ബഹുഭാഷാ ‘വഹ്‌യുകൾ!’

പി പി അബ്ദുർറഹ്‌മാൻ കൊടിയത്തൂർ

2023 മെയ് 20 , 1444 ശവ്വാൽ 27

( ഖാദിയാനി വേദപുസ്തകം ‘തദ്കിറ’യിലൂടെ ഒരു യാത്ര - 16 )

കാട്ടരുവിപോലെ ഒഴുകുന്ന കറാമത്ത്!

അറബി ഭാഷയിൽ രചിച്ച ഖുത്വുബയെ ഇൽഹാമിയ എന്ന പുസ്തകത്തെക്കുറിച്ച് ഖാദിയാനി പ്രവാചകന്റെ അവകാശവാദങ്ങൾ പരിശോധിക്കുന്നത് ഏറെ രസാവഹമാണ്.

1900 ഏപ്രിൽ 11: ‘‘ബലിപെരുന്നാളിന് രാവിലെ വഹ്‌യ് അവതരിച്ചു: നീ ഇന്ന് അറബിയിൽ ഖുത്വുബ നിർവഹിക്കുക. നിനക്ക് അതിനുള്ള ശക്തി നൽകിയിരിക്കുന്നു.’ അപ്രകാരം ഞാൻ ഖുത്വുബയെ ഇൽഹാമിയ എന്ന അറബി പ്രസംഗം നിർവഹിച്ചു. ഞാനായിരുന്നില്ല ഒരു മലക്ക് എന്റെ നാവിലൂടെ സംസാരിക്കുകയായിരുന്നു; അദൃശ്യമായ ഒരു അരുവി ഒഴുകുന്നതു പോലെ’’ (പേജ് 357, 358).

‘റൂഹുൽ അമീൻ’ വന്നു വിളിച്ചതുകൊണ്ടാണ് നേരത്തെ എഴുതി തയ്യാറാകാതെ ഇരുനൂറോളം പേരുള്ള സദസ്സിനു മുൻപിൽ നിന്ന് പ്രസംഗിച്ചത് എന്നും മുഹമ്മദ് ﷺ , മൂസാ, ഈസാ, ഖിദ്ർ(അ) തുടങ്ങിയവർ ഈ ഖുത്വുബ ശ്രവിക്കാനായി സന്നിഹിതരായിരുന്നു എന്നും അടിക്കുറിപ്പിൽ പറയുന്നു. ‘തഅ്തീറുൽ അനാം’ എന്ന പ്രസിദ്ധീകരിക്കാത്ത പുസ്തകത്തിൽനിന്നാണ് ഇത് ഉദ്ധരിച്ചത്.

ഏഴ് വരികൾ വീതമുള്ള 41 പേജുകളിലായി വലിയ അക്ഷരങ്ങളിൽ എഴുതിയ 348 സൂക്തങ്ങളാണ് ഈ ഖുത്വുബയിലുള്ളത്. ഇവ പൂർണമായും വഹ്‌യാണെന്ന് അവകാശപ്പെടുന്നു. ബലികർമത്തിന്റെ മഹത്ത്വമാണ് പ്രതിപാദ്യം. 1902ൽ പുസ്തകമായി പ്രസിദ്ധീകരിച്ചപ്പോൾ പതിവുപോലെ തന്റെ വാദങ്ങൾ വിവരിക്കുന്ന മൂന്ന് അധ്യായങ്ങളും മിനാറതുൽ മസീഹിനു സംഭാവനക്കുള്ള പരസ്യവും ആദമും മസീഹും തമ്മിലുള്ള വ്യത്യാസങ്ങളും ഒക്കെ വിവരിക്കുന്ന 235 പേജുകൾ കൂടി ചേർത്ത് ഖുത്വുബയെ ഇൽഹാമിയ ‘വിശുദ്ധ ഗ്രന്ഥങ്ങളിൽ’ ഒന്നായി സമർപ്പിക്കപ്പെട്ടു.

അടുത്ത കാലത്തായി ബലികർമം ആവശ്യമില്ലെന്ന വാദവുമായി ഖാദിയാനികളിലെ നല്ലൊരു വിഭാഗം രംഗത്ത് വന്നിട്ടുണ്ട്. അത് സംബന്ധമായി മലയാളത്തിൽ ‘അബ്രഹാമിന്റെ ബലികർമം’ എന്ന ഒരു പുസ്തകം അവർ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.

