ആദ്യം പുലർച്ച, പിന്നെ പ്രവചനം!

പി പി അബ്ദുർറഹ്‌മാൻ കൊടിയത്തൂർ

2023 ജൂൺ 10 , 1444 ദുൽഖഅ്ദ 21

( ഖാദിയാനി വേദപുസ്തകം ‘തദ്കിറ’യിലൂടെ ഒരു യാത്ര - 19)

മാർച്ച് ഏഴിന് ഒരു വഹ്‌യ് അവതരിച്ചു: 25 ദിവസം’’(പേജ് 572).

“മിർസാ പ്രവാചകൻ മനസ്സിലാക്കിയ ഈ വഹ്‌യിന്റെ വിശദീകരണം ഇങ്ങനെ വായിക്കാം: ‘മാർച്ച് 7ന് ശേഷം 25 നാൾ കഴിയുന്നതോടെ പുതിയ ഒരു സംഭവം ഉണ്ടാകും. ആ ദിവസംവരെ അല്ലാഹു അത് തടഞ്ഞുനിർത്തും. അതല്ലെങ്കിൽ 1907 മാർച്ച് ഏഴ് മുതൽ 25 ദിവസംവരെ ഈ സംഭവം ഉണ്ടാകും. 25 ദിവസം എന്ന അർഥം മാത്രം പരിഗണിച്ചാൽ ഏപ്രിൽ ഒന്നിന് സംഭവിക്കുമെന്ന് പ്രതീക്ഷിക്കാം. കാരണം ദൈവിക ഇൽഹാമിൽ മാർച്ച് 7, 25 ദിവസത്തിൽ പെടും എന്ന അവസ്ഥയിൽ 25 ദിവസങ്ങൾ പൂർത്തിയാവുക മാർച്ച് 31നാണ്. എങ്കിൽ പ്രവചനപുലർച്ച സംഭവിക്കുക ഏപ്രിൽ ഒന്നിനായിരിക്കും. പിന്നെ സംഭവം എന്താണെന്ന ചോദ്യം ഉദിക്കുന്നു. അതിന്റെ മറുപടി ഇപ്പോൾ പറയാനാവില്ല. ‘അത്ഭുതകരമായ സംഭവം.’ ഇങ്ങനെ പറയാനല്ലാതെ പറ്റില്ല. നമ്മുടെ വ്യക്തിപരമാണോ സുഹൃത്തുക്കളുമായോ ശത്രുക്കളുമായോ ബന്ധപ്പെട്ടതാണോ ഈ സംഭവം എന്നും പറയാൻ കഴിയില്ല. അല്ലാഹു മറച്ചുവെച്ച കാര്യമാണ്, നമുക്ക് വെളിപ്പെടുത്താനാവില്ല. ഏതായാലും സംഭവിച്ചശേഷം പ്രവചനത്തിന്റെ സ്വഭാവത്തിൽ തെളിഞ്ഞു കൊള്ളും’’ (പേജ് 592).

ഇതു വായിക്കുമ്പോൾ നിങ്ങൾക്ക് ബേപ്പൂർ സുൽത്താന്റെ ‘സ്ഥലത്തെ പ്രധാന ദിവ്യനെ’ ഓർമവരുന്നെങ്കിൽ അത് സ്വാഭാവികം മാത്രമാണ്.

ഇതൊരു പ്രത്യേകതരം പ്രവചനമാണ്. സംഭവിച്ച ശേഷമാണ് എന്തായിരുന്നു പ്രവചനം എന്ന് പറയുക! അതിന് കാരണക്കാരൻ അല്ലാഹു തന്നെയാണത്രെ! അവൻ ഒളിപ്പിച്ചുവെച്ച കാര്യം മിർസക്ക് വെളിപ്പെടുത്തിക്കൂടല്ലോ. ഏതായാലും ഒരു ‘പ്രവാചകൻ’ സ്വന്തം അടയാളമായി സമർപ്പിച്ച കാര്യമാണിത്!

‘തതിമ്മയേ ഹക്വീക്വതുൽ വഹ്‌യി’ൽ 81 മുതൽ 96വരെ പേജുകളിൽ ഇത് സുദീർഘമായി വിവരിക്കുന്നുണ്ട്. ചുരുക്കം ഇതാണ്:

“അന്നേദിവസം ആകാശത്തൊരു തീജ്വാല പ്രത്യക്ഷപ്പെട്ടു. ആയിരക്കണക്കിനാളുകൾ അത് കണ്ടു ബോധംകെട്ടുവീണു. വായിൽ വെള്ളം ഒഴിച്ചപ്പോഴാണ് പലരും എഴുന്നേറ്റത്.’’

ജ്വാല കാണാൻ കഴിഞ്ഞ നഗരങ്ങളുടെ ലിസ്റ്റ് കൊടുത്ത ശേഷം ഇതുമായി ബന്ധപ്പെട്ട ഇൽഹാമുകൾ വിവരിക്കുന്നു. എവിടെ എപ്പോൾ പറഞ്ഞു എന്ന് പറയാതെ ‘അശ്രദ്ധയിൽ ആണ്ടവരേ, ആകാശം തീ വർഷിക്കാൻ പോകുന്നു’ എന്നതാണ് ഒന്ന്. ‘തദ്കിറ’യിൽ അങ്ങനെ ഒരു ഇൽഹാം കണ്ടെത്താനായിട്ടില്ല.

