ത് മറ്റേ കാലിലാണ്’ എന്ന് ഇത്തരം ഏമാൻമാരോട് വിളിച്ചു പറയേണ്ടി വരും.

ഭീകരവാദത്തിന്റെ ചരിത്രം

ഏകദേശം പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യപകുതിക്ക് ശേഷമാണ് ലോകത്ത് ഭീകരാക്രമണങ്ങൾ റിപ്പോർട്ടു ചെയ്യപ്പെടുന്നത്. 1881ൽ റഷ്യയുടെ സാർ അലക്‌സാണ്ടർ രണ്ടാമനും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന മറ്റ് 21 പേരും കൊല്ലപ്പെട്ട ഭീകരാക്രമണവും 1886ൽ ചിക്കാഗോയിൽ നടന്ന മറ്റൊരു ഭീകരാക്രമണവും 19ാം നൂറ്റാണ്ടിലെ കറുത്ത അധ്യായങ്ങളാണ്.

1901ൽ അമേരിക്കൻ വൈസ് പ്രസിഡന്റ് വില്യം മക്കിൻ ലി കൊല്ലപ്പെട്ടതും മറ്റൊരു ഭീകരാക്രമണത്തിലൂടെയായിരുന്നു. ഇത്തരം സംഭവങ്ങളുടെ ചരിത്രങ്ങൾ നിരത്തി തെളിവുസഹിതം പ്രമുഖ ഇന്ത്യൻ ജേണലിസ്റ്റും കോളമിസ്റ്റുമായ ശ്രീ.സ്വാമിനാഥൻ അയ്യർ 2006 ജൂലൈ 23 ന് ‘ടൈംസ് ഓഫ് ഇന്ത്യ’ യിൽ ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. Terrorism is not a Muslim monopoly (ഭീകരവാദം ഒരു മുസ്‌ലിം കുത്തകയല്ല) എന്നതായിരുന്നു അതിന് അദ്ദേഹം നൽകിയ തലക്കെട്ട്.

https://m.timesofindia.com/sa-aiyar/swaminomics/terrorism-is-not-a-muslim-monopoly/articleshow/1794203.cms

അപ്രകാരം തന്നെ ലക്ഷക്കണക്കിനാളുകളുടെ ജീവനപഹരിക്കുകയും അതിലേറെ ആളുകൾക്ക് പരിക്കേൽക്കുകയും കോടിക്കണക്കിന് ഡോളറിന്റെ സാമ്പത്തിക നഷ്ടവും ബാക്കിയാക്കിയ ഒന്നാം ലോക മഹായുദ്ധവും രണ്ടാം ലോക മഹായുദ്ധവും മുസ്‌ലിംകൾ നടത്തിയതായിരുന്നില്ല.

ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബ് വർഷിച്ച് ലക്ഷക്കണക്കിനാളുകളെ ഒറ്റ രാത്രികൊണ്ട് കൊന്ന് തള്ളിയതും മുസ്‌ലിംകളിൽപ്പെട്ട ആരുമായിരുന്നില്ല. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം 1941-1948 കാലയളവിൽ വിവിധ ജൂത ഗ്രൂപ്പുകൾ ഫലസ്തീനിൽ 259 ഭീകരാക്രമണങ്ങൾ നടത്തുകയുണ്ടായി. ഇന്നും അത് തുടർന്നുകൊണ്ടിരിക്കുകയാണെന്ന് ഇപ്പോൾ നടക്കുന്ന സംഭവ വികാസങ്ങൾ വിളിച്ചറിയിക്കുന്നു. ഏതാനും വർഷങ്ങൾക്കു മുമ്പ് ഇസ്‌റയേൽ ഗസ്സയിലെ ജനങ്ങൾക്കുമീതെ ടൺ കണക്കിന് ബോംബുകൾ വർഷിക്കുകയുണ്ടായി. പകൽ സമയത്ത് വിദ്യാർഥികൾ റോഡുകളിൽ തിങ്ങിനിറയുന്ന സമയത്തായിരുന്നുവത്രെ ആ ആക്രമണം. അതായത് ഫസ്റ്റ് ഷിഫ്റ്റ് ക്ലാസ് അവസാനിക്കുകയും കുട്ടികൾ പുറത്തിറങ്ങുകയും സെക്കന്റ് ഷിഫ്റ്റിനുള്ള കുട്ടികൾ എത്തുകയും ചെയ്യുന്ന, കുട്ടികളെക്കൊണ്ട് തെരുവുകൾ ജനനിബിഡമാകുന്ന സമയം. അത് കണക്കാക്കിയാണ് ഇസ്‌റായേൽ ബോംബ് വർഷിച്ചത്. പ്രസ്തുത ബോംബ് വർഷത്തിൽ അനേകായിരം കുട്ടികളാണ് മരണപ്പെട്ടത്. കഴിഞ്ഞ ദിവസം ഗസ്സയിലെ അഹ്‌ലിയ ഹോസ്പറ്റിലേക്ക് ബോംബ് വർഷിച്ച് നൂറ് കണക്കിന് നിരപരാധികളെ കൊന്നുകളഞ്ഞതും ലോകം കണ്ടതാണ്. ഇതൊന്നും ഭീകരതയല്ലെങ്കിൽ പിന്നെ എന്താണ് ഭീകരത എന്ന് സിയോണിസ്റ്റ് പേക്കൂത്തുകൾക്ക് കുഴലൂത്ത് നടത്തുകയും ന്യായീകരിക്കുകയും ചെയ്യുന്നവർ വിശദീകരിക്കേണ്ടതുണ്ട്.

ഭീകരതയെ തോൽപിക്കാൻ

ഭീകരതക്കെതിരിലുള്ള ഇടപെടലുകൾ ഏകപക്ഷീയമാകുന്നു എന്നത് സങ്കടകരമാണ്. തങ്ങൾക്ക് പ്രിയപ്പെട്ടവർ ചെയ്യുന്ന ഏത് നെറികേടുകളെയും പിന്തുണക്കുകയും അനീതിക്കും അക്രമങ്ങൾക്കും കൂട്ടുനിൽക്കുകയും ചെയ്യുമ്പോൾ അത് മിതവാദികളെ പോലും തീവ്രവാദികളാക്കി മാറ്റിയേക്കാവുന്നതും ഭീകരവാദത്തെയും ഭീകരവാദികളെയും പാലൂട്ടി വളർത്തുന്ന വിധത്തിലുള്ള സമീപനവുമാണെന്ന കാര്യം മറക്കരുത്. ആടിനെ പട്ടിയാക്കാനും എന്നിട്ട് പേപ്പട്ടി എന്ന് അലറിവിളിച്ച് തല്ലിക്കൊല്ലാനും തന്ത്രം മെനഞ്ഞ് കാത്തിരിക്കുന്നവർ ആഗ്രഹിക്കുന്നതും അതുതന്നെയായിരിക്കുമല്ലൊ.

ദീകരവാദത്തെ നട്ടുവളർത്തുന്നതും പരിപാലിക്കുന്നതും അത് അനുദിനം പ്രചരിക്കുന്നതും പല പല കാരണങ്ങളിലൂടെയാണ്. അവകാശ നിഷേധങ്ങൾ, തൊഴിലില്ലായ്മ, ദാരിദ്ര്യം, അഴിമതി, അതിക്രമങ്ങൾ, സ്വജനപക്ഷപാതം, നീതിനിഷേധം, അധിനിവേശം തുടങ്ങി സാമൂഹികവും വൈയക്തികവും മാനസികവും സാമ്പത്തികവും മതപരവും രാഷ്ട്രീയവുമായ പല പല കാരണങ്ങളുണ്ട്. അവയെ സൂക്ഷ്മമായി വിശകലനം ചെയ്ത് ഓരോന്നിനെയും ഫലപ്രദമായി ചികിത്സിക്കാനാണ് സമാധാനകാംക്ഷികളായ ഓരോരുത്തരും ശ്രദ്ധിക്കേണ്ടത്.