‘അറഫാ ദിനത്തിൽ രാവിലെ മസീഹ് മൗഊദ് മൗലവി നൂറുദ്ദീന് എഴുതി: ‘ഇന്ന് നമ്മുടെ ജമാഅത്തിലെ ഓരോരുത്തർക്കും വേണ്ടി പ്രത്യേകം ദുആ നടത്തുന്നതിനായി അവരുടെ പേരും താമസസ്ഥലവും അടക്കമുള്ള ലിസ്റ്റ് അയച്ചുതരണം.’

‘‘ലിസ്റ്റ് കിട്ടിയതോടെ അദ്ദേഹം പ്രാർഥനയിൽ മുഴുകി. മഗ്‌രിബും ഇശാഉം ജംആക്കി നമസ്‌കരിച്ചു. രാത്രിയും ഉറക്കമിളച്ച് പ്രാർഥിച്ചുകൊണ്ടിരുന്നു. രാവിലെ മൗലവി അബ്ദുൽകരീം മസീഹിനോട് അഭ്യർഥിച്ചു: ‘അൽപവാക്കുകളിൽ ഹ്രസ്വമായെങ്കിലും ഇന്നത്തെ ഖുത്വുബ നിർവഹിക്കണം.’ അപ്പോൾ മസീഹ് പറഞ്ഞു: ‘അല്ലാഹു എന്നോട് പറഞ്ഞിട്ടുണ്ട്, സദസ്സിനോട് അറബിയിൽ പ്രസംഗിക്കണമെന്ന്. രാത്രി ഇൽഹാം അവതരിച്ചിരുന്നു. മറ്റേതോ സദസ്സാണെന്ന് ഞാൻ കരുതി.’’

പെരുന്നാൾ ദിവസം രാവിലെ കിട്ടിയ വഹ്‌യ് അനുസരിച്ചാണ് അറബിയിൽ ഖുത്വബ നിർവഹിച്ചത് എന്നും നേരത്തെ തയ്യാറാക്കിയതല്ലെന്നുമുള്ള അവകാശവാദം കളവാണെന്ന് മിർസായുടെ ഈ വാക്കുകൾ തന്നെ തെളിയിക്കുന്നു.

‘‘പ്രസംഗം തുടങ്ങവെ മൗലവി അബ്ദുൽകരീമിനോടും ഹകീം നൂറുദ്ദീനോടും അടുത്തിരുന്ന് എഴുതുവാൻ നിർദേശിച്ചു; ഇപ്പോൾ തന്നെ എഴുതുക. പിന്നെ ഈ വചനങ്ങൾ പോയിപ്പോകും.’’

‘‘ഖുത്വുബ കഴിഞ്ഞ ശേഷം മൗലവി അബ്ദുൽകരീം അതിന്റെ ഉർദു തർജമ കേൾപ്പിച്ചു. തുടർന്ന് മസീഹ് പറഞ്ഞു: ‘ഈ ഖുത്വുബ നിർവഹിക്കാൻ സാധിച്ചുവെന്നത് രാത്രിയിലെ എന്റെ പ്രാർഥന സ്വീകരിച്ചതിന് തെളിവാകുന്നു.’’

‘‘ഉടനെ അദ്ദേഹം സുജൂദിൽ വീണു. അനുയായികളും സുജൂദ് ചെയ്തു. തലയുയർത്തിയ മസീഹ് പറഞ്ഞു: ‘ഇപ്പോൾ എനിക്ക് മുബാറക് എന്ന് ചുവന്ന മഷിയിൽ എഴുതിക്കാണിച്ചു. തീർച്ചയായും ദുആ സ്വീകരിച്ചിരിക്കുന്നു’’ (മൽഫൂസാതെ അഹ്‌മദിയ്യ, പേജ് 29-31).

ഇവിടെ പറയുന്നത് വഹ്‌യ് അവതരിച്ചത് തലേദിവസം രാത്രി ആണെന്നാണ്. നേരത്തെ പറഞ്ഞത്, അന്ന് രാവിലെയാണ് അറബിയിൽ ഖുത്വുബ നിർവഹിക്കാൻ നിർദേശം ലഭിച്ചത് എന്നും. ആലോചിക്കാൻ പോലും സമയം ലഭിക്കാതെ, അരുവി ഒഴുകും പോലെ പ്രസംഗിച്ചു എന്നാണ് അവകാശവാദം. തലേദിവസം കൽപന ലഭിച്ചിരുന്നു എന്ന് പ്രഭാഷകൻതന്നെ പറഞ്ഞല്ലോ. എങ്കിൽ പിന്നെ അതിൽ എന്ത് അമാനുഷികതയും അത്ഭുതവുമാണുള്ളത്? പ്രഭാഷകൻ പ്രവാചകൻ ആകേണ്ട കാര്യവുമില്ല.