മറ്റൊന്ന്, തന്നെ മൂസാനബിയായായി കണ്ട അല്ലാഹു പറഞ്ഞു: “മലമുകളിൽ അദ്ദേഹത്തിന്റെ രക്ഷിതാവ് പ്രഭാവിതനായപ്പോൾ അത് ഛിന്നഭിന്നമായി. മൂസാ ബോധംകെട്ടുവീണു.’’

പിന്നെ ഹാമാനെയും ക്വാറൂനെയും വിളിച്ചുകൊണ്ട് ‘നിങ്ങൾ ഭയപ്പെടുന്ന ദിവസം കാണിച്ചുതരും’ എന്ന് ഉർദുവിൽ ഭീഷണിപ്പെടുത്തി. ഇങ്ങനെ 60,70 ഇൽഹാമുകൾ അവതരിച്ചിട്ടുണ്ട് എന്ന് പറയുന്നു. ഒരു കാര്യം തീർച്ചയാണ്, തീയെന്നോ ആകാശമെന്നോ പദങ്ങളുള്ള ഒരു വാക്യം പോലും ഇതിനു മുമ്പുള്ള ഒറ്റ ‘ഇൽഹാമി’ലും ഇല്ല. ഉണ്ടായിരുന്നെങ്കിൽ നൂറുവട്ടം അത് ആവർത്തിക്കുമായിരുന്നു. എങ്കിൽ പിന്നെ 16 പേജുകളിലായി ഉപന്യസിച്ചത് എന്താണെന്നായിരിക്കും നിങ്ങൾക്ക് സംശയം ഉണ്ടാവുക.

മൂന്ന് പേജുകളിലായി നിറഞ്ഞുനിൽക്കുന്ന അടിക്കുറിപ്പിൽ, ‘ബാലമുകുന്ദ് ജി കുഠഞ്ചപതിറാം കലിയുഗത്തിൽ അവതരിച്ചു, സന്തുക്കളെ പ്രയാസത്തിൽനിന്ന് രക്ഷിക്കാൻ വേണ്ടിയുള്ള പ്രാർഥനയുടെ നോട്ടീസും തർജമയും പ്രസിദ്ധീകരിക്കുകയും ആ രുദ്രഗോപാലൻ താനാണെന്നും ആകാശത്ത് കണ്ട തീജ്വാല തന്റെ അടയാളമാണെ’ന്നും വിശദീകരിച്ചിരിക്കുന്നു.

തുടർന്ന് ചില പത്രങ്ങളിൽ വന്ന റിപ്പോർട്ടുകളാണ്. ഈ അത്ഭുത പ്രതിഭാസത്തിന്റെ വാർത്താപ്രാധാന്യം അറിയിക്കുകയാണ് ഉദ്ദേശ്യം. തുടർന്നുള്ള പേജുകളിൽ ഈ വിഷയവുമായി ബന്ധപ്പെട്ട് കത്തുകൾ എഴുതിയ 52 പേരുടെ ജില്ലയും താലൂക്കും സഹിതമുള്ള അഡ്രസ്സും തീയതിയും ചേർത്ത ലിസ്റ്റാണ്. പല നാടുകളിലുള്ളവർ ഈ സംഭവത്തെപ്പറ്റി മിർസക്ക് എഴുതിയതാണവ. ഇതൊക്കെപ്പോരേ മാന്യദേഹം പ്രവാചകൻ ആണെന്ന് വിശ്വസിക്കാൻ?

പക്ഷേ, കാര്യം അതല്ലല്ലോ. ഇവിടെ സംഗതി തലതിരിഞ്ഞു പോയിരിക്കുന്നു. ആദ്യം സംഭവമാണ് വിവരിക്കുന്നത്. പിന്നെയാണ് പ്രവചനം എന്തെന്നു പറയുന്നത്. അവതരിച്ച വഹ്‌യ് ‘25 ദിവസം’ അല്ലെങ്കിൽ ‘25 ദിവസം വരെ’ എന്ന് മാത്രമാണ്. അപ്പോൾ തന്നെ വ്യക്തമായി പറഞ്ഞതാണ്, ‘എന്താണ് സംഭവിക്കുക എന്ന് പറയാൻ അറിയില്ല. എന്നാണ് സംഭവിക്കുക എന്നും വ്യക്തമാക്കാൻ കഴിയില്ല. സംഭവിച്ചശേഷം പ്രവചനമായി കണക്കാക്കിയാൽ മതി’ എന്ന്. എന്നാൽ പിന്നെ ഇയാൾ പ്രവാചകനാണെന്ന് വിശ്വസിക്കാം; ബുദ്ധിയും ചിന്താശേഷിയുമൊക്കെ ലണ്ടനിലേക്ക് പാർസൽ ചെയ്തവർക്ക്.

