സത്യവിശ്വാസികൾക്കെതിരിൽ തീവ്രമായ നിലപാടുകൾ

ഇ.യൂസുഫ് സാഹിബ് നദുവി ഓച്ചിറ

2023 ഡിസംബർ 09 , 1445 ജു.ഊലാ 25

(യഹൂദർ: ചരിത്രത്തിലും വേദഗ്രന്ഥങ്ങളിലും 8)

പ്രവാചകനോടും വിശ്വാസിസമൂഹത്തോടുമൂള്ള യഹൂദരുടെ പകയും അടക്കാനാവാത്ത വിരോധവും അവരെ മക്കയിലെ ബഹുദൈവ വിശ്വാസികളുമായും മദീനയിലെ കപടവിശ്വാസികളുമായും സന്ധിചെയ്യാൻ പ്രേരിപ്പിച്ചു. വേദക്കാർ എന്ന നിലയ്ക്ക് ഇസ്‌ലാമിനോടും പ്രവാചകനോടും പ്രതിബദ്ധതയും കൂറും പുലർത്താൻ ബാധ്യസ്ഥരായിരുന്നവർ വ്യക്തമായ വിരോധികളായി മാറുന്ന കാഴ്ചയാണ് ഇതുവഴി പിന്നീട് ചരിത്രം കണ്ടത്. യുദ്ധവേളകളിൽ ശത്രുസംഹാരത്തിനുവേണ്ടി ക്രൂരമായ രീതിയിൽ മാരണം (സിഹ്ർ) നടത്തുന്ന പതിവ് അവർക്കുണ്ടായിരുന്നതായി യഹൂദ പണ്ഡിതന്മാർതന്നെ വ്യക്തമാക്കിയിട്ടുണ്ട്. ആട്ടിറച്ചിയിൽ വിഷംകലർത്തി മുഹമ്മദ് നബി ﷺയെ അപകടപ്പെടുത്താനുള്ള യഹൂദരുടെ ശ്രമം, അല്ലാഹു അത്ഭുതകരമായി പരാജയപ്പെടുത്തിയത് ഏറെ പ്രശസ്തമാണല്ലോ.

റാഇനായും ഉൻദ്വുർനായും

നല്ല അർഥവും മോശമായ അർഥവുമുള്ള വചനങ്ങളെ മോശമായ അർഥം മാത്രം ഉദ്ദേശിച്ചു പ്രയോഗിച്ച് നബിﷺയെ അവഹേളിക്കാൻ ശ്രമിച്ച അവസരങ്ങളും ധാരാളമാണ്. മുഹമ്മദ് നബിﷺയുടെ സവിധത്തിലെത്തി ‘റാഇനാ’ എന്നു പറഞ്ഞ് അസഭ്യം ഉദ്ദേശിച്ച് യഹൂദർ ചിരിക്കുന്നത് പതിവായപ്പോൾ നല്ല അർഥം ഉദ്ദേശിച്ചും ഈപദം പ്രയോഗിക്കരുതെന്ന് സ്രഷ്ടാവ് വിശ്വാസികളെ വിലക്കിയതായി ക്വുർആനിൽ കാണാം:

“ഹേ: സത്യവിശ്വാസികളേ, നിങ്ങൾ (നബിയോട്) ‘റാഇനാ’ എന്നു പറയരുത്. പകരം ‘ഉൻദ്വുർനാ’ എന്നു പറയുകയും ശ്രദ്ധിച്ച് കേൾക്കുകയും ചെയ്യുക. സത്യനിഷേധികൾക്ക് വേദനയേറിയ ശിക്ഷയുണ്ട ്’’ (2:104). ‘റാഇനാ’ എന്ന അറബിവാക്കിന്റെ അർഥം ‘ഞങ്ങളെ പരിഗണിക്കേണമേ’ എന്നാണ്. നബിയോടുള്ള സംഭാഷണത്തിൽ സ്വഹാബികൾ ചിലപ്പോൾ ഈ വാക്ക് ഉപയോഗിച്ചിരുന്നു. എന്നാൽ യഹൂദരുടെ ഭാഷയിൽ ‘റാഇനാ’ എന്നത് ഒരു അസഭ്യ വാക്കാണ്. നബിﷺയെ അവഹേളിക്കാനായിരുന്നു ദ്വയാർഥമുള്ള ആ വാക്ക് അവർ ഉപയോഗിച്ചിരുന്നത്. അതിനാൽ ക്വുർആൻ ആ വാക്ക് നിരോധിക്കുകയും പകരം ‘ഞങ്ങളെ നോക്കേണമേ’ എന്നർഥമുള്ള ‘ഉൻദ്വുർനാ’ എന്ന വാക്ക് നിർദേശിക്കുകയും ചെയ്തു. വിശ്വാസികളുടെ പരസ്പരൈക്യത്തിന് ദോഷകരമാവുന്നവിധം ഒരു പദപ്രയോഗം പോലും വന്നു പോകാതെ സൂക്ഷിക്കണമെന്ന സൂചന ഇതിലടങ്ങിയിട്ടുള്ളത് ശ്രദ്ധയമാണ്.