അതിനും പുറമെ ഈ ഇൽഹാമീ ഖുത്വുബ പുസ്തകമായി പുറത്തിറങ്ങുന്നത് 1902 ഒക്ടോബറിലാണ്. ഒരു മുന്നൊരുക്കവുമില്ലാതെ പ്രസംഗം അരുവിയായി നിർഗളിക്കുന്നത് കണ്ടതും കേട്ടതും അണ്ണാക്ക് തൊടാതെ വിഴുങ്ങുന്ന അനുയായികൾ മാത്രമാണ്. അവരിൽതന്നെ വിരലിലെണ്ണാവുന്നവർക്ക് മാത്രമെ ആ ഭാഷ മനസ്സിലായിട്ടുള്ളൂ. എന്നുവെച്ചാൽ രണ്ടര വർഷക്കാലം എടുത്തു! 348 അറബി വാചകങ്ങൾ എത്രയോ മെച്ചപ്പെടുത്താനും ഭംഗിയാക്കാനും സാധിക്കും. അതിനായി ആരുടെ സഹായം വേണേലും തേടുകയും ചെയ്യാം.

ആനുഷംഗികമായി പറയട്ടെ, പതിമൂന്നു നൂറ്റാണ്ടുകൾക്ക് മുമ്പ് അവതരിച്ച, അറബി ഭാഷയുടെയും സാഹിത്യത്തിന്റെയും അത്യുദാത്തവും അമാനുഷികവും അർഥഗംഭീരവുമായ അമരവാണി പകരത്തിനും തുല്യതക്കുമുള്ള വെല്ലുവിളിയുമായി അജയ്യമായി നിലകൊള്ളുമ്പോൾ, ഭാഷ ഏറെ പുരോഗമിച്ച 13 നൂറ്റാണ്ടിനപ്പുറം വഹ്‌യായി അവതരിക്കുന്നത് എല്ലാ ഊർജവും ചോർന്ന്, കാമ്പും കാതലും നഷ്ടപ്പെട്ട അവസ്ഥയിലായത് എന്തുകൊണ്ടാണ്? അല്ലാഹുവിൽനിന്നുള്ളതല്ല എന്നതുകൊണ്ട് തന്നെ!

ഖാദിയാനി പ്രവാചകന്റെ മിക്ക പുസ്തകങ്ങൾക്കും അമാനുഷികത കൽപിക്കപ്പെടുന്നുണ്ട്. അതുകൊണ്ടുതന്നെ സമാനമായ കൃതികൾ രചിക്കാൻ വെല്ലുവിളിക്കുകയും പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്യാറുണ്ട്. 1892ൽ പ്രസിദ്ധീകരിച്ച ‘ആയീനയേ കമാലാതെ ഇസ്‌ലാമി’നെക്കുറിച്ച് ‘തദ്കിറ’യിൽ പറയുന്നു:

‘‘ഈ പുസ്തകം രചിക്കുന്ന സന്ദർഭത്തിൽ രണ്ട് തവണ റസൂലുല്ലാഹി ﷺ എന്നെ സന്ദർശിക്കുകയുണ്ടായി. അദ്ദേഹം പുസ്തകത്തിന്റെ രചനയിൽ സന്തോഷം രേഖപ്പെടുത്തി. ഒരു രാത്രി, ഒരു മലക്ക് ഈ പുസ്തകത്തിലേക്ക് ക്ഷണിച്ചുകൊണ്ട് ജനങ്ങളോട് വിളിച്ചു പറയുന്നത് കേട്ടു: ‘ഈ പുസ്തകം അനുഗ്രഹമാണ്. അതിനെ ആദരിക്കുകയും മഹത്ത്വപ്പെടുത്തുകയും ചെയ്യുന്നതിന് വേണ്ടി നിങ്ങൾ എഴുന്നേറ്റു നിൽക്കുക’’ (പേജ് 187).