അക്കങ്ങളും ചാവിയും

ഇതുവരെ സമർപ്പിച്ച അക്കത്തിലും അക്ഷരത്തിലുമുള്ള സമ്മിശ്ര വഹ്‌യുകൾ ഒന്നോരണ്ടോ സൂക്തങ്ങൾ ഉള്ളവയായിരുന്നു. എന്നാൽ നിരവധി സൂക്തങ്ങൾ ഒന്നിച്ചവതരിച്ച ഒരു ഗണിത സൂറത്ത് സമർപ്പിക്കാം. 1891 ഡിസംബർ 27ന് പ്രസിദ്ധീകരിച്ച പരസ്യത്തിലാണ് ഇതുള്ളത്.

28-27-14-2-27-2-26-2-28-1-23-15-11-1-2-27-24-14-10-1-28-27-47-16-11-34-14-11-7-1-5-34-23-34-11-14-7-23-14-1-14-5-28-1-7-34-1-7-34-11-16-1-14-7-2-1-7-5-1-14-1-1-14-2-28-(പേജ് 157).

“ഈ അക്കങ്ങളും അതിനുള്ളിലെ ചാവിയും ഇൽഹാമിന്റെ ഭാഗം തന്നെയാണ്. അവയുടെ യാഥാർഥ്യം അല്ലാഹുവിനേ അറിയൂ. എന്നാൽ അതിന്റെ സമയത്ത് നിശ്ചയമായും അത് വെളിപ്പെടുക തന്നെ ചെയ്യും. ഇൻ ശാ അല്ലാഹ്’’ (പേജ് 157, അടിക്കുറിപ്പ്).

സമാഹരിച്ച മൗലവിയുടെതാണ് ഈ അടിക്കുറിപ്പ്. ഈ ‘വഹ്‌യിനെയും അതിലടങ്ങിയ ദൈവികസന്ദേശത്തെ’യും കുറിച്ച് ഇതവതരിച്ച ‘പ്രവാചകന്’ ഒരു ചുക്കും മനസ്സിലായിട്ടില്ല. സാധാരണപോലെ മനസ്സിലായില്ല എന്ന് അയാൾ എഴുതിയിട്ടുമില്ല.

നേരത്തെ ഇത് രേഖപ്പെടുത്തിയ സ്വന്തം പുസ്തകമായ ‘ആസ്മാനി ഫൈസല’യിൽ ഇതിനു മുമ്പായി ചർച്ച ചെയ്യുന്നത് മുഹമ്മദീ ബീഗവുമായി ആകാശത്തുവെച്ച് നടന്ന വിവാഹക്കാര്യമാണ്. അതിന്റെ നാളോ തീയതിയോ ആകാമെന്ന് കരുതിയിരുന്നെങ്കിലും പിൽക്കാലത്ത് ചില മലയാളി മുബല്ലിഗുമാർ അതിനു നൽകുന്ന മറുപടികൾ വ്യത്യസ്തമാണ്. മൗലവി മുഹമ്മദ് ഉമറിന്റെ വീക്ഷണത്തിൽ ക്വുർആനിലെ മുഖത്തആത്ത് പോലെ ഈ വചനങ്ങളുടെ ആശയം അവ്യക്തമാണത്രെ. ലോകം അക്കങ്ങളിൽ കറങ്ങുന്ന ആധുനിക കാലഘട്ടത്തിലേക്ക് നിയുക്തനായ പ്രവാചകന് ഗണിത വഹ്‌യുകൾ വന്നതിൽ യാതൊരു ആക്ഷേപത്തിനും വകയില്ല എന്നാണ് മറ്റു ചില ഖാദിയാനി വിശ്വാസികളുടെ മറുപടി.

അക്കവഹ്‌യുകൾ ആദ്യമായി പ്രസിദ്ധീകരിച്ച പുസ്തകത്തിലും പരസ്യത്തിലുമൊക്കെ ഒപ്പമുള്ള ഒരു ചിത്രം വഹ്‌യിൽ ഉൾപ്പെട്ട ചാവിയാണെന്ന് അറിയുന്നത് ‘തദ്കിറ’ വായിച്ചപ്പോഴാണ്. അക്കങ്ങളുടെ അവ്യക്തതക്ക് മറുപടി തന്നവർ ഇതെന്താണെന്ന് പറയുമായിരിക്കും. ഈ കാലത്ത് ചില ജ്യോത്സ്യന്മാരും ഗണിതന്മാരും ദൈവേതര ശക്തികളുടെ പൂജയുമായി ബന്ധപ്പെട്ട ചില ചിഹ്നങ്ങളും വരകളും ഉപയോഗിക്കാറുണ്ട്. അത്തരം ഒന്നാണോ ഇതെന്നറിയില്ല. ഏതായാലും ഈ ചാവികൊണ്ട് ഗണിതവഹ് യുകളുടെ ആശയം ആർക്കും തുറക്കാൻ സാധിച്ചിട്ടില്ല എന്നതാണ് സത്യം.