ഇസ്‌ലാമും ഭീകരവാദവും

ശരിയായ സ്രോതസ്സിൽനിന്ന് മതം പഠിക്കുകയും നബിﷺയും അനുചരന്മാരുമടങ്ങുന്ന ഉത്തമ തലമുറയിലെ സച്ചരിതരായ മുൻഗാമികളുടെ പാത സ്വീകരിച്ച് ഇസ്‌ലാം ജീവിതത്തിൽ പകർത്തുന്നഒരു മുസ്‌ലിമിന് ഒരിക്കലും ഒരു ഭീകരവാദിയാകാൻ സാധിക്കുകയില്ല. മുസ്‌ലിംകളുടെ കൂട്ടത്തിൽനിന്ന് ആരെങ്കിലും അത്തരം നശീകരണ പ്രവർത്തനത്തിൽ കണ്ണിയായിട്ടുണ്ടെങ്കിൽ തീർച്ചയായും യഥാർഥ ഇസ്‌ലാമിനെയും അതിന്റെ അടിസ്ഥാനാശയങ്ങളെയും ശരിയായവിധത്തിൽ മനസ്സിലാക്കാത്തതുകൊണ്ടായിരിക്കുമെന്ന കാര്യത്തിൽ സംശയമേതുമില്ല. കാരണം, നശീകരണ പ്രവർത്തനങ്ങൾക്ക് ഇസ്‌ലാമിൽ യാതൊരു സ്ഥാനവുമില്ല. കാരുണ്യത്തിന്റെയും സഹാനുഭൂതിയുടെയും ഉദാത്ത മാതൃകകളാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. കരുണ ചെയ്യുന്നവരോടാണ് കാരുണ്യവാനായ അല്ലാഹുവിന്റെ പ്രത്യേക കരുണയുണ്ടാവുക എന്ന് നബിﷺ പഠിപ്പിച്ചിട്ടുണ്ട്.

ഒരു പൂച്ചയെ കെട്ടിയിട്ടു കൊന്ന സ്ത്രീയുടെ നരക പ്രവേശനത്തെ കുറിച്ചും ദാഹിച്ചുവലഞ്ഞ നായക്ക് വെള്ളം കൊടുത്തയാളുടെ സ്വർഗ പ്രവേശത്തെ കുറിച്ചും അനുചരന്മാരെ ഓർമിപ്പിച്ച പ്രവാചകന്റെ അധ്യാപനവും കരുണയുടെ സന്ദേശമാണ് ലോകത്തിന് പകർന്ന് നൽകുന്നത്. യുദ്ധ സന്ദർഭങ്ങളിൽ പോലും അന്യായവും അതിക്രമവും പാടില്ലെന്നതാണ് പ്രവാചകാധ്യാപനം. യുദ്ധത്തിൽ പങ്കുചേരാത്ത സ്ത്രീകളെയും കുട്ടികളെയും വൃദ്ധന്മാരെയും വധിക്കരുതെന്നും കൃഷി നശിപ്പിക്കരുതെന്നും നബിﷺ യുദ്ധത്തിന് പുറപ്പെടുന്ന യോദ്ധാക്കൾക്ക് പ്രത്യേകം ഉപദേശം നൽകുമായിരുന്നുവെന്ന് ഹദീസ് ഗ്രന്ഥങ്ങളിൽ കാണാം. നശീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കുള്ള ശക്തമായ ശിക്ഷാനടപടികൾ ക്വുർആൻ വിശദമാക്കിയിട്ടുണ്ട്. അല്ലാഹു പറയുന്നു.