ഈ പുസ്തകത്തിലാണ് ഈസാ നബി(അ) ദൈവിക വിജ്ഞാനം സ്വീകരിച്ച് ആകാശത്തുനിന്ന് ഇറങ്ങുമെന്ന് മിർസാ ഖാദിയാനി എഴുതിവെച്ചത്.

ബഹുഭാഷാ വഹ്‌യുകൾ

‘‘സ്വന്തം സമുദായത്തിന്റെ ഭാഷയുമായല്ലാതെ നാം ഒരു ദൂതനെയും അയച്ചിട്ടില്ല. അവരെ കാര്യങ്ങൾ വ്യക്തമായി ഗ്രഹിക്കേണ്ടതിനാണ് ഇത്’’(14:4) എന്ന് ക്വുർആൻ പറയുന്നു. ഇതിന് അടിവരയിട്ടുകൊണ്ട് മിർസാ ഖാദിയാനി ‘ചശ്മയേ മഅ്‌രിഫതി’ൽ പറയുന്നു: ‘പ്രവാചകന്റെ മാതൃഭാഷയിലോ സംസാരഭാഷയിലോ അല്ലാതെ അല്ലാഹു സംസാരിക്കുന്നത് പരിഹരിക്കാനാവാത്ത ബുദ്ധിമുട്ടുകൾക്ക് നിമിത്തമാകും. അത് അപ്രായോഗികവും ബുദ്ധിശൂന്യവുമാകുന്നു. അത്തരം ഇൽഹാമുകൾ കൊണ്ട് എന്ത് പ്രയോജനം?’(പേജ് 209).

ഖാദിയാനി പ്രവാചകന് അറബിയിലും മാതൃഭാഷയായ ഉർദുവിലും ലഭിച്ച നിരവധി ‘വഹ്‌യുകൾ’ നാം കണ്ടു. ഇവയ്ക്കു പുറമെ പേർഷ്യൻ, ഇംഗ്ലീഷ്, പഞ്ചാബി, ഹിബ്രു എന്നീ ഭാഷകളിലും മാത്രമല്ല, അക്കങ്ങളും ചിഹ്നങ്ങളും പോലും വഹ്‌യ് ലഭിച്ചിട്ടുണ്ടെന്ന് എഴുതിവച്ചിട്ടുണ്ട്. ഏത് ഭാഷയിലും അദ്ദേഹത്തിന് മനസ്സിലാകാത്തവ നിരവധിയാണ്. ചിലതിനെപ്പറ്റി ‘എനിക്ക് മനസ്സിലായിട്ടില്ല’ എന്ന് പറയുകയും ചെയ്തിട്ടുണ്ട്.

‘‘അങ്ങനെയിരിക്കെ ഒരു നാൾ സ്വപ്നത്തിൽ ഒരാളെ കാണുന്നു. അയാൾ എന്റെ പേര് എഴുതുകയാണ്. എപ്പോൾ എഴുതുമ്പോഴും പാതി അറബിയിലും പാതി ഇംഗ്ലീഷിലും ആണ് എഴുതുന്നത്; Mirza Golam احمد എന്ന്’’(പേജ് 33).

ഇംഗ്ലീഷ് ഭാഷയിൽ ആദ്യമായി ‘വഹ്‌യ്’ അവതരിച്ചത് 1882ലാണെന്ന് പറയുന്നു. അന്ന് അദ്ദേഹത്തിന് മസീഹ് വാദം പോലും ഉണ്ടായിരുന്നില്ല. കാലത്തിന്റെ ഇമാം, ദൈവികസന്ദേശം ലഭിക്കുന്ന മുഹദ്ദസ്, ദുആ സ്വീകരിക്കപ്പെടുന്ന വലിയ്യ് എന്നിങ്ങനെയുള്ള അല്ലറചില്ലറ വാദങ്ങൾ മാത്രമെ ഉണ്ടായിരുന്നുള്ളൂ.

തർക്ക പ്രകൃതൻ

‘‘ഒരു ദിവസം അമൃതസറിൽനിന്ന് അറബി പണ്ഡിതനും മതപ്രസംഗകനും സൂഫിയുമായ ഹാജി നൂർ അഹ്‌മദ് എന്നയാൾ ഖാദിയാനിൽ വന്നു. അദ്ദേഹം എന്റെ വാദങ്ങളെ പുച്ഛിച്ചു തള്ളിയപ്പോൾ, പ്രവചന സാക്ഷാത്കാരമടക്കം കാണിച്ചുകൊടുക്കാനായി ഇവിടെ അൽപദിവസം താമസിക്കാമെന്ന് പറഞ്ഞു. മഴ പെയ്തതിനാൽ അന്ന് പോകാൻ കഴിഞ്ഞില്ല. രാത്രി സർവശക്തനോട് പ്രാർഥിച്ചു. രാവിലെ ഒരു കശ്ഫിൽ കണ്ടു; ഒരു കത്തിൽ ഇവ്വിധം എഴുതിയിരിക്കുന്നു: I am quarreler.. ഒപ്പം അറബിയിൽ ‘ഹാദാ ശാഹിദുൻ നസ്സാഗുൻ’ എന്നും എഴുതിക്കാണിച്ചു. ഈ വിനീതന് ഇംഗ്ലീഷ് ഭാഷ ഒട്ടും വശമില്ല. നൂർ അഹ്‌മദിനെ ഈ കശ്ഫിന്റെ വിവരം അറിയിച്ച ശേഷം ഇംഗ്ലീഷ് അറിയുന്ന ഒരാളെ കണ്ടു ഇതിന്റെ അർഥം ചോദിച്ചറിഞ്ഞു. ‘ഞാൻ തർക്കിക്കുന്നവനാണ്’ എന്ന വചനത്തിലൂടെ ഏതോ കലാപത്തെക്കുറിച്ച് കത്ത് വരാനിരിക്കുന്നു എന്ന് എനിക്ക് മനസ്സിലായി. അറബി വാക്കിന്റെ ഉദ്ദേശ്യം ഏതോ കേസിനു സാക്ഷി പറയുന്ന കാര്യമാണെന്നും ബോധ്യപ്പെട്ടു’’(പേജ് 56).

സാക്ഷാത്കാരം

‘‘മഴമൂലം പോകാൻ കഴിയാതെ വന്നത് ദുആ സ്വീകരിച്ചതിന്റെ ലക്ഷണമായിരുന്നു. പ്രവചനത്തിന്റെ പുലർച്ച അദ്ദേഹത്തിന് നേരിട്ട് കാണാമല്ലോ. വൈകുന്നേരം അമൃതസറിലെ സഫീറെ ഹിന്ദ് പ്രസ്സിന്റെ ഉടമ, പാതിരി റജബ് അലിയുടെ കത്ത് വന്നു. അദ്ദേഹത്തിനെതിരെ ഏതോ ഒരു ഗ്രന്ഥകാരൻ കൊടുത്ത കേസിന് ഞാൻ സാക്ഷി പറയണമെന്നാണാവശ്യം. ഞാൻ സാക്ഷി പറഞ്ഞാൽ മറുകക്ഷിക്ക് ‘വിനാശകരമായ സാക്ഷിയാവും’ അത് എന്നാണ് ഇൽഹാമിന്റെ പൊരുൾ.’’

‘‘അങ്ങനെ അമൃതസറിലേക്ക് പോവുകയാണ്. യാദൃച്ഛികമെന്ന് പറയട്ടെ, നേരത്തെ അവതരിച്ച ഇൽഹാമിലെ പ്രവചന സാക്ഷാത്കാരമായി ആ യാത്ര. നൂർ അഹ്‌മദിന്റെ കൺമുമ്പിൽ തന്നെ അതും പുലർന്നു. അമൃതസറിൽ പോവുകയും ചെയ്തു’’ (പേജ് 55, 57).

ആ പ്രവചനം എന്താണെന്ന് അറിയേണ്ടേ?

‘‘പണത്തിന് വല്ലാത്ത ആവശ്യം നേരിട്ടു. ഞാൻ പ്രാർഥനയിൽ മുഴുകി. എന്റെ ആവശ്യം തീരണം, ഒപ്പം എതിരാളികൾക്ക് നല്ലൊരു അടയാളവുമാകണം. അപ്പോഴാണ് ഇൽഹാം അവതരിച്ചത്: ‘പത്ത് ദിവസങ്ങൾക്ക് ശേഷം ഞാൻ തിരമാല കാണിക്കും. അറിയുക, നിശ്ചയം, അല്ലാഹുവിന്റെ സഹായം അടുത്തിരിക്കുന്നു; പ്രസവിക്കാൻ അടുത്ത ഒട്ടകം വാലുയർത്തുന്നത് പോലെ. പിന്നെ നീ അമൃതസറിൽ പോകും’’(പേജ് 54).

യഥാക്രമം ഉർദു, അറബി, ഇംഗ്ലീഷ് ഭാഷകളിൽ അവതരിച്ച ഈ ത്രിഭാഷാ വഹ്‌യിന്റെ പൂർത്തീകരണമാണ് ഈ വിവരിച്ചത്. നിങ്ങളുടെ അടുത്ത ചോദ്യം ഇതായിരിക്കും; എന്നിട്ട് നൂർ അഹ് മദ് വിശ്വസിച്ചോ?

എന്താണ് വിശ്വസിക്കേണ്ടത്? അന്ന് മിർസ എന്തെങ്കിലും വാദിച്ചിട്ട് വേണ്ടേ വിശ്വസിക്കാൻ! തനിക്കു വിവിധ ഭാഷകളിൽ വഹ്‌യ് ഉണ്ടാകുന്നു, അതിലൂടെ ചില കാര്യങ്ങൾ മുൻകൂട്ടി അറിയുന്നു, പ്രവചിക്കുന്നു, ചുറ്റുവട്ടത്തുള്ള ചിലരെ കേൾപ്പിക്കുന്നു, സത്യമായി പുലരുന്നു, എന്നാണ് വാദം. പക്ഷേ, ഈ കാര്യങ്ങളൊക്കെ രേഖപ്പെടുത്തുന്നത് പിൽക്കാലത്ത് രചിച്ച ഗ്രന്ഥങ്ങളിലാണ്. ഈ പറഞ്ഞ എല്ലാ ഇൽഹാമുകളും പ്രവചനവും അവയുടെ സാക്ഷാത്കാരവും ഒക്കെ ആദ്യമായി രേഖപ്പെടുത്തിയത് രണ്ടര വർഷങ്ങൾക്ക് ശേഷം 1884ൽ പ്രസിദ്ധീകരിച്ച ‘ബറാഹീനെ അഹ്‌മദിയ്യ’ നാലാം വാള്യം 238 മുതൽ 562 വരെ പേജുകളിലാണ്. ആ സമയത്തും മഹ്ദി വാദം പോലും ഉന്നയിച്ചിട്ടില്ല. എന്നാൽ പിൽക്കാലത്ത് തന്റെ പ്രവചനങ്ങൾ സാക്ഷാത്കരിച്ചു എന്നും ഇതൊക്കെ പ്രവാചകത്വത്തിന്റെ അടയാളമാണെന്നും അവകാശപ്പെടുന്നു!

ഈ ഗ്രന്ഥം രചിച്ചത് ഇസ്‌ലാമിന്റെ സത്യതയും വിശുദ്ധ ക്വുർആനിന്റെ അമാനുഷികതയും മുഹമ്മദ് നബിയുടെ പ്രവാചകത്വവും തെളിയിക്കുന്ന 300 സാക്ഷ്യങ്ങൾ സമർപ്പിക്കാൻ വേണ്ടിയായിരുന്നത്രെ! അതിലെ ആറേഴു പേജുകളുടെ ഉള്ളടക്കമാണ് നാം വായിച്ചത്.

I love you

‘‘തദ്കിറ’യിലെ 88 മുതൽ 97 വരെയുള്ള ക്രമനമ്പറുകളിൽ കുറേ ഇംഗ്ലീഷ് വഹ്‌യുകളാണ് വിന്യസിച്ചിട്ടുള്ളത്. നേരത്തെ കണ്ട പോലെ ഒരു വാക്യം ലഭിച്ചപ്പോൾ തന്നെ ഒരു ഇംഗ്ലീഷ് പണ്ഡിതനെ കണ്ടു അർഥം ചോദിക്കുന്ന ഒരു മൗലവിയെ ഇംഗ്ലീഷിൽ വഹ്‌യ് അറിയിച്ച് വിഷമിപ്പിക്കേണ്ട വല്ല കാര്യവുമുണ്ടോ?

“I love you. I am with you.... God is coming by his army. He is with you to kill enemy.”(പേജ് 64,66).

ഈ വചനങ്ങൾക്ക് അല്ലാഹു തന്നെ തർജമയും അറിയിച്ചിട്ടുണ്ടത്രെ!

(തുടരും)