നബിﷺയുടെ സവിധത്തിലെത്തി നിങ്ങൾക്ക് മരണമുണ്ടാകട്ടെ എന്ന അർഥത്തിൽ ‘അസ്സാമു അലൈക’ എന്നും യഹൂദർ നബിയെ അഭിവാദനം ചെയ്തിരുന്നു (ബുഖാരി).

പലിശയും പണയവും മദീനയിൽ

പണയം, പലിശ തുടങ്ങിയ, സദാചാര തകർച്ചയിലേക്ക് നയിക്കുന്ന എല്ലാ ബിസിനസ്സുകളുമായും യഹൂദർ ബന്ധപ്പെട്ടിരുന്നു. സ്ത്രീകളെയും കുട്ടികളെയും അവർ പണയപ്പെടുത്തിയിരുന്നതായും ചരിത്രം പറയുന്നു (ഇബ്‌നു ഹിശാം 2/51).

തികച്ചും വ്യക്തിലാഭത്തിന്റെ മാനദണ്ഡത്തിൽ മാത്രമായിരുന്നു ഇവർ മറ്റുള്ളവരുമായി ബന്ധപ്പെട്ടിരുന്നതും. അക്കാലത്തെ മദീനയിലെ ഏറ്റവും വലിയ സമ്പന്നർ യഹൂദരായിരുന്നു. ഗ്രാമീണരും ഭാവിയെപ്പറ്റി ചിന്തയില്ലാത്തവരുമായ അറബികൾക്ക് വാരിക്കോരി സാമ്പത്തിക സഹായങ്ങൾ ഇവർ നൽകിയിരുന്നു. അറബികൾക്ക് അതിഥി സൽക്കാരം പ്രിയമായിരുന്നതിനാൽ യഥേഷ്ടം ചെലവഴിക്കുന്നതിന് യഹൂദരിൽനിന്നും കൂടുതൽ പലിശക്കും പണയത്തിനും പണം വായ്പക്കെടുക്കുന്ന നടപടി ചിലരിൽ പതിവായിരുന്നു.

അഭിശപ്ത സമൂഹം

യഹൂദർ അല്ലാഹുവിന്റെ ശാപകോപങ്ങൾക്ക് ഇരയായിത്തീർന്ന അന്നുമുതൽ അവരിൽ നിന്ദ്യതയും നിസ്സഹായതയും കുടിയേറിയതായി ചരിത്രത്തിൽ സുവ്യക്തമാണ്. മുഹമ്മദ് നബിﷺയുടെ ആഗമനത്തിനു മുമ്പുമുതൽ ഇന്നോളമുള്ള ചരിത്രം അതിന് സാക്ഷിയുമാണ്. ഇസ്‌ലാമിനു മുമ്പ് റോമയിലെയും ഇറാക്കിലെയും ഭരണാധികൾക്ക് യഹൂദർ അടിമകളായിരുന്നു. അവരുടെ ഭീകരമർദനമുറകൾ സഹിച്ചും അവർക്ക് കപ്പംകൊടുത്തും ദീർഘനാൾ അടിമകളായി കഴിയേണ്ട അവസ്ഥ യഹൂദർക്കുണ്ടായിരുന്നു. ഇസ്‌ലാമിക ഭരണം നിലവിൽ വന്നശേഷം അവരുമായി ഉടമ്പടി ചെയ്തും കപ്പംകൊടുത്തും ജീവിക്കേണ്ടിവന്നു. ശേഷം പല രാഷ്ട്രങ്ങളിലും ഹീനരും നിന്ദ്യരുമായി കഴിയാനായിരുന്നു യഹൂദരുടെ വിധി. ഏതെങ്കിലും ഒരു കക്ഷിയുടെ ഔദാര്യമോ പരസഹായമോ കൂടാതെ അവർക്ക് സ്വന്തം നിലയ്ക്ക് മാന്യരും സ്വതന്ത്രരുമായ ഒരു സമുദായമായി പരിവർത്തിക്കുവാനോ സ്വന്തമായി ഭരണാധികാരം സ്ഥാപിച്ചെടുക്കാനോ സാധിച്ചിട്ടില്ല. ദൈവിക ശാപകോപങ്ങൾക്ക് യഹൂദർ പാത്രീഭൂതരായിരിക്കുന്നുവെന്നതിന്റെ പ്രത്യക്ഷ തെളിവുകളാണിവ.

വർഷങ്ങൾക്ക് മുമ്പ് ഇസ്രയേൽ രാഷ്ട്രമെന്ന പേരിൽ ഫലസ്തീനിന്റെ വിരിമാറിൽ ബലപ്രയോഗത്തി ലൂടെ യഹൂദ രാഷ്ട്രം സ്ഥാപിക്കപ്പെട്ടത് വിസ്മരിക്കാനാവുന്ന സാഹചര്യമല്ല നിലവിലുള്ളത്. അതിന്റെ പിന്നിൽ അമേരിക്കയും ബ്രിട്ടണും ഫ്രാൻസും ഉൾപ്പെടുന്ന വൻകിട ശക്തികളുടെ കൈകളാണുള്ളതെന്ന സത്യം ഏവർക്കും വ്യക്തമാണ്. പല രാജ്യങ്ങളും ഇന്നുവരെ ഇസ്രയേലിനെ ഒരു സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ച് നയതന്ത്ര ബന്ധങ്ങൾ പുലർത്താൻ ഒരുങ്ങിയിട്ടില്ല. മാത്രമല്ല അവരുമായി ശക്തമായ ശത്രുതയിലും വൈരാഗ്യത്തിലുമാണ് തുടരുന്നത്. ഇവയെല്ലാം യഹൂദരുടെ നിന്ദ്യതക്കും നികൃഷ്ടതക്കും ഉദാഹരണമായി പരിഗണിക്കാവുന്ന വസ്തുതകളാണ്. പൊതുവെ ഒന്നു വിലയിരുത്തിയാൽതന്നെ ഇത്രയും വെറുക്കപ്പെട്ട ഒരു സമൂഹവും ഒരു രാഷ്ട്രവും ലോകത്ത് മറ്റൊരിടത്തും കാണാൻ സാധ്യമല്ല. ശിശുഹത്യയാണ് ഇസ്രയേൽ ഭാഷയിലെ യുദ്ധമെന്ന പരസ്യാധിക്ഷേപം നിലവിൽ ഇസ്രയേലിനുമാത്രം സ്വന്തമാണ്.

1948ൽ ഇസ്രയേൽ രാഷ്ട്രം നിലവിൽ വന്നപ്പോൾ, ലോകത്തിന്റെ വിവിധകോണുകളിൽ ചിന്നിയും ചിതറിയും-പ്രത്യേകിച്ച് നാസി ഭരണത്തിനു കീഴിൽ-മർദിതരായി കഴിഞ്ഞുകൂടിയിരുന്ന യഹൂദരെ ഒന്നിച്ച് ഇസ്രയേലിലേക്ക് പലായനം ചെയ്യിച്ചുകൊണ്ടായിരുന്നു ‘വാഗ്ദത്ത ഭൂമി’യെന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടത്. ക്വുർആൻ പറയുന്നു: “നിന്ദ്യത അവരിൽ അടിച്ചേൽപിക്കപ്പെട്ടിരിക്കുന്നു; അവർ എവിടെ കാണപ്പെട്ടാലും. അല്ലാഹുവിൽനിന്നുള്ള പിടികയറോ, ജനങ്ങളിൽനിന്നുള്ള പിടികയറോ മുഖേനയല്ലാതെ (അവർക്ക് അതിൽനിന്ന് മോചനമില്ല). അവർ അല്ലാഹുവിന്റെ കോപത്തിന് പാത്രമാകുകയും, അവരുടെ മേൽ അധമത്വം അടിച്ചേൽപിക്കപ്പെടുകയും ചെയ്തിരിക്കുന്നു. അവർ അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങൾ തള്ളിക്കളയുകയും, അന്യായമായി പ്രവാചകൻമാരെ കൊലപ്പെടുത്തുകയും ചെയ്തുകൊണ്ടിരുന്നതിന്റെ ഫലമത്രെ അത്. അവർ അനുസരണക്കേട് കാണിക്കുകയും, അതിക്രമം പ്രവർത്തിച്ചുകൊണ്ടിരിക്കുകയും ചെയ്തതിന്റെ ഫലമത്രെ അത്’’ (3:112).

യഹൂദർ ലോകത്ത് എവിടെയെങ്കിലും വല്ല സമാധാനവും നേടിയിട്ടുണ്ടെങ്കിൽ അത് അന്യന്റെ ദാക്ഷിണ്യം ഒന്നുകൊണ്ടു മാത്രമാണ്. സ്വന്തം ശക്തികൊണ്ട് ഒന്നുംതന്നെ നേടാൻ അവർക്ക് കഴിഞ്ഞിട്ടില്ല. ഒന്നുകിൽ വല്ല മുസ്‌ലിം രാഷ്ട്രവും അവർക്ക് ഉപജീവനവും അഭയവും നൽകി. അല്ലെങ്കിൽ മറ്റുവല്ല രാജ്യവും അവർക്ക് താങ്ങും തണലുമായി വർത്തിച്ചു. ഇങ്ങനെയാണ് ലോകരംഗത്ത് പലപ്പോഴും ശക്തിയാർജിക്കാൻ അവർക്ക് സാധ്യമായത്.

രഹസ്യസഖ്യങ്ങൾ

ഇസ്‌ലാമിക പ്രബോധന പ്രവർത്തനങ്ങൾ അതിശക്തമായി മുന്നേറുമ്പോൾ അസഹിഷ്ണുത പുലർത്തിയിരുന്ന ഒരുവിഭാഗം യഹൂദർ മുഹമ്മദ് നബിﷺക്കും അനുയായികൾക്കുമെതിരിൽ ബഹുദൈവ വിശ്വാസികളുമായി കൂട്ടുചേർന്ന് രഹസ്യസഖ്യങ്ങൾ രൂപപ്പെടുത്തി. തങ്ങൾ പടച്ചുവിടുന്ന ദുരാരോപണങ്ങൾക്കും കള്ളക്കഥകൾക്കും ബഹുമുഖ പിന്തുണലഭിക്കുകയെന്ന ചിന്താഗതിയായിരുന്നു ഇതിനുപിന്നിൽ. മുഹാജിറുകളും അൻസ്വാറുകളുമുൾപ്പെട്ട ശക്തമായ ഒരു സമൂഹത്തിന്റെ ഉയിർത്തെ ഴുന്നേൽപ്പോടെ ഇസ്‌ലാമിക പ്രബോധന പ്രവർത്തനങ്ങൾക്ക് മൊത്തത്തിൽ ഒരു നവോന്മേഷം കരഗതമായിരുന്നു ആ സന്ദർഭത്തിൽ. മദീനയുടെ അതിർത്തി പ്രദേശങ്ങളിൽ വസിച്ചിരുന്ന ഔസ്, ഖസ്‌റജ് എന്നീ അറബ് യഹൂദ ഗോത്രങ്ങൾ അറബികളുമായി പൂർവകാലം മുതൽതന്നെ നല്ല ബന്ധത്തിലായിരുന്നു. അറബ്-യഹൂദ കുടുംബങ്ങൾക്കിടയിൽതന്നെ വ്യക്തിപരമായി നല്ല ബന്ധം നിലനിന്നിരുന്നു.

ഈ അവസരം മുതലെടുത്ത് നബിﷺക്കും അവിടുത്തെ പ്രബോധനപ്രവർത്തങ്ങൾക്കുമെതിരിൽ ശക്തമായ ഒരു പകപോക്കലിനുള്ള അവസരം കാത്തുകഴിയുകയായിരുന്നു യഹൂദർ. പുതിയ ആദർശം സ്വീകരിക്കുന്നവരുമായി ഹൃദയംഗമായ ഒരു സ്‌നേഹബന്ധത്തിന് അവർ തയ്യാറുണ്ടായിരുന്നില്ല. അൻസ്വാരികളോട് ബാഹ്യമായ സ്‌നേഹവും സന്തോഷവും അഭിനയിച്ചിരുന്നുവെങ്കിലും ആന്തരികമായ വെറുപ്പും വിദ്വേഷവും വെച്ചുപുലർത്തിയിരുന്നു. രഹസ്യങ്ങൾ ചോർത്തിയെടുത്ത് ശത്രുക്കൾക്ക് നൽകി അഭ്യന്തര പ്രതിസന്ധികൾ സൃഷ്ടിക്കുക എന്ന ഹീനശ്രമം നടപ്പാക്കുന്നതിനായിരുന്നു ഈ സ്‌നേഹാ ഭിനയം. ഈ കപടാഭിനയത്തിന്റെ ഉള്ളുകള്ളി ക്വുർആൻ വ്യക്തമാക്കുകയും യഹൂദരെ ഗൗരവത്തിൽ നിരീക്ഷിക്കാൻ നിർദേശം നൽകുകയുംചെയ്തു. അല്ലാഹു പറയുന്നു:

“വേദക്കാരിൽനിന്നും അവിശ്വസിച്ചവരെ ഒന്നാമത്തെ തുരത്തലിൽ തങ്ങളുടെ വാസസ്ഥലങ്ങളിൽ നിന്നും പുറത്താക്കിയവനാണ് അവൻ...’’ (59:2). തുരത്തിവിടൽ അഥവാ നാടുകടത്തൽ എന്നപേരിൽ അറിയപ്പെടുന്ന ഈ അധ്യായത്തിലെ പ്രധാനവിഷയം ബനൂനദ്വീർ എന്ന യഹൂദഗോത്രത്തെ മദീനയിൽനിന്നും നാടുകടത്തിയതുമായി ബന്ധപ്പെട്ടതാണ്.

(അവസാനിച്ചില്ല)