“അല്ലാഹുവോടും അവന്റെ ദൂതനോടും പോരാടുകയും ഭൂമിയിൽ കുഴപ്പമുണ്ടാക്കാൻ ശ്രമിക്കുകയും ചെയ്യുന്നവർക്കുള്ള പ്രതിഫലം അവർ കൊന്നൊടുക്കപ്പെടുകയോ ക്രൂശിക്കപ്പെടുകയോ അവരുടെ കൈകളും കാലുകളും എതിർവശങ്ങളിൽനിന്നായി മുറിച്ചുകളയപ്പെടുകയോ നാടുകടത്തപ്പെടുകയോ ചെയ്യുക മാത്രമാകുന്നു. അതവർക്ക് ഇഹലോകത്തുള്ള അപമാനമാകുന്നു. പരലോകത്ത് അവർക്ക് കനത്ത ശിക്ഷയുമുണ്ടായിരിക്കും’’(5:33).

നിരപരാധിയായ ഒരാളുടെ ജീവൻ അപഹരിക്കുന്നത് ഭൂമിയിലുള്ള സർവ മനുഷ്യരെയും കൊല്ലുന്നതുപോലെയാണെന്നാണ് ക്വുർആൻ ഉണർത്തിയത്:

“അക്കാരണത്താൽ ഇസ്‌റാഈൽ സന്തതികൾക്ക് നാം ഇപ്രകാരം വിധി നൽകുകയുണ്ടായി: മറ്റൊരാളെ കൊന്നതിന് പകരമായോ, ഭൂമിയിൽ കുഴപ്പമുണ്ടാക്കിയതിന്റെ പേരിലോ അല്ലാതെ വല്ലവനും ഒരാളെ കൊലപ്പെടുത്തിയാൽ, അത് മനുഷ്യരെ മുഴുവൻ കൊലപ്പെടുത്തിയതിന് തുല്യമാകുന്നു. ഒരാളുടെ ജീവൻ വല്ലവനും രക്ഷിച്ചാൽ, അത് മനുഷ്യരുടെ മുഴുവൻ ജീവൻ രക്ഷിച്ചതിന് തുല്യമാകുന്നു...’’(5:32).

ഈ നിയമം മുൻ സമൂഹങ്ങളിൽ ബാധകമായതിനെക്കാൾ കൂടുതലായി നമുക്ക് ബാധകമാണെന്ന് ക്വുർആൻ പണ്ഡിതന്മാർ വിശദീകരിച്ചത് ശ്രദ്ധേയമാണ്. ഹസനുൽ ബസ്വരി(റഹ്)യോട് ചോദിക്കപ്പെട്ടു: ‘ഈ വചനത്തിൽ പ്രതിപാദിക്കപ്പെട്ട കാര്യങ്ങൾ ബനൂ ഇസ്‌റാഈല്യർക്ക് ബാധകമായിരുന്നതുപോലെ നമുക്കും ബാധകമാണോ?’ അദ്ദേഹം പറഞ്ഞു: ‘ആരാധനകൾക്ക് സത്യത്തിൽ അർഹതയുള്ള ഏകനായ അല്ലാഹുവാണെ സത്യം! അവർക്കെന്നപോലെ നമുക്കും ബാധകമാണിതെല്ലാം. നമ്മുടെ രക്തത്തെ ക്കാൾ കൂടുതൽ ആദരവൊന്നും അവരുടെ രക്തത്തിന് അല്ലാഹുവിന്റെയടുക്കൽ ഉണ്ടാവുകയില്ല’’ (തഫ്‌സീർ ഇബ്‌നു കസീർ, 5:32ന്റെ വിവരണം).

അകാരണമായി കൊല്ലപ്പെടുന്നത് അമുസ്‌ലിമാണെങ്കിൽ പോലും സ്വർഗപ്രവേശനത്തിന് അർഹതയുണ്ടായിരിക്കില്ലെന്ന് നബിﷺ ഉണർത്തിയിട്ടുണ്ട്. നമുക്കും ലോകമാസകലമുള്ളവർക്കും ശാന്തിയും സമാധാനവും നൽകി അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ!